കാവല്‍ മാലാഖമാര്‍ : No. 04

നോവല്‍-04
കാവല്‍ മാലാഖമാര്‍ : No. 04

അന്ന് ഉറങ്ങാന്‍ കിടക്കുമ്പോഴും അമലയ്ക്ക് റോബിയേക്കുറിച്ച് ചിന്ത ഉണ്ടായി.

ഓരോ മനുഷ്യനും പ്രശ്‌നങ്ങളും ഭാണ്ഡവും പേറിയാണ് സഞ്ചരിക്കുന്നത്. ഭാരം ഇടയ്‌ക്കൊന്ന് ഇറക്കി വച്ച് ആശ്വാസം കൊള്ളാന്‍ ഒരു ചുമടുതാങ്ങി ഇല്ലാത്തതാണ് മിക്കവരുടെയും പ്രശ്‌നം. തന്റെ ജീവിതത്തില്‍ അങ്ങനെയൊരു വ്യക്തിയില്ല. ആ കുറവു നികത്താനാണ് ഞാന്‍ മാതാവിനെ കൂട്ടുപിടിച്ചിരിക്കുന്നത്. മാതാവിനോടു ബുദ്ധിമുട്ടുകള്‍ പറഞ്ഞു കഴിയുമ്പോള്‍ പകുതി ആശ്വാസമാകും. തന്റെ പ്രാര്‍ത്ഥന യ്ക്കു മാതാവ് ഉത്തരം നല്കാതിരിക്കുന്നില്ല.

''ഗുഡ്‌മോണിംഗ് റോബി.''

മുറിയിലേയ്ക്കു കയറിയതേ അമല ഹൃദ്യമായി ചിരിച്ച് റോബിയെ അഭിവാദ്യം ചെയ്തു. അവനും പ്രത്യഭിവാദ്യം ചെയ്തു. തലേദിവസത്തേക്കഴിഞ്ഞും അവന്‍ ഉന്മേഷവാനാണെന്ന് അവള്‍ കണ്ടു. തലേ ദിവസത്തെ അവന്റെ പെരുമാറ്റവും സംഭാഷണ വും ഓര്‍ത്തപ്പോള്‍ അവള്‍ ക്ക് ഉള്ളില്‍ ചിരിയാണു പൊട്ടിയത്. നീരസമുണ്ടായെന്നതു ശരിയാണ്. ഒരു കൊവിഡ് രോഗിക്ക് ചില പ്രത്യേക അവകാശങ്ങ ളൊക്കെ അനുവദിച്ചുകൊടുക്കണം.

കൊവിഡ് രോഗിയുടെ അടുത്ത് ബന്ധുജനങ്ങള്‍ ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കേണ്ടത് നേഴ്‌സ് തന്നെയാണ്. നേഴ്‌സ് രോഗിയുടെ ബന്ധുവായി മാറണം.

''സോറി അമല, ഞാന്‍ ഇന്നലെ എന്തെല്ലാമോ അമലയോടു പറഞ്ഞുപോയി. എന്തെല്ലാം പറഞ്ഞു എന്നു കൃത്യമായി ഓര്‍ക്കുന്നില്ല. എന്റെ തലയ്ക്കുള്ളില്‍ ഒരു പെരുപ്പായിരുന്നു. പോലീസുകാരനോടു പറഞ്ഞു ഇടിപ്പിക്കല്ലേ.'' അവന്‍ അവളെ നോക്കി ചിരിച്ചു.

അവളും ചിരിച്ചു.

അവന്‍ പരസഹായം കൂടാതെ തനിയെ എഴുന്നേറ്റിരുന്നു. അവന്റെ താടി വളര്‍ന്നിട്ടുണ്ട്. കണ്ണുകള്‍ക്ക് തലേദിവസത്തേക്കഴിഞ്ഞും തിളക്കം ഉണ്ട്.

മുഖത്തെ വിളര്‍ച്ച കുറഞ്ഞിട്ടുണ്ട്.

''ഇന്നലത്തേക്കഴിഞ്ഞും ഉന്മേഷം തോന്നുന്നുണ്ടോ?''

''ഉണ്ട്. ഇന്നലെ തനിയെ എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാരുന്നു. ഇന്നു തനിയെ എഴുന്നേല്‍ക്കാന്‍ പറ്റുന്നുണ്ട്.''

''പക്ഷേ, ഇടയ്ക്കിടെ പനി ഉണ്ടാകുന്നുണ്ട്. അതിന്റെ ക്ഷീണമായിരിക്കും. ബി. ഒപ്റ്റിമിസ്റ്റിക്.''

''ഓ.കെ.'' അവന്‍ സമ്മതിച്ചു.

''ന്യൂയോര്‍ക്കിലായിരുന്നെങ്കില്‍ ഏതെങ്കിലും ഹോസ്പിറ്റലില്‍ ആരോരുമില്ലാതെ മരണത്തിനു കീഴടങ്ങേണ്ടി വന്നേനെ. ദൈവാനു്രഗഹം കൊണ്ടാ ഇങ്ങോട്ടുപോരാന്‍ തോന്നിയത്. സന്തോഷത്തിന്റെ ഒരു കൊറോണ എന്നെ ബാധിച്ചതുപോലെ എനിയ്ക്കു തോന്നുന്നു. ജീവിക്കണമെന്ന ചിന്ത ഉണ്ടാവുന്നു. നിരാശയിലേക്ക് ആണ്ടുപോയ ഞാന്‍ വെറും ശരീരം മാത്രമായിട്ടാണ് ഇവിടെ വന്നത്. ഒറ്റ ദിവസം കൊണ്ട് എനിക്ക് ഒത്തിരി മാറ്റം വന്നു.''

''ഇന്നലത്തേക്കഴിഞ്ഞും മാറ്റം വന്നതായി എനിയ്ക്കും തോന്നുന്നു.'' അവള്‍ അര്‍ത്ഥഗര്‍ഭമായി പറഞ്ഞു.

''എന്നോട് എയര്‍പോര്‍ ട്ടില്‍ നിന്നും ചോദിച്ചു. ക്വാറന്റയിനില്‍ പോകാന്‍ വീടാണോ ഹോസ്പിറ്റലാണോ പ്രിഫര്‍ ചെയ്യന്നന്നതെന്ന്. വീട്ടില്‍ എനിക്ക് ആരാ ഉള്ളത്. കങ്കാണി ഗോവിന്ദന്‍ ചേട്ടനും അടുക്കളക്കാരി ജാനുച്ചേച്ചിയും. ഹോസ്പിറ്റലിലാകുമ്പോള്‍ സുന്ദരിമാരായ നേഴ്‌സുമാരുടെ പരിചരണവും സാമീപ്യവും. പക്ഷേ, ഈ കിറ്റിന്റെ കാര്യം ഓര്‍ത്തില്ല കേട്ടോ.'' അവന്‍ ചിരിച്ചു. കൂടെ അവളും ചിരിച്ചു.

''അമ്പടാ കള്ളാ. ആളു കൊള്ളാമല്ലോ.''

ഡോക്‌ടേഴ്‌സ് പതിവുപോലെ റോബിയെ പരിശോധിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് അവര്‍ കണ്ടു.

''നാളെ പി.സി.ആര്‍. റിസല്‍ട്ടു ലഭിക്കും. ധൈര്യമായിരിക്കുകക.'' ഡോക്ടര്‍ അവന്റെ തോളില്‍ തട്ടി പുഞ്ചിരിച്ചു കടന്നുപോയി.

''എന്റെ ടെസ്റ്റിന്റെ റിസല്‍ട്ട് എന്നോടുതന്നെ പറയണം. അതു നെഗറ്റീവായാലും പോസിറ്റീവായാ ലും. എനിക്കു ഞാന്‍ മാത്രമേ ഉള്ളൂ. എന്തായാലും സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമാണ്. ഒന്നും മറച്ചുവയ്ക്കണ്ട. അസുഖവിവരം എന്തായാലും അതു പേഷ്യന്റ് അറിഞ്ഞിരിക്കണമെന്ന ചിന്താഗതിക്കാരനാ ഞാന്‍.''

''ഡോക്ടര്‍ നാളെ റൗണ്ട്‌സിനു വരുമ്പോള്‍ ടെസ്റ്റ് റിസള്‍ട്ട് പറയാതിരിക്കില്ല.'' അവള്‍ അവന് ആശ്വാസം പകര്‍ന്നു.

രാവിലത്തെ ഭക്ഷണമെത്തി. അപ്പവും മുട്ടക്കറിയും അടങ്ങിയ പായ്ക്ക്. അവള്‍ അവനുവേണ്ടി അതെല്ലാം ടേബിളിലെടുത്തു വച്ചു. അവന്‍ തനിയെ ഭക്ഷണം കഴിച്ചു.

''അമല ഇന്നലെ എന്നോടു ചോദിച്ചില്ലേ. കഞ്ഞികുടിച്ചുകൊണ്ടിരുന്നപ്പോള്‍ എന്താ കരയുന്നതെന്ന്.'' അവന്‍ അപ്പെമടുത്തു ഭക്ഷിച്ചുകൊണ്ടു അവളെ നോക്കി.

''എനിക്കു മുമ്പ് ചുടുപനി വന്നപ്പോള്‍ അമ്മച്ചി ഇങ്ങനെ കഞ്ഞി കോരി ത്തരുമായിരുന്നു. ഞാനത് ഓര്‍ത്തുപോയി. അമ്മച്ചി അടുത്തിരുന്നു ഭക്ഷണം കഴിപ്പിച്ചതിനു ശേഷം ആദ്യമായിട്ടാ ഒരാള്‍ എനി ക്കു ഭക്ഷണം വിളമ്പിത്തരുന്നതും കൂടെയിരുന്നു കഴിപ്പിക്കുന്നതും.'' അവന്‍ കൃതജ്ഞതയോടെ അവളെ നോക്കി.

അവള്‍ ഒന്നു മന്ദഹസിച്ചു.

രാവിലത്തെ ഭക്ഷണത്തിനു ശേഷം അവന്‍ വെറുതെ ബെഡില്‍ കിടന്നു.

''നിങ്ങള്‍ എത്ര വലിയ സേവനമാണു ചെയ്യുന്നതെന്ന് എനിക്കു നന്നായി അറിയാം. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ക്കൂടിയാണ് നിങ്ങള്‍ സഞ്ചരിക്കുന്നത്. ഭര്‍ത്താവിനെയും മക്കളെ യും തനിച്ചാക്കി ഞങ്ങളെ ശുശ്രൂഷിക്കുന്നു നിങ്ങള്‍. ലോകം മുഴുവന്‍ നമ്മുടെ മലയാളി നേഴ്‌സുമാരുണ്ട്. എല്ലാവരും മരണമുഖത്താണു ജോലി ചെയ്യുന്നത്. ആ ചിന്തയൊന്നും ആര്‍ക്കുമില്ല.''

എത്ര നന്നായിട്ടാണ് റോബി സംസാരിക്കുന്നതെ ന്ന് അവള്‍ ഓര്‍ത്തു.

''ഏറ്റവും കൂടുതല്‍ സാമൂഹികാംഗീകാരം ലഭിക്കേണ്ടത് നിങ്ങള്‍ക്കാ. മരണമുഖത്തു നിങ്ങള്‍ പടച്ചട്ടയണിഞ്ഞു നില്‍ക്കുമ്പോള്‍ നിങ്ങള്‍ ഭൂമിയിലെ മാലാഖമാരും, കാവല്‍മാലാഖമാരും, ചിറകടിയൊച്ച കേള്‍പ്പിക്കാത്ത വെള്ളരി പ്രാവുകളുമൊക്കെയാ. അതുകഴിയുമ്പോള്‍ നിങ്ങളെ വിസ്മരിക്കും. അതല്ലേ ശരി.''

''മാഷേ നന്നായി പ്രസംഗിക്കുന്നുണ്ടല്ലോ. ഞങ്ങടെ മീറ്റിംഗിന് ഒന്നു പ്രസംഗിക്കാന്‍ വരാമോ?'' അവള്‍ ചിരിച്ചുകൊണ്ട് അവനോടു ചോദിച്ചു.

''അമല വിളിക്ക്. ഞാന്‍ വരാം.'' അവനും ആ തമാശയില്‍ പങ്കുചേര്‍ന്നു.

''എല്ലാ നേഴ്‌സുമാരും ഒരുപോലെയല്ല. സ്വാര്‍ത്ഥതയും ഗര്‍വ്വുമുള്ള ഒരു ശതമാനം ഉണ്ട്.''

''നേഴ്‌സുമാരെ നന്നായി അറിയാമോ?'' അവള്‍ ചോദിച്ചു.

''അറിയാം. എന്റെ സിസ്റ്റര്‍ നേഴ്‌സാ. അമേരിക്കയില്‍.'' ചേച്ചിയുടെ കുറച്ചു ഫ്രണ്ട്‌സിനെയും പരിചയമുണ്ട്. സ്വാര്‍ത്ഥത മാത്രം കൈമുതലായുള്ളവര്‍.'' അവന്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തു.

''ഇവിടെ ഫോണില്ല, ന്യൂസ് പേപ്പറില്ല, ടി.വിയില്ല ക്വാറന്റയിനില്‍ എങ്ങനെ നേരം പോകും.'' അവന്‍ ചോദിച്ചു.

''ബോറടിക്കുന്നുണ്ടല്ലേ. വായിക്കാന്‍ പുസ്തകം വേണ്ടെന്നു പറഞ്ഞു. മൊബൈലെടുത്തു കൊണ്ടു വന്നു പാട്ടുവച്ചു തരട്ടെ.''

''അമല പാടുമോ?''

''പാട്ടു പറയും.''

''എന്നാല്‍ പറ കേള്‍ക്കട്ടെ.'' അവന്‍ അവളുടെ പാട്ടുകേള്‍ക്കാനായി എഴുന്നേറ്റിരുന്നു.

''ലോകം മുഴുവന്‍ സുഖം പകരാനായി

സ്‌നേഹദീപമേ മിഴി തുറക്കൂ...'' അവള്‍ ഈണത്തില്‍ പാടി.

പാട്ടുതീര്‍ന്നപ്പോള്‍ അവന്‍ കൈയ്യടിച്ചു.

''നന്നായി പാടുന്നുണ്ടല്ലോ. കണ്‍ഗ്രാജുലേഷന്‍സ്.''

''താങ്ക്യൂ. ഇനി റോബി പാട്.''

''ഞാന്‍ പാടിയാല്‍ ഒരു പേഷ്യന്റും ഈ വാര്‍ഡില്‍ കിടക്കില്ല. ഏതായാലും പോകാന്‍ നേരത്തു പാടാം. ഇപ്പോള്‍ വേണമെങ്കില്‍ ഒരു കഥ പറയാം. എന്റെ കഥ. കേള്‍ക്കാന്‍ ബോറഡിക്കില്ലെങ്കില്‍...''

''തീര്‍ച്ചയായും റോബി പറ. എനിക്കു റോബിയുടെ കഥ കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. നമ്മുടെ മനസ്സിനും കോവിഡ് പിടിക്കാതെയിരിക്കണമെങ്കില്‍ ഇങ്ങനെയുള്ള കഥപറച്ചില്‍ അനിവാര്യമാ. കേള്‍ക്കാനൊരാളുണ്ടാവുക ആശ്വാസകരമല്ലേ. സ്‌നേഹമുള്ള ഒരാളോടു പറയും പോലെ റോബി ജീവിത കഥ പറഞ്ഞോളൂ.'' അവള്‍ അയാള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. അയാള്‍ മുരടനക്കി ആരംഭിച്ചു.

''അപ്പച്ചനും അമ്മച്ചിയും സ്‌കൂള്‍ അദ്ധ്യാപകരായിരുന്നു. രണ്ടു മക്കള്‍ ഞാനും ചേച്ചിയും. ചേച്ചിയെ ബി.എഡിനയച്ച് അധ്യാപികയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. പക്ഷേ, ചേച്ചിക്ക് അവളുടെ ജീവിതത്തേക്കുറിച്ചുവ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന ജോലി. ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന ദേശത്ത് നേടിെയടുക്കണമെന്ന ദൃഢനിശ്ചയം. മൂല്യങ്ങളെക്കഴിഞ്ഞ് ചേച്ചി വിലകല്പിച്ചത് ഭൗതിക നേട്ടങ്ങള്‍ക്കായിരുന്നു. അങ്ങനെയാണ് അമേരിക്കയില്‍ ജോലി ലഭിച്ചതും അവിടത്തന്നെ വിവാഹിതയായി സെറ്റിലായതും.

ചേച്ചി അമേരിക്കയില്‍ പോയിട്ട് രണ്ടോ മൂന്നോ പ്രാവശ്യമേ വീട്ടില്‍ വന്നിട്ടുള്ളൂ. ഓരോ പ്രാവശ്യവും ഫ്‌ളൈറ്റിന്റെ ചാര്‍ജ് വര്‍ദ്ധനവിനേക്കുറിച്ചു പറഞ്ഞു ചേച്ചി ഒഴിഞ്ഞുമാറും.

ഞാന്‍ ബി.ടെക് കഴി ഞ്ഞ്, ജോലി അന്വേഷിക്കുന്ന സമയം. ചേച്ചി പറന്നെത്തി.

''ഇവിടെ ഏതെങ്കിലും കമ്പനിയില്‍ പതിനാറു മണിക്കൂര്‍ ജോലി ചെയ്ത് നിന്റെ നടുവും കഴുത്തും ഒടിക്കണോ. നാല്പതിനു മുമ്പേ നീ വയസ്സനാകും. അപ്പോള്‍ അവര്‍ നിന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടും. ഇവിടെ ഈ നക്കാപ്പിച്ച കാശിനു ജോലി ചെയ്യണോ. നീ അങ്ങോട്ടുവാ. നിന്റെ വിസയൊക്കെ ഈസിയായി ശരിയാക്കാം. ഞാന്‍ അതെല്ലാം നേരത്തേ മുന്‍കൂട്ടി കണ്ടു ചെയ്തിട്ടു ണ്ട്. നിന്റെ സാമ്പത്തിക നില ഭദ്രമാകും.''

അപ്പച്ചനെയും അമ്മച്ചിയേയും വിട്ട് അമേരിക്കയിലേക്കു പോവാന്‍ എനിക്കു താല്പര്യമില്ലായിരുന്നു. ശമ്പളം കുറവാണെങ്കിലും ഇവിടെ ഏതെങ്കിലും ജോലി ചെയ്ത് ഈ ദേശത്തു നിന്നൊരു പെണ്ണുംകെട്ടി ഒതുങ്ങിക്കഴിയാനായിരുന്നു എനിക്കു മോഹം. പക്ഷേ ചേച്ചിയുണ്ടോ വിടുന്നു.

''ഇപ്പോള്‍ നിനക്ക് അങ്ങനെയൊക്കെ തോന്നും കുറച്ചു കഴിയുമ്പോള്‍ നിനക്കു തോന്നും ചേച്ചി പറഞ്ഞതായിരുന്നല്ലോ ശരിയെന്ന്. അപ്പച്ചനെയും അമ്മച്ചിയെയും ഓര്‍ത്തുവിഷമിക്കണ്ട. നമുക്ക് അവരെ അങ്ങോട്ടു കൊണ്ടുേപാവാം.''

ഞാന്‍ അടുക്കാതെ വന്നപ്പോള്‍ ചേച്ചി അമ്മച്ചിയെ ചാക്കിട്ടു.

''അമ്മച്ചിയെയും അപ്പച്ചനെയും ഓര്‍ത്താ അവന്‍ പോരാന്‍ മടിക്കുന്നത്. അവസാനം അവന്‍ തന്നെ പറയും നിങ്ങള്‍ കാരണം അവന്റെ ഭാവി പോയെന്ന്. കുറച്ചു കഴിഞ്ഞ് നിങ്ങള്‍ ക്കും അമേരിക്കയ്ക്കു പോരാമേല്ലാ പിന്നെയെ ന്താ. അല്ലെങ്കിലും അമ്മച്ചിക്ക് ഞാന്‍ പറയുന്നതു വിശ്വാസമില്ലല്ലോ. എല്ലാവരുെടയും ഗുണത്തിനല്ലേ ഞാന്‍ പറയുന്നത്.''

ചേച്ചിയുടെ കണ്ണീരില്‍ അമ്മച്ചി വീണു. അപ്പച്ചനും അമ്മച്ചിയും എന്നെ അമേരിക്കയ്ക്കു വിടാന്‍ സമ്മതിച്ചു.

ഞാന്‍ ഒരിക്കല്‍ക്കൂടി എതിര്‍പ്പു പ്രകടിപ്പിച്ചു. നോക്കി. പിന്നെ ഞാന്‍ പോകാമെന്നു സമ്മതിച്ചു.

വലിയ കാര്യമായിട്ടാ ചേച്ചി എന്നെ കൊണ്ടുപോയത്. അവിടെ എനിക്കു ജോലി കിട്ടി. നല്ല ചേച്ചി, നല്ല അളിയന്‍, അവരടെ നല്ല മോള്. ചേച്ചിയോട് എനിക്ക് ഇഷ്ടം കൂടി വന്നു.

ചേച്ചി എനിക്കൊരു വിവാഹാലോചന കൊണ്ടുവന്നു. അവിടെത്തന്നെ മലയാളി ദമ്പതികള്‍ക്കു ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി.

''കുടിക്കില്ല, കഴിക്കില്ല, വലിക്കില്ല എന്നൊക്കെ പറഞ്ഞു വിലകളയരുത്.''

ചേച്ചി എന്നെ മദ്യം കുടിക്കുമ്പോള്‍ പാലിക്കേണ്ട ചിട്ടകളൊക്കെ പഠിപ്പിച്ചു. 'നാട്ടിലെപ്പോലെ യല്ല ഇവിടെ. നാട്ടിലുള്ളവന്മാര് ഒറ്റയടിക്ക് ഒരു കുപ്പിവിഴുങ്ങും. ഇവിടെ സിപ് ആയി സാവധാനം കുടിക്കണം. ആര്‍ത്തിയൊന്നും കാണിക്കരുത്.

ചേച്ചി തന്നെ എനിക്ക് വില കൂടിയ ഡ്രസുകളും വാച്ചും ഡയമണ്ട് ചെയിനും റിംഗുമെല്ലാം എടുത്തുതന്നു.

എല്ലാം ധരിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തന്നെ തോന്നി. ഇതു ഞാനല്ല വേറാരോ ആണെന്ന്.

''അമലയ്ക്ക് എന്റെ കഥ കേട്ട് ബോറഡിക്കുന്നുണ്ടോ?'' റോബി ചോദിച്ചു.

''ഇല്ല. റോബി പറയൂ. ജീവിതം കേള്‍ക്കുമ്പോള്‍ എനിക്കു ബോറഡിക്കില്ല.''

ഉച്ചഭക്ഷണമെത്തിയപ്പോള്‍ അവര്‍ സംഭാഷണം അവസാനിപ്പിച്ചു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org