![കൊച്ചിയിലെ കപ്പലൊച്ചകൾ [01]](http://media.assettype.com/sathyadeepam%2F2025-08-07%2Fu5rxiy1e%2Fnovel-01poha.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
അധ്യായം 01 [പൊക]
നാലഞ്ചു പേരുണ്ട് ആ ജയില്‍ മുറിക്കകത്ത്. പൊലീസിനെ പേടിയില്ലാത്ത പഴയ താപ്പാനകളും, ഇരുമ്പ് അഴികളും ഇരുട്ടും, പഴയ താപ്പാനകളെയും കണ്ടു പേടി മാറാത്ത ന്യൂ കമ്മേഴ്‌സും തിങ്ങി പാര്‍ക്കുന്ന ഒരു ജയില്‍. വന്നു കയറിയിട്ട് അധികനാള്‍ ഒന്നുമായില്ലെങ്കിലും, കള്ളന്മാരെന്നും തെമ്മാടികളുമെന്നുമുള്ള ഐഡന്റിറ്റി അവര്‍ക്ക് നല്‍കുന്ന ഒരു സമാനത ഉണ്ട്. ആ സമാനത കൊണ്ടു തന്നെ അവര്‍ക്കിടയില്‍ വളരെ പെട്ടെന്നു തന്നെ ഒരു സൗഹൃദം ഉടലെടുക്കാറുണ്ട്.
നിലത്തു വിരിച്ചിട്ട പായയില്‍ ഒന്ന് രണ്ട് പേര്‍ കിടക്കുന്നുണ്ട്.
കിടക്കുന്നവരില്‍ സതീശന്‍ തല ചൊറിഞ്ഞു കൊണ്ടെഴുന്നേറ്റ് ചോദിച്ചു, ''ഡാ ആരെങ്കിലും ഒരു സിഗരറ്റെങ്കിലും താടാ. തല പൊളിഞ്ഞിട്ട് പാടില്ല... പണ്ടാരടങ്ങാനായിട്ട്. ഞായറഴ്ച സാധനം കിട്ടും. കിട്ടുമ്പോള്‍ തിരിച്ചു തരാടാ... ആരേലും താടാ...''
സൈഡില്‍ കിടന്നുറങ്ങുന്ന അഭിലാഷിന്റെ പുറകില്‍ കാലുകൊണ്ട് ചവിട്ടികൊണ്ടു സതീശന്‍ വീണ്ടും ചോദിച്ചു, ''ഡാ അഭി... ഉണ്ടേല്‍ താടാ... ഒരെണ്ണം... ഒരു രണ്ടു പൊക എടുത്തേച്ചും ബാക്കി തരാം.''
കിടന്നിടത്തു ചരിഞ്ഞു കിടന്നിട്ട് ദേഷ്യത്തോടെ അഭി പറഞ്ഞു:
''ഞാന്‍ എവിടുന്നു തരാനാടാ *@%ഫ$*... ഇതെന്താ കടയാണോ?''
മുറിയുടെ മൂലയില്‍ സ്വസ്ഥമായിരുന്നു പുക വിടുകയായിരുന്നു തൊമ്മനോടായി പിന്നെ സതീശന്റെ കരച്ചില്‍.
''തൊമ്മാ... കഴിഞ്ഞ ദിവസം വാങ്ങിയതും കൂടി ചേര്‍ത്ത് ഞായറാഴ്ച തിരിച്ചു തരാടാ... പ്ലീസ്... ഉറപ്പായിട്ടും...''
''ഇത് ഇന്നലെ പൊകച്ചതിന്റെ ബാക്കിയാണ്... വല്ലപ്പോഴും സാധനം കിട്ടുമ്പോള്‍ എല്ലാം കൂടി കുന്തിരിക്കം പൊകായ്ക്കണപോലെ കൂട്ടിയിട്ടു പൊകച്ച് തീര്‍ത്താല്‍ ദേ ഇങ്ങനെ ഇരിക്കും... ഇതിപ്പോ ആദ്യമായിട്ടല്ലലോ... മിണ്ടാതെ കിടന്നുറങ്ങാന്‍ നോക്ക്...'' ആഞ്ഞൊരു പൊകയെടുത്തിട്ട് തൊമ്മന്‍ സിഗരറ്റ് താഴെ പതിയെ കുത്തി കെടുത്തിയിട്ട് ബാക്കി ഉള്ളത് തീപ്പെട്ടി കൂടിന്റെ ഉള്ളില്‍ ഭദ്രമായി എടുത്തു വച്ചിട്ട് തലയിണയുടെ അടിയിലേക്ക് നീക്കി വച്ചു.
സതീശന്‍: ''തൊമ്മാ... ഇന്നും കൂടി താടാ... ഒരു പൊകയെടുത്തില്ലേല്‍ തല പൊളിയും... ഡാ''
പഴയ ഒരു പാട്ടും പാടി കൊണ്ട് തൊമ്മന്‍ തിരിഞ്ഞിരുന്നു.
അപ്പുറത്തെ മൂലയ്ക്ക് ചിന്താനിമഗ്‌നനായി 'ലെനിന്‍' ഇരിക്കുന്നുണ്ടായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് സിംഹത്തിന് 'ബിജു ബാബു' എന്ന പേര് ചേരില്ലെന്ന് ഉറപ്പുള്ളതിനാല്‍ മാത്രമാണ് അങ്ങ് റഷ്യയില്‍ നിന്നും ലെനിന്‍ എന്ന വിപ്ലവനാമം ബിജു ബാബു കപ്പല്‍ കയറ്റാതെ തന്നെ ഇറക്കുമതി ചെയ്തത്. പൊതുവെ രോമം കുറവുള്ള മെലിഞ്ഞ നെഞ്ചില്‍ നിറയെ വിപ്ലവം കൊണ്ട് നടന്നിരുന്ന ബിജു ബാബു എന്ന ലെനിന്‍, കമ്മ്യൂണിസം നെഞ്ചിലേറ്റിയ പോരാളിയാണ്... 'ജയിലില്‍ കിടക്കാത്ത കമ്മ്യൂണിസ്റ്റുകാരന്‍ യഥാര്‍ഥ കമ്യൂണിസ്റ്റ് അല്ല' ഏതോ അന്തര്‍ദ്ദേശീയ നേതാവ് സ്‌റ്റേജില്‍ കയറി അടിച്ചുവിട്ട പഞ്ച് ഡയലോഗ് കേട്ട് ആവേശം കേറി, പഞ്ചായത്ത് കിണര്‍ ഉദ്ഘാടനം ചെയ്യാന്‍ വന്ന 'എം എല്‍ എ' യെ പിടിച്ചു കിണറ്റില്‍ തള്ളിയിട്ടിട്ട് ഭഗത്‌സിങ് കളിക്കാന്‍ നോക്കീതാ... നല്ല നാടന്‍ ഇടതു പക്ഷക്കാര്‍ എടുത്തു നല്ല കീറും കീറി പൊലീസിനെ ഏല്‍പിച്ചു...
ലെനിന്‍: ''മച്ചാനെ, ഒരു വഴിയുണ്ട്... പക്ഷെ സാധനം സിഗററ്റാണോ എന്നറിയില്ല... ആ കെവിനില്ലെ... അവന്റെ തോട്ടത്തിന്റെ മതിലിനിടയിലുണ്ട്... അവനിടയ്ക്ക് അവിടെ പോയി നിന്ന് പരുങ്ങണ കാണാം... എന്തോ ഓരോ ഐറ്റം അവിടെ എങ്ങാണ്ട് കേറ്റി വച്ചിട്ടുണ്ട്... അവിടുന്നു വരുമ്പോള്‍ മച്ചാന്റെ കണ്ണൊക്കെ ഏതാണ്ട് ഉപ്പന്റെ കണ്ണ് പോലെ ചോക ചൊകാന്നാണ്! ബീഡിം സിഗററ്റൊന്നുമല്ല... സംഗതി വേറെ എന്തോ കൂടിയ ഐറ്റം ആണ്. ഒന്ന് ചോദിച്ചു നോക്കാന്ന് വിചാരിച്ചാല്‍ ആ നാറി ആരോടും മിണ്ടേമില്ല... ഒരെണ്ണം പൊട്ടിക്കാമെന്ന് വിചാരിച്ചാല... മച്ചാന്‍ ഇവിടുത്തെ മാന്യന്മാരിലൊരാളാണ്... പോരാത്തതിന് ജോര്‍ജ് സാറിന്റെ എന്തോ സ്‌പെഷ്യല്‍ കേസ് ആണ്... മച്ചാന്‍ നാളെ ഒന്നു പോയി ഒന്ന് മുട്ടി നോക്ക്...''
തൊമ്മന്‍: ''ഏത് മറ്റവനാണെങ്കില്‍ എന്താ... തൊള്ളയ്ക്കു പിടിച്ചു ഞെരിച്ചാല്‍ മിണ്ടി കോളും...''
ലെനിന്‍: ''ഉവ്വാ അങ്ങട് ചെല്ല്...''
തൊമ്മന്‍: ''ആ ചെല്ലും... നീയൊക്കെ കൂടി അവനെ പുണ്യാളനാക്കി വച്ചേക്കുവല്ലേ... ഒരു മാന്യന്‍... ഇതിനകത്ത് കെടക്കണ എല്ലാരും
ഒരുപോലാണ്. പിന്നെ നമ്മളൊക്കെ കട്ടതിനും മോട്ടിച്ചതിനും മരുന്നടിച്ചതിനുമൊക്കെ ഇങ്ങനെ കെടക്കുമ്പോള്‍ നിന്റെ മാന്യന്‍ ഇവിടെ കെടക്കണത് എന്തിനാണെന്നറിയാല്ലാ... അപ്പൊ അത് വിട്!''
സതീശന്‍: ''ഒന്ന് നിര്‍ത്തിയെട... കഥ പറഞ്ഞോണ്ടിരിക്കാതെ... സാധനം കിട്ടൊന്നു പറ...''
ലെനിന്‍: ''മച്ചാനെ നാളെ മോര്‍ണിംഗ് സെറ്റാക്കാം...''
സതീശന്‍: ''നാളെയാ... ഡാ ഇപ്പോ ഒന്ന് പൊകച്ചില്ലേല്‍ ഇന്നെനിക്ക് ഉറക്കം കിട്ടൂല്ലടാ...''
ഇത് പറഞ്ഞു തീര്‍ക്കലും രാത്രിയുടെ നിശ്ശബ്ദതയ്ക്കു കുറുകെ സൈറണ്‍ മുഴക്കിക്കൊണ്ട് ട്രെയിന്‍ കടന്നു പോകു ന്നതുപോലെ ജയില്‍ മുറിക്കകത്തെ ആ ബീഡി ച്ചര്‍ച്ചകള്‍ക്ക് കുറുകെ വലിയ സ്വരത്തില്‍ ഒരു സ്വരം കടന്നു പോയി. നാരായണന്‍ചേട്ടന്റെ വക അധോവായു... കേട്ടപാതി ലെനിന്‍ നിലത്തു കിടന്ന തലയിണയെടുത്തു സ്വന്തം മുഖത്ത് അമര്‍ത്തുന്നു...
തൊമ്മന്‍: ''ഹാ ദേ അവന്‍ ആവശ്യത്തിന് പോകച്ചിട്ടുണ്ട്... ഇന്ന് മാത്രമല്ല ഒരു രണ്ടു മൂന്നു ദിവസത്തേക്കുള്ള ഉറക്കം കിട്ടും...''
അതു പറഞ്ഞതിനു ശേഷം... തൊമ്മന്‍ പൊതപ്പ് വലിച്ചെടുത്തു മുഖം മൂടികിടക്കുന്നു... സതീശന്റെ മുഖത്ത് അസഹനീയമായ ഒരു ദുര്‍ഗന്ധത്തിന്റെ ഭാവം... എന്റെ ഭഗവാനെ എന്ന് വിളിച്ചു കൊണ്ട് സതീശനും കിടന്നു പോകുന്നു...
എല്ലാവരും കിടക്കു മ്പോള്‍ ആ ഇരുട്ടില്‍ സതീഷിന്റെ ഒരു ചോദ്യം
''മച്ചാനെ, ലവന്റെ തോട്ടത്തില്‍ ഐറ്റം ഉണ്ടൊന്നുറപ്പാണ?''
ലെനിന്‍: ''ഉറപ്പൊന്നുമില്ല... നാളെ തപ്പാം...''
(തുടരും)