കാവല്‍ മാലാഖമാര്‍ : No. 14

കാവല്‍ മാലാഖമാര്‍ : No. 14

അമലയുടെയും രേഷ്മയുടെയും ബാച്ചിലുള്ള കോവിഡ് ടീമിനു നാളെ മുതല്‍ ഓഫാണ്.

അത്താഴം കഴിഞ്ഞ് ബാഗ് റെഡിയാക്കി വയ്ക്കുകയായിരുന്നു അമലയും രേഷ്മയും.

കുറച്ചു ദിവസമായി രേഷ്മ ശ്രദ്ധിക്കുന്നു. അമലയ്ക്കു സംസാരം കുറവാണ്. മുഖത്തു പഴയതുപോലെ തെളിച്ചമില്ല. ആദ്യം രേഷ്മ ഓര്‍ത്തത് രേഷ്മയോടു മാത്രമായിരിക്കും ഈ അകല്‍ച്ചയെന്ന്. പിന്നീടു മനസ്സിലായി എല്ലാവരോടും ഇങ്ങനെയാണെന്ന്.

ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ അഭിനന്ദിച്ചു ഫോണ്‍ ചെയ്തതിന് ശേഷമല്ലേ ഈ മാറ്റം? അല്ല. റോബി പോയതിനു ശേഷമാണ് ഈ മാറ്റം?

ഷൈലജ ടീച്ചര്‍ അഭിനന്ദിച്ചതില്‍ ആരെങ്കിലും എന്തെങ്കിലും കമന്റ് പാസ്സാക്കിയിരിക്കുമോ?

ഇനി റോബിയെങ്ങാന്‍ അമലയുടെ ഉള്ളില്‍ കേറി കൂടിയിരിക്കുമോ?

എന്തായാലും അവള്‍ പറയേണ്ടതായിരുന്നു തന്നോട്. എന്തുപറ്റിയോ ആവോ?

നേരിട്ടു ചോദിച്ചാല്‍ ചിലപ്പോള്‍ ഇഷ്ടപ്പെട്ടെന്നു വരികയില്ല.

''ങാ. ഞാന്‍ നിന്നോടൊരു കാര്യം ചോദിക്കാന്‍ മറന്നു. ആ പോലീസുകാരന്‍ ഇന്നലെയും വിളിച്ചിരുന്നു. ആ പോലീസുകാരന്റെ അമ്മ എപ്പോഴും വിളിയാണു പോലും. നിന്നെ കാണാന്‍ വരട്ടെയെന്നും ചോദിച്ചു.''

''പോലീസുകാരനോടു ചുമ്മാ ഇരിക്കാന്‍ പറ. മൂര്‍ഖന്‍ ജോര്‍ജിന്റെ ഇടികൊള്ളണ്ട എങ്കില്‍.'' അവള്‍ കലിപ്പോടെ പറഞ്ഞു.

രേഷ്മ പൊട്ടിച്ചിരിച്ചു. ''നീയെന്താ കിളിക്കണത്.' അവള്‍ ചോദിച്ചു.

''പിന്നെ തമാശ കേട്ടാല്‍ ചിരിക്കാതെ.''

''അതിനു ഞാന്‍ തമാശയല്ല പറഞ്ഞത്. കാര്യമാ. അയാളുപോയി പണി നോക്കട്ടെ. ഇനി ആ പോലീസുകാരന്‍ വിളിച്ചാല്‍ പറഞ്ഞേര് അവള്‍ ക്കു വേറെ കല്യാണം ഉറപ്പിച്ചെന്ന്. ശല്യം ഒഴിഞ്ഞു പോട്ടെ.''

''അങ്ങനെ വരട്ടെ. ആരാ ചെക്കന്‍ റോബിയാ?''

''പിന്നെ. കോബിയാ. എനിക്കൊട്ടു കല്യാണവും വേണ്ട; നീയെനിക്കൊട്ടു കല്ല്യാണവും ആലോചിക്കണ്ട.''

''ഇനി നീ മേലാല്‍ ആരുടേം കാര്യം പറഞ്ഞുകൊണ്ട് എന്റെയടുത്തേക്കു വന്നേക്കരുത്. ഞാന്‍ പറഞ്ഞേക്കാം.''

രേഷ്മയുടെ നേരേ വിരല്‍ ചൂണ്ടി അമല പൊട്ടിത്തെറിച്ചു. 'നീയാരാ എന്റെ....''

രേഷ്മ ഒരു നിമിഷം നടുങ്ങിപ്പോയി. ഒരിക്കലും കയര്‍ത്തൊന്നും പറയാത്ത വളാണ്. അമലയുടെ മനസ്സില്‍ വലിയ വിഷമം നിറഞ്ഞിരിക്കുന്നു. അത് എന്താണെന്ന് അറിഞ്ഞേ പറ്റൂ. രേഷ്മയുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. അമലയുടെയും കണ്ണുകള്‍ നിറയാന്‍ തുടങ്ങിയിരുന്നു. രേഷ്മയോട് ഇത്രയും ദേഷ്യപ്പെടാന്‍ എന്താ ഉണ്ടായത്. അവള്‍ തന്നെ കൂടെപ്പിറപ്പിനെപ്പോലെ സ്‌നേഹിച്ചതാണോ കുറ്റം.

അമല ചലിക്കാനാകാതെ പ്രതിമ പോലെ നിന്നു, എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ. മാനസികസംഘര്‍ഷം കൊണ്ട് രക്തം മുഴുവന്‍ വാര്‍ന്നുപോയ വ്യക്തിയെപ്പോലെയുള്ള നില്പു കണ്ട് രേഷ്മയ്ക്കു സഹിച്ചില്ല.

രേഷ്മ ഓടിച്ചെന്ന് അമലയെ കെട്ടിപ്പിടിച്ചു.

''പറയെടാ കുട്ടാ, പറ. എന്നാ പറ്റിയെ രേഷ്മ മെല്ലെ അവളുടെ മുതുകില്‍ തലോടി. കെട്ടിനിറുത്തിയ ചിറ പൊളിച്ചു വിട്ടതുപോലെ അമല രേഷ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. രണ്ടുപേരും ഒന്നും മിണ്ടാതെ കുറേനേരം അങ്ങനെ കരഞ്ഞു നിന്നു.

''പറയെടാ... എന്നാ പറ്റിയെ...''

രേഷ്മ അമലയുടെ കണ്ണുകള്‍ തുടച്ചുകൊണ്ടു ചോദിച്ചു.

''ഞാനും മനുഷ്യസ്ത്രീയല്ലേടി. എനിക്കു കരയാന്‍ ഒരു ചുമലെങ്കിലും വേണ്ടേ.''

''ഞാനില്ലേടി നിനക്ക്. നിനക്ക് എന്തു വിഷമമുണ്ടെങ്കിലും എന്നോടു പറയാമല്ലോ. നീയെന്തിനാ ചുമക്കാന്‍ പറ്റാത്ത ചുമടുമായി നടക്കണത്. ഞാനിവിടെ ഉണ്ടായിരുന്നല്ലോ. നിനക്ക് എന്നെ വിളിച്ചു പറഞ്ഞൂടെ.''

അമല കണ്ണുകള്‍ തുടച്ചു. അവള്‍ രേഷ്മയുടെ കണ്ണുകളും തുടച്ചു.

''എനിക്ക് ഭാരം വഹി ക്കാന്‍ പറ്റാതെ വരുമ്പോള്‍ ഒരു ചുമലു വേണം. അതു നീയാ. പക്ഷേ, ഞാന്‍ നിന്നോട് എന്താ പറയുക. ഞാനുമൊരു പെണ്ണല്ലേ. ചിലപ്പോഴൊക്കെ മോഹങ്ങള്‍ പുറത്തു ചാടിയെന്നിരിക്കും. ഒരു വശത്ത് റോബി. മറുവശത്ത് ആങ്ങള.''

''ആങ്ങളയെ ധിക്കരിച്ചു പോയാല്‍ അയാള്‍ എന്തെ ങ്കിലും ക്രൂരത കാണിച്ചെന്നിരിക്കും. റോബിയെ എന്തിന് അങ്ങേര്‍ക്കു തട്ടാനായി ഇട്ടുകൊടുക്കുന്നു.'' അമല പറഞ്ഞു.

''അപ്പോള്‍ നീ റോബിയുടെ കേസ് വിട്ടതല്ലേ. ഇപ്പോള്‍ പുതിയതായി എന്താ സംഭവിച്ചെ.'' രേഷ്മ ചോദിച്ചു.

രേഷ്മ അമലയെപ്പിടി ച്ച് അടുത്തിരുത്തി. ''പുതിയതായി ഒന്നും സംഭവിച്ചില്. റോബിയെ എങ്ങനെയെങ്കിലും മനസ്സില്‍നിന്നും പുറത്തു കളയാന്‍ നോക്കിയതാ സാധിക്കുന്നില്ല. അതാ ഈ വിഷമം.''

രേഷ്മ ചിരിച്ചു.

''ഇത്രയേ ഉള്ളോ. അതു മോശം കാര്യമൊന്നും അല്ല. നല്ല കാര്യമാന്നു കരുതുക. നീ നന്നായി പ്രാര്‍ ത്ഥിക്ക്. നിനക്കു നല്ലതു വരും. എല്ലാ കാലത്തും ഒരാള്‍ കണ്ണീര്‍ കുടിക്കാന്‍ ദൈവം അനുവദിക്കില്ല.

ഇതവസാനത്തെ വണ്ടിയാ അമലേ. നിനക്കു കയറാന്‍ മറ്റൊരു വണ്ടി ഇനി വരില്ല. നീ ധൈര്യമായിട്ടിരിക്ക് നിന്റെ കൂടെ എല്ലാറ്റിനും ഞാനുണ്ട്. നീ അവനെ പുറന്തള്ളാന്‍ മനഃപൂര്‍വ്വം ശ്രമിക്കണ്ട. അവനവിടെ ഇരുന്നോട്ടെ. മനഃപൂര്‍വ്വം പുറന്തള്ളാന്‍ ശ്രമിക്കുമ്പോഴാ വിഷമം ഉണ്ടാകുന്നത്.''

''അമേരിക്കയില്‍ കിടന്നവന്‍ എന്നെ വിഷമിപ്പിക്കാനായി ഇങ്ങോട്ടു വന്നിരിക്കുന്നു.'' അമല ചിരിച്ചപ്പോള്‍ കൂടെ രേഷ്മയും ചിരിച്ചു.

''അമേരിക്കയില്‍ കിടന്നവനെ ഒന്നും കാണാതെ ദൈവം ഇങ്ങോട്ടു പറഞ്ഞു വിടില്ല. നീ ശുഭാപ്തി വിശ്വാസത്തോടെയിരി. റോബിയെയും ആങ്ങളയേയും മനസ്സിലിട്ടു ഗുസ്തി പിടിപ്പിക്കണ്ട. ആ ഗുസ്തിയൊന്നും താങ്ങാനുള്ള കരുത്ത് നിന്റെ മനസ്സിനില്ല.''

''അങ്ങനെ ഗുസ്തി പിടിപ്പിച്ചാ എന്റെ മനസ്സില്‍ സംഘര്‍ഷം വര്‍ദ്ധിച്ചത്. റോബിയെ സംബന്ധിച്ച് ഞാനല്ലെങ്കില്‍ മറ്റൊരു പെണ്ണ്. അവന്റെ സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവും കുടുംബമഹിമയും സൗന്ദര്യവും എന്നേക്കഴിഞ്ഞും മികച്ചതാ.''

''സൗന്ദര്യത്തിന്റെ കാര്യം മാത്രം പറയണ്ട. അതിലു നീയാ മികച്ചത്. എന്നു കരുതി അവന്‍ മോശമാണെന്നല്ല. ആദ്യമേ തന്നെ ഞാനോര്‍ത്തായിരുന്നു. രണ്ടു പേരും തമ്മില്‍ ചേര്‍ച്ചയാണെല്ലോ എന്ന്. പിന്നെ പുള്ളിയുടെ സെക്കന്റ് മാര്യേജ് അല്ലേ. എന്നു കരുതി മൊത്തത്തില്‍ നോക്കുമ്പോള്‍ അവന് നിന്നേക്കഴിഞ്ഞും സാമ്പത്തികമുള്ളിടത്തു നിന്നും കല്യാണം കഴിക്കാന്‍ പറ്റുമായിരിക്കും. എന്നു കരുതി നിന്നെ കിട്ടുന്നില്ലല്ലോ. നിന്നെപ്പോലൊരു പെണ്ണിനെ കിട്ടുന്നത് അവന്റെ ഭാഗ്യവും. അവനേപ്പോലൊരു ചെറുക്കനെ കിട്ടുന്നത് നിന്റെ ഭാഗ്യവുമാ.''

''ഓരോരുത്തര്‍ എന്തുമാത്രം തടസ്സങ്ങള്‍ മറികടന്നാ പ്രേമം സഫലമാക്കുന്നത്. അതിനുള്ള തന്റേടമൊന്നും നിനക്കുമില്ല. റോബിക്കുമില്ല. രണ്ടു പേരും ഇക്കാര്യത്തില്‍ തന്റേടം കുറഞ്ഞവരാ. വേറൊരര്‍ത്ഥത്തില്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിങ്ങള്‍ പക്വതയും പാകതയും കാണിക്കുന്നു. വരും വരായ്കകളെക്കുറിച്ചു ചിന്തിക്കുന്നു. എന്റെ പൊന്നേ നിന്റെ അങ്ങളയെ എനിക്കു പേടിയാ. ഞാനായിരുന്നെങ്കിലും ചിലപ്പോള്‍ ഇങ്ങനെയേ ചെയ്യൂ. എന്റെ പോലീസുകാരനെ എനിക്കങ്ങനെ പേടിയൊന്നുമില്ല.''

അമല ചിരിച്ചു. കൂടെ രേഷ്മയും.

''ചില ആണുങ്ങള്‍ തന്റേടത്തോടെ പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടുപോയി രജിസ്റ്റര്‍ മാര്യേജ് കഴിക്കാറുണ്ട്. അതില്‍ പകുതിപോലും വിജയിക്കത്തില്ല. കുറച്ചു കഴിയുമ്പോള്‍ ഒന്നുകില്‍ ആ തന്റേടത്തിന്റെ ബാക്കി അവന്‍ പെണ്ണിന്റെ മേല്‍ തീര്‍ക്കും. ചാടിപ്പോരുന്ന പെണ്ണ് പകുതി ജീവനും കൊണ്ടാപോരുന്നത്. പകുതി സംഘര്‍ഷ മനസ്സ് ചോര്‍ത്തിയെടുക്കും. പിന്നെ അവളുടെ ചിന്ത ഈ പാട് സഹിക്കാനാണോ ഞാന്‍ ചാടിപ്പോന്നത്. വീട്ടിലായിരുന്നെങ്കില്‍ എന്തു സുഖമായിരുന്നു എന്നാണ്.''

''നീ നന്നായി സംസാരിക്കുന്നുണ്ടല്ലോ. രേഷ്‌മേ. ഇതൊക്കെ നിന്നെ ആരു പഠിപ്പിച്ചു.''

''ആരും പഠിപ്പിക്കണ്ട. ജീവിതം തന്നെ പഠിപ്പിച്ചോളും. നമ്മള്‍ പല കേസ് ഹോസ്പിറ്റലില്‍ കാണുന്നതല്ലേ.

ചിലപ്പോള്‍ എനിക്ക് റോബിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ പാവം തോന്നും. എന്നോടു നിന്റെയും എന്റെയും ഫോണ്‍ നമ്പര്‍ ചോദിച്ചതാ. ഞാന്‍ കൊടുത്തില്ല.''

''അയ്യോ.'' അമല ഭയത്തോടെ വിളിച്ചുേപായി.

''എനിക്കറിയാന്‍ പാടില്ലേ മൂര്‍ഖന്റെ സ്വഭാവവും എന്റെ പോലീസുകാരന്റെ സ്വഭാവവും. സ്വസ്ഥമായിട്ടു പിന്നെ ജീവിക്കാന്‍ സമ്മതിക്കുമോ? അതുകൊണ്ട് എനിക്കു പറയാനുള്ളത്. നീ ഒന്നിനും പോകണ്ട. മനസ്സിലിരിക്കുന്നവന്‍ മനസ്സിലിരിക്കട്ടെ. പുറത്തു പോകണമെന്നുള്ളവര്‍ പുറത്തുപോകട്ടെ.

റോബിയായോ ദൈവമായോ ഇലയ്ക്കും മുള്ളി നും കേടില്ലാത്ത രീതിയില്‍ പരിഹാരം ഉണ്ടാക്കുമെങ്കില്‍ ഉണ്ടാക്കട്ടെ. നീ നന്നായി പ്രാര്‍ത്ഥിക്ക്. അതേ ഒരു ആശ്വാസമുള്ളൂ.''

''എനിക്കു പറ്റിയതെന്താന്നുവച്ചാല്‍ ഇപ്പോള്‍ പള്ളിയില്‍ പോകാന്‍ പറ്റുന്നി ല്ലോ. അതുകൊണ്ട് മാതാവിനോടു പ്രാര്‍ത്ഥിക്കാന്‍ പറ്റുന്നില്ല. മറ്റേത്, ഞാന്‍ എന്റെ ഭാരം എല്ലാ ദിവസവും മാതാവിനു മുന്നില്‍ ഇറക്കിവയ്ക്കുന്നതല്ലേ.

ഇവിടെയാണെങ്കില്‍ എന്റെ കൊന്തയും ക്രൂശിതരൂപവും റോബിക്കു കൊടുത്തു വിട്ടില്ലേ.''

അതു പറഞ്ഞപ്പോള്‍ അവളുടെ മുഖത്തൊരു നാണം വിരിഞ്ഞു. രേഷ്മ അവള്‍ക്കിട്ടു സ്‌നേഹത്തോടെ അടികൊടുത്തു.

''അപ്പോള്‍ പ്രാര്‍ത്ഥനയ്ക്ക് ഒരു മൂഡ് കിട്ടിയില്ല.''

''നിന്റെ ക്രൂശിതരൂപവും കൊന്തയും അങ്ങോട്ടു പോയിരിക്കുന്നത് ചുമ്മാതെയല്ല. നിനക്കു വഴിയൊരുക്കാനാ. നീ അങ്ങനെ ആശ്വാസംകൊണ്ട് പിടിച്ചു നിക്ക്.''

''നേരം ഒത്തിരിയായി നമുക്ക് ഉറങ്ങാം. രാവിലെ പോകണ്ടേ.''

അവര്‍ ഉറങ്ങാനായി കിടന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org