കാവല്‍ മാലാഖമാര്‍ : No. 22

നോവല്‍ അവസാനിക്കുന്നു
കാവല്‍ മാലാഖമാര്‍ : No. 22

ആഹ്‌ളാദത്തിന്റെ തിരകള്‍ മനസ്സിന്റെ ഭിത്തിയിലടിച്ച് നുരയും പതയും നിറഞ്ഞൊഴുകുകയാണ്.

നടക്കാത്ത മോഹത്തിന്റെ പിന്നാലെയാണ് മനസ്സു പായുന്നതെന്നറിഞ്ഞ് എത്രയോ പ്രാവശ്യം മനസ്സിനെ ശാസിച്ചിരിക്കുന്നു.

തനിക്കു പ്രായം പെട്ടെന്നു പത്തു വയസ്സു കുറഞ്ഞതുപോലെ അമലയ്ക്കു തോന്നി.

പുതിയൊരു ആകാശവും പുതിയൊരു ഭൂമിയും ദൈവം തനിക്കായി സൃ ഷ്ടിക്കുകയാണ്.

തേനും പാലും ഒഴുകുന്ന വാഗ്ദത്ത ഭൂമിലേക്കാണോ ദൈവം തന്നെ കൊണ്ടുപോകുന്നത്.

പട്ടികയും കഴുക്കോലും തറച്ച മേല്‍ക്കൂര ഓടുവയ്ക്കാത്തതില്‍ ചേട്ടനോടു നീരസമുണ്ടായിരുന്നു. ഇപ്പോള്‍ ഇവിടെ കിടന്നു ചന്ദ്രനെ കാണുമ്പോള്‍ റൊമാന്റിക് മൂഡ് അനുഭവപ്പെടുന്നു. എല്ലാം സാധിച്ചു തന്നത് ചേട്ടനാണ്.

ഒരു സഹോദരനോടു എന്തുമാത്രം സ്‌നേഹവും താല്പര്യവും ഒരു സഹോദരിക്കുണ്ടാകുമോ അതു മുഴുവനും ഇപ്പോള്‍ ഹൃദയത്തിലുണ്ട്.

രേഷ്മയോടു വിശേഷങ്ങളെല്ലാം പറയാഞ്ഞിട്ട് മനസ്സു വല്ലാതെ വീര്‍പ്പുമുട്ടുന്നുണ്ട്. നാളെയേ അവളെ ഫോണില്‍ കിട്ടൂ. അവള്‍ ഡ്യൂട്ടിയിലാണ്.

നിദ്രാവിഹീനങ്ങളായ ഒത്തിരി രാവുകള്‍ തള്ളി നീക്കിയിട്ടുണ്ട് ഇവിടെ കിടന്ന്. ഇന്നു നിദ്രാ ദേവി കടാക്ഷിക്കാതെ മനഃപൂര്‍വ്വം മാറി നില്‍ക്കുന്നതാണ്. സ്വപ്ന സാക്ഷാത്ക്കാര ത്തിന്റെ പടവുകള്‍ കയറിക്കൊണ്ടിരിക്കുമ്പോള്‍ എങ്ങനെ ഉറക്കം വരും.

തനിക്കു നല്ലതു തരാനാണ് ദൈവം പരീക്ഷണ ഘട്ടങ്ങളിലൂടെ നടത്തിച്ചത്.

അന്നത്തെ പ്രഭാതത്തിന് എല്ലാ ദിവസത്തേക്കഴിഞ്ഞും മനോഹാരിതയുണ്ടെന്നവള്‍ക്കു തോന്നി. തെളിഞ്ഞ പ്രഭാതങ്ങളും പ്രദോഷങ്ങളും തന്റെ ജീവിതത്തിലേക്കു കടന്നു വരാന്‍ ദൈവം കൃപ നല്കട്ടെ.

മുറിക്കു പുറത്തെ ആരവം അവളെ അങ്ങോട്ടു നയിച്ചു.

ചേട്ടന്‍ താടിയും മുടിയും വെട്ടി മിടുക്കനായിരിക്കുന്നു! ആളെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടും!

ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചേട്ടനു ചുറ്റും മക്കള്‍ ആഹ്ലാദനൃത്തം ചവിട്ടുന്നു.

ആടിനെ കെട്ടാനായി വന്ന ചേച്ചിയുടെ മുഖത്ത് ഒരിക്കലും കാണാത്ത പ്രേമഭാവം.

അമല സ്‌നേഹത്തോടെ ചേട്ടന്റെ കൈപിടിച്ച് ആഹ്‌ളാദം പ്രകടിപ്പിച്ചു.

''ഇതു നമ്മുടെ പപ്പയല്ല. ഇതു വേറാരുടെയോ പപ്പയാ ഇല്ലേടി.'' ജിഷ ചോദിച്ചു.

''അതേടി. ഇതു വേറാരുടെയോ പപ്പയാ. നമ്മുടെ പപ്പ ഇപ്പോള്‍ വരും അപ്പോള്‍ നമ്മുടെ പപ്പ ഈ പപ്പയെ ഓടിക്കും.'' നിഷ പറഞ്ഞു.

കൂട്ടച്ചിരി മുഴങ്ങി. വിദ്വേഷത്തിന്റെയും ദുഃഖത്തിന്റെ യും ശക്തികള്‍ വീടൊഴിഞ്ഞു പോയതുപോലെ അമലയ്ക്കു തോന്നി. ആശ്വാസത്തിന്റെ തുരുത്തില്‍ എത്തിയിരിക്കുന്നു.

''അമലേ, അവിടെച്ചെല്ലുമ്പോള്‍ അമ്മച്ചിയോടു പറയണം ഇതാണ് എന്റെ ചേട്ടന്‍. അമ്മച്ചി വീട്ടില്‍ വന്നപ്പോള്‍ കണ്ടത് എന്റെ ചേട്ടനെയല്ല അത് അടുത്ത വീട്ടിലെ ചേട്ടനെ ആണെന്ന്.'' സൗമ്യ പറഞ്ഞപ്പോള്‍ വീണ്ടും കൂട്ടച്ചിരി മുഴങ്ങി. അവരുടെ ആഹ്‌ളാദത്തില്‍ ജോര്‍ജും പങ്കുചേര്‍ന്നു.

ചേട്ടന്‍ നരകമായിരുന്ന വീടിനെ സ്വര്‍ഗ്ഗമാക്കട്ടെ. എങ്കിലേ തനിക്കു ഭര്‍തൃഗൃഹത്തില്‍ സമാധാനം കൈവരൂ.

അടുത്തവീട്ടിലെ പാത്തുമ്മ മുറ്റത്തെ കൊടിയില്‍ നിന്നും വെറ്റില എടുക്കാന്‍ വന്നു. അവര്‍ കൂനിക്കൂടി നിന്ന് നേറ്റിക്കു മീതേ കൈപ്പടം വച്ച് നോക്കി.

''മ്മള് ആരാ?''

''മമ്മത്.''

''ഇജ് നാട്.''

''കൊയിലാണ്ടി.''

വീണ്ടും കൂട്ടച്ചിരി

ഉച്ചയ്ക്ക് എല്ലാവരും കൂടി ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.

ഭക്ഷണം കഴിക്കുമ്പോള്‍ അമലയുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.

ഒരുമിച്ചു ഭക്ഷണം കഴിക്കേണ്ട സാഹചര്യം സംജാതമായാലും ഒഴിഞ്ഞുമാറിയിട്ടേ ഉള്ളൂ ചേട്ടന്‍. തന്റെ കണ്ണീരിനും പ്രാര്‍ത്ഥനയ്ക്കും ദൈവം പ്രതിഫലം നല്കുന്നു.

അമല രേഷ്മയ്ക്കു ഫോണ്‍ ചെയ്തു. വിശേഷങ്ങളെല്ലാം അറിഞ്ഞപ്പോള്‍ രേഷ്മയില്‍ നിന്നും ആഹ്‌ളാദത്തിന്റെ കണ്ണീരൊച്ച അമലയുടെ ചെവിയിലെത്തി.

''ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കാന്‍ ഞാനെത്ര കൊതിച്ചിട്ടുണ്ട്. എന്റെ കൂടെപ്പിറപ്പിനു കല്ല്യാണം വരുമ്പോഴത്തേക്കഴിഞ്ഞും സന്തോഷമാ എനിക്ക്.''

''എനിക്കറിയാമെടി. അതല്ലേ മറ്റാരെ വിളിക്കുന്നതിനും മുമ്പ് നിന്നെ വിളിച്ചത്.''

''കാര്യമൊക്കെ കൊള്ളാം രണ്ടു പേരും കൂടി എന്റെ ബ്രോക്കര്‍ കാശ് തന്നേക്കണം. അല്ലെങ്കില്‍ ഞാന്‍ കാണിച്ചു തരാം.''

''തന്നേക്കാം പൊന്നേ. എത്ര വേണമെന്നു പറഞ്ഞാല്‍ മതി.'' ഇരുവരും ചിരിച്ചു.

''അമ്മച്ചി ഫോണ്‍ നമ്പര്‍ തന്നല്ലേ വിട്ടത്. അമ്മച്ചിയെ വിളിച്ചു വിവരം പറഞ്ഞോ? റോബി വിവരമറിഞ്ഞോ?'' രേഷ്മ ചോദിച്ചു.

''ഇന്ന് അങ്ങോട്ടു പോകാമെന്നാ ഡി.വൈ.എസ്.പി. സാര്‍ പറഞ്ഞത്. അവര്‍ക്കൊരു സര്‍പ്രൈസ് ആകട്ടെ എന്നു പറഞ്ഞു. അതുകൊണ്ടു വിളച്ചു പറഞ്ഞില്ല. ഞങ്ങള്‍ പോകാന്‍ തുടങ്ങുകയാ.'' അമല പറഞ്ഞു.

''എന്നാ ലും ഇന്നലെത്തന്നെ വിളിക്കേണ്ടതായിരുന്നെടി. അവര്‍ അ പമാനിതരായല്ലേ പോയത് വീട്ടില്‍ നിന്നും. ചില ആളുകള്‍ക്ക് വാശികൂടും. വാശിക്ക് വേറെ കല്യാണം ആലോചിച്ചെങ്കിലോ. ഞാന്‍ നിന്നെ ആധിപിടിപ്പിക്കാന്‍ പറഞ്ഞതല്ല. അങ്ങനെയൊന്നും സംഭവിക്കില്ല.''

രേഷ്മയുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ രേഷ്മയുടെ വാക്കുകളിലെ ആകുലത അമലയേയും ബാധിച്ചു.

ശരിയാണ്. അമ്മച്ചിയും റോബിയും അപമാനിതരായിട്ടാണു പോയത്. മനുഷ്യന് ആത്മാഭിമാനമാണു വലുത്. ചേട്ടന്‍ അങ്ങനെ പെരുമാറിയതിന് അമ്മച്ചിയെ വിളിച്ച് മാപ്പു പറയേണ്ടതായിരുന്നു. പിന്നെ ചിന്തിച്ചു അവിടെ ചെല്ലുമ്പോള്‍ നേരിട്ടു മാപ്പു പറയാമെന്ന്.

ഉല്‍ക്കണ്ഠയുടെ ഉറുമ്പുകള്‍ അസഹ്യമായി പൊതിയുന്നതറിഞ്ഞ് അവള്‍ അമ്മച്ചിയുടെ നമ്പറിലേക്കു വിളിച്ചു.

അവിടുത്തെ മണിനാദത്തിനൊപ്പം അവളുടെ ഹൃദയവും മണിനാദം മുഴക്കിക്കൊണ്ടിരുന്നു. ആരും ഫോണെടുക്കുന്നില്ല. വീണ്ടും മണിയടി ശബ്ദവും ഹൃദയത്തിലെ മണിയടി ശബ്ദവും.

''ഹലോ.'' ദുഃഖം നിറ ഞ്ഞ ഒരു പുരുഷശബ്ദം.

അത് റോബിയുടെ ശബ്ദമാണെന്നു തിരിച്ചറിയാന്‍ അവള്‍ ഒരു നിമിഷമെടുത്തു.

''ഞാന്‍ അമലയാണു റോബി.''

അതിനു മറുപടിയായി ഒരു തേങ്ങലാണു വന്നത്.

''ചേട്ടന്‍ നമ്മുടെ കല്യാണത്തിനു സമ്മതിച്ചു. അമ്മച്ചിയുടെ കൈയില്‍ ഫോണ്‍ കൊടുക്കാമോ?'' അവന്റെ ദുഃഖത്തിന്റെ കാരണം തിരക്കുന്നതിനു മുമ്പേ അവള്‍ ചോദിച്ചു.

''അമ്മച്ചി പോയി.''

അയാളുടെ തേങ്ങല്‍ വര്‍ദ്ധിച്ചു.

''അമ്മച്ചി എങ്ങോട്ടാ റോബി പോയത്? വീണ്ടും സ്‌നേഹസദനത്തിലേക്കു പോയോ?''

അവന്‍ ഉത്തരം പറയാന്‍ വൈകുന്നതറിഞ്ഞ് അവള്‍ വീണ്ടും ചോദ്യം ആവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും അവന്‍ പറഞ്ഞു:

''അമ്മച്ചി രാവിലെ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തി കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും അപ്പച്ചന്റെ അടുത്തേക്കുപോയി.'' പറഞ്ഞതും അയാള്‍ കരഞ്ഞു.

അമലയുടെ ഉള്ളംകാലില്‍ നിന്നും ഒരു ഞെട്ടല്‍ പുറപ്പെട്ട് തലയിലെത്തി.

''ഞങ്ങള്‍ താമസിയാതെ അവിടെ എത്തും.''

വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നത് അവള്‍ അറിഞ്ഞു.

അമല ചേട്ടനോടും ചേച്ചിയോടും അമ്മച്ചിയുടെ മരണവിവരം പറഞ്ഞു.

''നീ വേഗം റെഡിയായിക്കോ. നമുക്കു പോകാം. കാറ് ഉടനെ വരും. ഡി.വൈ.എസ്.പി. സാറിനെ വിവരമറിയിക്ക്.''

അവള്‍ ഡി.വൈ.എസ്.പിക്കു ഫോണ്‍ ചെയ്തു.

''അങ്ങോട്ട് വിളിക്കാന്‍ ഫോണ്‍ നമ്പറില്ലല്ലോ എന്നോര്‍ത്തിരിക്കുകയായിരുന്നു ഞാന്‍. നമുക്കു യാത്ര വേറൊരു ദിവസത്തേക്കാക്കാം. എന്താന്നു വച്ചാല്‍ കളക്ടര്‍ ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്.''

അവള്‍ അമ്മച്ചിയുടെ മരണവിവരം അദ്ദേഹത്തെ അറിയിച്ചു.

''അയ്യോ. ഒട്ടും പ്രതീക്ഷിച്ചില്ലല്ലോ. നിങ്ങള്‍ പൊയ്‌ക്കോ ഞാന്‍ മീറ്റിംഗ് കഴിഞ്ഞ് എത്തിക്കോളാം.''

ഡി.വൈ.എസ്.പി. റോബിയുടെ വീട്ടിലേക്കുള്ള വഴി അമലയ്ക്കു പറഞ്ഞു കൊടുത്തു.

കാര്‍ വന്നു. ബാക് സീറ്റില്‍ അമലയോടൊപ്പം ചേട്ടനും കയറി.

കണ്ണുകള്‍ നിറഞ്ഞു വരുന്നതവള്‍ അറിഞ്ഞു. തന്നെ മരുമകളായി കാണാന്‍ അമ്മച്ചി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് വയ്യാത്ത പ്രായത്തില്‍ തന്നെ കാണാനായി ഹോസ്പിറ്റലില്‍ വന്നത്.

താന്‍ മനസ്സുകൊണ്ട് റോബിയുടെ ഭാര്യയായി ക്കഴിഞ്ഞു എന്ന് അമ്മച്ചി അറിയുന്നുണ്ടാവും അമ്മച്ചിയുടെ ആത്മാവ് സന്തോഷിക്കട്ടെ.

റോബിയുടെ വീടിനു മുന്നില്‍ കാര്‍ നിന്നു.

അവിടവിടെ കുറച്ചു കാറുകള്‍ കിടക്കുന്നു. ആളുകള്‍ വരികയും പോവുകയും ചെയ്യുന്നു. ചരല്‍ പാകിയ മുറ്റത്തു കൂടി ചേട്ടനു പിന്നാലെ വീടിനകത്തേക്കു കയറി.

ചില്ലുകൂട്ടില്‍ അമ്മച്ചി ശാന്തയായി ഉറങ്ങുന്നു. ആ ചുണ്ടുകളില്‍ പുഞ്ചിരിയുണ്ട്. അതേ. അമ്മച്ചി തന്നെ നോക്കി പുഞ്ചരിക്കുന്നതാണ്. അമ്മച്ചി കാണാന്‍ ഏറ്റവും ആഗ്രഹിച്ചിരിക്കുക തന്നെയാവും. കണ്ടു. അമ്മച്ചിയുടെ കൈകളില്‍ തന്റെ കൊന്ത. തന്റെ ക്രൂശിതരൂപം.

അമ്മച്ചിക്കുവേണ്ടി അത്രയെങ്കിലും ചെയ്യാന്‍ പറ്റിയല്ലോ. അവളുടെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ ചില്ലുപേടകത്തിനു മുകളിലേക്കു വീണു.

അവള്‍ റോബിയുടെ അടുത്തുചെന്ന് സ്വാതന്ത്ര്യത്തോടെ ആ കൈ കവര്‍ന്നു.

അവന്‍ അവളെ അകത്തെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി.

അവളുടെ വരവിനായി അവന്‍ കാത്തിരിക്കുകയായിരുന്നു. അവന്‍ അവളെ കെട്ടിപ്പിടിച്ചു വിതുമ്പിക്കരഞ്ഞു.

അവളും അവനോടൊപ്പം കരഞ്ഞു.

(അവസാനിച്ചു)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org