![ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [08]](http://media.assettype.com/sathyadeepam%2F2025-06-04%2Fgrw6zyu1%2Fflowering-elenji-08.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്:
ഗിരിഷ് കെ ശാന്തിപുരം
ചിത്രീകരണം : ബൈജു
അധ്യായം - 08
ഭയത്തിന്റെ വിളുമ്പില്‍ ഞാണുകിടന്ന് ഈയാംപാറ്റകളെപ്പോലെ വിറകൊണ്ടു മഠത്തിലെല്ലാവരും. എന്തേ ചെയ്യേണ്ടൂ എന്ന് തരിച്ചു നിന്ന നിമിഷങ്ങള്‍.
ആരോ ഒരാള്‍ ടാക്‌സി വിളിച്ചു. എല്ലാവരും കൂടി താങ്ങിയെടുത്ത് ബനീഞ്ഞാമ്മയെ കാറില്‍ കയറ്റി. ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകള്‍ വേണ്ടി വന്നു ബനീഞ്ഞാമ്മ സുബോധത്തിലേക്ക് തിരിച്ചുവരാന്‍. അത് എല്ലാവര്‍ക്കും വലിയ ആശ്വാസമായി. ദൈവം അനുഗ്രഹത്തിന്റെ കരങ്ങള്‍ നീട്ടി ബനീഞ്ഞാമ്മയെ അനുഗ്രഹിച്ചിരിക്കുന്നു.
തനിക്ക് മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുള്ളതായി ബനീഞ്ഞാമ്മ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പാണത്.
ഒരു രാത്രി ബനീഞ്ഞാമ്മയ്ക്കു ബോധം നഷ്ടപ്പെടുന്നു. മണിക്കൂറുകള്‍ക്കകം പ്രജ്ഞയിലേക്ക് തിരിച്ചുവരികയും ചെയ്തു. എങ്കിലും രോഗം ഗൗരവതരമായി പരിഗണിക്കപ്പെട്ടു. ഡോക്ടറെ സമീപിച്ചു. വേണ്ട ചികിത്സകളെല്ലാം സ്വീകരിച്ചു. തല്‍ക്കാല ശാന്തി.
രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അതേ രോഗത്തിന്റെ തനിയാവര്‍ത്തനം. അതും അടുത്തടുത്ത ദിവസങ്ങളില്‍ മഠാധിപരും വീട്ടുകാരും വേണ്ടതെല്ലാം ചെയ്തു. യഥാവിധി ചികിത്സ. ഔഷധസേവ. ഫലം നാസ്തി.
ഇത് മാറുകയില്ല. അപസ്മാരമാണ്. ചിലര്‍ വിധി കല്പിച്ചു. ബനീഞ്ഞാമ്മ തകര്‍ന്നുപോയ നിമിഷങ്ങളായിരുന്നത്. ദിവസങ്ങള്‍ വേണ്ടി വന്നു ബനീഞ്ഞാമ്മയ്ക്ക് തന്റെ മനസ്സ് തിരിച്ചുപിടിക്കാന്‍. സ്വപ്നങ്ങളുടെ ഒരു സ്ഫടികഗോപുരം ഇടിഞ്ഞമരുന്നു. ജീവിതം ശിഥിലമാകുന്നു.
ജീവിതത്തെക്കുറിച്ച് ബനീഞ്ഞാമ്മ വലിയ സ്വപ്നങ്ങളൊന്നും സൂക്ഷിച്ചിരുന്നില്ല. അല്ലെങ്കില്‍ തന്നെ ഒരു സന്യാസിനിക്ക് എന്ത് സ്വപ്നങ്ങള്‍...?
അവര്‍ക്ക് ഒരിക്കലും അധിക സ്വപ്നങ്ങളില്ല. അവരുടെ സ്വപ്നങ്ങള്‍ ഭൗതികങ്ങളല്ല. ഭൂമിയില്‍ അവര്‍ക്ക് സമ്പാദ്യങ്ങളില്ല. അവരുടെ ഊരുപെട്ടി സര്‍വ്വേശ്വരന്റെ പക്കലാണ്.
ഭൂമിയില്‍ അവര്‍ സമ്പാദിക്കുന്ന ആത്മീയപുണ്യങ്ങളുടെ ദനാറകളെല്ലാം അവിടെയാണ് സൂക്ഷിപ്പ്. ഭൂമിയിലവര്‍ക്ക് വയലേലകളോ പത്തായപ്പുരകളോ ഇല്ല. അവര്‍ വിതയ്ക്കുന്നതും കൊയ്യുന്നതും സ്വര്‍ഗത്തിനുവേണ്ടിയാണ്. അവര്‍ സഹനം കൊണ്ടു വിതയ്ക്കുന്നത് സ്വര്‍ഗ സാക്ഷാല്‍ക്കാരത്തിന്റെ അരിവാള്‍ കൊണ്ടു കൊയ്‌തെടുക്കുന്നു.
പക്ഷെ, ബനീഞ്ഞാമ്മ ഒരു സാധാരണ കന്യാസ്ത്രീ മാത്രമല്ല, ദൈവം അവരുടെയുള്ളില്‍ ഒരു മരതകവിളക്ക് കൊളുത്തിവച്ചിട്ടുണ്ട്. കവിതയുടെ ഒരു മണി വിളക്ക്.
കവിത ബനീഞ്ഞാമ്മയെ സംബന്ധിച്ചിടത്തോളം ഭൗതികമല്ല; ആത്മീയമാണ്. അവരുടെ സന്യാസ സഹനവും സ്വര്‍ഗത്തിനുവേണ്ടിയെന്ന പോലെ കവിതാകാമിനിക്കുക്കൂടി വേണ്ടിയുള്ളതാണ്. അത്രമേല്‍ സന്യാസവും കവിതയും ബനീഞ്ഞാമ്മയില്‍ ഇഴചേര്‍ന്നിരിക്കുന്നു.
പക്ഷെ, ആ ഇഴയടുപ്പത്തിന്റെ നൂലിഴകള്‍ ഇപ്പോള്‍ പിഞ്ചിപ്പോകുന്നു. താനിപ്പോള്‍ ഒരു രോഗിയാണ്. ഒരപസ്മാര രോഗി. കവിതയുടെ പൂങ്കുയില്‍ തന്റെയുള്ളില്‍ പ്രാണവേദനയോടെ ചിറകു തല്ലുന്നത് ബനീഞ്ഞാമ്മ അറിയുന്നു. അവര്‍ കണ്ണീരണിഞ്ഞു. മനസ്സില്‍ രക്തം പൊടിയുന്നു.
തന്റെ ലോകം ഇരുള്‍മൂടിപ്പോകുന്നു. തന്റെ യാത്രാപഥങ്ങളില്‍ കല്ലും മുള്ളും നിറയുന്നു. തന്റെ പാഥേയം കെട്ടഴിഞ്ഞ് ചിതറിപ്പോകുന്നു.
അധ്യാപകവൃത്തിയില്‍ നിന്ന് വിരമിക്കുക ആത്മപ്രണയിനിയായ കവിതയെ നഷ്ടമാകുക. മഠത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുക. അതൊക്കെ അചിന്ത്യംതന്നെ. പക്ഷെ, അങ്ങനെ വേണ്ടി വന്നു.
അസഹനീയമായിരുന്നത് നിരാശയും സങ്കടങ്ങളും ബനീഞ്ഞാമ്മയെ ആകമാനം ഗ്രസിച്ചു കളഞ്ഞ നിമിഷങ്ങളായിരുന്നത്.
ദിവസങ്ങള്‍ വേണ്ടിവന്നു ബനീഞ്ഞാമ്മയ്ക്ക് തന്റെ മനസ്സ് തിരിച്ചുപിടിക്കാന്‍. പ്രാര്‍ഥന മാത്രമായിരുന്നു കവചം. അചഞ്ചലമായ വിശ്വാസമായിരുന്നു പോര്‍ച്ചട്ട.
ബനീഞ്ഞാമ്മയുടെയുള്ളില്‍ ചില വിചിന്തനങ്ങളുടെ അരിപ്രാവുകള്‍ കുറുകുന്നു. ആത്മവിശ്വാസത്തിന്റെ കദംബവൃക്ഷങ്ങള്‍ തളിര്‍പൊട്ടുന്നു. ഒരു സാന്ത്വനപ്രകാശം അവരില്‍ നിറയുന്നു.
ഇത് ദൈവഹിതമാണ്. നിരാശ അരുത്. അര്‍പ്പണജീവിതത്തിന് സ്വയം സമര്‍പ്പിച്ച താന്‍ ഭീരുവാകുന്നതെന്തിന്...? എല്ലാം തിരുവിഷ്ടം. അതിന്റെ കാവ്യഗതികള്‍ നിയന്ത്രിക്കാന്‍ തനിക്ക് കഴിയാവതില്ലല്ലോ.
അപസ്മാരമാണെങ്കിലെന്ത്...? ലോകചരിത്രത്തില്‍ പല മഹത്തുക്കളും അപസ്മാരരോഗികളായിരുന്നു എന്ന സത്യം ബനീഞ്ഞാമ്മ കണ്ടുപിടിച്ചു. അവരെയൊന്നും ആ രോഗം കീഴ്‌പ്പെടുത്തുകയായിരുന്നില്ല. അവര്‍ രോഗത്തെ അതിജീവിക്കുകയായിരുന്നു.
ജൂലിയസ് സീസര്‍, നെപ്പോളിയന്‍, ലോകോത്തര ചിത്രകാരനായിരുന്ന വിന്‍സെന്റ് വാന്‍ഗോഗ്, വിശ്വസാഹിത്യകാരന്‍ ദസ്തയെവ്‌സ്‌കി... അങ്ങനെ എത്രയെത്ര മഹാരഥന്മാര്‍ ബനീഞ്ഞാമ്മ ധൈര്യം കൊണ്ടു.
പക്ഷെ, അവര്‍ക്ക് മുമ്പില്‍ താനാര്...? വെറും ശഷ്പ സമാനം, അബല, പോരാത്തതിന് ഇപ്പോള്‍ സമചിത്തത കൈമോശം വന്നവളും.
എങ്കിലും ബനീഞ്ഞാമ്മ പ്രാര്‍ഥനയെ മുറുകെപ്പിടിച്ചു. ഒരാത്മബലം സ്വയം ആര്‍ജിച്ചെടുത്തു.
വീണ്ടും ഒരു ഇലഞ്ഞിമരപ്പൂങ്കാറ്റ് അവരിലേക്കൊഴുകിയെത്തുന്നു.
ചോദിപ്പിന്‍ തരപ്പെടും, അന്വേഷിപ്പിന്‍ കണ്ടെത്തും, മുട്ടുവിന്‍ തുറക്കപ്പെടും എന്ന് അരുള്‍ ചെയ്തവന്‍ കരുണാവാരിധിയാണല്ലോ. മരണം പൂകിയ ലാസറിനെ മൂന്നാം ദിവസം പുനര്‍ജ്ജീവിപ്പിച്ച ആ മഹാനുഭാവന് എന്തെന്ത് സാധ്യമാകില്ല.
ബനീഞ്ഞാമ്മയ്ക്ക് തെറ്റിയില്ല. അവരുടെ വിശ്വാസം അവരെ രക്ഷിക്കുക തന്നെ ചെയ്തു. പണ്ഡിതന്മാരായ ഭിഷഗ്വര ശ്രേഷ്ഠന്മാര്‍ക്കൊന്നും തലകുനിക്കാതിരുന്ന അപസ്മാര രോഗം യാദൃശ്ചികമായി കണ്ടുമുട്ടിയ സാധാരണക്കാരനായ ഒരു ഡോക്ടറുടെ നിസ്സാര കുറുപ്പടിക്കു മുമ്പല്‍ പത്തി താഴ്ത്തി. നിഷ്‌ക്രമിച്ചു.
ജീവിതം ഒരു യാത്രയാണെന്ന് ബനീഞ്ഞാമ്മ വായിച്ചിട്ടുണ്ട്. പക്ഷെ, ബനീഞ്ഞാമ്മയെ സംബന്ധിച്ചിടത്തോളം അതൊരു മഹായാനമാണ്. സഹനങ്ങളുടെ തീര്‍ഥാടനം. അതവസാനിക്കേണ്ടത് പറുദീസയുടെ വെണ്ണക്കല്‍ പടവുകളിലാണെന്ന് തന്റെ പ്രിയതമന്‍ തീരുമാനിച്ചിരിക്കുന്നു.
ഒരു കരമതിനാല്‍ സദാപിയെന്നെ
പരമപ്പൂമാന്‍ തഴുകിപ്പിടിച്ചിരുന്നു.
അങ്ങനെ ആത്മാവിന്റെ സ്‌നേഹഗീതയില്‍ കോറിയത് വൃഥാവിലായില്ല. അവന്റെ അരുമയായ പരിരംഭണത്തിന്റെ സുഖലയങ്ങളില്‍ തന്നെയാണ് താന്നിപ്പോഴും. അവന്റെ പ്രണയം ഒരു വിശുദ്ധ അങ്കിപോലെ താന്‍ എടുത്തണിഞ്ഞിരിക്കുന്നു.
''സിസ്റ്ററേ...'' ഇളംകാറ്റുപോലെ ഒരു വിളി. ബനീഞ്ഞാമ്മ ഓര്‍മ്മ ഞെട്ടി. കണ്ണു തുറന്നപ്പോള്‍ സിസ്റ്റര്‍ ഗെരോത്തി. തന്റെ പുറം മൃദുവായി തടവിക്കൊണ്ടിരിക്കുകയാണ്. പക്ഷെ, ബനീഞ്ഞാമ്മ അതൊന്നും അറിഞ്ഞിരുന്നേയില്ല.
ഓര്‍മ്മകളുടെ ക്ഷീരപഥങ്ങളിലൂടെ സര്‍വം മറന്ന് ഒഴുകിനടക്കുകയായിരുന്നു. മയില്‍പ്പീലി വര്‍ണ്ണങ്ങള്‍ നിറഞ്ഞ ബാല്യകൗമാരകാലങ്ങള്‍.... ഇങ്ങിനി വരാത്തവണം പൊയ്‌പ്പോയ നല്ല കാലങ്ങള്‍..
ബനീഞ്ഞാമ്മയെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ എല്ലാ കാലങ്ങളും നല്ലത് തന്നെയായിരുന്നു. ഈ ജീവിതസായാഹ്നത്തിലിരുന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഒരാത്മസുഖം അനുഭവിക്കാനാകുന്നു. ബാല്യകൗമാരങ്ങള്‍ മനസ്സില്‍ പീലിവിടര്‍ത്തുമ്പോള്‍ ബനീഞ്ഞാമ്മ തിരിഞ്ഞുനടക്കുന്നു. ഓര്‍മ്മകളുടെ മൃതുപത്രങ്ങള്‍ വീശി പാട്ടശ്ശേരില്‍ തറവാട്ടിലേക്കും മാന്നാനം കുന്നുകളിലേക്കും തിരിച്ചു പറക്കുന്നു.
പാട്ടശ്ശേരില്‍ തറവാട്ടിലെ വാസവും മാന്നാനം കൊവേന്ത വക സ്‌കൂളിലെ പഠനവും കുഞ്ഞുമാമ്മിയെ സംബന്ധിച്ചിടത്തോളം വസന്ത ചാരുതകളുടേതായിരുന്നു.
സ്‌നേഹംകൊണ്ട് ചുവരുകള്‍ തീര്‍ത്തതായിരുന്നു പാട്ടശ്ശേരില്‍ തറവാട്. തറവാടിനു മുകളില്‍ കുഞ്ഞുമാമ്മി തന്റെ സ്വപ്നങ്ങള്‍ കൊണ്ട് മേലാപ്പ് കെട്ടി.
അവിടെ അപ്പാപ്പനുണ്ട്, അമ്മാമ്മയുണ്ട്. അമ്മാവന്മാര്‍ രണ്ടു പേരുണ്ട്. അമ്മായിയും ഇളയമ്മയുമുണ്ട്. കുട്ടികളാരുമില്ല. അതുകൊണ്ടുതുന്നെ കുഞ്ഞുമാമ്മി എല്ലാവര്‍ക്കും പ്രിയങ്കരിയായി.
അവിടെ കുഞ്ഞുമാമ്മിക്ക് അതിര്‍വരമ്പുകളുണ്ടായിരുന്നില്ല. വിലക്കുകളില്ല. ശാസനകളില്ല. കുഞ്ഞുമാമ്മി ഒരു പൂത്തുമ്പിയെപ്പോലെ പാറി നടന്നു.
കൊച്ചച്ചനുമായിട്ടായിരുന്നു കുഞ്ഞുമാമ്മിയുടെ ചങ്ങാത്തം. കാരണം കൊച്ചച്ചന്‍ കവിയാണെന്നുള്ള അറിവ് കുഞ്ഞുമാമ്മിയുടെ ഉള്ളം നിറയ്ക്കുന്ന ഒന്നായിരുന്നു. കവി എന്നുള്ള രണ്ടക്ഷരത്തിന് എന്തോ മാഹാത്മ്യമുണ്ടെന്ന് കുഞ്ഞുമാമ്മി കണ്ടുപിടിച്ചു.
അവള്‍ക്ക് കൊച്ചച്ചനോട് സ്‌നേഹത്തേക്കാള്‍ ആദരവും ബഹുമാനവും തോന്നി. അവള്‍ കൊച്ചച്ചനെ ഒരു നിഴല്‍പോലെ പിന്തുടര്‍ന്നു.
ഒരു തണല്‍മരം പോലെ കുഞ്ഞുമാമ്മിയുടെ ശിരസിനു മുകളില്‍ കൊച്ചച്ചന്റെ കരുതലുണ്ടായിരുന്നു. പാട്ടശ്ശേരില്‍ തറവാട്ടിലെ വാസകാലങ്ങളില്‍ കൊച്ചച്ചനോടൊപ്പമായിരുന്നു കുഞ്ഞുമാമ്മിയുടെ ഉറക്കം. തല മുതല്‍ പാദം വരെ പുതപ്പിട്ടു മൂടി കുഞ്ഞുമാമ്മിയെ തന്നോടു ചേര്‍ത്തുകിടത്തും കൊച്ചച്ചന്‍. വേനല്‍ക്കാലങ്ങളില്‍ താനുറങ്ങി എന്നുറപ്പാകുംവരെ രാമച്ചവിശറികൊണ്ട് വീശിത്തരും. കൊച്ചച്ചന്‍ സ്‌നേഹത്തിന്റെ മൂര്‍ത്തരൂപമാകുന്നു.
തോട്ടംവീട്ടില്‍ വല്യമ്മയോടൊപ്പം ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാച്ചെണ്ണയുടേയും കുഴമ്പിന്റേയും ഗന്ധമാണനുഭവപ്പെടുക. കൊച്ചച്ചനും ഒരു ഗന്ധമുണ്ട്. അതുപക്ഷെ, അക്ഷരങ്ങളുടെ ഗന്ധമാണെന്ന് കുഞ്ഞുമാമ്മി സങ്കല്‍പിച്ചു. കാരണം കൊച്ചച്ചന്‍ കവിയാണ്. കൊച്ചച്ചന്‍ ഒരു കവിയാണെന്ന് മനസ്സിലാക്കിയ നിമിഷങ്ങളാണ് കുഞ്ഞുമാമ്മിയുടെ ജീവിതത്തിലെ ധന്യനിമിഷങ്ങളിലൊന്ന്. അപ്പോള്‍ അവളനുഭവിച്ച ആനന്ദം. ആത്മഹര്‍ഷം. അത് പറഞ്ഞറിയിക്കാവതല്ല.
ഒരു തുഷാര നദി കുഞ്ഞുമാമ്മിയിലൂടെ ഒഴുകിപ്പോയി.
എല്ലാവരും കവികളല്ല. കവി എല്ലാവരേയും പോലെയല്ല. അയാള്‍ വേറിട്ട ഒരാളാണ്. കാവ്യഭാവനകള്‍ ചേക്കേറുന്ന ഒരു ബോധിമരം. ഹൃദയത്തില്‍ ദൈവം വിരല്‍ തൊട്ട ഒരാള്‍.
തനിക്കും ഒരു കവിയായിത്തീരണം എന്ന മോഹം കുഞ്ഞുമാമ്മിയില്‍ തളിര്‍പ്പൊട്ടുന്നു. വെറുതെ ഒരു മോഹം അങ്ങനെയുള്ള ഒരു മോഹത്തിന്റെ മയില്‍പ്പീലിത്തുണ്ട് കുഞ്ഞുമാമ്മി തന്റെ സ്വപ്നങ്ങളുടെ ചെപ്പില്‍ ഒളിപ്പിച്ചുവച്ചു.
നാടുവാഴുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിനെക്കുറിച്ച് കൊച്ചച്ചനെഴുതിയ മംഗളപദ്യം പാട്ടശ്ശേരില്‍ തറവാടിന്റെ തൊടികളിലൂടെയും മാന്നാനം കൊവേന്ത സ്‌കൂളിന്റെ പരിസരങ്ങളിലൂടെയും അവസരം കിട്ടിയപ്പോഴൊക്കെ കുഞ്ഞുമാമ്മി മൂളി നടന്നു.
പാട്ടശ്ശേരില്‍ തറവാടും മാന്നാനം കുന്നിന്‍മുകളിലെ സ്‌കൂളും കുഞ്ഞുമാമ്മിയില്‍ അവ്യക്തമായ കവിഭാവനകളുടെ അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു.
പാട്ടശ്ശേരില്‍ തറവാടിന്റെ മുന്‍വശം നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുഞ്ചപ്പാടങ്ങളായിരുന്നു. തറവാടിന്റെ പടിപ്പുരയിലിരുന്നാല്‍ സദാ നേരവും കടല്‍ക്കാറ്റുപോലെ വീശുയെത്തുന്ന വയല്‍ക്കാറ്റേല്‍ക്കാം. അങ്ങനെ കാറ്റുകൊണ്ടിരിക്കുന്ന ആരും കവിതമൂളിപ്പോകും.
വെറുതെയല്ല കൊച്ചച്ചന്‍ കവിയായത്...
പ്രകൃതി രമണീയമായിരുന്നു മാന്നാനം കുന്നിന്‍പുറം. താഴെ പരന്ന് കിടക്കുന്ന പുഞ്ചപ്പാടങ്ങള്‍ക്ക് അഭിമുഖമായാണ് മാന്നാനം കുന്ന്. കുന്നിന്‍മുകളിലാണ് ദേവാലയവും കൊവേന്തയും സ്‌കൂളും സ്ഥിതി ചെയ്യുന്നത്. പള്ളിമുറ്റത്തെ മൂളിമരം വയല്‍ക്കാറ്റില്‍ സദാ പഞ്ചമരാഗം പാടുന്നത് കേള്‍ക്കാം.
പള്ളിമുറ്റത്തു നിന്ന് താഴെ വയല്‍പ്പരപ്പിലേക്ക് കെട്ടിയിറക്കിയ കല്‍പ്പടവുകള്‍. ആ പടവുകളിലിരുന്നാല്‍ താഴെ വയല്‍ക്കാഴ്ചകള്‍ ചേതോഹരവും മനം കുളിര്‍പ്പിക്കുന്നതുമാണ്.
എത്ര കണ്ടാലും മതി വരില്ല. ആ കാഴ്ചയില്‍ വയല്‍ മണമുള്ള കാറ്റേറ്റിരിക്കുമ്പോള്‍ അരസികര്‍ പോലും കവിത മൂളിപ്പോകും.
വെറുതെയല്ല കൊച്ചച്ചന്‍ കവിയായത്.
കൊച്ചച്ചന്റെ മേശപ്പുറം നിറയെ പുസ്തകങ്ങളും പത്ര മാസികകളുമാണ്. ഇംഗ്ലീഷിലുള്ളതും മലയാളത്തിലുള്ളതും.
ഇംഗ്ലീഷിലുള്ളതൊക്കെ മറിച്ചു നോക്കി ചിത്രങ്ങള്‍ കണ്ട് മാറ്റിവയ്ക്കും. മലയാളത്തിലുള്ളത് കുറെയൊക്കെ വായിക്കും. അങ്ങനെ വായന ഒരു ലഹരിയായി കുഞ്ഞുമാമ്മിയിലേക്ക് സന്നിവേശിച്ചു.
കുഞ്ഞുമാമ്മിയില്‍ സുപ്തമായിരുന്ന കവിതാവാസനയുടെ ഫലമായിട്ടായിരുന്നിരിക്കണം. പദ്യകൃതികളോടായിരുന്നു താല്‍പര്യം. രാമായണം ഇരുപത്തിനാലു വൃത്തം മൂന്നാം ക്ലാസുകാരിയായിരുന്ന കുഞ്ഞുമാമ്മി രസംപിടിച്ച് വായിക്കുകയും മനഃപ്പാഠമാക്കുകയും ചെയ്തു.
കൊച്ചച്ചന്റെ രചനകളില്‍ പുസ്തകരൂപത്തില്‍ ആദ്യം പുറത്തു വന്നത് ശ്രീമൂലചരിതം വഞ്ചിപ്പാട്ട് എന്ന ഖണ്ഡകാവ്യമാണ്. അതിന്റെ ഒരു പ്രതി കുഞ്ഞുമാമ്മിയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. അതും ആവര്‍ത്തിച്ചു വായിച്ച കുഞ്ഞുമാമ്മി മനപ്പാഠമാക്കി.
കവിതകള്‍ കുഞ്ഞുമാമ്മിക്ക് ഒരാവേശമായി. കുഞ്ഞുമാമ്മിയും ചില ശ്രമങ്ങളൊക്കെ നടത്തിനോക്കി. ആരുമറിയാതെ ചിലതൊക്കെ കുത്തിക്കുറിച്ചു. ഒന്നും തൃപ്തി തരുന്നില്ല. അതുകൊണ്ടുതന്നെ എഴുതിയതൊന്നും ആരേയും കാണിച്ചില്ല. വാത്സല്യനിധിയായ കൊച്ചച്ചനെപ്പോലും...
വല്ലാത്ത പുറംവേദന അനുഭവപ്പെടാന്‍ തുടങ്ങി സിസ്റ്റര്‍ മേരി ബനീഞ്ഞയ്ക്ക്. ഗെരോത്തി സിസ്റ്റര്‍ പുറം തടവിക്കൊടുക്കുന്നുണ്ട്. പക്ഷെ, പുറം കടച്ചിലിന് കുറവൊന്നുമില്ല. ചുണ്ടുകളില്‍ ദാഹം പൊരിയുന്നുണ്ട്.
''വെള്ളം''... ബെനീഞ്ഞാമ്മ പറഞ്ഞു.
സിസ്റ്റര്‍ ഗെരോത്തി മേശപ്പുറത്ത് ഗ്ലാസില്‍ മൂടിവച്ചിരുന്ന വെള്ളമെടുത്ത് കൊടുത്തു.
അപ്പോഴേക്കും ഡോക്ടറും വന്നു. രാവിലേയും വൈകുന്നേരവുമാണ് ഡോക്ടര്‍ രോഗികളെ നോക്കാനെത്തുക. പക്ഷേ, ഡോക്ടര്‍ ഫിലിപ്പ് മൂന്നോ നാലോ വട്ടം ബനീഞ്ഞാമ്മയെ സന്ദര്‍ശിക്കും. രോഗവിവരങ്ങളാരായും. ആവശ്യമെങ്കില്‍ മരുന്നുകള്‍ മാറ്റിക്കുറിക്കും.
സിസ്റ്റര്‍ മേരി ബനീഞ്ഞ ഒരു സാധാരണ കന്യാസ്ത്രീ മാത്രമല്ലെന്ന് ഡോക്ടര്‍ ഫിലിപ്പിനറിയാം. കവയത്രിയാണ്. അക്ഷരകേരളം വാനമ്പാടിയെന്നും ഇലഞ്ഞിപ്പൂവ് എന്നും ബഹുമാനത്തോടെ വിശേഷിപ്പിക്കുന്ന മഹാ കവയത്രി. മലയാളത്തിന്റെ മിസ്റ്റിക് കവി.
''ഇപ്പോ... അസ്വസ്ഥതകളെന്തെങ്കിലും തോന്നുന്നുണ്ടോ സിസ്റ്ററിന്...?'' ഡോക്ടര്‍ ചോദിച്ചു.
''നന്നേ ക്ഷീണം തോന്നുന്നു...''
''അതൊക്കെ മാറിക്കൊള്ളും.'' ഡോക്ടര്‍ പറഞ്ഞു. പിന്നെ സ്റ്റെതസ്‌ക്കോപ്പുകൊണ്ട് സിസ്റ്ററിന്റെ ഹൃദയമിടിപ്പ് പരിശോധിക്കവേ ഡോക്ടര്‍ പറഞ്ഞു.
''ഹൃദയത്തില്‍ കവിത തുടിക്കുന്നുണ്ട് സിസ്റ്ററെ...''
സിസ്റ്റര്‍ മേരി ബനീഞ്ഞ കണ്ണടക്കാഴ്ചയിലൂടെ ഡോക്ടറുടെ മുഖം വ്യക്തമായി കണ്ടു. അദ്ദേഹം ബനീഞ്ഞാമ്മയ്ക്കു നേരെ വിടര്‍ന്നു ചിരിക്കുന്നു.
''ഞാന്‍ സിസ്റ്ററിന്റെ കവിതകളൊക്കെ വായിച്ചിട്ടുണ്ട്. പഠിക്കുന്ന കാലത്ത്. പ്രഭാവതി ഇപ്പോഴും ഓര്‍മ്മയിലുണ്ട്.''
ബനീഞ്ഞാമ്മയുടെ ഹൃദയത്തില്‍ ഒരു പിടച്ചിലനുഭവപ്പെട്ടു. അവരുടെ കണ്ണുനിറഞ്ഞു.
''തരുണീമണികളേപ്പോലുള്ളഴിഞ്ഞ രാഗം
പുരുഷന്മാരിലൊരു നാളും കാണ്‍മതില്ലെന്തു ചെയ്യാം
ചതികളിതുമട്ടില്‍ പുരുഷന്മാര്‍ തുടര്‍ന്നാല്‍
സ്ത്രീകളവ ശപിക്കും ലോകമെല്ലാം നശിക്കും.''
എന്നെഴുതി പ്രഭാവതിക്ക് അടിവരയിടുമ്പോഴും അന്ന് മേരി ജോണ്‍ തോട്ടത്തിന്റെ കണ്ണ് നനഞ്ഞിരുന്നു.
കൊല്ലത്ത് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് മേരി ജോണ്‍ തോട്ടം പ്രഭാവതി എഴുതിയത്. ആയിരത്തിത്തൊള്ളായിരത്തി പത്തൊമ്പത് ഇരുപത് കാലഘട്ടം.
മേരി ജോണ്‍ തോട്ടത്തിന്റെ സഹപാഠിയായിരുന്ന പ്രഭാവതി. അതവളുടെ യഥാര്‍ഥ പേരായിരുന്നില്ല. കവിതയില്‍ മേരി ജോണ്‍ തോട്ടം അവള്‍ക്ക് അങ്ങനെയൊരു പേര് ചാര്‍ത്തിക്കൊടുക്കുകയായിരുന്നു.
പ്രഭാവതി ആയിരുന്നവള്‍. സുന്ദരി, സൗമ്യവതി. അവളുടെ കണ്ണുകള്‍ക്കുണ്ടായിരുന്നു ഒരു വശ്യത. പ്രപഞ്ചത്തിന്റെ സകല ചാരുതകളും ആ കണ്ണുകളില്‍ നിഴലിട്ടിരുന്നു. അവള്‍ ചിരിക്കുമ്പോള്‍ നിലാവുദിക്കുന്നതുപോലെ തോന്നും.
നിശ്ശബ്ദത പ്രഭാവതിക്ക് കൂടെപ്പിറപ്പാണ്. ഒരു കാര്യത്തിനും ബഹളം വയ്ക്കുകയില്ല. അടക്കിപ്പിടിച്ചേ സംസാരിക്കൂ.
പാഠപുസ്തകങ്ങള്‍ക്കപ്പുറം പ്രഭാവതിക്കു മറ്റൊരു ലോകമില്ലെന്നു തോന്നും. അവള്‍ക്കു രഹസ്യങ്ങളൊന്നുമില്ല. മൃദുലവികാരങ്ങളൊന്നും അവളെ ഭരിക്കുന്നില്ല. ഒരു മോഹങ്ങളും അവള്‍ക്കു സൂക്ഷിപ്പില്ല.
മേരിക്ക് വളരെ പ്രിയപ്പെട്ടവളായിരുന്നു പ്രഭാവതി. തിരിച്ചും അങ്ങനെതന്നെ. ക്ലാസില്‍ അടുത്തടുത്താണിരിപ്പ്. തോളോട് തോളുരുമി നടത്തം.
പക്ഷെ, ഒരു ദിവസം പ്രഭാവതി മേരിയെ മാത്രമല്ല സ്‌കൂളിനെയാകമാനം ഞെട്ടിച്ചു കളഞ്ഞു.
പ്രഭാവതി ആത്മഹത്യ ചെയ്തു.
ഒരു നടുക്കം. ഒരു വിറയല്‍ മേരിയിലൂടെ കടന്നുപോയി ഭൂമി പിളരുന്നു. ആകാശം ഇടിഞ്ഞമരുന്നു. നക്ഷത്രങ്ങള്‍ കൊഴിയുന്നു.
പ്രഭാവതിക്ക് ഒരു പ്രണയമുണ്ടായിരുന്നത്രേ. അയാള്‍ അവളെ ചതിച്ചു. അങ്ങനെയായിരുന്നു അടക്കം പറച്ചിലുകള്‍.
ശ്വാസം നിലച്ചുപോയ നിമിഷങ്ങളായിരുന്നത്. അവിശ്വസനീയം. അസംഭവ്യം. മേരിക്ക് പ്രജ്ഞയിലേക്ക് തിരിച്ചുവരാന്‍ നേരമെടുത്തു.
പ്രഭാവതിയുടെ മരണം മേരിയെ അടിമുടി ഉലച്ചുകളഞ്ഞു. കാറ്റുപായ നഷ്ടപ്പെട്ടുപോയ തോണിപോലെ മേരി ഉഴറിപ്പോയി. ആ ദിവസങ്ങളില്‍ ഹൃദയത്തില്‍ രക്തം പൊടിഞ്ഞ് കണ്ണുകളില്‍ നീര്‍നിറഞ്ഞ് മേരി ഇങ്ങനെ എഴുതി.
ഉദിച്ചുയര്‍ന്ന സൂര്യനും പതിച്ചു പശ്ചിമാബ്ധിയില്‍
മദിച്ചെടുത്ത കൂരിരുട്ടുകൊണ്ടു മൂടി ഭൂതലം
വിദഗ്ധനായ മാന്ത്രികന്റെ വിദ്യയില്‍ കുഴഞ്ഞു പോ-
ലദൃശ്യമായി വസിച്ചിരുന്നു താരകാഗണങ്ങളും...
...
പ്രഭാവതി.
(തുടരും)