![ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [15]](http://media.assettype.com/sathyadeepam%2F2025-07-24%2F1mbxjsho%2Fnovelelenji-marangal-pookkumbol15.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്:
ഗിരിഷ് കെ ശാന്തിപുരം
ചിത്രീകരണം : ബൈജു
അധ്യായം - 15
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തഞ്ച് മെയ് ഇരുപത്തൊന്ന് അര്‍ധരാത്രി അസ്തമയകാലത്തിനു മുമ്പേ തുടങ്ങിയ മഴ ഒട്ടൊക്കെ തോര്‍ന്നിരുന്നു. എങ്കിലും മരങ്ങള്‍ പെയ്തുകൊണ്ടേയിരുന്നു.
നനഞ്ഞ തൂവലുകള്‍ കുടഞ്ഞുതോര്‍ത്തി പാതിരപ്പുള്ളുകള്‍ ഇപ്പോഴും പാടുന്നുണ്ട്. രാക്കിളികള്‍ പാടുന്നത് ബനീഞ്ഞാ കവിതകളോ...? മഴമേഘങ്ങളില്‍ നിന്നാവാം അവറ്റകള്‍ കവിതകള്‍ വായിച്ചെടുക്കുന്നത്. സിസ്റ്റര്‍ ഗെരോത്തി അങ്ങനെ സങ്കല്പിച്ചു.
രാത്രി സ്‌നിഗ്ധമായി രുന്നു. അങ്ങകലെ ആകാശച്ചെരുവില്‍ വിളറിയ ചന്ദ്രക്കല. ഒരു ജാലകക്കാഴ്ചയാണിപ്പോള്‍. പ്രകൃതിക്ക് മേലെ നേര്‍ത്ത നിലാവിന്റെ നിശകമ്പളം.
ഇലഞ്ഞിമഠത്തിലായി രുന്നെങ്കില്‍ ബനീഞ്ഞ യിപ്പോള്‍ തന്റെ ജാലകച്ചാരത്തിരുന്ന് രാച്ചേല് കണ്ടേനെ. മനസ്സില്‍ കവിതകൊരുത്തേനെ.
ഒരു നിമിഷം ജാലകക്കമ്പികളുടെ സ്വാതന്ത്ര്യത്തിലൂടെ സിസ്റ്റര്‍ ഗെരോത്തി രാവിന്റെ ഭംഗി കണ്ടു നിന്നു.
ദൈവമേ നിന്റെ കരവിരുത് എത്ര മനോജ്ഞം. അവന്‍ തന്റെ പറുദീസയുടെ ഏകാന്തതയിലിരുന്ന് എഴുതിയ മഹാകാവ്യം തന്നെയല്ലോ ഈ പ്രപഞ്ചം.
സിസ്റ്റര്‍ ഗെരോത്തിക്ക് കവിത വശമില്ല. അതറിയാവുന്ന ആള്‍ ഗാഢമായ ഉറക്കത്തിലാണ്. ജപമാല കഴിഞ്ഞ് മയക്ക ത്തിലേക്ക് വഴുതിയതാണ് ബനീഞ്ഞാമ്മ. എത്ര നേരമായി...
വളരെ വിഷമിച്ചിട്ടെന്ന വണ്ണമാണ് ബനീഞ്ഞാമ്മ യുടെ ശ്വാസമെടുപ്പ്. ശ്വാസഗതിക്കൊപ്പം നെഞ്ചിന്‍കൂട് ഉയര്‍ന്ന് താഴുന്നുണ്ട്. സിസ്റ്റര്‍ ഗെരോത്തി ശബ്ദം താഴ്ത്തി ബനീഞ്ഞാമ്മയെ വിളിച്ചു.
''സിസ്റ്ററേ...''
ബനീഞ്ഞ കണ്ണുകള്‍ തുറക്കുന്നില്ല. എത്ര വിളിച്ചിട്ടും വിളി കേള്‍ക്കുന്നില്ല. ഒരു ഞരക്കം... ഒരു കുറുകല്‍...
സിസ്റ്റര്‍ ഗെരോത്തി യുടെയുള്ളില്‍ ആശങ്ക കളുടെ ഒരു മഹാവിപിനം ഉലയാന്‍ തുടങ്ങി. ഭയത്തിന്റെ ഒരു മേലാപ്പ് അവരെയാകമാനം മൂടി.
സിസ്റ്റര്‍ ഗെരോത്തി ഡ്യൂട്ടി റൂമിലേക്കോടി. ഡ്യൂട്ടി ഡോക്ടറും നഴ്‌സുമാരും പാഞ്ഞെത്തി.
ഡോക്ടര്‍ ബനീഞ്ഞാമ്മയുടെ നാഡിമിടിപ്പ് പരിശോധിച്ചു. ഹൃദയമിടിപ്പളന്നു. കണ്‍പോളകള്‍ വിടര്‍ത്തി നോക്കി. പിന്നെ മുഖം കുനിച്ച് കവിളില്‍ മൃദുവായി തട്ടിക്കൊണ്ടു വിളിച്ചു.
''സിസ്റ്ററേ!...'' ഒരു വട്ടമല്ല. രണ്ടു മൂന്നാവര്‍ത്തി. പക്ഷെ, പ്രതികരണമുണ്ടായില്ല.
ഡോക്ടറുടെ നിര്‍ദേശപ്രകാരം നഴ്‌സ് ഇന്‍ജക്ഷനെടുത്തു. ഡ്രിപ്പിട്ടു.
''കിടക്കട്ടെ... വിളിക്കേണ്ട...'' ഡോക്ടര്‍ പറഞ്ഞു. ''പ്രത്യേകിച്ചെ ന്തെങ്കിലുമുണ്ടെങ്കില്‍ അറിയിക്കണം.'' സിസ്റ്റര്‍ ഗെരോത്തി തലയാട്ടി.
ബനീഞ്ഞാമ്മ ഗാഢമായ മയക്കത്തില്‍ തന്നെയാണ്. ഒരു പിഞ്ചുകുഞ്ഞിന്റെ എല്ലാം മറന്നുള്ള ഉറക്കത്തെ ഓര്‍മ്മിപ്പിക്കുന്നു ബനീഞ്ഞാമ്മയിപ്പോള്‍.
സിസ്റ്റര്‍ ഗെരോത്തി കട്ടിലിന്റെ ഓരം പറ്റിയിരുന്ന് ബനീഞ്ഞാമ്മയുടെ കാലുകള്‍ മൃദുവായി തടവിക്കൊടുത്തു.
ജാലകത്തിലൂടെ നനുത്ത കാറ്റ് വിശിയെത്തുന്നുണ്ട്. മേല്‍ത്തട്ടില്‍ വൈദ്യുത പങ്ക കറങ്ങുന്നുണ്ട്. എങ്കിലും സിസ്റ്റര്‍ ഗെരോത്തിക്ക് വിയര്‍ത്തു. അവര്‍ വേപഥുവാര്‍ന്ന് പ്രാര്‍ഥിച്ചു.
''കന്യമറിയമേ കാത്തോണേ...''
കട്ടില്‍ത്തലക്കലെ സ്റ്റാന്‍ഡില്‍ ഞാന്നിയിട്ടിരിക്കുന്ന കുപ്പിയില്‍ നിന്ന് ഔഷധത്തുള്ളികള്‍ ബനിഞ്ഞാമ്മയുടെ സിരാപടലങ്ങളിലേക്ക് ഒഴുകുന്നു.
സത്യത്തില്‍ സിസ്റ്റര്‍ മേരി ബനീഞ്ഞ അബോധത്തിലായിരുന്നില്ല. അവരുടെ അഹം ബോധം ഉണര്‍ന്ന് തന്നെയിരുന്നു.
'പ്രഭാവതിയും കൊച്ചുമേരിയും മാഗിയും സുകൃതിനിയമ്മയും' ബനീഞ്ഞാമ്മയോടൊപ്പം സഞ്ചരിക്കുന്നു. ഇലഞ്ഞിപ്പൂമണവും മാമ്പഴമധുരവും അവരുടെ ഇന്ദ്രിയങ്ങളില്‍ ചിമിഴ് തുറക്കുന്നു. അവരുടെ ചൂണ്ടാണിവിരല്‍ മൃദുവായി നോവുന്നുണ്ട്. കുഞ്ഞുമാമ്മിയെ നമ്പൂരിശ്ശനാശാന്‍ അരിയിലെഴുതിക്കുകയാണ്.
ഹരിശ്രീ ഗണപതായേ നമഃ
ബനീഞ്ഞാമ്മയുടെ സ്വപ്നനേത്രങ്ങളില്‍ ഗതകാലത്തിന്റെ സൂര്യകാന്തിപ്പാടങ്ങള്‍ പൂവിടുന്നു. നീര്‍മരുതുകള്‍ പൂക്കുന്നു.
മേരി ജോണ്‍ തോട്ടത്തിന് മുകളില്‍ അക്ഷരങ്ങളുടെ ശലഭമഴ പെയ്യുന്നു... മേരി ജോണ്‍ തോട്ടം ആത്മാവിന്റെ സ്‌നേഹഗീത എഴുതുകയാണ്...
ആയിരത്തി തൊള്ളായിരത്തി ഇരുപത്താറ് - ഇരുപത്തേഴ് കാലഘട്ടം. അത് നിതാന്തമായൊരു കാത്തിരിപ്പിന്റെ കാലമായിരുന്നു. സന്യാസമോഹത്തിന്റെ വാത്മീകത്തിനുള്ളില്‍ തപസ്സിരിക്കുന്ന കാലം.
അരൂപവും എന്നാല്‍ ആത്മപ്രഭാപൂരിതവുമായ ഒരു ഉള്‍പ്രേരണയിലാണ് മേരിജോണ്‍ തോട്ടം ആത്മാവിന്റെ സ്‌നേഹഗീതയിലെ ആദ്യവരികള്‍ ചമയ്ക്കാന്‍ തുടങ്ങിയത്.
ബാഹ്യലോകത്തിന്റെ നിറഭേദങ്ങളോ മര്‍ത്ത്യജീവിതത്തിന്റെ ഋതുഭേദങ്ങളോ സ്‌നേഹഗീതയ്ക്ക് നിരാതമായില്ല. പറഞ്ഞറി യിക്കാന്‍ പറ്റാത്ത ഒരാധ്യാ ത്മികാനന്ദത്തിന്റെ പരകോടിയില്‍ വിരാജിക്കുമ്പോഴാണ് ആത്മാവിന്റെ സ്‌നേഹ ഗീതയ്ക്ക് ഉറവ് പൊട്ടുന്നത്.
തികച്ചും അപരിചിത മായ ഏതോ ഭൂമികയില്‍ ഏകയായി എത്തിപ്പെട്ട ഒരന്വേഷകയുടെ ആത്മഭാവങ്ങളോടെയാണ് കാവ്യം അക്ഷശമാര്‍ന്നു തുടങ്ങിയത്.
ആ വിജനസ്ഥലിയില്‍ ഒരപൂര്‍വ ചൈതന്യം മേരിജോണ്‍ തോട്ടത്തിനെ വലയം ചെയ്തു നില്‍ക്കുന്നു. അന്തരംഗ ത്തില്‍ അമൂര്‍ത്തമായ അനുഭൂതികള്‍ നിറയുന്നു.
സ്‌നേഹഗീതയുടെ കാലഘട്ടത്തില്‍ കവയത്രി ഏതാണ്ടൊരു സമാധിയിലെന്ന പോലെയായിരുന്നു.
അതൊരു ബോധപൂര്‍വമായ രചനയായിരുന്നില്ല. ഒരു നിയോഗം പോലെ എഴുത്തുകാരി അറിയാതെ തന്നെ അങ്ങനെയൊന്ന് സംഭവിക്കുകയായിരുന്നു.
ആത്മാവിന്റെ സ്‌നേഹഗീതയ്ക്ക് നാല് ഖണ്ഡങ്ങള്‍ മുന്നൂറ്റി ഇരുപത്തിനാല് പദ്യങ്ങള്‍. രണ്ട് ഘട്ടങ്ങളിലായിരുന്നു അതിന്റെ രചന.
പൂര്‍വഘട്ടം കന്യാലയ പ്രവേശനത്തിന് മുമ്പും രണ്ടാം ഘട്ടം തൊള്ളായിരത്തിമുപ്പത് മുപ്പത്താറ് കാലയളവിലും.
ആദ്യഖണ്ഡത്തില്‍ അറുപത് പദ്യങ്ങള്‍ മാത്രം. അവിടെ സ്‌നേഹഗീത യ്ക്ക് ഒരര്‍ധവിരാമം...
ദൂരെ എവിടെയോ
ഒരു കോഴി കൂവി. സിസ്റ്റര്‍ ഗെരോത്തിയില്‍ മൗനമുദ്രിതമായ പ്രാര്‍ഥനകളുടെ ചില്ലകളൊടിഞ്ഞു.
ബനീഞ്ഞാമ്മ ഇപ്പോഴും മയക്കത്തില്‍ തന്നെ. ഉയര്‍ന്ന് താഴുന്ന നെഞ്ചിന്‍കൂടിനുള്ളില്‍ ഒരു പൂങ്കുയില്‍ പാട്ടുതീര്‍ത്ത് ചിറകു കുടയുന്നു എന്ന് സിസ്റ്റര്‍ ഗെരോത്തി സങ്കല്‍പിച്ചു.
അവര്‍ ഒരു കൗതുക ത്തോടെ ബനീഞ്ഞാമ്മ യുടെ കാതുകളില്‍ മുഖം ചേര്‍ത്ത് മസൃണമായി ഉദീരണം ചെയ്തു.
''കുഞ്ഞുമാമ്മീ...''
ഒരു കാറ്റുലഞ്ഞു. ഇലഞ്ഞിമരക്കാടുകള്‍ക്ക് കാറ്റുപിടിക്കുന്നു. പൂമഴ പെയ്യുന്നു. ലോകമാകെ ഇലഞ്ഞിമണം പടരുന്നു.
സിസ്റ്റര്‍ മേരി ബനീഞ്ഞ ഒരര്‍ധപ്രജ്ഞയില്‍ അമ്മയെ കേട്ടു. അപ്പനേയും വല്യമ്മ യേയും കേട്ടു.
പാട്ടശ്ശേരില്‍ തറവാടും കൊച്ചച്ചനേയും കണ്ടു. മാന്നാനം കുന്നുകളും തോട്ടം തൊടിയും കണ്ടു.
സിസ്റ്റര്‍ മേരി ബനീഞ്ഞ കണ്ണുകള്‍ ചിമ്മിത്തുറന്നു. നരച്ച ആലക്തിക പ്രഭയില്‍ ലോകത്തോട് ചിരിതൂകി. സിസ്റ്റര്‍ ഗെരോത്തിയോട് ചുണ്ടനക്കി. ശബ്ദം പുറത്ത് വന്നില്ല.
ഹോ... ദൈവമേ... സിസ്റ്റര്‍ ഗെരോത്തി തുളുമ്പിപ്പോയി, വിതുമ്പിപ്പോയി. സ്വര്‍ഗം തുറന്നിറങ്ങിവന്ന വെള്ളരിപ്രാവുകള്‍ അവിടമാകെ ചിറകടിക്കുന്നു. ബനീഞ്ഞാമ്മ തിരിച്ചുവരുന്നു...
ഏതോ മലഞ്ചെരുവില്‍ ആരോ കിന്നരം വായിക്കുന്നു...
സിസ്റ്റര്‍ ഗെരോത്തി ഡ്യൂട്ടി റൂമിലേക്കോടി. ബനീഞ്ഞാമ്മ കണ്ണ് തുറന്ന വിവരമറിയിച്ചു.
ഒട്ടും താമസിക്കാതെ ഡോക്ടറും സംഘവുമെത്തി. പക്ഷെ ബനീഞ്ഞാമ്മ വീണ്ടും മയക്കത്തിലേക്കടര്‍ന്നിരുന്നു.
ഡോക്ടര്‍ ബനീഞ്ഞാമ്മയെ ശബ്ദം താഴ്ത്തി വിളിച്ചു. പ്രതികരണമുണ്ടായില്ല. വീണ്ടും പരിശോധനകള്‍. നാഡി മിടിപ്പ് മന്ദഗതിയിലാകുന്നു. ഹൃദയ സ്പന്ദനവും അങ്ങനെ തന്നെ.
വീണ്ടും ഇന്‍ജക്ഷന്‍. തുള്ളി തീര്‍ന്ന ഡ്രിപ്പ് മാറ്റിയിട്ടു.
ഡോക്ടറും സംഘവും മടങ്ങി. മടങ്ങും മുമ്പ് ഡോക്ടര്‍ പറഞ്ഞു.
''മഠത്തിലറിയിച്ചോളൂ...''
ഒരു മിന്നല്‍പ്പിണര്‍ സിസ്റ്റര്‍ ഗെരോത്തിയിലൂടെ കടന്ന് പോയി. കുറേ നേരം ഉപ്പുതൂണ്‍ പോലെ നിന്നു സിസ്റ്റര്‍ ഗെരോത്തി.
വീണ്ടും മഴചിന്നാന്‍ തുടങ്ങിയിരിക്കുന്നു. പുറത്തിപ്പോള്‍ ക്ഷീണിച്ച മഴനിലാവാണ്.
വെളുക്കാനിനി എത്ര ദൂരം...? നിശ്ചയമില്ല. സിസ്റ്റര്‍ ഗെരോത്തിക്കപ്പോള്‍ ഒന്നിനെക്കുറിച്ചും നിശ്ചയമുണ്ടായിരുന്നില്ല. പങ്കായമറ്റ ഒരു തോണി.
അവര്‍ ബനീഞ്ഞാമ്മയുടെ കട്ടില്‍ചാരെ മുട്ടുകുത്തി കട്ടിലിലേക്ക് തലചായ്ച്ച് മനസ്സില്‍ പ്രാര്‍ഥന കൊണ്ടു.
'ദൈവമേ കാത്തുകൊള്ളണേ...' അതിനുമപ്പുറം സിസ്റ്റര്‍ ഗെരോത്തിയെക്കൊണ്ട് എന്ത്?...
ബനീഞ്ഞാമ്മയപ്പോള്‍ ആത്മാവിന്റെ സ്‌നേഹഗീതയുടെ രണ്ടാം ഖണ്ഡത്തിലൂടെ കടന്നുപോകുകയായിരുന്നു. അത് ആശ്രമജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളിലായിരുന്നു. കുറവിലങ്ങാട് മഠത്തില്‍.
മനഃപൂര്‍വമായിരുന്നില്ല സ്‌നേഹഗീതയുടെ തുടര്‍ച്ചയും ആശ്രമത്തിലെ നിശബ്ദതയില്‍ സമാധിസ്ഥിതമായ ഒരനുഭൂതി സിസ്റ്റര്‍ മേരി ബനീഞ്ഞയില്‍ തളിരിടുകയാണുണ്ടായത്.
അറയില്‍ തിരിയും കൊളുത്തി പ്രിയനെ കാത്തിരിക്കുന്ന പ്രണയാര്‍ദ്രമായ ഒരാത്മാവ്. അവനെ കാണാഞ്ഞതിനാല്‍ വിലപിക്കാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ ആ വിലാപം കടലാസിലേക്കിറ്റു.
പ്രിയനെന്ത് വരാത്ത,തീ മഹാ
വിപിനത്തില്‍ ചിരകാലമായി ഞാന്‍
തനിയേ നിവസിപ്പൂ രാത്രിയും
പകലും മാത്രകളെണ്ണിയീ വിധം.
സ്‌നേഹഗീതയുടെ രണ്ടാം ഖണ്ഡം അങ്ങനെ എഴുത്താരംഭിച്ചു. ഇവിടെ പ്രാണപ്രിയന്റെ സമാഗമവേളയില്‍ ബനിഞ്ഞാമ്മയുടെ ആത്മാവ് ആനന്ദപരവശയായി ഹര്‍ഷസുഷുപ്തിയില്‍ വിലയം കൊള്ളുന്നു. ഇതിലധികമായി എന്താണ് വേണ്ടത്. ഒന്നും വേണ്ടതില്ല. സ്‌നേഹഗീതയുടെ രണ്ടാം ഖണ്ഡം അങ്ങനെ പ്രവഹിച്ചു.
ബനീഞ്ഞാമ്മ സ്‌നേഹഗീതയ്ക്ക് വീണ്ടും അര്‍ദ്ധവിരാമമിട്ടു. എന്തെന്നില്ലാത്ത ഒരാത്മ ശാന്തി ബനീഞ്ഞാമ്മയ്ക്ക് അനുഭവവേദ്യമായി.
കാലം വീണ്ടുമുരുണ്ടുകൊണ്ടിരുന്നു. ആ ചംക്രമണത്തിനിടയില്‍ ഇലകൊഴിയും കാലം വന്നു. തുടര്‍ച്ചയെന്നോണം തളിര്‍ക്കാലവും പൂക്കാലവും.
പക്ഷെ, തന്റെ ആത്മാവ് ഇപ്പോഴും ഭൂമിയില്‍ തന്നെയാണ്. അത് പ്രിയന്റെ സവിധത്തിലെത്തിയിട്ടില്ല. അവന്‍ ദര്‍ശനഭാഗ്യം നല്കിയെന്നേയുള്ളൂ. അവന്റെ കരമതില്‍ സ്പര്‍ശനം സിദ്ധമായിട്ടില്ല. അവന്റെ കരവലയത്തിലമരാന്‍ കഴിഞ്ഞിട്ടില്ല.
അന്തപ്പുരത്തിരിനാളവും കൊളുത്തി പ്രിയനെ കാതോര്‍ത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമെത്ര... ഇതെത്രനാള്‍ തുടരും...?
എങ്കിലും അതിലവള്‍ക്ക് ആശങ്കകളില്ല. ഭയലേശമെന്യേ മൃത്യുവിനെ വരിക്കാന്‍പോലും സന്നദ്ധയാണ്. പക്ഷെ, അത് തന്റെ പ്രിയതമന്റെ മാറില്‍ തലചായ്ച്ചുകൊണ്ടുവേണം സംഭവിക്കാന്‍.
വളരെ പെട്ടെന്നാണ് ഒരു സ്വപ്നസൗധം കണ്ണില്‍ പെട്ടത്. അതിനകത്തുനിന്ന് മന്ത്രമുഗ്ധമായ സംഗീതത്തിന്റെ നാദവീചികള്‍ കേള്‍ക്കാവുന്നു. ആനന്ദനൃത്തത്തിന്റെ നൂപുരധ്വനികളും.
അവളുടെ മനസ്സ് തരിച്ചു. അവിടേക്കെത്താന്‍ അവള്‍ കുതിച്ചു. പക്ഷെ കഴിയുന്നില്ല. കാലുകള്‍ ചലിക്കുന്നില്ല. കരുത്താര്‍ന്ന, വേരുപടലങ്ങള്‍ ഭൂമിയിലുറപ്പിച്ച് കൂറ്റന്‍ ഇലഞ്ഞിമരം പോലെ അവള്‍ ഇളക്കമറ്റു നിന്നു.
പെട്ടെന്ന് ഒരിളം കാറ്റ് ഇലഞ്ഞിമരച്ചില്ലകളില്‍ ചിലമ്പി പൂക്കളടര്‍ന്നു. ഭൂമിയില്‍ സൗരഭ്യം പടര്‍ന്നു. അവളുടെ ഇന്ദ്രിയങ്ങള്‍ സ്വപ്നസന്നദ്ധമായൊരു സുഷുപ്തിയിലേക്ക് വഴുതി.
അപ്പോഴാണ് വാനമേഘങ്ങള്‍ക്കപ്പുറത്തുനിന്ന് ഒരു ഉണര്‍ത്തുമൊഴി കേട്ടത്. ആ ശബ്ദം അവളുടെ പ്രിയന്റേതാണ്. അതവള്‍ക്ക് നിശ്ചയമുണ്ട്.
ആ ഉണര്‍ത്ത് മൊഴിയില്‍ നിന്നായിരുന്നു സ്‌നേഹഗീതയുടെ മൂന്നാം ഖണ്ഡത്തിന്റെ തുടക്കം.
ഇനിമതി സുഖനിദ്ര യോമനെ നീ
യുണരുക നേരമിതാ വിഭാതമായി
അരുണനു മഴകേറിന തങ്ക-
ക്കിരണമയച്ചു തുടങ്ങി ഭൂതലത്തില്‍.
അനായാസമായിരുന്നു മൂന്നാം ഖണ്ഡത്തിന്റെ രചന. ബനീഞ്ഞാമ്മ അറിഞ്ഞെഴുതുകയായിരുന്നില്ല. അറിയാതെ ഒരാത്മീയ ചോദനയില്‍ എഴുതിപ്പോകുകയായിരുന്നു. വാക്കുകള്‍ അനര്‍ഗളമായി പ്രവഹിക്കുന്നു. യോഗാത്മകമായ ഒരാനന്ദത്തിന്റെ പരകോടിയിലായിരുന്നു ബനീഞ്ഞാമ്മയുടെ ഹൃദയമപ്പോള്‍.
ദൈവം തന്റെ വിരല്‍ നീട്ടി ബനീഞ്ഞാമ്മയുടെ ആത്മാവിനെ തൊട്ട നിമിഷങ്ങള്‍...
അങ്ങനെ സ്‌നേഹഗീതയുടെ മൂന്നാം ഖണ്ഡത്തിന് തിരശ്ശീല വീണു.
(തുടരും)