കാവല്‍ മാലാഖമാര്‍ : No. 20

കാവല്‍ മാലാഖമാര്‍ : No. 20

ലഞ്ചു കഴിഞ്ഞ വിശ്രമസമയം ''അല്ല അമലേ, നിന്റെ അമ്മായിയമ്മയും കെട്ടിയോനും വന്നിട്ടുപോയെന്നു കേട്ടല്ലോ?''

അമലയെ ചൊടിപ്പിക്കാനായി രേഷ്മ ചോദിച്ചു. ''ശരിയാ. കെട്ടിയോനും അമ്മായിയമ്മയും വന്നിരുന്നു. എന്നെ കൂട്ടിക്കൊണ്ടുപോകാന്‍. ഞാന്‍ പറഞ്ഞു, ഇപ്പോള്‍ രാഹുകാലമാ. രാഹു കഴിയട്ടേ വരാമെന്നു പറഞ്ഞു.''

രേഷ്മ ചിരിച്ചു, ''എന്നിട്ടും ആ പുള്ളി എന്നെയൊന്ന് അന്വേഷിച്ചില്ലല്ലോ. ഞങ്ങള്‍ തമ്മില്‍ നല്ല ഫ്രണ്ട്ഷിപ്പ് ആയിരുന്നല്ലോ.'' രേഷ്മ പരിഭവിച്ചു.

''അതിനവര്‍ അഞ്ചുമിനിട്ടു പോലും നിന്നില്ലെടി പെട്ടെന്നു പോയി. ഞാന്‍ കയറി ഇരിക്കാന്‍ പറഞ്ഞിരുന്നു. പിന്നെ എനിക്കു ഡ്യൂട്ടിക്കു പോകാനും സമയമായിരുന്നു.''

''എന്നിട്ടെന്തു പറഞ്ഞുപോയി.''

''ഞാന്‍ അമ്മച്ചിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി. വീട്ടില്‍ ചോദിച്ചിട്ടു പറയാമെന്നു പറഞ്ഞു.'' എങ്ങനെയെങ്കിലും ഒഴിവാക്കി വിടാനായിട്ടാ ഫോണ്‍ നമ്പര്‍ വാങ്ങിയത്. പിന്നീടാലോചിച്ചു നീ പറഞ്ഞതുപോലെ ഇതു ലാസ്റ്റു വണ്ടിയാ ഇനി വേറെ വണ്ടിയില്ല എന്ന്. രണ്ടിലൊന്നു തീരുമാനിക്കാന്‍ സമയമായെന്ന്.''

''പിന്നെയല്ലാതെ. നീ ചോദിക്കാതിരിക്കണ്ട ആങ്ങള ചിലപ്പോള്‍ അടീം ഇടീം കഴിഞ്ഞു പിന്നെ സമ്മതിച്ചെങ്കിലോ. ഇത്രയും നാള്‍ ആ കുടുംബത്തിനുവേണ്ടി വണ്ടിക്കാളയെപ്പോലെ പണിയെടുത്തില്ലേ. ഇനി നിനക്കും വേണ്ടേ ഒരു ജീവിതം. ആരു കേട്ടാലും നിന്റെ ഭാഗത്തേ നില്‍ക്കൂ.

ആ പിള്ളേരെ ഓര്‍ത്ത് അങ്ങനെ വേവലാതിപ്പെടണ്ട. പിള്ളേരൊക്കെ ഒരു പരിധി പ്രായം കഴിഞ്ഞു സ്വന്തം കാര്യത്തില്‍ ശ്രദ്ധിക്കും. ആന്റി തങ്ങള്‍ ക്കുവേണ്ടി പ്രാരാബ്ദങ്ങള്‍ ചുമന്നതാണെന്ന വിചാരമുണ്ടാകില്ല. അല്ലെങ്കിലും ഏതു മക്കളും അപ്പന്റെയം അമ്മയുടെയും കൂടെയല്ലേ നില്‍ക്കൂ.

ഒച്ചയും ബഹളവുമെടുത്ത് നിന്നെ പേടിപ്പിച്ച് അയാള്‍ വരുതിയിലാക്കി ജീവിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി.'' രേഷ്മ ചോദിച്ചു.

''ഞാനേതായാലും നാളെ വീട്ടില്‍പ്പോകുന്നുണ്ട്. അപ്പോള്‍ രണ്ടും കല്പിച്ച് ചോദിക്കും. ആ അമ്മച്ചിക്കു മറുപടി കൊടുക്കണ്ടേ. അവരാണെങ്കില്‍ ഇതല്ലെങ്കില്‍ വേറെ വിവാഹത്തിനു തിടുക്കം കൂട്ടുന്നുണ്ട്. അവരെ പറഞ്ഞിട്ടു കാര്യമില്ലല്ലോ. അവര്‍ക്ക് ഇത്രയും പ്രായമായില്ലേ.''

''അമ്മായിയമ്മ എങ്ങനെ നല്ല സ്ത്രീയാ ണോ?'' രേഷ്മ ചോദിച്ചു.

''നല്ല കാര്യപ്രാപ്തിയാ... കാര്യങ്ങളൊക്കെ ചോദിച്ചത് അവരാ.'' എന്നാലും സ്‌നേഹമുള്ള സ്ത്രീയാണെന്നു തോന്നുന്നു.''

റൂമിലേക്കു വേറെ നേഴ്‌സുമാര്‍ കയറി വന്ന പ്പോള്‍ അവര്‍ സംഭാഷണം അവസാനിപ്പിച്ചു.

അന്നു ഡ്യൂട്ടി കഴിഞ്ഞു അമല വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ വീടിന്റെ പടിക്കല്‍നിന്ന് ഒരു പോലീസുകാരന്‍ മോട്ടോര്‍ ബൈക്കില്‍ പോവുന്നതു കണ്ടു. അയാള്‍ യൂണിഫോമിലായിരുന്നു.

അയാള്‍ ആരുടെയെങ്കിലും അഡ്രസ്സോ എന്തെങ്കിലും ചോദിക്കാന്‍ എത്തിയതാണെന്ന് അമല കരുതി.

അവള്‍ മുറിക്കകത്തേക്കു കയറുമ്പോള്‍ ചേട്ടന്‍ വെരുകിനേപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ചേച്ചി തല കുമ്പിട്ടു ഭിത്തി ചാരി ഇരിക്കുന്നു. കുട്ടികള്‍ വീടിനു പുറകില്‍ കളിക്കുന്നു.

അമലയെ കണ്ടതേ അയാള്‍ ക്രൂദ്ധനായി ''എടീ മറ്റവളെ നിന്നെ ഇന്നു ഞാന്‍ കൊല്ലും.'' അമല യ്ക്കു ഒഴിഞ്ഞുമാറാന്‍ പറ്റുന്നതിനു മുമ്പ് അയാള്‍ അവളുടെ തലയ്ക്കു കുത്തിപ്പിടിച്ച് പുറത്തും മുതുകിലുമെല്ലാം തുരുതുരാ ഇടിച്ചു.

അവള്‍ വേദന കൊണ്ടു പുളഞ്ഞപ്പോഴും കരഞ്ഞില്ല.

തടസ്സം പിടിക്കാന്‍ ചെന്ന ഭാര്യയേയും അയാള്‍ മര്‍ദ്ദിച്ചു.

ഒച്ചയും ബഹളവും കേട്ട് കുട്ടികള്‍ അകത്തേക്കുവന്നു.

അവരും കൂട്ടക്കരച്ചിലായി. അമല തന്റെ സര്‍വ്വശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റി മുറിയില്‍ ക്കയറി കതകടച്ചു.

അയാള്‍ തെറി പറഞ്ഞ് അവളുടെ വാതിലില്‍ ഇടിച്ചെങ്കിലും അവള്‍ വാതില്‍ തുറന്നില്ല.

അവള്‍ ഡ്രസ് പോലും മാറാതെ കിടക്കയിലേക്കു വീണു തേങ്ങിക്കരഞ്ഞു.

ആത്മഹത്യ പാപമാണെന്നറിയാമെങ്കിലും ചില സമയങ്ങളിലും സാഹചര്യങ്ങളിലും മനുഷ്യന്‍ അതേക്കുറിച്ചു ചിന്തിച്ചുപോകുന്നു.

അടുത്ത നിമിഷചിന്തയില്‍ ദൈവത്തിനു നിരക്കാത്ത ചിന്തയുണ്ടായതില്‍ അവള്‍ മാപ്പപേക്ഷിച്ചു പ്രാര്‍ത്ഥിച്ചു.

കുറച്ചു സമയങ്ങള്‍ക്കു ശേഷം. ''ആന്റി കതകു തുറക്ക്. പപ്പ എവിടേക്കോ പോയി.'' കുട്ടികള്‍ കരഞ്ഞുകൊണ്ടു പറഞ്ഞു.

അമല ഡ്രസ് ചെയ്ഞ്ചു ചെയ്തു പുറത്തേക്കുവന്നു.

''ഇവിടെ എന്നാ ചേച്ചി ഉണ്ടായത്. ആ പോലീസുകാരന്‍ എന്തിനു വന്നതാ.''

അമല സൗമ്യയോടു ചോദിച്ചു.

''എനിക്കറിയാന്‍ പാടില്ലെടി. പോലീസുകാരന്‍ ചേട്ടനോട് നാളെ പത്തുമണി ആവുമ്പം ഡി.വൈ.എസ്.പി. ഓഫീസില്‍ ചെല്ലാന്‍ പറഞ്ഞു. കാര്യമെന്താണെന്നു ചോദിച്ചിട്ട് പോലീസുകാരന്‍ പറഞ്ഞില്ല.''

സൗമ്യ കരഞ്ഞുകൊണ്ടു പറഞ്ഞു. ''ചേട്ടന്‍ എന്തെങ്കിലും കുരുത്തക്കേട് എവിടെയെങ്കിലും ഒപ്പിച്ചു കാണും. വലിയ കേസ്സായിരിക്കും. അതാ ഡി.വൈ.എസ്.പി. വിളിപ്പിച്ചിരിക്കുകാ.''

അമലയുടെ വാക്കുകള്‍ സൗമ്യയുടെ സങ്കടത്തിനു ശക്തി കൂട്ടി. അവള്‍ വീണ്ടും കരഞ്ഞു.

''അതിനു ചേച്ചി ഇങ്ങനെ കരയുന്നതെന്തിനാ? ചേട്ടനാരെയും കൊന്നിട്ടൊന്നുമില്ലല്ലോ. ചേട്ടനതിന് എന്നെ ഉപദ്രവിച്ചതെന്തിനാണെന്നാ എനിക്കു മനസ്സിലാകാത്തത്.'' അമല സംശയം പ്രകടിപ്പിച്ചു.

''ങാ, അതു ഞാന്‍ പറയാം. കഴിഞ്ഞ ദിവസം ഒരു അമ്മച്ചിയും മകനും വന്നിരുന്നു. നിനക്കു കല്ല്യാണം ആലോചിക്കാന്‍.''

''കണ്ടാലൊക്കെ നല്ല ഒരു അമ്മച്ചിയും മകനുമാണോ'' അമല ചോദിച്ചു.

''അതെ. നീ അറിയുമോ? അവരെ.''

''ആ പുള്ളി അവിടെ ഹോസ്പിറ്റലില്‍ കിടന്നുള്ള പരിചയമുണ്ട്. ആ അമ്മച്ചി കല്ല്യാണക്കാര്യത്തേക്കുറിച്ചു പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു വീട്ടില്‍ ചോദിച്ചിട്ടു പറയാമെന്ന്. അതിന് അവര്‍ ഇങ്ങോട്ടു വരുമെ ന്നു പറഞ്ഞില്ലല്ലോ. അവര്‍ ആളുകൊള്ളാമല്ലോ. എന്നോടു പറയാതെ ഇങ്ങോട്ടു വന്നതെന്തിനാ?'' അമല ചോദിച്ചു.

''അവരെ തെറ്റു പറയണ്ടടി. തെറ്റു മുഴുവന്‍ ചേട്ടന്റെ കൈയിലാ.'' അവര്‍ എന്തു മാന്യമായിട്ടാ പെരുമാറിയത്. ചേട്ടന്‍ അവരെ തെറി പറഞ്ഞു. കണ്ണു പൊട്ടിച്ചാ വിട്ടത്. അവരു വല്ല്യ ആളുകളാണെന്നാ തോന്നണെ. അവരു ഡി.വൈ.എസ്.പിയുടെ അടുത്തു കേസ് കൊടുത്തിരിക്കും. അതാ ചെല്ലാന്‍ പറഞ്ഞിരിക്കുന്നത്.'' സൗമ്യ പറഞ്ഞു.

ആ പുള്ളി നിനക്കു നന്നായി ചേരും. പറഞ്ഞിട്ടു കാര്യമില്ലല്ലോ. ചേട്ടന്റെ തലയില്‍ അതൊന്നും കേറില്ലല്ലോ. വേറെ ആരാണെങ്കിലും സ്വന്തം അമ്മയെ ചീത്ത പറയുമ്പോള്‍ കേട്ടോണ്ടു നില്‍ക്കില്ല. ഞാന്‍ പേടിച്ചു നില്‍ക്കയാ ചെയ്തത്. അങ്ങേര് ചേട്ടനെ വല്ലോം ചെയ്യുമോ എന്നോര്‍ത്ത്.

അയാള്‍ നിന്നോയോര്‍ത്ത് ക്ഷമിച്ചതാ. നിന്നോട് അത്രമാത്രം സ്‌നേഹം ഉണ്ട് അയാള്‍ക്ക്.

നീ വന്ന് എന്തെങ്കിലും കഴിക്ക്.'' സൗമ്യ അമലയെ അടുക്കളയിലേക്കു ക്ഷണിച്ചു.

''എനിക്കൊരു ചായ മാത്രം മതി.''

''അവര് എന്തെല്ലാം പറഞ്ഞാ കേസ് കൊടുത്തിരിക്കുക എന്ന് അറിയാന്‍ പാടില്ല. എനിക്കാണെങ്കില്‍ ഓര്‍ത്തിട്ടു പേടിയാകുന്നു. പുള്ളിക്കാരനെ പോലീസുകാര്‍ ഇടിക്കുമോന്നാ പേടി.''

അമലയ്ക്കു ചായ എടുക്കുന്നതിനിടയില്‍ സൗമ്യ പറഞ്ഞു.

''ചേച്ചി പേടിക്കണ്ട. ഞാനും പോകാം ചേട്ടന്റെ കൂടെ. നാളെ എനിക്ക് ഓഫാ.''

''ഓ സമാധാനമായി. പോലീസ് സ്റ്റേഷനില്‍ പോകാനാണെന്നു പറഞ്ഞാല്‍ ഇങ്ങേരുടെ കൂടെ ആരെങ്കിലും പോവുമോ?''

''ഈ സാഹചര്യത്തില്‍ റോബിയുടെ കാര്യം എങ്ങനെ ചേട്ടനോടു പറയും. അങ്ങനെ പറഞ്ഞാല്‍ കലി ഒന്നു കൂടി വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.''

അമ്മച്ചിയേയും റോബിയേയും താന്‍ ഇങ്ങോട്ടു പറഞ്ഞു വിട്ടതാണെന്നാണ് ചേട്ടന്‍ വിശ്വസിച്ചിരിക്കുന്നത്.

അമ്മച്ചിയെ ചീത്ത വിളിച്ചത് റോബിക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. അതാ ഡി.വൈ.എസ്.പിയുടെ അടുത്തു പരാതി കൊടുത്തത്.

ആദ്യമായാണ് പോലീസ് സ്റ്റേഷനില്‍ പോവുന്നത്. ചേട്ടന്‍ കാരണം ആ ആഗ്രഹവും സഫലമായി!

ദേഹം മുഴുവന്‍ ഇടിച്ചു നുറുക്കിയപോലെ വേദന. കുറെ നാളായിരുന്നു ഇതുപോലത്തെ ഇടി കിട്ടിയിട്ട്. വെള്ളം ചൂടാക്കി കുളിക്കണം.

റോബിയും അമ്മയും സ്റ്റേഷനില്‍ ഒരുപക്ഷേ വരുമായിരിക്കും. ചേട്ടനെതിരെ മൊഴി കൊടുക്കാന്‍.

എന്തായാലും ഇനി റോബിയുടെ കാര്യം രണ്ടും കല്പിച്ചു പറയണം. ഇതുപോലെ കുറച്ച് ഇടി കിട്ടുമായിരിക്കും. എന്നാലും പറയണം.

അവള്‍ ദൃഢനിശ്ചയമെടുത്തു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org