കാവല്‍ മാലാഖമാര്‍ : No. 12

കാവല്‍ മാലാഖമാര്‍ : No. 12

രാവിലെ തന്നെ റോബി ഉണര്‍ന്നു. പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം ഇളം ചൂടുവെള്ളത്തില്‍ കുളിച്ചു. മുണ്ടും ഷര്‍ട്ടു മാണ് അവന്‍ ധരിച്ചത്.

ജീവിതത്തില്‍ ഇന്നുവരെയും അനുഭവിച്ചറിയാത്ത ഒരു വേദന വന്ന് ഗ്രസിക്കുന്നത് അവന്‍ അറിയുന്നുണ്ടായിരുന്നു. പ്രായം, പക്വത എന്നിവയൊക്കെ പറഞ്ഞു പുറമെ എങ്ങനെ പെരുമാറിയാലും മനുഷ്യ ന്റെ മനസ്സ് അവന്റെ ആഗ്രഹങ്ങള്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്തും.

സിസ്റ്റര്‍ വിലാസിനിയാണ് അന്നു രാവിലെ ഡ്യൂട്ടിക്കായി റോബിയുടെ മുറിയിലെത്തിയത്.

അവര്‍ റോബിയുടെ ടംപേച്ചറും ബി.പി.യും പള്‍സും ചാര്‍ട്ടില്‍ രേഖപ്പെടുത്തി.

''പനിയൊക്കെ പോയി. ഇന്നു വീട്ടില്‍പ്പോവുകയല്ലേ.''

''അതെ ഇന്നു പൊക്കോളാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. റൗണ്ട്‌സ് കഴിഞ്ഞു പോകും.'' അവന്‍ പറഞ്ഞു.

രാവിലത്തെ ഭക്ഷണം വന്നു. ഇഡലിയും സാമ്പാറും ചായയും. അവന്‍ തന്നെ ഇഡലിയും സാമ്പാറും പ്ലെയിറ്റിലേക്ക് എടുത്തു കഴിച്ചു.

'ഇവരുടെ ഭക്ഷണം എല്ലാ ദിവസവും നല്ലതായിരുന്നു. വീട്ടിലെ അമ്മച്ചിയുടെ ഭക്ഷണംപോലെ തന്നെ.'

പത്തുമണിക്കു മുമ്പായി ഹോസ്പിറ്റലിലെ സ്റ്റാഫ് പലരും വന്ന് അവന് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. അക്കൂട്ടത്തില്‍ രേഷ്മ ഉണ്ടായിരുന്നു.

രേഷ്മ ചിരിച്ചെങ്കിലും ചിരിയില്‍ വിഷാദം കലര്‍ന്നിരുന്നു.

അമല വേറെ റൂമില്‍ ഡ്യൂട്ടിക്കു കയറുമെന്നു പറഞ്ഞിരുന്നെങ്കിലും അവളെ ഒരിക്കല്‍ കൂടി കാണാന്‍ അവന്റെ മനസ്സ് വെമ്പി.

''അമല ഡ്യൂട്ടിക്കു കയറിയോ?''

അവന്‍ രേഷ്മയോടു ചോദിച്ചു.

''കയറിയെന്നു തോന്നുന്നു. കണ്ടില്ലല്ലോ.'

ഡോക്‌ടേഴ്‌സ് വന്നു. സാധാരണപോലെ അവര്‍ റോബിയെ പരിശോധിച്ചു.

''ഓള്‍റൈറ്റ്. ഇന്നു വീട്ടില്‍ പ്പോകാം. മൂന്നു ദിവസമായി പനിയൊന്നുമില്ല. വീട്ടില്‍ച്ചെന്നാലും അങ്ങനെ പുറത്തേക്കൊന്നും കുറച്ചു ദിവസത്തേക്ക് ഇറങ്ങേണ്ട. പനിയോ മറ്റോ അനുഭവപ്പെടുകയാണെങ്കില്‍ ഞങ്ങളെ വിളിക്കണം.'' ഫോണ്‍ നമ്പര്‍ അടങ്ങിയ ഡിസ്ചാര്‍ജ് സമ്മറി ഡോക്ടര്‍ അവന്റെ കൈയില്‍ കൊടുത്തു.

ഡോക്‌ടേഴ്‌സ് പോയിക്കഴിഞ്ഞപ്പോള്‍ അവന്‍ അവന്റെ സാധാനങ്ങള്‍ ട്രോളി ബാഗില്‍ അടുക്കി വച്ചു. തലേന്നു തന്നെ അവന്റെ ബാഗ് സ്‌റ്റോര്‍ റൂമില്‍ നിന്നും റൂമിലെത്തിച്ചിട്ടുണ്ടായിരുന്നു.

ഇനിയെന്തെങ്കിലും എടുക്കാനുണ്ടോ എന്ന് ഒന്നുകൂടി നോക്കിയവന്‍.

''ഇറങ്ങട്ടെ വിലാസിനി സിസ്റ്ററെ.'' അവന്‍ സിസ്റ്റര്‍ക്കു നന്ദി പറഞ്ഞ് ട്രോളി ബാഗുമായി നേരേ പോര്‍ച്ചിലേയ്ക്ക്.

സ്റ്റാഫംഗങ്ങളില്‍ ചിലര്‍ അവനെ യാത്രയാക്കാന്‍ കാത്തു നില്പുണ്ടായിരുന്നു പോര്‍ച്ചില്‍.

എല്ലാവര്‍ക്കും അവന്‍ പുഞ്ചിരി നല്കി.

ഏറ്റവും പിന്നിലായി പുഞ്ചിരി തൂകി നില്‍ക്കുന്നു അമല.

അവന്‍ അമലയ്ക്കു നേരെ കൈയുയര്‍ത്തി.

അവളും അവനു നേരേ കൈയുയര്‍ത്തി. തുറന്നു വച്ച ആംബുലന്‍സിലേക്ക് അവന്‍ കയറി. അവന്‍ എല്ലാവരുടേയും നേരേ കൈയുയര്‍ത്തി. ആംബുലന്‍സിന്റെ ഡോര്‍ അടഞ്ഞു. അവനെയും കൊണ്ട് ആംബുലന്‍സ് ഹോസ്പിറ്റല്‍ കവാടം കടന്ന് റോഡിലേക്കു കയറി.

റോബിയെ വീട്ടില്‍ എത്തിച്ചതിനു ശേഷം ആംബുലന്‍സ് മടങ്ങിപ്പോയി.

അറ്റകുറ്റപ്പണികളും പെയിന്റിംഗും കഴിഞ്ഞ് വീട് സുന്ദരിയായിരുന്നു. റോബി ന്യൂയോര്‍ക്കില്‍ നിന്നും പുറപ്പെടുന്നതിനു മുമ്പേ ഗോവിന്ദന്‍ ചേട്ടനെ വിളിച്ച് ഏര്‍പ്പെടുത്തി - വീടിന്റെ അറ്റകുറ്റപ്പണികളും പെയിന്റിംഗും നടത്തണമെന്ന്.

കാര്യസ്ഥന്‍ ഗോവിന്ദന്‍ ചേട്ടനും പറമ്പില്‍ പണിയുന്ന രണ്ടു മൂന്നു ബംഗാളി പണിക്കാരും അവിടെ ഉണ്ടായിരുന്നു.

എല്ലാവരുടെയും മുഖത്തു വിനയം. ''കുഞ്ഞേ, ഉണെടുത്തുവയ്ക്കാന്‍ ജാനുവിേനാടു പറയട്ടെ. കുഞ്ഞു രാവിലെ വിളിച്ചു പറഞ്ഞതുകൊണ്ട് ബീഫൊക്കെ ഉണ്ട്.''

''ഡൈനിംഗ് ടേബിളില്‍ എടത്തു വച്ചേക്കാന്‍ പറ ഞാന്‍ സമയം പോലെ എടുത്തു കഴിച്ചോളാം.''

''ഓ.''

അവന്‍ സിറ്റൗട്ടില്‍ നിന്നും ഡ്രോയിംഗ് റൂമിലേക്കു കയറി. അപ്പച്ചന്റെ ചാരുകസേര പോളീഷ് ചെയ്തു ഭംഗിയാക്കിയിരിക്കുന്നു.

എവിടെ പോയിട്ടു വന്നാലും അപ്പച്ചനൊരു പതിവു ചോദ്യമുണ്ട്.

''നീയെന്താ വൈകിയത്?''

''ഏയ് ഞാന്‍ നേരത്തേയല്ലേ.''

പലപ്പോഴും ചോദ്യം കേട്ട് ദേഷ്യം വന്നിട്ടുണ്ട്. ഇനി ആ ചോദ്യം ചോദിക്കാന്‍ ആരുമില്ല. അവന്റെ കണ്ണുകള്‍ നിറഞ്ഞു വന്നു വറുതെ അവന്‍ ചാരു കസേരയെ തഴുകി നിന്നു.

പുറത്തുപോയിട്ടു വരുമ്പോള്‍ കുടിക്കാനായി അമ്മച്ചി ഒരു ഗ്ലാസ് വെള്ളം ഡൈനിംഗ് ടേബിളില്‍ എടുത്തുവച്ചിരിക്കും. ദാഹമില്ലെങ്കിലും അതു കുടിച്ചിരിണമെന്നാ അമ്മച്ചിയുടെ പോളിസി.

അവന്‍ എല്ലാ മുറികളിലും കയറിയിറങ്ങി. എല്ലാം അടുക്കിലും ചിട്ടയിലുമാണ് വച്ചിരിക്കുന്നത്. അമ്മച്ചിയുടെ മനസ്സറിഞ്ഞ് ഗോവിന്ദന്‍ ചേട്ടനും ജാനുചേച്ചിയും പ്രവര്‍ത്തിച്ചിരിക്കുന്നു.

നാലു ബെഡ്‌റൂമാണ് വീടിനുള്ളത്. ഒന്ന് അപ്പച്ചനും അമ്മച്ചിക്കും. ഒന്ന് തനിക്ക്, ഒന്ന് ചേച്ചിക്ക്, ഒന്ന് ഗസ്റ്റ് റൂം. ചേച്ചിയുടെ മുറിയും ഗസ്റ്റ് റൂമും അങ്ങനെ തുറന്നിടാറില്ല. ആവശ്യം വരുമ്പോള്‍ മാത്രം തുറക്കും.

അമ്മച്ചിയുടെയും അപ്പച്ചന്റെയും മുറി ഒത്തിരി ഓര്‍മ്മകളുടെ നിലവറയാണ്.

കുശുമ്പും കുന്നായ്മയും ഇല്ലാത്ത മുറി. ആരുടെയും കുറ്റം ആ മുറിയില്‍ അവര്‍ പങ്കുവച്ചിരുന്നില്ല.

മക്കളുടെ വിദ്യാഭ്യാസത്തിന്റെ, അവരുടെ ആദ്ധ്യാത്മിക കാര്യങ്ങളുടെ, പാവങ്ങളെ സഹായിക്കുന്നതിന്റെ - എല്ലാ തീരുമാനങ്ങളും പുറത്തുവന്നത് അവരുടെ കൂട്ടായ്മയില്‍ നിന്നാണ്. അമ്മച്ചിയുടെ അപ്പച്ചന്‍ കൊടുത്ത ഒരു തടിെപ്പട്ടി. അതും പോളീഷ് ചെയ്തു ഭംഗിയാക്കിയിരിക്കുന്നു. അതുകണ്ടപ്പോള്‍ റോബിക്ക് കുട്ടിത്തത്തിന്റെ ആഹഌദം അപ്പച്ചനും അമ്മച്ചിക്കും ഒരേ വലിപ്പത്തിലുള്ള രണ്ടു കട്ടിലുകളാണ്. രണ്ടും ചേര്‍ത്തിട്ടാണ് അവര്‍ കിടന്നിരുന്നത്. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. അമ്മച്ചി വരുമ്പോഴേക്കും ഒരു കട്ടില്‍ മാറ്റി ഇടുകയായിരിക്കും നല്ലത്. അപ്പച്ചന്റെ കട്ടില്‍ കാണുമ്പോള്‍ അമ്മച്ചിക്കു വിഷമം കൂടും.

അതോ ആ കുട്ടില്‍ അവിടെ കിടക്കുന്നതായിരിക്കുമോ അമ്മച്ചിക്കു സന്തോഷം. അപ്പച്ചന്റെ അദൃശ്യസാന്നിദ്ധ്യം അമ്മച്ചിക്ക് അനുഭവിക്കണമെന്നുണ്ടെങ്കിലോ?

ഏതായാലും അമ്മച്ചി വന്നിട്ട് അമ്മച്ചിയോടു ചോദിച്ചിട്ട് അക്കാര്യത്തില്‍ തീരുമാനം എടുക്കാം.

കുരിശു വരയ്ക്കുന്ന മുറി.

രൂപക്കൂടു പോളിഷ് ചെയ്തിട്ടുണ്ട്. മാറാലപിടിച്ചിരുന്ന മരക്കുരിശ് വൃത്തിയാക്കിയിട്ടുണ്ട്.

ദ്രവിച്ചു തുടങ്ങിയ ഓശാന ഓല അവിടത്തന്നെയുണ്ട്.

അവന്‍ അമല തന്ന ക്രൂശിതരൂപവും കൊന്തയും രൂപപ്പടിയില്‍ വച്ചു.

കിഴക്കുവശത്തെ മുറിയാണ് സ്വന്തം മുറി. ജനല്‍ പാളികളില്‍ ഒരെണ്ണം തുറന്നിട്ടാല്‍ റോഡും റോഡില്‍ കൂടി പോകുന്ന ആളുകളെയും കാണാം.

കട്ടിലിനു തലയ്ക്കലേക്കു തലയണ ചാരിവച്ചു അതില്‍ ചാരിക്കിടന്നാല്‍ റോഡില്‍ കൂടി സ്‌കൂളിലേക്കും കോളേജിലേക്കും പള്ളിയിലേക്കും പോവുന്ന പെണ്‍കുട്ടികളെ കാണാം. റോഡില്‍ക്കൂടി പോവുന്നവര്‍ക്ക് ഇങ്ങോട്ടുള്ള ദൃശ്യം കിട്ടില്ല.

ഒരു ദിവസം അങ്ങനെ കിടന്നു കാണുമ്പോള്‍ അമ്മച്ചി അപ്രതീക്ഷിതമായി കയറി വന്നത്.

''നീ ഇനി ആ വശത്തേക്കു തല വച്ചു കിടക്കണ്ട. കിഴക്കോട്ടു തലവച്ചു കിടന്നാല്‍ മതി.''

ഡൈനിംഗ് റൂമിലെ ടേബിളില്‍ ജാനുച്ചേച്ചി ഉച്ചഭക്ഷണം തയ്യാറാക്കിയതു കൊണ്ടു വന്നു വയ്ക്കുക യാണ്. എല്ലാം അവര്‍ കാസറോളിലാക്കിയാണു വയ്ക്കുന്നത്. അവര്‍ കണ്ടതേ ചിരിച്ചു.

''ജാനുച്ചേച്ചി. സുഖമാണോ?''

''സുഖമാ. ഓ റോബിയും അമ്മച്ചിയുമൊന്നും ഇവിടെ ഇല്ലാത്തതു, കൊണ്ട് ഞങ്ങളാ വിഷമിച്ചത്. ഈ പറമ്പും വീടും കൊണ്ടല്ലേ ഞങ്ങള്‍ കഴിഞ്ഞു പോന്നത്.''

''ഇനിയിപ്പോള്‍ അമ്മച്ചിയും താമസിയാതെ വരും ചേച്ചി. അപ്പച്ചന്‍ മരിച്ചത് നിങ്ങളൊക്കെ അറിഞ്ഞു കാണുമല്ലോ. അല്ലേ?''

''അറിഞ്ഞു കൊച്ചേ, പേപ്പറിലുണ്ടായിരുന്നു. പിള്ളേരുടെ അച്ഛന്‍ സിറ്റിക്കു പോയേച്ചു വന്നപ്പോള്‍ പറയുവേം ചെയ്തിരുന്നു.''

ഡ്രസ്സ് മാറിയിട്ടു. കുളി കഴിഞ്ഞു വന്ന് ഭക്ഷണം കഴിച്ചു.

കിടപ്പുമുറിയില്‍ പുതിയ ബെഡും ഷീറ്റും വിരിച്ചു.

ഒന്നു മയങ്ങാനായി വെറുതെ കിടന്നു.

വെയിലാറിയപ്പോള്‍ മുറ്റത്തേക്കിറങ്ങി.

ഇടിഞ്ഞു വീഴാറായ തൊഴുത്ത്. ദ്രവിച്ചു തുടങ്ങിയ കോഴിക്കൂട്.

പട്ടികയെല്ലാം പോയി അസ്ഥികൂടം പോലെ നില്‍ക്കുന്ന വിറകുപര. നാലു കാലു മാത്രമുള്ള പട്ടിക്കൂട്. ആട്ടിന്‍കൂട് എവിടെയാണെന്നു പോലും അറിയാനില്ല.

സ്ഥലത്തിന് അഡ്വാന്‍സ് കിട്ടിക്കഴിഞ്ഞപ്പോള്‍ പശുക്കളെയും കോഴികളെയും ആടുകളെയും വിറ്റിരുന്നു. പട്ടി അതിനു മുമ്പേ ചത്തുപോയിരുന്നു.

ഇതൊന്നുമില്ലാത്ത ഈ വീട് വീടല്ല. എല്ലാം തിരിച്ചുകൊണ്ടുവരണം.

തൊടിയില്‍ നാടന്‍ ചാമ്പകളും ചീമ ചാമ്പകളും പേരകളും മാവുകളും. ഒന്നും വെട്ടിക്കളഞ്ഞില്ല. എല്ലാറ്റിലും ഫലങ്ങളുണ്ട്.

അണ്ണാറക്കണ്ണന്മാരും കിളികളും അവനെ കണ്ടപ്പോള്‍ സന്തോഷം പ്രകടിപ്പിച്ചു.

ഇവറ്റകള്‍ക്കും കൂടിയാണ് ഫലവൃക്ഷങ്ങള്‍ ഒന്നും വെട്ടിക്കളയാതെ നിര്‍ത്തിയത്.

പറമ്പില്‍ പടുകൂറ്റന്‍ ആഞ്ഞിലികളും പ്ലാവുകളും തേക്കുകളും.

ഓരോ ആവശ്യം വരുമ്പോഴും ആ അമ്മച്ചി പറയുമായിരുന്നു.

''നമുക്കു പടിഞ്ഞാറെ പറമ്പിലെ ആഞ്ഞിലി വില്‍ക്കാമെന്ന്.''

അപ്പച്ചന്‍ സമ്മതിക്കില്ല. ''തടി അവിടെ നിന്നു വളരട്ടെ'' എന്നു പറയും.

റബര്‍ റീപ്ലാന്റിന്റെ സമയത്ത് തടിക്കച്ചവടക്കാര്‍ പലരും വന്നതാണ്. നല്ല വില തരാം തടികള്‍ക്ക് എന്നും പറഞ്ഞു. കൊടുത്തില്ല.

ആഞ്ഞിലിയുടെ ചുവട്ടില്‍ക്കിടന്ന ഒരു ആനിക്കാവിളയെടുത്തു പൊളിച്ച് വായിലേക്ക് ഒരു ചുള ഇട്ടു. ഗൃഹാതുരമുണര്‍ത്തുന്ന രൂചി.

തണുത്ത കാറ്റടിക്കുന്നുണ്ട്. ഇവിടുത്തെ ഈ വായവും കാറ്റും പണം കൊടുത്താല്‍ കിട്ടുമോ?

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org