
അമല പറയുന്നതു കേട്ടുകൊണ്ടിരുന്നപ്പോള്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു എന്നതു ശരിയാണ് പക്ഷേ, ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അവള് പറയുന്നതിലും കാര്യമുണ്ടെന്നു തോന്നുന്നു.
അമേരിക്കയില്‍ എന്തുമാത്രം യുവജനങ്ങളാണ് വിവാഹത്തിനു പുറംതിരിഞ്ഞു നില്‍ക്കുന്നത്. വിവാഹമെന്ന ചിന്തയേ ഉദിക്കാ തെ ജീവിക്കുന്നവര്‍ ലക്ഷക്കണക്കിനാണ്. ഇന്നു നല്ലതെന്നു തോന്നുന്നതിനെ സ്വീകരിക്കുന്നു. നാളെയതു ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണെന്നു കണ്ടാല്‍ തിരസ്ക്കരിക്കുന്നു.
സ്ത്രീത്വത്തിനു നല്ലവില കല്പിക്കുന്നവളാണ് അമലയെന്നു മനസ്സിലായി. അവളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതില്‍ അവള് ബദ്ധശ്രദ്ധ ആണ്. മറ്റുള്ളവര്‍ തന്നേക്കുറിച്ചു എന്തു ചിന്തിക്കുന്നു. എന്തു സംസാരിക്കുന്നു എന്നതിനേക്കുറിച്ചു ചിന്തിച്ചു തലപുണ്ണാക്കാന്‍ അവള്‍ക്കു നേരമില്ല.
ഇങ്ങനെയൊരു വ്യക്തി യെ പ്രതീക്ഷിച്ചല്ലല്ലോ യാത്ര. എയര്പോര്ട്ടിലിറ ങ്ങി നേരേ വീട്ടിലേക്കു പോകാമെന്ന കണക്കുക്കൂട്ടലിലല്ലേ യാത്ര തുടങ്ങിയത്. ഇവിടെ അഡ്മിറ്റായി. ഇവിടെ നല്ല ട്രീറ്റ്മെന്റ് കിട്ടി. എല്ലാ നേഴ്സുമാരും നന്നായി പെരുമാറി.
ഒരാളോടു ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ പ്രത്യേക താല്പര്യം ഉണ്ടാ യി. അതു മനുഷ്യര്‍ക്കു സ്വാഭാവികമായി സംഭവിക്കക്കുന്നതാണ്. ഒരാള്‍ക്ക് ഇഷ്ടമാണെന്നറിയിച്ചു. അടുത്തയാള്‍ക്ക് അതില്‍ താല്പര്യമില്ലെന്നു പറഞ്ഞു.
ഇങ്ങനെയൊക്കെ ലോകത്തില്‍ സംഭവിക്കുന്നതാണ്. ഈ സംഭവത്തെ കെട്ടിപ്പിടിച്ച് വിഷമിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല.
റോബിയുടെ ചിന്തകള്‍ നീണ്ടുപോയി.
അമലയ്ക്ക് അവളുടെ സഹോദരനോടും കുടുംബത്തോടും നല്ല കടപ്പാടുണ്ടാവും.
പ്രണയത്തേക്കഴിഞ്ഞും കടപ്പാടിനു വില കല്പിക്കുന്നവര് എത്രയോ പേരുണ്ട്. മാതാപിതാക്കള്‍ ഒരു വശ ത്തും കാമുകന്റെ പ്രണയം മറുവശത്തും നിലയുറപ്പിക്കുമ്പോള്‍ മാതാപിതാക്കളുടെ സ്നേഹത്തിനു വില കല്പിച്ച് പ്രണയത്തെ തിരസ്ക്കരിക്കുന്നവര്‍ ഉണ്ട്.
തന്റെ സാഹചര്യവും അമലയുടെ സാഹചര്യവും വിഭിന്നമാണ്. അവളുടെ ജീവിതം അവള് രോഗികള്‍ക്കും കുടുംബത്തിനുമായി സമര്‍പ്പിച്ചവളാണ്.
താന്‍ സ്വാര്‍ത്ഥതയോ ടെ ചിന്തിക്കുന്നു. അമല തന്റേതാവണമെന്നും തന്നെ സ്നേഹിക്കണമെന്നും.
അവള് നല്ലവളാണ്. ഹൃദയശുദ്ധിയുള്ളവളാണ്. അവളോടു ബഹുമാനം കൂടിയിട്ടേ ഉള്ളൂ. പ്രണയ വാഗ്ദാനം രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ അവള് ഒരുക്കമാകാത്തതില് തന്റെ സ്വാര്‍ത്ഥ മനസ്സാണ് കുണ്ഠിതപ്പെടുന്നത്.
ജീവിതത്തില്‍ നല്ലൊരാ ളെ കണ്ടു. പരിചയപ്പെട്ടു. ഇഷ്ടം തോന്നി. ഇനി ജീവിതത്തിന്റെ അടുത്തപേജ് മറിഞ്ഞു വരികയാണ്.
എങ്കിലും ഹൃദയഭിത്തികളില്‍ ആരോ സൂചി മുന യ്ക്കു കുത്തുംപോലെ അവിടെ നിന്ന് രക്തം കിനിയുന്നു.
രേഷ്മ മുറിയിലേക്കു വരുമ്പോള്‍ റോബി ചിന്തയിലാണ്ടു കിടക്കുകയായിരുന്നു. അവന്റെ സ്വപ്നങ്ങള്‍ക്കു നിറംപകരാനുള്ള ചായക്കൂട്ട് നല്കാന് അമല യ്ക്കു കഴിയില്ലെന്ന് അവനറിഞ്ഞിട്ടുണ്ടാവും. അതാണ് ഈ കിടപ്പ്.
''സാറെന്താ ആലോചിക്കുന്നത്?'' രേഷ്മ ചോദിച്ചു.
''ഒന്നുമില്ല.'' അവന് എഴുന്നേറ്റിരുന്നു.
രേഷ്മയുടെ മുഖത്ത് ചിരി ഉണ്ടായിരുന്നെങ്കിലും അവളുടെ ശബ്ദത്തിന് തളര്‍ച്ചയായിരുന്നു.
''ഞാന്‍ അവളോട് ഒത്തിരി സംസാരിച്ചു നോക്കി സാറെ. അവള് അടുക്കുന്നില്ല.''
''അതു സാരമില്ല രേഷ്മ. ഇനി അതേക്കുറിച്ചു ചോദിക്കാന്‍ പോകണ്ട. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലേ?''
''അവള്‍ക്ക് സാറിനെ ഇഷ്ടമാണെന്നു പറഞ്ഞു. പക്ഷേ പേടിയാ പാവത്തിന് ആങ്ങളയെ. അയാള്‍ നേരത്തേ മുതല്‍ ഭീഷണി മുഴക്കുന്നതല്ലേ.''
''ഇനി പൊല്ലാപ്പിനൊ ന്നും പോകാന്‍ ഇഷ്ടമില്ല. രേഷ്മേ ഇത്രയും നാള് പ്രശ്നങ്ങളുടെ പിറകേ ആയിരുന്നു. ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കണം. ജീവിതം പഠിച്ചു വരുമ്പോഴേക്കും ജീവിതത്തിന്റെ സിംഹഭാഗവും തീര്‍ന്നിരിക്കും എന്നുപറയുന്നത് എത്ര ശരിയാ.''
ഉച്ചയൂണു വന്നപ്പോള്‍ അവള് ഭക്ഷണം മേശപ്പുറത്തു വിളമ്പി വച്ചു.
അയാള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രേഷ്മ ഒരു മാസിക വായിച്ചുകൊണ്ടിരുന്നു.
''രേഷ്മ ഇനി എന്നു വീട്ടില്‍പ്പോകും.'' അയാള്‍ ചോദിച്ചു.
''കോവിഡിന്റെ പ്രോട്ടോക്കാള്‍ അനുസരിച്ചേ പോ കാന്‍ പറ്റൂ. എന്നാണെന്നറിയില്ല. പോകാന്‍ അനുവദിക്കുന്ന ആദ്യദിവസം തന്നെ പോവും. പിള്ളേരേം അങ്ങേരേം കണ്ടിട്ടു കുറച്ചു ദിവസങ്ങളായില്ലേ.''
''വീഡിയോ കോളിലൂടെ കാണാമല്ലോ. രേഷ്മയ്ക്കു വീഡിയോ വിളിച്ചുകൂടേ.''
''അതിനൊക്കെ ചിലപ്പോള്‍ സമയം കിട്ടും പകലൊക്കെ പുള്ളിക്കു ഡ്യൂട്ടിയുണ്ടാവും. രാത്രി വൈകിയല്ലേ വരുന്നത്. ഞാനപ്പോള്‍ വിളിച്ചു ശല്യപ്പെടുത്തണ്ട എന്നു വിചാരിക്കും. എന്നും ഡ്യൂട്ടി ഉണ്ട്. രാവിലെ പിള്ളേര്‍ക്കുള്ള ഭക്ഷണം ശരിയാക്കി വച്ചിട്ടല്ലേ പോവുന്നത്. ഇപ്പോള്‍ എന്റെ ഭാഗവും കൂടി അങ്ങേര് അഭിനയിക്കണ്ടെ. സ്നേഹമൊക്കെയുണ്ട് സാറെ. പിന്നെ കുടി അധികമായിപ്പോയാല്‍ ആളുപിശകാണെന്നേ ഉള്ളൂ.''
''ഓ. അങ്ങനെയുണ്ട്. ഇല്ലേ.''
''ങാ വല്ലപ്പോഴും.''
''എനിക്ക് രേഷ്മയുടെ നമ്പര്‍ ഒന്നു തരണം കേട്ടോ. അമലയുടെ ഞാന്‍ അമലയോടു വാങ്ങിക്കോളാം.''
''അയ്യോ. സാറെ അത് കോവിഡ് പ്രോട്ടോക്കോളിന് എതിരാ. ഞങ്ങളുടെ നമ്പര്‍ പേഷ്യന്റ്സിനു കൊടുക്കരുതെന്നാ നിയമം പിന്നെ എല്ലാ ആണുങ്ങളും ഒരുപോലെയല്ല സാറെ. സാറ് അമേരിക്കയിലൊക്കെ പോയി വന്നതാ. വിശാലമായിട്ടു ചിന്തിക്കും. അതുപൊലെയല്ല നമ്മുടെ നാട്ടിലെ ആണുങ്ങള്. ഭാര്യ ആരോ ടെങ്കിലും ഫോണില്‍ സം സാരിച്ചാല്‍. എന്തിനു വിളിച്ചു, എന്നാ വിളി തുടങ്ങിയത്, എത്ര സമയം വിളി ക്കും, രാത്രിയില്‍ വിളിക്കാറുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ വരും.''
അമലയോടും നമ്പര്‍ ചോദിക്കാതിരിക്കുകയാ നല്ലത്. അവള്‍ക്ക് അവളുടെ ആങ്ങളയെ മുടിഞ്ഞ പേടിയല്ലേ.''
''നോ. താങ്ക്സ്. ഞാന്‍ വേറൊന്നും ചിന്തിച്ചില്ല.''
''രേഷ്മ ഊണു കഴിക്കാന്‍ പോവുമ്പോള്‍ എന്റെ ഫോണ്‍ ഒന്നു വാ ങ്ങിച്ചു കൊണ്ടെ തരാമോ?'' അയാള്‍ ചോദിച്ചു.
''ഞാന്‍ എടുത്തു കൊണ്ടു വരാം.''
അയാള്‍ വെറുതെ കണ്ണടച്ചു കിടന്നു.
രേഷ്മ ഊണു കഴിഞ്ഞു വന്നപ്പോള്‍ അവളുടെ കൈയില്‍ റോബിയുടെ മൊബൈല്‍ ഉണ്ടായിരുന്നു.
റോബി എഴുന്നേറ്റിരുന്നു. ഫോണ്‍ വാങ്ങി പരിശോധിച്ചു. ചില കോളുകള്‍ വിന്നിട്ടുണ്ട്. അതില്‍ പരിചയമുള്ള നമ്പറും പരിചയമില്ലാത്ത നമ്പറും ഉണ്ടായിരുന്നു.
ചേച്ചി സാന്ദ്ര ഒരു പ്രാവശ്യമേ വിളിച്ചിട്ടുള്ളൂ. അത് അപ്പച്ചന് മരിച്ച ദിവസമാണ്.
അയാള്‍ സാന്ദ്രയ്ക്കു ഫോണ്‍ ചെയ്തു. ഇപ്പോള്‍ ഉറങ്ങിക്കാണില്ലായിരിക്കും. വൈകി ഉറങ്ങുന്ന സ്വഭാവമാ ചേച്ചിക്ക്.
രണ്ടു പ്രാവശ്യം ട്രൈ ചെയ്തപ്പോള്‍ കണക്ഷന് കിട്ടി.
''ഞാന്‍ കിടന്നായിരുന്നെടാ. ഞാന്‍ നിന്റെ ഫോണിലേക്കു വിളിച്ചിരുന്നു. അപ്പോള്‍ ഹോസ്പിറ്റലുകാരാ എടുത്തത്. നിനക്കു പനിയാണെന്നു പറഞ്ഞു.''
''അതെ പനിയാ.''
''വെറും പനിയാണോ. ഞാന്‍ അപ്പച്ചന് മരിച്ചതറിഞ്ഞാ നിന്നെ വിളിച്ചത്. നിനക്കും എനിക്കുമൊമൊന്നും കൂടാന്‍ പറ്റിയില്ലല്ലോ. ഞാന്‍ അമ്മച്ചിയെ വിളിച്ചിരുന്നു. കുറച്ചുനേരം സംസാരിച്ചു. നീ എന്നാ ഹോസ്പിറ്റലില്‍ നിന്നും പോവുന്നത്.''
'നാളെയോ മറ്റന്നാളോ പോവും.'
''നീയെന്താ പറയാതെ പോന്നത്.'' അവള് ചോദിച്ചു.
''ഞാന്‍ വെറുതെ പറഞ്ഞില്ലെന്നേ ഉള്ളൂ. അവിടന്നേ ചെറിയ പനിയൊക്കെ ഉണ്ടായിരുന്നു.''
''കൊവിഡൊന്നും അല്ലല്ലോ. ഞങ്ങളൊക്കെ ഇവിടെ ലോക്ഡൗണിലാ. ഓഫീസിലൊന്നും പോകുന്നില്ല. പിന്നെ ഒരു വിശേഷമുള്ളത് റിയയുടെ കല്യാണം നടന്നു. അവള്‍ക്ക് മുമ്പു മുതലുള്ള ഒരു അഫയര്‍ ഇല്ലേ. ആ ചെറുക്കന് തന്നെയാ. അവരു ചുമ്മാ നിന്നെ പറ്റിക്കുകയല്ലേ ചെയ്തത്. നിന്റെ മോളും അവിടെ അവളുടെ കൂടെയുണ്ട്. ഞാന്‍ ചെന്നിട്ടൊന്നും എന്നോട് വല്ല്യ മൈന്റൊ ന്നും കാണിച്ചില്ല.''
''എന്നാല്‍ വയ്ക്കട്ടെ.'' അവന് ചോദിച്ചു.
''ഇനിയെന്താ നിന്റെ പ്ലാന്‍.''
''ഇനിയെന്താ വീട്ടില്‍ ച്ചെന്ന് കഴിഞ്ഞ് അമ്മച്ചിയെ കൂട്ടിക്കൊണ്ടു വരണം.
''എടാ, എന്റെ ഷെയറിന്റെ കാര്യം മറക്കണ്ട. അതിനു നീ സ്ഥലം വില്ക്കുകേം ഒന്നും വേണ്ട. എന്റെ ഷെയറിന്റെ പൈസ തന്നാല്‍ മതി. സ്ഥലം നീ എടുത്തോ?''
അയാള്‍ ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു.
അവന്റെ മുഖം വിയര്‍ത്തു.
അവനെ കിതയ്ക്കാന്‍ തുടങ്ങി.
''കുടിക്കാന്‍ വെള്ളം വേണോ സാര്‍.'' അവള് അങ്ങനെ ചോദിച്ചെങ്കിലും ഉത്തരത്തിനു കാക്കാതെ ഒരു ഗ്ലാസ്സില്‍ ഫ്ളാസ്ക്കില് നിന്നൂറ്റിയ ഇളം ചൂടുവെള്ളം കൊടുത്തു.
അവന് വെള്ളം സവധാനം കുടിച്ചിറക്കി.
അവന്റെ മുഖത്തൊരു പരിഹാസച്ചിരിയുണ്ടായി.
ആ ചിരി രേഷ്മ കാണാതെ അവന് ഒളിച്ചുപിടിച്ചു.
ഓ, എന്തിരു ചേച്ചിയാണ്. സമ്മതിച്ചു കൊടുക്കണം. രക്തബന്ധത്തിന്റെ വിലയറിയാത്ത സ്ത്രീ.
റിയയില്‍ നിന്നും വിവാഹമോചനം നേടുമ്പോള്‍ കരുതിയിരുന്നു റിയ ഉടനെ വിവാഹിതയാകുമെന്ന്. മോളെ താന്‍ വളര്‍ത്തി യാല്‍ അവള് കണ്ട്രിയായി വളര്‍ന്നു വരുമെന്നാണ് അവള് പറഞ്ഞത്.
പ്രശ്നങ്ങളും പ്രതിസന്ധികളും ജീവിതത്തില്‍ ദൈവം അനുവദിക്കുന്നത് മനുഷ്യന് ചില പാഠങ്ങള്‍ നല്കാന് വേണ്ടിയാണ്. പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടു മുന്നോട്ടുപോകാന്‍ കഴിയുന്നവര്‍ വിജയിക്കും അല്ലാത്തവര്‍ പരാജയപ്പെടും. തന്റെ ജീവിതം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്.
''സാര്‍ ചായ കുടിക്കാം.' രേഷ്മ പഴംപൊരിയും ചായയും എടുത്തുവച്ചു.
ചായകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ രേഷ്മ പറഞ്ഞു. ''സാറിനെക്കുറിച്ച് ഞങ്ങളുടെ ഔദ്യോഗിക മീറ്റിംഗുകളിലും അനൗദ്യോഗിക മീറ്റിംഗുകളിലും നല്ല അഭിപ്രായമാണു കേട്ടോ.''
''അതെന്താണ്?'' അയാള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.
''സാറ് ജെന്റില്‍മാനാണ്. നല്ല പേഷ്യന്റാണ് എന്നൊക്കെ. അതായത് ബാക്കി പേഷ്യന്റ്സൊക്കെ ബന്ധുജനങ്ങളെ കാണണമെന്നൊക്കെ പറഞ്ഞു ശാഠ്യംപിടിക്കും. വല്ല്യ പാടുകഴിച്ചാ അവരെയൊക്കെ അടക്കിക്കെടത്തണത്. കൂടുതല്‍ ബഹളം വയ്ക്കുന്നവരെ വീഡിയോ കോളിലൂടെ അവരുമായി സംസാരിപ്പിക്കും. ചിലര്‍ക്ക് അതും പോരാ.''
''ഇതെല്ലാം നിയമത്തിന്റെയും ആരോഗ്യരക്ഷയുടെയും ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നല്ല കാര്യങ്ങളാണെന്നു പറഞ്ഞാല്‍ ആരു വകവയ്ക്കാനാ. പക്ഷേ, ഇങ്ങനെയുള്ളതു കുറച്ചുപേരേ ഉള്ളൂ കേട്ടോ. ഓരോരുത്തര്‍ക്കും ഓരോ ശാഠ്യങ്ങള്‍. ഏറ്റവും ശാഠ്യം കുറഞ്ഞ ആള് സാറാ... അല്ല സാറിന് ഒരു ശാഠ്യവുമില്ല.''
രേഷ്മ ചിരിച്ചു.
റോബിയും ചിരിച്ചു.
''സാറിനി യു.എസിനു തിരിച്ചുപോകുന്നില്ല. ഇല്ലേ.'' അവള് ചോദിച്ചു.
''ഇല്ല. രേഷ്മേ ഇനി പോകുന്നില്ലെന്നു തീരുമാനിച്ചു കഴിഞ്ഞു.''
''വേറെ കല്ല്യാണം.'' അവള് ആരാഞ്ഞു.
''വേറെ കല്യാണത്തേക്കുറിച്ചു ആലോചിക്കാനായിട്ടു കൂടിയാ വന്നത്. ഇനി അമ്മച്ചി വീട്ടില്‍ വന്നിട്ട് സാവകാശം ആലോചിച്ചു തീരുമാനിക്കും.''
അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു.
(തുടരും)