
അമല തലയണയില്‍ മുഖമമര്‍ത്തി തേങ്ങി.
ഇടയ്ക്കങ്ങനെ ആരെങ്കിലും വരും സ്വപ്നങ്ങളെ തട്ടിയുണര്‍ത്താന്‍ കുഴിച്ചു മൂടി കല്ലെടുത്തു വച്ച സ്വപ്നമാ ഇത്രയും പ്രായമായില്ലേ ഇനി ആരും വരില്ലെന്നാ കരുതിയത്.
പ്രണയത്തിന്റെ വാതിലടച്ചു കുറ്റിയിട്ടിരുന്നതാണ്. പക്ഷേ, റോബിയെ കണ്ട പ്പോള്‍ ആ വാതില്‍ തുറന്നു പോയെങ്കിലും പെട്ടെന്ന് അടയ്ക്കാന്‍ ശ്രമിച്ചു.
നടക്കില്ലെന്നുറപ്പുള്ള സ്വപ്നത്തിന്റെ പിറകേ യാത്ര ചെയ്യാന്‍ മനസ്സ് വമ്പല്‍ കൊള്ളുന്നതെന്തിനാണ്.
രേഷ്മ പറഞ്ഞതു ശരിയാണ് അവള്‍ തന്റെ കൂടെപ്പിറപ്പുതന്നെയാണ്. പാവം കരഞ്ഞതു തന്നോടുള്ള സ്‌നേഹത്തെ കരുതിയാണ്.
വൈകിയാണ് അമലയ്ക്ക് ഉറങ്ങാന്‍ സാധിച്ചത്. അതുകൊണ്ട് ഉണരാനും വൈകി.
രാവിലെ ഡ്യൂട്ടിക്കു പോകാനായി പെട്ടെന്നവള്‍ കുളിച്ചു ഡ്രസ് മാറി.
''ഗുഡ്‌മോണിംഗ് റോബി'' അവള്‍ ഹൃദ്യമായി ചിരിച്ചു റോബിയെ അഭിവാദ്യം ചെയ്തു.
''ഗുഡ്‌മോണിംഗ് മഞ്ജു.'' അവന്‍ കുസൃതിയോടെ അവളെ നോക്കി.
''പ്രിയേ, ഇനിയെങ്കിലും നിന്റെ മുഖംമൂടി അഴിച്ചു മാറ്റിക്കൂടേ...'' അവന്‍ ചോദിച്ചു.
''പാടില്ല, പാടില്ല. നമ്മേ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തു കൂടാ.'' അവള്‍ ഊണത്തില്‍ പാടി.
''എനിക്കൊരു കോവി ഡും കിവിഡും ഇല്ല. നിന്റെ മുഖപടം അഴിച്ചു മാറ്റു പ്രിയേ.''
''ഇതു കോവിഡ് കാലമാ പ്രിയാ. അതു കഴിയുവോളം മുഖംമൂടി കൂടിയേ തീരൂ.''
''എന്തിരു കഷ്ടമാണെ ന്നു പറ. ഇതിലും ഭേദം വീട്ടില്‍പ്പോയി ക്വാറന്റൈന്‍ ചെയ്യുകയായിരുന്നു. ഇവി ടെ സുന്ദരികളുണ്ടല്ലോ എന്നും കരുതിയാ ഇങ്ങോ ട്ടു പോന്നത്. വേറെ ഏതോ ഗ്രഹത്തില്‍നിന്നും വന്ന ജീവികളെപ്പോലെ കവച്ചു കവച്ചു നടക്കുന്നു കുറെ എണ്ണങ്ങള്‍.''
അവന്റെ വാക്കുകള്‍ കേട്ട് അവള്‍ നന്നായി ചിരിച്ചു.
ഡോക്‌ടേഴ്‌സ് റൗണ്ട്‌സിനെത്തി. പതിവുപോലെ അവര്‍ ചാര്‍ട്ടു പരിശോധിച്ചു. ബി.പിയും ഹൃദയമിടിപ്പും നോക്കി.
''രണ്ടാമത്തെ റിസല്‍ട്ടും വന്നു നെഗറ്റീവാ മൂന്നാമ ത്തെ റിസല്‍ട്ട് നാളെ കിട്ടിയേക്കും. അതും നെഗറ്റീവായിരിക്കുമെന്നു വിശ്വസിക്കുന്നു. ഇന്നലെ ഒട്ടും പനി ഉണ്ടായിട്ടില്ല. മറ്റന്നാള്‍ വീട്ടില്‍പ്പോകാം.''
''റോബിയെ ഒരു ദുഃഖവാര്‍ത്ത അറിയിക്കാനുണ്ട്. റോബിയുടെ അപ്പച്ചന്‍ തിങ്കഴാള്ച മരിച്ചുപോയിരുന്നു. റോബിയുടെ ഫോണിലേക്കാ വിളി വന്നത്. ഫോണ്‍ നമ്മള്‍ ചാര്‍ജ് ചെയ്തു വയ്ക്കുന്നുണ്ടായിരുന്നു. അത്യാവശ്യമോ ആവശ്യമോ നമുക്കറിയില്ലല്ലോ. വരുന്ന കോളുകള്‍ അറ്റന്‍ഡ് ചെയ്തു കൊണ്ടാ ഇരുന്നത്. വിളിക്കുന്നവരോട് റോബിക്കു പനിയാ ണ് പീന്നീടു വിളിക്കാനാ പറയുക.
ഓള്‍ഡ് ഏജ് ഹോം അധികൃതര്‍ വിവരം അറിയിച്ചപ്പോള്‍ റോബിക്കു നല്ല പനിയുണ്ടായിരുന്നു. പനി കൂടിയെങ്കിലോ എന്നു കരുതിയാണ് അപ്പോള്‍ പറയാതിരുന്നത്. അല്ലെങ്കിലും റോബിക്ക് പെങ്കടുക്കാന്‍ സാധിക്കുമായിരുന്നില്ല. അറ്റാക്കായിരുന്നു അപ്പച്ചന്.''
ഡോക്‌ടേഴ്‌സ് അനുശോചനം അറിയിച്ചു മടങ്ങി. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അവനെ അടുത്തുചെന്ന് ആശ്വസിപ്പിക്കണമെന്നും ആ കണ്ണുകള്‍ തുടച്ചു കൊടുക്കണമെന്നും അവള്‍ ആഗ്രഹിച്ചെങ്കിലും ഉള്ളിലെ ആള്‍ അവളോട് കീപ് ഡിസ്റ്റന്‍സ് നിര്‍ദ്ദേശിച്ചു. അതവള്‍ അനുസരിച്ചു.
പുറത്തൊരു വണ്ടി വന്നു നില്‍ക്കുന്ന ശബ്ദം. ഏതെങ്കിലും രോഗി വന്നതാവുമോ?
''അപ്പച്ചനെയും അമ്മച്ചിയെയും ഓള്‍ഡ് ഏജ് ഹോ മിലാക്കിയ സാഹചര്യം റോബി പറഞ്ഞില്ലല്ലോ?''
അവന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അത് അറിയണമെന്നവള്‍ക്കു തോന്നിയതുകൊണ്ട് ചോദിച്ചു. കുറെ നേരം കഴിഞ്ഞാണ് അവന്‍ സംസാരിക്കാന്‍ തുടങ്ങിയത്.
''അപ്പനെയും അമ്മയേയും ഓള്‍ഡ് ഏജ് ഹോമിലാക്കുന്നവരോട് എനിക്കു പുച്ഛമായിരുന്നു. എന്റെ അവസ്ഥ വന്നപ്പോള്‍ എനിക്കതു ചെയ്യേണ്ടി വന്നു.''
ഇപ്പോള്‍ ആണിനും പെണ്ണിനും മാതാപിതാക്കളുടെ സ്വത്തില്‍ തുല്യ അവകാശമല്ലേ. ചേച്ചിയുടെ കല്യാണ സമയത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് സ്വര്‍ണ്ണം കൊടുത്തതാ.
അഞ്ചു വര്‍ഷം മുമ്പാ ചേച്ചി ഷെയര്‍ ആവശ്യപ്പെട്ടത്. കെട്ടിച്ചപ്പോള്‍ ചേച്ചി ക്ക് കാര്യമായിട്ടൊന്നും കൊടുത്തില്ല പോലും. പകുതി സ്വത്താ ചേച്ചി ആവശ്യപ്പെട്ടത്.
''അപ്പോള്‍ ഞങ്ങള്‍ ക്കൊന്നും വേണ്ടേടി.'' അമ്മച്ചി ചോദിച്ചു.
''അതിന് അമ്മച്ചിയേയും അപ്പച്ചനേയും ഞങ്ങള്‍ യുഎസിനു കൊണ്ടുപോവുകയല്ലേ. പിന്നെ നിങ്ങള്‍ക്കെന്തിനാ ഇവിടെ സ്വത്ത്.''
അപ്പച്ചനേം അമ്മച്ചിയേം യുഎസിനു കൊണ്ടുപോകാം എന്നു കരുതിയാണ് സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചത്.
അപ്പച്ചന്റേം അമ്മച്ചിയുടേം വീസ ശരിയാകുവോളം ഓള്‍ഡ് ഏജ് ഹോമില്‍ നില്‍ക്കട്ടെ എന്നേ കരുതിയുള്ളൂ.
നോട്ടു നിരോധനം വന്നപ്പോള്‍ വസ്തുവിന്റെ കച്ചവടം നടന്നില്ല. വസ്തുവിന് അഡ്വാന്‍സ് നല്കിയവര്‍ക്ക് പണം തിരികെ നല്‌കേണ്ടി വന്നു.
അപ്പച്ചന്റേം അമ്മച്ചിയുടേം വീസ ശരിയായില്ല. എന്താണു തടസ്സമെന്നു കൃത്യമായി അറിയാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ഞാന്‍ ഒന്നുമില്ലാത്തവനായി മാറിയിരുന്നു. അപ്പച്ചന്റേം അമ്മച്ചിയുടേം ഉത്തരവാദിത്തം ചേച്ചി ഏല്‍ക്കേ ണ്ടി വരുമല്ലോ എന്നോര്‍ ത്ത് കൊണ്ടുപോകാതിരുന്നതാവും.
അപ്പച്ചനോടും അമ്മച്ചിയോടും വീട്ടില്‍പ്പോയി താമസിക്കാന്‍ ഞാന്‍ ആവുന്നത്ര പറഞ്ഞു നോക്കിയതാ. ''ഞങ്ങള്‍ തന്നെ അവിടെ താമസിച്ചാല്‍ ആരെങ്കിലും തല്ലിക്കൊന്നേച്ചു പോവും. അതിലും നല്ലത് ഇവിടെയാ എന്നു പറഞ്ഞു അമ്മച്ചി...
''അപ്പച്ചനും അമ്മച്ചിയും ഓള്‍ഡ് ഏജ് ഹോമിലായത് എന്നെ മാനസികമായി തളര്‍ത്തി. പിന്ന എങ്ങനെ യും നാട്ടില്‍ വരണമെന്നും അവരെ കൂട്ടിക്കൊണ്ടു വന്നു കൂടെ താമസിപ്പിക്കണമെന്നുമായി എന്റെ ആഗ്രഹം. അങ്ങനെയാ ഞാന്‍ ന്യൂയോര്‍ക്കില്‍ നിന്നും പോന്നത്.
യുഎസില്‍ എനിക്കൊ ന്നും ഇല്ലാതായ കാര്യം ഞാന്‍ അമ്മച്ചിയോടു പറഞ്ഞിരുന്നു. അങ്ങനെയാണ് അപ്പച്ചന്‍ വസ്തുക്കള്‍ എന്റെ പേരില്‍ എഴുതിത്തന്നത്. നിനക്കു മനസ്സുണ്ടെങ്കില്‍ അവള്‍ക്കെന്തെങ്കിലും കൊടുത്തേക്കാന്‍ പറഞ്ഞു.
''വയസ്സുകാലത്ത് എന്റെ അപ്പച്ചനും അമ്മച്ചിയും എന്റെ കൂടെ താമസിക്കാന്‍ എത്ര ആഗ്രഹിച്ചിരിക്കും. ഇനി അമ്മച്ചിയെ എങ്കിലും എനിക്കു കൂട്ടിക്കൊണ്ടുവരണം.''
''അതൊക്കെ സാധിക്കും. മാര്‍പാപ്പ ഇന്നലെ ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ അനുസ്മരിച്ചു പ്രാര്‍ത്ഥിച്ചു. മഹാമാരിക്കെതിരെ പൊരുതുന്നവരെയെല്ലാം പ്രത്യേകം അനുസ്മരിച്ചു. അക്കൂട്ടത്തില്‍ നമ്മളും ഉള്‍െപ്പടും.
പ്രത്യാശയിലേക്കു നമ്മുടെ ഹൃദയങ്ങളെ തുറക്കണമേ എന്ന പ്രാര്‍ത്ഥനയോടെയായിരുന്നു മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയ്ക്കു തുടക്കം.
''എവിടെ എന്റെ കൊന്ത?'' അവള്‍ ചോദിച്ചു.
അവന്‍ തലയിണയുടെ താഴെനിന്നു കൊന്തയെടുത്തു കൊടുത്തു അവള്‍ക്ക്.
''ഞാന്‍ അമ്പത്തിമൂന്നു മണി ജപം ചൊല്ലാന്‍ പോവുകയാ. നീ ബാക്കി ചൊല്ലണം കേട്ടോ. നമുക്കത് അപ്പച്ചനു സമര്‍പ്പിക്കാം. എന്തു പറയുന്നു.''
അവന്‍ തലയാട്ടി.
അവള്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി.
പ്രാര്‍ത്ഥന തീര്‍ന്നപ്പോഴേക്കും ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണം എത്തി.
അവനെന്തോ വിശപ്പു തോന്നിയില്ല. അവന്‍ കുറച്ചുമാത്രം ഭക്ഷിച്ചു. അപ്പച്ചന്റെ മരണവാര്‍ത്ത അറിഞ്ഞതാണ് അവനു ഭക്ഷണത്തോടു വിരക്തി തോന്നിയതെന്നവള്‍ ഊഹിച്ചു.
''റോബിക്ക് അമ്മച്ചിയെ വിളിക്കണമെന്നുണ്ടോ ഞാന്‍ ഫോണ്‍ എടുത്തു കൊണ്ടു വരാം.'' അവള്‍ അവനോടു ചോദിച്ചു.
''വേണ്ട. ഞാന്‍ വീട്ടില്‍ച്ചെന്നിട്ടേ വിളിക്കുന്നുള്ളൂ. ഇപ്പോള്‍ വിളിച്ചാല്‍ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും കരച്ചില്‍ വരും.''
റോബി ദുര്‍ബല മനസ്സനാണെന്നു തോന്നുന്നു. പ്രശ്‌നങ്ങളോട് ഏറ്റുമുട്ടു മ്പോള്‍ തളര്‍ന്നു പോകു ന്നു. ഓരോരുത്തര്‍ക്കും ഓരോ മനസ്സല്ലേ. അവരവരുടെ മനസ്സിന്റെ ശക്തിക്കനുസരണമായല്ലേ ഓരോരുത്തര്‍ക്കും പെരുമാറാന്‍ കഴിയൂ.
ജീവിതത്തില്‍ ഒത്തിരി കയ്പു രസം കുടിച്ചവരാ താനും റോബിയും. രണ്ടു പേര്‍ക്കും സഹോദരരില്‍ നിന്നാ തിക്താനുഭവം ഉണ്ടായിരിക്കുന്നത്.
എന്റെ സഹോദരന്‍ ദരിദ്രാവസ്ഥയില്‍ നിന്നും റോബിയുടെ സഹോദരി സമ്പന്നതയില്‍ നിന്നുമാണ് ചൂഷണം ചെയ്യുന്നതെന്നു മാത്രം.
''റോബിയെന്താണ് ഒന്നും മിണ്ടാത്തത്.'' അവള്‍ ചോദിച്ചു.
''എനിക്ക് ഒന്നും മിണ്ടാന്‍ തോന്നുന്നില്ല. നീ എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ കേള്‍ക്കാം.''
''രേഷ്മ എനിക്കൊരു കല്യാണാലോചന കൊണ്ടു വന്നിട്ടുണ്ട്. ഒരു ഫോറിന്‍ പാര്‍ട്ടി. ഡൈവോഴ്‌സിയാ. ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ കണ്ടിട്ടുണ്ട്.
എനിക്കു ചെറുക്കനെ ഇഷ്ടമാ. 'ഇഷ്ടമാണു പക്ഷേ' എന്നു കേട്ടിട്ടില്ലേ. അതൊരു വല്ലാത്ത പക്ഷേയാണ്. ഞാന്‍ രേഷ്മയോടു പറഞ്ഞു. ഇതെങ്ങും നടക്കില്ലെന്ന്. അവനോടു പറഞ്ഞേക്കാന്‍ പറഞ്ഞു.
വെറുതെ വേഴാമ്പലിനെപ്പോലെ കാത്തിരിക്കണ്ട എന്നു പറഞ്ഞേക്കാന്‍ പറഞ്ഞു.
ആന കൊടുത്താലും ആശ കൊടുക്കരുതെന്നു റോബി കേട്ടിട്ടില്ലേ. അതുകൊണ്ടാ ഞാന്‍ അവളോട് അങ്ങനെ പറഞ്ഞു വിട്ടത്.
ഞാനീ ജീവിതം കൊ ണ്ടു തൃപ്തയാ. എനിക്കിനി മോഹങ്ങളൊന്നുമില്ല.
വയസ്സാകുമ്പോള്‍ എന്നെ സംരക്ഷിക്കാന്‍ മക്കളൊന്നും കൂടെയില്ല ല്ലോ എന്ന ഉത്ക്കണ്ഠയൊന്നും എന്നെ ബാധിക്കാറില്ല. രോഗികളില്‍ നിന്നും എനിക്ക് ആവശ്യത്തിനു സ്‌നേഹം ലഭിക്കാറുണ്ട്.
മക്കളായാലും ആത്മാര്‍ ത്ഥമായി സ്‌നേഹിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു കാലത്ത ല്ലേ ജീവിക്കുന്നത്. ജീവിക്കാന്‍ ആവശ്യമായപണം എനിക്കു ലഭിക്കുന്നണ്ട്.
ഒറ്റയ്ക്കു ജീവിതത്തെ നേരിട്ടാല്‍ എന്താ കുഴപ്പം. ഒരു പെണ്ണിനെ കല്യാണം കഴിപ്പിച്ചേ അടങ്ങൂ എന്നു മറ്റുള്ളവര്‍ വാശിപിടിക്കുന്നതെന്തിനാ. അവള്‍ക്ക് ഒറ്റയ്ക്കു ജീവിക്കുന്നതാ ഇഷ്ടമെങ്കിലോ?
''അങ്ങനെയല്ലേ റോബി.'' അവള്‍ റോബിയുടെ അഭിപ്രായം ആരാഞ്ഞു.
അവന്‍ ഒന്നും മിണ്ടിയില്ല. അവന്റെ ദൃഷ്ടികള്‍ അപ്പോള്‍ വിദൂരതയിലായിരുന്നു.
(തുടരും)