കൊച്ചിയിലെ കപ്പലൊച്ചകള്‍ [18]

പ്രാണന്‍ പൊടിഞ്ഞത് കടലില്‍ നിന്നുമാണത്രേ! കടലോളം കൊണ്ടുനടക്കുന്ന ഓര്‍മ്മകളിലാണ് ഓരോ മനുഷ്യന്റെയും പ്രാണന്‍.
കൊച്ചിയിലെ കപ്പലൊച്ചകള്‍ [18]
Published on
  • നോവലിസ്റ്റ്: എൻ ഹാലിയ

  • ചിത്രീകരണം : ബാവുൽ

ഭയപ്പെടുത്തുന്ന രാത്രികളായിരുന്നു എന്നും ശനിയാഴ്ചകളിലേത്. കൂലിപ്പണിക്കാരുടെ കൂട്ടങ്ങള്‍ ആയിരുന്നു ആ ദേശത്തിലധികവും. ദരിദ്രരെങ്കിലും, ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വെയില്‍ യുദ്ധങ്ങള്‍ക്കും വിയര്‍പ്പ് അധ്വാനങ്ങള്‍ക്കും, നടു തകര്‍ന്നു പോകുന്ന വാര്‍ക്കപ്പണിക്കും ശേഷം കഷ്ടപ്പാടിന്റെ കണക്ക് തീര്‍ക്കാന്‍ അവിടുത്തെ ആണ്‍കൂട്ടങ്ങളെന്നും ശനിയാഴ്ച രാത്രികളില്‍ ആരുടെയെങ്കിലും വീട്ടുമുറ്റത്ത് കുപ്പിക്ക് ചുറ്റും കൂടുന്നത് ഒരു ലഹരി ആചാരം ആയിരുന്നു.

അധ്യായം 18

  • ശനിയാഴ്ചകള്‍

അമ്മാമ്മ പുരട്ടിക്കൊടുത്ത മുറിവുണക്കി പൊടിയും പേറിക്കൊണ്ട് കെവിന്‍ അകത്ത് കട്ടിലിലേക്ക് ചരിഞ്ഞു. അടിയിലും ഇടിയിലും വീഴ്ചയിലും ഉരച്ചിലിലും ഏറ്റ മുറിവുകളുടെ വേദനയാറിയെങ്കിലും അമ്മാമ്മയുടെ നാവില്‍ നിന്നും വീണുടഞ്ഞ വാക്കുകളുടെ മുന കുത്തിക്കയറി കെവിന്റെ ഓര്‍മ്മകളുടെ ഭിത്തിയില്‍ ചോര പൊടിയുകയാണ്. അപ്പനെ ആഞ്ഞടിച്ച ആ രാത്രിയിലെ ദുര്‍നിമിഷങ്ങള്‍ കെവിന്റെ ഉറക്കത്തെ തടഞ്ഞു നിര്‍ത്തിക്കൊണ്ട് കട്ടിലിനരികില്‍ കാവല്‍ നില്‍ക്കുകയായിരുന്നു.

അന്ന് ഒരു ശനിയാഴ്ചയായിരുന്നു. ശനിയാഴ്ചകളിലെ ആണുങ്ങളുടെയും അപ്പന്മാരുടെയും ആ ആഘോഷരാത്രികളില്‍ പെണ്ണുങ്ങളുടെ അടുക്കളകളില്‍ എരിവും പുളിയും കൂടിയ ഇറച്ചി കഷണങ്ങളും മീന്‍ തലകളും തിളച്ചു മറിഞ്ഞിരുന്നു. എന്നാല്‍ ദേശത്തെ കുഞ്ഞുങ്ങളുടെ ഹൃദയത്തില്‍ വെറുക്കപ്പെട്ട ദിനമായ് ശനിയാഴ്ച രാത്രികള്‍ കണ്ണീരടയാളത്തില്‍ മാര്‍ക്ക് ചെയ്യപ്പെട്ടു.

''രണ്ടെണ്ണം അടിച്ചാല്‍ പിന്നെ അപ്പനെവിടെ നിന്നാണ് സ്‌നേഹോം കോപോം വരുന്നതെന്ന് കെവിനറിയില്ല. രാത്രിയില്‍ ആ സ്‌നേഹത്തിന് മദ്യത്തിന്റെയും പകലുകളില്‍ അതിന് ഛര്‍ദിയുടെയും ദുര്‍ഗന്ധമായിരുന്നു.''

ലഹരിക്കൂത്ത് നടക്കുന്ന വീടുകളില്‍ ആവശ്യത്തിന് കസേരകള്‍ ഇല്ലാത്തതിനാല്‍, വരുന്നവരില്‍ ചിലര്‍ ഫൈബര്‍ കസേരകള്‍ തലയ്ക്കുമേല്‍ ചുമന്നു കൊണ്ടുവരുന്നത് കണ്ടാല്‍ കൊവേന്തപള്ളിയിലെ കപ്പേള തിരുനാളിന് രൂപം വഹിച്ചു കൊണ്ടുപോകുന്നതാണെന്ന് തോന്നും. കള്ളുകുപ്പിയും കസേരകളുമായി വന്ന ആ കാരണവന്മാര്‍ കള്ളുകുടിക്കൊടുവില്‍ കള്ളിമുണ്ടുകള്‍ പോലും ഇല്ലാതെ കോണ്‍തെറ്റി പോകുന്നത് കണ്ടാല്‍ wwf റസ്‌ലിംഗില്‍ മസില്‍ തകര്‍ന്ന ജിമ്മന്മാര്‍ തല്ലുകൊണ്ട് പോകുന്നതുപോലെ തോന്നുമായിരുന്നു. ആവതുള്ളപ്പോള്‍ ആണുങ്ങള്‍ ചൊമന്നു കൊണ്ടുവന്ന ഫൈബര്‍ കസേരകള്‍ പിറ്റേന്ന് രാവിലെ പെണ്ണുങ്ങള്‍ വന്ന് പെറുക്കിക്കൊണ്ടു പോകുമായിരുന്നു.

എല്ലാ ലഹരിക്കൂത്തിലും ചില കസേരകള്‍ തകരുമായിരുന്നു. ഇന്‍സ്റ്റാള്‍മെന്റുകാരന്റെ കയ്യില്‍ നിന്നും വിലപേശി വാങ്ങിയെടുത്ത കസേരകളില്‍ രണ്ടെണ്ണമാണ് കഴിഞ്ഞ ശനിയാഴ്ചയിലെ ചീട്ടുകളി തല്ലില്‍ കാലൊടിഞ്ഞു കിടക്കുന്നത്. ഞായറാഴ്ചതോറും പിരിവെടുക്കാന്‍ വന്നിരുന്ന തമിഴന്‍ ഇന്‍സ്റ്റാള്‍മെന്റുകാരന്റെ തന്തയ്ക്ക് വിളിച്ചിട്ടാണ് പ്ലാസ്റ്റിക് കസേരയുടെ കാലിന്റെ ബലക്കുറവിനെക്കുറിച്ച് ആണുങ്ങള്‍ അയാളുടെ മെക്കിട്ട് കേറിയിരുന്നത്. തലേന്ന് നടന്ന കൂട്ടത്തല്ലില്‍ കൂട്ടുകാരന്റെ തല തല്ലിപ്പൊളിക്കാന്‍ എടുത്തടിച്ച പ്ലാസ്റ്റിക് കസേര ഉന്നംതെറ്റി തെങ്ങിന്റെ കടയ്ക്കല്‍ കൊണ്ട് തകര്‍ന്നതാണ് എന്നറിയാത്ത ആ പാവം തമിഴ് ഇന്‍സ്റ്റാള്‍മെന്റ്കാരന്‍ കിട്ടിയ തെറികള്‍ കൂട്ടിയും കുറച്ചും അടുത്ത ഞായറാഴ്ചത്തെ തെറി കേള്‍ക്കാനായി കാത്തിരിക്കും.

അന്നാണ് കെവിന്റെ അപ്പന്‍ ജോണി വീട്ടിലേക്ക് ഒരു ബിരിയാണി വാങ്ങിക്കൊണ്ടുവന്നത്. ആരുടെയെങ്കിലുമൊക്കെ കല്യാണമോ മനസ്സമ്മതമോ മാമ്മോദീസായോ വന്നാല്‍ മാത്രം വന്നു കയറി ശീലിച്ച ബിരിയാണി മണം അന്ന് രാത്രി കെവിന്റെ വീട്ടില്‍ അങ്ങനെ പടര്‍ന്നു കിടന്നു. കടയില്‍ നിന്നും വാങ്ങിയാല്‍ ഒരു ബിരിയാണിക്ക് എത്രയാകും എന്ന് പോലും അറിഞ്ഞുകൂടാതിരുന്ന ഒരു കാലം. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വീട്ടിലേക്ക് വിരുന്നുവന്ന അരക്കിലോ എല്ലോട് കൂടിയ ഇറച്ചിക്കും അതില്‍ കിടന്ന് വെന്ത് മരിച്ച ഉരളക്കിഴങ്ങിനും എത്രയാകുമെന്ന് മാത്രമായിരുന്നു അന്ന് അറിയാമായിരുന്നത്. ആറ് ദിവസത്തെ അധ്വാനത്തിന് അപ്പന്‍ റസ്റ്റ് കൊടുത്തിരുന്ന ശനിയും ഞായറും, കെവിന്റെ വീട്ടിനകത്തും അയല്‍പക്കങ്ങളിലെ വീട്ടിനകത്തു നിന്നും അപശ്രുതികളും അവതാളങ്ങളും ആട്ടും അട്ടഹാസവും അലര്‍ച്ചയും കരച്ചിലും ഉയര്‍ന്ന് ആകാശം പോലും ഭീതിതമാകുമായിരുന്നു. പൊരിഞ്ഞ വേനല്‍ ഉദിച്ച് ഉയര്‍ന്നിരുന്ന മാര്‍ച്ച് ഏപ്രിലുകളില്‍ പോലും ആ ദേശത്തെ വീടിനു മുകളില്‍ ആകാശം ഘനീഭവിക്കുകയും അകത്തിരുന്ന മനുഷ്യരുടെ കണ്ണീര്‍ ഗ്രന്ഥികളിലൂടെ ആകാശം സങ്കടം പെയ്‌തൊഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

അന്ന് രാത്രി ആവശ്യത്തിലധികം വിശപ്പുമായാണ് കെവിനും അനിയത്തിയും അത്താഴം കഴിക്കാനിരുന്നത്. അമ്മ ഉണ്ടാക്കി വച്ചിരുന്ന ചോറും ചാളക്കറിയും അപ്പുറത്തെ വീട്ടിലെ ആള്‍ക്കാരെ പോലെ വിരുന്ന് തറയിലേക്ക് കയറാതെ അടുക്കളയിലെ അരത്തറയില്‍ പരിഭവിച്ചിരുന്നു. അപ്പന്‍ വാങ്ങിക്കൊണ്ടുവന്ന ബിരിയാണിയുടെ പാക്കറ്റ് തുറക്കുമ്പോള്‍ കെവിന്റെയും അനുവിന്റെയും കണ്ണ് ബിരിയാണി മഞ്ഞയെ തിളങ്ങി തോല്‍പ്പിച്ചു.

ആ രണ്ടുപേരുടെയും പാത്രത്തിലേക്ക് ബിരിയാണി വിളമ്പി വച്ചതിനുശേഷം ഒരു മൂലയില്‍ മാറിയിരുന്ന് അവരെ നോക്കി സംതൃപ്തിയടയുന്ന റീത്തയെ അവര്‍ ബിരിയാണി തിന്നുന്ന നാളുകളിലൊക്കെ ഓര്‍ക്കും. ഒരുപാട് കഴിച്ചിട്ടും പിന്നെയും പിന്നെയും കൊതി തീരാതിരുന്ന അവരുടെ വയറും, വക്കത്തിരുന്ന വറ്റു മുഴുവന്‍ വാരിക്കഴിച്ചിട്ട് കഷണങ്ങളില്ലാത്ത ചാറും കൂട്ടി കഴിച്ചതിനുശേഷം ചിരിച്ച് കൊണ്ട് പോകുന്ന റീത്തയുടെ വയറും തമ്മില്‍ കടലോളം വ്യത്യാസമുണ്ടായിരുന്നു.

മത്തുപിടിപ്പിക്കുന്ന ബിരിയാണി വെട്ടിവിഴുങ്ങുന്ന അതേ നേരത്തെ തന്നെയാണ്, ബിരിയാണി മണത്തെ ഉന്തിത്തള്ളി പുറത്താക്കിക്കൊണ്ട് ആ പരിചിത ഗന്ധം കെവിന്റെ മൂക്കിനകത്തേക്ക് പാഞ്ഞ് കയറിയത്. അന്നനാളത്തിലേക്ക് ഇറങ്ങാന്‍ ഒരുങ്ങിനിന്നിരുന്ന ബിരിയാണി അരി മണികള്‍ പോലും ആ നിമിഷം മരച്ച് നിന്നു പോയി. തിരിഞ്ഞു നോക്കുമ്പോള്‍ അടുക്കളയുടെ അരഭിത്തിയില്‍ അപ്പന്റെ ബ്രാണ്ടി കുപ്പി തുറന്നിരിക്കുന്നു. അമ്മ എടുക്കാതെ വച്ച ചാളക്കറിയുടെ കലത്തില്‍ കയ്യിട്ട് അപ്പന്‍ മുഴുത്ത ഒരു കഷണം വായിലേക്ക് വയ്ക്കുന്നു. കറിചട്ടിയില്‍ നിന്നും കറിയെടുക്കുന്ന നേരം 'അത് മുഴുവനും കൂടിയിട്ട് ഇളക്കാതെ ഒരു സൈഡീന് എടുക്കടാ' യെന്ന് എന്നോട് എപ്പോഴും വഴക്കു പറയുന്ന അമ്മച്ചി അപ്പന്‍ അതില്‍ കയ്യിട്ടിളക്കിയാല്‍ പോലും ഒരക്ഷരം മിണ്ടാറില്ല. ഒന്നോ രണ്ടോ വട്ടം എന്തോ പറഞ്ഞതിന്റെ പേരില്‍ എത്ര ചാളക്കറിയും ചട്ടിയും അടുക്കളയില്‍ തകര്‍ന്നു പോയിട്ടുണ്ട്. അതിനുശേഷം അമ്മയുണ്ടാക്കി വച്ചിട്ടുള്ള പുളിയുള്ള ചാളക്കറിയിലെ മീന്‍ ഉടയാതെയും ഇളക്കാതെയും എടുക്കുവാന്‍ അമ്മ അപ്പനോട് മാത്രം പറയാറില്ല. അത്രയ്ക്കുണ്ട് ഭയം!

കെവിനും അനുവിനും കൂടി ഒരെണ്ണം, അമ്മയ്‌ക്കൊരെണ്ണം, അതാണ് ബിരിയാണിയുടെ കണക്ക്. അവര്‍ രണ്ടാളും കൂടി കഴിച്ചു തീര്‍ത്ത ബിരിയാണിക്കൊപ്പം അപ്പന്‍ എത്ര ഗ്ലാസ് ആണ് കുടിച്ചുതീര്‍ത്തതെന്ന് കെവിനറിഞ്ഞുകൂടാ. ശനിയാഴ്ചകളില്‍ ആ വീട്ടില്‍ പ്രാര്‍ഥന ഉണ്ടാകാറില്ല. സാധാരണ രീതിയില്‍ പ്രാര്‍ഥന ചൊല്ലാന്‍ മടിക്കുന്ന കൂട്ടത്തിലാണ് അവര്‍ രണ്ടാളും. എന്തെങ്കിലും കാരണം കിട്ടിയാല്‍ 'നാളെ ചൊല്ലാം അമ്മച്ചി' എന്ന് പറഞ്ഞ് പ്രാര്‍ഥന ഒഴിവാക്കാറാണ് പതിവ്. പക്ഷേ പ്രാര്‍ഥന ഇഷ്ടമില്ലാത്ത കെവിനും അനുമോളും ശനിയും ഞായറും 'മാതാവേ അപ്പന്‍ ഒച്ച എടുക്കല്ലേ, പാത്രം പൊട്ടിക്കല്ലേ, അമ്മച്ചിയെ ചീത്ത പറയല്ലേ... തല്ലല്ലേ' എന്നൊക്കെ കരഞ്ഞും പേടിച്ചും പ്രാര്‍ഥിച്ചിരുന്നു. ബാക്കി ദിവസങ്ങളിലൊന്നും പ്രാര്‍ഥിക്കാത്ത പിള്ളാരായതൊണ്ടാവും മാതാവും പുണ്യാളന്മാരും അവരുടെ പ്രാര്‍ഥന കേട്ടതായി പോലും നടിച്ചില്ല. അതുകൊണ്ടാണ്, അന്നത്തെ രണ്ടാമത്തെ ബിരിയാണി അടുക്കള തറയില്‍ മുഴുവനുമായി ചിതറിത്തെറിച്ചത്. ചോറിന്റെ വറ്റോ മീനിന്റെ മുള്ളോ തറയില്‍ കിടന്നാല്‍ ഓടിച്ചെന്ന് നക്കി തിന്നുന്ന മണിപൂച്ച പോലും അപ്പന്റെ അരിശം പൂണ്ട ആ ബിരിയാണി ഒന്ന് തൊട്ടു നോക്കുക പോലും ചെയ്തില്ല. രണ്ടെണ്ണം അടിച്ചാല്‍ പിന്നെ അപ്പനെവിടെ നിന്നാണ് സ്‌നേഹോം കോപോം വരുന്നതെന്ന് കെവിനറിയില്ല. പക്ഷേ ആ സ്‌നേഹത്തിന് ഒന്നൊന്നര കയ്പ്പായിരുന്നു. അവനത് അറപ്പായിരുന്നു, രാത്രിയില്‍ ആ സ്‌നേഹത്തിന് മദ്യത്തിന്റെയും പകലുകളില്‍ അതിന് ഛര്‍ദിയുടെയും ദുര്‍ഗന്ധമായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org