കൊച്ചിയിലെ കപ്പലൊച്ചകള്‍ [27]

പ്രാണന്‍ പൊടിഞ്ഞത് കടലില്‍ നിന്നുമാണത്രേ! കടലോളം കൊണ്ടുനടക്കുന്ന ഓര്‍മ്മകളിലാണ് ഓരോ മനുഷ്യന്റെയും പ്രാണന്‍
കൊച്ചിയിലെ കപ്പലൊച്ചകള്‍ [27]
Published on
  • നോവലിസ്റ്റ്: എൻ ഹാലിയ

  • ചിത്രീകരണം : ബാവുൽ

പ്രഹരങ്ങൾക്ക് വേദനയേറുന്നതും മുറിവുകൾക്ക് ആഴമേറുന്നതും അത് പ്രിയപ്പെട്ടവരിൽനിന്നും അപ്രതീക്ഷിതമായി ഏൽക്കുമ്പോഴാണ്. ഉടലിനെക്കാൾ ആ മുറിവുകൾ പതിയുന്നതും പീഡിപ്പിക്കുന്നതും ഹൃദയത്തെയാണ്. കൂടെപ്പിറപ്പുകളെ പ്പോലെ കൂടെ നടന്നവരിൽ ആരെങ്കിലും ഒറ്റുകാരന്റെ കുപ്പായമണിഞ്ഞുകൊണ്ട് ഒരിറ്റ് സ്നേഹമില്ലാതെ കവിളിൽ ഒടുക്കത്തെ ചുംബനം നൽകി ഇരുട്ടിലേക്കിറങ്ങി പോകുമ്പോൾ നമ്മളെ കാത്തിരിക്കുന്നത് കയ്പ്പേറിയ പാനീയങ്ങളും കഴുമരങ്ങളു മൊക്കെയായിരിക്കും. കൊച്ചിക്ക് അങ്ങനെയൊരു കദനം കൂടിയുണ്ട്. കായൽ കരകളിൽ നിന്ന് കരിമീനെ പിടിക്കാൻ കൂടെ നടന്നവർ തന്നെ ചൂണ്ട കൊളുത്ത് പോലെ ചതിച്ചു കൊളുത്തിയ കദനകഥ.

അധ്യായം 27

  • കൊലപാതകം

ഭൂതകാലത്തിലെ ആ വേനലിലെ അപ്രതീക്ഷിത മഴയില്‍ കെവിന്‍ ഇന്നും നനഞ്ഞ് കുതിരുന്നത് അവര്‍ രണ്ടുപേരും കൂടി കേട്ടിരിക്കുകയാണ്. സി. റൂഹിന്റെ കയ്യില്‍ കൈ ചേര്‍ത്തു വച്ചുകൊണ്ട് കെവിന്‍ പറഞ്ഞു, ‘’ഏറ് മാടത്തിന്റെ താഴെ വന്ന് നില്‍ക്കുന്നത് ആരാണെന്ന് ഞങ്ങള്‍ക്കാദ്യം പിടി കിട്ടിയില്ല. ‘കെവിനില്ലേ മോനേ’ എന്ന് ആരോ വിളിച്ച് ചോദിക്കുന്നത് ആ മഴ ശബ്ദത്തിലും ഞാന്‍ തിരിച്ചറിഞ്ഞതുകൊണ്ട് രണ്ട് മൂന്ന് ഓലക്കീറ് മാറ്റി ഞാന്‍ താഴോട്ട് നോക്കിയപ്പോള്‍ താഴെ ജോസിയങ്കിളാണ്.’

പുതിയൊരു കഥാപാത്രത്തിന്റെ പേര് കേട്ട് മനസ്സിലാകാത്തതു പോലെ സി. റൂഹ് കെവിനെ നോക്കിയപ്പോഴാണ്, കെവിന്‍ സിസ്റ്ററിനു മനസ്സിലാകുന്ന രീതിയില്‍ ആളെ പരിചയപ്പെടുത്തിയത്. അറക്കപ്പറമ്പില്‍ ജോണിയുടെ ചേട്ടന്‍ ‘ജോസഫ് അറക്കപ്പറമ്പില്‍‘. അറക്കപ്പറമ്പിലെ ആന്റണിയുടെ മകന്‍ അറക്കപറമ്പില്‍ ജോണിയുടെ ചേട്ടന്‍ ‘ജോസഫ് അറക്കപ്പറമ്പില്‍‘. അറക്കപ്പറമ്പിലെ ആന്റണിയുടെ മകന്‍ അറക്കപ്പമ്പില്‍ ജോസിയെ എല്ലാവരും എ എ എന്നാണ് വിളിച്ചിരുന്നത്. പക്ഷേ, കെവിനും കത്രീനയുമെല്ലാം അയാളെ ജോസിയങ്കിളെന്നും ‘എല്ലാ അങ്കിള്‍മാരും അയല്‍പക്കത്തെ ചേട്ടന്മാരുമെക്കെ കള്ളിലും കഞ്ചാവിലുമൊക്കെ നനയുകയും പുകയുകയുമൊക്കെ ചെയ്തപ്പോള്‍ ജോസിയങ്കിള്‍ മാത്രം ചേമ്പിലത്താളിലെ വെള്ളം കണക്ക് കഞ്ചാവിനും കള്ളിനും തല്ലിനും പിടികൊടുക്കാതെ പള്ളിയും ധ്യാനവുമൊക്കെയായ് നടന്നു. അമ്മയ്ക്ക് ആകെയുണ്ടായിരുന്ന ഒരു ബലമായിരുന്നു ജോസിയങ്കിള്‍. അപ്പന്‍ തരാതിരുന്ന ഫീസും സ്‌നേഹോം ചിലപ്പോഴൊക്കെ ജോസിയങ്കിളാകും എനിക്കു ംകാത്തിക്കുട്ടിക്കും അവിടെയുള്ള കുറെ കുട്ടികള്‍ക്കും നല്കിയത്. ഇത്രയൊക്കെ ആയത് കൊണ്ട് തന്നെ ജോസിയങ്കിളിനെ ഞങ്ങള്‍ക്കെല്ലാം സ്‌നേഹോം ബഹുമാന വുമൊക്കെയായിരുന്നു. അതുകൊണ്ടാണ് പുള്ളിക്കാരനാ ണെന്നറിഞ്ഞപ്പോള്‍ തന്നെ വലിച്ച് കൊണ്ടിരുന്ന തീ കുത്തിക്കിടത്തി ഞാന്‍ താഴോട്ട് ഇറങ്ങിച്ചെന്നത്. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട് ജോസിയങ്കിളിന്റെ മുഖം അന്ന് വല്ലാതെ മാറിയിരുന്നു. ആ മഴവെള്ളത്തിലും അങ്കിളിന്റെ മുഖത്ത് കണ്ണീരുണ്ടായിിരുന്നു.’ ഈ പൊരിമഴയത്ത് എന്നെ വിളിച്ചിറക്കി ഇങ്ങനെ നില്‍ക്കണമെങ്കില്‍ എന്തോ കാര്യമായിട്ടുണ്ടായി രിക്കണം എന്നെനിക്കുറപ്പായിരുന്നു. ‘എന്താ അങ്കിളേ’’ എന്ന ചോദ്യത്തിന് അങ്കിള്‍ ആദ്യം പറഞ്ഞ ഉത്തരം ഞാനിന്നും ഓര്‍ക്കുന്നുണ്ട്.

സിസ്റ്റര്‍ റൂഹിന്റെ കയ്യില്‍ നിന്നും പിടി വിടുവിച്ചതിനു ശേഷം കെവിന്‍ കസേരയില്‍ നിന്നുമെഴുന്നേറ്റു. മേഘയുടെയും സി. റൂഹിന്റെയും ഉള്ളില്‍ ഭയം പിറന്നു വീണോ എന്ന് സംശയമുണ്ട്. ‘ഏത് നിമിഷവും ഏതു രീതിയിലും അവന്‍ പ്രതികരിച്ചേക്കും’ എന്ന ജോര്‍ജ് സാറിന്റെ വാക്കുകള്‍ അവരിരിക്കുന്ന ആ മുറിയിലേക്ക് മടങ്ങി വന്നു. തെല്ലുനേരം കൊണ്ടുണ്ടായ ആ മൗനനിമിഷത്തെ കെവിന്‍ തന്നെ മാറ്റി നിര്‍ത്തി. തിരികെ കസേരയില്‍ വന്നിരുന്ന കെവിന്‍ വീണ്ടും പറയാന്‍ തുടങ്ങി, ‘ജോസിയങ്കിള്‍ പറഞ്ഞു, കുടുംബത്ത് കേറി തോന്ന്യവാസം കാണിച്ചത് ഏത് കൂട്ടുകാരനാണെങ്കിലും അങ്ങട് കൊന്നു കളഞ്ഞേക്കണം മോനേ.’ കെവിന്റെ കണ്ണിലേക്ക് രക്തം ഇരച്ച് കയറുന്നത് സിസ്റ്റര്‍ റൂഹും മേഘയും കൃത്യമായി കണ്ടു.

‘ആരെ പറ്റിയാണ്, എന്തിനെ പറ്റിയാണ്, ആരുടെ വീടിനെ പറ്റിയാണ്... ഒരക്ഷരം പോലും പിടികിട്ടാതെ ഞാനങ്ങനെ നിന്നു. വലിച്ച് കയറ്റിയ മദ്യോം പുകച്ച് കൂട്ടിയ ലഹരിയും കൂടി എന്റെ പാതിബോധത്തെ കവര്‍ന്നിരുന്നു. അടങ്ങാത്ത ദേഷ്യത്തില്‍ ജോസിയങ്കിള്‍ എന്റെ കഴുത്തിന് കുത്തിപിടിച്ച് കൊണ്ട് പറഞ്ഞു. ‘നീ ഇങ്ങനെ കൂട്ടുകാരുടെ കൂടെ കഞ്ചാവും കള്ളുമായി നടന്നോടാ. നിന്റെ ആ കൂട്ടുകാരനില്ലേ... കുടുംബത്ത് കേറ്റാന്‍ കൊള്ളാത്ത ആ നവാസ് അവന്‍ നമ്മുടെ കൊച്ചിനെ കേറി പിടിച്ചേക്കണ്.’ അവശേഷിച്ച പാതിബോധത്തില്‍ ഞാന്‍ കൃത്യമായ് കേട്ടു, നവാസ് കത്രീനയെ കേറി പിടിച്ചേക്കണു! എന്റെ കഴുത്തില്‍ നിന്നും പിടിവിട്ടതിനു ശേഷം അങ്കിള്‍ പറഞ്ഞു, ‘ഞാന്‍ ബസ്സിറങ്ങി നടന്നു വരുമ്പോള്‍ പള്ളിയുടെ പുറകിലെ ഇടവഴിയില്‍ വച്ച് കാത്തിക്കുട്ടി കരഞ്ഞോണ്ട് നില്‍ക്കുവാണ്. എന്നെ കണ്ടതും അവന്‍ പള്ളിയുടെ മതില്‍ക്കെട്ട് വഴി ഓടിക്കളഞ്ഞു. കെവിനേ, ഇത്തിരിയില്ലാത്ത പൊടികുഞ്ഞിനെ തൊട്ടവനെ നീ വച്ചേക്കരുത്. എന്റെ കയ്യില്‍ കിട്ടിയേച്ചെങ്കില്‍ ഞാനവനെ കൊന്നേനേ!’

ഒരാളോടും ഒരിക്കല്‍പോലും സ്വരമുയര്‍ത്തി സംസാരിക്കാത്ത ജോസിയങ്കിളിന്റെ പോലും ആത്മനിയന്ത്രണം നഷ്ടമായ ആ ദിവസം എന്നിലെന്താണ് സംഭവിച്ചു കാണാന്‍ സാധ്യതയുള്ളതെന്ന് നിങ്ങള്‍ക്കൂഹിക്കാമല്ലോ. മറ്റെല്ലാരെക്കാളും, കൂടെപ്പിറപ്പിനെ പോലെ ഞാന്‍ കൊണ്ടു നടന്ന് സ്‌നേഹിച്ച നവാസ്, കാത്തിക്കുട്ടിയെ കേറിപിടിച്ചെന്ന കാര്യം കേട്ട് ഞാന്‍ ആ മഴയത്ത് പോലും നിന്ന് കത്തുകയായിരുന്നു. ചെറുപ്പം മുതല്‍ അവന്‍ പിന്നാലെ നടന്ന എല്ലാ പെണ്‍കുട്ടികളുടെയും മുഖം എന്റെ മനസ്സിലേക്കോടിയെത്തി. പെട്ടുപോയ പല പ്രണയകേസിലും നിന്നും അവനെ ഊരിയെടുക്കാന്‍ തെരുവില്‍ കിടന്ന് ഉണ്ടാക്കിയിട്ടുള്ള അടികള്‍, അവനുവേണ്ടി ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍. പലരും എന്നോട് പലയാവര്‍ത്തി പറഞ്ഞ അവന്റെ പെണ്ണ് കേസുകള്‍ മുഴുവന്‍ എനിക്കുള്ളില്‍ തിളച്ചുവന്നു. ഒരക്ഷരം പോലും ജോസിയങ്കിളിനോട് പറയാതെ ആ പൊരിമഴയത്ത് ഞാന്‍ നവാസിന്റെ വീട്ടിലേക്കോടി. പ്രതികാരം പൂണ്ട് ആ ഓട്ടപ്പാച്ചിലിനിടയില്‍ അന്നുവരെ കണ്ടുമുട്ടിയ സകല മനുഷ്യരോടും എനിക്ക് പകയുള്ളതുപോലെ എനിക്ക് തോന്നി. കുടിച്ച ചാരായത്തിന്റെ ലഹരിയും പുകച്ച് കൂട്ടിയതിന്റെ ഉന്മാദവും നുരഞ്ഞ് പൊങ്ങുന്ന പകയും എന്നിലെ മനുഷ്യനെ വഴിയിലെവിടെയോ ഉപേക്ഷിച്ചിരുന്നു. ആരെ കൊന്നു കൊലവിളിക്കാനാണോ തകര്‍ത്തു പെയ്യുന്ന ആ മഴയില്‍ ഞാനോടിയത് അവന്‍ എനിക്ക് നേരെ നടന്നു വരുന്നത് കണ്ട് ഞാന്‍ വേഗം കുറച്ചു. ഏതുകരംകൊണ്ട് അവനെ നേരിടണം. ഏത് പ്രഹരം കൊണ്ടവനെ അടിച്ചിടണം എന്ന ചിന്ത എന്റെ തലച്ചോറിലൂടെ മിന്നി മറഞ്ഞു. ഞാനെടുത്തതിനേക്കാള്‍ കൂടുതല്‍ അവനെന്റെ കാത്തുക്കുട്ടിയെ എടുത്തോണ്ട് നടന്നിട്ടുണ്ട്, ഞാന്‍ വാരിക്കൊടുത്ത തിനേക്കാള്‍ അവനാണ് അവളെ ഊട്ടിയത്, എന്റെ വീട്ടില്‍ ഓടിക്കളിച്ചതിനേക്കാള്‍ അവള്‍ അവന്റെ വീട്ടിലാണ് ഓടിത്തീര്‍ത്തത്. എന്നിട്ടൊടുവില്‍ അവന് തന്നെ പിച്ചിച്ചീന്താനുള്ള ഒരു പൂമൊട്ടുപോലെ കാത്തിക്കുട്ടി! അവന്‍ ചെയ്തുവച്ച കൊടിയ അപരാധം ഞാനറിഞ്ഞു എന്ന മുഖഭാവമായിരുന്നു അവന്റെ കണ്ണില്‍. ആദ്യമായിട്ട് അവനെന്റെ മുന്നില്‍ നിന്ന് പതറുന്നത് ഞാന്‍ കണ്ടു. ഒരക്ഷരം പോലുമുരിയാടാതെ നില്‍ക്കുന്ന എനിക്ക് മുന്നില്‍ അവന്‍ വാ തുറന്നു പറഞ്ഞു, ‘കെവിനെ എനിക്കൊരു കാര്യം പറയാനുണ്ട്. നീ അതെങ്ങനെയെടുക്കും. എന്നെനിക്കറിയില്ല...’ പറഞ്ഞു മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അവന്റെ കഴുത്തിനാണ് ഞാന്‍ കുത്തിയത്. അപ്രതീക്ഷിതമായ് ആരേലും പഴയ കവല തല്ലിന്റെ കണക്ക് തീര്‍ക്കാന്‍ പാഞ്ഞെത്തിയാല്‍ അവരെ നേരിടാന്‍ അരയ്ക്കുള്ളില്‍ കരുതി വച്ചിരുന്ന

ആ കൊച്ചുപിച്ചാത്തി അവന്റെ കഴുത്തിനുള്ളതായിരുന്നു. എന്നോട് പറയാന്‍ അവന്‍ കൊണ്ടുവന്ന മാപ്പെന്ന അക്ഷരങ്ങളും, ന്യീകരണ വാചകങ്ങളും കഴുത്തിലെ ചോരക്കുത്തൊഴുക്കിൽ പ്പെട്ട് മഴവെള്ളത്തിലേക്ക് പടര്‍ന്നിറങ്ങി. കഴുത്ത് പൊത്തിപിടിച്ച് എന്റെ കാല്‍ക്കലേക്ക് വീണ അവനെ ഞാന്‍ വലതുകാലിനാണ മര്‍ത്തിയത്. കൂടെപിറപ്പോളം വരില്ല ഒരു കൂട്ടുകാരനും. ജനിച്ചപ്പോള്‍ മുതല്‍ കണ്ടുവളര്‍ന്ന, ഒരേ പാടത്ത് കൂടെയോടിയ, ഒരേ ബഞ്ചിലിരുന്ന് പഠിച്ച ഒരേ കന്നത്തരങ്ങള്‍ ചെയ്തു കൂട്ടിയ ഒരുത്തനാണ് കാല്‍ച്ചുവട്ടില്‍ ചോരയൊലിച്ച് പിടയുന്നത്. ഒരിറ്റ് ദുഃഖമോ കുറ്റബോധമോ ഇല്ലാതെ ചോര പുരണ്ട കയ്യും കത്തിയുമായ് വീട്ടിലേക്ക് ചെന്നു കയറിയ എന്നെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org