![കൊച്ചിയിലെ കപ്പലൊച്ചകൾ [07]](http://media.assettype.com/sathyadeepam%2F2025-09-25%2Fwyulblpf%2Fkochiyile-kappalochakal-07.jpg?w=480&auto=format%2Ccompress&fit=max)
![കൊച്ചിയിലെ കപ്പലൊച്ചകൾ [07]](http://media.assettype.com/sathyadeepam%2F2025-09-25%2Fwyulblpf%2Fkochiyile-kappalochakal-07.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
ചരിത്രം തിരുത്തിക്കുറിച്ച ലോക നേതാക്കന്മാരും, ഏകാധിപതികളും, സ്വേച്ഛാധിപതികളും, ഭീമാകാരരൂപം കൊണ്ടും അസാമാന്യശക്തി പ്രകടനങ്ങള്‍ കൊണ്ടും ലോകത്തെ ഞെട്ടിച്ച പല വമ്പന്മാരും കൊമ്പന്മാരും കൊച്ചിയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒറ്റയ്ക്കും കൂട്ടമായും തെരുവ് ഭരിച്ചു. കാടിനെ വിറപ്പിച്ച ടാര്‍സനും, യൂദരെ വെറുപ്പിച്ച ഹിറ്റ്‌ലറും റോമിനെ ഭരിച്ച സീസറും മൈസൂറിനെ വിറപ്പിച്ച ടിപ്പുവുമെല്ലാം കൊച്ചിയിലെ ഓടിട്ട വീടിന്നരികുകളിലെ പേരമരത്തിനു താഴെയും, അടുക്കളപ്പുറത്തെ ഷെഡിലും മഴയും മഞ്ഞും കൊണ്ട് ചുരുണ്ടു കിടന്നിരുന്നു. കുട്ടിനിക്കറിട്ട കൊച്ചിയിലെ പിള്ളേരുകളുടെ ഒറ്റ വിളിപ്പുറത്ത് ടാര്‍സനും സീസറും ഹിറ്റ്‌ലറും ടിപ്പുവും ആയുധങ്ങള്‍ക്കു പകരം അനുസരണയുടെ അടയാളമായ വാല്‍ നീട്ടിയാട്ടി. ലോകത്തിലെവിടെയും പോലെ കെവിന്റെ വീട്ടിലെ കൈസറും വെറുമൊരു നായയായിരുന്നില്ല.
അധ്യായം [07]
കൈസര്‍
വീട്ടിലേക്ക് കൊണ്ട് വരുന്നതിനു മുമ്പേ തന്നെ കെവിന്‍ തന്റെ പേരിന്റെ ആദ്യാക്ഷരം കൊണ്ട് തന്നെ പട്ടിക്കുഞ്ഞിനിടാനുള്ള പേര് കണ്ടു വച്ചിരുന്നു, കൈസര്‍. കൈസര്‍ എന്നത് കെവിന്റെ കൂടെപ്പിറപ്പ് കൂടിയായിരുന്നു. അന്ന് കളിപ്പിച്ച് കളിപ്പിച്ച് കളി കാര്യമായി. കൊച്ചല്ലേ അവനറിയോ. ഉച്ചയ്ക്കു കൊടുത്ത ചോറും കൂട്ടാനിലെ ഇറച്ചിച്ചാറില്‍ കിടന്ന കനത്ത ഒരു എല്ല് കണ്ടെടുത്ത് അതിനുള്ളിലെ മജ്ജ ഖനനം ചെയ്യുന്ന പണിയിലായിരുന്നു കൈസര്‍. കഴിഞ്ഞ മൂന്ന് കൊല്ലമായി അവന്‍ വീട്ടിലുണ്ട്. എത്ര ഇണക്കമാണേലും എല്ലു പോരാട്ടത്തിന്റെ നേരത്ത് ആരടുത്തു ചെന്നാലും അവന്‍ മോന്ത പൊക്കി ദംഷ്ട്ര നീട്ടി അപശബ്ദം പുറപ്പെടുവിച്ച് അപായ സൂചന നല്‍കും. എന്നിട്ടും നിന്നില്ലെങ്കില്‍ അക്രമം ഉറപ്പാണ്.
ഭക്ഷണം കഴിക്കുന്ന സമയത്ത് അവനെ പ്രാന്ത് പിടിപ്പിക്കാന്‍ പോയേക്കരുതെന്ന് ആ വീട്ടില്‍ ആരൊക്കെയോ ആരോടൊക്കെയോ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും അതൊന്നും പിടികിട്ടാത്ത പ്രായത്തിലെ കെവിന്‍ കൈസറിന്റെ എല്ലു പോരാട്ടത്തില്‍ തടസ്സം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. പല തവണ പല്ലിളിച്ചു പേടിപ്പിച്ചു മുരണ്ടു നോക്കിയിട്ടും ചെറുക്കന്‍ പിന്‍വാങ്ങുന്ന ലക്ഷണം കാണാതെ പ്രാന്ത് കേറി കൈസര്‍ ഒരെണ്ണം കൊടുത്തു. അഞ്ചാം ക്ലാസുകാരന്റെ കുഞ്ഞുകൈയില്‍ കൈസറിന്റെ പല്ലുകൊണ്ടൊരു ചുവന്ന റാറ്റൂ. കുഞ്ഞു വാ കൊണ്ടുണ്ടാക്കിയ വലിയ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് മുഖത്തും കൈയിലും ചോരപ്പാടുമായി നില്‍ക്കുന്ന കുഞ്ഞിനെയാണ്.
കസേരയും മേശയും വലിച്ചു പുറത്തിട്ട് അവിടിരുന്നു കള്ളുകുടിച്ചുകൊണ്ടിരുന്ന ജോണി എഴുന്നേറ്റ് പുറക് വശത്തേക്ക് ചെല്ലുമ്പോള്‍ കൊച്ചിന്റെ കയ്യിലെ ചോര കഴുകി കൊടുക്കുന്ന റീത്ത. ജോണിയുടെ പഴയ ഒരു വെള്ളമുണ്ടിന്റെ, പല തവണ കീറിയെടുത്ത വിടവില്‍ നിന്നും റീത്ത മറ്റൊരു വലിയ തുണിക്കീറ് ചീന്തിയെടുത്ത് കൊച്ചിന്റെ മുറിവ് പൊതിഞ്ഞു കെട്ടുകയാണ്. അടിതെറ്റിയ ജോണി കൊച്ചിന്റെ കൈപിടിച്ച് തിരിച്ചും മറിച്ചും നോക്കി. പട്ടിയുടെ കടിയേറ്റ ഭാഗത്തുനിന്നും വീണ്ടും ചോരയൊലിക്കാന്‍ തുടങ്ങി. ജോണിയുടെ നിഴല്‍വെട്ടം കണ്ടപാടെ കൈസര്‍ എല്ല് പുറത്ത് തന്നെയിട്ട് കൂടിന്റെയകത്തേക്ക് മെല്ലെ കേറിക്കഴിഞ്ഞിരുന്നു. പ്രപഞ്ചത്തില്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെ മുന്‍കൂട്ടി കാണാന്‍ കഴിവ് അവറ്റകള്‍ക്ക് കൊടുത്ത മൃഗങ്ങളുടെ ദൈവത്തിനവന്‍ നന്ദി പറഞ്ഞു കാണണം.
കാല് മടക്കി ആഞ്ഞൊരു ചവിട്ട് അരികില്‍ നില്‍ക്കുന്ന പട്ടിക്കിട്ട് കൊടുത്തതിനു ശേഷം അയാള്‍ കൊച്ചിനെ കൊണ്ട് അകത്തേക്ക് കയറി. അകത്തെ അടുക്കളയിലെ ഒരു പാത്രത്തില്‍ നിന്നും മുറിവിനിടുന്ന പൊടിയും ഒരു വെളുത്ത തുണിയുമെടുത്തിട്ട് അയാള്‍ വീണ്ടും മുറ്റത്തേക്കിറങ്ങി. അറക്കാന്‍ കൊണ്ടുപോകുന്ന മാടിനെ പോലെ ചോരപൊടിയുന്ന കെവിനെ അയാള്‍ വലിച്ചോണ്ട് നടന്നു. പട്ടി കടിച്ചതിന്റെ വേദനയെക്കാള്‍ സ്വന്തം അപ്പന്‍ ഒരിറ്റ് സ്‌നേഹമില്ലാതെ വലിച്ചടുപ്പിക്കുകയും വേദനിപ്പിക്കയും ചെയ്യുന്നതെന്തിനെന്ന് അവന് തോന്നിക്കാണണം.
മേശപ്പുറത്ത് കുപ്പിയില്‍ ബാക്കിയിരുന്ന ചാരായം കുറച്ചെടുത്ത് അയാള്‍ ആ മുറിവിലേക്ക് ഒറ്റ ഒഴിക്കല്‍. തിളച്ച എണ്ണ കയ്യില്‍ വീണപോലെ കുരുന്ന് കൈ പൊള്ളിപ്പോയി. വാ പൊളിച്ച് കാറുന്ന കൊച്ചിനോട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ച ജോണിയെ കണ്ട് കെവിന്‍ ഭയന്നുപോയി. ''ഇതിലും വലിയ മരുന്നൊന്നുമില്ല. വേണേല്‍ നീ ഇച്ചിരി കുടിച്ചോ... വേദനേം ഉണ്ടാകില്ല... വേണോടാ?''
കെവിന്‍ വേണ്ടാന്ന് പറഞ്ഞു.
''വേണെ കൊറച്ച് കുടിച്ചോ ഇല്ലേല്‍ നീ പേ പിടിച്ച് ചാകും.''
കുപ്പിയില്‍ ബാക്കിയിരുന്ന ചാരായം ഒറ്റ വലിക്കു കുടിച്ചിറക്കിയതിനു ശേഷം അയാള്‍ വരാന്തയുടെ മൂലയില്‍ ചാരി വച്ചിരുന്ന വലിയൊരു വടിയെടുത്ത് വീണ്ടും പുറകിലേക്ക് പോയി. ചാരായം വീണ് പൊകഞ്ഞ് നില്‍ക്കുന്ന മുറിപ്പാടോടെ കെവിന്‍ അവന്റെ കരച്ചിലും വേദനയും വീട്ടിലെ അവസ്ഥയും കണ്ട് ഞെട്ടി നില്‍ക്കുന്ന രണ്ടു കൂടെപ്പിറപ്പുകളും അമ്മയും അമ്മൂമ്മയും അയാളുടെ അടുത്ത യുദ്ധം നോക്കി നില്‍ക്കുകയാണ്.
മുറ്റത്തെ മാവിന്റെ താഴത്തെ കൊമ്പില്‍ തൂക്കിയിട്ടിരുന്ന ചങ്ങല വലിച്ചെടുത്ത് ജോണി പട്ടിക്കൂടിന്റെ അടുത്തേക്ക് തന്നെ കടിച്ചിച്ച് ഒരക്ഷരം മിണ്ടാതെ തല നീട്ടിക്കൊടുത്ത കൈസറിന്റെ കഴുത്തില്‍ ചാവ്കയര്‍ പോലെ ചങ്ങല ചുറ്റപ്പെട്ടു. ഒരു ധാക്ഷിണ്യവും കൂടാതെ ജോണി പട്ടിയെ വലിച്ച് പുറത്തേക്കിട്ടു. മാവിന്റെ കൊമ്പില്‍ തളച്ചു. തലേ ദിവസം വരെ ആ വീട്ടിലെ കുട്ടികളിലൊന്നിനെ പോലെ ഓടിച്ചാടി കളിച്ച കൈസറിനെ അയാള്‍ പൊതിരെ തല്ലി. ഓരോ അടിയുടെ സമയത്തും അയാള്‍ പറഞ്ഞത് ഒറ്റ കാര്യമായിരുന്നു.
തെറ്റ് അതിന് മനസ്സിലാകുന്നുണ്ടായിരുന്നു. ഓരോ അടിയിലും ആ ചെറിയ ജീവി ഭൂമിയുടെ അടിയിലേക്ക് താണു പോയിക്കൊണ്ടിരുന്നു. ആദ്യത്തെ അടിയില്‍ ഉയര്‍ന്നു വന്ന കരച്ചില്‍ ആ വലിയ സ്വരം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി. ഒടുങ്ങാത്ത ദേഷ്യം മുഴുവന്‍ ആവാഹിച്ച ആ വടി കൈസറിന്റെ ദേഹത്തുതന്നെ വലിച്ചെറിഞ്ഞു കലിയടങ്ങാതെ ജോണി അപ്പുറത്തേക്ക് പോയി.
കുടിച്ചുകേറ്റിയ ചാരായത്തിന്റെ രോഷമാര്‍ന്നോ, സ്വന്തം കൊച്ചിനെ കേറി കടിക്കാന്‍ ധൈര്യം കാണിച്ച കൈസറിനോട് അരിശമായിരുന്നോ അതോ ആര്‍ക്കും പിടിക്കിട്ടാത്ത അനുഭവങ്ങളുടെ തിളച്ചു മറിയലുകളായിരുന്നോ
ആ കണ്ടത് ? വളര്‍ത്തു നായയുടെ കരച്ചില്‍ കണ്ട് ആ വീട്ടിലെ മനുഷ്യരെല്ലാം ഒരുമിച്ചു വിതുമ്പുകയാണ്. മുറിവേറ്റ കൈയും പിടിച്ചു അകത്തെ മുറിയുടെ ജനല്‍ കമ്പികള്‍ പിടിച്ചു കെവിന്‍ കരഞ്ഞുകൊണ്ട് നിന്നത് കൈയിലേറ്റ മുറിവിന്റെ വേദനയാലല്ല എന്നുറപ്പ്.
അവന്‍ ഉറങ്ങിയെഴു ന്നേല്‍ക്കുമ്പോള്‍ അവന്റെയരികിലേക്കോടി യെത്തുന്ന ആ പട്ടിയുടെ കിടപ്പ് കണ്ട് കണ്ണ് കലങ്ങി അവനാ ജനാലയ്ക്കല്‍! ആ ഒരൊറ്റ നിമിഷം സ്വന്തം അപ്പനോട് ദേഷ്യവും അരിശവും വെറുപ്പും കരഞ്ഞ് കിടക്കുന്ന കൈസറിനോട് വാത്സല്യവും തോന്നി.
അന്നത്തെ ആ സംഭവത്തിനുശേഷം ആ വീട്ടില്‍ ആരും ആരോടും മിണ്ടിയില്ല. വിശപ്പില്ലായ്മ യുടെ വിഷമം ഭക്ഷണത്തോട് കാണിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലാതിരുന്ന അവരെല്ലാം പലയിടങ്ങളിലിരുന്ന് അത്താഴം കഴിച്ചു. പതിവ് സമയം തെറ്റിയാല്‍ ഒച്ചവച്ച് അടയാളമറിയിക്കുന്ന കൈസര്‍ അന്ന് രാത്രി നിലാവ് നോക്കി കിടന്നതേയുള്ളൂ. അകത്തെ ബള്‍ബില്‍ നിന്നും കൈസറിന്റെ കൂട്ടിലേക്ക് വീഴുന്ന വെളിച്ചക്കീറില്‍ അവന്റെ വിഷാദമുഖം വ്യക്തമായി കാണാം.
അടുക്കളയിലെ ജോലിയെല്ലാമൊതുക്കി അവസാനം എല്ലാവരും കിടക്കയിലേക്കെത്തിയ പ്പോഴും ജോണി വാതില്‍ക്കല്‍ ബീഡിയും വലിച്ചിരിപ്പുണ്ടായിരുന്നു. കുടിച്ചിരിക്കുന്ന ജോണി ഉറങ്ങുന്നതാണ് നല്ലതെന്ന് അറിയാവുന്നതു കൊണ്ട് ഒരാളും അയാളെ വിളിക്കാനോ നോക്കാനോ പോയില്ല. നേരം പാതിരയായി. അടുക്കളയില്‍ പാത്രങ്ങളുടെ ഒച്ചകേട്ട് അമ്മ മെല്ലെ കണ്ണ് തുറന്നു. നേരിയ ശബ്ദം പോലും അമ്മാമ്മയുടെ കര്‍ണ്ണത്തിലാണ് എന്നും ആദ്യം വന്ന് തട്ടാറുള്ളത്. അരികില്‍ കിടന്നുറങ്ങുന്ന കെവിന്റെ ഉറക്കം കളയാതെ അമ്മാമ്മ മെല്ലെ അടുക്കള വശത്തേക്ക് ചെല്ലുമ്പോള്‍ ജോണി അവിടെ എന്തോ ചെയ്യുകയാണ്. രാത്രിയിലെ ഒച്ചപ്പാടിനും ബഹളത്തിനും ശേഷം ജോണി അടുക്കളയില്‍ ഭക്ഷണം തപ്പുകയാണ്. ഇരുട്ടിന്റെ മറയത്ത് ഒച്ച കേള്‍പ്പിക്കാതെ ബാക്കിവന്ന ചോറും മീന്‍കറിയും കൂട്ടി ഒരു പാത്രത്തിലിട്ട് കുഴച്ച് അയാള്‍ അടുക്കളപ്പുറത്ത് ലൈറ്റ് തെളിയിച്ചു. അകത്തെ ജനലിനരികിലേക്കു നീങ്ങി നിന്ന അമ്മാമ്മയുടെ പുറകില്‍ ഉറക്കത്തെ കണ്ണില്‍ നിന്നു തുടച്ച് നീക്കി കെവിന്‍, ''എന്താ അമ്മേ?'' എന്ന് ചോദിച്ചു.
കെവിന്റെ വായ പൊത്തിപ്പിടിച്ച് അമ്മാമ്മ പുറത്തേക്ക് നോക്കികൊണ്ടേയിരുന്നു.
(തുടരും)