കാവല്‍ മാലാഖമാര്‍ : No. 11

കാവല്‍ മാലാഖമാര്‍ : No. 11

മോഹങ്ങളുടെ പിടിയില്‍ നിന്നും മനസ്സിനെ സ്വതന്ത്രമാക്കി തെളിഞ്ഞ മനസ്സോടെ വേണം ഇവിടെ നിന്നു പോകാനെന്നു റോബി നിശ്ചയിച്ചു.

വികാരങ്ങള്‍ക്കു കീഴ്‌പ്പെടാനുള്ള പക്വതയെത്താത്ത മനസ്സിന്റെ ഉടമയായി ഇനി മാറിക്കൂടാ.

ജീവിതത്തെ പോസിറ്റീവായി കണ്ട് മനസ്സിലുദിക്കുന്ന നെഗറ്റീവ് ചിന്തകളെ അപ്പപ്പോള്‍ നശിപ്പിച്ചു കളയണം.

അമല പറഞ്ഞത് ഓര്‍മ്മിക്കുന്നു. 'ഒരു കൊറോണയും മനസ്സിനെ ബാധിക്കാതെ നോക്കണം.'

''ഗുഡ്‌മോണിംഗ് മാഷെ.'' അമല സന്തോഷവതിയായി വന്ന് അവനെ അഭിവാദ്യം ചെയ്തു.

''ഗുഡ്‌മോണിംഗ് അമല. ഇന്നെന്താ പുതിയൊരു സംബോധന - ഒരു മാഷ് വിളി.'' അവന്‍ ചോദിച്ചു.

''ഇന്നങ്ങനെ വിളിക്കണമെന്നു തോന്നി. വിളിച്ചു. എന്താ മാഷ് വിളി ഇഷ്ടമല്ലേ?''

''അമല എന്തു വിളിച്ചാലും ഇഷ്ടമാ.'' അവന്‍ ചിരിച്ചു.

''എല്ലാ ടെസ്റ്റ് റിസല്‍ട്ടും വന്നു മാഷേ. എല്ലാം നെഗറ്റീവാ ഡോക്ടര്‍ വരുമ്പോള്‍ പറയും. ഇന്നോ നാളെയോ വീട്ടില്‍പ്പോകാം.'' എന്താ സന്തോഷമായില്ലേ?''

''സന്തോഷമായി.'' അവന്‍ ചിരിച്ചു.

അവള്‍ അവന്റെ ബി.പിയും ടെംപറേച്ചറും പള്‍സും നോക്കി ചാര്‍ട്ടില്‍ രേഖപ്പെടുത്തി.

ഡോക്‌ടേഴ്‌സ് റൗണ്ട്‌സിനായെത്തി. അവരെല്ലാം ചിരിച്ചു ആഹ്‌ളാദം പ്രകടിപ്പിച്ചാണ് വന്നത്.

''ടെസ്റ്റ് നെഗറ്റീവാ. നാളെ രാവിലെ വീട്ടില്‍ പ്പോകാം. ഇന്നലെ പനിച്ചില്ല. നമുക്ക് ഇന്നു കൂടി നോക്കിയിട്ടു നാളെ പോകാം. മെയിന്‍ ഡോക്ടര്‍ അവന്റെ തോളില്‍ തട്ടി പറഞ്ഞു.

''താങ്ക്‌യൂ ഡോക്ടര്‍.''

ഡോക്‌ടേഴ്‌സ് മുറിവിട്ടു പോയിക്കഴിഞ്ഞപ്പോള്‍ റോബി അമലയെ നോക്കി.

അമല അവനെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.

''ഇനി എന്നാ കാണു ക?'' അവന്‍ ചോദിച്ചു.

''ഇവിടെ വരുന്നവരെ വീണ്ടും ഇങ്ങോട്ടു കാണല്ലേ എന്നാ ഞങ്ങളുടെ പ്രാര്‍ത്ഥന.'' അവള്‍ ചിരിച്ചു.

''അതെന്താ?''

''അസുഖം ഭേദമായല്ലേ പോവുന്നത്. വീണ്ടും അസുഖമമായി ഇങ്ങോട്ടു വരല്ലേ എന്നല്ലേ പ്രാര്‍ത്ഥിക്കേണ്ടത്.''

''അതു ശരിയാ. എങ്കി ലും അമലയെ കാണണമെന്നു തോന്നിയാലോ?''

''അങ്ങനെ തോന്നലുണ്ടാകില്ല മാഷെ. കുറച്ചുദിവസത്തേക്കു തോന്നിയാ ലും അതു കഴിയുമ്പോള്‍ മാറിക്കൊള്ളും. നമ്മളൊക്കെ പ്രായവും പക്വതയുമുള്ളവരല്ലേ. കൗമാരക്കാരുടെ മനസ്സല്ലല്ലോ നമുക്കു വേണ്ടത്.'' അവള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

''അമലയുടെ കൊന്ത യും ക്രൂശിതരൂപവും എടുത്തോളൂ.'' അവന്‍ പറഞ്ഞു.

''അതു വേണ്ട മാഷെ. മാഷ് കൊണ്ടുപോയ്‌ക്കൊ. അതുവച്ച് പ്രാര്‍ത്ഥിക്ക്. നല്ല മിടുക്കിയായ ഒരു പെണ്ണി നെ പങ്കാളിയായി കിട്ടാന്‍. കല്യാണത്തിന് എന്നെ ക്ഷണിച്ചാല്‍ സന്തോഷകുറവൊന്നുമില്ല. പക്ഷേ ഡ്യൂട്ടിയില്ലാത്ത ദിവസമേ ഞാന്‍ വരൂ. ഡ്യൂട്ടി ഈസ് ഫസ്റ്റ്.'

'ആളിന്നു ഭയങ്കര ഹാപ്പി യാണല്ലോ ഒരു ശല്യം ഒഴിഞ്ഞു പോകുന്നതിന്റെ ആശ്വാസമായിരിക്കും ഇല്ലേ?'' അവന്‍ ചോദിച്ചു.

''പിന്നെ ഹാപ്പിയാകാതെ. ഒരു രോഗി രോഗം മാറി വീട്ടിലേക്കുപോവുമ്പോള്‍ രോഗം മാറിയവരേക്കഴിഞ്ഞും കൂടുതല്‍ സന്തോഷം ചിലപ്പോള്‍ ഞങ്ങള്‍ക്കു തോന്നും പ്രത്യേകിച്ചു മാഷിന്റെ കാര്യത്തില്‍. പോസിറ്റീവായിപ്പോയാല്‍ ഇതു വല്ലതുമാണോ സംഗതി. മാഷിന്റെ സ്വഭാവം തന്നെ മാറിപ്പോകില്ലേ. ഇതിപ്പോള്‍ ഞങ്ങള്‍ക്കു നല്ല ആശ്വാസമുണ്ട്. അങ്ങനെയാ ഓരോ രോഗിയുടെ കാര്യത്തിലും.''

അയാള്‍ കിടക്കയില്‍ വെറുതെ കിടന്നു.

ആശുപത്രിയും പരിസരവും നിശബ്ദതയുടെ ആവരണത്തിനുള്ളിലാണ്.

പുറത്ത് റോഡിലും വാഹനങ്ങള്‍ കുറവാണ്.

'അമ്മച്ചി അറിഞ്ഞിട്ടുണ്ടാകുമോ താന്‍ ഇന്ത്യയില്‍ വന്നെന്നും ഹോസ്പിറ്റലില്‍ ആണെന്നും അപ്പച്ചന്‍ മരിച്ചിട്ടും തിരിഞ്ഞു നോക്കാത്ത മകനായി അമ്മച്ചി തന്നെ കാണുന്നുണ്ടോ? ചേച്ചി പറഞ്ഞിരിക്കും താന്‍ നാട്ടിലുണ്ടെന്നും പനി ആയിട്ട് ആശുപത്രിയിലാണെന്നും. ചേച്ചിയുടെ കാര്യമാകുമ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല. ചിലപ്പോള്‍ പറഞ്ഞിട്ടുണ്ടാകില്ല.'

'ഓരോരുത്തര്‍ക്കും ഓരോ മനസ്സാണ് ആ മനസ്സിനനുസരണമായ രാജ്യവും ജോലിയും ജീവിതപങ്കാളിയുമാണ് ആവശ്യം. ചേച്ചിയുടെ മനസ്സല്ല തന്റേത്, ചേച്ചിയുടെ മനസ്സിനനുസരണമായ ജീവിത വിജയത്തിനു യു.എസും യു.എസിലെ ജീവിതരീതിയും ഉപകരിക്കും. തനിക്ക് ഇന്ത്യയുടെ ഭൂപ്രകൃതിയും ഇവിടുത്തെ ജോലിയും ഇവിടുത്തെ സ്ത്രീ മനസ്സുമേ പറ്റൂ.'

''ഇതെന്താ മാഷേ മൗനവ്രതം. എന്തെങ്കിലുമൊക്കെ പറ. ചുമ്മാ കിടക്കാതെ. നാളെ രാവിലെ പോകേണ്ടതല്ലേ. നാളെ രാവിലെ എനിക്ക് വേറെ റൂമിലായിരിക്കും ഡ്യൂട്ടി. ഞാന്‍ ചിലപ്പോഴേ ഇങ്ങോട്ടു വരൂ.''

അവന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു.

''അമ്മച്ചിയെ എന്റെ സ്‌നേഹാന്വേഷണം അറിയിക്കുക.''

''തീര്‍ച്ചയായും അറിയിക്കാം. അമല എന്നാ വീട്ടില്‍ പോകുന്നത്.'' അവന്‍ ചോദിച്ചു.

''അടുത്തയാഴ്ച അവസാനത്തോടെ മികവാറും പോകാന്‍ പറ്റിയേക്കും. ഇവിടുത്തെ സാഹചര്യവും സന്ദര്‍ഭവും നോക്കിയേ പറയാന്‍ പറ്റൂ.''

''വീട്ടില്‍ച്ചെന്നാല്‍ എങ്ങനെ സമയം ചെലവഴിക്കും.'' അവള്‍ ചോദിച്ചു.

''വീട്ടില്‍ച്ചെന്നാല്‍ വീട്ടിലൊരു ലൈബ്രറിയുണ്ട്. കുറച്ചു വായിക്കും. കുറച്ചുനേരം കൃഷിയിടത്തിലേക്കു പോവും. പിന്നെ കുറച്ചു നേരം പാട്ടുകേള്‍ക്കും. പിന്നെ കുറച്ചു നേരം പാടും.'' അവന്‍ അവളെ നോക്കി ചിരിച്ചു.

''പാടുമോ. എടാ കള്ളാ. നീ ഭയങ്കരനാണല്ലോ. ഇത്രയും ദിവസം അതേക്കുറിച്ചു മിണ്ടിയോ എന്നിട്ട് എന്നേക്കൊണ്ടു പാടിച്ചിരിക്കുന്നു. എന്റെ പൊട്ടപാട്ട് കേട്ടിട്ടെങ്കിലും ഒന്നു പാടണമെന്നു തോന്നിയിട്ടുണ്ടോ. ഇവിടെ ഒരു മൂളിപ്പാട്ടുപോലും കേട്ടില്ലല്ലോ.''

അവന്‍ പുഞ്ചിരിച്ചു.

''സംഗീതം പഠിച്ചിട്ടുണ്ടോ?''

''കുറച്ചൊക്കെ. യൂണിവേഴ്‌സിറ്റിയില്‍ ഫസ്റ്റ് കിട്ടിയിട്ടുണ്ട്.'' അവന്‍ വീണ്ടും ചിരിച്ചു.

''എന്റെ പൊന്നേ എനിക്കു വയ്യ. ചേട്ടാ. എനിക്കു വേണ്ടി ഒരു പാട്ടുപാട് ചേട്ടാ.'' അവള്‍ റിമിടോമിയുടെ ശബ്ദവും താളവും ഭാവവും കടമെടുത്തു.

അവന്‍ ചിരിച്ചു. പിന്നെ ചിരി നിര്‍ത്തി പാടി.

''ചന്ദ്രകളഭം ചാര്‍ത്തി യുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും...

...ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി....

...കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ...''

പാട്ടുതീര്‍ന്നപ്പോള്‍ അവന്‍ കണ്ണുകള്‍ തുടച്ചു. അവളും കണ്ണുകള്‍ തുടച്ചു.

''എന്തിനാ ചേട്ടാ കരഞ്ഞത്?''

''അതു നല്ല പാട്ടുകള്‍ പാടിക്കഴിയുമ്പോള്‍ ഞാന്‍ കരയും. നീയെന്തിനാ കരഞ്ഞത്.''

''നല്ല പാട്ടുകള്‍ കേട്ടാല്‍ ഞാന്‍ കരയും ചേട്ടാ. എത്ര നല്ല പാട്ടാ ചേട്ടന്റേത്. നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ചേട്ടനേക്കൊണ്ട് ഞാന്‍ എല്ലാ ദിവസവും പാടിച്ചേനേ... ചേട്ടന്റെ ഭാര്യ ഭാഗ്യമുള്ളവളാ. അവള്‍ക്ക് എല്ലാ ദിവസവും പാട്ടുകേള്‍ക്കാമല്ലോ?'' അവള്‍ കിലുകിലെ ചിരിച്ചു.

അവനും ചിരിച്ചു.

ഉച്ചഭക്ഷണമെത്തി. ചിക്കന്‍ ഫ്രൈഡ്‌റൈസും. വെജിറ്റബിള്‍ സാലഡും സോസും മിനറല്‍ വാട്ടറുമടങ്ങിയ പായ്ക്ക്.

അമല ടേബിളില്‍ എല്ലാം വിളമ്പി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഇടയ്ക്കിടെ അവന്റെ കണ്ണുകള്‍ അവളുടെ കണ്ണുകളുമയി ഇടഞ്ഞു. അപ്പോള്‍ അവള്‍ നോട്ടം മാറ്റി. അവന്റെ പ്ലേറ്റ് കുറേക്കൂടി അടുപ്പിച്ചു കൊടുക്കുകയോ ഗ്ലാസില്‍ വെള്ളമൊഴിച്ചുകൊടുക്കുകയോ ചെയ്തു.

''എന്നാലും എനിക്കതിശയം തീരുന്നില്ല. ഇത്രയും നന്നായിട്ടു പാടുമായിരുന്നിട്ട് ഇത്രയും ദിവസം ഒളിച്ചുവച്ചല്ലോ.''

''അതിനു ഞാന്‍ പാടിയിട്ട് ഇപ്പോള്‍ എത്ര വര്‍ഷമായി. യുഎസില്‍ മലയാളി സമാജത്തിന്റെ മീറ്റിംഗില്‍ നാലഞ്ചു വര്‍ഷം മുമ്പു പാടി. പിന്നെ ഇപ്പഴാ.''

''അന്നും ഈ പാട്ടാണോ പാടിയത്.'' അവള്‍ ചോദിച്ചു.

''അല്ല. അന്നു വേറെ പാട്ടാ.''

''ഇന്ന് ഈ പാട്ടുപാടാന്‍ കാരണം.''

''ഈ പാട്ടുപാടണമെന്നു തോന്നി. പാടി.

''മുമ്പ് എപ്പോഴെങ്കിലും ഈ പാട്ടു പാടിയിട്ടുണ്ടോ?'' അവള്‍ ചോദിച്ചു.

''ഇല്ല. ഈ പാട്ട് ഇഷ്ടമായിരുന്നു. ഇപ്പോള്‍ ഇവിടെ ഇതു പാടി. പാട്ടു പാടുമെന്നു നിശ്ചയിച്ചുറപ്പിച്ചിട്ടില്ലായിരുന്നല്ലോ.''

''മുമ്പൊരു ദിവസം ചേട്ടന്‍ പ്രസംഗിച്ചു. ഇപ്പോള്‍ പാടി എനിക്കു വയ്യ. പ്രസംഗംചേട്ടന്‍ . പാട്ടുചേട്ടന്‍. ചേട്ടന്‍ സര്‍വ്വകലാവല്ലഭനല്ലേ.'' അവള്‍ കിലുകിലെ ചിരിച്ചു.

''ഇനി വല്ല നമ്പറുമുണ്ടോ ചേട്ടാ കൈയില്‍.'' അവള്‍ ചോദിച്ചു.

അവന്‍ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. വേര്‍പാടിന്റെ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇരുവര്‍ക്കുമറിയാമായിരുന്നു.

ഹൃദയത്തിലെ മുറിപ്പാടില്‍ നിന്നും ഉടലെടുത്ത വേദന ശക്തിപ്രാപിക്കുന്നന്നത് ഇരുവരും അനുഭവിച്ചു.

'മഞ്ജൂ...'' സ്‌നേഹം മുഴുവന്‍ നിറച്ച് അവന്‍ വിളിച്ചു.

''എന്തോ...'' അവള്‍ വിധേയത്വത്തോടെ വിളി കേട്ടു.

''പോലീസുകാരനെ എന്റെ അന്വേഷണം അറിയിക്കണം.''

''അറിയിക്കാം മാഷെ.'' കണ്ണുകള്‍ നിറഞ്ഞു വരുന്നതവള്‍ അറിയുന്നുണ്ടായിരുന്നു.

''എനിക്കു പോകാന്‍ സമയമായി മാഷെ.'' അവള്‍ എഴുന്നേറ്റു.

''പാട്ടിനൊരു ബിഗ് സല്യൂട്ട്.'' അവള്‍ അവനെ സല്യൂട്ട് ചെയ്തു.

''താങ്ക്‌യൂ വെരി മച്ച് മഞ്ജൂ.'' അവന്റെ ശബ്ദം ഇടറിയിരുന്നു.

''ഞാന്‍ പോട്ടെ.''

അവള്‍ നടന്ന് വാതിലിനടുത്തെത്തി തിരിഞ്ഞു നിന്നു. മാസ്‌ക്കെടുത്തവള്‍ അവനെ നോക്കി ഹൃദ്യമായി ചിരിച്ചു. അവനും എഴുന്നേറ്റുനിന്ന് അവളെ നോക്കി ചിരിച്ചു.

അവള്‍ പുറത്തേക്കിറങ്ങി കതകടച്ചു. പിന്നയവള്‍ തേങ്ങി തേങ്ങി കരഞ്ഞു.

(തുടരും)

Related Stories

No stories found.