കാവല്‍ മാലാഖമാര്‍ : No. 16

കാവല്‍ മാലാഖമാര്‍ : No. 16

സ്‌നേഹസദനില്‍ നിന്നു പുറപ്പെട്ടതേ റോബി പറഞ്ഞു, ''അപ്പച്ചനെ അടക്കിയിരിക്കുന്ന പള്ളിയിലേക്കുള്ള വഴി അമ്മച്ചി പറഞ്ഞുതരണം.''

''ദേ കാണുന്നതല്ലേ പള്ളി. നമ്മള്‍ പോവുന്ന വഴിക്കു തന്നെയല്ലേ.''

പള്ളിയുടെ താഴെയുള്ള പലചരക്കു കടയില്‍നിന്നും അവന്‍ രണ്ടു തിരിയും ഒരു തീപ്പെട്ടിയും വാങ്ങി.

പള്ളിയും പരിസരവും വിജനമായി കിടന്നു. വലിയ പള്ളിയും വലിയ സെമിത്തേരിയും. സെമിത്തേരിയില്‍ കൂടുതല്‍ കല്ലറകളായിരുന്നു. സെമിത്തേരിയുടെ പിന്‍വശത്തായി ഒരു മണ്‍കൂന.

''കല്ലറ വേണോന്ന് എന്നോട് അവര്‍ ചോദിച്ചിരുന്നു. ഞാന്‍ പറഞ്ഞു വേണ്ടാന്ന്. നമ്മുടെ ഇടവകപ്പള്ളി സെമിത്തേരിയില്‍ കല്ലറ മേടിച്ചിട്ടുണ്ടല്ലോ. പക്ഷേ അവിടെ കിട ക്കാന്‍ അപ്പച്ചനു യോഗമില്ലാതെയായിപ്പോയില്ലേ.''

അമ്മച്ചി സംസാരിക്കുന്നതു കുറ്റപ്പെടുത്തിയാണോ എന്നവന്‍ സംശയിച്ചു. അവന്‍ അമ്മച്ചിയെ നോക്കി. ''ഞാന്‍ നിന്നെ കുറ്റപ്പെടുത്തിയതല്ല.'' അവര്‍ അവന്റെ കൈയില്‍ പ്പിടിച്ചു.

''കുറച്ചു കഴിയട്ടെ. അപ്പച്ചന്റെ ഭൗതികാവശിഷ്ടം നമുക്ക് ഇവിടെ നിന്നും കൊണ്ടുപോയി നമ്മുടെ കല്ലറയില്‍ അടക്കാം.''

അപ്പച്ചന്റെ കബറിടത്തിങ്കല്‍ അവന്‍ തിരികള്‍ കത്തിച്ചു. അവര്‍ പ്രാര്‍ത്ഥിച്ചു.

മനുഷ്യാ നീ പൊടിയാകുന്നു. പൊടിയിലേക്കു മടങ്ങുമെന്ന് ഓര്‍ത്തുകൊള്ളുക. മനുഷ്യജീവിതം പുല്‍ ക്കൊടിക്കു തുല്യമാകുന്നു. ചുടുകാറ്റടിക്കുമ്പോള്‍ അതു വാടിപ്പോകുന്നു. മനുഷ്യന്‍ നിക്ഷേപങ്ങള്‍ കൂട്ടു ന്നു. അതാര്‍ക്കുവേണ്ടിയാണെന്ന് അറിയുന്നില്ല.

മനുഷ്യജീവിതം ഇങ്ങനെയാണ്. എന്നു മരിക്കും എങ്ങനെ മരിക്കും എവിടെ അന്ത്യനിദ്രകൊള്ളും എന്നൊക്കെ തീരുമാനിക്കുന്നത് ദൈവം തെന്നയാണ്. കല്ലറ വാങ്ങിയിരിക്കുന്നിടത്ത് കിടക്കാന്‍ സാധിച്ചെന്നു വരികയില്ല. മനുഷ്യന്‍ വരുന്നതും പോവുന്ന തും തനിയെ ആണ്. ഹ്രസ്വമായ ജീവിതത്തില്‍ വഴക്കി നും വിദ്വേഷത്തിനും സമ യം ചിലവഴിക്കുന്ന മനുഷ്യന്‍ ജീവിതം ആസ്വദിക്കു ന്നുണ്ടോ? ശരിക്കും പറഞ്ഞാല്‍ വെറും വിഡ്ഢിയല്ലേ മനുഷ്യന്‍. മനുഷ്യന്‍ ബുദ്ധിമാനായി നടിക്കുന്നു. ഒരു കീടാണുവിന്റെ മുന്നില്‍ അവന്‍ നിസ്സഹായനാണെന്ന് തെളിയിച്ചില്ലേ...

മനുഷ്യന്റെ അഹങ്കാരത്തിനേറ്റ അടികണ്ട് മറ്റു ജീവികള്‍ ചിരിക്കുന്നുണ്ടാവും.

സെമിത്തേരിയുടെ വശത്തായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു കൂറ്റന്‍ പനച്ചിമരം. ഈ പള്ളിക്കും സെമിത്തേരിക്കും ഒത്തിരി വര്‍ഷത്തെ പഴക്കമുണ്ട്.

കണ്ണുകള്‍ തുടച്ച് അമ്മച്ചിയുടെ കൈപിടിച്ച് സിമിത്തേരിയുടെ പുറത്തേക്കു നടന്നു.

ചെറിയ കാറ്റടിക്കുന്നു ണ്ട്. കിഴക്കു മലമുകളില്‍ മേഘങ്ങള്‍ സഞ്ചരിക്കുന്നു. ''അപ്പച്ചന്റെ കുര്‍ബാനയ്ക്കുള്ള പൈസയൊക്കെ ഈ പള്ളിയിലെ അച്ചന്റെ കൈയില്‍ കൊടുത്തിട്ടുണ്ട്. പതിമൂന്നു ദിവസത്തെ ഒപ്പീസിനുള്ള പൈസയും കൊടുത്തിരുന്നു.''

''ഞാനത് അമ്മച്ചിയോ ടു ചോദിക്കാന്‍ തുടങ്ങുകയായിരുന്നു.''

അവര്‍ കാറിലേക്കു കയറി. മഴ പെയ്യാന്‍ തുടങ്ങി.

''മഴയ്ക്കുമുമ്പ് സെമിത്തേരിയില്‍ നിന്നും പുറത്തിറങ്ങിയതു നന്നായി.'' അമ്മച്ചി പറഞ്ഞു.

''ഇനി എന്താ നിന്റെ പ്ലാന്‍.'' അമ്മച്ചി ചോദിച്ചു.

''ഇനി ഞാന്‍ അമേരിക്കയ്ക്കു പോവുന്നില്ല അമ്മച്ചി. ഇവിടെ നമ്മുടെ പറമ്പും കാര്യങ്ങളുമൊക്കെയായി കഴിഞ്ഞാ മതി.''

''അതു നല്ല കാര്യം. അതിനേക്കാഴിഞ്ഞും പ്രധാനമാ നിന്റെ കല്യാണം.''

''അതു നമുക്ക് ആലോചിക്കാന്‍ അമ്മച്ചി. ഇനിയും സമയമുണ്ടല്ലോ.''

അവന്‍ ഒഴിഞ്ഞു മാറുന്നതു പോലെ കൊച്ചുത്രേസ്യാമ്മയ്ക്കു തോന്നി.

''നിനക്കു പ്രായമേറി വരികയാ. എത്രയും നേര ത്തേ ആകുന്നോ അത്രയും നല്ലത്. നമുക്കു ജോലിക്കാരികളെയൊന്നും വേണ്ട. വീട്ടില്‍ നമ്മുടെ കാര്യങ്ങളൊക്കെ നോക്കി നടത്താന്‍ പ്രാപ്തിയുള്ള ഒരു പെണ്ണ്. എന്നും കരുതി കുടുംബപ്രാരാബ്ധം അവളുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്ന് അവള്‍ക്കു തോന്ന രുത്. ഇന്നത്തെക്കാലത്ത് ആരും പെണ്‍മക്കളെ പ്രാരാബ്ധം ചുമക്കാന്‍ വിടുകയില്ല.''

''എല്ലാവരും പൊന്നുപോലെയാ പെണ്‍മക്കളെ വളര്‍ത്തുന്നത്. ഏക്കറു നോക്കാനൊന്നും ഒരു പെണ്ണും വരികയില്ല. ഏക്കറു കൂടുംതോറും പെണ്ണിനെ കിട്ടാന്‍ പാടാ. പത്തു സെന്റും വീടും കാറും ജോലിയുമുള്ള ചെറുക്കനെയാണ് പെണ്ണുങ്ങള്‍ നോക്കുന്നത്. ഭാരം വഹിക്കാന്‍ ആരും തയ്യാറല്ല. കാര്‍ന്നോന്മാരില്ലാത്ത വീട്ടിലെ ആലോചനയാ പെണ്ണുങ്ങള്‍ക്കിഷ്ടം.''

അമ്മച്ചി പറയുന്നതു കേട്ടതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

''ഒരു കല്യാണം നിന്റെ പെങ്ങടെ ഇഷ്ടത്തിനു നടത്തിയില്ലേ. ഇനി നീ ആരുടെ ഇഷ്ടവും നോക്കണ്ട. നിന്റെ ഇഷ്ടം നോക്കിയാല്‍ മതി. നീയാ പെണ്ണി ന്റെ കൂടെ ജീവിക്കേണ്ടത്.''

''ഒരു മകന്റെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ എനിക്കെന്തു സങ്കല്പങ്ങളുണ്ടായിരുന്നു.'' അമ്മച്ചി തേങ്ങി.

''അമ്മച്ചി കരയുന്നതെന്തിനാ. അതൊന്നും സാരമില്ലമ്മച്ചി.''

''എനിക്കു നിന്നെ അറിയാം. സാരമില്ലെന്നു നീ പറയുമ്പോഴും നീ അനുഭവി ക്കുന്ന വേദന. സ്വന്തം കൂടപ്പിറപ്പിനെ വിശ്വസിച്ചെന്ന കുറ്റമേ നീ ചെയ്തുള്ളൂ. അവള് ഇങ്ങനെയായിപ്പോയല്ലോ. അവള് അമേരിക്കയില്‍ ചെന്നതില്‍പ്പിന്നെയാ ഇങ്ങനെ ആയിപ്പോയത്. ചിലപ്പോഴൊക്കെ ഞാനോര്‍ ക്കും. അത് എന്റെ മകളല്ല.വേറെ ആരുടെയോ മകളാണെന്ന്.''

''അവിടെ നിന്നു പൈസ തിരിച്ചുമേടിക്കാത്തതു നന്നായി. എനിക്കെപ്പോള്‍ വേണമെങ്കിലും പോകാമല്ലോ. അങ്ങോട്ട്.''

അവന്‍ വണ്ടി നിര്‍ത്തി.

''എന്താ വണ്ടി നിര്‍ത്തിയത്?''

''വണ്ടി തിരിക്കട്ടെ. അവിടെ കൊണ്ടാക്കിയേക്കാം.''

''തിരിക്കടാ വണ്ടി. നിനക്കു ചുണയുണ്ടെങ്കില്‍...'' അമ്മച്ചിയും മകനും ചിരിച്ചു.

അവന്‍ വണ്ടി വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു.

''കഴിഞ്ഞ ആഴ്ച ഒരു അപ്പനും അമ്മയും വന്നു. അവരു തന്നെ വന്നതാ. കാരണമെന്താണെന്നു വച്ചാല്‍, അവരു വീട്ടിലുള്ളതുകൊണ്ട് മകനു കല്യാ ണം നടക്കുന്നില്ലെന്ന്. പെണ്‍വീട്ടുകാര്‍ വരുമ്പോള്‍ ഇവരെ കാണും. കല്ല്യാണക്കാര് പിന്നെ പറയാമെന്നു പറഞ്ഞു പോകും. പിന്നെ ആ വഴിക്ക് ചെല്ലില്ല.''

''എന്റെ കല്യാണക്കാരു വരുമ്പോള്‍ അമ്മച്ചി നമ്മുടെ പത്താഴത്തിലൊളിച്ചോ. പത്താഴം പൊളിച്ചു കളയാത്തത് ഏതായും നന്നായി.'' അമ്മച്ചി ചിരിച്ചു.

''അതൊന്നും വേണ്ട. പുരാവസ്തുക്കള്‍ ഇഷ്ടപ്പെ ടുന്ന പെണ്‍കുട്ടികളുമുണ്ട്. അങ്ങനെയുള്ളവര്‍ മതി.'' അവന്‍ ചിരിച്ചു.

''ആ ഗോവിന്ദനോടൊന്നു പറയണം ബ്രോ ക്കര്‍മാരോടു പറയാന്‍. പരസ്യമൊന്നും കൊടുക്കണ്ട. നമ്മളെ അറിയണ ആരെങ്കിലും വന്നെങ്കില്‍ അതായിരുന്നു നല്ലത്.''

''ഞാനിങ്ങു വന്നതല്ലേ ഉള്ളൂ. ഒന്നു ശ്വാസം വിടട്ടെ. കുറച്ചുനാള്‍ കഴിയട്ടെ.''

''ഞങ്ങളും കൂടി കാരണമാ നീ അമേരിക്കയ്ക്കു പോയത്. ഞങ്ങള്‍ പോകണ്ട എന്നു പറഞ്ഞിരുന്നെങ്കില്‍ നീ പോകില്ലായിരുന്നു. ഞങ്ങള്‍ക്കതറിയാം. നിന്റെ ഭാവി ഇവിടെ നിന്നു മുരടിച്ചുപോകണ്ട എന്നു കരുതിയാ പൊക്കോട്ടെ എന്നു വച്ചത്. ചില കാര്‍ന്നോന്മാര് അവിടെയിരുന്ന് മക്കടെ കുറ്റം പറയും. അപ്പച്ചന്‍ അതേ സമയം മക്കടെ രണ്ടുപേരുടെയും ഗുണമല്ലാതെ ദോഷമൊ ന്നും പറഞ്ഞിട്ടില്ല. സാന്ദ്ര എന്തെല്ലാം ചെയ്തു. അപ്പച്ചന്‍ ഒന്നും പറയുകയുമില്ല; എന്നേക്കൊണ്ട് പറയാനും സമ്മതിക്കില്ലായിരുന്നു.''

സന്ധ്യ ചേക്കേറാന്‍ തുടങ്ങിയപ്പോഴേക്കും അവര്‍ വീട്ടിലെത്തി.

ഗോവിന്ദനും ജാനുവും അയല്‍വീടുകളിലെ ഒന്നു രണ്ടു പേരും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.

എല്ലാ മുഖങ്ങളിലും ചിരിയും സന്തോഷവും എല്ലാവരോടും അമ്മച്ചി ചിരിച്ച് കുശലം ചോദിച്ചു.

അമ്മച്ചി മുറ്റത്തുനിന്ന് വീട് വീക്ഷിച്ചു. അമ്മച്ചിക്ക് തൃപ്തിയായെന്ന് ആ മുഖം വിളിച്ചറിയിച്ചു.

വരാന്തയിലെ അപ്പച്ചന്റെ കസേരയില്‍ പിടിച്ച് അമ്മച്ചി നിന്നു.

കാപ്പി കുടിക്കുന്നതിനു മുമ്പായി അമ്മച്ചി എല്ലാ മുറികളിലും കയറിയിറങ്ങി.

''എല്ലാം നന്നായിട്ടാ ഇട്ടിരിക്കുന്നത്. എനിക്കു സന്തോഷമായി.''

അപ്പച്ചനില്ലാത്ത ബെഡ്‌റൂമിലേക്കു കാലെടുത്തു വച്ചപ്പോള്‍ അമ്മച്ചിയുടെ കണ്ണുകള്‍ നിറയുന്നതു കണ്ടു.

ബെഡ്‌റൂമിലെ ചുവരില്‍ അപ്പച്ചന്റെ ചിരിക്കുന്ന ഒരു ഫോട്ടോ അലങ്കരിച്ചുവച്ചിരുന്നു.

''നന്നായിട്ടുണ്ട്. എല്ലാം അറിഞ്ഞു ചെയ്യാന്‍ നീ പഠിച്ചു തുടങ്ങി.''

കുളികഴിഞ്ഞു വന്ന് അവര്‍ പ്രാര്‍ത്ഥനയ്ക്കിരു ന്നു. ''ഇതേതാ ഈ കൊന്ത, നിന്റെ കൈയിലിരിക്കുന്നത്. ഇതു പുതിയതാണല്ലോ.''

''അതു ഞാന്‍ ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ ഒരു നെഴ്‌സ് തന്നതാ.''

''ഇപ്പോള്‍ ഇങ്ങനെ ഭക്തിയുള്ള നെഴ്‌സുമാരുണ്ടോ?'' അമ്മച്ചിയുടെ ചോദ്യത്തിനു മറുപടിയൊന്നും പറഞ്ഞില്ല.

''എന്റെ വീട്ടിലും ഒരു നെഴ്‌സുണ്ടല്ലോ. അതുകൊണ്ടു പറഞ്ഞുപോയതാ.'' അമ്മച്ചി മകള്‍ സാന്ദ്രയെ ഓര്‍മ്മിച്ചു.

''അവള്‍ക്കിപ്പം പ്രാര്‍ത്ഥനയും കുര്‍ബാനയും ഒന്നും കാണില്ല. അവളേക്കഴിഞ്ഞും വലിയ മുതലുള്ളവരുടെ അധഃപതനം കണ്ടേച്ചാ ഞാന്‍ വരുന്നത്. മുകളിലേക്കു പോകുംതോറും എല്ലാവരുടേയും ഓര്‍മ്മ ഒരിക്കലും താഴേക്കു വരില്ലെന്നാ. ഒരു ഉയര്‍ച്ചയ്ക്ക് എന്തായാലും ഒരു താഴ്ചയുണ്ടാകും.''

അമ്മച്ചി നെടുവീര്‍പ്പിച്ചയച്ചുകൊണ്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

''കര്‍ത്താവിന്റെ മാലാഖ... പരിശുദ്ധ മറിയത്തോടു വചിച്ചു....''

(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org