![ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [05]](http://media.assettype.com/sathyadeepam%2F2025-05-15%2F50p1l3bk%2Fflowering-ilanji05.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്:
ഗിരിഷ് കെ ശാന്തിപുരം
ചിത്രീകരണം : ബൈജു
അധ്യായം - 05
പിറ്റേന്ന് വെള്ളിയാഴ്ചയിലേക്കാണ് നേരം പുലര്‍ന്നത്. സിസ്റ്റര്‍ മേരി ബനീഞ്ഞ ഉറക്കമുണര്‍ന്നു.
ഉദയമാണ് അരുണകരങ്ങള്‍ ജാലകത്തിലൂടെ അകത്തേക്കെത്തുന്നു. ബനീഞ്ഞാമ്മ ബദ്ധപ്പെട്ട് എഴുന്നേറ്റിരുന്നു.
രാത്രിയിലെപ്പോഴോ മഴ തോര്‍ന്നിരുന്നു. പിന്നാലെ മരങ്ങളും. വൈദ്യുതി എത്തിയിട്ടില്ല. രണ്ടുമൂന്ന് നാളാവുന്നു.
മേശപ്പുറത്ത് ക്രൂശിതരൂപത്തിനു മുമ്പില്‍ മെഴുകുതിരിവിളക്ക് മുനിഞ്ഞു കത്തുന്നുണ്ട്. സിസ്റ്റര്‍ ഗെരോത്തി കൊളുത്തിവച്ചതാണ്. അല്ലാതാര്...?
സിസ്റ്റര്‍ ഗെരോത്തി നേരത്തെ ഉണര്‍ന്നിരിക്കുന്നു. അത് പതിവാണ്. കുളിക്കുന്നതിനും മറ്റുമായി താഴേക്കിറങ്ങിയതാണ്. താമസംവിനാ സിസ്റ്റര്‍ ഗെരോത്തി പടികള്‍ കയറിവരും.
ഇന്ന് മഠത്തിലെ ചാപ്പലില്‍ കുര്‍ബാനയുണ്ട്. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ചാപ്പലിലത് പതിവാണ്. മഠത്തിലെ അന്തേവാസികളില്‍ രോഗാവസ്ഥയിലുള്ളവര്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയാണ് ചാപ്പലിലെ കുര്‍ബാന. അതൊരനുഗ്രഹമാണ്. അധികമകലെയല്ലെങ്കിലും പള്ളിയിലോളം നടന്നുപോകാന്‍ ബുദ്ധിമുട്ടുള്ളവരും പാര്‍ക്കുന്നുണ്ട് മഠത്തില്‍.
സിസ്റ്റര്‍ ഗെരോത്തി പടികള്‍ കയറി വന്നു. ബനീഞ്ഞാമ്മക്ക് കുളിക്കാനുള്ള സൗകര്യമൊരുക്കി. ഇളംചൂടുവെള്ളത്തിലുള്ള കുളി സുഖദായകം തന്നെ.
കുളികഴിഞ്ഞ് രണ്ടൗണ്‍സ് കഷായം. അതും വെറും വയറ്റില്‍. വൈദ്യരുടെ നിര്‍ദേശമാണ്. തെറ്റിക്കൂടാ.
കുളിയും കഷായവും കഴിഞ്ഞ് ബനീഞ്ഞാമ്മയെ സിസ്റ്റര്‍ ഗെരോത്തി ചാപ്പലിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഗെരോത്തി സിസ്റ്ററിന്റെ കൈപിടിച്ച് ചാപ്പലിലേക്കു നടക്കുമ്പോള്‍ സിസ്റ്റര്‍ മേരി ബനീഞ്ഞ ഒരു നിമിഷത്തേക്കെങ്കിലും കുഞ്ഞുമാമ്മിയായി. മനുഷ്യന്‍ ആറിലും അറുപതിലും ഒരുപോലെ തന്നെ.
സിസ്റ്റര്‍ മര്‍ഗലീത്തയും തെക്‌ളാമ്മ സിസ്റ്ററും കൂടി കുര്‍ബാനയ്ക്കായുള്ള ബലിപീഠമൊരുക്കുന്നു. ബലിപീഠത്തിലെ ചിത്രപ്പണികള്‍ തുന്നിയ വിരിപ്പുമാറ്റി അലക്കി വെടിപ്പാക്കിയവ വിരിക്കുന്നു. വാടിയ പൂക്കള്‍മാറ്റി പുതിയവ വയ്ക്കുന്നു. വലിയ വിളക്കു കാലുകളില്‍ നീളമുള്ള മെഴുകുതിരികള്‍ ഉറപ്പിക്കുന്നു.
ബനീഞ്ഞാമ്മ ഗെരോത്തി സിസ്റ്ററിനൊപ്പം ചാപ്പലിലേക്ക് കടന്നപ്പഴേ സിസ്റ്റര്‍ മര്‍ഗലീത്ത ഒരു കസേര കൊണ്ടു വന്നിട്ടു കൊടുത്തു. ബനീഞ്ഞാമ്മ കസേരയിലിരുന്നു.
''സിസ്റ്റര്‍ക്ക് കുടിക്കാനെന്തെങ്കിലും എടുക്കട്ടെ...'' സിസ്റ്റര്‍ മര്‍ഗലീത്ത ചോദിച്ചു.
''വേണ്ട സിസ്റ്ററേ കഷായം കഴിഞ്ഞതേയുള്ളൂ.''
സിസ്റ്റര്‍ മര്‍ഗലീത്ത അള്‍ത്താരയിലേക്ക് മടങ്ങി. അള്‍ത്താരയില്‍ വലിയ മെഴുകുവിളക്കുകള്‍ കത്തി. പുതിയ പൂക്കള്‍ ചിരിക്കുന്നു. സക്രാരിക്ക് മുകളില്‍ ഭിത്തിയിലെ ക്രൂശിതരൂപം കൂടുതല്‍ പ്രഭാമയമായി. ബനീഞ്ഞാമ്മ ഇമകള്‍ പൂട്ടി പ്രാര്‍ഥനകൊണ്ടു.
''ആകാശങ്ങളിലിരിക്കുന്ന തമ്പുരാനേ...''
ബത്‌ലഹേമിലെ പുല്‍ക്കൂടു മുതല്‍ കാല്‍വരിയിലെ കുരിശുവരെ മുപ്പത്തിമൂന്ന് സംവത്സരങ്ങള്‍ ബനീഞ്ഞാമ്മയിലൂടെ കടന്നുപോയി.
അപ്പോഴാണ് അള്‍ത്താരയില്‍ നിന്ന് കുര്‍ബനയ്ക്കുള്ള ചെറുമണി മുഴങ്ങിയത്. അച്ചന്‍ വന്നതോ കുര്‍ബാനയ്‌ക്കൊരുങ്ങിയതോ ബനീഞ്ഞാമ്മ അറിഞ്ഞില്ല. പ്രാര്‍ഥനയുടെ ഏകാന്തവും ധ്യാനഭരിതവുമായ നിമിഷങ്ങളില്‍ ബനീഞ്ഞാമ്മയ്ക്ക് പുറംലോകമില്ല. കവിതയുടെ നിമിഷങ്ങളും അങ്ങനെതന്നെ.
ബനീഞ്ഞാമ്മ അള്‍ത്താരയിലേക്ക് മിഴികള്‍ നീട്ടി. ഭക്തിപൂര്‍വം കുര്‍ബാന കണ്ടു. ഒരുക്കത്തോടെ ദിവ്യകാരുണ്യം സ്വീകരിച്ചു.
കുര്‍ബാനയില്‍ പങ്കെടുക്കുക എന്നത് ബനീഞ്ഞാമ്മയ്ക്ക് ഒരു ബലികര്‍മ്മം പോലെയാണ്. തന്നെത്തന്നെ ബലികൊടുക്കുന്ന ഇന്ദ്രിയാതീത നിമിഷങ്ങള്‍.
ആ നിമിഷങ്ങളില്‍ ബനീഞ്ഞാമ്മ തന്നിലേക്കു തന്നെ ചിറകൊതുക്കുന്നു. അപ്പോള്‍ അവര്‍ക്കു ചുറ്റും ബാഹ്യലോകമില്ല. ആകാശവും ഭൂമിയുമില്ല.
അങ്ങനെയൊരു യാഗനിമിഷങ്ങളിലേക്ക് ബനീഞ്ഞാമ്മ എത്തിച്ചേരുന്ന മറ്റൊരു സന്ദര്‍ഭം കൂടിയുണ്ട്. അത് കവിത പിറവികൊള്ളുന്ന നേരമാണ്. അപ്പോള്‍ ബനീഞ്ഞാമ്മുടെയുള്ളില്‍ മറ്റൊരു ബനീഞ്ഞാമ്മ ചിറകനക്കും. കവിത വാര്‍ന്നൊഴുകും.
അത് ഹൃദയരക്തം കിനിയുന്നതുപോലെയാണ്. ഓരോ തുള്ളിയും ഒപ്പിയെടുക്കും. കടലാസില്‍ രക്തമലരികള്‍ വിരിയും.
അപ്പോഴും അവര്‍ക്ക് ചുറ്റും ബാഹ്യലോകമില്ല. ആകാശവും ഭൂമിയുമില്ല.
കുര്‍ബാന കഴിഞ്ഞിരിക്കുന്നു. വൈദികന്‍ ബലിപീഠത്തിനോട് വിടപറയുന്നു. ബനീഞ്ഞാമ്മ വീണ്ടും പ്രാര്‍ഥനയിലേക്കൂളിയിട്ടു.
ചുട്ടുപഴുത്ത മഹാമരുവിന്റെ വിജനതയിലൂടെ, അതിന്റെ മൃഗതൃഷ്ണയിലൂടെ ശുഭ്രവസ്ത്രധാരിയായ ഒരു വൃദ്ധസ്ത്രീ ഒറ്റയ്ക്ക് നടന്നുപോകുന്നു. യാഗരൂപങ്ങളുടെ വീട് അങ്ങു ദൂരെ ഭൂമിയുടെ അനന്തതിയിലേക്കെന്ന വണ്ണമാണ് അവരുടെ യാത്ര.
''സിസ്റ്ററേ...'' ഒരു വിളി ബനീഞ്ഞാമ്മയെ പ്രാര്‍ഥനയില്‍ നിന്നുണര്‍ത്തി. കണ്ണു തുറക്കുമ്പോള്‍ തനിക്കു മുമ്പില്‍ ഇളംവെയില്‍ പോലെ ചിരിച്ചുകൊണ്ട് കൊച്ചച്ചന്‍ നില്‍ക്കുന്നു. അദ്ദേഹം ബനീഞ്ഞാമ്മയ്ക്കു നേരെ കൈകള്‍ കൂപ്പുന്നു.
ബനീഞ്ഞയും കൈകള്‍ കൂപ്പി. അതേറ്റു വാങ്ങി അദ്ദേഹം ബനീഞ്ഞാമ്മയുടെ പാദം തൊട്ടുവണങ്ങുന്നു. ബനീഞ്ഞാമ്മയ്ക്ക് പൊള്ളുന്നതുപോലെ തോന്നി.
''അച്ചനെന്താ ഇക്കാണിച്ചത്...'' ബനീഞ്ഞാമ്മ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
''വേണ്ട. സിസ്റ്റര്‍ അവിടെയിരുന്നോളൂ.'' അച്ചന്‍ പറഞ്ഞു.
ബനീഞ്ഞാമ്മയ്ക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. എങ്കിലും അവിടെ തന്നെയിരുന്നു. മനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നതിനൊപ്പം ശരീരം എത്തുന്നില്ല.
ഒന്ന് കത്താന്‍പോലുമാകാതെ വൃഥാ പുകയുന്ന ഒരു കരിംന്തിരി പോലെയായിരുന്നപ്പോള്‍ സിസ്റ്റര്‍ മേരി ബനീഞ്ഞ. ഒരു ചീറല്‍. ഒരെരിച്ചില്‍ ബനീഞ്ഞാമ്മ അനുഭവിക്കുന്നു. പ്രായത്തില്‍ തന്നേക്കാള്‍ ഒരുപാട് ഇളയതാണെങ്കിലും അദ്ദേഹം ഒരു പുരോഹിതനാണ്. കര്‍ത്താവിന്റെ പ്രതിപുരുഷന്‍. താനോ വെറും ഒരു ദാസി.
തന്റെ പ്രവൃത്തി സിസ്റ്റര്‍ മേരി ബനീഞ്ഞയെ അസ്വസ്ഥയാക്കിയിരിക്കുന്നു എന്ന് അച്ചന് മനസ്സിലായി. മഹാകവിപ്പട്ടം നേടിയിട്ടുണ്ടെങ്കിലും ശുദ്ധമനസ്‌കയാണിവര്‍. അച്ചന്‍ പറഞ്ഞു,
''ഞാന്‍ വണങ്ങിയത് ഒരു സാധാരണ കന്യാസ്ത്രീയെയല്ല. മലയാളത്തിന്റെ മിസ്റ്റിക് കവയത്രി സിസ്റ്റര്‍ മേരി ബനീഞ്ഞയെയാണ്. അതുകൊണ്ടുതന്നെ എന്റെ പ്രവൃത്തി ഒട്ടും ബാലിശമല്ല.''
ചാപ്പലിനു പുറത്തു പുലരിക്കാറ്റു വീശുന്നു. മഴയൊഴിഞ്ഞ് തെളിഞ്ഞ പ്രഭാതമാണ്. കാറ്റ് ചാപ്പലിന്റെ വാതായനങ്ങള്‍ കവച്ച് അകത്തേക്കു വന്നു. ബനീഞ്ഞാമ്മയ്ക്ക് തണുത്തു.
അച്ചന്‍ അപ്പോഴും ചിരിക്കുന്നു. തന്റെ അപ്പോഴത്തെ അവസ്ഥയിലും ബനീഞ്ഞാമ്മ കണ്ടു, അച്ചന്റെ ചിരി ഭംഗിയുള്ളതാണെന്ന്. ഒരു കൊച്ചുകുട്ടിയുടേതുപോലെ നിഷ്‌ക്കളങ്കം.
അപ്പോഴേക്കും കൊച്ചച്ചനായി സിസ്റ്റര്‍ മര്‍ഗലീത്ത ഒരു കസേര കൊണ്ടുവന്നു. അദ്ദേഹം ബനീഞ്ഞാമ്മയ്ക്ക് അഭിമുഖമായി ഇരുന്നു. എന്നിട്ട് പറഞ്ഞു.
ഒരുപാട് കേട്ടിട്ടുണ്ട് സിസ്റ്ററിനെക്കുറിച്ച്. പഠിക്കുന്ന കാലം തൊട്ട്. നേരില്‍ കാണണമെന്നും ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് ദൈവം കരുണയായത്.
അതിന് മറുപടിയായി സിസ്റ്റര്‍ മേരി ബനീഞ്ഞ കഷ്ടപ്പെട്ടൊരു ചിരി വരുത്തി. ഒരു ഖിന്നത ബനീഞ്ഞാമ്മയെ ചൂഴ്ന്ന് നില്‍ക്കുന്നുണ്ടെപ്പോഴും.
പുതിയ അസ്‌തേന്തിയച്ചനെ ആദ്യമായി കാണുകയായിരുന്നു സിസ്റ്റര്‍ മേരി ബനീഞ്ഞ. അച്ചന്‍ ചെറുപ്പമാണ്. മുപ്പതുപോലും മതിക്കില്ല. ഇട്ടിരിക്കുന്ന ളോഹപോലെയാണ് നിറവും. ശുഭ്രകാന്തി.
''ഞാന്‍ സിസ്റ്ററിന്റെ കവിതകളൊക്കെ വായിച്ചിട്ടുണ്ട്.'' കൊച്ചച്ചന്‍ പറഞ്ഞു.
അത് വെറുതെ ആയിരിക്കുമെന്ന് ബനീഞ്ഞാമ്മ കണ്ടു. പുതിയ തലമുറയ്ക്ക് വായനാശീലം എവിടെ...? അവര്‍ക്ക് ലോകത്തിന്റെ പുറം പൂച്ചുകളിലാണ് കണ്ണുടക്കുന്നത്.
വൈദികരിലും കന്യാസ്ത്രീകളിലും വായനാശീലം വളരെ കുറവാണ്. വൈദികരുടെ ഞായറാഴ്ച പ്രസംഗം കേള്‍ക്കുമ്പോഴേ അറിയാം. അവര്‍ വേദപുസ്തകത്തെ മാത്രം ചുറ്റിപ്പറ്റി മാത്രം സംഞ്ചരിക്കുന്നവരാണ്. ലോകത്തിന്റെ പുതിയ വൈജ്ഞാനിക മേഖലകളിലേക്ക് അവര്‍ വ്യാപരിക്കുന്നില്ല. അതിന് മിനക്കെടാറില്ല.
അറിവിനുള്ള ത്വര ഒരു തരം ദാഹമാണ്. ആ ദാഹം പല വൈദികര്‍ക്കുമില്ല.
വായനയോട് ആഭിമുഖ്യമുള്ള കന്യാസ്ത്രീകളാകട്ടെ അംഗുലീപരിമിതം. അധ്യാപികയായി വടക്കന്‍ പറവൂരും കൊല്ലത്തുമൊക്കെ താമസിച്ചിട്ടുണ്ട്. കന്യാസ്ത്രീയായി കുറവിലങ്ങാട്ടും ഇലഞ്ഞിയിലുമായി അരനൂറ്റാണ്ടോളം. ഗൗരവമായി വായനയെ സമീപിക്കുന്ന ഒരു കന്യാസ്ത്രീയേയും സിസ്റ്റര്‍ മേരി ബനീഞ്ഞ കണ്ടിട്ടില്ല.
പലരും പറയും സമയമില്ലെന്നൊരു പല്ലവി. ജീവിതത്തില്‍ നമ്മള്‍ എത്രയോ സമയം പാഴാക്കിക്കളയുന്നു. അതാരും ശ്രദ്ധിക്കുന്നില്ല. സമയം നമ്മള്‍ കണ്ടെത്തുന്നതാണ്. ബഷീര്‍ എഴുതിയിട്ടുണ്ട്. അള്ളാഹുവിന്റെ ഖജനാവില്‍ സമയം ഇഷ്ടംപോലെ.
സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ മൗനത്തിനും മനനത്തിനും മേലെ കൊച്ചച്ചന്റെ മൗനം ഒരു പെരുന്നാള്‍ കുടപോലെ വിടര്‍ന്ന് നില്‍പുണ്ട്.
''എന്റെ പേര് അഗസ്റ്റിന്‍.'' അച്ചന്‍ പറഞ്ഞു. ''ഭരണങ്ങാനത്താണ് വീട്. കാപ്പില്‍ കുടുംബം.''
ബനീഞ്ഞാമ്മയ്ക്ക് ഒരു ജാള്യം തോന്നി. പുതിയ അസ്‌തേന്തിയാണ്. നാടും വീടും ചോദിക്കാന്‍ മറന്നു. ഒരു തരം കലുഷിത നിമിഷങ്ങളായിരുന്നല്ലോ കടന്നുപോയത്.
''അല്‍ഫോന്‍സാമ്മയുടെ നാട്...'' ബനീഞ്ഞാമ്മ തന്റെ മൗനം മുറിച്ചു. ഒരു ചെറുവിപിനം ഒന്നുലഞ്ഞു കിട്ടി.
''അതെ.'' ഫാദര്‍ അഗസ്റ്റിന്‍ പറഞ്ഞു.
''ഭരണങ്ങാനം ഭാഗ്യപ്പെട്ട നാടാണ്. അല്‍ഫോന്‍സാമ്മയുടെ ഭൗതിക ശരീരം ഏറ്റു വാങ്ങാന്‍ മാറ് പിളര്‍ന്ന നാട്.''
''ഒരു കണക്കിന് ഇലഞ്ഞിയും ഭാഗ്യപ്പെട്ട നാടുതന്നെ. ഇലഞ്ഞി മരക്കൊമ്പിലല്ലേ മലയാള കവിതയിലെ വാനമ്പാടിയും ചേക്കേറിയത്...''
ഫാദര്‍ അഗസ്റ്റിന്‍ തെല്ല് വ്യത്യസ്തനാണെന്ന് ബനീഞ്ഞാമ്മ അറിയുന്നു. കുര്‍ബാനപുസ്തകത്തിനും വേദപുസ്തകത്തിനും അപ്പുറത്തേക്ക് സഞ്ചരിക്കുന്ന ഒരാള്‍. ഒരങ്ങുവോളമെങ്കിലും സാഹിത്യാഭിരുചിയുണ്ടെന്ന് വ്യക്തം.
വാനമ്പാടി. അങ്ങനെ ചിലര്‍ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. ചിലര്‍ പൂങ്കുയിലെന്നും. പക്ഷെ, അതാരാണ്...? ഗുപ്തന്‍ നായരോ... അതോ സി പി ശ്രീധരനോ...?
ആരായാലും അതില്‍ വലിയ കഴമ്പൊന്നുമില്ല. താനൊരു തൃണസമാന. പേരും പെരുമയും ഒരു മരീചിക മാത്രം. സമ്പത്തും സ്ഥാനമാനങ്ങളും അങ്ങനെ തന്നെ. മനുഷ്യജീവിതം പച്ചയായ പുല്‍ക്കൊടിക്കു തുല്യം. പ്രഭാതത്തില്‍ അത് പച്ചയായിരിക്കും. പകലറുതിയില്‍ അത് വൈക്കോലാകും.
പിന്നെ എന്തിനാണ് നമുക്ക് പേരിന്റേയും പ്രശസ്തിയുടെയും ഉടയാടകള്‍. സമ്പത്തിന്റെ സുവര്‍ണ്ണ സിംഹാസനങ്ങള്‍. മഹാനെന്ന് ലോകം വിശേഷിപ്പിച്ച അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യചരിത്രം തന്നെ ധാരാളം.
''അല്‍ഫോന്‍സാമ്മ ഒരു പുണ്യവതിയാണച്ചോ...'' ബനീഞ്ഞാമ്മ പറഞ്ഞു.
''തീര്‍ച്ചയായും. അല്‍ഫോന്‍സാമ്മ സഹനം കൊണ്ട് പുണ്യം പ്രാപിച്ചു. ബനീഞ്ഞാമ്മ കവിതകൊണ്ട് പുണ്യം പ്രവര്‍ത്തിക്കുന്നു.''
എവിടെയോ ഇലവംശം പൂക്കുന്നു. ആദിയിലെവിടെയോ ആകണം. കവിതയുടെ ശ്രുതിമധുരമായ ഒരീണം കേള്‍ക്കാവുന്നു. ഏത് വൃക്ഷക്കൊമ്പിലാണു പൂങ്കുയില്‍ പാടുന്നത്? താനെഴുതിയ കവിതകള്‍ ഓരോന്നായി പാടുകയാണ് ആ പൂങ്കുയില്‍.
സിസ്റ്റര്‍ മേരി ബനീഞ്ഞ വിടര്‍ന്ന, അതിശയം മുറ്റിയ കണ്ണുകളോടെ ഫാദര്‍ അഗസ്റ്റിനെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ ഇപ്പോഴും തന്റെ മുഖത്തുതന്നെ.
അല്‍പനേരത്തെ മൗനത്തിനുശേഷം അദ്ദേഹം ചോദിച്ചു. ''പുതിയ കവിതകളേതെങ്കിലും...''
സിസ്റ്റര്‍ മേരി ബനീഞ്ഞ ഒട്ടുനേരം മൗനം കൊണ്ടു. ഇപ്പോള്‍ മനസ്സ് കാരണമില്ലാത ഒരു വ്യാകലം അനുഭവിക്കാന്‍ തുടങ്ങുന്നു. കവിതാ കാമിനി തന്നില്‍ നിന്ന് മറഞ്ഞിരിക്കുന്നുവോ? വിവേചിച്ചറിയാന്‍ പാകത്തിലായിരുന്നില്ല ബനീഞ്ഞാമ്മയുടെ മനസ്സപ്പോള്‍.
''പുതിയ കവിതകള്‍...? അതിന് മനസ്സ് സന്നദ്ധമാകുന്നില്ല, ശരീരവും. കല്‍പനകള്‍ അമൂര്‍ത്തങ്ങളായി ഭവിക്കുന്നു. വാര്‍ധക്യം ശരീരത്തെ മാത്രമല്ല മനസ്സിനേയും കീഴ്‌പ്പെടുത്തിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കുരിശില്‍ കിടക്കുന്നതു പോലെയിപ്പോള്‍ ജീവിതം കുരിശിന്റെ ശയ്യ.'' ബനീഞ്ഞാമ്മ പറഞ്ഞു.
അവരുടെ ശബ്ദം നേരിയ തോതിലെങ്കിലും പതറിയിരുന്നു. വളരെ ശബ്ദം താഴ്ത്തി മധുരതരമായി ഒരു കവിത മൂളി കൊച്ചച്ചന്‍.
'കന്യകമാരുടെ ധന്യമണവാളനെ
യുന്നതഭക്തിയോടെ
അന്യുന്ന പ്രണയത്തൊടുതന്നെ
വശിപ്പവളല്‍ഫോന്‍സാ.
ഭരണങ്ങാനത്താശ്രമൂലയി
ലവളൊരു രോഗിണിയായി
കുരിശിന്‍ശയ്യയില്‍ നാഥനോടൊത്ത്
ശയിച്ചു ചിലകാലം.'
''ഓര്‍മ്മയുണ്ടോ സിസ്റ്ററിന് ഈ കവിത.'' അച്ചന്‍ ചോദിച്ചു.
സിസ്റ്റര്‍ മേരി ബനീഞ്ഞ ഒന്നുലഞ്ഞു. അവരുടെയുള്ളില്‍ ഓര്‍മ്മകളുടെ മഞ്ഞുതിരുന്നു.
''അത് താനെഴുതിയ കവിതയാണ്.'' ബനീഞ്ഞാമ്മ പറഞ്ഞു. ''അല്‍ഫോന്‍സാമ്മയെക്കുറിച്ച്. കൂടുവിട്ട മാടപ്രാവ്.''
അല്‍പനേരത്തെ മൗനത്തിനുശേഷം അവര്‍ തുടര്‍ന്നു.
''അല്‍ഫോന്‍സാമ്മയെക്കുറിച്ച് താനെഴുതിയ ആദ്യത്തെ കവിത സുകൃതിനിയമ്മയാണ്. അച്ചനിപ്പോള്‍ ചൊല്ലിയത് കൂടുവിട്ട മാടപ്രാവിലെ ആദ്യവരികളാണ്.''
''ഒരു കണക്കിനിപ്പോള്‍ അല്‍ഫോന്‍സാമ്മയെപ്പോലെയാണ് ബനീഞ്ഞാമ്മയും. കുരിശിന്റെ ശയ്യയില്‍ നാഥനോടൊത്ത് ശയിക്കുന്ന ശേഷിച്ചകാലം... എന്താ സിസ്റ്ററേ അങ്ങനെയല്ലേ...''
പുറത്ത് വെയില്‍ തിടം വയ്ക്കുന്നു. ഒരു പിശറന്‍ കാറ്റ് പിടഞ്ഞോടുന്നു. ബനീഞ്ഞാമ്മ ചലനമറ്റിരുന്നു. അവരുടെ കണ്ണുകള്‍ കൊച്ചച്ചനില്‍ തറഞ്ഞുനിന്നു.
പിന്നെയവര്‍ സാവധാനം കുനിഞ്ഞ് കൊച്ചച്ചന്റെ പാദങ്ങളില്‍ തൊട്ടു. അപ്പോള്‍ രണ്ടു മിഴിനീര്‍ത്തുള്ളികള്‍ അവരുടെ കണ്ണുകളില്‍ കിനിഞ്ഞു.
(തുടരും)