കാവല്‍ മാലാഖമാര്‍ : No. 17

കാവല്‍ മാലാഖമാര്‍ : No. 17

അമ്മച്ചി വന്നതേ വീടിനു പുതുജീവന്‍ വച്ചു. വീട് അമ്മച്ചിയുടെ വരവിനായി കാത്തിരുന്ന പോലെ. അപ്പച്ചന്റെ കൈപിടിച്ച് അമ്മച്ചി വലതുകാല്‍ വച്ച് കയറി വന്ന വീട്. ചേച്ചിയുടെ വിവാഹത്തിന്റെ സമയത്ത് വീടൊന്നു പുതുക്കിയെങ്കിലും വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല.

''എനിക്കീ വാര്‍ക്കവീടിനേക്കഴിഞ്ഞും ഇഷ്ടം മച്ചിട്ട പഴയ വീടാ.'' അമ്മച്ചി പറയുമായിരുന്നു.

''എന്നാലും അപ്പച്ചന്റെ കൂടെ ഒരാഴ്ചയെങ്കിലും ഇവിടെ താമസിക്കാന്‍ പറ്റിയില്ലല്ലോ.'' അപ്പച്ചന്റെ കട്ടിലിലേക്കു നോക്കി അമ്മച്ചി വിതുമ്പി.

''ഈ കട്ടിലും ഇവിടെ നിന്നു മാറ്റണോ. ഇതിവിടെ കിടക്കുമ്പം അമ്മച്ചിക്കു വിഷമം കൂടുന്നുണ്ടോ?'' അവന്‍ ചോദിച്ചു.

''അതവിടെ കിടന്നോട്ടെ. അതാ എനിക്കാശ്വാ സം.''

ഷാലോം ടി.വി.യില്‍ അമ്മച്ചി കുര്‍ബാന കണ്ടു. ''ഞങ്ങള്‍ അവിടെ എന്നും കുര്‍ബാന കാണുമായിരുന്നു. നീയും കുര്‍ബാന കണ്ടിട്ട് എങ്ങോട്ടായാലും പോയാല്‍ മതി. അത്രയും സമയം ഒരു നഷ്ടമായിത്തോന്നണ്ട. മനുഷ്യന് ശരീരവും മനസ്സും ആത്മാവുമുണ്ട്. ആത്മാവിന്റെ ഭക്ഷണത്തേക്കുറിച്ച് മനുഷ്യന്‍ ചിന്തിക്കുന്നില്ല.''

കാപ്പി കുടി കഴിഞ്ഞ് ഒരു വടിയും കുത്തി അമ്മച്ചി മുറ്റത്തേക്കിറങ്ങി.

അമ്മച്ചിക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഷുഗറോ പ്രഷറോ ഒന്നുമില്ല. അമ്മച്ചിയുടെ പിറകെ കൊച്ചുകുട്ടിയേപ്പോലെ നടന്നു.

''ജാനുവേ..'' അമ്മച്ചി അടുക്കളയിലേക്കു നോക്കി വിളിച്ചു.

''എന്തോ.'' ജാനു പുറത്തിക്കിറങ്ങി വന്നു.

''ചാമ്പങ്ങയെല്ലാം കൊഴിഞ്ഞു പോവുകയാ. അതു പറിച്ച് നമുക്കു വൈനുണ്ടാക്കാം. മാവിന്റെ ചുവട്ടില്‍ എന്തു മാങ്ങാപ്പഴമാ നമുക്കു തെരയുണ്ടാ ക്കാം. സമയം പോലെ പെറുക്കിവയ്ക്കണം കേട്ടോ.''

''ശരി ടീച്ചറമ്മേ!''

''പട്ടിക്കൂട് അപ്പടി പോയി. കൂടു ശരിയാക്കി ഒരു പട്ടിക്കുഞ്ഞിനെ മേടിക്കണം.''

''മേടിക്കാം അമ്മച്ചി.'' അവന്‍ പറഞ്ഞു.

''കണ്ടോ. തൊഴുത്ത് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നത്. ഇത്രയും പറമ്പുണ്ടായിട്ടും ഒരു പശുവെങ്കിലും വേണ്ടേ. ഇല്ലെങ്കില്‍ പറമ്പു മുഴുവന്‍ കാടുകയറും. ഒരു പശുവുണ്ടെങ്കില്‍ നല്ല പാലു കുടിക്കാമല്ലോ. ഇത്തിരി തൈരോ മോരോ ഉണ്ടാക്കാമല്ലോ. ഒന്നാമതു മേടിച്ചാല്‍ നല്ല പാലു കിട്ടുകയില്ല.''

''നമുക്കു നല്ല പശുവിനെ മേടിക്കാം. അമ്മച്ചി.''

''ആടുകിടന്നിടത്ത് പൂടപോലുമിലല്ല.'' അമ്മച്ചിയുടെ കമന്റു കേട്ട് ചിരിച്ചു.

''ഒരു ആട്ടിന്‍കൂട് ഉണ്ടാക്കണം. എന്നിട്ട് രണ്ട് ആട്ടിന്‍കുഞ്ഞുങ്ങളെ മേടിക്കണം.''

''ആയിക്കോട്ടെ അമ്മച്ചി.''

''പിന്നെ കോഴിക്കൂടും പുതിയതുണ്ടാക്കണം. അഞ്ചാറു കോഴിയെ മേടിച്ചുവിടണം.''

''മേടിക്കാം.''

''ഇനിയെന്താ മേടിക്കേണ്ടത്?'' അമ്മച്ചി ചോദിച്ചു.

''ഇത്രയും പോരേ?'' അവന്‍ ചോദിച്ചു.

''പോരാ.'' അമ്മച്ചി അവന്റെ നേരേ തിരിഞ്ഞുനിന്നു ''ഇനിയൊരു പെണ്ണിനെ മേടിക്കണം.''

അമ്മച്ചി പറഞ്ഞതും അവന്‍ പൊട്ടിച്ചിരിച്ചതും ഒപ്പമായിരുന്നു. അവന്റെ ചിരിയില്‍ അമ്മച്ചിയും പങ്കുചേര്‍ന്നു. അപ്പോഴാണ് ഗോവിന്ദന്‍ അങ്ങോട്ടു വന്നത്. അവരുടെ ചിരി കണ്ട് ഗോവിന്ദനും ചിരിച്ചു.

''ഗോവിന്ദനെന്തു കേട്ടാ ചിരിച്ചത്.'' അമ്മച്ചി ചോദിച്ചു.

ഗോവിന്ദന്‍ ചേട്ടനൊന്നു ചമ്മി. ''ഞാനൊന്നും കേട്ടില്ല ടീച്ചറമ്മേ. ഒത്തിരി നാളുകൂടിയാ ഈ വീട്ടിലൊരു ചിരി കേട്ടത്. ആ സന്തോഷത്തില്‍ ഞാന്‍ ചിരിച്ചതാ.''

''ഇനി ഇവിടെ ചിരിയുണ്ടാകും ഗോവിന്ദാ. ഇതൊരു വീടാകാന്‍ പോവുകയാ. ഗോവിന്ദന്റെ മോനെ ഡയാലിസിനു കൊണ്ടു പോയിരുന്നോ?''

''ഈയാഴ്ചത്തെ കഴിഞ്ഞതാ. ഇനി അടുത്ത ആഴ്ച പോയാല്‍ മതി. അവന് ക്ഷീണം കൂടുതലാ.''

''ഞാനവനെയൊന്നു കണ്ടിട്ടു വരാം.'' തിരിഞ്ഞുനിന്ന് അമ്മച്ചി അവനോടു പറഞ്ഞു.

''വരാന്‍ വൈകിയാലും തിരക്കി വരണ്ട. ഞാന്‍ പറമ്പിലൊക്കെ ഒന്നു പോയേച്ചേ ഗോവിന്ദന്റെ വീട്ടില്‍ പ്പോകൂ.''

''ആയിക്കോട്ടെ.''

അമ്മച്ചി ഗോവിന്ദന്‍ചേട്ടന്റെ കൂടെ വടികുത്തി നടന്നു.

''അവിടെ രണ്ടു വാഴവയ്ക്കാനുള്ള സ്ഥലമുണ്ട് ഗോവിന്ദാ. വാഴക്കണ്ണ് പിരിച്ചു വയ്ക്കാനില്ലേ?''

'ഉണ്ട്. ടീച്ചറമ്മേ വയ്ക്കാം.''

''ദാ ഇവിടെ രണ്ടു തെങ്ങുംതൈ വയ്ക്കാമല്ലോ. ഉള്ള തെങ്ങെല്ലാം കൊന്നത്തെങ്ങായിപ്പോയില്ലേ. എല്ലാറ്റിനും തലമുറ മാറ്റം വരണ്ടെ.''

തിരിഞ്ഞു നടക്കുമ്പോള്‍ പിന്നിലായി അമ്മച്ചിയുടെ ശബ്ദം കേട്ടു.

''സ്വതന്ത്രമായി നടന്ന കിളിയെ പിടിച്ചു ഇത്രയും നാള്‍ കൂട്ടിലടച്ചിരിക്കുകയായിരിന്നു. ഇനിയവന്‍ സ്വതന്ത്രമായി പറക്കട്ടെ.''

അമ്മച്ചി വന്നപ്പോള്‍ വീടിനു ജീവന്‍ വച്ചെങ്കിലും തനിക്കു പൂര്‍ണ്ണമായ ജീവന്‍ ലഭിക്കണമെങ്കില്‍ ഒരു പങ്കാളി വരണം. അതു അമലായിയിരുന്നെങ്കില്‍. അനിശ്ചിതത്വത്തിന് വിരാമമിടാന്‍ എന്നാണ് കഴിയുക. അവളെ പ്രതീക്ഷിക്കണ്ട എന്നു പറഞ്ഞെങ്കിലും മനസ്സ് പ്രതീക്ഷയുടെ തുരുത്തില്‍ത്തന്നെ കഴിയുകയാണ്.

അവന്‍ മൊബൈലിലെ അമലയുടെ ഫോട്ടോയിലേക്കു നോക്കി ഇരുന്നു.

ചാരു കസേരയില്‍ കിടന്ന് അവന്‍ മയങ്ങി. അമ്മച്ചി വന്നു വിളിച്ചപ്പോഴാണ് അവന്‍ ഉണര്‍ന്നത്. 'ഗോവിന്ദന്‍ പറമ്പൊക്കെ നന്നായിട്ടാ ഇട്ടിരിക്കുന്നത്. ആത്മാര്‍ത്ഥതയുള്ളവനാ. മകന്റെ അസുഖം ഗോവിന്ദനെ നന്നായി വിഷമിപ്പിക്കുന്നുണ്ട്. ഗോവിന്ദന്റെ മോന്‍ അല്പം ക്ഷീണത്തിലാ. സുഖക്കേടു വന്നാല്‍ കുടുംബം തകരില്ലേ.''

''ഇപ്രാവശ്യം എനിക്കു പെന്‍ഷന്‍ കാശു കിട്ടുമ്പോള്‍ ഒരു പതിനായിരം ഗോവിന്ദനു കൊടുത്താലോ എന്നുണ്ട്.'' അമ്മച്ചി അവന്റെ അഭിപ്രായം ആരാഞ്ഞു.

''കൊടുക്കമ്മച്ചി. ഗോവിന്ദന്‍ ചേട്ടന് അതു വലിയ ആശ്വാസമാകും.''

ഉച്ചയൂണു കഴിഞ്ഞ് അവന്‍ പാട്ടു കേട്ടു കിടന്നു. അമ്മച്ചി കിടക്കാനായി അമ്മച്ചിയുടെ മുറിയിലേക്കുപോയി.

ഉറക്കമുണര്‍ന്ന അമ്മച്ചി അവന്റെ മുറിയിലേക്കു ചെന്നു

അവന്‍ മുറി ഭംഗിയായി അടുക്കിലും ചിട്ടയിലും സൂക്ഷിച്ചിരിക്കുന്നതു കണ്ട് അവര്‍ പുഞ്ചിരിയോടെ നിന്നു.

''അപ്പോള്‍ നിനക്ക് അടുക്കും ചിട്ടയുമൊക്കെ അറിയാം. ഇല്ലേ. ഈ മുറി ഇതുപോലെയൊന്നു കാണാന്‍ ഞാനെത്ര കൊതിച്ചിട്ടുണ്ട്. ഞാന്‍ അടുക്കിത്തരും പിറ്റേ ദിവസം നീ അത് മേക്കോ എന്ന് ആക്കിത്തരും.

അവന്‍ പുഞ്ചിരി തൂകി. മറുപടിയൊന്നും പറഞ്ഞില്ല.

''ഇതേതാ ഈ ക്രൂശിതരൂപം?'' മേശപ്പുറത്തിരുന്ന ക്രൂശിതരൂപം കൈയിലെടുത്ത് അമ്മച്ചി ചോദിച്ചു.

''അത് ആ കൊന്ത തന്ന നേഴ്‌സ് തന്നതാ.'' അവന്‍ ഒട്ടും താല്പര്യമില്ലാത്ത പോലെ പറഞ്ഞു.

''നിനക്കിതവള്‍ തരാനുള്ള കാരണം. അവള്‍ വേറെ ആര്‍ക്കെങ്കിലും കൊന്തയും ക്രൂശിത രൂപവും കൊടുത്തോ?''

''അതെനിക്കറിയില്ല. എനിക്കു തന്നു. ഞാന്‍ മേടിച്ചു.'' അവന്‍ അമ്മച്ചിയുടെ നേരേ നോക്കാതെ പറഞ്ഞു.

''ചില സഭക്കാര്‍ അവരുടെ കൂടെ ആളെ ചേര്‍ക്കാനായി ഇങ്ങനെ ചില വേലകളൊക്കെ ചെയ്യാറുണ്ട്.''

''ഏയ്. ഇതങ്ങനെയൊന്നുമല്ല. അവള്‍ നമ്മുടെ സഭയില്‍പ്പെട്ടവളാ.''

''അപ്പോള്‍ നിനക്കെല്ലാം അറിയാം. നീ നേരേയൊ ന്നു നോക്കിക്കേ.''

അമ്മച്ചിയുടെ നില്പും ചോദ്യവും കണ്ടപ്പോള്‍ അവനു ചിരി വന്നു. അവന്‍ ചിരിച്ചുകൊണ്ട് അമ്മച്ചിയെ നോക്കി.

''അവള്‍ വേറെയെന്തെങ്കിലും നിനക്കു തന്നോ?'' അമ്മച്ചി ചോദിച്ചു.

''വേറെയൊന്നും എനിക്കു തന്നില്ല. അതെന്താ ചോദിച്ചത്.''

''വല്ല ചങ്കും കരളും തന്നോന്നറിയാന്‍...''

''ഈ അമ്മച്ചിയുടെ ഒരു കാര്യം.'' അവന്‍ ചിരിച്ചു.

''അവളു കല്യാണം കഴിച്ചതാണോ, കാണാനെങ്ങനെ?''

''കാണാന്‍ തരക്കേടില്ല.''

''ചുമ്മാ ഉരുണ്ടു കളിക്കാതെ കാര്യം പറയടാ ചെറുക്കാ. നിന്റെ ഈ സ്വഭാവമാ നിന്നെ ഇവിടം വരെ എത്തിച്ചത്. അതു നിനക്കറിയാമോ? ഇനിയെങ്കിലും ആണുങ്ങളേപ്പോലെ വര്‍ത്തമാനം പറ. നീ എന്താ ഇങ്ങനെ ആയിപ്പോയത്. അപ്പച്ചനും ഞാനുമൊക്കെ ഇങ്ങനെ ഏതെങ്കിലും കാര്യത്തിന് ഉരുണ്ടു കളിക്കുന്നത് നീ കണ്ടിട്ടുണ്ടോ?''

''അയ്യോ അമ്മച്ചി ഞാന്‍ പറയാം. അവള്‍ കാഴ്ചയ്ക്കു തരക്കേടില്ല. ജനറല്‍ ഹോസ്പിറ്റലിലെ നേഴ്‌സാ. കല്യാണം കഴിച്ചിട്ടില്ല. വലിയ സാമ്പത്തിക മൊന്നുമില്ല. അപ്പനും അമ്മയും മരിച്ചുപോയി. ഒരു ആങ്ങള മാത്രം. എനിക്കവളെ ഇഷ്ടമായി. അവള്‍ക്ക് എന്നെയും ഇഷ്ടമാ. പക്ഷേ, അവളുടെ ആങ്ങള ഒരു കല്യാണത്തിനും സമ്മതിക്കില്ല. അവളുടെ ശമ്പളം കൊണ്ടാ അങ്ങേരു കഴിയണത്.''

അവന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി.

''അതിന് അവളുടെ ശമ്പളം ആങ്ങള എടുത്തോട്ടെ. നമുക്കു പെണ്ണിനെ മതി.''

''അതിനൊന്നും അവള്‍ സമ്മതിക്കില്ല. കല്യാണം വേണ്ടെന്നു തന്നെയാ പറയണത്.''

''കല്യാണം വേണ്ടാന്നു പറയണ പെണ്ണിന്റെ പുറകേ നടക്കുന്നതെന്തിനാടാ?''

അവന്‍ മൊബൈലില്‍ അമലയുടെ ഫോട്ടോ കാണിച്ചു കൊടുത്തു.

''മ്ഊം മിടുക്കിയാ. ആരോഗ്യമന്ത്രിയുടെ കോംപ്ലിമെന്റൊക്കെ കിട്ടയല്ലോ.'' അമ്മച്ചി പറഞ്ഞു.

''അവളുടെ നാടെവിടെയാ. വീട്ടുപേര്?'' അമ്മച്ചി ചോദിച്ചു.

''അതു ഞാന്‍ ചോദിച്ചില്ല.''

''ഇങ്ങനെയൊരു കെഴങ്ങന്‍ പ്രേമിക്കാന്‍ നടക്കണു.''

''ആട്ടെ. ഈ കല്യാണം നടന്നില്ലെങ്കില്‍ നിനക്കു വെഷമമാകുമോ?'' അമ്മച്ചി ചോദിച്ചു.

''വിഷമമാകും. അവളോട് എന്തോ താത്പര്യം കൂടുതല്‍ തോന്നുന്നു.''

''എങ്കില്‍ നാളെ നമ്മള്‍ അവളെ കാണാന്‍ പോകുന്നു. രണ്ടിലൊന്നു തീരുമാനിക്കുന്നു.

''അയ്യോ അമ്മച്ചി നമ്മള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ചെന്നാലോ. സാവകാശം മതി.''

''പിന്നെ മുന്നറിയിപ്പ്. എന്നു പറഞ്ഞാല്‍ യുദ്ധം ചെയ്യാന്‍ പോകുവല്ലേ. നാളെ രാവിലത്തേക്ക് റെഡിയായേക്കണം. ഞണാപിണാ പറഞ്ഞാല്‍ എന്റെ സ്വഭാവം മാറും. പറഞ്ഞേക്കാം.''

അമ്മച്ചി മുറിവിട്ടുപോയി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org