കൊച്ചിയിലെ കപ്പലൊച്ചകള്‍ [13]

പ്രാണന്‍ പൊടിഞ്ഞത് കടലില്‍ നിന്നുമാണത്രേ! കടലോളം കൊണ്ടുനടക്കുന്ന ഓര്‍മ്മകളിലാണ് ഓരോ മനുഷ്യന്റെയും പ്രാണന്‍.
കൊച്ചിയിലെ കപ്പലൊച്ചകള്‍ [13]
Published on
  • നോവലിസ്റ്റ്: എൻ ഹാലിയ

  • ചിത്രീകരണം : ബാവുൽ

'കുട്ടികള്‍ക്ക് സെക്‌സ് എഡ്യൂക്കേഷന്‍ കൊടുക്കണം' എന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കുന്ന ഈ കാലത്തില്‍ നിന്നും കൊല്ലങ്ങളുടെ പിന്നാമ്പുറങ്ങളുടെ കഥ തേടി പായുന്ന വണ്ടിയെടുത്ത് കൊച്ചിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും പള്ളി സ്‌കൂളുകളിലേക്കും പോയാല്‍ നടുപ്പേജുകള്‍ കീറിപ്പോയ 'നാന'യുടെയും 'ഫിലിം ഫെയര്‍' മാസികയുടെയും ചരിത്ര സ്മാരക രേഖകള്‍ കിട്ടും. അപ്പനമ്മമാര്‍ പോലും സ്വന്തം മക്കളെ കെട്ടിപിടിക്കാതെയും ഉമ്മ വയ്ക്കാതെയും വളര്‍ത്തിയ ആ തൊട്ടു കൂടായ്മയുടെ കലുഷിത കാലത്തില്‍ കക്ഷം കാണിക്കുന്ന പെണ്‍കുട്ടികളെ പടിയടച്ച് പിണ്ഡം വച്ചിരുന്നുവത്രെ! ആണ്‍കുട്ടികളുടെ അരക്കെട്ടുകളില്‍ നിന്നും കീറിത്തുന്നിയ ബാഗിനകത്തു നിന്നും സാറന്മാര്‍ പൊക്കിയ അവളുടെ രാവിന്റെ പോസ്റ്ററുകളും രതിനിര്‍വേദത്തിന്റെ ലേബലുകളും പിന്നീട് ആര് കൊണ്ടോയെന്ന് ആര്‍ക്കും അറിയില്ലായിരുന്നുവത്രെ!

അധ്യായം 13

  • വാട്ട


പുച്ഛം തേച്ചു പിടിപ്പിച്ച വൃത്തിക്കെട്ട ചിരി പാസ്സാക്കി കൊണ്ട് ഹെഡ്മാസ്റ്റര്‍ മില്‍ട്ടന്റെ തോളില്‍ തട്ടി കൊണ്ട് തുടര്‍ന്നു.

''നീ പോയി നിന്റെ അപ്പനെ വിളിച്ചോണ്ട് വാ... എന്നിട്ട് നമുക്കു ഒരുമിച്ചിരുന്നു ഈ സംഭവം കാണാം... എങ്ങനെയുണ്ട് എന്റെ ഐഡിയ?''

ഈ ഒരു പണി മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്ന മില്‍ട്ടണ്‍ നവരസങ്ങളിലെ വിഷാദം മുഖത്തു വാരി തേച്ചു പിടിപ്പിച്ചു കൊണ്ട് പറഞ്ഞു:

''സാറേ ഡാഡിക്ക് വരന്‍ പറ്റില്ല... ഡാഡി ജയിലിലാണ്...''

''അത് ശരി... അപ്പോ മികച്ച ഒരു കുടുംബമാണ്... പിന്നെ ആര് വരും... പെണ്ണുങ്ങളെ കൊണ്ട് വരണ്ട... ഇതൊക്ക അവര് കണ്ടാല്‍ എങ്ങനാ?''

താന്‍ വരച്ച വരയിലൂടെ തന്നെ ഹെഡ്മാസ്റ്റര്‍ നടക്കുന്നത് കണ്ട് ഉള്ളിലൂറി ചിരിച്ചുകൊണ്ട് മില്‍ട്ടണ്‍ തുടര്‍ന്നു.

''എന്റെ ഒരു അങ്കിള്‍ ഉണ്ട് സാറേ... അങ്കിളാണ് എന്റെ കാര്യങ്ങളൊക്കെ നോക്കണേ... അങ്കിളിനോട് വരാന്‍ പറയട്ടെ സാറേ... ഞാന്‍ പോയി ഇപ്പോ തന്നെ വിളിച്ചുകൊണ്ട് വരാം... അങ്കിള്‍ ഇവിടെ അടുത്ത് ഒരു കടയിലാണ് ജോലി ചെയ്യുന്നത്...''

മുന്‍കൂട്ടി എഴുതിവച്ച തിരക്കഥയിലെ ഡയലോഗുകള്‍ മില്‍ട്ടണ്‍ കൃത്യമായ ഭാവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പറഞ്ഞൊപ്പിച്ചു.

''ഹ... കൊള്ളാലോ... എന്നാ പോയി നിന്റെ അങ്കിളിനെ വിളിച്ചോണ്ട് വാ... ചെല്ല് വേഗം ചെല്ല്... ബാക്കി ഒള്ളവന്മാരെ ഞാന്‍ നോക്കി വച്ചിട്ടുണ്ട്... ഇത്തവണ ലവന്റെ സത്യസന്ധത കൊണ്ട് നീ ഒക്കെ ഊരിപ്പോയി... പക്ഷെ ഇനീം ഉണ്ടല്ലോ... സി ഡികള്‍... ശക്തിമാനും ഹീമാനുമൊക്കെ...'' ഓഫീസുമുറിയില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ ആംഗ്യം കാണിച്ചുകൊണ്ടു ഹെഡ്മാസ്റ്റര്‍ പറഞ്ഞു.

പുറത്തേക്കിറങ്ങും വഴി നവാസ് കിരണിന്റെ കഴുത്തിനു പിടിച്ചു കൊണ്ടു ചോദിച്ചു.

''നീ എന്തുണ്ടയാണ് അങ്ങേരോട് പറഞ്ഞത്... നീ ആരെയാ വിളിച്ചോണ്ട് വരാന്‍ പോണത്... ഇവന്‍ ഒറ്റൊരുത്തനാണ് എല്ലാം നശിപ്പിച്ചത്... വെറുതെ അങ്ങേരുടെ അടീം വാങ്ങി ചന്തീം തടകി പോന്നാല്‍ മതിയായിരുന്നു... ഇതിപ്പോ വീട്ടിലും നാട്ടിലുമൊക്കെ എല്ലാരും അറിയും... നാറും.''

എല്ലാം കേട്ടിട്ടും ഒരു കൂസലുമില്ലാത്ത മില്‍ട്ടണ്‍ പഞ്ച് ഡയലോഗിന്റെ പാട്ട തുറന്നിട്ടു. ''നിനക്കൊക്കെ ഒന്ന് മിണ്ടാതിരിക്കാമോ... ഒരാളും അറിയാന്‍ പോണില്ല... നോക്കിക്കോ... നീയൊക്കെ വേണേല്‍ വിട്ടോ... ഇതൊക്കെ ഞാന്‍ ഒറ്റയ്ക്ക് ഡീല്‍ ചെയ്‌തോളാം'' എന്നും പറഞ്ഞു മില്‍ട്ടണ്‍ മുന്നിലേക്ക് നടന്നു. ബാക്കി ഉള്ളവര്‍ പിന്നാലെയും. സൈക്കിള്‍ സ്റ്റാന്‍ഡില്‍ പോയി സൈക്കിളുമെടുത്തു കൊണ്ട് മില്‍ട്ടണ്‍ ആഞ്ഞു ചവിട്ടാന്‍ തുടങ്ങി. കുറച്ചു പുറകിലായി രണ്ടു സൈക്കിളിലായി ബാക്കി ആറു പേരും... അമ്പലമുറ്റത്തെ ഗ്രൗണ്ടിനരികിലെ വലിയ മരത്തിന്റെ ചുവട്ടില്‍ ബീഡി വലിച്ചിരിക്കുന്ന വാട്ടയും കൂട്ടുകാരനും. സൈക്കിള്‍ കൊണ്ടു പോയി മരത്തിന്റെ അരികില്‍ നിര്‍ത്തിയിട്ട മില്‍ട്ടണ്‍ വാട്ടയോടു പറഞ്ഞു, ''വാട്ടെ... ഇങ്ങട് വന്നെടോ!''

''എന്താടാ... വാട്‌സണെ കാണണ മെങ്കില്‍ വാട്‌സന്റെ അടുത്തേക്ക് വരണം. അതാ ശീലം...''

വാട്ട തുട ചൊറിഞ്ഞു കൊണ്ടു പറഞ്ഞു.

''താന്‍ ഇങ്ങട് വന്നേ... ഒരു കാര്യം ഉണ്ട്... ഉറക്കെ പറഞ്ഞാല്‍ ഷെയര്‍ ചെയ്യേണ്ടി വരും.'' മില്‍ട്ടണ്‍ വാട്ടയുടെ അടുത്തിരിക്കുന്ന കൂട്ടുകാരനെ കാട്ടി കൊണ്ട് പറഞ്ഞു.

''എന്നാല്‍ ഞാന്‍ ഒന്ന് ചോദിച്ചിട്ട് വരാം. എന്തേലും കാണും. അല്ലാതെ പയ്യന്‍ ഇങ്ങനെ നിര്‍ബന്ധിക്കില്ല.''

വാട്ട മുണ്ടൊക്കെ പൊക്കിക്കുത്തി തൊട യില്‍ തടകികൊണ്ട് മില്‍ട്ടന്റെ സൈക്കിളിന്റെ അടുത്തേക്കു ചെന്നു.

അടുത്തു വന്ന് സൈക്കിളിന്റെ ഹാന്‍ഡിലില്‍ പിടിച്ചു നില്‍ക്കുന്ന വാട്ടയുടെ കാതിലേക്ക് മില്‍ട്ടണ്‍ രഹസ്യം മൊഴിഞ്ഞു.

''എടൊ വാട്ടെ... ഒരു പൊളി ഐറ്റം കിട്ടീട്ടുണ്ട്... കേസറ്റ് അല്ല സി ഡി ആണ്... ഒരു സ്‌ക്രാച്ചുമില്ല വെട്ടലുമില്ല... ഒരു മണിക്കൂര്‍ ഉണ്ട്...''

കാതിലെ രോമങ്ങള്‍ വരെ കുളിരു കോരുന്ന വാര്‍ത്ത കേട്ട് കണ്ണ് തള്ളി വാട്ട മില്‍ട്ടണ്‍ന്റെ കയ്യില്‍ ആഞ്ഞു തടകി.

അപകടം മണത്ത മില്‍ട്ടണ്‍ കൈ വലിച്ചു മാറ്റി പറഞ്ഞു, ''സി ഡി എന്ന് കേട്ടപ്പോള്‍ തന്നെ ഇതാണേല്‍, കാണുമ്പോള്‍ പിന്നെ എന്താകും വാട്ടേ...!''

ബോധത്തിലേക്ക് വന്ന വാട്ട വീണ്ടും തുട ചൊറിഞ്ഞു കൊണ്ട് മില്‍ട്ടനോട് പറഞ്ഞു, ''വര്‍ത്താനം നിര്‍ത്തി നീ സാധനം താടാ കോപ്പേ...''

തെല്ല് പതുങ്ങി ക്കൊണ്ടു മില്‍ട്ടണ്‍ കാര്യം അവതരിപ്പിച്ചു. ''അതാണ് വാട്ടേ... ചെറിയൊരു പ്രശ്‌നോണ്ട്... സംഗതി എന്റെ കയ്യില്‍ ഇല്ല...''

''പിന്നെ ആരുടെ കയ്യിലാണ്? ആരുടെ കയ്യിലാണേലും വിഷയൂല്ല... നീ ആളെ പറ ഞാന്‍ പൊക്കിക്കൊളാം.''

''എടൊ താന്‍ വിചാരിക്കണപോലെ അല്ല... സംഗതി ഞാന്‍ സ്‌കൂളില്‍ കൊണ്ടോയി...''

''ഇച്ചിരിയില്ലാത്ത സ്‌കൂള്‍ പിള്ളാര്‍ക്കാണോടാ നീ ഇതൊക്കെ കാണാന്‍ കൊടുക്കുന്നെ... ബ്ലഡി ഫൂള്‍!... അതിനു ആദ്യം നിന്നെ അടിക്കണം. അത് പോട്ടെ സാധനം ഇപ്പോ ആരുടെ കയ്യിലാണ്. ഇപ്പോ ക്ലാസ് വിട്ടില്ലേ... നീ വീട് പറ... വീട്ടില്‍ പോയി പൊക്കാം... ടൂള്‍സ് എടുക്കണോ?''

''താന്‍ ഒന്ന് കേക്കടോ... സാധനം ഹെഡ്മാസ്റ്ററുടെ കയ്യിലാണ്.''

''ആരുടെ കൈയില് ...ഹെഡ്മാസ്റ്ററോ? സാറല്ലേ അത്...''

''സാറുമ്മാരെക്കാള്‍ വലിയ സാറാ... ഹെഡ്മാസ്റ്റര്‍...''

''നീ എന്തിനാടാ അങ്ങേര്‍ക്ക് കൊടുത്തത്... അങ്ങേര് അതൊക്കെ കാണോ?''

''കൊടുത്തതല്ലടോ പൊക്കീതാ... ഇപ്പോ പുള്ളി പറയണത്.. വീട്ടിന്നു ആരേലും കൊണ്ട് വന്നാലേ ക്ലാസില്‍ ഇരുത്തുള്ളൂന്നാ. താന്‍ ഒന്ന് വരണം. താന്‍ എന്റെ അങ്കിളാണെന്നാ ഞാന്‍ പറഞ്ഞേക്കണേ... ഒന്ന് വരാമോ?''

മില്‍ട്ടന്റെ ഡയലോഗ് കേട്ട് വാട്ട അടിമുടി മില്‍ട്ടനെ ഒന്ന് നോക്കി.

''പോ മ@ക്ഷ$% അവിടുന്ന്... നിന്റെയൊക്കെ തോന്ന്യവാസത്തിനു ഞാന്‍ വന്നു പരിഹാരം ഉണ്ടാക്കാം... അതും സ്‌കൂളിലേക്ക്... അങ്കിള്‍ ആണ് പോലും... എനിക്കതിനു പത്തു മുപ്പത്തഞ്ച് വയസ്സ് ആയിട്ടുള്ളൂ... കണ്ട ഊളപടത്തിന്റെ സി ഡി കൊണ്ടോകാനുള്ള സ്ഥലമാണോടാ സ്‌കൂള്‍? നിനക്കൊക്കെ എന്തറിഞ്ഞിട്ടാടാ? എന്തോരം സാറുമ്മാരും ടീച്ചേഴ്‌സുമൊക്കെയുള്ള സ്ഥലമാണ്... കിട്ടിയാല്‍ ആരേലും തിരിച്ചു തരോ അത്? വേറെ എവിടെയാണേലും നമുക്ക് ആള്‍ക്കാരുണ്ട്... പക്ഷെ സ്‌കൂള്‍... വിദ്യാഭ്യാസമുള്ള ഒരു തെണ്ടിയുമില്ല കൂട്ടുകാരായിട്ട്... ഇനിയിപ്പോ എന്താ ചെയ്യാ...?''

''എന്റെ പൊന്നു വാട്ടെ താന്‍ ഇങ്ങനെ പേടിക്കേണ്ട... പുള്ളിക്ക് അറിയില്ല സാധനം പീസ് പടമാണെന്ന്... സിനിമ സി ഡിയും പാട്ടു കേസറ്റും വീഡിയോ ഗെയിംസ് ഒന്നും സ്‌കൂളില്‍ കൊണ്ട് വരരുതെന്നാണ് ഓര്‍ഡര്‍... അതുകൊണ്ട് പിടിച്ചേക്കണതാണ്... ഞാന്‍ പറഞ്ഞേക്കണത് ശക്തിമാന്റെ സി ഡി ആണെന്നാണ്...''

''ശക്തിമാനോ? വേറെ ഒരു പേരും കിട്ടീല്ലേടാ നിനക്ക്.''

''അപ്പോ വായില്‍ വന്നത് പറഞ്ഞു.''

''നല്ല പ്രായത്തില്‍ സ്‌കൂളില്‍ പോകാത്ത തിന്റെ കൊണം... ആകെ പോയേക്കണത് അവനാണ്.''

ആല്‍ത്തറയില്‍ ഇരിക്കുന്ന കൂട്ടുകാരനെ ചൂണ്ടിക്കൊണ്ട് വാട്ട പറഞ്ഞു. അവനെയാണെ ങ്കില്‍ ഏതോ സാറിനെ പിടിച്ചു അടിച്ചതിന്റെ പേരില്‍ അവര് പിടിച്ചു പുറത്താക്കേം ചെയ്തു. ഇനിയിപ്പോ ആരെയാ?''

''വേറെ ആരേം വേണ്ട താന്‍ വന്നാല്‍ മതി. വാട്ടെ... താന്‍ ഒന്ന് വാടോ. പുള്ളി കുറെ ഉപദേശിക്കും. അതൊന്നു ക്ഷമിച്ചു പിടിച്ചു നിന്ന് കേട്ടാല്‍ മതി... ആ സി ഡി കിട്ടിയാല്‍ താന്‍ ഒന്നാലോചിച്ചു നോക്കിയേ... ഇംഗ്ലീഷ് ആണ് ഇംഗ്ലീഷ്...''

കോള്‍മയിര്‍ കൊണ്ട വാട്ട മുണ്ടും പൊക്കി ക്കൊണ്ട് ആല്‍മരത്തിന്റെ അരികിലേക്ക് നടന്നു. പോകും വഴി ഉറക്കെ പറഞ്ഞു.

''ഒന്നും ആലോചിക്കാനില്ലാ, നിങ്ങ സ്‌കൂളിലേക്ക് വിട്ടോ... ഞങ്ങ ഞങ്ങടെ സൈക്കിളില്‍ വന്നേക്കാം...''

മില്‍ട്ടണ്‍ സൈക്കിള്‍ വളച്ചു. സ്‌കൂള്‍ ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടി. കുറച്ചു സമയത്തിനുശേഷം വാട്ടയും കൂട്ടുകാരനും കൂടി സ്‌കൂളിന്റെ മുറ്റത്തെത്തി. വാതില്‍ക്കല്‍ കാത്തു നിന്നിരുന്ന മില്‍ട്ടണ്‍ അവരെയും കൂട്ടികൊണ്ടു ഹെഡ്മാസ്റ്ററുടെ മുറിയിലേക്കു ചെന്ന്.

മില്‍ട്ടനെയും കൂട്ടരെയും കണ്ടപ്പോള്‍ തന്നെ ഹെഡ്മാസ്റ്റര്‍ ഉഷാറായി, ''ഹാ വന്നല്ലാ സി ഡി ക്കാരന്‍...''

മില്‍ട്ടണ്‍ന്റെ പിന്നാലെ കയറിയ വാട്ട, സാറിനെ കാണിച്ചുകൊണ്ട് മുണ്ട് അഴിച്ചിട്ടു.

''എന്താ അങ്കിളിന്റെ പേര്?''

അങ്കിള്‍ എന്ന വിളി കേള്‍ക്കുന്ന വാട്ട മില്‍ട്ടനെ നോക്കി. മില്‍ട്ടണ്‍ സാറിനെ നോക്കി പറഞ്ഞു.

''വാട്ട!''

''വാട്ടയോ? അതെന്ത് പേരാടോ?''

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org