![കൊച്ചിയിലെ കപ്പലൊച്ചകള്‍ [11]](http://media.assettype.com/sathyadeepam%2F2025-10-22%2F6x3rbj78%2Fkochiyile-kappalochakal.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
പുതിയ പുതിയ ഋതുഭേദങ്ങളെത്ര വന്നു പോയാലും കടല്‍ കടന്ന് ദേശാടനക്കിളികള്‍ എത്ര പറന്നിറങ്ങിയാലും ഖല്‍ബിനകത്തെ മരക്കൊമ്പുകളില്‍ ഓര്‍മ്മകളുടെ മുല്ലകള്‍ പുരാതന ഗന്ധവും പേറി പൂത്തുകൊണ്ടേയിരിക്കും. സ്വാതന്ത്ര്യം എടുത്ത് മാറ്റപ്പെട്ട ആ അടച്ചിട്ട മുറികള്‍ കടന്ന് കൊച്ചിക്കാരനായ കെവിന്റെ ഖല്‍ബിനകത്തേക്ക് കൂട്ടുകാരുടെ സുഗന്ധം പരത്തിക്കൊണ്ടു ഭൂതകാലത്തെ ഓര്‍മ്മകള്‍ കുറ്റിമുല്ല പോലെ പൂത്തുലഞ്ഞ രാത്രിയായിരുന്നു അത്...
അധ്യായം 11
*ശക്തിമാന്‍*
അന്നത്തെ അവസാനത്തെ പിരീഡാണ്. വിശ്വംഭരന്‍ സാറ് അറ്റന്റന്‍സ് എടുക്കുകയാണ്. എല്ലാ സ്‌കൂളിലെയും പോലെ അവസാനത്തെ ആ ബെഞ്ചിലായിരുന്നു കെവിനും മില്‍ട്ടണും കൂട്ടുകാരുമൊക്കെ ഇരുന്നിരുന്നത്. ബാക് ബെഞ്ചിലെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേയ്ക്ക് സി ഡി പാസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. മില്‍ട്ടന്റെ കയ്യില്‍ സി ഡി എത്തിയതും വിശ്വംഭരന്‍ സാറ് മില്‍ട്ടന്റെ പേര് വിളിച്ചതും ഒരേ സമയത്തായിരുന്നു. മേശക്കടിയിലൂടെ വന്നു കൊണ്ടിരിക്കുന്ന സി ഡിയും, ആ സി ഡി ഇട്ട് അന്ന് രാത്രി കാണാന്‍ പോകുന്ന അതീന്ദ്രിയ അനുഭവങ്ങളെക്കുറിച്ചുമുള്ള ഭാവന ലോകത്തായിരുന്ന മില്‍ട്ടണ്‍ ഞെട്ടിയതും ഹാജര്‍ പറഞ്ഞു കൊണ്ട് കൈ പൊക്കിയതും ഒരൊറ്റ വേഗത്തിലായിരുന്നു. പതിവ് തെറ്റിച്ചുള്ള ഒച്ച കേട്ട് വിശ്വംഭരന്‍ സാറ് ഹാജര്‍ ബുക്കില്‍ നിന്നും മുഖമുയര്‍ത്തി നോക്കിയപ്പോള്‍, ഹാജര്‍ പറഞ്ഞു കൊണ്ട് ഉയര്‍ത്തിപ്പിടിച്ച കയ്യില്‍ അശ്ലീലപടത്തിന്റെ പോസ്റ്ററുള്ള സി ഡി ഉയര്‍ത്തി പിടിച്ചു നില്‍ക്കുകയാണ് മില്‍ട്ടണ്‍. സാറിന്റെ നോട്ടം സി ഡി യില്‍ വീഴാതിരിക്കാന്‍ പെട്ടെന്ന് കൈ താഴ്ത്താനുള്ള ശ്രമത്തില്‍ മില്‍ട്ടണ്‍ന്റെ കൈ ഡെസ്‌കില്‍ അടിച്ചു അതിലും ഭീകരമായ ഒരു സ്വരം പുറപ്പെടുവിച്ചു. ക്ലാസിലുള്ള എല്ലാ കുട്ടികളും മില്‍ട്ടന്റെ മുഖത്തേക്കും കയ്യിലേക്കുമായി നോട്ടം. ബാക്ക് ബെഞ്ചിന്റെ അറ്റത്തിരുന്നതിലൊരുവന്‍ വളരെ നൈസായിട്ട് തൊട്ടു മുന്നിലെ ബെഞ്ചിലേക്ക് കേറി ഇരുന്നു.
ഹാജര്‍ ബുക്ക് മേശപ്പുറത്തിട്ടിട്ട് ചൂരലുമായി വിശ്വംഭരന്‍ സാറ് മില്‍ട്ടന്റെ അടുത്തേക്കെത്തി.
സാറിന്റെ പിന്നാലെ ക്ലാസിലെ സര്‍വ്വ പിള്ളേരുടെയും കണ്ണ് മില്‍ട്ടണ്‍ന്റെയും സി ഡി യുടെയും അരികിലേക്കെത്തി.
ഞെട്ടിത്തരിച്ചു നില്‍ക്കുന്ന മില്‍ട്ടണെ നോക്കി സാര്‍ ചോദിച്ചു
'എന്താടാ മില്‍ട്ടാ ഇത്?
മില്‍ട്ടണ്‍ വിറയ്ക്കുന്നു...
സാറ് സ്വരം താഴ്ത്തിക്കൊണ്ട് എന്നാല്‍ കടുപ്പിച്ചു കൊണ്ട് മില്‍ട്ടന്റെ മുഖത്തേയ്ക്കടുത്തു കൊണ്ട് ചോദിച്ചു
ഇതെന്താണെന്നാണ് ചോദിച്ചത്...
'പേടിച്ചു വിറച്ചു കൊണ്ട് മില്‍ട്ടണ്‍ പറഞ്ഞു: സാറേ ശക്തിമാന്റെ സി ഡി ആണ് സാറേ..
ശക്തിമാനാ?
സി ഡി കയ്യിലെടുത്തു കൊണ്ട് തിരിച്ചും മറിച്ചും നോക്കി... ഒരു വശത്ത് ശക്തിമാന്‍ എന്നെഴുതിയിരിക്കുന്നു. മറ്റേ വശത്തു ഒന്നും എഴുതിയിട്ടില്ലേലും അകത്ത് ചെറിയൊരു കടലാസ് കഷ്ണം ഇരിക്കുന്നത് കണ്ട സാറ് സി ഡി യുടെ കവര്‍ തുറന്നു അതെടുത്ത് വായിച്ചു.
''നീ കണ്ടതിനു ശേഷം ബിജോയ്ക്ക് കൊടുക്കണം...''
വായനയ്ക്കുശേഷം വിശ്വംഭരന്‍ മാഷ് ചൂരല്‍ മേശപ്പുറത്തിട്ടടിച്ചു ഉറക്കെ ബിജോയ് എന്ന് വിളിച്ചു.
ഞെട്ടിത്തരിച്ചു ബിജോയ് ചാടി എഴുന്നേറ്റ് കരഞ്ഞോണ്ട് പറയാന്‍ തുടങ്ങി, ''സാറേ... സത്യമായിട്ടും ഞാന്‍ കണ്ടില്ല സാറേ!''
അന്തോണിയും നവാസും കണ്ടതിനു ശേഷം മില്‍ട്ടണും കണ്ടിട്ട് എനിക്ക് തരാമെന്നാണ് പറഞ്ഞത്,'' ഒറ്റ ശ്വാസത്തില്‍ എല്ലാം പറഞ്ഞതിനുശേഷം ബിജോയ് കെവിനെയും നവാസിനെയും ഇടം കണ്ണിട്ടു നോക്കി. നവാസ്, ആരും കേള്‍ക്കാത്ത സ്വരത്തില്‍ ബിജോയിയെ തെറി വിളിക്കണുണ്ടായിരുന്നു.
എല്ലാം കേട്ടതിനു ശേഷം വിശ്വംഭരന്‍ മാഷ് ബിജോയിയോട് ചോദിച്ചു,
''എന്ത് സി ഡിയാടാ ഇത്?... എന്ത് സി ഡി ആണെന്ന്?...
ഉത്തരം മുട്ടി നില്‍ക്കുന്ന ബിജോയിക്ക് കെവിന്‍ പതിയെ പറഞ്ഞു കൊടുത്തു: ''ശക്തിമാന്‍... ശക്തിമാന്‍''
പാതി കേട്ട ബിജോയി, വിശ്വംഭരന്‍ സാറിനോട് പറഞ്ഞു: ''ഭക്തിഗാനത്തിന്റെ സി ഡി ആണ് സാറേ...''
ഉത്തരം കേട്ട വിശ്വംഭരന്‍ മാഷ് മില്‍ട്ടണെ നോക്കികൊണ്ടു പുച്ഛത്തോടെ പറഞ്ഞു: ''ഭക്തിഗാനം? അല്ലെ...''
നേരെ തിരിഞ്ഞ് ബിജോയിയെ നോക്കിക്കൊണ്ട്, ''ശക്തിമാന്‍! അല്ലെ?''
വന്നേ രണ്ടാളും ഇങ്ങട് വന്നേ... ബാക്ക് ബെഞ്ചിലെ എല്ലാരും പോരെ...
അവര്‍ ഓരോരുത്തരായി ബെഞ്ചിന്റെ ഇടയില്‍ നിന്നുമിറങ്ങി കൊണ്ടിരിക്കുമ്പോള്‍ സ്‌കൂളിലെ അവസാനത്തെ ബെല്ലടിച്ചു.
ബാക്ക് ബെഞ്ചിലെ സി ഡി പ്രശ്‌നക്കാരെ മാത്രം അവിടെ നിര്‍ത്തിയതിനു ശേഷം ബാക്കിയുള്ള പിള്ളേരോട് വീട്ടില്‍ പൊക്കോളാന്‍ പറഞ്ഞു.
ക്ലാസ് കഴിഞ്ഞിട്ടും പോകാതെ പ്രാഞ്ചി പ്രാഞ്ചി നില്‍ക്കുന്ന പിള്ളേരെ നോക്കിക്കൊണ്ട് വിശ്വംഭരന്‍ മാഷ് ചൂരല്‍ ഒന്ന് കൂടി ആഞ്ഞടിച്ചു... ആ അടിയില്‍ വാതില്‍ക്കല്‍ നിന്ന സര്‍വ പിള്ളാരും ചിതറിയോടി.
കയ്യില്‍ തൊണ്ടി മുതലും പിന്നാലെ പ്രതികളെയും കൂട്ടി കൊണ്ട് സാറ് സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു... അവസാനത്തെ ബെല്ലും അടിച്ചു പിള്ളേരൊക്കെ പുറത്തേക്കിറങ്ങിയോടു ന്നുണ്ടായിരുന്നു. എല്ലാ മാസത്തേയും അവസാനത്തെ വെള്ളിയാഴ്ച സ്റ്റാഫ് മീറ്റിംഗ് നടത്താറുള്ളതുകൊണ്ട് ക്ലാസ് അന്ന് ഒരു മണിക്കൂര്‍ നേരത്തെ വിട്ടിരുന്നു. അതുകൊണ്ട് തന്നെ മീറ്റിംഗ് നടത്താനായിട്ട് എല്ലാ സ്റ്റാഫംഗങ്ങളും സ്റ്റാഫ് റൂമിലേക്ക് വന്നു കൊണ്ടിരുന്നു. ക്ലാസ് അവസാനിപ്പിച്ച് സാറുമാരും ടീച്ചര്‍മാരും ഓരോരുത്തരായിട്ട് സ്റ്റാഫ് റൂമിലേക്ക് വന്നു തുടങ്ങുന്നതിനിടയിലാണ് തൊണ്ടി മുതലായ സി ഡിയും പ്രതികളായ അഞ്ചാറു പിള്ളാരെയും കൂട്ടിക്കൊണ്ട് വിശ്വംഭരന്‍ മാഷ് കേറി വന്നത്. വന്ന പാടെ സി ഡി പൊക്കി കാണിച്ചു കൊണ്ട് വിശ്വംഭരന്‍ മാഷ് താന്‍ കൈയോടെ ചെയ്ത ധീരകൃത്യം തെളിവ് സഹിതം ഉറക്കെ പറഞ്ഞു. 'അഡള്‍ട്‌സ് ഒണ്‍ലി ആണ്... അഡള്‍ട്‌സ് ഒണ്‍ലി. 'അഡല്‍ട്‌സ് ഒണ്‍ലി എന്ന് കേട്ടതും ഒന്ന് രണ്ടു സാറന്മാര്‍ വിശ്വംഭരന്‍ മാഷിന്റെ മേശയ്ക്കരികിലേക്ക് മെല്ലെ വന്നു. പേടിച്ചും ചമ്മിയും നില്‍ക്കുന്ന പിള്ളേരോടായിട്ട് സുനില്‍ മാഷ് പറഞ്ഞു, ''ബാഗൊക്ക് ആ മൂലക്കോട്ട് മാറ്റി വച്ചിട്ട് ഇങ്ങോട്ട് നീങ്ങി നില്‍ക്കടാ എല്ലാരും.... ഞാന്‍ ഇവന്മാരെ പൊക്കാന്‍ നോക്കി ഇരിക്കുകയായിരുന്നു.'' പതിയെ ചെന്ന് ജോപ്പന്റെ കാതില്‍ പറഞ്ഞു,
''എവിടെയാടാ വീട് നിന്റെയൊക്കെ?''
''ഇവിടെ അടുത്താണ് സാറേ.''
''ഇവന്മാര്‍ നമ്മുടെ കോളനീലെ പിള്ളേരാണ് സാറേ... അവിടന്ന് കുറെ പിള്ളേരുണ്ട്... ഇവന്മാരൊക്കെ കൂടി അവിടുത്തെ നല്ലതുങ്ങളെ കൂടി നശിപ്പിക്കും.''
''നിന്റപ്പനെന്താടാ പണി കെവിനേ?'' സാറ് കെവിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.
''അപ്പച്ചന്‍ പഞ്ചായത്തിലാ സാറേ...''
''പഞ്ചായത്തിലോ, പ്രസിഡന്റാണാ? അല്ലെങ്കില്‍ മെമ്പറാണാ?''
''അല്ല സാറേ, മെമ്പറല്ല!''
''പിന്നാരാടാ?''
''പഞ്ചായത്തിലല്ല സാറേ... പള്ളീലാ!''
''ഇപ്പോള്‍ പള്ളിയായോ? കൊള്ളാലോ? അവിടാരാ? വികാരിയച്ചനാണോ?''
''അല്ല സാറേ!''
''പറയടാ നീ... അപ്പന് വല്ല പണിയെണ്ടാന്ന്?''
''പെയിന്റ് പണിയുണ്ട് സാറേ... അതില്ലാത്തപ്പോ കുഴിവെട്ടാനും പോകാറുണ്ട്...''
''കുഴിയോ... എന്ത് കുഴി? ശവക്കുഴിയാണോ?''
'അതേ സാറേ... സിമിത്തേരിയില്‍.''
''ഹ അത് ശരി... അങ്ങനെ പറ... നീ അപ്പോ നമ്മുടെ ജോര്‍ജിന്റെ മോനാണ്... ശവം ജോര്‍ജ് എന്ന് പറയണ്ടേ... അപ്പോ പിന്നെ ഇത്രേം പറയേണ്ട ബല്ല കാര്യോണ്ടോ... ഈ നാട്ടില്‍ നിന്റപ്പനെ അറിയാത്ത ആരാ ഉള്ളത്?''
വല്ലാത്ത ഒരു ചിരി ചിരിച്ചുകൊണ്ട് സാറ് കെവിന്റെ മുഖത്ത് രണ്ടു തട്ട് തട്ടിക്കൊണ്ടു മില്‍ട്ടണ്‍ന്റെ അരികിലേക്ക് നീങ്ങി നിന്നു.
''വാടാ മില്‍ട്ടാ, നീയും ഇവന്റെ കോളനീന്നാണോടാ?''
''ആ സാറേ!''
''നിന്റപ്പന്‍ എന്ത് ചെയ്യ്വാന്?''
''ഡാഡി വീട്ടില്‍ ഇല്ല സാറേ...''
''ആര് ഡാഡിയോ…അത് ശരി... ദുബായിലാണാ?''
''ഇല്ല സാറേ... ഡാഡി ജയിലിലാണ്... ഒരു കള്ള കേസില്‍ കുടുങ്ങി ജയിലിലാണ്...''
''ഹ കള്ളാക്കേസാകും അല്ലതെങ്ങനാ... കുറെ പൊലീസ്‌കാരുണ്ട് നമ്മട നാട്ടില്‍... മാന്യമായിട്ട് കോളനീലൊക്കെ ജീവിക്കുന്നവരെ വെറുതെ കള്ളക്കേസില്‍ പെടുത്തികളയും... അല്ലേടാ! അവന്റെ ഒരു കള്ളക്കേസ്... ഹാ അത് പോട്ടെ. ഇനി ഇത് പറ! ഇതെന്താണ് കേസ്? ഉള്ളതാണോ... കള്ളക്കേസാണോ?''
മില്‍ട്ടണ്‍ ഉത്തരം പറയുന്നതിന് മുന്‍പേ വിശ്വംഭരന്‍ മാഷ് അടുത്ത ഇടപെടല്‍ നടത്തി.
''ഇതിലിപ്പോ ശക്തിമാനാണാ ഹനുമാനാണോ എന്നറിയാന്‍ ഇപ്പൊ എന്താ വഴി? ഒരു സി ഡി ഇട്ടുനോക്കാനുള്ള ഒരു കുന്ത്രാണ്ടം പോലുമില്ലാത്ത
അളിഞ്ഞ സ്‌കൂള്‍.''
_(തുടരും)_