ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [14]

സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ജീവിതത്തിന്റെ സ്വതന്ത്ര ആഖ്യാനം
ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [14]
Published on
  • നോവലിസ്റ്റ്:

  • ഗിരിഷ് കെ ശാന്തിപുരം

  • ചിത്രീകരണം : ബൈജു

അധ്യായം - 14

ആയിരത്തിതൊള്ളായിരത്തി മുപ്പത്തിയാറ് ജനുവരി പതിനൊന്ന്.

സിസ്റ്റര്‍ മേരി ബനീഞ്ഞ ചങ്ങനാശ്ശേരി ബിഷപ്പിന് ഇങ്ങനെയൊരു അപേക്ഷ സമര്‍പ്പിക്കുന്നു.

''ഞാന്‍ എഴുതിയിട്ടുള്ള ആത്മാവിന്റെ സ്‌നേഹ ഗീത എന്ന ഖണ്ഡകാവ്യം അവിടുത്തേക്ക് സമര്‍പ്പിക്കുന്നതിനും പ്രസ്തുത കൃതി അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനും കൂടാതെ പല അവസരങ്ങളിലായി താന്‍ എഴുതിയിട്ടുള്ള ഭക്തിപരവും സന്മാര്‍ഗ പരവുമായിട്ടുള്ള ഏതാനും ഖണ്ഡകൃതികള്‍ ഏതെങ്കിലും കത്തോലിക്ക പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചുകൊടുക്കുന്നതിനും അവിടുത്തെ കരുണാര്‍ദ്ര പൂരിതമായ അനുവാദ കല്‍പന ഉണ്ടാകുമാറാ കണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.''

ബനീഞ്ഞാമ്മ കൈമാറിയ കടലാസു പ്രതികളെല്ലാം മെത്രാന്‍ തിരുമനസ്സുകൊണ്ട് സസൂക്ഷ്മം പരിശോധിച്ചു നോക്കി.

അദ്ദേഹം അദ്ഭുതം കൂറി. ആശ്രമജീവിത ത്തിന്റെ ഏകാന്തനിമിഷ ങ്ങളില്‍ ഉദ്ഭവം കൊണ്ട ഈ കവിതകളോരോന്നും ബനീഞ്ഞാമ്മ അവരുടെ വൃതശുദ്ധിക്ക് ഊനം തട്ടാതെ തന്നെ രചിച്ചതാണ്.

ഏത് വിശുദ്ധ സ്ഥലത്തും ആലപിക്കാ വുന്നവ. എത്ര യാഥാസ്ഥിതികനായ മേധാവിക്കും നുണയാവുന്ന കാവ്യാമൃതം.

അങ്ങനെയുള്ളവ മാത്രമേ പൂര്‍വാശ്രമത്തിലും ബനീഞ്ഞാമ്മയുടെ തൂലികയില്‍ നിന്നടര്‍ന്നിട്ടുള്ളൂ.

സഹൃദയനായ തിരുമേനി ബനീഞ്ഞാമ്മ കൃതികള്‍ക്ക് പ്രസിദ്ധീകരണാനുമതി നല്‍കി.

എവിടെയോ ഒരിടിമുഴങ്ങി. ബനീഞ്ഞാമ്മ മയക്കം ഞെട്ടി.

സിസ്റ്റര്‍ ഗെരോത്തി ബനീഞ്ഞാമ്മയെ എഴുന്നേറ്റിരിക്കാന്‍ സഹായിച്ചു. മുഖം നനച്ച് തുടച്ചു കൊടുത്തു.

മേശപ്പുറത്ത് മൂടിവച്ചിരുന്ന കാപ്പി കുടിക്കാന്‍ കൊടുത്തു. ഒന്നോ രണ്ടോ കവിള്‍. അത്രമാത്രം.

എത്ര നിര്‍ബന്ധിച്ചിട്ടും കാപ്പിക്കൊപ്പമുണ്ടായിരുന്ന പലഹാരം ബനീഞ്ഞാമ്മ രുചിച്ചു പോലും നോക്കിയില്ല. അശേഷം വിശപ്പ് തോന്നുന്നില്ല.

ഉച്ചനേരത്തും നാമമാത്രമായ രീതിയിലേ ഭക്ഷണം കഴിച്ചുള്ളൂ. വിശപ്പിന്റെ കനലുകള്‍ ചാരം മൂടികിടക്കുന്നു. ഒന്നിനും രുചി തോന്നുന്നില്ല. ഭക്ഷണത്തിനോട് ഒരു വിപ്രതിപത്തി.

ഏതാനും മണിക്കൂറുകള്‍ക്കു മുമ്പുള്ള ബനീഞ്ഞാമ്മയല്ല ഇപ്പോഴെന്ന് സിസ്റ്റര്‍ ഗെരോത്തി കണ്ടു. ബനീഞ്ഞാമ്മ മങ്ങിപ്പോയിരിക്കുന്നു. ഒരു നിഴല്‍ ബനീഞ്ഞാമ്മയ്ക്കു മേല്‍ വിരിഞ്ഞു കിടക്കുന്നു. കണ്ണുകളിലെ തിളക്കം ആറിപ്പോയിരിക്കുന്നു. മുഖത്തെ പ്രസന്നത മുഷിവാര്‍ന്നിരിക്കുന്നു.

സിസ്റ്റര്‍ ഗെരോത്തിക്ക് ഒരരുതായ്ക തോന്നി. ഒരു ഭയം അവരെ ഗ്രസിക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞു.

''എന്തെങ്കിലും വിഷമം തോന്നുന്നുണ്ടോ... ഞാന്‍ ഡോക്ടറെ വിളിക്കാം...''

പുറത്ത് മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. പാതി ചാരിയ വാതിലിലൂടെ കാറ്റും മഴയാരവവും അകത്തേക്ക് വന്നു.

''നമുക്ക് പുറത്തേക്കിറങ്ങാം. അല്‍പനേരം മഴ കാണാം.'' ബനീഞ്ഞാമ്മ പറഞ്ഞു.

സിസ്റ്റര്‍ ഗെരോത്തിക്ക് അദ്ഭുതം തോന്നി. മഴക്കാഴ്ചയെ ബനീഞ്ഞാമ്മയുടെ ഹൃദയത്തോട് ഇത്രമേല്‍ ചേര്‍ത്തു വച്ചതാര്. ഓരോ മഴയും ഓരോ പുതിയ കാഴ്ചയായിരിക്കും...

ഗെരോത്തി സിസ്റ്റര്‍ ബനീഞ്ഞാമ്മയെ പുറത്തെ വരാന്തയിലേക്കു കൂട്ടി. മഴ കനത്തതല്ല. കാറ്റും അങ്ങനെ തന്നെ.

മഴനിഴലുകള്‍ക്കും മലനിഴലുകള്‍ക്കുമപ്പുറം ആകാശച്ചെരുവിലെ പാടലവര്‍ണ്ണം മാഞ്ഞു തുടങ്ങുന്നു.

സിസ്റ്റര്‍ ഗെരോത്തിയുടെ കൈപിടിച്ച് മഴത്തണുപ്പിന്റെ ചുമലില്‍ ചാരി ബനീഞ്ഞാമ്മ ആശുപത്രി വരാന്തയി ലൂടെ പാതങ്ങള്‍ അളന്നുറപ്പിച്ച് സാവധാനം നടന്നു. അപ്പോള്‍ ബനീഞ്ഞാമ്മയ്ക്കു കാലുകള്‍ ഇടറുന്നുണ്ടായിരുന്നു.

തന്റെ കാലുകള്‍ക്കിനി അധികദൂരം വയ്യ എന്ന് ബനീഞ്ഞാമ്മ ഭയാശങ്കകളേതുമില്ലാതെ അറിവുകൊണ്ടു. ഭൂമിയില്‍ കാലം തന്റെ യാത്രയ്ക്ക് അതിരുകള്‍ വരയ്ക്കുന്നു.

അപ്പോള്‍ അകലെയല്ലാതെ ഏതോ വെളിമ്പറമ്പുകളുടെ വിജനതയിലെ ഇലഞ്ഞി മരക്കൊമ്പുകളിലിരുന്ന് ഒരു പൂങ്കുയില്‍ പാടുന്നത് കേള്‍ക്കായി.

കുയില്‍നാദം മഴ നനഞ്ഞിരുന്നു. നനഞ്ഞ കുയില്‍പ്പാട്ടിന് കാതു കൊടുത്ത് ബനീഞ്ഞാമ്മ സ്വപ്ന സന്നിഭമായ ഓര്‍മ്മകളിലേക്ക് ചുവടുകള്‍ വച്ചു.

സഭാവസ്ത്ര സ്വീകരണ ത്തിനുശേഷമുള്ള ഒരു ദശവത്സരക്കാലം. അക്ഷരശലഭങ്ങള്‍ കൂടു നെയ്തകാലം. അത് കവിതയുടെ നോമ്പുകാലം.

അക്കാലങ്ങളില്‍ നിശബ്ദതയുടെ വാത്മീകം പുതച്ചിരുന്ന് കൊരുത്തു കൂട്ടിയതൊ ക്കെയും നോട്ടുബുക്കിന്റെ അരപ്പായപുറങ്ങളില്‍ കിടന്ന് വീര്‍പ്പടക്കാനാ വാതെ തുടിക്കുന്നു. വെളിച്ചം കാണാതെ വിങ്ങുന്ന ആ നക്ഷത്ര കാവ്യങ്ങളെ പ്രതി ബനീഞ്ഞാമ്മ വേപഥുവാര്‍ന്നു.

അങ്ങനെയാണ് ബനീഞ്ഞാമ്മ മെത്രാന്‍ തിരുമനസ്സിന് അപേക്ഷ സമര്‍പ്പിച്ചതും പ്രസിദ്ധീകരണാനുമതി നേടിയതും.

ബനീഞ്ഞാമ്മ സീമകളില്ലാത്ത ആഹ്‌ളാദം അനുഭവിച്ച നിമിഷങ്ങളായിരുന്നത്. തന്റെ കാവ്യോപാസനകള്‍ വൃഥാവിലാകുന്നില്ല. ഇലഞ്ഞിമരക്കൊമ്പിലെ വാനമ്പാടി അതിന്റെ പാട്ടവസാനിപ്പിക്കുന്നില്ല.

ആശുപത്രി വരാന്തയുടെ ഇരമ്പഴികളില്‍ പിടിച്ച്, സിസ്റ്റര്‍ മേരി ബനീഞ്ഞ നേര്‍ത്ത മഴയിലൂടെ സന്ധ്യാകാശം കണ്ടു. കിഴക്കെ ആകാശ ച്ചെരുവില്‍ മഴനിഴലുകള്‍ ക്കൊപ്പം സന്ധ്യയുടെ ഇരുള്‍ച്ചിറകുകള്‍ വിരിയുന്നു.

ഒരു പകല്‍ കൂടി കൊഴിയുന്നു. ആശുപത്രി മുറ്റത്തെ ചുവടു മറിഞ്ഞ ചെമ്പരത്തി ആരോ പിഴുതുമാറ്റിയിരിക്കുന്നു.

ആയിരത്തിത്തൊള്ളാ യിരത്തി ഇരുപത്തിയൊ മ്പത് മാര്‍ച്ചില്‍ 'സ്വര്‍ഗീയ സ്വയംവരം' പ്രസിദ്ധീകരിച്ചതിനുശേഷം വായനക്കാര്‍ക്ക് മറ്റൊരു ബനീഞ്ഞക്കവിത ലഭിക്കുന്നത് ആയിരത്തി ത്തൊള്ളായിരത്തി മുപ്പത്തിയാറിലാണ്. 'പറുദീസയിലെ പൈങ്കിളി' ദീപികപത്രത്തില്‍.

ബനീഞ്ഞയുടെ ആത്മാവിന്റെ ആഴങ്ങളില്‍ രൂഢമൂലമായി പതിഞ്ഞിരിക്കുന്ന ക്രിസ്തുപ്രണയത്തിന്റെ സാന്ദ്രതയെന്തെന്ന് വെളിവാക്കുന്നുണ്ട് പറുദീസയിലെ പൈങ്കിളി.

ആരുണാനേശുവിന്റെ യോമന ച്ചെറുകിളി

പാരഡൈസിലാണെന്റെ വാസവും സഞ്ചാരവും

വൃക്ഷശാഖയിലെങ്ങുമല്ല ഞാനിരിപ്പത്

രക്ഷകനേശുവിന്റെ യുള്ളം കൈകളിലത്രേ...

കവിതയുടെ മന്ദസമീരണന്‍ എന്ന് മേരി ജോണ്‍ തോട്ടത്തില്‍ പതിച്ചുവോ അന്നു മുതല്‍ അവര്‍ രഹസ്യമായി സങ്കല്‍പിക്കുന്നു താനൊരു പാടുന്ന പൈങ്കിളി യാണെന്ന്. അത് കാവ്യലോകം ഒട്ടൊക്കെ സമ്മതിച്ചുകൊടുക്കുന്നു മുണ്ട്.

എപ്പോള്‍ ആത്മീയതയുടെ ചിറ്റോളങ്ങള്‍ അവരെ തഴുകിത്തുടങ്ങിയോ അപ്പോള്‍ മുതലവര്‍ കല്‍പന കൊള്ളുന്നു ഞാനേശുവിന്റെ ചെറുകിളിയാണെന്ന്.

ഉദാത്തമായ കാവ്യഭാവനകളുടെ ശയന തല്‍പങ്ങളിലെ ഏകാന്ത നിമിഷങ്ങളില്‍ സിസ്റ്റര്‍ മേരി ബനീഞ്ഞയില്‍ ഒരു ഈശപ്രസാദം തെളി യുന്നു. വൃക്ഷക്കൊമ്പിലല്ല ഞാനെന്ന ഓമന പൈങ്കിളി വിശ്രമം കൊള്ളുന്നത്. അത് രക്ഷകനായ യേശുവിന്റെ കൈകളിലാണ്.

സ്വര്‍ഗവാതില്‍പ്പക്ഷികള്‍ അവരെ വട്ടമിട്ട് ചിറകു വിരിക്കുന്ന നിമിഷങ്ങള്‍...

എണ്ണ വറ്റാത്ത വിളക്കും തെളിച്ച് ശയനഗൃഹ ങ്ങളില്‍ അവര്‍ മണവാളനെ കാത്തിരിക്കുന്നു.

കല്‍പാന്തത്തോളമെത്തുന്ന ജ്ഞാനതപസ്സ്.

സിസ്റ്റര്‍ മേരി ബനീഞ്ഞയില്‍ കവയത്രി മേരി ബനീഞ്ഞ പുനര്‍ജനിക്കുന്ന അപൂര്‍വനിമിഷങ്ങള്‍.

ഞാനെഴുതിയതൊക്കെയും എഴുത്ത് പുറങ്ങളില്‍ അസ്തമിച്ചു പോകരുതെന്നവള്‍ ആഗ്രഹിച്ചു. അതൊക്കെ ആസ്വാദകലോകം രുചിച്ചറിയണം. അതുകൊണ്ടാണ് സഭാധികാരിയോട് പ്രസിദ്ധീകരണാനുവാദം ചോദിച്ചു വാങ്ങിയത്.

പക്ഷെ, പാടുന്ന പൈങ്കിളിയില്‍ സിസ്റ്റര്‍ മേരി ബനീഞ്ഞയിലെ അപര ഇങ്ങനെ പാടി.

എന്റെ രാജാവെന്നുടെ ജീവിതേശ്വരന്‍ മാത്രം

മെന്റെ ഗാനങ്ങള്‍ ശ്രവിച്ചീടുവാന്‍ പാടുന്നു ഞാന്‍.

വീണ്ടും ഇടിമുഴങ്ങി. ബനീഞ്ഞാമ്മയുടെ ഓര്‍മ്മകള്‍ക്കു കുറുകെ ആകാശച്ചെരുവില്‍ നിന്ന് മിന്നല്‍പ്പിണരുകള്‍ ഭൂമിയിലേക്കിറങ്ങി വന്നു. ഇരുട്ട് വീണിരുന്നു. ആശുപത്രി വരാന്തയില്‍ ആലക്തിക വെളിച്ചം ഓളം തല്ലുന്നു. മുറ്റത്തേക്ക് ചിന്നിയ വെളിച്ചം മഴനനയുന്നു.

''നമുക്ക് മുറിയിലേക്ക് പോകാം...'' സിസ്റ്റര്‍ ഗെരോത്തി പറഞ്ഞു.

''അല്‍പം കൂടി കഴിയട്ടെ''...

പുറത്ത് മഴ വളര്‍ന്നിരിക്കുന്നു. മഴക്കൊപ്പം ഇരുട്ടും. വരാന്തയുടെ കമ്പിയഴികളില്‍ കാത് ചേര്‍ത്ത് ബനീഞ്ഞാമ്മ മഴ കേട്ടു. അവരുടെ കേള്‍വിയിലേക്ക് ഒരു മഴപ്പക്ഷിയുടെ പാട്ട് ഒഴുകിയെത്തുന്നു. ഏതോ മരക്കൊമ്പിലിരുന്ന് ഒരു പക്ഷി ഒറ്റയ്ക്ക് പാടുകയാവാം. ബനീഞ്ഞാമ്മയുടെ ഓര്‍മ്മകളപ്പോള്‍ ഇലഞ്ഞിമഠത്തിലേക്ക് തെന്നി.

ആയിരത്തിത്തൊള്ളായിരത്തി അമ്പത് ജനുവരി ഒന്ന്. സിസ്റ്റര്‍ മേരി ബനീഞ്ഞ ഇലഞ്ഞി മഠത്തിലേക്കെത്തി. അന്നായിരുന്നു ഇലഞ്ഞി മഠത്തിന്റെ ഉദ്ഘാടനം.

ഇലഞ്ഞിപ്പള്ളി വകയായി നടത്തി വന്നിരുന്ന ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിന് ഇരുപത്തഞ്ച് വയസ്സ് പ്രായം. സ്‌കൂളിന്റെ രജത ജൂബിലി ഭംഗിയായി ആഘോഷിക്കണമെന്നും അതൊരു ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നും ഇടവകക്കാര്‍ക്കും യോഗക്കാര്‍ക്കും എന്തെന്നില്ലാത്ത ആഗ്രഹം. അവര്‍ രൂപതാധ്യക്ഷനെ സമീപിച്ചു.

രൂപതാധ്യക്ഷനായ ബിഷപ് കുര്യാളശ്ശേരിക്ക് അതിരറ്റ സന്തോഷം. പക്ഷെ, ഒരു നിര്‍ദേശം അദ്ദേഹം മുമ്പോട്ടുവച്ചു.

സ്‌കൂളില്‍ ആണ്‍പെണ്‍ വിഭാഗങ്ങള്‍ വേര്‍തിരിക്കണം. പെണ്‍കുട്ടികളുടെ വിഭാഗം കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തിലായിരിക്കണം.

ആ തീരുമാനത്തിന്റെ ഭാഗമായി കുറവിലങ്ങാട് മഠത്തില്‍ നിന്ന് നാലു കന്യാസ്ത്രീകളെ ഇലഞ്ഞിയിലേക്കയക്കുന്നു. അങ്ങനെ ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ ഇലഞ്ഞിയില്‍ കര്‍മ്മലീത്ത മഠം സ്ഥാപിതമായി.

കുറവിലങ്ങാട്ടെ അമ്മ മഠത്തില്‍നിന്നും ഇലഞ്ഞിയിലെ പുത്രീമഠത്തിലേക്ക് അയയ്ക്കപ്പെട്ട കന്യാസ്ത്രീകളുടെ നാല്‍വര്‍ സംഘത്തില്‍ ഒരാള്‍ സിസ്റ്റര്‍ മേരി ബനീഞ്ഞയായിരുന്നു. അങ്ങനെ ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ്

''കടന്ന് പോയിടുന്നു ഞാന്‍ സ്വദേശമേ ജനങ്ങളെ

മടങ്ങി വന്നിടാത്ത യാത്രയാണെന്നിരിക്കലും'' എന്ന് പാടിക്കൊണ്ട്, സ്വന്തം ഭവനത്തോടും ദേശത്തോടും യാത്രപറഞ്ഞ ജോണ്‍ തോട്ടം ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സിസ്റ്റര്‍ മേരി ബനീഞ്ഞയായി സ്വദേശത്തേക്ക് മടങ്ങി വന്നിരിക്കുന്നു.

അത് ഇലഞ്ഞിമരങ്ങള്‍ പൂക്കുന്ന കാലമായിരുന്നു. ഇരുപത്തിരണ്ടാണ്ടുകള്‍ക്കു മുമ്പ് സന്യാസാവൃതിയിലേക്ക് തിരിക്കുമ്പോഴും പൂക്കാലമായിരുന്നു.

ഇരുപത്തി രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ജന്മനാടിന്റെ മാറില്‍ കാലുറപ്പിച്ചു നിന്ന് ഗ്രാമത്തിന്റെ സുഗന്ധം സ്വന്തം ഹൃദയത്തിലേക്കാവാഹിച്ചെടുത്തു ബനീഞ്ഞാമ്മ.

തോട്ടം തൊടിയിലെ മാമ്പഴക്കാലങ്ങളും സൗരഭ്യമോലുന്ന ഇലഞ്ഞിമരക്കാറ്റും ബനീഞ്ഞാമ്മയിലേക്കെത്തുന്നു. കര്‍ഷകനും കരകൗശല വിരുതനുമായിരുന്ന അപ്പനും വൈദികനും കവിയുമായിരുന്ന കൊച്ചച്ചനും ബനീഞ്ഞാമ്മയിലൂടെ കടന്നു പോകുന്നു. അരിയിലെഴുതിച്ച നമ്പൂരിശ്ശനാശാനും തുടര്‍ന്ന് പഠിപ്പിച്ച പാണിപ്പിള്ളയാശാനും ബനീഞ്ഞാമ്മയുടെ പ്രജ്ഞയിലേക്ക് ചിരിതൂകുന്നു.

ഓര്‍മ്മകള്‍... കാലം മൂടുപടമണിയിച്ച ദാരുശില്‍പങ്ങള്‍. എങ്കിലുമവ മനസ്സിന്റെ മറവിടങ്ങളില്‍ നിന്ന് ആകാശത്ത് ചിന്നുന്ന നീല മേഘങ്ങള്‍ പോലെ ചിലപ്പോഴെങ്കിലും വിരുന്നെത്തും.

'ഓര്‍മ്മകള്‍ക്ക് മരണമില്ല.'

ഇലഞ്ഞി മഠത്തില്‍ നിന്നും അധികമകലത്തിലല്ല തോട്ടംവീട്. ഏറിയാല്‍ ആറോ ഏഴോ കല്ലേറ് ദൂരം. അവിടെയിപ്പോള്‍ അപ്പനില്ല. വല്യമ്മയില്ല. കാലം അവരെ കടത്തിക്കൊണ്ടുപോയി.

വൈദികനും ദീപിക പത്രത്തിന്റെ പത്രാധിപരുമായിരുന്ന പ്രിയപ്പെട്ട കൊച്ചച്ചനും ജീവിച്ചിരിപ്പില്ല.

വല്യമ്മയും കൊച്ചച്ചനും മരിച്ചപ്പോള്‍ മൃതദേഹം ഒരു നോക്കു കാണുവാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുവാനോ ബനീഞ്ഞാമ്മയ്ക്ക് കഴിഞ്ഞില്ല. മഠത്തിന്റെ നിയമങ്ങള്‍ അതിനനുവദിച്ചിരുന്നില്ല.

അപ്പന്‍ മരിച്ചപ്പോള്‍ ബനീഞ്ഞാമ്മ രണ്ടു കന്യാസ്ത്രീകള്‍ക്കൊപ്പം തോട്ടം വീട്ടിലെത്തി. ഒരധ്യാപിക, അതിലുപരി ഒരെഴുത്തുകാരി എന്ന പരിഗണനയിലാകാം മദര്‍ സുപ്പീരിയര്‍ അതിനനുവാദം തന്നത്.

പക്ഷെ, ആ അനുവാദം വീടിന്റെ പടിപ്പുരവരെയായിരുന്നു. പടിപ്പുരയില്‍ നിന്നുള്ള ഒരു ദൂരക്കാഴ്ചയിലൊതുങ്ങി അപ്പന്റെ ഭൗതികശരീരം.

ഒരു പിശറന്‍ കാറ്റ് ആശുപത്രി വരാന്തയിലേക്കോടിക്കയറി. മഴ ക്ഷീണിച്ചിരിക്കുന്നു. ആശുപത്രിയോട് ചേര്‍ന്നുള്ള ചാപ്പലില്‍ നിന്ന് രാത്രിപ്രാര്‍ഥനയുടെ ശബ്ദവീചികള്‍ ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തി.

ബനീഞ്ഞാമ്മ സിസ്റ്റര്‍ ഗെരോത്തിയോടൊപ്പം മുറിയിലേക്കു മടങ്ങി. കസേരയില്‍ ചാരിയിരുന്ന് ജപമാല കൈയിലെടുത്തു. അമ്പത്തിമൂന്ന് മണിരൂപത്തില്‍ പങ്കാളിയായി.

പ്രാര്‍ഥനാനേരത്ത് പതിവില്ലാത്ത വിധം ഒരു ഹൃദയഭാരം അനുഭവപ്പെട്ടു ബനീഞ്ഞാമ്മയ്ക്ക്. മനസ്സ് ഏകാഗ്രമാകുന്നില്ല. ജപമാല രഹസ്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനാവുന്നില്ല. കാല്‍വരിയിലേക്കുള്ള യേശുവിന്റെ സഹനയാത്ര അനുഭവവേദ്യമാകുന്നില്ല.

തനിക്ക് എന്തോ സംഭവിക്കുന്നു എന്ന് ബനീഞ്ഞാമ്മയ്ക്ക് മനസ്സിലാകുന്നു. ദൂരെ, അങ്ങു ദൂരെ, കാലത്തിന്റെ അതിരുകളിലെവിടെയോ നിന്നൊരു ചിറകടി കേള്‍ക്കാവുന്നു. അത് മരണദൂതന്റെ ചിറകൊലികളോ...?

ഏതോ താഴ്‌വരയിലെ ഇലഞ്ഞിമരക്കൊമ്പിലിരുന്ന് ഒരു രാക്കിളി പാടുന്നുണ്ട്. അതൊരു വിലാഗീതം പോലെ... മനസ്സോര്‍ക്കുമ്പോള്‍ ബനീഞ്ഞാമ്മ കല്‍പന കൊണ്ടു.

അതൊരു കവിതയാണ്. താനെഴുതിയ കവിത. 'കുരിശിനോട്'. രാക്കുയില്‍ പാടുന്നത് ബനീഞ്ഞാമ്മയ്ക്ക് വ്യക്തമായി കേള്‍ക്കാം.

''മരണം വരണം മടിച്ചിടേണ്ടെന്‍

മരണം നിന്‍ മടിയില്‍ കിടന്ന് വേണം'...

പുറത്ത് മഴയിരമ്പം. വീണ്ടും മഴ. കാറ്റുലയുന്നു. ജാലകത്തിലൂടെ മഴക്കുളിര് അരിച്ചെത്തുന്നു.

മഴത്തണുപ്പ് നുണഞ്ഞ് ബനീഞ്ഞാമ്മ കിടന്നു. കിടക്കാന്‍ സിസ്റ്റര്‍ ഗെരോത്തി സഹായിച്ചു. ബനീഞ്ഞാമ്മ അത്താഴം തൊട്ടില്ല. ഒരു ഗ്‌ളാസ് വെള്ളം പോലും.

സിസ്റ്റര്‍ ഗെരോത്തി ബനീഞ്ഞാമ്മയുടെ കാലുകള്‍ അമര്‍ത്തിക്കൊടുത്തു. ബനീഞ്ഞാമ്മ സാവധാനം ഇമകള്‍ ചാരി.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org