![ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [16]](http://media.assettype.com/sathyadeepam%2F2025-07-31%2F6twb85qs%2Felenji-pookkumbol16.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്:
ഗിരിഷ് കെ ശാന്തിപുരം
ചിത്രീകരണം : ബൈജു
നോവല്‍ അവസാനിക്കുന്നു...
ആയിരത്തിതൊള്ളായിരത്തി എണ്‍പത്തഞ്ച് മെയ് ഇരുപത്തൊന്ന് അര്‍ധരാത്രി.
ആകാശത്തിന്റെ കിഴക്കിനിയില്‍ വെട്ടം പൊട്ടി. ആശുപത്രി യോടനുബന്ധിച്ചുള്ള ചാപ്പലില്‍ നിന്ന് പുലരിക്കുര്‍ബാനയ്ക്കുള്ള മണിമുഴങ്ങി.
സിസ്റ്റര്‍ ഗെരോത്തി നെറ്റിയില്‍ കുരിശുകോറി. ആശുപത്രി വരാന്തയുടെ ഇരുമ്പഴികളിലുറപ്പിച്ച ഉച്ചഭാഷിണിയിലൂടെ കുര്‍ബാന കേള്‍ക്കാം. മനസ്സിലെ ദേവാലയത്തില്‍ കുര്‍ബാന കാണാം.
ബനീഞ്ഞാമ്മയുടെ കട്ടില്‍ത്തലയ്ക്കല്‍ നിന്ന് ഭക്തിയോടെ കുര്‍ബാനയില്‍ മുഴുകി സിസ്റ്റര്‍ ഗെരോത്തി. ബലിയര്‍പ്പണത്തിന്റെ നേരമത്രയും അവരുടെ ഹൃദയത്തില്‍ നിന്ന് പരിദേവനങ്ങളൊഴുകി. അത് ബനീഞ്ഞാമ്മയ്ക്കുവേണ്ടിയുള്ള ഉള്ളുരുകിയ പ്രാര്‍ഥനാ വിലാപങ്ങളായിരുന്നു.
കുര്‍ബാന കഴിഞ്ഞു. പ്രഭാതം പ്രസന്ന മായിരുന്നില്ല. അത് മുഷിഞ്ഞതും ക്‌ളാന്തവു മായിരുന്നു. പുലരിക്കിളികള്‍ ചിലക്കുന്നില്ല. കാറ്റുപോലും മിണ്ടടക്കം പാലിക്കുന്നു.
അന്ന് പതിവിലും നേരത്തെ ഡോക്ടര്‍ വന്നു. ബനീഞ്ഞാമ്മയെ പരിശോധിച്ചു. ഡോക്ടറുടെ മുഖവും പ്രത്യാശ പ്രകടി പ്പിക്കുന്നില്ല. പതിവ് പരിചരണങ്ങള്‍ക്കുശേഷം അവര്‍ മടങ്ങി.
അപ്പോഴേക്കും ബനീഞ്ഞാമ്മയുടെ ചില ബന്ധുക്കളെത്തി. പിന്നാലെ മഠത്തില്‍ നിന്നുള്ള കന്യാസ്ത്രീകളും ഒപ്പം മദര്‍ സുപ്പീരിയറും അസ്‌തേന്തിയച്ചനും.
അച്ചന്‍ ബനീഞ്ഞാമ്മയ്ക്ക് അന്ത്യകൂദാശ നല്കി.
ബനീഞ്ഞാമ്മയുടെ കട്ടിലിനരുകില്‍ നിന്നിരുന്ന ഏവരുടേയും കാതുകളില്‍ അദൃശ്യനായ മരണദൂതന്റെ ചിറകൊലി കേള്‍ക്കാനാവുന്നു. മലയാളത്തിന്റെ മിസ്റ്റിക്ക് കവയിത്രി മേരി ബനീഞ്ഞയ്ക്ക് ഇനിയെത്ര സമയദൂരം...?
പക്ഷെ, ഇതൊന്നും ബനീഞ്ഞാമ്മ അറിയുന്നില്ല. അവരുടെ ബാഹ്യനേത്രങ്ങളില്‍ കാഴ്ച മങ്ങിയിരുന്നു. പക്ഷെ, അവരുടെ ഉള്‍ക്കണ്ണ് തുറന്നു തന്നെയിരുന്നു.
അവരുടെ അന്തരംഗം ഇപ്പോഴും ആത്മാവിന്റെ സ്‌നേഹഗീതയിലൂടെ സഞ്ചരിക്കുന്നു.
സ്‌നേഹഗീതയുടെ നാലാം ഖണ്ഡത്തിലേക്ക്...
നായികയെ ചൂഴ്ന്ന് നിലകൊണ്ട ദിവ്യപ്രഭാ വലയത്തിനുള്ളില്‍ അവള്‍ക്ക് തന്റെ പ്രിയതമന്റെ മുഖകമലം ദൃശ്യമാകുന്നു. പെട്ടെന്ന് പ്രിയന്‍ അവളെ പരിരംഭണം ചെയ്യുന്നു. തന്റെ ദിവ്യസന്നിധിയിലേക്ക് ക്ഷണിക്കുന്നു.
ആകാശത്തു നിന്ന് ഭൂമിയിലേക്കിറങ്ങി വന്ന മേഘവിമാനത്തില്‍ പ്രിയനോടൊത്തവള്‍ യാത്ര തിരിച്ചു. ലോകത്തിന്റെ, കാലത്തിന്റെ അനന്തവിഹായസിലൂടെ ചേതോഹരവും പ്രണയാര്‍ദ്രവുമായ ഒരു യാത്ര. അതവസാനിച്ചതാകട്ടെ ഒരു കടല്‍ക്കരയിലും.
അവിടെ ഒരു തിരക്കപ്പല്‍ അവരെ സ്വീകരിച്ചു. പിന്നീട് തിരമുകളിലൂടെയായിരുന്നു അവരുടെ സഞ്ചാരം. എന്തെന്നില്ലാത്ത ഒരാനന്ദാ തിരേകത്താല്‍ അവള്‍ മതിമറന്നുപോയി. എന്നാല്‍ പെട്ടെന്ന് വളരെ പെട്ടെന്ന് അവളുടെ പ്രിയതമന്‍ അപ്രത്യക്ഷനാകുന്നു.
അനന്തമായ ആകാശത്തിനു കീഴില്‍ സീമകള്‍ കാണാനാകാത്ത വിധം പാരാവരപ്പരപ്പ്, നിരാധാരയായിപ്പോയ അവള്‍ മൗനം നിലവിളിച്ചു. ഇനിയും പ്രിയതമന്‍ തന്നെ കൈവിടുകയോ...? സഹായത്തിന് കേണുകൊണ്ടവള്‍ കടലാഴങ്ങളിലേക്കാണ്ടു പോയി.
പക്ഷെ, ഒരദ്ഭുതം പോലെ ഒരു തിര അവളെ കരയിലേക്കെടുത്തെറിഞ്ഞു. അവള്‍ തീരത്തു വന്ന് തലകുത്തി വീണു.
ഇവിടെ നിന്നാണ് സ്‌നേഹഗീതയുടെ നാലാം ഖണ്ഡം ആരംഭിക്കുന്നത്.
''കടലിളകി മറിഞ്ഞു ഘോരമായി-
ട്ടലറി വിയത്തിലുയര്‍ന്ന വീചിജാലം
ഇവളതിനിടയില്‍ കുടുങ്ങി, ജീവന്‍
പരഗതി നേടിയടുത്തു മിക്കവാറും'' എന്നിങ്ങനെ എഴുതിത്തുടങ്ങി.
കരയിലേക്കെടുത്തെറിയപ്പെട്ട നായിക സര്‍വ്വാംഗങ്ങളും തളര്‍ന്ന് ജീവനറ്റ പോലെ കടല്‍പ്പൂഴിയില്‍ മയങ്ങിക്കിടന്നു. ഇരുട്ടായി രുന്നു ചുറ്റും. കുറ്റാക്കുറ്റി രുട്ട്.
അപ്പോഴാണ് ഒരു മൃദുലകരം തന്നെ തഴുകു ന്നതായി അവള്‍ക്കനുഭവപ്പെട്ടത്. ഇളം ചൂടുള്ള ജലബിന്ദുക്കള്‍ അവളുടെ മുഖത്ത് പതിക്കുന്നു. ചില നെടുവീര്‍പ്പുകള്‍ കാതുകളില്‍ പതിയുന്നു.
മണല്‍ത്തരികള്‍ പറ്റിപ്പിടിച്ചിരുന്ന കവിള്‍ത്തടങ്ങളില്‍ തൂവല്‍സ്പര്‍ശം പോലെ ഒരു മൃദുചുംബനം പതിയുന്നു. അധര ങ്ങള്‍ പിളര്‍ത്തി മധുര തരമായ ഒരു പാനീയം ഇറ്റിച്ചുതരുന്നു. അതീവ രുചികരമായ ആ മധു ആസ്വദിച്ച് വീണ്ടുമവള്‍ ഒരു പരവശനിദ്രയിലേക്കാ ണ്ടുപോയി.
'ഉണരുക ജീവമെന്റെയോമനേ'...
ആരോ അവളെ വിളിക്കുന്നുണ്ട്. മയക്ക ത്തിലും അവളാ സ്വരം തിരിച്ചറിയുന്നു. കരളില മൃതം ചൊരിയുന്ന ആ ദിവ്യസ്വരം അവളുടെ പ്രാണപ്രിയന്റേതാണ്.
അവള്‍ പിടഞ്ഞെഴു ന്നേറ്റു. പക്ഷെ, അദ്ദേഹമവിടെയെങ്ങുമില്ല. എങ്കിലും അവള്‍ കാത്തു നില്‍ക്കാന്‍ തയ്യാറായില്ല. വരഗൃഹം അന്വേഷിച്ച് യാത്ര തുടരുകയാണ്. യാത്രയ്ക്കിടയില്‍ ഉണ്ടായേക്കാവുന്ന ഏത് പ്രതിബന്ധവും നേരിടാന്‍ അവള്‍ ദൃഢചിത്തയു മാണ്. ഇനി ഭൗമികശക്തികള്‍ക്കൊന്നും അവളെ തടയാനുമാകില്ല.
കൂരിരുട്ടില്‍ ഒരചലശൃംഗത്തിലേക്ക് കയറിപ്പോകുന്ന അവളെ ഒരു കരം താങ്ങുന്നു.
അവന്റെ സ്പര്‍ശനം അമൃതസമാനമായിരുന്നു. അവള്‍ തിരിച്ചറിയുന്നു. അതവളുടെ പ്രിയമാനസന്‍ തന്നെ.
യാത്ര എവിടെയോ അവസാനിച്ചു. ഞൊടി നേരംകൊണ്ടൊരു പ്രഭാപൂരം. ആ പ്രഭാ പൂര്‍ണ്ണിമയില്‍ അവള്‍ തന്റെ പ്രിയനെ കണ്ടു. ആഹ്‌ളാദമടക്കാനാവാതെ അവള്‍ അവനടുത്തേക്ക് ഓടിയെത്തി. നരകുലമറി യാത്ത ദിവ്യരാഗ പ്രചുരിമയോടെ അവര്‍ പരസ്പരം പുണര്‍ന്നു.
മനോഹരമായ ഒരുദ്യാനത്തിലായിരുന്നവ രപ്പോള്‍. ഉദ്യാനമദ്ധ്യേ അതീവ മനോഹരമായ ഒരു മണിമേട.
അത് തന്നെ വരഗൃഹം. ആനന്ദത്തോടെ അവിടേക്ക് നീങ്ങിയ അവളുടെ പാദങ്ങളെ ഒരു ദുര്‍ഗം തടഞ്ഞുനിറുത്തി. മനസ്സ് തളര്‍ന്നുപോയ അവളെ പ്രിയന്‍ ആശ്വസിപ്പിച്ചു.
പ്രിയേ ക്ഷമിക്കുക. വരഗൃഹപ്രവേശത്തിനുള്ള സമയമായിട്ടില്ല. സമയമാകുമ്പോള്‍ ഒരു വാതായനം ഇവിടെ പ്രത്യക്ഷപ്പെടും. അതു വരെ നമുക്കീ ഉദ്യാന ത്തില്‍ വിശ്രമിക്കാം. ഇനി നിനക്ക് വിരഹമില്ല.
സായാഹ്നം വരെ യാത്മനാഥനൊരുമി-
ച്ചീ നല്ല പൂവാടിയില്‍
വാഴും ഞാനാം നിത്യമായ് വരഗൃഹം
പ്രാപിച്ചു മോദിച്ചിടും
കാവ്യം ഞാന്‍ പലതാസ്ഥലത്ത് വിരചി-
ച്ചിടും വിതര്‍ക്കം വിനാ
ദിവ്യപ്രേമസുധാബ്ദി യില്‍ മനുജരേ
മുക്കിക്കുഴക്കും വിധം.
ഇങ്ങനെയെഴുതി ക്കൊണ്ട് സിസ്റ്റര്‍ മേരി ബനീഞ്ഞ ആത്മാവിന്റെ സ്‌നേഹഗീതയ്ക്ക് അടിവര യിട്ടു. ഒപ്പം ഇനിയും സ്‌നേഹഗീതയ്ക്ക് തുടര്‍ച്ചയുണ്ടായേക്കും എന്ന് ദ്യോതിപ്പിക്കുകയും ചെയ്യുന്നു.
ഒരര്‍ഥത്തില്‍, തന്റെ മാസ്റ്റര്‍ പീസായ 'ആത്മാ വിന്റെ സ്‌നേഹഗീത' എന്ന മിസ്റ്റിക് കാവ്യമെഴുതാന്‍ വേണ്ടിയാണ് സിസ്റ്റര്‍ മേരി ബനീഞ്ഞ കവയിത്രിയാ യത്. അഥവാ ദൈവം അവരെ ഭൂമിയിലേക്കയ ച്ചത്.
സ്‌നേഹഗീതയുടെ രചനാകാലം ഏകദേശം എട്ടുവര്‍ഷക്കാലം.
എഴുത്ത് കാലമത്രയും ബനീഞ്ഞാമ്മ ദിവ്യമായ ഒരു യോഗാവസ്ഥയിലായി രുന്നു. അതീന്ദ്രിയമായ ഒരനുഭൂതി വിശേഷം.
അരപ്പായപ്പുറങ്ങളിലേ ക്കൊഴുകിവീണ സ്‌നേഹ ഗീതയ്ക്ക് ബനീഞ്ഞാമ്മ യുടെ തൂലികയിലെ നീലമഷിയായിരുന്നില്ല അക്ഷരനിറം പകര്‍ന്നത്. ഈശ്വരപ്രണയത്തിന്റെ വിലാപ്പുറങ്ങളില്‍ നിന്നിറ്റ രുധിരമായിരുന്നു ആ തൂലികയില്‍ ദൈവം നിറച്ചു കൊടുത്തത്.
എല്ലാവരും നോക്കി നില്‍ക്കെ ബനീഞ്ഞാമ്മ ഒന്ന് ഞരങ്ങി. ഒന്നനങ്ങി. കാലുകള്‍ മടക്കി നിവര്‍ത്തി. ഭൂമിയിലേക്കാദ്യ മെന്ന വണ്ണം കണ്ണുകള്‍ മിഴിച്ചു.
അവരുടെ ശ്വാസഗതി നേര്‍ത്തു വരുന്നു.
ഡോക്ടര്‍ വന്നു. പരിശോധിച്ചു. പിന്നെ ഡോക്ടറും മൂകം നിന്നു. അവരുടെ കണ്ണുകള്‍ എങ്ങുമുറയ്ക്കാതെ ഉഴറി നടക്കുന്നു.
''ബനീഞ്ഞാമ്മേ''... സിസ്റ്റര്‍ ഗെരോത്തിയുടെ അമര്‍ത്തിപ്പിടിച്ച ചുണ്ടുകള്‍ക്കിടയില്‍ നിന്ന് ഒരു വിതുമ്പല്‍ പുറത്ത് ചാടി.
ബനീഞ്ഞാമ്മ അത് കേട്ടിട്ടുണ്ടാകണം. അവരുടെ മുഖത്ത് ഒരപൂര്‍വ്വ മന്ദഹാസം വിടര്‍ന്നു. പൊലിഞ്ഞു.
സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ പുറം കണ്ണിലും അകക്കണ്ണിലും ഒരേ പോലെ വെട്ടം കെട്ടു.
''ലോകമേ യാത്ര''...
എവിടെയോ ഇറുകെപ്പൂത്ത ഒരു ഇലഞ്ഞിമരത്തിന്റെ ചില്ല അടര്‍ന്ന് വീണു.
(അവസാനിച്ചു)