![കൊച്ചിയിലെ കപ്പലൊച്ചകള്‍ [15]](http://media.assettype.com/sathyadeepam%2F2025-11-20%2Fq7ekuwje%2Fkochiyile-kappalochakal15sadacharam.jpg?w=480&auto=format%2Ccompress&fit=max)
![കൊച്ചിയിലെ കപ്പലൊച്ചകള്‍ [15]](http://media.assettype.com/sathyadeepam%2F2025-11-20%2Fq7ekuwje%2Fkochiyile-kappalochakal15sadacharam.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
സദാചാരം. ഇത്രമാത്രം ചീത്തപ്പേര് കിട്ടിയ ഒരു വാക്ക് ഇന്നാട്ടില്‍, ഈ ഭാഷയില്‍ വേറെയുണ്ടോ എന്ന് സംശയമാണ്. ഉദ്ദേശിച്ചത്തിലും എഴുത്തിലും നന്മയായിരുന്നു ലക്ഷ്യമെങ്കിലും, പിഴച്ചുപോയ ലക്ഷ്യമായി അത് ഇന്നും തുടരുകയാണ്. അന്നും ഇന്നും ഈ വാക്ക് അമിതമായി ഉപയോഗിച്ചിരുന്നവരൊക്കെ ഈ 'ആചാരം' തീരെ തൊട്ടുതീണ്ടാത്തവരായിരുന്നു. വരമ്പത്തുവച്ചും വഴിവക്കില്‍ വച്ചും കുറ്റിബീഡി വലിക്കാന്‍ നോക്കിയ കൊച്ചിയിലെ കുട്ടികളെ കുരുത്തം കെട്ടവന്മാരെന്നും വിളിച്ച് ഒറ്റിക്കൊടുത്തത് ചില പന്ന കിളവന്മാരായിരുന്നു. 'കുറ്റിക്കാട്ടില്‍ വച്ച് കുറ്റിബീഡി വലിക്കാന്‍ നോക്കി കുടുംബത്തിന് ചീത്തപേരുണ്ടോക്കോട' എന്നും ചോദിച്ച് അവരെ എടുത്തിട്ടടിച്ച കാരണവന്മാരും അവരെ ഒറ്റിക്കൊടുത്ത കിളവന്മാരും വലിച്ച് തള്ളിയ ദിനേശ് ബീഡികള്‍ക്കോ ചവച്ച് തുപ്പിയ പാന്‍പരാഗിനോ ചവച്ചരച്ച ഹാന്‍സുകള്‍ക്കോ ഒരു കയ്യും കണക്കു മില്ലായിരുന്നു എന്നതായിരുന്നു അവറ്റകളുടെ സദാചാരം. പൈപ്പിന്‍ ചുവട്ടിലും പള്ളിപ്പറമ്പിലും, ഇരുട്ടുവീണ ബസ് സ്റ്റാന്‍ഡിലും തിരക്ക് വീണ ബസ്സുകളിലും ഒരു സ്ത്രീയെയും വെറുതെ വിടാതിരുന്ന ചില സദാചാരവാദികള്‍ അവനവന്റെ വീട്ടിലെ പെണ്ണുങ്ങളെ ആരേലും നോക്കുകയോ പിടിക്കുകയോ ചെയ്‌തെന്നറിഞ്ഞാല്‍ പിന്നീട് ഉണ്ടാക്കുന്ന പുകിലുകള്‍ക്ക് ചോര നിറമായിരുന്നു. സദാചാരമെന്ന പദത്തിന് അന്നും ഇന്നും ചോരയുടെ നിറമാണ്.
അധ്യായം 15
സദാചാരം
''ദേ നിന്നോടൊക്കെ ഞാന്‍ ഒരു കാര്യം പറഞ്ഞേക്കാം... ഇനി മേലില്‍ ഇവനുണ്ടെങ്കില്‍ ഒരു പരിപാടിക്കും എന്നെ വിളിച്ചേക്കരുത്.'' കെവിന്റെ അരിശം അക്ഷരരൂപം പ്രാപിക്കുകയാണ്.
''ഇന്നെന്താടാ ഒപ്പിച്ചേ...?'' ഷിബുവിന്റേതായിരുന്നു ചോദ്യം.
''അല്ല ഇവന്‍ എന്തിനാ എന്റെ കൂടെ വന്നത്... അതൊന്നറിഞ്ഞ കൊള്ളാര്‍ന്ന്... തെങ്ങേല്‍ കേറാന്‍ പറഞ്ഞപ്പോള്‍ അവന്‍ പറയാ അവന്റെ മസ്സില്‍ കേറൂന്ന്...'' കെവിന്റെ ആ ഡയലോഗ് കേട്ട എല്ലാവരും ചിപ്പന്റെ മസിലുകള്‍ തിങ്ങി നിറഞ്ഞ രൂപത്തിലേക്ക് നോക്കി.
ഷര്‍ട്ടില്ലാതെ മെലിഞ്ഞു ഉണങ്ങി നില്‍ക്കുന്ന ചിപ്പനെ നോക്കിക്കൊണ്ട് മാര്‍ട്ടിന്‍ ചോദിച്ചു: ''ഇതില്‍ ഏതു മസ്സിലാണ് കേറുന്നത്...''
ഒന്നും ഉത്തരമായി നല്കാനില്ലാതെ ബുദ്ധനെ പോലെ നില്‍ക്കുന്ന ചിപ്പനെ നോക്കി കെവിന്‍ തുടര്‍ന്നു.
''എടാ അത് പോട്ടെ... ആ ചെറജോര്‍ജ് വരുന്നുണ്ടേല്‍ പറയണം എന്ന് പറഞ്ഞിട്ടാണ് ഞാന്‍ തെങ്ങേല്‍ കേറീത്... ഞാന്‍ തെങ്ങിന്റെ മോളിലിരിക്കണ നേരത്താണ് അങ്ങേര് ലോനപ്പന്‍ ചേട്ടന്റെ പറമ്പിലൂടെ കിഴക്കോട്ട് പോണത് കണ്ടത്... ഈ പോങ്ങന്‍ അയാളെ കൈ കൊട്ടി വിളിച്ചേക്കണ്...''
എല്ലാരും കൂടി ചിപ്പനെ നോക്കി.
''ഇവന്‍ എന്നോട് പറഞ്ഞത് അയാളെ കാണുമ്പോള്‍ പറയണമെന്നാണ് പറഞ്ഞത്... ഞാന്‍ ഓര്‍ത്തു ഇവന് അയാളെ കണ്ടിട്ട് എന്തോ അത്യാവശ്യമുണ്ടെന്ന്... അതാ ഞാന്‍ വിളിച്ചു വരുത്തീത്...'' യാതൊരു ലജ്ജയും കൂടാതെ ചിപ്പന്‍ പറഞ്ഞൊപ്പിച്ചു.
''ആടാ... ഞാനും അയാളും തമ്മില്‍ പ്രേമമാണെല്ലാ... കുറച്ചു നേരം ഈ പാടത്തൂടെ ഇങ്ങനെ കയ്യും കോര്‍ത്ത് നടക്കാന്ന് വിചാരിച്ചാണ്.
അയാള്‍ടെ പാടം... അയാള്‍ടെ തെങ്ങ്... അയാള്‍ടെ കരിക്കും... അയാള്‍ടെ തേങ്ങ... ഇതൊക്കെ സ്ഥിരമായി കട്ടും മോട്ടിച്ചും തിന്നുന്നതിന് അയാള്‍ എനിക്ക് മോളെ കെട്ടിച്ചു തരും... ഇത്രേം ബോധ മില്ലാത്തവന്മാരൊക്കെ ഇപ്പോളും ഭൂമിയിലുണ്ടല്ലോ കര്‍ത്താവെ! എടാ, കഴിഞ്ഞ ഓണത്തിന് തെങ്ങിന്റെ പൂക്കൊല വെട്ടിയതിന്... ന്യൂ ഇയറിനു കരിക്കൊഴിച്ചു കുടിച്ചില്ലേല്‍ അണ്ണാക്കീന്ന് ഇറങ്ങാത്ത ദേ ഈ തെണ്ടികള്‍ക്കുവേണ്ടി അന്ന് രാത്രി കരിക്കിട്ടത്... ഇതെല്ലാം അയാളെന്നെ കയ്യോടെ പൊക്കീതാണ്... ഇനി എങ്ങാനും അങ്ങേരുടെ കയ്യില്‍ കിട്ടിയാല്‍ത്തീര്‍ന്നു എന്റെ കാര്യം... അമ്മ എങ്ങാനും അറിഞ്ഞാല്‍...'' പറഞ്ഞു തീര്‍ത്തുകൊണ്ട് കെവിന്‍ കരിക്കിന്റെ കുലയില്‍ നിന്നും ഒരെണ്ണം വെട്ടിയെടുത്തു.
''എന്നാല്‍ നീ അത് പറയണ്ടേ കെവി...''
ചിപ്പന്റെ ഓരോ ചോദ്യത്തിനും കെവിന്‍ കൂട്ടുകാരെ നോക്കി ക്കൊണ്ടു മറുപടി കൊടുത്തുകൊണ്ടേയിരുന്നു.
''എടാ നീയൊക്കെ കേള്‍ക്കണം. അയാള്‍ അക്കരെ വന്നു നിന്ന് പച്ച തെറിയും പറഞ്ഞിട്ടാ പോയത്.
എല്ലാം പോട്ടെന്നു വയ്ക്കാം... വെട്ടിയിട്ട കരിക്കെങ്കിലും എടുത്തോണ്ട് ഓടണ്ടേ... ദേ ഈ വാക്കത്തീം കൊണ്ട് ഈ തെണ്ടി ഒറ്റ ഓട്ടം.''
''അതിന്നലെ ജിമ്മീ പോയൊണ്ട് ബോഡി പെയിനായൊണ്ടാ...''
കെവിനും മാര്‍ട്ടിനും ബാക്കി എല്ലാരും കൂടി വീണ്ടും ചിപ്പന്റെ ബോഡീലേക്ക് നോക്കിക്കൊണ്ട് ഒന്നിച്ചു വിളിച്ചു. ''ചിപ്പാാാ...''
''പിന്നെ അത് മാത്രമല്ലാ... വാക്കത്തി കൊണ്ടോയി കളഞ്ഞാല്‍ അമ്മച്ചി വഴക്ക് പറയും.''
''ഓ അമ്മച്ചി വഴക്ക് പറയും... ബാക്കി ഉള്ളവര്‍ക്ക് തന്തേം തള്ളേമൊന്നുമില്ലല്ലോ... അവരൊന്നും വഴക്ക് പറയത്തേയില്ല...''
വെട്ടിയെടുത്ത കരിക്കും കയ്യില്‍ വച്ചുകൊണ്ടു സൈഡിലേക്ക് മാറിയപ്പോഴാണ് കെവിന്‍ അപ്പുറത്തിരിക്കുന്ന ബൈക്ക് കണ്ടത്.
''ഇതാരുടെയാടാ യമഹ? ഏതാ അവന്മാര്?''
''ഏതു?''
''ദാ നില്‍ക്കണ മൂന്നാലെണ്ണം...''
''നവാസിനുള്ള പണിയാണെന്നാണ് തോന്നണത്...'' ബിജോ സംശയം പ്രകടിപ്പിച്ചു.
''നവാസിനാ... എന്ത് പണി?'' കെവിന്‍ ചോദിച്ചു.
''ഞാന്‍ അന്നേ പറഞ്ഞതാ... ആ നിമ്മീടെ കേസ് ഇല്ലേ അളിയാ...''
''അത് തീര്‍ത്തതല്ലേ... അത് ആ പെങ്കോച്ചുണ്ടാ ക്കിയ കേസാണ്... നവാസ് എന്ത് ചെയ്തിട്ടാ...?''
''നീ ഇങ്ങനെ അവനെ ന്യായീകരിച്ചോണ്ടിരുന്നോ... സര്‍വ ഉഡായിപ്പും ഉണ്ട് അവന്റെ കയ്യില്‍...''
''ഈ നവാസിനെ സമ്മതിക്കണം... അവന്‍ വേണ്ടെന്നു പറഞ്ഞാലും പെണ്‍പിള്ളേര്‍ ഇങ്ങനെ വന്നോണ്ടിരിക്കുവാന്...'' ആ ആത്മവിശ്വാസക്കുറവ് ചിപ്പന്റേതായിരുന്നു.
''പെണ്‍പിള്ളാര് മാത്രമല്ല... ദേ ഇങ്ങനെ കുറെ ആങ്ങളമാരും വന്നോണ്ടിരിക്കുവാ... നോക്കിക്കോ ഇതിപ്പോ അടുത്ത സീനാകും...'' ബിജോയുടെ വാക്കുകളില്‍ ഭയം ഉണ്ടായിരുന്നു.
''ഇവന്മാര്‍ക്ക് ആരെയെങ്കിലും തല്ലണമെങ്കില്‍ വേറെ എവിടെലും വച്ച് തല്ലാന്‍ പാടില്ലേ... ഇങ്ങോട്ട് കെട്ടിയെടുക്കുന്നത് എന്തിനാ?'' മാര്‍ട്ടിന്റേതായിരുന്നു ആ ഇടപെടല്‍. അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പാടത്ത് നിന്നിരുന്ന പിള്ളേര് അവരുടെ അടുത്തേക്ക് നടന്നു വന്നു.
''നീയോക്കെ ഏതാടാ? എന്തിനാ ഇവിടെ കിടന്ന് കറങ്ങണത്?'' കലിപ്പിന്റെ ചോദ്യം ചെയ്യലിന് തുടക്കം കുറിച്ചത് ചിപ്പന്‍ തന്നെയായിരുന്നു.
കൂട്ടത്തിലുള്ളവരി ലൊരുത്തന്‍ ചെറ ജോര്‍ജിന്റെ മകനാണെന്ന് തിരിച്ചറിഞ്ഞ ചിപ്പന്‍ വീണ്ടും വീണ്ടും അവരുടെ അടുത്തേക്ക് തള്ളി തള്ളി കയറി... കെവിനും ബിജോയിയും കൂടി ചിപ്പനെ പിടിച്ചു മാറ്റാന്‍ ചെന്നു.
''ഡാ ഇവന്മാര് ഏതാടാ... എന്തിനാ ഇവന്മാരേം കൊണ്ട് ഇവിടെ കിടന്നു കറങ്ങുന്നത്?'' ചിപ്പന്‍ അടങ്ങുന്ന ലക്ഷണം കാണുന്നില്ല.
''വെറുതെ വന്നതാ മച്ചാനെ... ഒരു െ്രെഡവിങ് ഇറങ്ങീതാ...'' കൂട്ടത്തിലൊരുത്തന്‍ മറുപടി പറഞ്ഞു.
''എവിടെയാടാ നിന്റെയൊക്കെ വീട്?''
''നമ്മ ഇവിടൊക്കെ തന്നെയുള്ളതാ... കൊച്ചീല്...''
''ഇത് പിന്നെ കൊല്ലമാണോടാ? കാര്യം പറയടാ?'' ചിപ്പന്റെ കണ്‍ട്രോള്‍ പോകുമെന്നുറപ്പായപ്പോ
നവാസ് എഴുന്നേറ്റ് വന്നു.
''എന്തടാ... കാര്യം... നീ വടുതലേലൊള്ളതല്ലേ?... എന്താണ് സീന്‍?''
'ആ മച്ചാനെ... വടുതലയാണ് സീനൊന്നുമില്ല... വെറുതെ വന്നതാ...''
ചിപ്പന്‍ ഒരുത്തന്റെ ഷര്‍ട്ടിനു പിടിച്ചു തള്ളി... ഒരൊറ്റ നിമിഷം കൊണ്ട് എല്ലാരും കൂടി പരസപരം ഉന്തും തള്ളുമാകുന്നു... താഴെ കിടക്കുന്ന കരിക്കിന്റെ കൊല എടുത്തു ചിപ്പന്‍ ഒരുത്തന്റെ മുതുകിനിട്ടടിച്ചു... സംഗതി കൂട്ടത്തല്ലായി... കെവിനും മില്‍ട്ടണും ഓരോരുത്തരെ പിടിച്ചു മാറ്റാന്‍ നോക്കി... തൊപ്പി വച്ച ഒരുത്തന്‍ വന്നു കയ്യിലെ കത്തി എടുത്തു നവാസിന്റെ നേരെ കുത്താന്‍ ശ്രമിച്ചു... നവാസിന്റെ വയറിനു നേരെ വന്ന കത്തിയില്‍ കെവിന്‍ കയറി പിടിക്കുന്നു... കെവിനേ നോക്കിക്കൊണ്ട് നിര്‍മ്മല്‍ പല്ലുകടിച്ചുകൊണ്ടു പറഞ്ഞു.
''ഡാ നീ മാറി നിന്നോ... ഇതിവനുള്ള പണിയാണ്... ഈ നാറി നവാസിന്... ഇവന്‍ പെരുന്നാളിന്റെ അന്ന് രാത്രി എന്റെ പെങ്ങളെ കാണാന്‍ വന്നേക്കണ്... ഈ $%&*...''
കെവിനും ബിജോയും കൂടി നിര്‍മ്മലിന്റെ കഴുത്തിന് കുത്തി പിടിച്ചു കൊണ്ട് വലിച്ച് മാറ്റി നിര്‍ത്തുന്നു...
കലിപ്പ് തീരാത്ത നിര്‍മ്മല്‍ വീണ്ടും നവാസിന്റെ അരികിലേക്ക് ചെല്ലാന്‍ ബലം പിടിക്കുകയാണ്.
''ഡാ ഇത് നീ രാത്രി വന്ന് ഒണ്ടാക്കണ പണി യല്ല... നമ്മടേയൊക്കെ പണി പകലായിരിക്കും... പട്ടാപ്പകല്‍... പത്തു പേര് കാണണം... എന്നാലേ നിനക്കൊക്കെ പേടി ഉണ്ടാകൂ... ഇനി എന്റെ പെങ്ങളുടെ പിന്നാലെ എങ്ങാനും നടന്നാലുണ്ടല്ലാ... കൊന്നു കളയും ഞാന്‍ നായിന്റെ മോനെ...''
''ഡാ നിര്‍മ്മലേ നിനക്കു പ്രാന്താണോ?... ഞാന്‍ വന്നിട്ടൊന്നുമില്ല... അത് പറഞ്ഞു തീര്‍ത്ത പ്രശ്‌നമാണ്... വീണ്ടും കുത്തി പൊക്കി വന്നേക്കണേണ്...'' നവാസ് രംഗം കൂളാക്കാന്‍ നോക്കുകയാണ്.
''എന്താടാ സീന്‍: ഒള്ള കാര്യം പറ...'' കെവിന്‍ നവാസിനോട് ചോദിച്ചു.
''ഒന്നൂല്ലടാ... നമ്മടെ ഒരു കമ്പനിക്കാരനുണ്ട്... അവന്‍ അവളെ കാണണ മെന്ന് പറഞ്ഞപ്പോള്‍ കൂടെ പോയതാ... അല്ലാതെ എനിക്ക് ഇതില്‍ റോളില്ല കെവി...''
ആര് പറയുന്നത് വിശ്വസിക്കണം എന്ന കണ്‍ഫ്യൂഷനില്‍ എല്ലാവരും നവാസിന്റെ അടുത്ത വാക്കുകള്‍ക്കായി കാത്ത് നിന്നു.
(തുടരും)