സൈബർവലയും കുട്ടിയിരകളും – 6

സൈബർവലയും കുട്ടിയിരകളും – 6
Published on

മാത്യൂസ് ആര്‍പ്പൂക്കര

നവീന്‍ പള്ളിയിലെത്തിയപ്പോള്‍ കുര്‍ബാന തുടങ്ങിയിരുന്നു. അവന്‍ മോണ്ടളത്തിന്‍റെ കോണില്‍ പറ്റിക്കൂടി. ദിവ്യബലിയില്‍ സജീവമായി പങ്കെടുക്കാത്തതില്‍ ജാള്യത തോന്നിയില്ല. സകലത്തിന്‍റെയും നാഥനെ വാഴ്ത്തിപ്പാടാന്‍ ആത്മ നിറവോടും നല്ല മനസ്സോടുംകൂടി സ്തോത്രഗീതങ്ങള്‍ ആലപിക്കാന്‍ അവനായില്ല. മുമ്പൊക്കെ അവനങ്ങനെയായിരുന്നു. ഇന്നിപ്പോള്‍ ആ പതിവിനെ അലസത പിടികൂടിയിരിക്കുന്നു…! അതിലവനു കുണ്ഠിതം തോന്നിയില്ല.

തന്‍റെ നിസ്സംഗതയെപ്പറ്റി നവീന് ആശങ്ക ഇല്ലാതില്ല. ആ ഭയമാണല്ലോ അവനെ പള്ളിയിലെത്തിച്ചത്. അച്ചന്മാരോ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ വര്‍ഗീസ് സാറോ അദ്ധ്യാപകരോ ആരെങ്കിലും കണ്ടുപിടിച്ചാല്‍ ഈ നിസ്സംഗതയെ ചോദ്യം ചെയ്യാതിരിക്കില്ല.

ദിവ്യബലിസമയത്തും സണ്‍ഡേ സ്കൂളിലും മൊബൈല്‍ ഫോണ്‍ കുട്ടികള്‍ കൊണ്ടുവരാന്‍ പാടില്ലെന്ന കര്‍ശനമായ നിബന്ധനയും സൗകര്യപൂര്‍വം നവീന്‍ മറന്നു. മാത്രമല്ല മൊബൈല്‍ ഫോണ്‍ സൈലന്‍ഡ് മോഡില്‍ ഇടാഞ്ഞതിനാല്‍ അത് ഒരു വട്ടം റിങ്ങ് ചെയ്തു. ദിവ്യപൂജയ്ക്കിടയില്‍ അവനതു പെട്ടെന്നു സ്വി ച്ചോഫ് ചെയ്തു. ആ ഡിസ്റ്റര്‍ബന്‍സ് അവന്‍ കാര്യമാക്കിയില്ല.

കുര്‍ബാന കഴിയുന്നതേയുള്ളൂ. സമാപനപ്രാര്‍ത്ഥനകള്‍ തുടരുന്നു. അതിനിടയില്‍ നവീന്‍ മോണ്ടളത്തില്‍ നിന്ന് പുറത്തിറങ്ങി. പുതിയ കൊടിമരച്ചോട്ടിലേക്കു മാറി. സ്വര്‍ണത്തിളക്കത്തില്‍ ഉയര്‍ന്നുനില്ക്കുന്ന കൊടിമരം! വാര്‍ത്തെടുത്ത കോണ്‍ക്രീറ്റ് തൂണില്‍ നീളന്‍ പിത്തള പറകളിറക്കിയുണ്ടാക്കിയ കൊടിമരം.

ഇടവകയിലെ കുടുംബാംഗങ്ങള്‍ ഷെയറിട്ടുണ്ടാക്കിയതാണ്. ആ ഷെയര്‍ കൊടുക്കുന്നതിനെപ്പറ്റി പപ്പ പറഞ്ഞുവച്ചു, മമ്മയ്ക്ക് ആ രീതി ഇഷ്ടപ്പെട്ടില്ല. അതുമിതും പറഞ്ഞു രണ്ടുപേരും തമ്മില്‍ ഇടഞ്ഞു. പപ്പ ഇറങ്ങിപ്പോയി മദ്യപിച്ചിട്ടു വന്നു. വീണ്ടും ശണ്ഠ. ഡേവീസ് പപ്പ ആ രാത്രിയില്‍ വീട്ടില്‍ കിടന്നില്ല. ചിറ്റപ്പന്‍റെ വീട്ടിലായിരുന്നു.

പിറ്റേ ഞായറാഴ്ച കൊടിമരഷെയര്‍ പള്ളി ഓഫീസില്‍ നല്‍കാന്‍ നവീന്‍റെ കൈവശം ഏലീശ്വ രൂപ കൊടുത്തുവിടുകയായിരുന്നു; അവനോര്‍ത്തു.

കഥയില്ലാത്ത കാര്യങ്ങള്‍…! അന്തസ്സാരശൂന്യമാകുന്ന ശണ്ഠ. മമ്മയ്ക്കു പപ്പയെ കണ്ടുകൂടെന്നായി. വാസ്തവത്തില്‍ പപ്പ ഇത്രയും പാവമാകരുതായിരുന്നുവെന്ന് അവനു തോന്നിയിട്ടുണ്ട്. അധികനാള്‍ കഴിഞ്ഞില്ല. സ്വൈര്യം കിട്ടാഞ്ഞ് പപ്പ ചിറ്റപ്പന്‍റെ വീട്ടിലേക്കു താമസം മാറ്റി. എല്ലാം തന്‍റെ പണംകൊണ്ടു നേടിയതാണെന്ന മമ്മിയുടെ അധികാരപ്രമത്തത…!

ശ്യാമിന്‍റേതായിരുന്നു മിസ്ഡ് കോള്‍. നവീന്‍ തിരിച്ചുവിളിച്ചു; ശ്യാമിനെ ലൈനില്‍ കിട്ടി.

"എടാ നവീന്‍, നീ എവിടാ…? വരുന്നോ വീട്ടിലേക്ക?"

"ശ്യാം, പുതിയത്, ലേറ്റസ്റ്റ് വല്ലതും…?" – നവീന്‍ ചോദിച്ചു.

"എടാ, പോക്മാന്‍റെ ലേറ്റസ്റ്റ് ഗെയിം ഞാന്‍ ഡൗണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ട്… പിന്നെ അണ്ടര്‍വേള്‍ഡ് ഗോസ്റ്റിന്‍റെ ഒരു എ പ്പിസോഡ്… മറ്റൊന്നു ബെല്‍സ് ഓഫ് ദി ഹെല്‍…!" – ശ്യാം വിസ്തരിച്ചു.

"അയ്യോ! ശ്യാം, എനിക്കതൊക്കെ വേണം. പോക്മാന്‍റെ ലേറ്റസ്റ്റ് എപ്പിസോഡ് എനിക്കിപ്പം കിട്ടിയേ പറ്റൂ… ഞാന്‍ പള്ളീലുണ്ട്… ഹോളിക്രോസ് ജംഗ്ഷനിലേക്കു നടക്കുകയാ… ഉടനെ എത്താം…" – നവീന്‍ ഉറപ്പിച്ചു പറഞ്ഞു.

നവീനു നഷ്ടപ്പെട്ട ഉണര്‍വ് തിരിച്ചുകിട്ടിയ മാതിരി! അവന്‍ ഓട്ടോയില്‍ ശ്യാമിന്‍റെ വീട്ടുപടിക്കലെത്തി. ഈയിടെയായി അവന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ശ്യാമായി മാറിയിരിക്കുന്നു! എന്തെന്നോ… ശ്യാമാണ് അവനു ഗെയിമുകളും സിനിമകളുമൊക്കെ കൊടുത്തു കാണാന്‍ സഹായിക്കുന്നത്.

ശ്യാമിന്‍റെ മുറിയിലേക്കു പ്രവേശിച്ച നവീന്‍ വിസ്മയത്തിന്‍റെ ആഘോഷത്തിലായിരുന്നു. വീഡിയോ ഗെയിമുകളുടെയും മൂവികളുടെയും എന്തു ശേഖരം…! അവന്‍റെ മുറിയുടെ ചുവരുകളില്‍ ഗെയിമുകളിലെയും മൂവികളിലെയും ഇഷ്ടകഥാപാത്രങ്ങളുടെ ചിത്രങ്ങള്‍…! തന്‍റെ മുറിയിലും ഇതേമാതിരി ഒരുക്കിയെടുക്കന്‍ വാസ്തവത്തില്‍ നവീന്‍ ആഗ്രഹിച്ചുപോയി. ഗെയിമുകളും മൂവിയുമൊക്കെ വില്ക്കുന്ന വീഡിയോഷോപ്പിന്‍റെമാതിരിയുണ്ട്.

ശ്യാം അവനെ പോക്മോന്‍റെയും മറ്റും വീഡിയോ ഗെയിമുകളിലെ ചില സീനുകള്‍ ഓടിച്ചൊന്നു കാണിച്ചു.

അതിനിടയില്‍ നവീനു മമ്മയുടെ ഫോണ്‍കോള്‍ വന്നു.

"നീ എവിടാ…?"

"ശ്യാമിന്‍റെ വീട്ടിലാ…"

"പള്ളിയില്‍ പോയ നീ പറഞ്ഞിട്ടു വേണ്ടേ എങ്ങോട്ടെങ്കിലും പോകാന്‍? നീ എങ്ങനെ വരും? നേരം ഇരുട്ടിയില്ലേ…?"

"ഞാന്‍ ഓട്ടോയില്‍ വന്നോളാം…" – നവീന്‍ ഉറപ്പിച്ചു പറഞ്ഞു.

"ഞാന്‍ ഓട്ടോയില്‍ വന്നു നിന്നെ പിക്കപ്പ് ചെയ്യാം. നീ ശ്യാമിന്‍റെ വീട്ടില്‍ നിന്നാല്‍ മതി" – ഏലീശ്വ സ്വരമുയര്‍ത്തി നിര്‍ദ്ദേശം കൊടുത്തിട്ടു വേഗം ഒരുങ്ങിയിറങ്ങി. ഓട്ടോപിടിച്ചു ശ്യാമിന്‍റെ വീട്ടുപടിക്കലെത്തി. അവിടെ ഇല കൊഴിച്ചുനില്ക്കുന്ന ആത്തമരച്ചില്ലയിലിരുന്ന നീലക്കുയില്‍ ഓട്ടോയുടെ ശബ്ദം കേട്ടപ്പോഴേ പറന്നു.

ശ്യാമിന്‍റെ വീട്ടില്‍നിന്ന് ഏലീശ്വ നവീനെ കൂട്ടിയിറങ്ങി.

"ഏലീശ്വാമ്മേ, ശ്യാമിനേക്കാള്‍ നവീനിപ്പോള്‍ വീഡിയോ ഗെയിമില്‍ വല്ലാതെ ക്രെയ്സായിരിക്കുന്നു…!" – സിറ്റൗട്ടില്‍ നിന്ന ശ്യാമിന്‍റെ അമ്മ പാര്‍വതി പറഞ്ഞു ചിരിച്ചു.

ഏലീശ്വായും മറുപടിക്കു ചിരിച്ചു. വിളറിയ ചിരി. ആ പറഞ്ഞതങ്ങോട്ട് അംഗീകരിക്കാന്‍ ബുദ്ധിമുട്ടിക്കൊണ്ട്.

മടക്കയാത്രയില്‍ നവീനു പറയാന്‍ ധാരാളം. വിഷയം മറ്റൊന്നല്ല. ശ്യാമിന്‍റെ മുറിയില്‍ കണ്ട വീഡിയോ ഗെയിമുകളുടെയും മൂവികളുടെയും അത്ഭുത കളക്ഷന്‍! ഏലീശ്വ നിശ്ശബ്ദം കേട്ടുകൊണ്ടിരുന്നതേയുള്ളൂ.

വീഡിയോ ഗെയിമുകളെപ്പറ്റി സംസാരിക്കുമ്പോള്‍ നവീന് എന്ത് ഉത്സാഹം…! എന്ത് ഉന്മേഷം…! അസാധാരണമായൊരു ഉന്മാദഭാവം…! അവള്‍ മകനെ ആശങ്കയോടെ ഒന്നു നോക്കി. അവളുടെ നെറ്റി ചുളിഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org