കാവല്‍ മാലാഖമാര്‍ : No.5

കാവല്‍ മാലാഖമാര്‍ : No.5

റോബിയുടെ കഥ മുഴുവന്‍ കേള്‍ക്കുന്നിനു മുമ്പ് ഡ്യൂട്ടി സമയം അവസാനിച്ചതില്‍ അവള്‍ക്കു വിഷമം തോന്നി.

അവന്‍ തന്നെ വിശ്വസിക്കുന്നു. എത്ര ആത്മാര്‍ത്ഥതയോടെയാണ് അവന്‍ തന്നോട് അവന്റെ ജീവിതത്തെക്കുറിച്ചു പറയുന്നത്. അവന്‍ തന്നെ നല്ലൊരു സുഹൃത്തായി കാണുന്നുണ്ടാവും.

അമലയ്ക്കു ചിലപ്പോള്‍ ഉള്ളില്‍ ചിരിപൊട്ടും. വിവാഹിതയാണെന്നും പോലീസുകാരനാണ് ഭര്‍ത്താവെന്നൊക്കെ പറഞ്ഞ് അവനെ പറ്റിച്ചതില്‍. പാവം അതെല്ലാം നേരാണെന്ന് ഓര്‍ത്തിട്ടുണ്ടാവും.

അടുത്ത നിമിഷം അവള്‍ ചിന്തിക്കും. അങ്ങനെയൊന്നും പറയണ്ടായിരുന്നു. എന്നെങ്കിലും അവന്‍ സത്യം അറിഞ്ഞു കഴിയുമ്പോള്‍ തന്നേക്കുറിച്ച് എന്തു ചിന്തിക്കും. വേണ്ടായിരുന്നു. അങ്ങനെ പറയണ്ടായിരുന്നു. പക്ഷേ തന്റെ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്റെ വാളിനേക്കുറിച്ച് അവന് അറിഞ്ഞുകൂടല്ലോ. അതു തനിയ്ക്കല്ലേ അറിയൂ. അപ്പോള്‍ അങ്ങനെ പറഞ്ഞതില്‍ ഒരു തെറ്റുമില്ല.

ഇപ്പോള്‍ അവന്‍ തന്നെ നോക്കുന്നത് സ്‌നേഹത്തോടെയും താല്പര്യത്തോടെയുമാണ്. നോട്ടത്തിലും സംഭാഷണത്തിലും ഒരു ദുരുദ്ദേശ്യവും കാണാന്‍ കഴിയുന്നില്ല.

റോബിയുടെ മുറിയിലേക്ക് അന്നു ചെന്നപ്പോള്‍ അമലയുടെ കൈയില്‍ ഒരു ക്രൂശിതരൂപവും കൊന്തയുമുണ്ടായിരുന്നു.

തലേന്നത്തെ ഡ്യൂട്ടിസമയത്ത് അതു രണ്ടും അവന്‍ ആവശ്യപ്പെട്ടിരുന്നു.

അമലയ്ക്ക് അവന്‍ വിസ്മയമാകുകയായിരുന്നു. ആദ്യദിവസം അവന്‍ അമലയുടെ മനസ്സില്‍ വരച്ച അവന്റെ ചിത്രം അവന്‍ പാടേ മാച്ചുകളഞ്ഞിരിക്കുന്നു.

''മുമ്പ് എനിക്കു ചൂടുപനി വന്നപ്പോള്‍ അമ്മച്ചി മേശപ്പുറത്ത് ഒരു ക്രൂശിതരൂപം കൊണ്ടുവന്നു വച്ചു. എന്നിട്ട് കൈയിലൊരു കൊന്തയും തന്നു. ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും കൊന്തയെത്തിക്കാന്‍ ക്രൂശിതരൂപത്തെ നോക്കി പ്രാര്‍ത്ഥിച്ച് ആശ്വാസംകൊള്ളാനും ആവശ്യപ്പെട്ടു. അതുപോലെ ഇവിടെയും പ്രാര്‍ത്ഥിക്കാനായിട്ടാ രണ്ടും ആവശ്യപ്പെട്ടത്.

അവളുടെ എയര്‍ ബാഗിന്റെ ഒരു അറയില്‍ ഒരു ക്രൂശിതരൂപവും കൊന്തയും സൂക്ഷിച്ചിരുന്നു. അതാണ് അന്നവള്‍ അവനു കൊടുക്കാനായി കൊണ്ടുവന്നത്.

അവന്‍ കൃതജ്ഞതയോടെ അവളെ നോക്കി. മന്ദഹസിച്ച് ക്രൂശിതരൂപവും കൊന്തയും ഏറ്റുവാങ്ങി. ''എവിടന്നു സംഘടിപ്പിച്ചു ഇത്ര പെട്ടെന്ന്.'' അവന്‍ ചോദിച്ചു.

''രണ്ടും എന്റെ ബാഗിലുണ്ടായിരുന്നു.''

''അപ്പോള്‍ അമലയ്ക്കു വേണ്ടേ.''

''അതിനു നമുക്കു രണ്ടു പേര്‍ക്കും കൂടി ഇവിടെയിരുന്നു പ്രാര്‍ത്ഥിച്ചാല്‍ പ്പോരേ. വീട്ടില്‍പോകാന്‍ നേരത്ത് മറക്കാതെ തന്നിട്ടു പോണം.'' അവള്‍ ചിരിച്ചു കൊണ്ട് അവനെ നോക്കി.

''ഷുവര്‍.'' അവന്‍ ചിരച്ചു.

ഡോക്‌ടേഴ്‌സ് പതിവു പരിശോധനയ്‌ക്കെത്തി.

''എല്ലാം നോര്‍മല്‍. ഇടയ്ക്കു പനി ഉണ്ടാവുന്നുണ്ട്. അതു നോക്കാം നമുക്ക്. ആദ്യത്തെ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നോഗറ്റീവാ.'' ഡോക്‌ടേഴ്‌സ് സന്തോഷം പ്രകടിപ്പിച്ചു പുറത്തേക്കുപോയി.

''സന്തോഷമായില്ലേ.'' അവള്‍ റോബിേയാടു ചോദിച്ചു.

''പിന്നെ, അസുഖമില്ലെന്നറിയുമ്പോള്‍ ആര്‍ക്കാ സന്തോഷമാകാത്തത്.''

''എന്നാലും ആ ഉത്തരത്തില്‍ ഒരു സന്തോഷകുറവുണ്ടല്ലോ, മാഷേ.''

''ഇവിടെനിന്നു പോകു ന്ന കാര്യമോര്‍ക്കുമ്പോള്‍ സന്തോഷകുറവുണ്ട്.''

അവന്റെ മറുപടികേട്ട് അവള്‍ അവനെ കളിയാക്കുംപോലെ ചിരിച്ചു.

''ഇനിയും ഒരാഴ്ചയെങ്കിലും കഴിയാതെ പോകാന്‍ പറ്റില്ല. ഇനി രണ്ടു ടെസ്റ്റു കൂടി നെഗറ്റീവാകണം. ഹോസ്പിറ്റലില്‍ നിന്നു പോകാന്‍ മടിയുള്ള ഒരാളെ ഞാന്‍ ആദ്യം കാണുകയാ. എല്ലാവര്‍ക്കും ജയിലില്‍ കിടക്കുന്നതിലും വിഷമമാ ഹോസ്പിറ്റലില്‍ കിടക്കാന്‍.'' അവള്‍ പറഞ്ഞു.

''എല്ലാവര്‍ക്കും വീട്ടില്‍ വേണ്ടപ്പെട്ടവരുണ്ട്. എനിക്കാരാ വീട്ടിലുള്ളത്. എന്റേത് വീടല്ല. ഒരു കെട്ടിട മാണ്. ഒരാള്‍ മാത്രമുള്ളത് വീടായി എനിക്ക് അനുഭവപ്പെടുകയില്ല.'' അവന്റെ ശബ്ദത്തിന് നിരാശതയുടെ ഭാവമുണ്ടായിരുന്നു.

''അതിനു വീട്ടില്‍ച്ചെ ന്നിട്ട് അപ്പച്ചനെയും അമ്മച്ചിയെയും വിളിച്ചുകൊണ്ടുവരണം. നല്ലയൊരു പെണ്ണിനെ കെട്ടിക്കൊണ്ടുവരണം. അപ്പോള്‍ വീടു സ്വര്‍ഗ്ഗമാകില്ലേ.'' അവള്‍ കിലുകിലെ ചിരിച്ചു.

''ഓ, ഈ ചിരിയും ശബ്ദവും. എനിക്കാ പോലീസുകാരനോട് അസൂയ തോന്നുന്നു.''

അവള്‍ പൊട്ടിച്ചിരിച്ചു. അവളോടൊപ്പം അവനും ചിരിച്ചു.

''റോബിയുടെ കഥ ബാക്കി പറഞ്ഞില്ലല്ലോ.''

അവന്‍ ബാക്കി ജീവിതകഥ പറയന്‍ തയ്യാറായി.

''എവിടെയാ നമ്മള്‍ നിര്‍ത്തിയത്.'' അവന്‍ ചോദിച്ചു.

''കോട്ടും സൂട്ടുമൊക്കെയിട്ടു കുട്ടപ്പനായി പെണ്ണുകാണാന്‍ പോവുന്നത്.'' അവള്‍ പറഞ്ഞു.

''ങാ, ചേച്ചി കൊണ്ടുവന്ന ആലോചന. അളിയന്റെ പാര്‍ട്‌നറുടെ മകള്‍. ചേച്ചി പഠിപ്പിച്ച റിഹേഴ്‌സലൊക്കെ ഭംഗിയായി രംഗത്തവതരിപ്പിച്ചു. വെളുത്തു വിളറിയ ഒരു രൂപമായിരുന്നു പെണ്‍കുട്ടിക്ക്. എല്ലും തൊലിയും മാത്രം അതൊ ന്നും എനിക്കു ബുദ്ധിമുട്ടുണ്ടാക്കിയില്ല. അതുകൊണ്ടാണ് ഞാന്‍ വെരി നൈ സ് എന്നും ഹൗ ബ്യൂട്ടിഫുള്‍ യു ആര്‍ എന്നുമെല്ലാം വച്ചു കാച്ചിയത്.

കല്യാണത്തിനു ശേഷം ഭാര്യയുടെ തനിനിറം അറിഞ്ഞു. വീട്ടിലിരിക്കുന്നത് ഇഷ്ടമല്ല. പാര്‍ട്ടി, മീറ്റിംഗ്, ഷോപ്പിംഗ്, ഡിന്നര്‍ ഇത്യാദികളിലാ താത്പര്യമെന്നറിഞ്ഞു. ഇഷ്ടംപോലെ പണം. ബോയ്ഫ്രണ്ട്‌സ്.

ചേച്ചിയോടു പരാതി പറഞ്ഞു. ''നീയേതു യുഗത്തിലാ ജീവിക്കുന്നത്. നമ്മുടെ പട്ടിക്കാടല്ല ഇത്. ഇത് അമേരിക്കയാ. ഇവിടെ ഇങ്ങനെയൊക്കെയാ ജീവിതം. എന്നോടു പറഞ്ഞതു പറഞ്ഞു. ഇനി ആരോടും പറഞ്ഞ് നാണക്കേടുണ്ടാക്കല്ലേ.''

പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ടായിരുന്നു അമേരിക്കന്‍ സംസ്‌കാരത്തിനു യോജിച്ചവനല്ല ഞാന്‍. ഞാനൊരു കണ്‍ട്രിയാണെന്ന്.

മലയാളിക്ക് തനതായ ഒരു പൈതൃക സ്വഭാവമുണ്ടല്ലോ. പെണ്ണിന്റെ വീട്ടില്‍ പെണ്ണ് ഒറ്റ മകളും ഇഷ്ടംപോലെ സ്വത്തുമുണ്ടെങ്കിലും ഒന്നും ആവശ്യപ്പെടാതിരുന്ന് മാന്യത നടിക്കുക. എല്ലാം താനേ കൈയ്യില്‍ വന്നുകൊള്ളും.

കല്ല്യാണം കഴിഞ്ഞു ആറുമാസമായിട്ടും ഒന്നും കൈയില്‍ തടയാതെ വന്നപ്പോള്‍ ചേച്ചിയോടു തന്നെ അതേക്കുറിച്ചു ചോദിച്ചു.

''നീ ഇത്ര പൊട്ടനാണോ. അവരുടെ പ്രോപ്പര്‍ട്ടി മുഴുവനും നിനക്കുള്ളതാ. ക്ഷമ കാണിക്ക്. ചോദിക്കാതെ തന്നെ നിന്റെ അക്കൗണ്ടിലവര്‍ ഒരു കോടി ഡോളറെങ്കിലും ഇടും.'' ഞാന്‍ പ്രതീക്ഷയോടെ കാത്തിരുന്നു.

ഇതിനിടെ കുഞ്ഞുണ്ടായി. ഇനിയെങ്കിലുംം റിയ നേരെയാകുമെന്നു കരുതി. കാര്യങ്ങള്‍ ഒന്നുകൂടി വഷളായി. റിയ എന്നും നന്നായി മദ്യപിക്കാന്‍ തുടങ്ങി.

ഒരു ദിവസം അവള്‍ മദ്യലഹരിയില്‍ എന്നോടു ചോദിച്ചു. അവളുടെ അപ്പന്‍ തന്ന ഒരുകോടി ഡോളറിന്റെ കണക്ക്. ഞാന്‍ കണ്ണും വായും പൊളിച്ചു. മദ്യലഹരിയില്‍ അവള്‍ ചോദിക്കുന്നതാണെന്നാ ഞാന്‍ കരുതിയത്.

പിറ്റേന്നു രാവിലെയും അവള്‍ ഇത് ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ അപകടം മണത്തു.

ഞാന്‍ ഫിലാഡല്‍ഫിയയിലേക്കുപറന്നു. ചേച്ചിയെ കണ്ടു. കാര്യം പറഞ്ഞു. ചേച്ചി കൂളായി പറഞ്ഞു ഒരു കോടി ഡോളര്‍ തന്നെന്നുള്ളത് ശരിയാ, അതു ഞാന്‍ ചേട്ടന്റെ അക്കൗണ്ടിലേക്കാ ക്രെഡിറ്റ് ചെയ്തത്. കമ്പനിക്ക് പൈസയ്ക്ക് അത്യാവശ്യമായിരുന്നു. അതിനു നിനക്ക് കമ്പനിയുടെ ഷെയര്‍ തന്നേക്കാം. നിനക്കിപ്പോള്‍ പൈസയ്ക്ക് ആവശ്യമൊന്നുമില്ലല്ലോ.''

ഞാന്‍ പറഞ്ഞു, എനിക്ക് കമ്പനിയുടെ ഷെയറൊന്നും വേണ്ട പണം മതിയെന്ന്. അടുത്തമാസം തരാം രണ്ടു മാസം കഴിഞ്ഞു തരാം. അടുത്തവര്‍ഷം തരാം എന്നിങ്ങനെ മാറ്റിപ്പറഞ്ഞതല്ലാതെ എനിക്കു പൈസയൊന്നും തന്നില്ല.

റിയ ഡൈവോഴ്‌സിനു കേസ് കൊടുത്തു. അവള്‍ ക്ക് ഞാനുമായി ഒരു തരത്തിലും പൊരുത്തപ്പെട്ടുപോകാന്‍ ആവില്ലത്രേ. എന്നോടൊപ്പം താമസിച്ചാല്‍ കുഞ്ഞും കണ്‍ട്രി യായി വളരും പോലും.

അങ്ങനെ ഡൈവോഴ്‌സായി. അക്കൗണ്ടസ് സെറ്റില്‍ ചെയ്യാന്‍ ചേച്ചിതന്നെ മുന്‍കൈ എടുത്തു.

എല്ലാം കഴിഞ്ഞപ്പോള്‍ എനിക്കൊന്നുമില്ലാതായി. ആരുമില്ലാതായി. പിന്നെ ഞാനെന്തിന് അവിടെ തങ്ങുന്നു. അങ്ങനെയാണ് ഞാന്‍ നാട്ടിലേക്കു പോരേണ്ടി വന്നത്.

ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ചേച്ചിയുടെ മുഖത്തു നോക്കി നോ എന്നും യേസ് എന്നും പറയാനുള്ള തന്റേടം എനിക്കില്ലാതെ പോയി. ആണായാലും പെണ്ണായാലും ഒരു മനുഷ്യന് അവനവന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിന് യേസ് പറയേണ്ട സാഹചര്യത്തില്‍ യേസ് എന്നും നോ പറയേണ്ട സാഹചര്യത്തില്‍ നോ എന്നും തന്നെ പറയണം. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടതിനു ശേഷം ഞാനിങ്ങനെ പറയുന്നതില്‍ എന്താ അര്‍ത്ഥം.

അവന്റെ കഥ കേട്ടപ്പോള്‍ അമലയുടെ കണ്ണുകള്‍ നിറഞ്ഞുവന്നു അവനോട് അവള്‍ക്ക് അനുകമ്പയും സഹാനുഭൂതിയും അനുഭവപ്പെട്ടു.

''ഇന്നത്തെ പത്രത്തില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു.'' അവള്‍ അവനെ നോക്കി പറഞ്ഞു.

''എന്താണ്?''

''പൂനയിലെ കോവിഡ് ഹോസ്പിറ്റലായ നായിഡു ഹോസ്പിറ്റലിലെ ഛായ എന്ന നേഴ്‌സിനെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് സംസാരിച്ചു. അവളോടു ജോലിയില്‍ സന്തോഷവതിയാണോ എന്നു ചോദിച്ചു. വീട്ടുകാര്‍ക്ക് അവള്‍ ജോലിക്കു പോവുമ്പോള്‍ അവളോടുള്ള സഹകരണം എപ്രകാരമാണെന്നും ചോദിച്ചു. പിന്നെ പ്രധാനമന്ത്രി അവളെ അഭിനന്ദിച്ചെന്നുമാ വാര്‍ത്ത.''

''അമലയ്ക്ക് കോവിഡിനെ പേടിയില്ലേ?'' അവന്‍ ചോദിച്ചു.

''എനിക്കു കൊവിഡിനെ പേടിയാ. കൊവിഡ് ബാധിച്ച മനുഷ്യനെ പേടിയില്ല.''

''അമലയുടെ പോലീസുകാരന്‍ എങ്ങനെ നല്ല സ്‌നേഹമുള്ളവനാണോ?''

''എന്നെ വല്ല കാര്യമാ. നുള്ളി നോവിക്കില്ല. പൊന്നുപോലെ നോക്കും.'' അവള്‍ കിലുകിലെ ചിരിച്ചു.

''ഭാഗ്യവതി. ഒരു പാട്ടു പാടാമോ. ഒരു പാട്ടു കേള്‍ക്കാനുള്ള മൂഡ് ഉണ്ട്.''

''അങ്ങനെ തോന്നുമ്പം പാട്ടു വരില്ല മോനെ.''

''പ്രിയ ഗായികേ, നീ എനിക്കായി പാടൂ. ആ ഗാനത്തില്‍ ലയിച്ച് ഞാനെന്റെ ദുഃഖസാഗരങ്ങളെ മറികടക്കട്ടെ.'' അവന്റെ സംഭാഷണവും ആംഗ്യവും അവളെ ചിരിപ്പിച്ചു.

''ഞങ്ങളുടെ നേഴ്‌സുമാരുടെ ഒരു പാട്ടാ. കുഴപ്പമില്ലല്ലോ.''

''അതല്ലേ കേള്‍ക്കേണ്ടത്.''

അവള്‍ പാടി.

''രാത്രി പകലേതെന്നറിയാതെ

രോഗങ്ങള്‍ ആര്‍ത്തുവിളിക്കുമിടനാഴിയില്‍

എണ്ണയിട്ടോടുന്ന യന്ത്രമായി ഒടുവിലീ

മണ്ണില്‍ ഒടുങ്ങുന്ന ജന്മങ്ങളായ്

മരണം മണക്കുന്ന ചുവരിലെ

നിഴലിലൂടൊഴുകുന്ന വെള്ളരിപ്രാവുകളേ

അറിയില്ല. നിങ്ങള്‍ക്കറിയില്ല

നിങ്ങള്‍ക്കരികിലീ ശയ്യയില്‍ നാളേറെയായ്

അടയാത്ത കണ്ണുമായ്.. അമ്മയേപ്പോല്‍

പ്രിയ സോദരരേപ്പോല്‍ നിന്ന കാവളാളെ

അറിയില്ല.. നിങ്ങള്‍ക്കറിയില്ല....

പാട്ടുതീരാറായപ്പോള്‍ അവള്‍ തേങ്ങിപ്പോയി.

അവന്‍ അമ്പരപ്പോടെ അവളെ നോക്കി.

''ഈ പാട്ടു പാടിയാലും ഈ പാട്ടു കേട്ടാലും എന്റെ കണ്ണുകള്‍ നിറയും. ഞങ്ങളുടെ നേഴ്‌സ് സൈന്യത്തിന്റെ പാട്ടാ.''

''ശരിയാ ഒരു നേഴ്‌സ് എന്താണെന്നു വരച്ചുകാണിക്കുന്ന ഗാനം. പക്ഷേ എനിക്ക് എന്റെ കാവലാളെ അറിയാം. എനിക്ക് അമ്മയുടെ സ്‌നേഹം, ഒരു സഹോദരിയുടെ സ്‌നേഹം, ഒരു സുഹൃത്തിന്റെ സ്‌നേഹം പകര്‍ന്നു തരുന്ന അമല എന്ന കാവലാളെ ശരിക്കറിയാം. അതിനകത്തു ചേര്‍ക്കാന്‍ വിട്ടുപോയ ഒരു സ്‌നേഹമുണ്ട്. അതും കൂടി ചേര്‍ത്താല്‍ നന്നായിരുന്നു.'' കുസൃതിയോടെ അവന്‍ അവളെ നോക്കി.

''അതെന്തു സ്‌നേഹമാ?''

''അതു പറയില്ല. പറയാതെ അറിയുന്നതിലാ കാര്യം.'' അവന്‍ കുസൃതി വിടാതെ പറഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org