![കൊച്ചിയിലെ കപ്പലൊച്ചകൾ [04]](http://media.assettype.com/sathyadeepam%2F2025-08-28%2F7zqtrhwg%2Fkochiyile-kappalochakalnovel04parijatham.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
കടല് കടന്ന് ഗള്‍ഫിനു പോയിട്ട്, പൊരിവെയിലില്‍ പൊറം പൊള്ളിയും, കടല്‍ത്തീരത്തുള്ള പെണ്ണിനേയും പിള്ളാരെയും കാണാതെ അകം പൊള്ളിയും കൊറേയധികം മനുഷ്യര്‍ വെന്തതിന്റെ ഫലമാണ് കൊച്ചിയിലെ വാര്‍ക്കവീടുകളും കളര്‍ ടിവികളും ടൈഗര്‍ ബാം പോലുള്ള നടുവേദന തൈലങ്ങളുമൊക്കെ. ലത്തീന്‍കാരും സുറിയാനികളും റീത്ത് വ്യത്യാസമില്ലാതെ കടം വാങ്ങിച്ച് കടല് കടന്ന് അങ്ങ് സൗദിക്ക് കേറിയിട്ടും, ഇന്നുമുണ്ട് കൊച്ചിയുടെ കടല്‍പരപ്പുകളിലും കായലോരങ്ങളിലും വാര്‍ക്കയെത്താത്ത വീടുകളും, ഉപ്പുവെള്ളം കേറി ദ്രവിച്ച കതകില്ലാത്ത കൊച്ചു കെട്ടിടങ്ങളും. മതിലുകള്‍ ജനിക്കാതിരുന്ന അന്നാളില്‍ ഞങ്ങടെയൊക്കെ അതിരുകള്‍ക്ക് കാവല്‍ നിന്നിരുന്നത് മുഴുവന്‍ ചെമ്പരത്തി കൊമ്പുകളും, പരുത്തിവേരുകളും പോട്ടപുല്ലുകളുമായിരുന്നു. മനുഷ്യര്‍ അളന്നിട്ട ആ അതിര്‍ത്തി അടയാളങ്ങള്‍ ലംഘിച്ചൊഴുകി പടര്‍ന്നു കേറിയ പാരിജാതത്തിന്റെ സുഗന്ധം കൊച്ചിയുടെ ഉപ്പുകാറ്റില്‍ പടര്‍ന്ന് ഞങ്ങടെ നിശ്വാസത്തില്‍ ലയിച്ച് ചേര്‍ന്നു. പാരിജാത പൂക്കള്‍ക്കൊക്കെ മനുഷ്യരുടെ മണമാണ്.
അധ്യായം 04 - [പാരിജാതം]
ജയിലിനകത്തെ ഒരു വലിയ റൂമിലെ ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് മേഘ നില്‍ക്കുന്നു... മുറിക്കകത്തെ മേശയുടെ അരികിലുള്ള കസേരയില്‍ സിസ്റ്റര്‍ റൂഹ ഇരിക്കുന്നുണ്ട്. മേശപ്പുറത്ത് ഒരു കംപ്യൂട്ടറും കുറച്ചു ഫയലുകളും... അകത്തേക്ക് കയറി ചെല്ലുന്ന ബാസ്റ്റിന്‍ സാറിനെ കണ്ടുകൊണ്ട് സിസ്റ്റര്‍ റൂഹ എഴുന്നേല്‍ക്കുന്നു...
''ഹാ സിസ്റ്ററും ഉണ്ടാര്‍ന്നോ? ഞാന്‍ വിചാരിച്ച് ഇവള് മാത്രേ ഉള്ളൂന്ന്...''
താഴെ കിടക്കുന്ന ഒരു പാരിജാതത്തിന്റെ പൂവെടുത്തുകൊണ്ട് മാധവന്‍ സാറിനെ കാണിച്ചുകൊണ്ട് കെവിന്‍ തുടര്‍ന്നു ''ഇതിന് എന്റെ അമ്മയുടെ മണമാണ് സാറേ...''
എഴുന്നേറ്റു നില്‍ക്കുന്ന സിസ്റ്റര്‍ റൂഹിന് ഷേക്ക് ഹാന്‍ഡ് കൊടുത്തു കൊണ്ട് ബാസ്റ്റിന്‍ സാര്‍ ഇരിക്കാന്‍ പറഞ്ഞു. ബാസ്റ്റിന്‍ സാറിന്റെ സംസാരം കേട്ട് മേഘ തിരിഞ്ഞു നോക്കി. മേഘയെ കണ്ടപ്പോള്‍ ബാസ്റ്റിന്‍ സാര്‍ ജനലിന്റെ അരികിലേക്ക് നടന്നു ചെന്ന് അവളുടെ തോളില്‍ കയ്യിട്ട് നിന്നു.
അവളോടൊപ്പം പുറത്തേക്ക് നോക്കുമ്പോള്‍ ജയിലിലെ ഗാര്‍ഡനില്‍ കെവിന്‍ നില്‍ക്കുന്നുണ്ട്... ആ വലിയ കൂട്ടത്തല്ലിനു ശേഷം ഇളകിമറിഞ്ഞു കിടക്കുന്ന തോട്ടത്തിലേക്ക് കയറിയിട്ട് മറിഞ്ഞു കിടക്കുന്ന ചട്ടികളെല്ലാം കെവിന്‍ എടുത്ത് നിവര്‍ത്തി വയ്ക്കുകയാണ്.
കീറിപ്പോയ മുണ്ടിന്റെ തലകൊണ്ട് മുഖം തുടച്ചിട്ട് മുണ്ടു മടക്കിക്കുത്തി കെവിന്‍ ഗാര്‍ഡന്‍ ക്‌ളീനിംഗ് ആരംഭിച്ചു.
''കെവിനല്ലെ പപ്പാ അത്?'' മേഘ ചോദിച്ചു.
''ഹാ അവന്‍ തന്നെ... നീ ഇന്ന് കൃത്യ സമയത്താണ് വന്നത്... ഞാന്‍ നിന്നോട് പറഞ്ഞതല്ലേ... അവന്റെ കേസ് എടുക്കണ്ടാന്ന്. വേറെ ആരെയെങ്കിലുമൊക്കെ നോക്കിയാ മതീ... അവന്‍ അങ്ങനെയൊന്നും അടുക്കുന്ന ഒരു ആളല്ലെടി...''
രണ്ടാളും കൂടി ജനലിന്റെ അരികില്‍ നിന്നും നടന്നു സിസ്റ്റര്‍ റൂഹ ഇരിക്കുന്ന ടേബിളിന്റെ അടുത്തു വന്ന് നിന്നു.
''മേഘാ, നിങ്ങളോട് രണ്ടു പേരോടും ഞാന്‍ പലയാവര്‍ത്തി പറഞ്ഞതാണ്. നമുക്ക് പ്രെഡിക്ട് ചെയ്യാന്‍ പറ്റാത്ത നേച്ചറാണ് കെവിന്റെ... സിസ്റ്ററിനു അത് നന്നായറിയാം... സിസ്റ്റര്‍ തന്നെ അവിടെ എത്ര വര്‍ഷമായിട്ട് താമസിക്കുന്നു... ആ ഒരു സെറ്റപ്പിലൊക്കെ വളര്‍ന്നു വന്നതിന്റെ എല്ലാ റഫ്‌നെസ്സും അവര്‍ക്കുണ്ടാകും.''
''ഇപ്പൊ എന്തെങ്കിലും ഇഷ്യു ഉണ്ടായോ സാറേ?'' സിസ്റ്റര്‍ റൂഹിന്റെ മുഖത്ത് സങ്കടവും പേടിയും എല്ലാമുണ്ട്.
ബാസ്റ്റിന്‍ സാര്‍ അടുത്തു കിടന്ന കസേര വലിച്ചിട്ട് അവിടെ ഇരുന്നുകൊണ്ട് പറഞ്ഞു.
''ഇത്രയും കൊല്ലമായിട്ടും ഒരാളോടും അവന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല... ഭയങ്കര ശാന്തന്‍... ആരോടും ഒന്നിനും പോകാത്തവന്‍. പോരാത്തതിന് അടുത്ത മാസം ഒന്നാം തീയതി പുറത്തിറങ്ങേണ്ടവനാണ്... ദേ ഇന്ന് രാവിലെ, കൂടെയുള്ള മൂന്നാലെണ്ണത്തിന്റെ തലയും മുഖമൊക്കെ അടിച്ച് പൊളിച്ച് വച്ചിട്ടുണ്ട്...''
മേഘയും സിസ്റ്ററും പരസ്പരം നോക്കുന്നു...
''എന്താ കാര്യം... ഇത്രയും നാളായിട്ട് ഇങ്ങനെ ഒരു അഗ്രെസ്സിവ് റിയാക്ഷന്‍ കണ്ടിട്ടില്ലലോ...'' മേഘ ചോദിച്ചു.
''അതല്ലേ മോളെ ഞാന്‍ നിന്നോട് പറഞ്ഞത്.. നമുക്കറിയാന്‍ പാടില്ലാത്ത അഗ്ഗ്രസിവ് തിങ്ങ്‌സ് ഇവരുടെ ഉള്ളില്‍ ഉണ്ടാകും...''
''നമുക്കറിയാന്‍ പാടില്ലാത്ത അഗ്രെസ്സിവ് അനുഭവങ്ങളും അവര്‍ക്കുള്ളില്‍ ഉണ്ട് സാറേ...''
സിസ്റ്റര്‍ റൂഹ് അത് പറയുമ്പോള്‍ അവരുടെ സ്വരം ഇടറിയിരുന്നു.
ഉള്ളിലെ സങ്കടവും കെവിനോടുള്ള സ്‌നേഹവും അവരുടെ വാക്കുകള്‍ക്കരികില്‍ പടര്‍ന്നു പിടിച്ചിരുന്നു.
''അങ്ങനെയുള്ള അഗ്രെസ്സിവ് അനുഭവങ്ങള്‍ ഉള്ളില്‍ കിടക്കുന്നത് കൊണ്ടാണ് സര്‍ അവരൊക്കെ ഇങ്ങനെ ആയി പോകുന്നത്... സാറൊരു കാര്യം ഓര്‍ത്ത് നോക്കിയേ... ഒന്നും രണ്ടും കൊല്ലോന്നുമല്ലല്ലോ.. ആറ് കൊല്ലമായിട്ട് കെവിന്‍ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല എന്ന് സാര്‍ പറയുന്നു... അതൊരു ചെറിയ പിരീഡ് ആണോ... വെട്ടും കുത്തും കൊലയുമൊക്കെ ഡെയ്‌ലി നടക്കുന്ന ഒരു സ്ഥലത്തു വളര്‍ന്നു വന്നൊരു പയ്യന്‍ ഇത്രയും നാള്‍ ഇങ്ങനെയൊക്കെ പിടിച്ചു നിന്നു എന്നത് അത്ര ചെറിയൊരു കാര്യമല്ലല്ലോ സാറേ?''
''അതൊക്കെ വലിയ കാര്യങ്ങളാണ് സിസ്റ്ററെ... നിങ്ങള്‍ ഈ പറയുന്ന ഈ പ്രൊജക്റ്റ് ഇല്ലേ... അത് ഈ ലോകം മുഴുവന്‍ കാണുന്നതും നല്ലതാണ്... but ഇന്‍ കേസ്, ഇവിടെ നിന്നും റിലീസായതിനു ശേഷം കെവിന്‍ ഇതുപോലൊരു അടി ഉണ്ടാക്കിയാലോ... ഇതിപ്പോ ദാ ആ കാണുന്ന തോട്ടത്തിലെ ചെടി പറിച്ച നിസ്സാര കേസ് ആണ്. അതിനാണ് ഇമ്മാതിരി അക്രമം കാണിച്ച് വച്ചേക്കുന്നത്. സിസ്റ്റര്‍ അവന്മാരെ ഒന്ന് കാണണം. പൊലീസുകാര്‍ ഇടപെട്ടില്ലാരുന്നെങ്കില്‍ എല്ലാം ചത്തേനെ...
ഇതിലൊരു ഹെവി റിസ്‌ക് ഉണ്ട് മോളെ. അതുകൊണ്ടാണ്. അല്ലാതെ നത്തിങ് എല്‍സ്. ക്രിമിനല്‍സിനെ വെറുതെ അമിതമായി ഗ്ലോറിഫൈ ചെയ്തു എന്ന ആരോപണവു മായിരിക്കും നിങ്ങളുടെ ഈ പ്രോജക്റ്റിന് കിട്ടാന്‍ പോകുന്ന അംഗീകാരം...''
''പപ്പാ, കെവിനേ ഇപ്പൊ ഒന്ന് കാണാന്‍ പറ്റോ?''
''ഇത്രയും നാള് ഇവിടെ വന്നിട്ടും നിങ്ങളോടു ഒരക്ഷരം പോലും മിണ്ടാത്ത അവന്‍ ഇന്ന് നിങ്ങളോടു എന്തേലും പറയുമെന്ന് തോന്നുന്നുണ്ടോ? ഞാന്‍ പറയാനുള്ളത് പറഞ്ഞു... നിങ്ങളെ ഡിസപ്പോയിന്റഡ് ആക്കാന്‍ പറഞ്ഞതല്ല. സത്യം പറഞ്ഞാല്‍ ഐ റിയലി അപ്രിഷിയേറ്റ് ദിസ് വെഞ്ചര്‍... ഇന്നത്തെ ഈ സീന്‍ കണ്ടതു കൊണ്ടാണ് ഇത്രേം പറഞ്ഞത്...
ഞാന്‍ അവനെ ഇങ്ങോട്ട് അയക്കാം. നിങ്ങള്‍ എന്താന്നു വച്ചാല്‍ ചെയ്യ്...''
അവരോടു ബൈ പറഞ്ഞതിനുശേഷം ബാസ്റ്റിന്‍ സാര്‍ പുറത്തേക്കിറങ്ങി പോകുന്നു... സിസ്റ്റര്‍ റൂഹ ആ ജനലിന്റെ അടുത്തേക്ക് നടന്നു, കൂടെ മേഘയും. ജനലിലൂടെ പുറത്തേക്ക് നോക്കുന്ന അവര്‍ കണ്ടത് മണ്‍വെട്ടിയെടുത്ത് ഗാര്‍ഡനില്‍ പണിയെടുക്കുന്ന കെവിനെയും കെവിനെ സഹായിക്കുന്ന മാധവന്‍ സാറിനെയുമാണ്... സിസ്റ്ററുടെ മുഖത്ത് പ്രയാസം കാണുന്ന മേഘ അവരുടെ അരയിലൂടെ ചുറ്റിപിടിച്ചു കൊണ്ട് പറഞ്ഞു:
'പപ്പ പറഞ്ഞത് കാര്യമാക്കണ്ട സിസ്റ്ററെ... നമുക്ക് സെറ്റാക്കാം.''
''ആരോക്കെ എന്തൊക്ക പറഞ്ഞാലും എനിക്കിത് ചെയ്യണം മേഘ. എനിക്കവനെ തിരിച്ച് അവന്റെ വീട്ടിലെത്തിക്കണം.''
പൊട്ടി കിടക്കുന്ന ചെടിചട്ടികളുടെ കഷണങ്ങളൊക്കെ കെവിനും മാധവന്‍ സാറും കൂടെ എടുത്തു കൂട്ടുകയാണ്.
''സാറ് പൊക്കോ സാറേ... ഇത് ഞാന്‍ ചെയ്‌തോളാം... വെറുതെ കയ്യില്‍ ചെളിയാക്കണ്ട...''
''എടാ കെവിനേ, ഇവിടുത്തെ പണീം കഴിഞ്ഞു വീട്ടില്‍ ചെല്ലുമ്പോള്‍ ദേ ഇത് പോലെ പറമ്പില്‍ പണിയെടുക്കുന്ന ഒരു സാധാരണക്കാരനാടാ ഞാനും... ഈ മണ്ണും ചെളിയുമൊക്കെ ദേഹത്ത് പറ്റിയാലെ നമുക്കൊരു സുഖമുള്ളൂ... വീട്ടിലും രണ്ടെണ്ണമുണ്ട് നിന്റെ പ്രായത്തില്‍. ഞായറാഴ്ചകളില്‍ അവന്മാരും കൂടുമായിരുന്നു...
ഇപ്പോ ഒരുത്തന്‍ ഹൈദരബാദിലും മറ്റവന്‍ പഞ്ചാബിലാണ്... ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ മൂത്തവന് കൃഷി പണ്ട് തൊടങ്ങി വല്യ കാര്യമാണ്... പഞ്ചാബില്‍ വലിയ എന്തോ പരുപാടിയൊക്കെയാണ്... അവന്റെ കൂടെ പഠിച്ച മൂന്നാലു പേര് കൂടി ഏതാണ്ട് സൂര്യകാന്തി കൃഷിയാണ്...
എന്നെ കുറെ ആയി വിളിക്കുന്നുണ്ട്... സമയം കിട്ടണ്ടേ റിട്ടയര്‍ ആയിട്ട് വേണം ഒന്ന് പോയി കാണാന്‍.... പിള്ളാര് പോയെ പിന്നെ വീട്ടില്‍ ഒരു സുഖോമില്ല... അതാ ഡ്യൂട്ടി കഴിഞ്ഞാലും ഞാനിങ്ങനെ ഇവിടെ തട്ടി തട്ടി നില്‍ക്കണത്... പിള്ളാരുണ്ടെങ്കിലേ ഒരു സുഖമുള്ളൂടാ.'
''പിള്ളാര് മാത്രമല്ല സാറേ... വീട്ടില്‍ അപ്പനും കൂടി ഉണ്ടെങ്കിലേ ഒരു സുഖോള്ളു...''
കെവിന്റെ ഭൂതകാലം അറിയാവുന്ന മാധവന്‍ സാറ് അവന്റെ വാക്കുകള്‍ കേട്ട് വല്ലാതായി.
''സാരോല്ലടാ... ചില കാര്യങ്ങളൊന്നും നമ്മടെ കയിലല്ലടാ...''
''പക്ഷേ എന്റെ അപ്പന്റെ കാര്യം എന്റെ കൈയിലാര്‍ന്നു സാറേ... ഈ കൈയീന്നാ അപ്പന്‍ ചോര്‍ന്നു പോയത്...''
കെവിന്റെ കണ്ണ് നിറഞ്ഞൊഴുകി.
''ബാസ്റ്റിന്‍ സാര്‍ ചോദിച്ചില്ലേ... രണ്ടു പൂ തല്ലി പറിച്ചതിനെന്തിനാ ഞാന്‍ ഈ അടി ഉണ്ടാക്കിയതെന്ന്...''
താഴെ കിടക്കുന്ന ഒരു പാരിജാതത്തിന്റെ പൂവെടുത്തുകൊണ്ട് മാധവന്‍ സാറിനെ കാണിച്ചുകൊണ്ട് കെവിന്‍ തുടര്‍ന്നു
''ഇതിന് എന്റെ അമ്മയുടെ മണമാണ് സാറേ...''
ഇരച്ചെത്തുന്ന ഒരു വലിയ സങ്കടത്തിരയെ കെവിന്റെ കണ്ണില്‍ കണ്ടുകൊണ്ടു മാധവന്‍ സാര്‍ അവിടെ മൗനമായി നിന്നു!
(തുടരും)