കാവല്‍ മാലാഖമാര്‍ : No. 08

കാവല്‍ മാലാഖമാര്‍ : No. 08

ഒരു മനുഷ്യന്‍ എന്തുമാത്രം തൃപ്തിയോടെ ജീവിതം നയിക്കണമെന്നു തീരുമാനിക്കുന്നത് ദൈവമാണ്. അതിനാണ് ദൈവാനുഗ്രഹമെന്നു പറയുന്നത്.

അപ്പച്ചന്റെയും അമ്മച്ചി യുടെയും പ്രാര്‍ത്ഥനയുടെ ഫലമാണ് തനിക്ക് യു.എസില്‍ നിന്നും മടങ്ങിപ്പോരാന്‍ സാധിച്ചത്. സമ്പത്തി നുവേണ്ടി എന്തും ചെയ്യുന്ന ഒരു ഗ്രൂപ്പിന്റെ തടവറയിലായിരുന്നു.

ജീവന്‍ കിട്ടിയതു ഭാഗ്യമെന്നാണ് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ തോന്നുന്നത്. അദ്ധ്വാനിച്ച് സമ്പദിച്ചതെല്ലാം നഷ്ടപ്പെട്ടിട്ടും സ്വന്തം നാട്ടിലേക്കു മാതാപിതാക്കളുടെ അടുത്തേക്കു മടങ്ങിയെത്തണമെന്ന ചിന്ത സൃഷ്ടിച്ചതു ദൈവമാണ്.

ഈ കോവിഡ് കാലഘട്ടം മനുഷ്യനില്‍ മാറ്റങ്ങള്‍ക്കു കാരണമായിട്ടുണ്ടാകുമോ?

എല്ലാം നേടി എന്നഹങ്കരിക്കുന്ന മനുഷ്യന്‍ സോപ്പുകൊണ്ട് കൊല്ലാന്‍ പറ്റുന്ന ഒരു സൂക്ഷ്മാണുവിനു മു ന്നില്‍ നിസ്സാഹയനാകുന്നു.

അണുബോംബുകളുടെ ശേഖരങ്ങള്‍ കണ്ട് കൊറോണ മനുഷ്യനെ പരിഹസിക്കുന്നുണ്ടാവും.

മറ്റു ജീവികള്‍ ഇപ്പോള്‍ മനുഷ്യനെയോര്‍ത്തു സഹതപിക്കുന്നുണ്ടാവും.

ലോകത്തിലെ ഏറ്റവും വലിയ ധനികനും ഏറ്റവും ചെറിയ ദരിദ്രനും കൊറോണയെ ഒരുപോലെ പേടിക്കുന്നു. രണ്ടുപേരും സമത്വത്വത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നു.

മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലൂടെ എത്ര ആരോഗ്യപ്രവര്‍ത്തകര്‍ തന്നേപ്പോലുള്ളവര്‍ക്കുവേണ്ടി ജീവന്‍ പണയം വച്ച് രാപകലില്ലാതെ ജോലി ചെയ്യുന്നു.

പണത്തിനു വേണ്ടിയല്ല. സഹജീവി സ്‌നേഹമാണ് അവരെ മരണമുഖത്തു ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

തന്റെ ജീവിതം കൊണ്ട് ആര്‍ക്കെന്തു പ്രയോജനമാണ് ഉണ്ടായത്.

ഉണ്ടും ഉറങ്ങിയും തള്ളിനീക്കിയ ജീവിതം. ആര്‍ക്കും പ്രയോജനപ്പെടാത്ത ജീവിതം.

റോബി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.

അപ്പച്ചനും അമ്മച്ചിയും എത്രയോ പേര്‍ക്കു ജീവി തം നയിക്കാനുള്ള സഹാ യം നല്കിയിരിക്കുന്നു. ഇതിനാണ് ജന്മസാഫല്യം എന്നു പറയുന്നത്.

അവരുടെ മുഖത്ത് ആരെയെങ്കിലും സഹായിച്ചു കഴിയുമ്പോള്‍ ദൃശ്യമാകുന്ന ഒരു തെളിച്ചമുണ്ട്. അതൊരിക്കലും തനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. താന്‍ ആരെയും സഹായിച്ചിട്ടുമില്ല. ഉപദ്രവിച്ചിട്ടുമില്ല. നിസ്സംഗതയുടെ പുറ്റിനുള്ളിലെ ജീവിതമാണ് താന്‍ നയിച്ചത്.

നിസ്സംഗതയുടെ പുറ്റിനുള്ളില്‍ നിന്നും ഇനി പുറ ത്തു കടക്കണം. ജീവിതം മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്ന ദിശയിലേക്കു തിരിച്ചുവിടണം.

അപ്പച്ചനും അമ്മച്ചിയും സമൃദ്ധിയില്‍ നിന്നല്ല മറ്റുള്ളവരെ സഹായിച്ചത്. ഉള്ളതില്‍ നിന്നും സന്തോഷത്തോടെ ദാനം ചെയ്യുകയാ ചെയ്തത്.

ആര്‍ക്കെന്തു കൊടുത്താലും അത് വീട്ടിലുള്ളവര്‍ മാത്രം അറിഞ്ഞാല്‍ മതിയെന്ന ചിന്താഗതിയായിരുന്നു അവര്‍ക്ക്.

അപ്പച്ചനില്‍നിന്നും അമ്മച്ചിയില്‍നിന്നും സഹായം സ്വീകരിച്ചിട്ടുള്ളവരും അവരുടെ വീട്ടുകാരും തന്നെ ശപിക്കുന്നുണ്ടാവും. അപ്പച്ചനെയും അമ്മച്ചിയേയും ഓള്‍ഡ് ഏജ് ഹോമിലാക്കിയ ധൂര്‍ത്തപുത്രനായിട്ടാവും അവര്‍ തന്നെ കാണുക.

അപ്പച്ചനും അമ്മച്ചിയും വീട്ടില്‍ത്തന്നെ താമസിച്ചി രുന്നെങ്കില്‍ തനിക്കിത്രയും ബുദ്ധിമുട്ട് ഉണ്ടാകില്ലായിരുന്നു.

അവരെന്തു കൊണ്ടാ വും അങ്ങനെയൊരു നിര്‍ദ്ദേശത്തിനു മുന്നില്‍ മുഖം തിരിച്ചത്.

തനിക്ക് വീടും സ്ഥല വും വിറ്റുകൊണ്ട് യു.എസിനു പോകാനാണു താല്പര്യമെങ്കില്‍ ആയിക്കോട്ടെ എന്നു ചിന്തിച്ചാവും.

തങ്ങള്‍ മൂലം മക്കള്‍ ക്കാര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന ചിന്തയില്‍ നിന്നും ഉടലെടുത്തതാവും അങ്ങനെയൊരു തീരുമാനം.

ശരിയല്ലാത്ത തീരുമാനങ്ങള്‍ക്കു മനഃസാക്ഷിയുടെ കുറ്റപ്പെടുത്തലുകള്‍ എപ്പോഴും കൂടെയുണ്ടാവും. ഏതു സഹാചര്യത്തിലും മാതാപിതാക്കളുടെ താല്പര്യങ്ങള്‍ക്കു വില കല്പിക്കേണ്ടതായിരുന്നു.

അവര്‍ സമ്പാദിച്ചത് അവരുടെ ഇഷ്ടാനുസരണം വിട്ടുകൊടുക്കേണ്ടതായിരുന്നു.

അവര്‍ അദ്ധ്വാനിച്ചു തന്നതല്ലാതെ തന്റെ കൈയില്‍ ഒന്നുമില്ല. ഒന്നും.

അയാളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ഒഴുകിയിറങ്ങി.

ആരോരുമില്ലാതെ, കോണ്‍ക്രീറ്റ് കൂമ്പാരത്തി നു താഴെ നെടുവീര്‍പ്പോടെ ജീവിതം തള്ളിനീക്കു മ്പോള്‍ അവരുടെ നല്ല മനസ്സ് തന്നെ ശപിക്കുകയില്ല. പക്ഷേ, അവരുടെ ഓരോ ദീര്‍ഘനിശ്വാസവും തന്നെ ചുട്ടുപൊള്ളിക്കാന്‍ പോന്നവയാണ്.

അപ്പച്ചന്‍ ഉണ്ടാക്കിയ വീട്. അമ്മച്ചി അതിനു വേണ്ടി എന്തുമാത്രം ത്യാഗം സഹിച്ചിട്ടുണ്ട്. അന്നൊക്കെ പണിക്കാര്‍ക്ക് വീട്ടില്‍ നിന്നുതന്നെയായിരുന്നു ഭക്ഷണം. വീടു പണിയുടെ സമയത്ത് ഇപ്പോഴുള്ള വിറകുപുരയിലായിരുന്നു താമസം.

അമ്മച്ചി വെളുപ്പിനേ എല്ലാം ശരിയാക്കി വച്ചിരിക്കും. പുലര്‍ച്ചേ മൂന്നു മണിക്കും നാലു മണിക്കും അമ്മച്ചി ഉണരുമായിരുന്നു. അങ്ങനെ അവര്‍ ത്യാഗം സഹിച്ച് ഉണ്ടാക്കിയ വീട്ടില്‍ നിന്നാണ് അവരെ പുറത്താക്കിയത്.

പുറത്തു റോഡില്‍ നിന്ന് ശബ്ദങ്ങളൊന്നും കേള്‍ക്കുന്നില്ല. കോറിഡോറില്‍ നിന്നുള്ള വെള്ളം വെന്റിലേഷനിലൂടെ അകത്തേക്ക് വരുന്നുണ്ട്.

നേരം പാതിര ആയിരിക്കും. ഇന്നെന്താണ് ഉറക്കം വരാതെ ചിന്തകള്‍ വേട്ടയാടുന്നത്.

സത്യം പറഞ്ഞാല്‍ ചേച്ചിയും താനും വീടിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല. അപ്പച്ചനും അമ്മച്ചിക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല. അവരുടെ അദ്ധ്വാനഭാരം ഇരുവരും ചൂഷണം ചെയ്തിട്ടേ ഉള്ളൂ.

അവര്‍ മറ്റൊന്നും ആഗ്രഹിക്കുന്നുണ്ടാകില്ല. വല്ലപ്പോഴുമുള്ള ഒരു ഫോണ്‍ വിളി. സമയം കിട്ടുമ്പോഴു ള്ള ഒരു സന്ദര്‍ശനം. അത്രയേ അവര്‍ ആഗ്രഹിക്കുന്നുണ്ടാവൂ. അതൊന്നും രണ്ടുപേരും ചെയ്തിട്ടില്ല.

അവരുടെ മനസ്സു കാണാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നതാണ്. അവരേക്കുറിച്ചല്ലായിരുന്നു ചിന്ത. ഞാന്‍, എന്റെ എനിങ്ങനെയായിരുന്നു ചിന്തകള്‍. ഞാനെന്ന അച്ചുതണ്ടില്‍ ചിന്തകള്‍ ചുറ്റുമ്പോള്‍ വേണ്ടപ്പെട്ടവരേക്കുറിച്ച് ചിന്തിക്കുന്നതെങ്ങനെ.

കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനായി വേണ്ടപ്പെട്ടവവരുടെ മനസ്സു വേദനിപ്പിച്ചുകൊണ്ടുള്ള ഓട്ടപ്പാച്ചിലിനൊടുവില്‍ വന്നു കിടക്കുന്നത് ഈ കിടക്കയിലാണ്.

എപ്പോള്‍ വേണമെങ്കിലും കൊറോണയുടെ അക്രമത്തിനു വിധേയനാകാം. താന്‍ നിസ്സഹായനാണ്. തനിക്കൊനും ചെയ്യാന്‍ പറ്റില്ല. ഒരു കാര്യത്തില്‍ സമാധാനമുണ്ട്. താന്‍ ഒറ്റയനാണ്. തനിക്കു ചുറ്റും ആരുമില്ല. തന്നില്‍ നിന്നും സ്വന്തപ്പെട്ടവര്‍ക്ക് ആര്‍ക്കും കോവിഡ് ബാധിക്കുമെന്ന ഭയം വേണ്ട.

തന്നേക്കഴിഞ്ഞും എത്രയോ ഉയരത്തിലാണ് അമല, അവള്‍ ജീവിതം തന്നെ മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ചവളാണ്. സ്വന്തം സുഖത്തേക്കുറിച്ച് അവള്‍ ചിന്തിക്കുന്നേ ഇല്ല. രാവും പകലും സഹജീവികള്‍ക്കുവേണ്ടി ഓടി നടക്കുന്നവള്‍. സ്വന്തം ആരോഗ്യം പോലും തൃണവല്‍ഗണിച്ചു എപ്പോഴും മറ്റുള്ളവരേക്കുറിച്ചും അവരുടെ ക്ഷേമ ത്തെക്കുറിച്ചും ചിന്തിക്കുന്നവള്‍.

അവള്‍ തന്റെ ജീവിതത്തിലേക്കു വരണമെന്നും തന്റെ ജീവിതം സന്തോഷപ്രദമാക്കണമെന്നും ചിന്തിക്കുന്നവള്‍ അവളുടെ മോഹങ്ങളെക്കുറിച്ച് ചിന്തിക്കുന്നേ ഇല്ല.

രോഗികളെ വിട്ടൊരു ലോകത്തെക്കുറിച്ച് ഏതൊരു ജീവിതാവസ്ഥയിലും അവള്‍ക്കു ചിന്തിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.

സാമ്പത്തിക ലാഭത്തിനുപരിയായി മനുഷ്യസ്‌നേഹത്തിനവള്‍ പ്രാധാന്യം കൊടുക്കുന്നു. അവളുടെ നല്ല മനസ്സിന്റെ പകുതിപോലും തനിക്കില്ല.

അവളുടെ കൈവിരലുകള്‍ പുണ്യം ചെയ്തവയാണ്. ആ വിരലുകള്‍കൊണ്ട് രോഗികളെ സ്പര്‍ശിക്കുമ്പോള്‍ രോഗികള്‍ സാന്ത്വനം അനുഭവിക്കുന്നു. അവളുടെ നാവില്‍ നിന്നും വീഴുന്ന വാക്കുകള്‍ രോഗികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. അവളുടെ ചിരി ഏതു രോഗാവസ്ഥയിലും രോഗി ക്ക് ആശ്വാസമേകുന്നു.

തീയില്‍ കുരുത്തതാണ് അവള്‍. ദുഃഖിതരുടെ മാളത്തില്‍നിന്നും ഇനിയും പുറത്തു കടക്കാന്‍ പറ്റാത്തവള്‍ കാലപ്പഴക്കം കൊണ്ട് വെളിച്ചം ദുഃഖമാണെന്നും തമസ്സാണ് സുഖപ്രദമെന്നും ചിന്തിക്കുന്നവള്‍.

സ്വന്തം അദ്ധ്വാനത്തിന്റെ വില നന്നായി മനസ്സിലാ ക്കുന്നവള്‍. വികാരങ്ങളേക്കഴിഞ്ഞും വിചാരത്തിനു വില കൊടുക്കുന്നവള്‍.

താന്‍ ആരോടെല്ലാം ബന്ധപ്പെട്ടിട്ടുണ്ടോ അവര്‍ക്കെല്ലാം ദുഃഖം സമ്മാനിക്കാനേ സാധിച്ചിട്ടുള്ളൂ. മനഃപൂര്‍വ്വം ആര്‍ക്കും വേദനയുണ്ടാകണമെന്ന ചിന്തയില്‍ ഒന്നും ചെയ്യുന്നില്ല. പക്ഷേ, ഓരോ പ്രവര്‍ത്തിയുടെയും പര്യവസാനം ആരെയെങ്കിലും വേദനയുടെ ആഴങ്ങളിലേക്കു തള്ളിയിടാന്‍ പര്യാപ്തമാണ്.

ജീവിതസുഖം വെട്ടിപ്പിടിച്ചു നേടേണ്ട ഒന്നല്ല. അതു സ്വന്തം പ്രവര്‍ത്തിയുടെ നന്മയില്‍നിന്നും മനുഷ്യനു സ്വാഭാവികമായി ദൈവം നല്കുന്ന ഒരു മനസ്സാണ്.

ജീവിതത്തിന്റെ ഇരുണ്ട ഒരു കാലഘട്ടം കഴിഞ്ഞു പോയി എന്നു സമാധാനിക്കാം. ഇനി യാത്ര വെളിച്ചത്തിലേക്കാണ് സ്വാര്‍ത്ഥതയുടെ ഉറയൂരിക്കളഞ്ഞുള്ള യാത്ര.

ദൈവം തന്നെ നല്ല ചിന്തകളിലേക്കു നയിക്കട്ടെ. ദൈവത്തെ മറന്നുള്ള ഒരു ജീവിതചര്യയായിരുന്നു. ദൈവീകചിന്തകള്‍ക്കുംപ്രാര്‍ത്ഥനയ്ക്കും സമയമില്ലാതെ ഓടുകയായിരുന്നു. മരീചികയ്ക്കു പിന്നാലെ.

ഏറെ ദുരത്തു നിന്നല്ലാതെ ഒരു കുഞ്ഞിന്റെ കരച്ചില്‍ നേര്‍ത്തശബ്ദത്തില്‍ കേള്‍ക്കാം.

കോറിഡോറിലൂടെ ഷൂവിന്റെ ശബ്ദം അകന്നകന്നു പോകുന്നു.

സെക്യൂരിറ്റി ഓഫീസറുടെ ഷൂവിന്റെ ശബ്ദമാണെന്നു തോന്നുന്നു.

നേരം പുലരാറായെന്നു തോന്നുന്നു. ഇങ്ങനെയൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. ചിന്തിക്കാന്‍ സമയമില്ലായിരുന്നു. ഉറക്കം വരാത്ത രാത്രികളില്‍ മദ്യം കൂട്ടിനുണ്ടായിരുന്നു. കുഴഞ്ഞു വീഴുവോളം മദ്യപിക്കുക. പിന്നീട് തളര്‍ന്നുറങ്ങുക. അതിന് ഉറക്കമെന്നു പറയാമോ? ആ ഉറക്കത്തേക്കഴിഞ്ഞും എത്രയോ നല്ലതാണ് ഇപ്പോഴത്തെ ഈ ഉറക്കമില്ലായ്മ.

Related Stories

No stories found.