കാവല്‍ മാലാഖമാര്‍ : No. 21

കാവല്‍ മാലാഖമാര്‍ : No. 21

അമലയും സഹോദരന്‍ ജോര്‍ജും ഡി.വൈ. എസ്.പി. ഓഫീസില്‍ പത്തു മണിക്കു മുമ്പ് എത്തി.

ഡി.വൈ.എസ്.പിയെ കാണാന്‍ കുറച്ചുപേര്‍ കാത്തിരിക്കുന്നുണ്ട്.

അമല ചേട്ടനെ ശ്രദ്ധിച്ചു.

''നീണ്ട താടിയും മുടിയും. തേക്കാത്ത ഷര്‍ട്ടും മുണ്ടും. രാവിലെ തേച്ചു കൊടുക്കണമെന്നു കരുതിയതാണ്. പിന്നെ വേണ്ടെന്നു വച്ചു.

രേഷ്മയുടെ ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ പോലീസുകാരന്‍ വെളുക്കെ ചിരിച്ച് അടുത്തേക്കുവന്നു.

''എന്താ ഇവിടെ. കൂടെയാരാ?''

''ഒരു കാര്യത്തിനു വന്നതാ. ഇതു ചേട്ടനാ.'' അവള്‍ ചിരിച്ചെന്നു വരുത്തി.

''എന്റെ വല്ല സഹായവും വേണമെങ്കില്‍ പറയണം കേട്ടോ?''

''ആയിക്കോട്ടെ.''

അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ ചേട്ടന്‍ ചോദിച്ചു.

''ആ പോലീസുകാരന്‍ ഏതാ?''

''കൂട്ടുകാരിയുടെ ഹസ്ബന്റാ'' അവള്‍ പറഞ്ഞു.

ഡി.വൈ.എസ്.പിയുടെ വണ്ടി വന്നു നിന്നതേ എല്ലാവരും എഴുന്നേറ്റു.

ഡി.വൈ.എസ്.പിയെ കണ്ടതേ അമലയുടെ ഉള്ളില്‍ ഒരു ഭീതിയുണ്ടായി. ഒരു ഭീകരജീവി!

അവള്‍ ചേട്ടനെ നോക്കി.

പാവം ഇപ്പോള്‍ പൂച്ചയേപ്പോലെയാണ് വീട്ടില്‍ പുലിയാണെങ്കിലും.

രണ്ടു ഖദര്‍ ധാരികള്‍ ഡി.വൈ.എസ്.പിയുടെ അടുത്തേക്കു കയറിപ്പോയി.

''അവര്‍ ഇറങ്ങിക്കഴിയു മ്പോള്‍ നിങ്ങള്‍ കേറിക്കോ.''

വാതില്‍ക്കല്‍ നിന്ന പോലീസുകാരന്‍ അവളോടു പറഞ്ഞു.

''ശരി സാര്‍.''

ഖദര്‍ ധാരികള്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അവര്‍ അകത്തേക്കു ചെന്നു.

''മ്ഊം.''

ഡി.വൈ.എസ്.പിയുടെ മൂളലില്‍ തന്നെ ഇരുവരും വിറച്ചു.

''ഇന്നു വരാന്‍ പറഞ്ഞിരുന്നു.'' അമല പറഞ്ഞു.

''ഞാന്‍ ഇയാളോടാ വരാന്‍ പറഞ്ഞത്. അമല പുറത്തിരിക്ക്.''

''സാറെ ചേട്ടനെയൊന്നും ചെയ്യല്ലേ.'' അവള്‍ കരച്ചിലിന്റെ വക്കോളമെത്തി.

പുറത്തുപോകാന്‍ അയാള്‍ അമലയ്ക്കു നേരേ കൈകാണിച്ചു. അമല പുറത്തേക്കിറങ്ങി.

''ഇയാള് ഇരിക്ക്.''

''വേണ്ട സാറെ ഞാനിവിടെ നിന്നോളാം.'' ജോര്‍ജ് വിനയാന്വിതനായി.

''ഇരിക്കാന്‍ പറഞ്ഞാല്‍ ഇരുന്നോണം നില്‍ക്കാന്‍ പറഞ്ഞാല്‍ നിന്നോണം.'' അയാളുടെ ശബ്ദം ഉയര്‍ന്നു.

ജോര്‍ജ് പെട്ടെന്നു കസേരയില്‍ ഇരുന്നു.

''മൂര്‍ഖന്‍ ജോര്‍ജ്. പേരു കേട്ടപ്പോള്‍ ഞാനോര്‍ത്തു വലിയ ഗുണ്ടയായിരിക്കുമെന്ന് ഇതു വെറും നീര്‍ക്കോലി. ഈ പേര് എങ്ങനെ കിട്ടി. വാവാ സുരേഷ് എന്നൊക്കെ പറയുംപോലെ മൂര്‍ഖനെ പിടക്കാന്‍ പോയാണോ മൂര്‍ഖന്‍ ജോര്‍ജെന്നു പേരു കിട്ടിത്.''

''അല്ല സാറെ. അതു ചുമ്മാ കൂട്ടുകാര് ഇട്ടപേരാ.'

''ഇയാള്‍ക്കെന്താ ജോലി?''

''കൃഷിയാ സാറെ.''

''എന്തു കൃഷി?''

ആ ചോദ്യത്തിനു ജോര്‍ജ് മറുപടി പറഞ്ഞില്ല.

''ചീട്ടുകളി കൃഷിയാണെങ്കില്‍ ആ കൃഷിക്ക് ഇയാള്‍ക്ക് കാര്‍ഷികോത്തമ അവാര്‍ഡ് കിട്ടേണ്ടതാ. പോലീസിന് ആരേക്കുറിച്ചും അറിയാനുള്ള സംവിധാനമുണ്ട്. ഇയാളേക്കുറിച്ച് എല്ലാ വിവരവും അറിഞ്ഞിട്ടു വിളിപ്പിച്ചതാ. അല്ലാതെ ആരും പരാതി തന്നിട്ടു വിളിപ്പിച്ചതല്ല.''

''കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന ആ ടീച്ചറേയും മകനെയും താന്‍ എന്തുമാത്രം ചീത്ത പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, അതും വധഭീഷണി. ഇതിനൊക്കെ വകുപ്പ് തനിക്കറിയാമോ. താന്‍ എത്ര വര്‍ഷം അകത്തു കിടക്കുമെന്നറിയാമോ?''

''സാറെ ക്ഷമിക്കണം. അറിയാതെ പറ്റിയതാ.'' ജോര്‍ജ് അയാളുടെ നേരേ കൈകൂപ്പി.

''എന്തു കോലമാടോ തന്റേത്. തനിക്ക് നാണമുണ്ടോ. അമലയ്ക്കു നാണമാകുമല്ലോ താന്‍ സഹോദരനാണെന്നു പറയാന്‍. അവളായതു കൊണ്ടല്ലേ തന്റെ കൂടെ ഇങ്ങോട്ടുവന്നത്.

ഇയാളുടെ കാര്യങ്ങളെല്ലാം അക്കമിട്ടു ഞാന്‍ അങ്ങോട്ടു വേണെങ്കില്‍ പറഞ്ഞു തരാം.''

ഡി.വൈ.എസ്.പി. കസേരയില്‍ നിന്നെഴുന്നേറ്റ് ജോര്‍ജ് ഇരിക്കുന്ന കസേരയുടെ മുന്നിലെ മേശമേല്‍ ഇരുന്നു.

ജോര്‍ജ്ജിനെ വിറയ്ക്കാന്‍ തുടങ്ങി.

''എടാ. നീ എന്നും നിന്റെ ഭാര്യയുടെ കൂടെ കിടക്കുന്നു. നിന്റെ പെങ്ങള്‍ നിന്റെ മക്കടെ കൂടെ കിടക്കുന്നു. നിന്റെ പെങ്ങള്‍ക്കും വിചാരവും വികാരവുമുണ്ടെന്നു നീ കരുതണം. എന്റെ അച്ഛന്‍ നേരത്തേ മരിച്ചുപോയതാ. എന്റെ പെങ്ങന്മാരെ എന്റെ അദ്ധ്വാനം കൊണ്ട് കെട്ടിച്ചുവിടുകയാ ചെയ്തത്. നിന്റെ പെങ്ങളെ കെട്ടിച്ചുവിടേണ്ടത് നിന്റെ ഉത്തരവാദിത്തമായിരുന്നു. അതു നീ ചെയ്തില്ല. വരുന്ന കല്യാണാലോചനകള്‍ ഓരോ കാരണം പറഞ്ഞ് നീ മുടക്കി വിട്ടു. തെറി പറഞ്ഞ് എത്ര പേരെ നീ മടക്കി അയച്ചു. പെങ്ങളായാലും ഭാര്യയായാലും അടിക്കാന്‍ പാടില്ലെന്ന് നിനക്കറിയില്ലേ?''

ജോര്‍ജ് തല കുമ്പിട്ടിരുന്നു.

''നേരേ നോക്കടാ'' അയാള്‍ അലറി.

ജോര്‍ജ് തലയുയര്‍ത്തി ഭീതിയോടെ അയാളെ നോക്കി.

''അവളിപ്പോള്‍ നിന്റെ കുഞ്ഞുങ്ങളെയല്ല നോക്കേണ്ടത്. അവളുടെ കുഞ്ഞുങ്ങളെയാ. നീയാ അതിനു സമ്മതിക്കാത്തത്. അവളുടെ ശമ്പളം മേടിച്ചു തിന്നാനായി നീ അടവുമായി നടക്കുന്നു. ഇതിലും ഭേദം തെണ്ടിത്തിന്നുവാടാ.''

അയാള്‍ ലാത്തികൊണ്ട് ജോര്‍ജിന്റെ താണതാടിയുയര്‍ത്തി.

''ഇയാള്‍ എവിടെ വരെ പഠിച്ചു.'' അയാള്‍ ചോദിച്ചു.

''പ്രീഡിഗ്രി.''

''ഇവിടെ പ്രായ പൂര്‍ത്തിയായ ആണിനും പെണ്ണിനും ഇഷ്ടമുള്ളവരെ കല്യാണം കഴിക്കാം. അറിയാമോ നിനക്ക്.''

''അറിയാം സാര്‍.''

''എന്നിട്ടെന്തിയേടാ നിന്റെ പെങ്ങള്‍ കല്യാണം കഴിച്ചുപോകാത്തത്.''

അയാളുടെ ചോദ്യത്തിന് ജോര്‍ജ് മറുപടി പറഞ്ഞില്ല.

അയാള്‍ പറഞ്ഞു, ''നിന്നോടുള്ള പേടികൊണ്ടു മാത്രമല്ല. നിന്നോടു സ്‌നേഹമുണ്ടായിട്ടാ. ഞാന്‍ നിന്നെ തല്ലാതെ വിടുന്നത് എന്തുകൊണ്ടാണെന്നറിയാമോ?''

''ഛീ പറയെടാ.'' അയാള്‍ ഷൂ നിലത്താഞ്ഞു ചവിട്ടി.

''അറിയില്ല സാറെ.'' ജോര്‍ജ് കരഞ്ഞു.

''എന്നാല്‍ ഞാന്‍ പറയാം. ആ പുറത്തിരിക്കുന്ന പെങ്ങള്‍ക്ക് ഒരു വിലയുണ്ട് ഇന്ന്. അതുകൊണ്ടാ. അവളെന്നോടു പറഞ്ഞതു നീ കേട്ടില്ലേ. ചേട്ടനെ ഒന്നും ചെയ്യല്ലേ സാറേന്ന്. അവളെ സ്‌നേഹിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നു കൂടെ നിനക്ക്.''

ജോര്‍ജ് വീണ്ടും കരഞ്ഞു.

''കണ്ണു തുടയ്ക്കടാ.''

ജോര്‍ജ് ഭീതിയോടെ കണ്ണുകള്‍ തുടച്ചു.

''ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് ഞാന്‍ അവളുടെ കല്യാണം നടത്തിക്കൊടുക്കട്ടെ. കഴിഞ്ഞ ദിവസം അവിടെ വന്ന ചെറുക്കനുമായിട്ട്.''

ജോര്‍ജ് മൗനം പാലിച്ചു.

''പറയെടാ. ഞാന്‍ നടത്തിക്കൊടുക്കട്ടെ.''

''വേണ്ട സാറെ. ഞാന്‍ നടത്തിക്കൊടുക്കാം.''

''ഇപ്പഴാടാ നീ ആണായത്. നിന്റെ വായില്‍നിന്ന് ഈ മറുപടി വരണമായിരുന്നു. അന്നു വീട്ടില്‍ വന്നവര്‍ നല്ല ആളുകളാ. നമുക്കൊന്നും സ്വപ്നം കാണാന്‍ പറ്റാത്ത ബന്ധുതയാ. ഇനി മുതല്‍ അവളുടെ ശമ്പളത്തിന്റെ പകുതി നീ മേടിക്ക്. പകുതി അവള്‍ക്ക് കൊടുക്ക്. അവള്‍ക്കുമില്ലേ ആവശ്യങ്ങള്‍.''

ജോര്‍ജ് സമ്മതമറിയിച്ച് തല ചലിപ്പിച്ചു.

''എന്തെങ്കിലും ജോലി വാങ്ങിത്തന്നാല്‍ പോകാമോ? എന്റെ പരിചയത്തിലുള്ള ഏതെങ്കിലും ഷോപ്പില്‍.'' അയാള്‍ ചോദിച്ചു.

''ഞാന്‍ പോകാം സാറെ.'' ജോര്‍ജ് ഉത്സാഹത്തോടെ പറഞ്ഞു.

''ആദ്യം ഈ മുടിയും താടിയുമൊന്ന് കളഞ്ഞു മനുഷ്യക്കോലം വയ്ക്ക്. എന്തു പറയുന്നു.''

''ആവാം സാറെ.''

''ശരി. എന്നാല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചെന്ന് അമലയോടു പറ. എന്നിട്ട് അടുത്തയാള്‍ ഇവിടെ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ രണ്ടു പേരും കൂടി കയറി വരണം.''

''ശരി സാര്‍.''

കണ്ണുകള്‍ നിറഞ്ഞാണ് അയാള്‍ പുറത്തേക്കിറങ്ങിയത്.

ചേട്ടനെ ഇനിയും കണ്ടില്ലല്ലോ എന്ന ഉത്ക്കണ്ഠയിലായിരുന്നു അമല.

''ചേട്ടാ എന്തിനാ കരയുന്നത്. ആ സാറു തല്ലിയോ.''

''ആ സാറ് നല്ല തങ്കപ്പെട്ട മനുഷ്യനാ. എനിക്കു ജോലി വാങ്ങിത്തരാമെന്നു പറഞ്ഞു. ഞാന്‍ ജോലിക്കു ചെല്ലാമെന്നും പറഞ്ഞു. പിന്നെ ഞാന്‍ നിന്റെ കല്യാണം നടത്താന്‍ പോവുകയാ. ഇന്നാളു വന്ന അമ്മയും മകനുമില്ലേ അതു തന്നെ പാര്‍ട്ടി.''

അവള്‍ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ചേട്ടനെ ഇത്രയും സന്തോഷത്തില്‍ കാണുന്നത്.

കേട്ട വാര്‍ത്തകള്‍ അവള്‍ക്കും അത്യധികം സന്തോഷം ജനിപ്പിക്കുന്നതായിരുന്നു.

ആരെങ്കിലും കാണുന്നുണ്ടോ എന്നൊന്നും ചിന്തിക്കാതെ അവള്‍ ചേട്ടനോടു വല്ലാതെ ഒട്ടിച്ചേര്‍ന്നു നിന്നു. അവള്‍ കൈകൊണ്ട് ചേട്ടനെ ചേര്‍ത്തുപിടിച്ചു.

നിറഞ്ഞ ചിരിയോടെയാണ് അമലയും ജോര്‍ജും ഡി.വൈ.എസ്.പിയുടെ മുന്നിലെത്തിയത്.

''കണ്‍ഗ്രാജുലേഷന്‍സ് അമല.''

അമല ചിരിച്ച് ഡി.വൈ.എസ്.പിയെ നോക്കി.

പേപ്പറിലെ ഫോട്ടോ ഞാന്‍ കണ്ടിരുന്നു. സര്‍വ്വീസില്‍ കേറിയിട്ട് ഒരു ലീവ് പോലും എടുത്തിട്ടില്ല. ഇല്ലേ.''

''യേസ് സാര്‍.''

''വെരി ഗുഡ്. ആദ്യമായിട്ടാണോ പോലീസ് സ്‌റ്റേഷനില്‍ വരുന്നത്?''

'അതെ സാര്‍.''

''എന്നിട്ട് പോലീസ് സ്‌റ്റേഷന്‍ ഇഷ്ടമായോ?''

''ഇഷ്ടമായി സാര്‍.'' അവള്‍ നന്നായി ചിരിച്ചു.

''ഇഷ്ടമായെന്നും പറഞ്ഞു എന്നും ഇങ്ങോട്ടു വന്നേക്കരുത്.'' അവര്‍ ഇരുവരും ചിരിച്ചു.

''പോലീസുകാര്‍ക്ക് ഇടിക്കാന്‍ മാത്രമല്ല അറിയാവുന്നതെന്നും മനസ്സിലായില്ലേ.''

''മനസ്സിലായി സാര്‍.'' ജോര്‍ജ് പെട്ടെന്നു പറഞ്ഞു.

ജോര്‍ജിന്റെ പറച്ചില്‍ കേട്ട് അമലയും ഡി.വൈ.എസ്.പിയും ചിരിച്ചു.

''ജോര്‍ജിനു കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കാന്‍ ആളില്ലാതെ പോയതാ പ്രശ്‌നം. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയപ്പോള്‍ ജോര്‍ജിന് എല്ലാം ബോദ്ധ്യമായി. ഇനി ജോര്‍ജ് പഴയ മനുഷ്യനല്ല പുതിയ മനുഷ്യനാ.''

''അയാള്‍ അമലയുടെ കല്യാണം നടത്താന്‍ തീരുമാനിച്ചു. അമല എന്തു പറയുന്നു.''

അയാള്‍ അമലയോടു ചോദിച്ചു.

സന്തോഷം കൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു. അവള്‍ കര്‍ച്ചീഫുകൊണ്ട് കണ്ണുകള്‍ ഒപ്പി.

''ഒത്തിരി നന്ദിയുണ്ട് സാര്‍. എന്റെ കല്ല്യാണം നടക്കാന്‍ പോവുന്നതു കൊണ്ടു മാത്രമല്ല. ഇങ്ങനെ യൊരു ചേട്ടനെ ഞാന്‍ സ്വപ്നം കണ്ടിരുന്നു. അങ്ങനെ ഒരു ചേട്ടനെ എനിക്കു തന്നത് സാറാ. എനിക്കു യാതൊരു പ്രതീക്ഷയും ഒരിക്കലുമില്ലായിരുന്നു. ചേട്ടനെ എതിര്‍ത്ത് കല്യാണം നടത്തിയാല്‍ എനിക്കൊരു സമാധാനവുമുണ്ടാകില്ല സാര്‍. ഒരു സ്വപ്നം പോലെയാണ് എനിക്കു തോന്നുന്നത്.'' അവള്‍ പറഞ്ഞു.

''കൊച്ചുത്രേസ്യാ ടീച്ചര്‍ എനിക്കു വളരെ വേണ്ടപ്പെട്ട ആളാ. നല്ല മനസ്സാ അവരുടേത്. അവരുമായിട്ടുള്ള എന്റെ ബന്ധം അമല അവിടെച്ചെല്ലുമ്പോള്‍ അവര്‍ പറയും.''

''നാളെ സണ്‍ഡേ. അമല ഫ്രീയല്ലേ. നമുക്കു മൂന്നു പേര്‍ക്കും കൂടി നാളെ ഉച്ചകഴിഞ്ഞു ചെറുക്കന്‍ വീടു കാണാന്‍ പോയാലോ. പോലീസുദ്യോഗസ്ഥന്‍ പ്രതികളെ ഹാജരാക്കുന്നു. ക്രെഡിറ്റ് എനിക്കു മേടിക്കണ്ടേ. അതല്ല ഉണ്ട ചോറിന് എനിക്കു നന്ദി കാണിക്കണം.''

അവളൊന്നു മടിച്ചു മറുപടി പറയാന്‍ ''ഫോണ്‍ ചെയ്തു പറഞ്ഞാല്‍ പോരേ.''

അവള്‍ നാണവും സങ്കോചവും ഇടകലര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു.

''നമുക്കു നാളെ പോകാം സാര്‍. ഞാന്‍ അവരോടു ചീത്ത പറഞ്ഞുവിട്ടതല്ലേ. എനിക്കവരോടു സോറി പറയണം.'' ജോര്‍ജ് പറഞ്ഞു.

അവള്‍ അവിശ്വസനീയതയോടെ ചേട്ടനെ നോക്കി.

''ശരി. എന്റെ കാര്‍ഡ് കൊണ്ടുപോയ്‌ക്കോ. നാളെ ഉച്ചകഴിഞ്ഞു നമ്മള്‍ പോവുന്നു. നിങ്ങള്‍ ഇങ്ങോട്ടു വന്നാല്‍ മതി.''

''ശരി സാര്‍.''

അവര്‍ ഡി.വൈ.എസ്.പിക്ക് ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org