കാവല്‍ മാലാഖമാര്‍ : No. 15

കാവല്‍ മാലാഖമാര്‍ : No. 15

റോബിയുടെ ദിവസങ്ങള്‍ പൊതുവെ വിരസമായിരുന്നു. എന്തോ ഒന്നിന്റെ കുറവ് അവന്‍ അനുഭവിച്ചു. വിരസത കൊണ്ട് അസ്വസ്ഥത നിറയുമ്പോള്‍ അമലയുടെ ഫോട്ടോ കാണും അവന്‍.

തലേന്ന് റോബി ഓള്‍ഡ് ഏജ് ഹോമിലേക്കു ഫോണ്‍ ചെയ്ത് അമ്മയെ കൊണ്ടുവരാന്‍ വരുന്ന കാര്യം പറഞ്ഞിരുന്നു.

ഡ്രൈവ് ചെയ്യുമ്പോള്‍ അവന് ക്ഷീണം തോന്നിയില്ല. അമ്മച്ചിയെ തിരിച്ചുകൊണ്ടുവരാനുള്ള യാത്രയായതുകൊണ്ടായിരിക്കും. മനസ്സ് ഉത്സാഹം കാണിക്കുന്ന കാര്യങ്ങള്‍ക്ക് ശരീരം പിന്‍തുണ നല്കുന്നു.

അമ്മച്ചിയേയും അപ്പച്ചനേയും ഓള്‍ഡ് ഏജ് ഹോമിലാക്കാന്‍ കൊണ്ടുപോയ യാത്ര അവന്‍ അനുസ്മരിച്ചു.

ചങ്കുപിടയുന്ന വേദനയോടെയാണ് അന്ന് അങ്ങോട്ടു ഡ്രൈവ് ചെയ്തത്. അപ്പച്ചനും അമ്മച്ചിയും ബാക്‌സീറ്റിലായിരുന്നു.

മൗനത്തിന്റെ പുറ്റിനുള്ളില്‍ക്കയറിയിട്ട് അവിടെത്തന്നെ കഴിച്ചുകൂട്ടി.

പോകുന്നവഴിക്കുള്ള കാഴ്ചകളേക്കുറിച്ച് അമ്മച്ചി മനഃപൂര്‍വ്വം അപ്പച്ചനോടു പറഞ്ഞുകൊണ്ടിരുന്നു. അപ്പച്ചന്റെ മൂളല്‍ മത്രം കേള്‍ക്കാമായിരുന്നു. സ്‌നേഹഭവനത്തില്‍ താമസിക്കുന്നതിന് ഞങ്ങള്‍ ക്കൊരു താല്പര്യകുറവുമില്ല എന്നു വരുത്തിത്തീര്‍ക്കാനുള്ള വൃഥാശ്രമം.

തൊഴുത്തിലെ പശുക്കളെപ്പോലും വിറ്റു കഴിയുമ്പോള്‍ ചെറുപ്പത്തില്‍ താന്‍ കരയുമായിരുന്നു. അപ്പച്ചനും അമ്മച്ചിയും എത്ര ആശ്വസിപ്പിച്ചാണു സമാധാനപ്പെടുത്തിയിരുന്നത്.

താന്‍ വന്ന് മാതാപിതാക്കളെ വീട്ടിലേക്കു കൊണ്ടുവരുമെന്ന വിവരം അറിഞ്ഞു തന്നെയാണ് അപ്പച്ചന്‍ പോയത്. അദ്ദേഹം വിവരമറിഞ്ഞു ആശ്വാസം കൊണ്ടിട്ടുണ്ടാവും. അത്രയെങ്കിലും ആശ്വസമായി.

ഭാഗ്യം കൊണ്ടാണ് ജനിച്ചു വളര്‍ന്ന വീടും പറമ്പും വിറ്റു പോകാതിരുന്നത്. സ്ഥലക്കച്ചവടം നടക്കാതിരുന്നത് നന്നായി. നടന്നിരുന്നെങ്കില്‍ ആ പണവും നഷ്ടപ്പെട്ടേനെ. യു.എസില്‍ ഒന്നുമില്ലാത്തവനായി തെണ്ടിത്തിരിഞ്ഞു നടന്നേനെ.

വീടും സ്ഥലവും ഉള്ളതുകൊണ്ട് തിരിച്ചുവരാനും അമ്മച്ചിയെയെങ്കിലും തിരികെ കൊണ്ടുവരാനും കഴിയുന്നുണ്ട്. കച്ചവടം നടക്കാതെ വന്നപ്പോള്‍ അന്നു ബുദ്ധിമുട്ടുണ്ടായെങ്കിലും ഇന്നത് അനുഗ്രഹമായി മാറി. ജീവിതത്തില്‍ പലതും ഇങ്ങനെ സംഭവിക്കാറുണ്ട്. ചില തടസ്സങ്ങള്‍ ഭാവിയില്‍ നമ്മുടെ നന്മയ്ക്കായി പരിണമിക്കും.

ഇതിനെയാണോ കാര്‍ന്നോന്മാരുടെ സുകൃതമെന്നു പറയുന്നത്.

പ്രകൃതിഭംഗികൊണ്ട് റോഡിനിരുവശവും നയനനാനന്ദകരമാണ്. ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്. ഇവിടെയാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും.

ഓരോ ദേശത്തും വ്യക്തികളുടെ ജീവിതവീക്ഷിണത്തിനു വ്യത്യാസമുണ്ട്. യുഎസില്‍ വിവാഹിതനാവുക കുട്ടികളുണ്ടാകുക. കുടുംബജീവിതം നയിക്കുക എന്നതിനൊന്നും പ്രാധാന്യം കല്പിക്കുന്നില്ല.

മാതാപിതാക്കളും മക്കളും തമ്മില്‍ വല്ലപ്പോഴും കാണുന്നു. മക്കള്‍ ഒരു കാലം കഴിഞ്ഞാല്‍പ്പിന്നെ വീടുകളിലേക്കു വരുന്നില്ല. അവര്‍ ക്കു വിവാഹിതരാകണമെന്ന ചിന്തയില്ല. സ്വന്തമായി ജോലി, പണം, അടിപൊളി ജീവിതം. ജീവിതത്തിലേക്ക് മറ്റൊരാളെ സ്വീകരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. അതവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കും.

നാട്ടില്‍വന്ന് വിവാഹം കഴിക്കണമെന്ന ചിന്തയോടുകൂടിയാണ് പോന്നത്. പുനര്‍ വിവാഹത്തിന് കമ്പോളത്തില്‍ മാര്‍ക്കറ്റ് കുറവാണെങ്കിലും ഈ ശ്രേണിയില്‍ നാട്ടിലും ഇഷ്ടംപോലെ ആള്‍ക്കാരുണ്ടെന്ന് അറിഞ്ഞിരുന്നു.

വലിയ ഡിമാന്റൊന്നുമില്ല. അത്യാവശ്യം വിദ്യാഭ്യാസമുള്ള കാണാന്‍ തെറ്റില്ലാത്ത ആള്‍. വിവാഹമോചിതയായാലും സാരമില്ല.

മനസ്സു പറയുന്നു. ഇനി അമലയ്ക്കു വേണ്ടി കാത്തിരിക്കണ്ട എന്ന്. എന്നാലും അവള്‍ മനസ്സിന്റെ അറകളിലെല്ലാം ചിരിച്ചുകൊണ്ടു നില്‍ക്കുന്നു.

ഉച്ചയോടുകൂടി സ്‌നേഹസദനത്തിലെത്തി. വണ്ടിയില്‍ നിന്നിറങ്ങി ചുറ്റുപാടും വീക്ഷിച്ചു. പ്രകൃതി രമണീയമായ സ്ഥലം.

പുതിയ ബില്‍ഡിംഗിന്റെ പണി നടക്കുന്നു. നാലഞ്ചു വര്‍ഷം മുമ്പു വരുമ്പോള്‍ ഇവിടെ ഇത്രയും ബില്‍ഡിംഗുകള്‍ ഇല്ലായിരുന്നു.

മനുഷ്യനു സന്മാര്‍ഗ്ഗബോധവും ഉപകാരസ്മരണയും നഷ്ടമായിരിക്കുന്നു.

കൂടുതല്‍ ഭൗതികനേട്ടങ്ങള്‍ ലഭിക്കുന്നതിനായി എന്തും ത്യജിക്കാന്‍ അവന്‍ തയ്യാറാണ്.

ആ ഓട്ടപ്പാച്ചിലില്‍ അവന്‍ നഷ്ടപ്പെടുത്തുന്നത് എന്താണെന്ന് അവന്‍ അറിയുന്നില്ല.

അപരനേക്കഴിഞ്ഞും ഭൗതികനേട്ടത്തില്‍ ജീവിക്കാനുള്ള വ്യഗ്രതയാണ് അവനെ നയിക്കുന്നത്.

ജീവിതപങ്കാളിയുടെ സ്‌നേഹവും മക്കളുടെ സംരക്ഷണവും ലഭിക്കാതെ ഏതെങ്കിലും സ്‌നേഹസദനില്‍ ജീവിതത്തിന്റെ സായാഹ്നം കഴിച്ചുകൂട്ടി ഒരു നല്ല മരണം പോലും അവനു ലഭിക്കുന്നില്ല.

ഒറ്റപ്പെടലിന്റെ തീവ്രമായ മാനസിക വ്യഥയനുഭവിച്ചു പിറകോട്ടു തിരിഞ്ഞു നോക്കി നെടുവീര്‍പ്പിട്ടു ജീവിതം നയിക്കുന്നവരുടെ എണ്ണം അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു.

റോബി പോര്‍ട്ടിക്കോയിലേക്കു കയറി കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തി.

വാതില്‍ തുറന്നത് മദ്ധ്യവയസ്‌ക്കയായ ഒരു സ്ത്രീയായിരുന്നു. അവരുടെ വേഷം സാരിയായിരുന്നു.

''എന്തായിരുന്നു.'' അവര്‍ ചോദിച്ചു.

''ഞാന്‍ അമ്മച്ചിയെ കാണാന്‍ വന്നതാ... കൊച്ചുത്രേസ്യാ...''

''കയറിയിരിക്കൂ... ഞാന്‍ മദറിനോടു പറയാം.''

റോബി പാര്‍ലറിലെ ചാരുബെഞ്ചില്‍ ഇരുന്നു.

ന്യൂസ്‌പേപ്പറെടുത്തു വെറുതെ നോക്കി. കണ്ണടവച്ച ഒരു സിസ്റ്റര്‍ അവിടേയ്ക്കു വന്നു. അഡ്മിഷന്‍ സമയത്ത് ഇവരായിരുന്നില്ല ഉണ്ടായിരുന്നത്.

അവര്‍ അപ്പച്ചന്റെ മരണത്തേക്കുറിച്ചു പറഞ്ഞു.

''വരൂ... നമുക്കു മുറിയിലേക്കു പോകാം.''

അവര്‍ക്കു പിന്നാലെ കോറിഡോറിലൂടെ നടന്നു. എല്ലാവരും യു.എസിലേക്കു പോകാന്‍ കൊതിക്കുമ്പോള്‍ എന്തുകൊണ്ട് യു.എസ്. ഉപേക്ഷിച്ചു എന്നവര്‍ ചോദിച്ചു.

ഇരുപത്തൊന്നാം നമ്പര്‍ മുറിയിലേക്കാണ് അവര്‍ അവനെ കൊണ്ടുപോയത്.

അവന്‍ അമ്മച്ചിയെ കണ്ടു. അമ്മച്ചി അവനെയും. അമ്മച്ചിയുടെ മുഖം സംഘര്‍ഷത്തില്‍ വലിഞ്ഞു മുറുകിയിരുന്നു. അമ്മച്ചി കെട്ടിപ്പിടിച്ചു കരഞ്ഞു. അവനും കരച്ചില്‍ വന്നു

സിസ്റ്റര്‍ ഭിത്തിയിലെ ക്രൂശിതരൂപത്തില്‍ നോക്കി നിന്നു.

അമ്മച്ചി നന്നേ ക്ഷീണിച്ചിരിക്കുന്നു. മുഖത്തെ ഞരമ്പുകള്‍ തടിച്ചു നില്‍ക്കു ന്നു. തലയിലെ മുടികള്‍ കൂടുതല്‍ കൊഴിഞ്ഞുപോയി. ഉള്ളമുടികളെല്ലാം വെളുത്തിരിക്കുന്നു.

''എന്നാലും എന്റെ മോന്‍ വന്നല്ലോ. അമ്മച്ചിക്കതു മതി. അപ്പച്ചന്റെ അടക്കിന് സ്വന്തക്കാരാരും ഇല്ലായിരുന്നു. കൊറോണ കാരണം. ആരോരുമില്ലാത്ത വനെപ്പോലെ അപ്പച്ചനു പോകേണ്ടിവന്നു. സാരമില്ല. ദൈവമറിയാതെയല്ലല്ലോ ഓരോന്നു സംഭവിക്കുന്നത്. എന്റെ പൊന്നു മോളു പോലും. അവള്‍ക്കു സമയം കിട്ടിയപ്പഴാ ഒന്നു വിളിച്ചത്.'' അവര്‍ കരച്ചിലിനിടെ പറഞ്ഞു.

''നീ ഉച്ചയാകുമ്പം വരുമെന്നു പറഞ്ഞതു കാരണം ഞാന്‍ ഒരു ഊണു കൂടി പറഞ്ഞു.''

അമ്മയും മകനും ഒരുമിച്ച് ഊണു കഴിച്ചു. അമ്മച്ചിയുടെ കൂടെ ഊണു കഴിച്ചിട്ട് എത്ര വര്‍ഷമായി.

''നീ ക്ഷീണിച്ചുപോയി. പനി പിടിച്ചതു കൊണ്ടായിരിക്കും. പിന്നെ നന്നായി മനഃപ്രയാസം ഉണ്ടല്ലോ.''

അതിനവന്‍ മറുപടിയൊന്നും പറഞ്ഞില്ല.

''ഇവിടെ കൊടുത്ത പൈസയൊന്നും അവര്‍ തിരിച്ചു തരുമെന്നു തോന്നുന്നില്ല. അങ്ങനെയാ നിയമമെന്ന് ഒരു സിസ്റ്റര്‍ എന്നോടു പറഞ്ഞു. പിന്നെ ഒന്നു ചോദിച്ചു നോക്ക്.'' അമ്മച്ചി പറഞ്ഞു.

''ഞാന്‍ ചോദിക്കുന്നില്ല. അവര്‍ തന്നാല്‍ മേടിക്കും. അത്രമാത്രം. അതിലൊന്നും കാര്യമില്ല.''

''നല്ല കറികളാണല്ലോ അമ്മച്ചി. ഇറച്ചിയും മീനുമുണ്ടേല്ലാ. ഇവിടത്തെ ഭക്ഷണം നല്ലതാണല്ലോ.''

''അതിപ്പോള്‍ പോവുകയാണല്ലോ എന്നോര്‍ത്തു തന്നതായിരിക്കും. ആഴ്ചയില്‍ ഒരു ദിവസം മീനും ഒരു ദിവസം ഇറച്ചിയും അതാ കണക്ക്. അവരെ പറഞ്ഞിട്ടു കാര്യമുണ്ടോ? എത്ര പേര്‍ക്ക് ഉണ്ടാക്കിയാലാ. ഓരോ ദിവസവും പുതിയ അഡ്മിഷന്‍ വരികയല്ലേ. അതും എത്ര എണ്ണം. പുതിയ കെട്ടിടങ്ങള്‍ പണിതു കൂട്ടുകയല്ലേ.''

''നമുക്കും ഒരു സ്‌നേഹഭവനം തുടങ്ങിയാലോ അമ്മച്ചി.''

''നീ തമാശ പറഞ്ഞതാണെങ്കിലും അല്ലെങ്കിലും നല്ല കാര്യമാ. സേവനവുമാ. അതോടൊപ്പം സാമ്പത്തിക നേട്ടവുമുണ്ട്.''

''എനിക്കു പ്ലാനില്ലാതില്ല. ഏതായാലും കുറച്ചു കഴിയട്ടെ.'' അപ്പച്ചന്റെയും അമ്മച്ചിയുടെയും സാധനങ്ങള്‍ ബാഗിലാക്കുമ്പോള്‍ അവന്‍ പറഞ്ഞു.

ചില അന്തേവാസികള്‍ കൊച്ചുത്രേസ്യാമ്മച്ചിയെ കാണാനായി മുറിയില്‍ വന്നു.

അവരില്‍ ചിലര്‍ റോബിയോടു കുശലം ചോദിച്ചു.

അമ്മച്ചി അവരോടെല്ലാം തികഞ്ഞ സന്തോഷത്തോടെ മകനെക്കുറിച്ചു പറഞ്ഞു.

''ചാപ്പലില്‍ ഒന്നു പ്രാര്‍ത്ഥിച്ചിട്ടു വരാം. നീ കൂടി വാ.''

മുറിക്കു പുറത്തിറങ്ങി നടന്നു.

ലളിതവും വൃത്തിയുള്ളതുമായ ചാപ്പല്‍. പ്രാര്‍ത്ഥനയ്ക്കു ശേഷം അവര്‍ മദര്‍ സുപ്പീരിയറിന്റെ മുറിയിലെത്തി. അവരോടു യാത്ര പറഞ്ഞു.

യാത്ര അയയ്ക്കാന്‍ അവരും ചില അന്തേവാസികളും പോര്‍ച്ചിലേക്കു വന്നു.

എല്ലാവര്‍ക്കും നേരേ കൊച്ചുത്രേസ്യാമ്മച്ചി കൈവീശി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org