കാവല്‍ മാലാഖമാര്‍ : No. 18

കാവല്‍ മാലാഖമാര്‍ : No. 18

കിടന്നിട്ട് റോബിക്ക് ഉറക്കം വന്നില്ല. കാര്യങ്ങള്‍ എത്ര പെട്ടെന്നാണു മാറി മറഞ്ഞത്. അമ്മച്ചിയോടു സാവകാശം കാര്യങ്ങള്‍ പറയാമെന്നാണു കരുതിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റി.

നാളെ ചെല്ലുമ്പോള്‍ അമലയവിടെ ഉണ്ടാവുമെന്നതിന് ഒരു ഉറപ്പും ഇല്ല.

ഇനി അവള്‍ വീട്ടിലാണെങ്കില്‍ വീട്ടില്‍ച്ചെന്നു കാണാമെന്നു വച്ചാല്‍ വീടും സ്ഥലവും എവിടെയാണെന്ന് ഒരു പിടിയുമില്ല.

വീട്ടില്‍ച്ചെല്ലുന്നത് അവള്‍ക്ക് ഇഷ്ടപ്പെടില്ല. മൂര്‍ഖന്‍ ജോര്‍ജ്ജ് എല്ലാം തകിടം മറിക്കും.

'ഇതൊരു വല്ലാത്ത പുലിവാലു തന്നെ.' കാര്യം അമ്മച്ചിക്കു സ്‌നേഹമുണ്ടെന്നറിയാം. എന്നാലും ചില സമയത്തെ സംസാരവും പെരുമാറ്റവും സഹിക്കാന്‍ ബുദ്ധിമുട്ടാണ്. ആരോടും കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയും അമ്മച്ചി.

അമലയുടെ കാര്യത്തിലും സംശയം ഉണ്ട് അവള്‍ ചിലപ്പോള്‍ പറയാനും സാദ്ധ്യത ഉണ്ട്. ''ഇഷ്ടമില്ലെന്നു ഞാന്‍ പറഞ്ഞായിരുന്നല്ലോ!'' എന്ന് ഏതായാലും ഈ ടെന്‍ഷന്‍ നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല.

ഇഷ്ടമാണോ അല്ലയോ എന്നു തീരുമാനിക്കേണ്ട സമയമായി. അമ്മച്ചി പറഞ്ഞതു ശരിയാണ്. താന്‍ ഇനിയെങ്കിലും വ്യക്തമായ തീരുമാനം എടുക്കേണ്ട. സമയമായി. അമലയ്ക്കു താത്പര്യമില്ലെങ്കില്‍ വേണ്ട. വേറെ ആളെ അന്വേഷിക്കേണ്ട സമയമായി.

യാതൊരു ഉത്സാഹവുമില്ലാതെയാണ് റോബി ഉറക്കമുണര്‍ന്നത്.

''രാവിലെ തന്നെ പോകണം. നേരത്തേ പോയാല്‍ നേരത്തേ എത്താം. വൈകിട്ടായാല്‍ ഇടിയും മഴയും ഉണ്ടാകും.'' അമ്മച്ചി പറഞ്ഞു. കേട്ടതല്ലാതെ അവന്‍ മറുപടിയൊന്നും പറഞ്ഞില്ല.

''നീയെന്താ പാമ്പു ചത്ത പാമ്പാട്ടിയേപ്പോലെ ഇരിക്കണത്.'' അമ്മച്ചി ദേഷ്യപ്പെട്ടു.

''നമ്മളവിടെച്ചെല്ലുമ്പോള്‍ അവള്‍ അവിടെ ഇല്ലെങ്കിലോ?'' അവന്‍ ചോദിച്ചു.

''ഇല്ലെങ്കില്‍ നമ്മള്‍ തരിച്ചുപോരുന്നു.''

''അവളുടെ വീട്ടിലൊന്നും പോകണമെന്നു പറഞ്ഞേക്കരുത്.''

''സമ്മതിച്ചു. വേറൊന്നിനുമല്ല. ഈ കല്യാണം വേണോ വേണ്ടയോ എന്ന് അവളെ കണ്ട് തീരുമാനമെടുക്കാനാ. ചുമ്മാ നമ്മള് കാത്തിരിക്കണ്ടല്ലോ.''

അവന്‍ കുളിച്ചു യാത്രയ്‌ക്കൊരുങ്ങാന്‍ പോയി.

ഉള്ളതില്‍ ഏറ്റവും നല്ല സാരിയാണ് അമ്മച്ചി തിരഞ്ഞെടുത്തത്.

സ്വര്‍ണ്ണഫ്രെയിം കണ്ണട, സ്വര്‍ണ്ണക്കൊന്തമാല, ഡയമണ്ടിന്റെ കമ്മലും മോതിരവും വളകളും.

റോബി സാധാരണ ഷര്‍ട്ടും പാന്റ്‌സും. അമ്മച്ചിയുടെ ഡ്രസിംഗ് അത്ര പിടിച്ചില്ല അവന്. ധനാഢ്യയായ ഒരു യുവതിയെ പെണ്ണുകാണാന്‍ പോകും പോലെയുണ്ട്. അവളെ കൊച്ചാക്കാന്‍ ചെല്ലും പോലെയുണ്ട്.

എന്നാല്‍ ഡ്രസ് ചെയ്യും മുമ്പ് ഒന്നു ചോദിച്ചു കൂടേ, 'ഞാന്‍ എങ്ങനെയുള്ള സാരിയാടാ ഉടുക്കേണ്ടത്' എന്ന്.

തന്റെ അമേരിക്കയിലെ കല്യാണത്തിന് തന്റെ പൈസകൊണ്ട് ചേച്ചി വാങ്ങിക്കൊടുത്തതാണ് ഡയമണ്ട് ആഭരണങ്ങള്‍. ഇപ്പോഴും അമ്മയതു സൂക്ഷിക്കുന്നു.

''നീ നോക്കണ്ട. ഞാന്‍ മനഃപൂര്‍വ്വം ഇതെല്ലാം എടുത്തിട്ടതാ. ഇനിയൊരിടത്തും ഞാന്‍ ഇത് ഇടുകയില്ല. എന്റെ ആഭരണങ്ങളെല്ലാം ഇവിടെ വന്നു കേറുന്ന എന്റെ മരുമകള്‍ക്കു ഞാന്‍ കൊടുക്കും. ഞാന്‍ ഇങ്ങനെയുള്ള ആഭരണങ്ങള്‍ ഇട്ടു നടക്കുമ്പോള്‍ എനിക്കുതന്നെ ഭാരം അനുഭവപ്പെടുന്നുണ്ട്.

അവന്‍ ഒന്നു ചിരിച്ചു. ഈ അമ്മച്ചി വിസ്മയിപ്പിച്ചിരിക്കുന്നു. റോബി ഷെഡ്ഡില്‍ നിന്നും ഇന്നോവ ഇറക്കിക്കൊണ്ടു വന്നു.

''ജാനുവേ, വാതില്‍ അകത്തുനിന്നും പൂട്ടിയേക്കൂ. ഞങ്ങള്‍ ഉച്ചയൂണിനു കാണുകയില്ല. വരുമ്പോള്‍ വൈകും.''

അമ്മച്ചി കാറിലേക്കു കയറി. കാര്‍ വിട്ടു.

''ഓ. സ്വന്തം നാടു കാണാന്‍ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ഇവിടെനിന്നും പോയി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിസ ശരിയായില്ല എന്നു പറയുന്നത് വെറുതെയാണെന്നാ കരുതിയത്. ഞങ്ങളെ അങ്ങോട്ടു കൊണ്ടുപോകാന്‍ മനസ്സില്ലാത്തതു കൊണ്ടു പറയുകയാണെന്നു കരുതി. സത്യം അറിഞ്ഞപ്പോള്‍ സങ്കടമായി.

''ഓ. ഈ വഴിക്കൊക്കെ നേരത്തേ ചെറിയ വീടുകളായിരുന്നു. ഇപ്പോള്‍ എല്ലാം കൊട്ടാരങ്ങളായി. കൊട്ടാരത്തില്‍ രാജാവും രാജ്ഞിയും വീടുകളിലല്ലേ സാധാരണ മനുഷ്യര്‍ കാണൂ.''

''നീയെന്താ ഒന്നും മിണ്ടാത്തത്.'' അമ്മച്ചി ചോദിച്ചു.

''ഞാന്‍ അമ്മച്ചി പറയുന്നതു കേള്‍ക്കുകയല്ലേ.''

''അമ്മച്ചി പറയുന്നതു കേട്ടാല്‍ നിനക്കു കൊള്ളാം'' സ്റ്റീരിയോയില്‍ നിന്നും നേര്‍ത്ത സംഗീതം ഒഴുകിവന്നു.

ഹോസ്പിറ്റല്‍ കോമ്പൗണ്ടിലേക്കു കാര്‍ കയറു മ്പോള്‍ ഒരു ഉല്‍ക്കണ്ഠ വ ന്നു പൊതിയുന്നത് അവന്‍ അറിയുന്നുണ്ടായിരുന്നു.

കാര്‍ നിറുത്തി അവന്‍ അമ്മച്ചിയെ വിളിച്ചുണര്‍ത്തി.

''ഓ ഞാന്‍ മയങ്ങിപ്പോയിരുന്നു.''

അമ്മച്ചി കാറില്‍ വച്ചിരുന്ന വെള്ളമെടുത്ത് രണ്ടു ഗ്ലാസ് കുടിച്ചു. കാറില്‍ നിന്നിറങ്ങി സാരി ശരിയാക്കി അമ്മച്ചി അവന്റെ നേരേ നോക്കി.

അവന്‍ മുന്നേ നടന്നു.

അമ്മച്ചി പിന്നാലെയും.

ഉച്ചയൂണു കഴിഞ്ഞ് വിശ്രമസമയം. അമല കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കുകയായിരുന്നു. നേരത്തേ അവള്‍ പറയുകയും കൂട്ടുകാര്‍ കേള്‍ക്കുകയുമായിരുന്നു. ഇപ്പോള്‍ കൂട്ടുകാര്‍ പറയും അവള്‍ കേള്‍ക്കും. ചിരിക്കും.

ഒരു നേഴ്‌സിംഗ് അസിസ്റ്റന്റ് വന്ന് അമലയോടു പറഞ്ഞു.

''രണ്ടു പേര്‍ കാണാന്‍ വന്നിരിക്കുന്നു.''

രോഗികളോ രോഗികളുടെ കൂടെയുള്ള ആരെങ്കിലുമോ എന്തെങ്കിലും ചോദിക്കാന്‍ അന്വേഷിക്കുന്നതായിരിക്കുമെന്നാണ് അവള്‍ കരുതിയത്.

റോബിയും അമ്മച്ചിയും!

ഏറ്റവും വേണ്ടപ്പെട്ടവരെ കണ്ടതിലുള്ള സന്തോഷത്തോടെ അവള്‍ ചെന്ന് അമ്മച്ചിയുടെ കൈപിടിച്ചു.

''അമ്മച്ചി എന്നു വന്നു. സുഖമാണോ?''

''അതേ മോളെ. ഇവന്‍ എന്നെ കൂട്ടിക്കൊണ്ടു വന്നതല്ല കേട്ടോ. ഞാന്‍ ഇവനെ കൂട്ടിക്കൊണ്ടു വന്നതാ.''

''അതെന്താ അമ്മച്ചി അങ്ങനെ പറയണെ.''

''ഇവനു പോരാന്‍ മടിയായിരുന്നു.''

അമ്മച്ചി അവളുടെ സ്ഥലവും വീടും ചോദിച്ചറിഞ്ഞു.

''റോബി അമ്മച്ചിയേം കൂട്ടി അകത്തേക്കു വാ. അവിടെയിരിക്കാം. എനിക്ക് അഞ്ചുമിനിട്ടു കഴിഞ്ഞ് ഡ്യൂട്ടിക്കു പോകണം.''

''സാരമില്ല. മോളു ഡ്യൂട്ടിക്കു പൊയ്‌ക്കോ. മോള്‍ക്ക് ഇവനെ ഇഷ്ടമാണെന്നു വിശ്വസിച്ചോട്ടെ.'' അമ്മച്ചി ചോദിച്ചു.

അവള്‍ മറുപടിയൊന്നും പറയാതെ വെറുതെ ചിരിച്ചുനിന്നു.

''മോളൊന്നും പറഞ്ഞില്ല.''

''എനിക്കൊന്നും പറയാന്‍ കഴിയില്ല. ഞാന്‍ വീട്ടില്‍ ചോദിച്ചിട്ടു പറയാം.''

''ഇവന്റെ കാര്യം അമല വീട്ടില്‍ പറഞ്ഞിരുന്നോ?''

''എനിക്കു പറയാനുള്ള സാഹചര്യം കിട്ടിയില്ലായിരുന്നു. ഞാന്‍ അടുത്ത ദിവസം ചോദിച്ചിട്ടു പറയാം. അമ്മച്ചിക്കു ഫോണുണ്ടോ?'' അവള്‍ ചോദിച്ചു.

''ഉണ്ട്.''

''നമ്പര്‍ തന്നേരെ. ഞാന്‍ വിവരം രണ്ടു ദിവസത്തിനകം പറയാം.''

അവള്‍ അമ്മച്ചി പറഞ്ഞ നമ്പര്‍ കുറിച്ചെടുത്തു.

''എനിക്കു ഡ്യൂട്ടിക്കു സമയമായി. പൊയ്‌ക്കോട്ടെ.'' അവള്‍ രണ്ടുപേര്‍ക്കും പുഞ്ചിരി സമ്മാനിച്ചു മടങ്ങി.

പ്രതീക്ഷയുടെ തിരിനാളം തെളിച്ചാണ് അമല പോയിരിക്കുന്നത്.

മടക്കയാത്രയ്ക്കായി അവര്‍ കാറില്‍ കയറി.

ഒരു ഹോട്ടലില്‍ നിന്നവര്‍ ഭക്ഷണം കഴിച്ചു.

''ഞാന്‍ ഉദ്ദേശിച്ചതിലും സുന്ദരിയും മിടുക്കിയുമാ അവള്‍. ഇനി ഒട്ടും വൈകണ്ട. കാര്യത്തിനൊരു തീരുമാനം വേണം. അവള്‍ക്കിഷ്ടമാണെന്നു മനസ്സിലായി. ഇനി വീട്ടുകാരുമായി സംസാരിക്കണം. ഒരു മണിക്കൂര്‍ വണ്ടി വളഞ്ഞോടിയാല്‍ മതി. നീ ചിറക്കടവിനു വിട്ടോ.''

''അയ്യോ. അവളു വീട്ടില്‍ ചോദിച്ചിട്ടു പറയാമെന്നല്ലേ പറഞ്ഞത്. അവളുടെ അനുവാദമില്ലാതെ വീട്ടില്‍ച്ചെന്നാല്‍ അവള്‍ക്കിഷ്ടപ്പെട്ടില്ലെങ്കിലോ.'' അവന്‍ ആശങ്കപ്പെട്ടു.

''അവള്‍ വീട്ടില്‍ ചോദിക്കുമെന്ന് എനിക്കു തോന്നുന്നില്ല. അതിനുള്ള തന്റേടമൊന്നും അവള്‍ക്കില്ല. അവള്‍ക്ക് ആ തടവറയില്‍ നിന്നും രക്ഷെപ്പടാന്‍ പറ്റില്ല.'' അമ്മച്ചി പറഞ്ഞു.

''ഏതായാലും അവളുടെ വീട്ടുകാരെ ഒന്നറിഞ്ഞിരിക്കണം. നമുക്കു പറ്റിയ ആക്കാരാണോന്ന് അറിയണ്ടെ. കല്യാണം നടക്കാം നടക്കാതിരിക്കാം. ഇന്നുതന്നെ അറിയണം. അവളുടെ ആങ്ങള സമ്മതിക്കുവാണെങ്കില്‍ ഇതു നടത്താം. ഇല്ലെങ്കില്‍ വേറെ ആലോചിക്കണം.''

അമ്മച്ചി വാശിയിലാണ്. എതിര്‍ത്തു പറഞ്ഞാല്‍ ഇനി വായിലിരിക്കുന്നതു കേള്‍ക്കേണ്ടി വരും.

വണ്ടി ചിറക്കടവു ലക്ഷ്യമാക്കി പാഞ്ഞു.

''കുറച്ചു പതുക്കെ ഓടിച്ചാല്‍ മതി. നമുക്കു സമയമുണ്ടല്ലോ.''

അവന്‍ വണ്ടിയുടെ വേഗത കുറച്ചു.

ചിറക്കടവു പള്ളിയുടെ അടുത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി അവന്‍ പുറത്തിറങ്ങി.

ഈ കിഴക്കേവീട്ടിലെ വീട് അറിയുമോ. ഒരു നേഴ്‌സ് ഉള്ള...'' പെട്ടിക്കടക്കാരനോടു ചോദിച്ചു.

''ങാ. മൂര്‍ഖന്‍ ജോര്‍ജിന്റെ വീടല്ലേ.. ദാ ആ പാലം കടന്ന് ഇടത്തോട്ടുള്ള വഴിയേ പോയാല്‍ മതി. അര കിലോമീറ്റര്‍ ചെന്നു കഴിയുമ്പോള്‍ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ കാണും അതിനു തൊട്ടപ്പുറത്തു കാണുന്ന വീടാ.

റോബി വണ്ടിയില്‍ കയറി.

''നല്ല പേര്. മൂര്‍ഖന്‍ ജോര്‍ജ്.'' അമ്മ പറഞ്ഞു ചിരിച്ചു.

കടക്കാരന്‍ പറഞ്ഞ വീടിനു മുന്നില്‍ കാര്‍ നിന്നു. മുക്കാല്‍ നൂറ്റാണ്ട് പഴക്കം തോന്നിക്കുന്ന ഒരു ഓടിട്ട വീട്. വീടിന്റെ മുറ്റത്തു നിന്നും ഒരു ചാവാലിപ്പട്ടി കുരച്ചുകൊണ്ട് പുറത്തേക്ക് ഓടി. രണ്ടു പെണ്‍കുട്ടികള്‍ വാതില്‍ തുറന്നു പുറേത്തക്കുവന്നു.

''അമലയുടെ വീടല്ലേ ഇത്.'' അമ്മച്ചി ചോദിച്ചു.

''ജോര്‍ജ് ചേട്ടനില്ലേ ഇവിടെ.'' റോബി ചോദിച്ചു.

''ആരാ എന്താ കാര്യം.''

ഒരു പരുക്കന്‍ ശബ്ദം ആദ്യം പുറത്തേക്കുവന്നു. അതിനു പിന്നാലെ താടിയും മുടിയും മീശയും നീണ്ടു മെലിഞ്ഞ ഒരാള്‍. അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു.

''എന്താ നിങ്ങക്കു വേണ്ടേ. വന്ന കാര്യം പറഞ്ഞില്ല.'' അയാള്‍ ഒരു ബീഡിക്കു തീ കൊളുത്തി മുരണ്ടു.

''ഞങ്ങള്‍ അങ്ങോട്ടു കേറി വന്നിട്ട് പറഞ്ഞാല്‍ പോരേ.'' അമ്മച്ചി മുന്നോട്ടു നടന്നു.

''കാര്യം പറഞ്ഞിട്ടു ഞാന്‍ തീരുമാനിക്കും കേറണോ കേറണ്ടയോ എന്ന്. ഇത് എന്റെ വീടാ. ഞാന്‍ തീരുമാനിച്ചോളാം.'' അയാള്‍ പുകയൂതി അവരുടെ നേരേ വിട്ടു.

''ഞങ്ങള്‍ ഇവിടെത്തെ അമലയ്ക്ക് ഒരു കല്യാണാലോചനയുമായി വന്നതാ. ഇതെന്റെ മകനാ. ഇവനുവേണ്ടി.'' അമ്മച്ചി ഉറച്ചശബ്ദത്തില്‍ പറഞ്ഞു.

മെലിഞ്ഞ ഒരു സ്ത്രീരൂപം അകത്തുനിന്നും പുറത്തേക്ക് ഇറങ്ങി വന്ന് അയാളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. ''കേറി പോടി. മറ്റവളെ അതു ഞാന്‍ തീരുമാനിച്ചോളാം.''

''ദേ തള്ളേം മോനും കൂടി ഉടന്‍ സ്റ്റാന്‍ഡ് വിട്ടോ. ഇവിടെ പെണ്ണുമില്ല, പെടക്കോഴീമില്ല. ഇടഞ്ഞാല്‍ ഞാന്‍ ആളു പിശകാ. അവളെ കല്യാണം കഴിച്ചുവിടുന്നില്ലെന്നു നൂറു പ്രാവശ്യം പറഞ്ഞിട്ടുള്ളതാ. പിന്നേം മെണച്ചോണ്ടു വരും. അവളിങ്ങു വരട്ടെ. അവക്കിട്ടു ഞാന്‍ വച്ചിട്ടുണ്ട്.''

''ഞങ്ങള്‍ അവള്‍ പറഞ്ഞിട്ടു വന്നതൊന്നുമല്ല.'' അമ്മച്ചി പറഞ്ഞു.

''പിന്നെ ഗണിച്ചുനോക്കി വന്നതായിരിക്കും. തള്ളേടെ മാലേം വളേം കണ്ടാല്‍ മതിയല്ലോ. നാണമില്ലാതെ ചാര്‍ത്തിക്കൊണ്ടു നടക്കണു.''

''വാടാ. പോകാം.'' അമ്മച്ചിയും മകനും പെട്ടെന്നു തിരിഞ്ഞു നടന്നു കാറില്‍ക്കയറി.

(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org