ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.01

ബേബി ടി. കുര്യന്‍
ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.01

മൂന്ന് പതിറ്റാണ്ടിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്...

ഇരുചക്രവാഹനങ്ങളില്‍ മിന്നുംതാരമായി ബജാജ് ചേതക് സ്‌കൂട്ടര്‍ പരിലസിച്ചിരുന്ന കാലം...

പല വാഹന പ്രേമികള്‍ക്കും അതൊരു കിട്ടാക്കനിയായിരുന്നു.

വണ്ടി ബുക്കു ചെയ്യണമെങ്കില്‍ ''ഫോറിന്‍ കറണ്‍സി'' വേണം. രണ്ടു വര്‍ഷത്തോളം കാത്തിരിക്കണം! കടമ്പകള്‍ പലതാണ്. അതിനാല്‍ പലരും ആ മോഹം ഉള്ളിലൊതുക്കി. ചിലര്‍ മറ്റു കമ്പനികളുടെ സ്‌കൂട്ടറുകളും 'സെക്കന്റ് ഹാന്‍ഡ്' ചേതക്കും വാങ്ങി തൃപ്തിയടഞ്ഞു.

എങ്കിലും ഒരു പുത്തന്‍ ചേതക് സ്‌കൂട്ടര്‍ തന്നെ സ്വന്തമാക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന ഒരാളുണ്ടായിരുന്നു.

മധ്യകേരളത്തിലെ ഒരു ഗ്രാമത്തില്‍, അടുത്തുള്ള ടൗണില്‍ മലഞ്ചരക്കു വ്യാപാരം നടത്തുന്ന വടക്കേടത്ത് ജോര്‍ജ് എന്ന കുട്ടിച്ചന്‍.

ഒരു സുഹൃത്തിന്റെ ദുബായില്‍ ജോലിക്കാരനായ മകന്റെ 'എന്‍ആര്‍ഇ' ചെക്കുമായി നഗരത്തിലെ ഷോറൂമില്‍ ഒന്നരവര്‍ഷം മുമ്പേ ചെന്ന് കുട്ടിച്ചന്‍ വാഹനം ബുക്ക് ചെയ്തിരുന്നു, കടയില്‍ ഒപ്പമുള്ള അനുജന്‍ ജോസഫ് എന്ന കുഞ്ഞപ്പനും സ്വന്തം കുടുംബാംഗങ്ങളും അറിയാതെ. തുടര്‍ന്ന് അടുത്തുള്ള ഒരു ഡ്രൈവിംഗ് സ്‌കൂളില്‍ ചേര്‍ന്ന് 'ടൂ വീലര്‍ ഡ്രൈവിംഗ്' പഠനവും നടത്തി.

കാത്തിരിപ്പിനൊടുവില്‍ ആ ദിവസമെത്തി. സ്‌കൂട്ടര്‍ 'ഡെലിവറി' എടുക്കേണ്ട ദിവസം. അന്നു രാവിലെ അനുജനോട് കുട്ടിച്ചന്‍ ആ 'രഹസ്യം' വെളിെപ്പടുത്തി. അതുകേട്ട് ആശ്ചര്യപ്പെട്ടത് കുഞ്ഞപ്പന്‍ മാത്രമായിരുന്നില്ല.

കുട്ടിച്ചന്റെ ഭാര്യ സാലിക്കുട്ടി, കുഞ്ഞപ്പന്റെ ഭാര്യ എല്‍സമ്മ, കുട്ടിച്ചന്റെ ആറു വയസ്സുകാരന്‍ മകന്‍ മോനു.

''ഹായ് ഇന്ന് നമുക്ക് സ്‌കൂട്ടറ് കിട്ടും.''

വിവരമറിഞ്ഞ് മോനു സന്തോഷം കൊണ്ട് തുള്ളിച്ചാടി. അതുകണ്ട് സാലിക്കുട്ടിയുടെ എളിയിലിരുന്ന് ഒമ്പതു മാസം പ്രായമുള്ള അവരുടെ പെണ്‍കുഞ്ഞ് കുടുകുടെ ചിരിച്ചു.

''നീ ആരോടും പറയണ്ട, വണ്ടീം കൊണ്ട് വരുമ്പോ എല്ലാവരും അറിഞ്ഞാ മതി.''

നഗരത്തിലേയ്ക്കു പുറപ്പെടുന്നതിനു മുമ്പ് കുട്ടിച്ചന് അനുജന്‍ നിര്‍ദ്ദേശം നല്കി.

സഹായിയായി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയുടെ ബന്ധുവായ യുവാവിനെയും ഒപ്പം കൂട്ടി. തിരികെ വരുമ്പോള്‍ നഗരത്തിരക്ക് പിന്നിടുന്നതു വരെ വണ്ടിയോടിക്കാന്‍ ഒരു പരിചയസമ്പന്നന്റെ കൂട്ട്.

സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിയാകുന്നു. 'പര്‍പ്പിള്‍ ബ്‌ളൂ'' നിറത്തില്‍ മിന്നുന്ന പുത്തന്‍ ചേതക്കുമായി കുട്ടിച്ചന്‍ കടയുടെ മുന്നില്‍...!

ഏറെ നേരമായി ചേട്ടന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന കുഞ്ഞപ്പന്‍ സന്തോഷം തുടിക്കുന്ന മുഖത്തോടെ സ്‌കൂട്ടറിനരികിലേയ്ക്ക്...

ഒപ്പം സമീപത്തുള്ള വ്യാപാരി സുഹൃത്തുക്കളും. പല മുഖങ്ങളിലും അത്ഭുതം.

''പുതിയത് എടുത്തതാണോ?''

അവിശ്വസനീയതയോടെയുള്ള ആ ചോദ്യത്തിന് അതേയെന്ന അര്‍ത്ഥത്തില്‍ കുട്ടിച്ചന്‍ തലകുലുക്കി.

''എന്നാലും വണ്ടി ബുക്കു ചെയ്തതും ഇന്ന് കിട്ടണതും താന്‍ ഒന്നും പറഞ്ഞില്ലല്ലോ കുട്ടിച്ചാ.''

തൊട്ടടുത്ത് സ്റ്റേഷനറി ക്കട നടത്തുന്ന സ്‌ക്കറിയാച്ചന്റെ സ്വരത്തില്‍ ചെറിയ പരിഭവം.

''അതിപ്പോ... എത്രനാള് കഴിഞ്ഞാ കിട്ടണേന്ന് ഒരു പിടിയുമില്ലായിരുന്നു. എന്നാപ്പിന്നെ വണ്ടി കിട്ടീട്ട് പറയാന്ന് കരുതി.''

''കിട്ടീട്ട് പിന്നെ പറയണതെന്തിനാ. നോക്കിയാ കാണാന്മേലേ?''

പുകയിലക്കടക്കാരന്‍ പൊന്നപ്പന്റെ വാക്കുകള്‍ കേട്ട് എല്ലാവരും ചിരിച്ചു.

പലരും സ്‌കൂട്ടര്‍ തൊട്ടും തലോടിയും കുശലം പറഞ്ഞു. അതിന്റെ ആകര്‍ഷകമായ നിറം, മറ്റു പലവിധ മേന്മകള്‍ തുടങ്ങി പലതും എല്ലാവരും വര്‍ണ്ണിച്ചു. അവരുടെ മദ്ധ്യേ സന്തോഷത്താലും അഭിമാനത്താലും മനം നിറഞ്ഞ് കുട്ടിച്ചന്‍ പുഞ്ചിരിയോടെ നിന്നു. ബാഹ്യമായ ആഹ്ലാദപ്രകടനങ്ങള്‍ക്കിടയിലും പലരുടേയും ഉള്ളില്‍ ലേശം അസൂയ!

''കുഞ്ഞപ്പാ നിനക്കൊന്ന് ഓടിച്ചു നോക്കരുതോ?''

സ്‌ക്കറിയാച്ചന്റെ ചോദ്യം കേട്ട് കുഞ്ഞപ്പന് ചെറിയ ചമ്മല്‍.

''ഇല്ല... ഓടിക്കാന്‍ പഠിച്ചില്ല.''

''ഞാനെത്ര നാളായി പറയുന്നതാ ഇവനോട് ഒന്ന് ഓടിക്കാന്‍ പഠിക്കാന്‍. എവിടെ കേള്‍ക്കാന്‍. മടിയന്‍.''

കുട്ടിച്ചന്റെ സ്‌നേഹം കലര്‍ന്ന ശാസന.

രാത്രി കടയടച്ച് സ്‌കൂട്ടറില്‍ വരുന്ന കുട്ടിച്ചനേയും കുഞ്ഞപ്പനേയും കാത്ത് കുടുംബാംഗങ്ങള്‍ മുഴുവന്‍ അക്ഷമരായി നില്‍പ്പുണ്ടായിരുന്നു.

വീടിന്റെ മുന്നിലെ പൂഴി റോഡില്‍നിന്നും ഗേറ്റിന്റെ അഴികളില്‍ ഹെഡ്‌ലൈറ്റില്‍ നിന്നുള്ള വെളിച്ചം പതിഞ്ഞപ്പോള്‍ എല്ലാവരുടേയും സന്തോഷം പാരമ്യതയിലെത്തി. വീട്ടുമുറ്റത്തേയ്ക്ക് സ്‌കൂട്ടര്‍ പ്രവേശിച്ചപ്പോള്‍ സന്തോഷം തുടിക്കുന്ന എല്ലാ മുഖങ്ങളിലും വെളിച്ചത്തിളക്കം.

''ദേ നമ്മുടെ സ്‌കൂട്ടര്‍...''

അമ്മയുടെ പിടി വിടുവിച്ച് മോനു പാഞ്ഞുചെന്നു.

''മോനേ... നില്ല്. വേണ്ട.''

ആ വിലക്ക് വകവയ്ക്കാതെ ഓടിയെത്തിയ മോനുവിനെ സീറ്റിനും ഹാന്‍ഡിലിനുമിടയിലുള്ള ഫ്‌ളാറ്റ് ഫോമിലേയ്ക്ക് കുട്ടിച്ചന്‍ കയറ്റിനിറുത്തി.

''ഇവനേംകൊണ്ട് മിറ്റത്തൂടെ രണ്ട് റൗണ്ട് കറങ്ങ്. ആകെ ആവേശം മൂത്ത് നില്‍ക്കുവാ.''

അതുപറഞ്ഞ് കുഞ്ഞപ്പന്‍ പിന്‍സീറ്റില്‍ നിന്നും ഇറങ്ങി.

മുറ്റത്തുകൂടെ നാലു വട്ടം പൂര്‍ത്തിയായിട്ടും മോനുവിന് കൊതി തീരുന്നില്ല.

''ചാച്ചാ കൊറച്ചൂടെ.''

''അയ്യോ മതി ഇനി നാളെ.''

''എങ്കീ നാളെ എന്നെ റോഡീകൂടെ കൊറേ കൊണ്ടുപോണം.''

''ശരി... ശരി.''

മടിയോടെ അവന്‍ ഇറങ്ങി.

''ഇനി ചേച്ചി ഒന്നു കയറ്.''

ഉമ്മറത്തേയ്ക്ക് കയറിയ കുഞ്ഞപ്പന്‍ സാലിക്കുട്ടിയെ നോക്കി പറഞ്ഞു.

സാലിക്കുട്ടിയ്ക്ക് ലജ്ജ കലര്‍ന്ന സങ്കോചം.

''ഒന്ന് കേറ് ചേച്ചി. ദേ അവള് കെടന്ന് കയറ് പൊട്ടിക്കണ കണ്ടില്ലേ?''

സ്‌കൂട്ടറിലിരിക്കുന്ന ചാച്ചന്റെയടുത്തേയ്ക്കു പോകുവാന്‍ സാലിക്കുട്ടിയുടെ ഒക്കത്തിരുന്ന് പെണ്‍കുഞ്ഞ് ഞെളിപിരി കൊള്ളുകയായിരുന്നു.

ചെറിയൊരു മടിയോടെ സാലിക്കുട്ടി എല്‍സമ്മയെ നോക്കി.

''വേണ്ടടീ, പിന്നെയാവട്ടേ...''

എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മടിച്ചുമടിച്ച് സാലിക്കുട്ടി പിന്‍സീറ്റില്‍ കയറി. മടിയില്‍കുഞ്ഞ്. അവരുമായി മുറ്റത്തുകൂടെ വീണ്ടും രണ്ട് റൗണ്ട്.

''വിചാരിച്ചതുപോലല്ല. കൊച്ചുമായിട്ട് പൊറകിലിരിക്കാന്‍ ചേച്ചി എക്‌സ്പര്‍ട്ടാ.''

കുഞ്ഞപ്പന്റെ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു.

''നെനക്ക് കേറണോടീ.''

കുട്ടിച്ചന്റെ ചോദ്യം എല്‍സമ്മയോട്.

''വേണ്ട... വേണ്ട. ഗര്‍ഭിണിയായിരിക്കുന്ന പെണ്ണ് സ്‌കൂട്ടറിക്കേറാനോ? വേണ്ട.''

സാലിക്കുട്ടി വിലക്കി.

കുഞ്ഞപ്പന്റേയും എല്‍സമ്മയുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമാകുന്നു. ഇപ്പോളാണ് മാതൃത്വത്തിലേയ്ക്കുള്ള പാതയിലൂടെ സഞ്ചാരമാരംഭിക്കാന്‍ എല്‍സമ്മയ്ക്ക് ഭാഗ്യം ലഭിച്ചത്.

രാവേറെയായിട്ടും ആ വീട്ടിലെ ആഹ്ലാദത്തിന്റെ അലകള്‍ അടങ്ങുന്നില്ല. മോനുവിന് സ്‌കൂട്ടര്‍ ഏറെനേരം മുട്ടിയിരുമ്മി നിന്നിട്ടും മതി വരുന്നില്ല.

''ചാച്ചാ നാളെ മൊതല് ന്നെ ഇതേല് സ്‌കൂളീ വിടാവോ?''

''യ്യോ വേണ്ട മോനെ. ചാച്ചന്‍ കൊറച്ചൂടെ ഒന്ന് ഓടിച്ച് പരിചയമാവട്ടേ.''

സാലിക്കുട്ടി തടസ്സം പറഞ്ഞു.

രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ സാലിക്കുട്ടിക്ക് ചോദിക്കാന്‍ ഒരു സ്വകാര്യം.

''എന്നാ നമുക്ക് സ്‌കൂട്ടറേ എവിടേങ്കിലും ഒന്ന് പോകണ്ടത്?''

അത് ഏറെ നാളായി കുട്ടിച്ചന്‍ മനസ്സില്‍ താലോലിച്ചിരുന്ന ഒരു മോഹമായിരുന്നു.

''ഉം... പോകാം.''

അടുത്ത ഞായറാഴ്ച രാവിലെ ഭാര്യയും മക്കളുമായി കുട്ടിച്ചന്‍ ഇടവക പള്ളിയില്‍ കുര്‍ബാനയ്ക്കു പോയത് സ്‌കൂട്ടറിലാണ്. ഭാര്യയെ കുഞ്ഞുമായി പുറകിലിരുത്തി മകനെ മുന്നില്‍ നിറുത്തി പള്ളിയിലേയ്ക്കും തിരകെയും അധികം ആയാസപ്പെടാതെ സ്‌കൂട്ടറോടിച്ചപ്പോള്‍ കുട്ടിച്ചന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു.

''നമുക്ക് വൈകുന്നേരം ഒരു സിനിമയ്ക്ക് പോയാലോ?''

കുട്ടിച്ചന്‍ അതു പറയാത്ത താമസം മോനു വീണ്ടും സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തുടങ്ങി.

''പോകാം. നമുക്ക് സ്‌കൂട്ടറേല് സിനിമാക്ക് പോകാം.''

ഞായറാഴ്ച കട അവധിയാണ്. പള്ളിയില്‍ നിന്നും തിരികെ വന്ന് കുട്ടിച്ചന്‍ പതിവു ഞായറാഴ്ചകളിലെന്ന പോലെ പ്രഭാതഭക്ഷണശേഷം പറമ്പിലൂടെ കൃഷി കാര്യങ്ങളൊക്കെ വീക്ഷിച്ച് ഒരു നടത്തം. പിന്നെ ഉച്ചവരെ കടയിലെ കണക്കുകളുമായി ചിലവഴിയ്ക്കും. ഉച്ചയൂണു കഴിഞ്ഞ് ഒരുറക്കം.

ചാച്ചന്‍ ഉറക്കമുണരാത്തതു കണ്ട് മോനുവിന് വേവലാതി.

''ഹോ ഒന്നടങ്ങ് ചെറ്ക്ക. പോകാന്‍ സമയമാകുമ്പോ ചാച്ചന്‍ എണീറ്റോളും.''

വൈകുന്നേരം കുട്ടികളെ ഒരുക്കി ആഹാരം കൊടുത്ത് സാലിക്കുട്ടിയും കുട്ടിച്ചനും തയ്യാറായി വന്നപ്പോള്‍ അല്പം വൈകി.

''മോള് വേണേ ഇവടെ നിന്നോട്ടെ ചേച്ചീ. നിങ്ങള് മൂന്ന് പേര് പോയാപ്പോരേ?''

''വേണ്ട എല്‍സമ്മേ. ഇടയ്ക്ക് മുലപ്പാല് കിട്ടിയില്ലേ അവള് സമ്മതിക്കൂലാ. അവളേം കൊണ്ടുപോയേക്കാം.''

കുഞ്ഞിന്റെ പ്രകൃതം സാലിക്കുട്ടിയ്ക്കറിയാം.

''ഒന്നു വേഗം വാ നേരം പോണ്.'' മോനു അക്ഷമനായി.

''ഓ സാരമില്ല. ഒരു പതിനഞ്ച് അല്ലേ ഇരുപത് മിനിറ്റുകൊണ്ടങ്ങെത്തിയേലേ?''

കുഞ്ഞപ്പന്‍ ആശ്വാസ വാക്കു പറഞ്ഞ് ചേട്ടനേയും കുടുംബത്തേയും യാത്രയാക്കി.

എങ്കിലും അല്പം വൈകിയെന്നൊരു തോന്നല്‍ കുട്ടിച്ചന്. സ്‌കൂട്ടറിന്റെ വേഗതം അല്പം കൂട്ടി.

''വേണ്ട ഒരുപാട് സ്പീഡൊന്നും വേണ്ട.''

സാലിക്കുട്ടി തടസ്സപ്പെടുത്തി.

ടൗണടുക്കാറായി. റോഡരുകില്‍ നിര്‍ദ്ധിഷ്ട സ്റ്റോപ്പല്ലാത്ത ഒരിടത്ത് നിറുത്തിയിരിക്കുന്നു ഒരു ബസ്സ്. ഏതോ യാത്രക്കാരന് കയറുവാനാണ്. അപ്പുറം റോഡില്‍ ഒരു വളവാണ്. അത് എതിര്‍ദിശയില്‍ നിന്നു വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നു.

ബസ്സിനെ മറികടന്നപ്പോ ളാണ് അത് സംഭവിച്ചത്. എതിരേ പാഞ്ഞുവരുന്നു ഒരു ലോറി!

വൈദ്യുതിയേറ്റതുപോലെ കുട്ടിച്ചന്‍ ഞെട്ടിത്തരിച്ചു. ഭയന്ന സാലിക്കുട്ടിയില്‍ നിന്നുയരുന്ന നിലവിളി തൊണ്ടയില്‍ കുരുങ്ങി.

പരസ്പരം ഒഴിവാക്കാന്‍ ഇരുവാഹനങ്ങളും വെട്ടിച്ചുമാറ്റിയത് ഒരേ വശത്തേയ്ക്ക്!

ശക്തമായ കൂട്ടിയിടി!

ലോഹഭാഗങ്ങള്‍ ഞെരിഞ്ഞുടയുന്ന ശബ്ദം.

ഉയര്‍ന്ന ആര്‍ത്തനാദം ഏതാനും സെക്കന്റുകള്‍ മാത്രം. പിന്നെ നേര്‍ത്ത ഞരക്കങ്ങളായി അത് നിലച്ചു...!

ചോരയില്‍ മുങ്ങി തിരിച്ചറിയാനാവാത്ത വിധം റോഡില്‍ തെറിച്ചു വീണു കിടക്കുന്ന മൂന്ന് ശരീരങ്ങള്‍...!

ഓടിക്കൂടുന്ന ജനം...!

ആ ഭീകരദൃശ്യം കാണാന്‍ കരുത്തില്ലാതെ പലരും കണ്ണകള്‍ പൊത്തി.

എന്നാല്‍...

സാലിക്കുട്ടിയുടെ മടിയിലിരുന്ന കുഞ്ഞ് ഇടിയുടെ ആഘാതത്തില്‍ തെറിച്ച് റോഡരുകിലുള്ള ഒരു ചവറുകൂനയിലേയ്ക്ക് വീണു.

ചെടിയില്‍ നിന്നും അടര്‍ന്ന് കാറ്റത്തൊഴുകി പുല്ലില്‍ പതിച്ച ഒരു പൂവ് പോലെ...!

പരിക്കുകളൊന്നുമില്ലാതെ.

ഓടിക്കൂടിയവരിലൊരാള്‍ ചെന്ന് അലറിക്കരയുന്ന ആ കുഞ്ഞിനെ വിരിയെടുത്തു.

ആരോ വിളിച്ചുകൊണ്ടുവന്ന ഒരു ജീപ്പ് ആ മൂന്നു ശരീരങ്ങളുമായി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.

വാര്‍ത്തകേട്ട് കുഞ്ഞപ്പനും എല്‍സമ്മയും ഞെട്ടിവിറച്ചു. ഉടന്‍ ഒരു ഓട്ടോറിക്ഷാ വിളിച്ച് ആശുപത്രിയിലേയ്ക്ക് കുതിച്ചു, തീ പിടിച്ച മനസ്സും പ്രകമ്പനം കൊള്ളുന്ന ശരീരവുമായി.

''ഇവിടെത്തണേതിനു മുമ്പേ മൂന്ന് പേരും തീര്‍ന്നു... എളേ കുഞ്ഞുമാത്രം...''

ഏതോ നാവില്‍നിന്നും വീണ ആ വാക്കുകള്‍ മുഴുവന്‍ കേള്‍ക്കുവാനുള്ള ശക്തി കുഞ്ഞപ്പനില്ലായിരുന്നു. പ്രജ്ഞനശിച്ച് ശീരം കുഴഞ്ഞ് അയാള്‍ നിലത്തുവീണു.

കരഞ്ഞു തളര്‍ന്ന ആ കുഞ്ഞിനെ ഏതോ കൈകളില്‍ നിന്നും എല്‍സമ്മ ഏറ്റുവാങ്ങി. സ്വന്തം കരച്ചിലിനിടയിലും അലിവോടെ മാറോടടുക്കിപ്പിടിച്ചു.

അന്നുവരെ സകലര്‍ക്കും കണ്‍കുളിര്‍പ്പിക്കുന്ന ഒരു കാഴ്ചയായിരുന്ന ആ സ്‌കൂട്ടര്‍, നിറയെ ചോരപ്പാടുകളുമായി വിലിച്ചെറിയപ്പെട്ട ചെറിയൊരു ലോഹക്കൂനപോലെ അപകടസ്ഥലത്തവശേഷിച്ചു.

ഒരു മഹാദുരന്തത്തിന്റെ ബാക്കിപത്രമായി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org