ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [07]

സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ജീവിതത്തിന്റെ സ്വതന്ത്ര ആഖ്യാനം
ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [07]
Published on
  • നോവലിസ്റ്റ്:

  • ഗിരിഷ് കെ ശാന്തിപുരം

  • ചിത്രീകരണം : ബൈജു

അധ്യായം - 07

ബനീഞ്ഞാമ്മയ്ക്കിപ്പോള്‍ സൗഖ്യമുണ്ട്. എഴുന്നേറ്റിരിക്കാന്‍ കഴിയുന്നുണ്ട്. ലഘുവായി എന്തെങ്കിലുമൊക്കെ കഴിക്കുന്നുണ്ട്. സംസാരിക്കാനും ബുദ്ധിമുട്ടൊന്നുമില്ല.

ഭയപ്പെടാനൊന്നുമി ല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അത്രയും ആശ്വാസം. ഇലഞ്ഞി എന്ന ഗ്രാമവും, മഠവും അതിലധികം സാഹിത്യലോകവും വീര്‍പ്പടക്കി നിന്ന മണിക്കൂറുകളാണ് കഴിഞ്ഞുപോയത്.

സിസ്റ്റര്‍ മേരി ബനീഞ്ഞ മലയാളത്തിന്റെ വാനമ്പാടി അസുഖബാധിതയായി ആശുപത്രിയിലാണെന്ന വാര്‍ത്ത ഒരു വേനല്‍ക്കാറ്റു പോലെയാണ് നാട്ടിലെങ്ങും പരന്നത്.

സന്ദര്‍ശകരുടെ തിര ക്കായിരുന്നു ആശുപത്രി യില്‍. അതാകട്ടെ ബനീഞ്ഞാമ്മയ്ക്ക് ഒട്ടൊക്കെ അലോസരവു മായി. അവസാനം മുറിയുടെ വാതിലില്‍ ഒരു ബോര്‍ഡ് തൂക്കി.

'സന്ദര്‍ശകരെ അനുവദിക്കുന്നതല്ല.'

ബനീഞ്ഞാമ്മയ്ക്ക് ആശ്വാസമുണ്ടെന്ന് കണ്ടപ്പോള്‍ സിസ്റ്റര്‍ മര്‍ഗലീത്തായും മദര്‍ സുപ്പീരിയറും മഠത്തിലേക്ക് മടങ്ങി. രണ്ടു മൂന്നു ദിവസംകൂടി ബനീഞ്ഞാമ്മ യ്ക്ക് ആശുപത്രി വാസം അനിവാര്യം. കൂട്ടിന് സിസ്റ്റര്‍ ഗെരോത്തി.

ബനീഞ്ഞാമ്മ ഇപ്പോള്‍ പ്രസന്നവതിയായിരിക്കുന്നു എന്ന് സിസ്റ്റര്‍ ഗെരോത്തി കണ്ടു. അബോധത്തില്‍ അവരുടെ മുഖത്തുണ്ടായി രുന്ന ക്‌ളാന്തതയുടെ നിഴല്‍ മാഞ്ഞുപോയിരി ക്കുന്നു. ഒരു സൗമ്യകാന്തി ഇപ്പോള്‍ മുഖത്ത് കളിയാടുന്നുണ്ട്.

ബനീഞ്ഞാമ്മയോടൊ ത്തുള്ള നിമിഷങ്ങള്‍ ഗെരോത്തി സിസ്റ്റര്‍ ആസ്വദിക്കുന്നുണ്ട്. തനിക്ക് പ്രിയപ്പെട്ട നിമിഷങ്ങളാ ണത്. അത് സിസ്റ്റര്‍ മേരി ബനീഞ്ഞ ഒരു എഴുത്തു കാരിയായതുകൊണ്ടല്ല.

ബനീഞ്ഞാമ്മയോടൊ ത്തുള്ള നിമിഷങ്ങളിലാണ് സിസ്റ്റര്‍ ഗെരോത്തി സ്വന്തം അമ്മയിലേക്കെ ത്തുന്നത്. അമ്മയുടെ നഷ്ടപ്പെട്ടുപോയ സ്‌നേഹം നുണയുന്നത്. ബനീഞ്ഞാമ്മയ്ക്ക് മൂക്കിന്‍ തുമ്പത്താണ് ശുണ്ഠി. തന്റെ അമ്മയ്ക്കും അങ്ങനെതന്നെ.

പാലായ്ക്കടുത്തുള്ള ഒരു മലയോരഗ്രാമത്തി ലാണ് സിസ്റ്റര്‍ ഗെരോത്തി യുടെ വീട്. ഇത്തിരി കൃഷിഭൂമി. പത്ത് നൂറ് മൂട് കപ്പയ്ക്കും പത്തിരുപത് വാഴയ്ക്കുമുള്ളത്ര മാത്രം. അതിനു നടുവില്‍ വെട്ടുകല്‍ച്ചുവരുകളുള്ള ഓലമേഞ്ഞ കൊച്ചുവീട്. ഏഴ് മക്കള്‍. മൂത്തവള്‍ തെരേസ എന്ന സിസ്റ്റര്‍ ഗെരോത്തി. അവര്‍ക്കിള യത് അഞ്ച് പെണ്‍മക്കള്‍. ആറാമത്തൊരാണും.

സിസ്റ്റര്‍ ബനീഞ്ഞാമ്മ യോടൊത്തുള്ള സഹവാസത്തിനടിയിലാണ് സിസ്റ്റര്‍ അത്തരമൊരു ദര്‍ശനത്തിലേക്കെത്തുന്നത്. തന്റെ അമ്മയും ഒരു കവി യായിരുന്നു. അപ്പനും അങ്ങനെതന്നെ. അവര്‍ കവിതകളെഴുതിയിരുന്നത് വിയര്‍പ്പുകൊണ്ടാണ്. രാപ്പകലില്ലാതെ ചിന്തുന്ന വിയര്‍പ്പുകൊണ്ട്.

ഒരുപാട് കൗമാരസ്വപ്ന ങ്ങള്‍ മൊട്ടിട്ടിരുന്നു തെരേസായില്‍. പക്ഷെ, ആ സ്വപ്നമുകുളങ്ങളൊ ന്നും മലര്‍ന്നില്ല. അതി നുള്ള ഉറ പോരായിരുന്നു അപ്പന്റേയും അമ്മയു ടേയും വിയര്‍പ്പുതുള്ളി കള്‍ക്ക്.

ബനീഞ്ഞാമ്മ ഒന്നനങ്ങിക്കിടന്നു. ഗെരോത്തി സിസ്റ്ററിന് ഓര്‍മ്മകള്‍ മുറിഞ്ഞു. വെറുതെ ഓരോരോ ചിന്ത കള്‍, പാടില്ല. സന്യാസിനി മാര്‍ക്ക് പൂര്‍വാശ്രമങ്ങളില്ല.

ബനീഞ്ഞാമ്മ സിസ്റ്റര്‍ ഗെരോത്തിക്ക് നേരെ മന്ദഹസിക്കുന്നു. പിന്നെ തന്റെ കണ്ണടയെവിടെ യെന്ന് ആംഗ്യം. ഗെരോത്തി സിസ്റ്റര്‍ മേശ പ്പുറത്തിരുന്ന കണ്ണടയെ ടുത്ത് ബനീഞ്ഞാമ്മയുടെ മുഖത്ത് വച്ചു കൊടുത്തു. എഴുന്നേല്പിച്ചിരുത്തി.

''സിസ്റ്റര്‍ ഞങ്ങളെ യൊക്കെ പേടിപ്പിച്ചു കളഞ്ഞു.'' ഗെരോത്തി സിസ്റ്റര്‍ പറഞ്ഞു.

''എന്തിന് പേടിക്ക ണം?... ഏറിയാല്‍ മരണം. അത് എന്തായാലും സംഭവിച്ചേ മതിയാകൂ.''

യാതൊരു ഭാവഭേദ ങ്ങളുമില്ലാതെയായിരുന്നു ബനീഞ്ഞാമ്മയുടെ മറുപടി. ഗെരോത്തി സിസ്റ്ററിന് നേരിയ അദ്ഭുതം തോന്നാതിരു ന്നില്ല. എത്ര നിസംഗമാ യാണ് ബനീഞ്ഞാമ്മ മരണത്തെക്കുറിച്ച് സംസാരിക്കുന്നത്.

അത് ആത്മജ്ഞാന മുള്ളതുകൊണ്ടാകാം. കവിത എഴുതുന്ന ആളല്ലേ... അകക്കണ്ണില്‍ ജ്ഞാനസൂര്യന്‍ സദാ തെളിഞ്ഞു നില്‍ക്കും. അല്ലെങ്കില്‍ തന്നെ ആത്മീ യതയുടെ ഒരു പരിവേഷ മുണ്ട്, ബനീഞ്ഞാമ്മയുടെ വാക്കുകള്‍ക്കും പ്രവര്‍ത്തി കള്‍ക്കും. ജീവിതത്തിന്റെ ആഴങ്ങളോളം കാണാ വുന്ന ഒരു ദൂരദര്‍ശിനി സൂക്ഷിപ്പുണ്ട് ബനീ ഞ്ഞാമ്മയുടെ ചിന്തകളില്‍.

ഒരു കവയത്രി എന്ന നിലയില്‍ ബനീഞ്ഞാമ്മ യെ വിശകലനം ചെയ്യാന്‍ മിനക്കെട്ടിട്ടില്ല. അതിനുള്ള ആന്തരിക പ്രാപ്തി തനിക്കില്ലെന്ന് ഗെരോത്തി സിസ്റ്ററിനറിയാം.

സിസ്റ്റര്‍ ഗെരോത്തി ഒരു നല്ല വായനക്കാരിയല്ല. സാഹിത്യാസ്വാദകയുമല്ല. മാത്രമല്ല കവിതകള്‍ അത്രങ്ങട് വഴങ്ങുന്ന ഒന്നല്ല.

എങ്കിലും ബനീഞ്ഞാമ്മ യുടെ ചില കവിതകളെ ങ്കിലും ഗെരോത്തി സിസ്റ്റര്‍ വായിക്കാതെയില്ല. 'ലോകമേ യാത്ര', 'സായാഹ്നത്തിലെ ഏകാന്തയാത്ര', 'പ്രഭാവതി' തുടങ്ങി ചുരുക്കം ചില കവിതകള്‍...

ആ കവിതകളൊക്കെ എഴുതാനിട വരുത്തിയ സന്ദര്‍ഭങ്ങളേക്കുറിച്ച് പലപ്പോഴായി ബനീ ഞ്ഞാമ്മ പറഞ്ഞിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളൊക്കെ കൗതുകം ജനിപ്പിക്കും, അതുകൊണ്ടാണ് അവ തിരഞ്ഞുപിടിച്ചു വായിച്ചതും.

കൊല്ലത്ത് പഠിച്ചുകൊ ണ്ടിരുന്ന കാലത്താണ് 'സായാഹ്നത്തിലെ ഏകാ ന്ത യാത്ര' എഴുതിയത്. കോണ്‍വെന്റിലെ ബോര്‍ഡിംഗിലായിരുന്നു താമസം.

കൊല്ലത്തെ പഠനത്തി നു മുമ്പ് മുത്തോലിയിലാ യിരുന്നു മേരി ജോണ്‍ തോട്ടത്തിന്റെ പഠനം. മൂത്തോലിയിലെ സ്‌കൂളി നോ ബോര്‍ഡിംഗിനോ കൊല്ലത്തേതിനോട് ഒരു സാമ്യവുമില്ലായിരുന്നു. രണ്ടിനും രണ്ടാണ് ഗതി.

ആകെക്കൂടി ഒരു ആംഗ്ലോ ഇന്‍ഡ്യന്‍ മട്ടാണ് കൊല്ലത്തെ സ്‌കൂളിനും കോണ്‍വെന്റിനും. ആംഗ്ലോ ഇന്‍ഡ്യന്‍സൂം കടല്‍ത്തീര നിവാസികളും, തമിഴരും തുടങ്ങി പല തരക്കാര്‍. എല്ലാവരും കത്തോലിക്കരാണ്. പക്ഷെ, തനിമലയാളികളും സുറിയാനി ക്രിസ്ത്യാനി കളും ചുരുക്കം.

കൊല്ലത്തെ പഠനകാല ത്താണ് മേരി ജോണ്‍ തോട്ടം ഇംഗ്ലീഷില്‍ ഒട്ടൊക്കെ പ്രാവീണ്യം നേടുന്നത്. ബോര്‍ഡിംഗിലുള്ളവരെല്ലാം ഇംഗ്ലീഷില്‍ മാത്രമേ സംസാരിക്കാവൂ എന്നായി രുന്നു അവിടുത്തെ അലംഘനീയ നിയമം.

അഥവാ അബദ്ധത്തി ലാരെങ്കിലും മലയാളം സംസാരിച്ചു പോയാല്‍ അത്താഴം കഴിഞ്ഞുള്ള ഉല്ലാസകൂട്ടത്തില്‍ നിന്ന് മാറ്റിനിറുത്തും. ആ സമയമത്രയും അവര്‍ കപ്പേളയില്‍ ചെന്നിരുന്ന് പ്രാര്‍ഥിക്കണം.

അതുകൊണ്ട് ഏത് തമിഴരും മലയാളിയും അവിടുത്തെ ജീവിതത്തില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കും. മേരി ഏകദേശം രണ്ടു മാസക്കാലം കൊണ്ട് ഇംഗ്ലീഷ് ഭാഷ ഏറെക്കുറെ വശംവദമാക്കി.

അവധി ദിവസങ്ങളില്‍ ബോര്‍ഡേഴ്‌സ് എല്ലാവരും കൂടി സായാഹ്ന സവാരിക്ക് പോകുക പതിവായിരുന്നു. ഓരോരോ തമാശകള്‍ പറഞ്ഞ്, പൊട്ടിച്ചിരിച്ച് കെട്ടുപാടുകളൊന്നുമില്ലാതെ, അനന്തവിഹായസിലൂടെ പറന്ന് നടക്കുന്ന വാനമ്പാ ടികളെന്നപോലെ, ആ യാത്രകള്‍ എല്ലാവരും ആസ്വദിച്ചിരുന്നു.

എല്ലാ ദിവസവും തന്നെ കടല്‍ത്തീരത്തേ ക്കാവും യാത്ര. എത്ര കണ്ടാലും മതിവരാത്ത താണ് മേരിക്ക് കടല്‍ക്കാഴ്ച.

പഞ്ചാരമണല്‍ത്തീരം. തീരത്തേക്കലച്ചു വരുന്ന തിരമാലകള്‍. കടലിന്റെ അപാരതയ്ക്കപ്പുറത്ത്, പട്ടടയൊരുക്കുന്ന സൂര്യന്‍. അസ്തമയകാലത്തിന് നേരെ പുറംകടലിലേക്ക് മുക്കുവര്‍ വഞ്ചി തുഴയുന്നു. അന്തിമിനുക്കം പൂണ്ടുകിടക്കുന്ന കടലും തീരവും സ്വപ്ന സന്നിഭമാണ് ആ കാഴ്ച. എത്ര കണ്ടാലും മതിവരില്ല.

പക്ഷെ, ഒരു ദിവസം സായാഹ്നയാത്രയുടെ വഴി തെറ്റി. തെറ്റിയതല്ല വഴി മാറി നടന്നതാണ്. ചെന്നു നിന്നത് ഒരു പൊതു ശ്മശാനത്തിന്റെ അതിരില്‍. കൂട്ടുകാരികളില്‍ ചിലര്‍ ഭയത്തോടും അറപ്പോടും കൂടി നിന്നു. മേരി ധൈര്യ പൂര്‍വം ശ്മശാനത്തിനു ള്ളിലേക്ക് കടന്നു. ഒപ്പം മറ്റു ചിലരും.

ശ്മശാനത്തിനു നടുവില്‍ മേരി അങ്ങനെ നിന്നു. സ്വന്തം ആത്മാ വിന്റെ ആഴങ്ങളില്‍ നിന്നെന്നവണ്ണം മേരി ചില മുഴക്കങ്ങള്‍ കേള്‍ക്കുന്നു.

എത്രയെത്ര കുഴിമാട ങ്ങള്‍... പഴക്കം ചെന്നവ.. പച്ചമണ്ണുണങ്ങാത്തവ. ഈ മണ്ണിലുറങ്ങുന്ന മനുഷ്യരെ ഈ ലോകവും ബന്ധു മിത്രാദികളും ഉപേക്ഷിച്ചു പോയിരിക്കുന്നു. ഒറ്റയ്ക്കാ ണ്, എല്ലാവരും ഒറ്റയ്ക്ക്.

ഉറ്റവരും ഉടയവരുമില്ല. സമ്പത്തില്ല. രമ്യഹര്‍മ്മ്യ ങ്ങളില്ല. കാത്തുപരിപാലിച്ച ശരീരമില്ല. സൗന്ദര്യകാന്തി യില്ല. ഏകാന്തതയുടെ ശാദ്വലഭൂമികയില്‍ കല്‍പാന്തത്തോളമെത്തുന്ന നിദ്രയിലാണവര്‍.

തനിക്കു ചുറ്റുമുള്ള ഈ മണ്‍കൂനകള്‍ക്കടി യില്‍ എന്തെന്ത് സ്വപ്നങ്ങ ളായിരിക്കും അഴുകിക്കൊ ണ്ടിരിക്കുന്നത്. പറക്കമുറ്റും മുന്‍പേ ചിറകറ്റുപോയവര്‍. പറന്നു പറന്ന് ചിറകു തളര്‍ന്നടിഞ്ഞവര്‍, പാതിവഴിയില്‍ ജീവിതം വെടിഞ്ഞവര്‍, അങ്ങനെ എത്രയെത്ര നരരൂപങ്ങള്‍...

എല്ലാ പൂക്കളും കൊഴിയും. എല്ലാ ഇലകളും പഴുത്തടരും. ജീവിതം എത്ര ക്ഷണഭംഗുരം.

ആറടി മണ്‍കൂനകള്‍ക്കു മുമ്പില്‍ നിന്ന് മേരിയിപ്പോള്‍ കേള്‍ക്കുന്നത് നിശ്ശബ്ദമായ വിലാപങ്ങളാണ്. നേരിയ തേങ്ങലുകള്‍... നെടുവീര്‍പ്പുകള്‍...

വരണ്ട കാറ്റാണ് വീശുന്നത്. സൗരഭ്യമേതുമില്ലാത്ത കാറ്റിന് മരണത്തിന്റെ ഗന്ധമുണ്ടെന്ന് തോന്നി.

മേരിയുടെ ദേഹമാകെ വിയര്‍പ്പു പൊടിയുന്നു. ഒപ്പം മനസ്സില്‍ ഒരു കവിത യുടെ അങ്കുരം പൊട്ടുന്നു. എവിടെയോ ഒരു പൂങ്കുയില്‍ ദുഃഖസ്ഥായിയില്‍ പാടുന്നു.

മണ്ണാലേയുരുവായ് ചമഞ്ഞ തടിയാ-

മണ്ണോടു താന്‍ ചേര്‍ന്ന് പോം

ദണ്ഡം ചെയ്തു കരസ്ഥമായ മുതലും

കൈവിട്ടുപോയേകദാ

പുണ്യശാശ്വതമായതാണ് മതിമാന്‍

നേടേണ്ട സമ്പാദ്യമ-

വിണ്ണില്‍ ചേര്‍ന്നഖിലേശ പാദസവിധേ

നിത്യം സുഖിച്ചിടുവാന്‍.

''മതി മേരി, നമുക്ക് പോകാം.'' കൂട്ടുകാരികള്‍ വിളിക്കുന്നു. അവരില്‍ ഒരു ഭയം കൂടുകെട്ടാന്‍ തുടങ്ങിയിരിക്കുന്നു എന്ന് മേരി കണ്ടു.

പകല്‍ മയങ്ങുകയാണ്. ശ്മശാന മരച്ചില്ലകളിലേക്ക് കിളികള്‍ ചേക്കേറാന്‍ തുടങ്ങിയിരിക്കുന്നു. ഇരുട്ടുവീഴും മുമ്പ് കോണ്‍വെന്റിലെത്തണം.

മേരി തിരിഞ്ഞു നടന്നു. മടക്കത്തില്‍ കൂട്ടത്തിലൊരുവള്‍ ചോദിച്ചു.

''എന്തായിരുന്നു മേരിക്കിത്ര നേരം ആ ചുടുകാട്ടില്‍...''

''ഞാന്‍ മരിച്ചവരോട് സംസാരിക്കുക യായിരുന്നു.'' മേരി പറഞ്ഞു,

ഭ്രാന്ത് എന്നവര്‍ മനസ്സില്‍ കരുതിയിട്ടുണ്ടാകണം. പക്ഷെ, അവരത് പറഞ്ഞില്ല. മേരിയോട് അത്തരുണ ത്തിലൊന്നും അവര്‍ സംസാരി ക്കാറില്ല. കാരണം മേരി തങ്ങളേ ക്കാള്‍ ഉന്നതയാണ്. കവിത എഴുതുന്ന ആളാണ്.

രാത്രി മേരിക്ക് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം ഒരു കല്ലേറ് ദൂരം മാറി നില്‍ക്കുക യാണ്. മനസ്സില്‍ നിന്ന് ശ്മശാന ക്കാഴ്ചകളും അനുബന്ധചിന്തകളും ഒഴിയുന്നില്ല. മണ്‍കൂനകള്‍ക്കടിയില്‍ നിന്ന് അഴുകിയ നിശ്വാസങ്ങള്‍ മേരിയിലേക്കെത്തുന്നു. ഒരുഷ്ണ ക്കാറ്റ് മേരിയെ വലയം ചെയ്യുന്നു. ഒരു കവിത മേരിയില്‍ ഉറവ കൊള്ളുന്നു.

മേരി എഴുന്നേറ്റു. വിളക്കു കൊളു ത്തി. മെഴുകുതിരി വെട്ടത്തില്‍ എഴുതാനിരുന്നു.

'സായാഹ്നത്തിലെ ഏകാന്ത യാത്ര'

രണ്ടു രാപ്പകലുകള്‍കൊണ്ട് എഴുതി തീര്‍ത്തു, ആ കവിത. വെട്ടലുകളോ തിരുത്തലുകളോ വേണ്ടി വന്നില്ല. അനര്‍ഗളമായി ഒഴുകിയെത്തുകയായിരുന്നു, ആശയങ്ങളും വരികളും. അത്രയ്ക്കു ണ്ടായിരുന്നു ആ ശ്മശാനക്കാഴ്ച മേരിയിലുളവാക്കിയ സ്വാധീനം.

ആയിരത്തിതൊള്ളായിരത്തി ഇരുപത്തിനാലിലെ കേരള കത്തോലിക്കന്‍ മാസികയിലാണ്

ഈ കവിത പ്രസിദ്ധീകരിച്ചു വന്നത്. പ്രശസ്ത ആംഗലേയ കവി തോമസ് ഗ്രേയുടെ 'എല്‍ജി' എന്ന കവിതയോട് കിടനില്‍ക്കുന്നതാണ് 'സായാഹ്നത്തിലെ ഏകാന്ത യാത്ര'യെന്ന് പല നിരൂപകരും പ്രശംസ ചൊരിഞ്ഞിട്ടുണ്ട്.

ഈ കഥ ബനീഞ്ഞാമ്മ ഗെരോത്തി സിസ്റ്ററിനോട് പറഞ്ഞിട്ടുണ്ട്. തോട്ടം കുടുംബത്തിന്റെ ചാര്‍ച്ചയില്‍ പെട്ട ആരോ ഒരാളുടെ ശവസംസ്‌കാരചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന നേരത്താണ് യാദൃശ്ചികമായി ഈ കവിതക്കഥ പറഞ്ഞത്.

അന്ന് തന്നെ അത്ര വലുതല്ലാത്ത, ബനീഞ്ഞാമ്മയുടെ ഗ്രന്ഥശേഖരത്തില്‍ നിന്ന് ഈ കവിത കണ്ടെടുത്ത് വായിച്ചു.

ആവര്‍ത്തിച്ചുള്ള വായനയില്‍ സ്വയമറിയാതെ തന്നെ സിസ്റ്റര്‍ ഗെരോത്തി ആ കവിതയുടെ സാരാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. കവിത തനിക്ക് വഴങ്ങുന്നതല്ല എന്ന വിശ്വാസം ഒരു കള്ളമായിരുന്നുവെന്ന് അവര്‍ സ്വയം കണ്ടുപിടിച്ചു.

ലളിതപദാവലികളാല്‍ കൊരുത്തു കോര്‍ത്ത 'സായാഹ്നത്തിലെ ഏകാന്തയാത്ര' എന്ന കവിതയ്ക്ക് ആത്മീയതയുടെ ഒരു ആന്തരിക സൗന്ദര്യമുണ്ട്. വായിക്കും തോറും അകം നിറയ്ക്കുന്ന ജ്ഞാനക്കനിയാണ് ആ കവിത. ആദ്യം കയ്ക്കും. പിന്നെ മധുരിക്കും.

'സായാഹ്നത്തിലെ ഏകാന്തയാത്ര' സിസ്റ്റര്‍ ഗെരോത്തിയെ കൊണ്ടെത്തിച്ചത് ആത്മസംഘര്‍ഷങ്ങളുടെ മറ്റൊരു ലോകത്താണ്.

മണ്ണാലേയുരുവായ് ചമഞ്ഞ തടിയാ-

മണ്ണോടു താന്‍ ചേര്‍ന്ന് പോം

ദണ്ഡം ചെയ്തു കരസ്ഥമായ മുതലും

കൈവിട്ടുപോയേകദാ

എന്നു പാടികൊണ്ട് ബനീഞ്ഞാമ്മ വിരാമമായ ഒരു സത്യത്തിന് അടിവരയിട്ടു.

എത്ര ദരിദ്രനും ധനാഢ്യനും പണ്ഡിതനും പാമരനും ഭേദമില്ലാതെ അവന്റെ യാത്ര ശ്മശാനത്തിലെ ആറടിമണ്ണില്‍ അവസാനിക്കുന്നു. ഒരര്‍ഥത്തില്‍ ചിന്തിച്ചു നോക്കിയാല്‍ അവിടമാണധ്യാത്മ വിദ്യാലയം...

ഇപ്പോള്‍ ആശുപത്രിക്കിടക്കയില്‍ ബനീഞ്ഞാമ്മ കണ്ണടച്ചിരിപ്പാണ്. മൗനം മുദ്രവച്ച നിമിഷങ്ങള്‍. മുറിയില്‍ വൈദ്യുത പങ്കയുടെ നേരിയ മുരളല്‍ മാത്രം.

എന്തായിരിക്കും ബനീഞ്ഞാമ്മ ഇപ്പോള്‍ ചിന്തിക്കുന്നത്. പുതിയ കവിതകള്‍ മനസ്സില്‍ കൊരുത്തെടുക്കുകയാവാം. അല്ലെങ്കില്‍ പ്രാര്‍ഥനയുടെ സൗരപഥങ്ങളിലൂടെയുള്ള ഏകാന്ത സഞ്ചാരമാകാം.

അതെന്തുമാകട്ടെ. ഗെരോത്തി സിസ്റ്റര്‍ ഇപ്പോള്‍ എന്തെന്നില്ലാത്ത ഒരു സാന്ത്വനം അനുഭവിക്കുന്നുണ്ട്. മനസ്സിന്റെ പിടച്ചില്‍ ഒന്നാറിയിരിക്കുന്നു. എന്തെന്നാല്‍ ബനീഞ്ഞാമ്മ സൗഖ്യവതിയായി ഭവിച്ചിരിക്കുന്നു.

പതിവില്ലാതെയായിരുന്നു കഴിഞ്ഞ ദിവസത്തെ ബനീഞ്ഞാമ്മയുടെ ഉച്ചമയക്കം. എന്തേ എന്ന ചോദ്യത്തിന് ഒരു തലചുറ്റല്‍ എന്ന് മറുപടി. കട്ടിലിലേക്ക് ചാഞ്ഞ ബനീഞ്ഞാമ്മയുടെ കാലുകള്‍ മെല്ലെ അമര്‍ത്തിക്കൊടുത്തു സിസ്റ്റര്‍ ഗെരോത്തി.

പക്ഷെ, ഏറെ കഴിയും മുമ്പേ സിസ്റ്റര്‍ ഗെരോത്തിയിലൂടെ ഒരാന്തല്‍ കടന്നുപോയി. ഒരു പന്തികേടു മണത്തു ഗെരോത്തി സിസ്റ്റര്‍.

ബനീഞ്ഞാമ്മയെ ശബ്ദം താഴ്ത്തി വിളിച്ചു. വിളി കേള്‍ക്കുന്നില്ല. കുലുക്കി വിളിച്ചു. അനക്കമില്ല. ചിറപൊട്ടിയ ഭയത്തിന്റെ കുത്തൊഴുക്കില്‍ കൈകാലുകളിട്ടടിച്ചു

സിസ്റ്റര്‍ ഗെരോത്തി. അമര്‍ത്തിപ്പിടിച്ചിട്ടും

ഒരു നിലവിളി ഗെരോത്തി സിസ്റ്ററില്‍ നിന്നും പുറത്തേക്ക് തൂവി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org