കൊച്ചിയിലെ കപ്പലൊച്ചകള്‍ [09]

പ്രാണന്‍ പൊടിഞ്ഞത് കടലില്‍ നിന്നുമാണത്രേ! കടലോളം കൊണ്ടുനടക്കുന്ന ഓര്‍മ്മകളിലാണ് ഓരോ മനുഷ്യന്റെയും പ്രാണന്‍.
കൊച്ചിയിലെ കപ്പലൊച്ചകള്‍ [09]
Published on
  • നോവലിസ്റ്റ്: എൻ ഹാലിയ

  • ചിത്രീകരണം : ബാവുൽ

കൊച്ചിക്കടപ്പുറത്തുവച്ച് കസ്റ്റംസുകാര്‍ പിടിച്ചെടുത്തിട്ടുള്ള ആയിരക്കണക്കിന് 'വീഡിയോകോണ്‍', 'ഒനിഡാ', 'ബിപിഎല്‍' ടിവികളില്‍ ഭൂരിഭാഗവും കൊച്ചിയിലെ കൊച്ചുവീടുകളിലേക്ക് ബേസ്‌ബോര്‍ഡ് പെട്ടികളില്‍ എത്തിയിരുന്നുവെങ്കിലും കടല് കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളില്‍ നിന്നും ഒരു തരി പോലും കൊച്ചിയിലെ പെണ്ണുങ്ങളുടെ കഴുത്തിലോ കാതിലോ മൂക്കിലോ പതിഞ്ഞില്ല. എങ്കിലും, കൊച്ചിയിലെ കടലുകള്‍ കടന്നു ദുബായിക്ക് പോകാന്‍ ഭാഗ്യം കിട്ടിയ ആണുങ്ങളുടെ മടങ്ങി വരവില്‍ ചില സ്ത്രീകളുടെയെങ്കിലും കഴുത്തില്‍ കനകം വിളങ്ങി. അത്തറിന്റെ ഗന്ധം പടര്‍ത്തി അടുത്ത വീട്ടിലെ കല്യാണത്തലേന്ന് തിളങ്ങി നടക്കുന്ന ദുബായ് പെണ്ണുങ്ങള്‍ക്കെതിരെ പൈപ്പിന്‍ചുവട്ടിലും പള്ളിപ്പറമ്പിലും കൈവിഷക്കമ്മറ്റികള്‍ കുത്തിത്തിരുപ്പ് കമ്മറ്റി കൂടി. അടക്കിപ്പിടിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ കനകം വിളങ്ങുന്ന കാമനകള്‍ക്കെതിരെ പ്രയോഗിക്കാന്‍ കൊച്ചിയിലെ പെണ്ണുങ്ങള്‍ കണ്ടെത്തിയ ആ ഒറ്റമൂലിയുടെ പേരാണ് മുക്കുപണ്ടം. ശൂന്യമായ കഴുത്തും കാട്ടി ഇനി ഒരു പകല്‍ പോലും പുറത്തിറങ്ങേണ്ടല്ലോ എന്ന ആശ്വാസത്തില്‍ കുറെ പെണ്ണുങ്ങള്‍ മുക്കുപണ്ടത്തെ പുല്‍കിയ അതേ നാളില്‍ തന്നെയാണ് പെണ്മക്കളെ കെട്ടിച്ച് വിടാന്‍ ഒരിറ്റ് പൊന്നു കിട്ടിയിരുന്നെങ്കിലെന്നും, ആണ്‍മക്കളെ ദുബായ്ക്കയക്കാന്‍ പണയം വയ്ക്കാന്‍ ഒരു തരി തങ്കമുണ്ടായിരുന്നെങ്കിലെന്നും ആശിച്ചു നിരാശിച്ച് വേറെ കുറെ സ്ത്രീകള്‍ അലഞ്ഞു കരഞ്ഞു നടന്നിരുന്നത്.

അദ്ധ്യായം 9

സ്വര്‍ണ്ണം

തിങ്കള്‍ മുതല്‍ വെള്ളി വൈകുന്നേരം വരെ പുണ്യാളന്മാര്‍ക്കൊപ്പം ചന്ദനത്തിരിയുടെ ഗന്ധം പേറുന്ന ഉടലും മനസ്സുമായി ജീവിക്കുന്ന ജോണി ശനിയാഴ്ചയിലെ ഏതു മണിക്കൂര്‍ മുതല്‍ക്കാണ് മൃഗമായും മൃതിയായും മാറുന്നതെന്ന് റീത്തയ്‌ക്കോ മക്കള്‍ക്കോ പിടികിട്ടിയിരുന്നില്ല. പറുദീസയുടെ നടുവിലെ നന്മതിന്മകളുടെ വൃക്ഷം കണക്ക്, വീടിനു നടുവില്‍ നില്‍ക്കുന്ന ജോണി എന്ന മനുഷ്യനില്‍ നിന്നും അനുഗ്രഹങ്ങളുടെയും ശാപത്തിന്റെയും, മധുരത്തിന്റെയും ചവര്‍പ്പിന്റെയും ഫലങ്ങള്‍ ഭക്ഷിച്ച് റീത്തയും മക്കളും ജീവിതം മുന്നോട്ടു തള്ളിനീക്കി.

അന്ന് വൈകിട്ട്, പെയിന്റ് പണി നടക്കുന്ന വീടിന്റെ അരികിലെ ആസ്പറ്റോസ് വിരിച്ച ഷെഡിന്റെ വാതില്‍ക്കല്‍ നിന്ന് ഷര്‍ട്ടും മുണ്ടും മാറുന്ന നേരത്ത് പോക്കറ്റില്‍ പൊന്ന് കിടക്കുന്നുണ്ടെന്ന കാര്യം ജോണി ഓര്‍ത്തതേയില്ല. നീണ്ട് നില്‍ക്കുന്നൊരു കമ്പിയില്‍ കോര്‍ത്തിട്ടിരി ക്കുന്ന പഴഞ്ചന്‍ ഷര്‍ട്ടില്‍ കാറ്റ് കൊണ്ടു വന്നിട്ട സിമന്റ് തരികളെ കൊട്ടി തെറിപ്പിച്ചപ്പോള്‍, തെറിച്ചകന്നുപോയത് തീരെ കനം കുറഞ്ഞ

ആ കനകവളകള്‍ കൂടി യായിരുന്നു. ജോണിയുടെ ഷര്‍ട്ടിനകത്തൂന്ന് തെറിച്ച കന്ന് പോയ വളകളില്‍ ഒന്ന് കണ്ണില്‍പ്പെട്ടിട്ടും ഹെല്‍പ്പര്‍ രവി ആ രഹസ്യം കണ്ണില്‍തന്നെ ഇറുക്കിയടച്ച് ഭദ്രമാക്കി.

സന്ധ്യയ്ക്ക് സൈക്കിള്‍ ബെല്ല് കേട്ട് വാതില്‍ക്കലെത്തിയ റീത്തയുടെ നാവില്‍ ഒരൊറ്റ ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ''സ്വര്‍ണ്ണം വച്ചിട്ടെന്തു കിട്ടി? ഇനിയെത്ര കൂടി സ്വരുകൂട്ടണം.'' അപ്രതീ ക്ഷിതമായി കേട്ട ആ ആദ്യ ചോദ്യത്തില്‍ തന്നെ വലിയൊരസമാധാന ത്തിന്റെ നെരിപ്പോടിന്റെ തിരി ജോണിക്കുള്ളില്‍ തെളിഞ്ഞു. 'മറന്നു പോയെന്ന' ലാഘവം നിറഞ്ഞ മറുപടിയില്‍ നിന്നും 'നാളെയാകട്ടെ' എന്ന ആശ്വാസത്തിലേക്ക് അവര്‍ നീങ്ങിയെങ്കിലും 'ബീഡിപ്പൊതി' തപ്പിയകൂട്ട ത്തില്‍ സ്വര്‍ണ്ണപ്പൊതി പോക്കറ്റില്‍ ഇല്ലായിരുന്നു വെന്ന കാര്യം ജോണിയെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. 'എന്നാലിങ്ങോട്ട് തന്നേക്ക്. ഞാനത് അലമാരയിലേക്ക് വച്ചേക്കാം' എന്നു പറഞ്ഞ് അവിടെ തന്നെ നിന്ന റീത്തയോട് 'എന്റെ കയ്യിലിരുന്നാല്‍ ഉരുകിപ്പോകൂല്ല' എന്ന മറുപടിയാണ് ജോണി പറഞ്ഞത്.

കറന്റ് ബില്ലും, വീടിന്റെ ലോണും, ആശുപത്രിച്ചെലവും കൂടി കൂലിപ്പണിക്കാരുടെ കഴുത്തിനമര്‍ത്തുന്ന ആ കാലത്ത് കടം വാങ്ങി വച്ച കനകം കളഞ്ഞുപോയിരി ക്കുന്നു എന്ന ഉറപ്പിന്മേല്‍ ജോണിയുടെ നെഞ്ച് ഉരുകിത്തീരുകയായിരുന്നു. റീത്ത അടുക്കളയിലേക്ക് പോയതിന്റെ പിന്നാലെ ഷര്‍ട്ടിന്റെ പോക്കറ്റ് വലിച്ച് പുറത്തേക്കിട്ടും ഉടുത്തിരുന്ന മുണ്ടഴിച്ച് ആഞ്ഞുകുടഞ്ഞും അയാള്‍ സ്വര്‍ണ്ണം തപ്പി. പോകുന്ന വഴിക്കോ പണിസ്ഥലത്തോ! എവിടെയെങ്കിലും കാണണേ എന്നു പ്രാര്‍ഥിച്ചുകൊണ്ട് 'ഞാനിപ്പോ വരാം' എന്ന് പറഞ്ഞ് ജോണി സൈക്കിളെടുത്ത് വീണ്ടും പുറത്തേക്ക് പോയി.

'അവനെന്താ വന്നിട്ടി ത്തിരി വെള്ളം പോലും കുടിക്കാതെ പൊറത്തേ ക്കിറങ്ങിപോയേന്നും ചോദിച്ചുകൊണ്ട് ജോണീടെ അമ്മ മറിയക്കുട്ടി അടുക്കളയി ലേക്ക് കയറിച്ചെന്നു. 'എന്നോടൊന്നും പറഞ്ഞില്ലമ്മേ, ഇപ്പോ വരാന്നും പറഞ്ഞു പോയതാ.'

പോകുന്ന വഴിയി ലൊക്കെ നോക്കണം എന്നു വിചാരിച്ചാണിറ ങ്ങിയതെങ്കിലും അസാമാന്യ വേഗത്തിലാ യിരുന്നു ജോണി പണി സ്ഥലത്തേക്ക് സൈക്കിള്‍ ചവിട്ടിയെത്തിയത്. പണിക്കാരെല്ലാം പോയി ശൂന്യമായി കിടന്ന ആ സ്ഥലത്ത് ഇരുട്ടിന്റെ നിഴല്‍ വീണു തുടങ്ങിയതിനാലും, കയ്യിലൊരു വെളിച്ചക്കീറ് പോലുമില്ലാത്തതിനാലും ജോണിയുടെ അന്വേഷണം നിമിഷനേരം കൊണ്ട് നിലച്ചു. തിരികെ പോരും വഴി, കൂടെ പണി യെടുക്കുന്ന ആന്റപ്പന്റെ യും റോബിയുടെയും വാസുവിന്റെയും വീട്ടില്‍ കയറി അയാള്‍ കാര്യം തിരക്കുകയും ചെയ്തു.

'നീ എന്തിനാടാ വളയും കൊണ്ടു പണി സ്ഥലത്തേക്കു വന്നത്? നീ എവിടെയാ വച്ചതെന്നോര്‍ ത്തു നോക്കിയേ? പണി സ്ഥലത്തു നോക്കിയാര്‍ ന്നോ? എത്ര പവനുണ്ടാര്‍ന്നു?'

ഒരൊറ്റ ചോദ്യവുമായി ചെന്ന ജോണിയോട് അവര്‍ ഒരായിരം ചോദ്യ ങ്ങള്‍ തിരികെ ചോദിച്ചു കൊണ്ടേയിരുന്നു. കൂട്ടുകാരന്മാരുടെ വീട്ടില്‍ നിന്നും നിരാശയോടെ സ്വന്തം വീട്ടിലേക്ക് ജോണി പോന്നുകൊണ്ടി രുന്ന അതേ നേരം, രവിയെന്ന പാതി തമിഴന്റെയരികിലിരുന്ന് മലര്‍ എന്ന തമിഴത്തി ഒരു സ്വര്‍ണ്ണവള തടവികൊണ്ട് കട്ടിലിന്റെ മൂലയ്ക്കിരി ക്കുകയായിരുന്നു. രവി യുടെ ജോലിസ്ഥലത്തെ പണിതീരാത്ത ആ വാര്‍ക്കകെട്ടിടത്തിന്റെ ചവറ് കൂനയുടെ അരികില്‍ പിറ്റേന്നത്തെ വെയിലില്‍ എരിയാന്‍ പാകത്തില്‍ മറ്റേ സ്വര്‍ണ്ണവള രാത്രിയിലെ തണുപ്പേറ്റ് മാറി കിടന്നു.

ദുബായിക്ക് പോകാനുള്ള വിമാന ടിക്കറ്റുണ്ടാക്കാന്‍ വളയൂരിക്കൊടുത്ത ബീനയും ബ്രിജിത്തും നല്ലത് ചെയ്തതോര്‍ത്ത് അത്താഴം കഴിച്ച് കിടന്ന ആ രാത്രിയില്‍, ടിക്കറ്റിന്റെ കാശിന്റെ ഭാരമൊഴി ഞ്ഞല്ലോ എന്നയാശ്വാസ ത്തില്‍ റീത്ത അമ്മയ്ക്ക് മാത്രം കഞ്ഞിവിളമ്പി കാത്തിരിക്കുന്ന ആ രാത്രിയില്‍, ചാരായ ഷാപ്പിന്റെ കഥകടയ്ക്കുന്ന, കണക്ക് ക്‌ളോസ് ചെയുന്ന അവസാന മിനിറ്റ് വരെ ജോണി ചാരായം കുടിച്ച് കൊണ്ടേയിരുന്നു. 'സൈക്കിള്‍ രാവിലെ കൊണ്ടോപോകാടാ ജോണി' എന്നും പറഞ്ഞ് വെളിവില്ലാത്ത വിജയനും ഡേവിയും ജോണിയുടെ കൂടെ ഇരുട്ടത്ത് നടന്നു. പണയം വയ്ക്കാന്‍ തന്ന പൊന്ന് കയ്യീന്ന് പോയെന്നു പറയാന്‍ അയാള്‍ക്കൊരു കൂട്ട് വേണമായിരുന്നു.

ചാരായഷാപ്പില്‍ നിന്നും വാങ്ങിയ പൊറോട്ടയും താറാവ് കറിയും തൂക്കിപിടിച്ച പ്ലാസ്റ്റിക് കവര്‍ രണ്ടുമൂന്ന് വട്ടം താഴെ വീണെങ്കിലും ജോണിയും കൂട്ടുകാരും കൂടി അത് പലവട്ടം പൊടിതട്ടിയെടുത്തു. സൈക്കിള്‍ ബെല്ല് കാത്തിരിക്കുന്ന റീത്തയുടെ കണ്‍വെട്ടത്തേക്ക് ഉലഞ്ഞുപോയ മുണ്ടും ബട്ടന്‍സഴിച്ച ഷര്‍ട്ടും കയ്യില്‍ തൂക്കിക്കൊണ്ട് പ്ലാസ്റ്റിക് കവറുമായി ജോണി നടന്നു വരുന്നു. ശനിയാഴ്ചകളില്‍ മാത്രം നെഞ്ചു പൊള്ളിച്ച് പാഞ്ഞെത്തുന്ന ഭയത്തിന്റെയും സങ്കട ത്തിന്റെയും ഉല്‍ക്കകള്‍ ആ നിമിഷം റീത്തയുടെ നെഞ്ചിലേക്കിരച്ചെത്തി. അകത്തേ മുറിയിലേ ക്കോടിച്ചെന്ന്, പഠിച്ചു കൊണ്ടിരുന്ന മക്കളുടെ യരികിലെ വിളിക്കൂതി ക്കെടുത്തി പുസ്തകം മടക്കി കൊച്ചുങ്ങളെ കട്ടിലില്‍ കയറ്റികിടത്തി പുതപ്പ് വിരിച്ചു. കുടിച്ച് വരുന്ന ദിവസങ്ങില്‍ ജോണിയില്‍ നിന്നൊഴു കുന്ന സ്‌നേഹം ആ പൊടിക്കുരുന്നുകളില്‍ വെറുപ്പുളവാക്കുന്നുവെന്ന് റീത്തയ്ക്ക് നന്നായറിയാം.

കണ്ണ് ചുവന്നിരിക്കുന്ന ആ നേരത്ത് ജോണി ചെയ്യാന്‍ പറയുന്ന ഏതേലും കാര്യത്തിന് 'ഇല്ലെന്നോ, വേണ്ടാന്നോ പറഞ്ഞാല്‍ കയ്യില്‍ കിട്ടുന്നത് കൊമ്പാണെലും കമ്പിയാണേലും തല്ലും തെറീം ഉറപ്പായിരുന്നു. വാതില്‍ക്കല്‍ കത്തിച്ച് വച്ചിട്ടുള്ള വിളക്കിന്റെ വെട്ടത്തെ പിന്നിലാക്കി ക്കൊണ്ട് ജോണിയുടെ നിഴലാണ് ആദ്യം അകത്ത് കയറിയത്. കയ്യില്‍ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കവറിന്റെ നിഴല്‍ ഏതോ ഒരു ക്രൂരമൃഗത്തിന്റെ രൂപം പോലെ തോന്നിച്ചു.

ഉള്ളിലെ സങ്കടവും പേടിയും രോഷവും കടിച്ചുപിടിച്ച് നില്‍ക്കുന്ന റീത്തയെ നോക്കി ജോണി പറഞ്ഞു: ''ഇനീം കുടിക്കും. ഒരാളും എന്നെ ഉപദേശിക്കാന്‍ വരണ്ട.''

ഉള്ളു പൊള്ളി നില്‍ക്കുന്ന ആ സ്ത്രീ യുടെ ചൂടില്‍ ജോണി നിന്ന് വിയര്‍ക്കുകയാണ്. നെഞ്ചിനകത്ത് കന്മദം പോലെ വേവുന്ന കണ്ണീരിന്റെ ഉള്ളൊഴുക്കില്‍ പ്പെട്ട് കള്ളുകുടിച്ച് നില്‍ക്കുന്നൊരാളിന്റെ ആത്മാവ് വരെ ഒലിച്ചു പോകുന്നു. അയാളുടെ പരുഷമായ വാക്കുകള്‍ക്ക് റീത്തയുടെ മൗനത്തെ അഭിമുഖീകരി ക്കാനാവില്ലെന്ന് കണ്ട്, തന്റെ ഭീതിദമായ നോക്കുകള്‍ക്ക് അവളെ വിരട്ടാനാവില്ലെന്നും കണ്ട് ജോണി കയ്യിലിരുന്ന കവറ് നീട്ടി പിടിച്ചുകൊണ്ട് റീത്തയുടെ അടുത്തേക്ക് വന്നു.

''പിള്ളാരെ വിളിക്കെടി. പൊറോട്ടേം താറാവ് കറിയുമാണ്...''

കവറിന്റെ അരികി ലൊക്കെ മണ്ണും ചെളിയും പറ്റിപിടിച്ചിരിക്കുന്നു.

''അവരൊറങ്ങി... സമയം എത്രയായീന്നാ...''

''അവരൊറങ്ങിയെങ്കില്‍ നീ തിന്നെടി.''

''ഇതിപ്പോ എന്തിനാ ഇന്ന് കുടിക്കാന്‍ പോയേ... ശനീം ഞായറും പോരാഞ്ഞിട്ടാണോ?''

റീത്തയുടെ മുന്നിലേക്ക് തിരിഞ്ഞുനിന്നുകൊണ്ട് ഷര്‍ട്ട് ഊരികൊണ്ട് അത് റീത്തയുടെ ദേഹത്തേക്കിട്ടു കൊടുത്തു. നടന്ന് അടുത്ത് വന്നിട്ട് പറഞ്ഞു.

''ഇന്ന് കുടിക്കണമെ ന്നൊന്നും വിചാരിച്ചതല്ല. സങ്കടം കൊണ്ടാ! മനുഷ്യന്‍ ഒരു കണക്കിനാ കുടുംബം നോക്കണത്.... ബാങ്കില് കടം, പഞ്ചായ ത്തീന്നെടുത്തത് വേറെ, പിന്നെ തമിഴനും തെലുങ്കനും പലിശക്കടം, എല്ലാറ്റിനും വേണ്ട മരുന്നും മന്ത്രോം... അപ്പോഴാണ് നിന്റെ മോന്റെ ദുബായില്‍ പോക്ക്. മനുഷ്യന്റെ മനസ്സമാധാനം കളയാന്‍.''

ഇതുപോലെ എണ്ണിപ്പെറുക്കാന്‍ മാത്രം ഇന്നിപ്പോള്‍ എന്താ ഉണ്ടാ യെന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാതെ റീത്ത കണ്ണും മിഴിച്ച് നില്‍ക്കുമ്പോള്‍ മേശപ്പുറ ത്തിരുന്ന ബീഡിപാക്കറ്റെ ടുത്ത് ജോണി തീപ്പെട്ടിയുരച്ച് കത്തിച്ചു.

ബീഡി കടിച്ചുപിടിച്ച് ചുണ്ടിനിടയിലൂടെ പുക പുറത്തുവിട്ട് അയാള്‍ റീത്തയോട് പറഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org