കാവല്‍ മാലാഖമാര്‍ : No. 13

കാവല്‍ മാലാഖമാര്‍ : No. 13

ആരോ കരയുന്ന ശബ്ദം കേട്ടാണ് റോബി വീടിനു മുന്നിലേക്കു ചെന്നത്.

തൊട്ടടുത്തു താമസിക്കുന്ന പരീതിന്റെ ഭാര്യ. അവര്‍ക്കു വയ്യാണ്ടായിരിക്കുന്നു. പരീതു മരത്തില്‍ നിന്നു വീണു മരിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി.

''കൊച്ച് അവിടെ പറമ്പില്‍ക്കൂടി നടക്കുന്നതു കണ്ടായിരുന്നു. അപ്പഴാ കൊച്ചു വന്നൂന്ന് അറിഞ്ഞത്.''

''മ്മടെ അപ്പച്ചന്‍ പോയല്ലോ മോനേ.'' അവര്‍ കരഞ്ഞു.

''അറ്റാക്കായിരുന്നു. ആരും പ്രതീക്ഷിക്കാത്ത സമയത്തായിപ്പോയി.''

''ന്റെ ജബാറിന് മസ്‌ക്കറ്റില് പോവാന്‍ വിസക്ക് കായ് തന്നത് മാഷാ.'' അവര്‍ വീണ്ടും കരഞ്ഞു.

അവരുടെ മകന്‍ ജബാറിന് മസ്‌ക്കറ്റില്‍ ജോലി ലഭിക്കാന്‍ അമ്പതിനായിരം രൂപ അപ്പച്ചന്‍ നല്കിയിരുന്നു. അത് ജോലികിട്ടി താമസിയാതെ തിരിച്ചു നല്കുകയും ചെയ്തു.

ഈ സ്ത്രീക്കുള്ള സങ്കടം പോലും ചേച്ചിയ്ക്കില്ലാതെ പോയല്ലോ.

''മോന്‍ എന്നാ ഇനി പൂവ്വാ.''

''ഞാന്‍ ഇനി പോവുന്നില്ല. ഇവിടെത്തന്നെയാ ഇനി. അമ്മച്ചിയെ അടുത്തയാഴ്ച കൊണ്ടു വരും.''

''നന്നായി.'' അവര്‍ നിറഞ്ഞ സന്തോഷത്തോടെ ചിരിച്ചു. ''ടീച്ചറമ്മ വരുമ്പോ വാരാം.''

അവര്‍ തോളില്‍ക്കിടന്ന മുണ്ടെടുത്ത് കണ്ണും മുഖവും തുടച്ച് എഴുന്നേറ്റു പോയി.

സന്ധ്യമയങ്ങിത്തുടങ്ങി. പറമ്പില്‍നിന്ന് ഗോവിന്ദന്‍ ചേട്ടനും പണിക്കാരും കയറി വന്നു.

സിറ്റൗട്ടിനു മുന്നിലെ നീളന്‍ വരാന്തയില്‍ കൂടെ വെറുതെ നടക്കുകയായിരുന്നു. ഇങ്ങനെയൊരു വരാന്ത അപ്പച്ചന്റെ ആശയമായിരുന്നു. പ്രകൃതിയുമായി കഴിയുന്നത്ര ഇണങ്ങാനേ അപ്പച്ചന്‍ ശ്രമിച്ചിട്ടുള്ളൂ. രാവിലെയും വൈകുന്നേരവും കവിഞ്ചി വരാന്തയിലിട്ട് പേപ്പറു വായിക്കുകയും കാറ്റു കൊള്ളുകയും ചെയ്തിരുന്നു അപ്പച്ചന്‍.

''കുഞ്ഞേ ഞാന്‍ വീട്ടില്‍പ്പോയിട്ടു വരാം.'' ഗോവിന്ദന്‍ ചേട്ടനെ സംശയത്തോടെ നേക്കി.

''കുഞ്ഞുതന്നെയല്ലേ ഉള്ളൂ. ഞാന്‍ തളത്തില്‍ കിടന്നുകൊള്ളാം.''

''അയ്യോ അതു വേണ്ട. ഞാന്‍ തനിയെ കിടന്നുകൊള്ളാം. ചേട്ടന്‍ വരണമെന്നില്ല.''

''ടീച്ചറു വരുവോളം ഞാന്‍ വരാം. അത്താഴം മേശപ്പുറത്തെടുത്തുവച്ചേച്ചാ ജാനു പോയിരിക്കുന്നത്. സമയമാകുമ്പോള്‍ കഴിച്ചിട്ടു കിടന്നോ.''

''അങ്ങനെയാകട്ടെ.''

ഗോവിന്ദന്‍ ചേട്ടന്‍ പോയിക്കഴിഞ്ഞപ്പോള്‍ കുറച്ചുനേരം ടി.വി. കണ്ടു. പിന്നീടു പോയി കുളിച്ചു.

അത്താഴം കഴിഞ്ഞു വെറുതെ സിറ്റൗട്ടില്‍ വന്നിരുന്നു.

ഈ പറമ്പു പത്തേക്കറേ ഉണ്ടായിരുന്നുള്ളൂ. നാലേക്കര്‍ പിന്നീടു അപ്പച്ചന്‍ വാങ്ങിയതാണ്.

മൂന്നു പേരുടെ സ്ഥലമാണ് വാങ്ങിയത്. ''ആരുടെയും മുതല്‍ വില കുറച്ചു നമ്മള്‍ വാങ്ങിച്ചെടുത്തെന്ന് അവര്‍ക്കു തോന്നരുത്.'' മറ്റുള്ളവര്‍ പറയുന്ന വിലയേക്കഴിഞ്ഞും കൂടുതല്‍ വില നല്കിയാണ് പുരയിടങ്ങള്‍ വാങ്ങിയത്. തന്നവരെല്ലാം തൃപ്തിയോടെയാണു തന്നത്.

നോക്കാനാളില്ലാതെ കിടന്ന പറമ്പാണെന്ന്ആരും പറയില്ല. ഒരു മാസം കൊണ്ട് കാടുകളെല്ലാം തെളിച്ച് പറമ്പു വൃത്തിയാക്കിയിട്ടുണ്ട്.

ഗോവിന്ദന്‍ ചേട്ടന്റെ കാര്യം കഷ്ടത്തിലാണ്. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചുേപായി. ഒരു മകന്‍ മാത്രമേ ഉള്ളൂ. മകന്റെ ഭാര്യയും രണ്ടു ചെറിയ കുഞ്ഞുങ്ങളും. മകനു കിഡ്‌നി പ്രോബ്‌ളം ഉണ്ട്. ഡയാലിസിസ് നടന്നു കൊണ്ടിരിക്കുന്നു.

ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മനുഷ്യരെല്ലാവരും ദുഃഖിതരാണ്. സാമ്പത്തിക പ്രശ്‌നം, ദാരിദ്ര്യം. ദാമ്പത്യത്തകര്‍ച്ച. അസുഖം ഏതെങ്കിലും ഒരു വകുപ്പ് ബാധിക്കാത്ത ഒരു മനുഷ്യനും ഇല്ലെന്നു തോന്നുന്നു.

അപ്പച്ചനും അമ്മച്ചിയും കൂട്ടിനില്ലാതെ ഈ വീട്ടില്‍ ആദ്യമാ.

കിടന്നാല്‍ ഉറക്കം വരുമെന്നു തോന്നുന്നില്ല. ബാഗിലെ സ്‌കോച്ച് അതേപടി ഇരിപ്പുണ്ട്. ബാഗ് തുറക്കുമ്പോഴൊക്കെ ''യൂസ്മീ, യൂസ്മീ'' എന്ന് നിലവിളിക്കുന്നുണ്ട്.

എന്തുകൊണ്ടോ അമലയ്ക്കു കൊടുത്ത വാക്കു നിരസിക്കാന്‍ തോന്നുന്നില്ല.

മദ്യം കഴിച്ചു ബോധമില്ലാതെ കിടന്നുറങ്ങുന്നതിലും ഭേദം ബോധത്തോടെ ഉറങ്ങാതെ അമലയേക്കുറിച്ചു ചിന്തിച്ചു കിടക്കുന്നതാണ്.

അവളിപ്പോള്‍ പകല്‍ ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങിയിട്ടുണ്ടാവുമോ?

ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നു ഗോവിന്ദന്‍ ചേട്ടന്റെ മകന്റെ കുഞ്ഞിന്റെ കരച്ചിലാണെന്നു തോന്നുന്നു.

ക്ലോക്കില്‍ മണി ഒന്‍പത് അടിക്കുന്നു. ''ഇപ്പോള്‍ അമ്മച്ചി ഉറങ്ങിയിട്ടുണ്ടാകില്ല. അമ്മച്ചിയെ വിളിക്കാന്‍ ഇനിയും വൈകിക്കൂടാ.''

അവന്‍ മൊബൈലെടുത്ത് അമ്മച്ചിയെ വിളിച്ചു.

ഫോണെടുത്തപ്പോള്‍ അമ്മച്ചിയുടെ കരച്ചിലാണ് ആദ്യം കാതിലെത്തിയത്.

''സമയത്ത് കാര്യങ്ങള്‍ തിരക്കാനോ അന്വേഷിക്കാനോ വരാനോ പറ്റിയില്ല അമ്മച്ചീ. അമ്മച്ചീ ക്ഷമിക്ക്.'' അവനും കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.

''സാരമില്ലെടാ. എനിക്കു നിന്നെ മനസ്സിലാക്കാന്‍ പറ്റും. ഞാന്‍ നിന്നെ മനസ്സിലാക്കിയില്ലെങ്കില്‍ പിന്നെ ആരാ മനസ്സിലാക്കുക.''

അവന്‍ ആശ്വാസനിശ്വാസമുതിര്‍ത്തു.

''നീ വീട്ടിലെത്തിയോ. അതോ ആശുപത്രിയിലാണോ പനി പോയില്ലേ. ഒന്നാമതിപ്പോള്‍ എല്ലായിടത്തും കോവിഡാ. ഞാന്‍ ഒരു പ്രാവശ്യം നിന്നെ വിളിച്ചിരുന്നു. ആശുപത്രിക്കാരാ പറഞ്ഞത് പനിയാണെന്ന്.''

''ഞാന്‍ ഇന്നു വീട്ടിലെത്തി അമ്മച്ചീ. എനിക്കു വെറും പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മച്ചിക്കു വിശേഷം വല്ലതും ഉണ്ടോ.''

അമ്മച്ചി വീണ്ടും കരഞ്ഞു.

''അപ്പച്ചന് ഒരു കുഴപ്പവും ഇല്ലായിരുന്നെടാ. പെട്ടെന്നല്ലേ അറ്റാക്കു വന്നത്. അപ്പച്ചന്‍ പയറുമണിപോലെ നടന്നതല്ലേ. ഓള്‍ഡ് ഏജ് ഹോമിലുള്ളവര്‍ പറയുമായിരുന്നു. അപ്പച്ചന്‍ യങാ, യങ് ആയിട്ടുള്ളവരുടെ സ്ഥലം ഇതല്ല എന്നൊക്കെ കളിയാക്കി പറയുമായിരുന്നു. പെട്ടെന്ന് അറ്റാക്ക് വരുമെന്ന് ആരറിഞ്ഞു. ഏതായാലും നീ വരും ഞങ്ങളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകും എന്നറിഞ്ഞു വലിയ സന്തോഷത്തിലായിരുന്നു.''

''നിന്നെ വിഷമിപ്പിക്കണ്ടല്ലോ എന്നോര്‍ത്തല്ലേ ഇവിടെ നല്ല സന്തോഷമാണ് എന്നൊക്കെ പറഞ്ഞത്. നിന്നോടൊരു പ്രത്യേക വാത്സല്യം അപ്പച്ചനുണ്ടായിരുന്നല്ലോ.''

''അമ്മച്ചിയെ കൊണ്ടു വരാന്‍ ഞാന്‍ താമസിയാതെ വരുന്നുണ്ട്.''

''നിന്റെ ക്ഷീണമൊക്കെ മാറിയിട്ടു വന്നാല്‍ മതി. ഓടിപ്പിടിച്ച് ഇങ്ങോട്ടു വരണ്ട.''

''ആയിക്കോട്ടെ അമ്മച്ചി. ഗുഡ്‌നൈറ്റ്.''

'ഗുഡ്‌നൈറ്റ്.'' അമ്മച്ചി ക്കു പിണക്കമൊന്നും ഇല്ലെന്നറിഞ്ഞപ്പോള്‍ അവനു സമാധാനമായി.

കുറെനേരം കൂടി സിറ്റൗട്ടിലിരുന്നു അവന്‍. പിന്നീട് അകത്തേ ക്കു കയറി.

അമല തന്ന ക്രൂശിതരൂപം എടുത്തവന്‍ മേശപ്പുറത്തു വച്ചു. അവള്‍ തന്ന കൊന്തയെടുത്തവന്‍ പ്രാര്‍ത്ഥിച്ചു.

പ്രാര്‍ത്ഥനയ്ക്കു ശേഷം കൊന്ത അവന്‍ തലയിണയ്ക്കു താഴെ വച്ച് ഉറങ്ങാന്‍ കിടന്നു.

അതും അവന് അമ്മച്ചി പഠിച്ചിച്ചു കൊടുത്തതാണ്. പ്രതിസന്ധികളും പ്രായസങ്ങളും ഒഴിഞ്ഞുപോകാനും ദുഃസ്വപ്നങ്ങള്‍ കാണാതിരിക്കാനും അമ്മച്ചിയുടെ വിദ്യ. ഇവിടെ നിന്നു പോകുവോളം അമ്മച്ചി അതു ചെയ്യുമായിരുന്നു. അമ്മച്ചി ഇടയ്ക്കുവന്നു തലയിണ പൊക്കി നോക്കുമായിരുന്നു.

''എവിടെടാ കൊന്ത?'' എന്നു ചോദിച്ചു ദേഷ്യെപ്പടും. മിക്കപ്പോഴും കൊന്ത കട്ടിലിനു താഴെ വീണു കിടക്കുന്നുണ്ടാവും. അതിന്റെ വക വേറെ വഴക്കും പിറകെയുണ്ടാവും. അതൊരു വല്ലാത്ത കാലമാണ്. ഒരിക്കലും തിരിച്ചുകിട്ടാത്ത കാലം. നൊസ്റ്റാള്‍ജിയ എന്നു പറയുന്നത് അതിനെയാവും. ആ ഒരു കാലത്തിന്റെ മനഃസുഖം പിന്നീട് ഒരിക്കലും ലഭിച്ചിട്ടില്ല.

രാത്രിയില്‍ അമലയുടെ കൊന്ത അവനെ ദുഃസ്വപ്നങ്ങളില്‍ നിന്നും കാത്തുരക്ഷിച്ചു. പക്ഷേ അവന്‍ വേറൊരു സ്വപ്നം കണ്ടു.

നിറയെ പൂക്കളുള്ള ഒരു പൂന്തോട്ടം. പൂന്തോട്ടത്തിനരികില്‍ ഒരു ജലധാര. ജലധാരയ്ക്കരികിലായി ഒരു ഊഞ്ഞാല്‍. ഊഞ്ഞാല്‍ പുഷ്പാലംകൃതമായിരുന്നു. ഊഞ്ഞാലില്‍ സര്‍വ്വാഭരണ വിഭൂഷിതയായി ഒരു രാജകുമാരി. കുതിരപ്പുറത്തുനിന്നും ഇറങ്ങി വരുന്ന രാജകുമാരന്‍ രാജകുമാരിക്കു മുത്തം നല്കുന്നു.

റോബി കണ്ണുകള്‍ തുറന്നു. ഇതെന്തു സ്വപ്നം. അവന്‍ ഓര്‍മ്മിച്ചെടുത്തു. ശരിയാണ് രാജകുമാരന് റോബിയുടെ മുഖവും രാജകുമാരിക്ക് അമലയുെട മുഖവുമാണ്.

റോബി വൈകിയാണ് ഉറക്കമുണര്‍ന്നത്. ഉണര്‍ന്നിട്ടും അവന്‍ കിടക്കയില്‍ത്തന്നെ കിടന്നു. രാത്രിയിലെ സ്വപ്നത്തെ ഓര്‍ത്തവന്‍ ചുമ്മാ പുഞ്ചിരിച്ചു.

ഗോവിന്ദന്‍ ചേട്ടന്‍ കോളിംഗ് ബെല്ലടിച്ചു. അവനെ വിളിച്ചുണര്‍ത്തി.

''എഴുന്നേല്ക്കാന്‍ വൈകിയതുകൊണ്ടാ ബെല്ലടിച്ചത്.'' ഗോവിന്ദന്‍ ചേട്ടന്‍ ക്ഷമാപണത്തോടെ ചിരിച്ചു.

''വൈകിയാ കിടന്നത്.''

ഒരു കടുംചായയുമായി സിറ്റൗട്ടിലിരുന്ന ന്യൂസ് പേപ്പറെടുത്തു.

പേപ്പറിന്റെ ഉള്‍പ്പേജില്‍ അമലയുടെ ഫോട്ടോ കണ്ട് അവന്‍ ആശ്ചര്യപ്പെട്ടു.

അമലയ്ക്ക് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം. എന്നാണു തലക്കെട്ട്.

ഇന്ത്യയിലെ ഏതു ഹോസ്പിറ്റലിലെ കോവിഡ് ബ്ലോക്കിലും എത്രകാലം വേണമെങ്കിലും ജോലി ചെയ്യാന്‍ സന്നദ്ധയാണെന്നറിയിച്ച ജനറല്‍ ഹോസ്പിറ്റലിലെ നേഴ്‌സ് അമലയെ ആരോഗ്യമന്ത്രി നേരിട്ടു ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

അഭിനന്ദനത്തിന് അമല ഷൈലജ ടീച്ചര്‍ക്ക് നന്ദി രേഖപ്പെടുത്തി.

റോബി ഒന്നു ചിരിച്ചു. സന്തോഷത്തോടെ. പിന്നെയവന്‍ അവളുടെ പേപ്പറിലെ ഫോട്ടോ മൊബൈലിലേക്കു പകര്‍ത്തി.

ഒരു ഫോട്ടോ പോലും കൈയിലില്ലാതിരിക്കുകയായിരുന്നു.

ഫോട്ടോ കൊള്ളാം. സുന്ദരിയാണ്. നല്ല ചിരിയൊക്കെയുണ്ട്.

അന്ന് റോബിയുടെ ആവശ്യങ്ങള്‍ക്കായി അവന്‍ ആവശ്യെപ്പട്ടതനുസരിച്ച് ഷോറൂമില്‍ നിന്നും ഒരു ഇന്നോവ കാര്‍ വന്നു. തല്‍ക്കാലം ഇതുമതി. പൈസ തടിവെട്ടുമ്പോള്‍ കിട്ടും. അപ്പോള്‍ പുതിയതു വാങ്ങാം.

(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org