കാവല്‍ മാലാഖമാര്‍ : No. 19

കാവല്‍ മാലാഖമാര്‍ : No. 19

കാര്‍ ചിറക്കടവ് പിന്നിട്ടപ്പോള്‍ അവന്‍ നെടുവീര്‍പ്പയച്ചു.

വെറുതെ അമ്മച്ചിയെ നാണം കെടുത്താനായി വിളച്ചുകൊണ്ടുവന്നു. അമ്മച്ചിയുടെ മുഖത്തു നോക്കാന്‍ അവന്‍ ഭയപ്പെട്ടു.

അമ്മച്ചി പൊട്ടിച്ചിരിച്ചു. അതൊരു പരിഹാസച്ചിരിയായിരുന്നു. അവന്‍ തിരിഞ്ഞുനോക്കി.

''ബന്ധുത പിടിക്കാന്‍ പറ്റിയ ആള്‍ക്കാര്. വെറുതെയാണോ അവള് ഒഴിഞ്ഞു മാറിയത്. ഈ മൂര്‍ഖനോട് അവള്‍ ഒന്നും ചോദിക്കുവേം ഇല്ല പറയുവേം ഇല്ല. ഇനിയും ഇവളെ ആലോചിക്കണമെന്നു തോന്നണൊണ്ടോ?'' അമ്മച്ചി ചോദിച്ചു.

''ഇല്ലമ്മച്ചി. നമുക്കു വേറെ ആലോചിക്കാം.'' അവന്‍ പറഞ്ഞു.

''അതു മതിയെടാ. പെങ്കൊച്ച് നല്ലതാന്നു പറഞ്ഞിട്ടു കാര്യമില്ല. അവനെ എങ്ങനെയാ നാലാളു കൂടുന്നിടത്ത് നിന്റെ അളിയനാന്നു പറയണെ. നമുക്കു നാണക്കേടാകും. തന്നെയുമല്ല. എങ്ങനെയെങ്കിലും നടന്നാലും അവന്‍ നമ്മുടെ വീട്ടിലും വന്ന് തെറി പറയും. ഈ വയസ്സാന്‍ കാലത്ത് എനിക്ക് ആരുടേം തെറി കേക്കാനൊന്നും വയ്യ.''

''പോകണ്ടായിരുന്നു. ആ പാവം പെണ്ണിനെ തല്ലുകൊള്ളിക്കാനായിട്ട്.'' അമ്മച്ചി സഹതാപത്തോടെ പറഞ്ഞു. അമലയെ താന്‍ കാരണം മൂര്‍ഖന്‍ ഉപദ്രവിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളു പിടഞ്ഞു. അവന്റെ കാറിനു വേഗത കൂടി.

ഒരു വളവു തിരിഞ്ഞുചെന്ന കാര്‍ എതിര്‍ദിശയില്‍ നിന്നു വന്ന കാറില്‍ നന്നായി ഉരസി. ഭാഗ്യം കൊണ്ട് ആര്‍ക്കും അപകടം പറ്റിയില്ല. അവന്‍ കാര്‍ നിര്‍ത്തി.

''എന്റെ ഈശോയെ പയ്യെ ഓടിക്കാന്‍ പറഞ്ഞില്ലായിരുന്നോ? ഇപ്പോള്‍ കൂട്ടിമുട്ടിയേനെ.'' അമ്മച്ചി പറഞ്ഞു പേടിയോടെ.

''ഡി.വൈ.എസ്.പിയുടെ കാറാ. ഇറങ്ങിച്ചെല്ലാന്‍ പറഞ്ഞു.'' യൂണിഫോമിലുള്ള പോലീസുകാരന്‍ റോബിയുടെ കാറിനടുത്തേക്കു വന്നു പറഞ്ഞു.

''എന്റെ മാതാവേ'' അമ്മച്ചി കരയുംപോലെ പറഞ്ഞു.

റോബി കാറില്‍ നിന്നിറങ്ങി. അവന്‍ ചെല്ലുമ്പോള്‍ ഡി.വൈ.എസ്.പി. വണ്ടി പരിശോധിക്കുകയായിരുന്നു. റോബി നോക്കി. ഡി.വൈ.എസ്.പിയുടെ കാറിന്റെ വശത്തെ പെയിന്റ് കുറെ പോയിട്ടുണ്ടെന്നല്ലാതെ തകിടു ചളങ്ങിയിട്ടൊന്നുമില്ല.

''ഇയാള് എവിടെ പോകുന്നു ഇത്ര സ്പീഡില്‍?'' അയാള്‍ ചോദിച്ചു.

''ഞാന്‍ വീട്ടിലേക്കു പോകുവായിരുന്നു.''റോബി പറഞ്ഞു.

കൊച്ചുത്രേസ്യക്ക് ഇരുന്നിട്ട് ഇരിപ്പുറച്ചില്ല. അവര്‍ കാറില്‍ നിന്നിറങ്ങി ഡി.വൈ.എസ്.പിയുടെ അടുത്തേക്കു വന്നു.

കറുത്തു തടിച്ച മൊട്ടത്തലയനായ ഡി.വൈ.എസ്.പിയെ കണ്ട് അവര്‍ ഭയന്നു.

''സാറെ ക്ഷമിക്കണം. അവന്‍ അമേരിക്കയിലായിരുന്നു ഇവിടെ വല്ല്യ പരിചയമില്ല.''

''ങാ. അമേരിക്കക്കാരനാണോ. എന്നാല്‍ ഒരുലക്ഷം തന്നിട്ടു പൊക്കോ. കേസ്സൊന്നും എടുക്കുന്നില്ല.'' അയാള്‍ ഒട്ടും ദാക്ഷിണ്യം പ്രകടിപ്പിച്ചില്ല.

''അങ്ങനെ ചോദിക്കല്ലെ. സാറെ ഏറ്റവും കുറച്ചു പറ.'' അമ്മച്ചി പോലീസുദ്യോഗസ്ഥന്റെ മുന്നില്‍ കൈകൂപ്പി കെഞ്ചി.

''ഇങ്ങനെ കൈകൂപ്പല്ലേ. കൊച്ചുത്രേസ്യാ ടീച്ചറെ എനിക്കു കരച്ചില്‍ വരും.'' ഡി.വൈ.എസ്.പി. തന്റെ കാര്‍ ഡോര്‍ തുറന്ന് കൊച്ചുത്രേസ്യാ ടീച്ചറെ ബാക്‌സീറ്റില്‍ ഇരുത്തി. അയാളും ബാക്‌സീറ്റില്‍ ഇരുന്നു. കാറില്‍ എ.സി. ഉണ്ടായിരുന്നു. കാറിന്റെ ഡ്രൈവര്‍ പോലീസുകാരനും റോബിയും അപ്പോള്‍ വെളിയില്‍ സംസാരിച്ചു നിന്നു.

''കൊച്ചുത്രേസ്യാ ടീച്ചറേ, എന്റെ മുഖത്തേക്കു നോക്കിയേ ആളെ പിടി കിട്ടുന്നുണ്ടോന്ന്.'' അയാള്‍ ചിരിച്ച് ടീച്ചറെ നോക്കി.

''സ്വന്തക്കാര് ആരും പോലീസിലില്ല. പിന്നെ ഞാന്‍ പഠിപ്പിച്ച പിള്ളേര് ആരെങ്കിലുമായിരിക്കും. എന്തായാലും ദൈവം കാത്തു. പേടിച്ച് എന്റെ നല്ല ജീവന്‍ പോയി. പോലീസായാല്‍ ഇങ്ങനെ വേണം. ആരു കണ്ടാലും പേടിച്ചു മൂത്രമൊഴിക്കും.''

അയാള്‍ ചിരിച്ച് ടീച്ചറിന്റെ കൈയെടുത്തു തലോടി. ''തോറ്റോ. കടം കുടിച്ചോ.'' അയാള്‍ ചോദിച്ചു.

''തോറ്റു. കടം കുടിച്ചു. പറ ആരാണ്?''

''ഞാന്‍ രാജനാ ടീച്ചറെ. നമ്മുടെ പറമ്പില്‍ തേങ്ങയിട്ടോണ്ടിരുന്ന കൃഷ്ണന്റെ മകന്‍.''

''എന്റെ മോനെ നിന്നെ യെനിക്കു മനസ്സിലായില്ലെടാ.''

''എത്ര തവണയെനിക്ക് ചോറു തന്നിരിക്കുന്നു. ഒരു പ്രാവശ്യം എന്തോ വെട്ടിയോ മറ്റോ എന്റെ കൈ മുറിഞ്ഞിട്ട് ടീച്ചറാ ചോറു വാരിത്തന്നത്. ഞാനതൊന്നും മറന്നിട്ടില്ല.''

''ഞങ്ങള്‍ ഇവിടെ നിന്നു വിറ്റ് മലബാറിനു പോയിരുന്നല്ലോ. വല്ല്യ കഷ്ടപ്പാടായിരുന്നു. അച്ഛന്റെ മരണം. പെങ്ങന്മാരുടെ കല്ല്യാണം. അന്നും കഷ്ടപ്പാട് ഇന്നും കഷ്ടപ്പാട് രണ്ടും രണ്ടു രീതിയാന്നു മാത്രം.''

''ആദ്യനിയമനങ്ങളൊക്കെ കണ്ണൂര്‍, കാസര്‍കോഡൊക്കെ ആയിരുന്നു. ഒരു വര്‍ഷമായി ഇവിടെ വന്നിട്ട്. ഞാന്‍ ടീച്ചറിനെ അന്വേഷിച്ചിരുന്നു. അപ്പോഴറിഞ്ഞു. അനാഥശാലയിലാണെന്ന്. സാറു മരിച്ചതു ഞാനറിഞ്ഞിരുന്നു.

കാര്‍ന്നോന്‍മാരെ അനാഥശാലയിലാക്കിയിട്ട് അമേരിക്കയ്ക്കുപോയ അവനോട് എനിക്കു കലിപ്പുണ്ട്.''

''അങ്ങനെയല്ലട കൊച്ചേ - അവനൊരു പാവാ. ഞങ്ങള്‍ പറഞ്ഞിട്ടാണവന്‍ അമേരിക്കയ്ക്ക് പോയത്. ഞങ്ങള്‍ നിര്‍ബന്ധിച്ചതു കൊണ്ടാ അവന്‍ ഞങ്ങളെ സ്‌നേഹസദനത്തിലാക്കിയത്. അവനെ തെറ്റിദ്ധരിക്കല്ലേ നീ...''

''ഓ.കെ. സാന്ദ്ര യു.എസില്‍ തന്നെയല്ലേ?''

''അതെ.''

''ഞങ്ങള്‍ ഒരു ക്ലാസ്സിലായിരുന്നു.''

''രണ്ടാളും കൂടി എവിടെപ്പോയതായിരുന്നു.'' അയാള്‍ ചോദിച്ചു.

ടീച്ചര്‍ റോബിയുടെ ആദ്യവിവാഹം ഡൈവോഴ്‌സായതും ഇപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ വീട്ടില്‍ പ്പോയ കാര്യവും അയാളോടു പഞ്ഞു.

''പെണ്‍കുട്ടി എങ്ങനെ? ടീച്ചറിനും റോബിക്കും ഇഷ്ടമായോ?'' അയാള്‍ ചോദിച്ചു.

''റോബി ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ ഉള്ള പരിചയമാ അമലയുമായിട്ട്. അവന് അമലയെ ഇഷ്ടമായതു കൊണ്ടാ വീട്ടില്‍ പ്പോയി കണ്ടത്. അവക്കടെ ആങ്ങളയൊരു മൂര്‍ഖനാ. അവനാ കല്യാണത്തിനു സമ്മതിക്കാത്തത്.''

''അതെന്താ അവന്‍ കല്യാണത്തിനു സമ്മതിക്കാത്തത്.''

''ഞങ്ങളെ അവന്‍ കൊല്ലാതെ വിട്ടതു ഭാഗ്യം. കണ്ടമാനം ചീത്ത പറഞ്ഞു. അവന്‍ ഇവളുടെ ശമ്പളം കൊണ്ടാ ജീവിക്കുന്നത്. ആ ശമ്പളത്തിനു തടസ്സം വരുമല്ലോന്ന് ഓര്‍ത്താ.''

''മ്ഊം. അമല. ഈ പേര് എവിടെയോ കേട്ടല്ലോ.''

''അമലയുടെ ഫോട്ടോ ഈയിടെ പത്രങ്ങളില്‍ ഉണ്ടായിരുന്നു. ആരോഗ്യമന്ത്രി അഭിനന്ദിച്ചു എന്ന തലക്കെട്ടോടെ വാര്‍ത്തയുണ്ടായിരുന്നു.''

''കറക്ട്. ഞാനോര്‍ക്കന്നു. കണ്ടതായിട്ട്. അവളു ഫോട്ടോയില്‍ മിടുക്കിയാണല്ലോ. അല്ലെങ്കിലും മിടുക്കിയായിരിക്കും ഇല്ലെങ്കില്‍ മന്ത്രിയുടെ അഭിനന്ദനം ഏറ്റു വാങ്ങില്ലായിരുന്നല്ലോ.''

''എന്നിട്ടിപ്പോള്‍ നിങ്ങള്‍ എന്താ തീരുമാനിച്ചത്. അതു വേണ്ടാന്നു വയ്ക്കാനാണോ?'' അയാള്‍ ചോദിച്ചു.

''പെണ്ണിനെ ഓര്‍ക്കുമ്പോള്‍ വേണ്ടാന്നു വയ്ക്കാന്‍ തോന്നില്ല. അവളുടെ വീട്ടുകാരെ ഓര്‍ക്കുമ്പോള്‍ വേണ്ടെന്നു തോന്നും. ഒരു കണ്‍ഫ്യൂഷന്‍ ഉണ്ട്.''

''അവളുടെ ആങ്ങള സമ്മതിച്ചാല്‍ കല്യാണത്തിനു നിങ്ങള്‍ സമ്മതമാണെന്നു ചുരുക്കം അല്ലേ?'' അയാള്‍ ചോദിച്ചു.

''അങ്ങനെ നിര്‍ബന്ധിച്ചു അവനെക്കൊണ്ട് സമ്മതിപ്പിച്ചാലും ഇതല്ലേ അവന്റെ സ്വഭാവം.''

''എല്ലാം ദൈവത്തിനു വിട്ടുകൊടുക്ക് ടീച്ചറെ. ദൈവം ഒരു വഴി കാണിച്ചുതരും.''

അയാള്‍ ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി. അമ്മച്ചിക്ക് ഇറങ്ങാനായി ഡോര്‍ നന്നായി തുറന്നു വച്ചു.

അമ്മച്ചി അയാളുടെ കൈപിടിച്ചു പുറത്തേക്ക്.

''ഇത്തിരി സ്പീഡ് കുറച്ചു പോകണം. പ്രായമായവരൊക്കെ വണ്ടിയിലിരി ക്കുമ്പോള്‍ അങ്ങനെ സ്പീഡ് വേണ്ട.'' റോബിയോടായി അയാള്‍ പറഞ്ഞു.

''ശരി സാര്‍.''

അയാളുടെ വണ്ടി പോയതിനു ശേഷം അമ്മച്ചിയേയും കൂട്ടി കാറില്‍ക്കയറി റോബി.

''അങ്ങേരുടെ ഒരു ജാഡ. ആരും പോലീസുകാരെ കാണാത്തപോലെ.''

ഡ്രൈവ് ചെയ്യുന്നതിനിടയില്‍ അവന്‍ പറഞ്ഞു.

''എന്താണെങ്കിലെന്താ ഇപ്പോള്‍ രക്ഷപ്പെട്ടു പോന്നില്ലേ?''

''അങ്ങേരേതാ. അമ്മച്ചിയുടെ സ്റ്റുഡന്റാ.'' അവന്‍ ചോദിച്ചു.

''അവനെന്റെ പഴയ ഒരു സ്റ്റുഡന്റാ. കണ്ടിട്ടെനിക്കു മനസ്സിലായില്ല. അല്ലെങ്കിലും മനുഷ്യന്റെ മുഖം മാറിക്കൊണ്ടിരിക്കുമല്ലോ.''

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org