സൈബർവലയും കുട്ടിയിരകളും – 25

സൈബർവലയും കുട്ടിയിരകളും – 25


മാത്യൂസ് ആര്‍പ്പൂക്കര

ഡേവീസും ഏലീശ്വായും ഗീവര്‍ഗീസച്ചന്‍റെ സ്നേഹനിര്‍ഭരായ നിര്‍ദ്ദേശങ്ങളിലൂടെ പിണക്കമെല്ലാം തീര്‍ന്ന് ഒന്നിച്ചു. അവര്‍ ഊഷ്മളമായ സ്നേഹബന്ധത്തിലായി. അപ്പോഴാണ് അച്ചന്‍റെ അടുത്ത നിര്‍ദ്ദേശം!

രണ്ടു പേരുടെയും മനസ്സില്‍ തീയാണ്.

നവീന്‍ മോനെവിടെ…? അതേപ്പറ്റി അച്ചന്‍ ഒന്നും മിണ്ടുന്നില്ല.

"നിങ്ങള്‍ രണ്ടുപേരും ഏലീശ്വായുടെ മാതാപിതാക്കളുടെ വീട്ടില്‍ പോയി അവരുമായുള്ള പിണക്കമൊക്കെ മറന്നു നല്ല മനസ്സോടെ രമ്യപ്പെടണം…" ഗീവര്‍ഗീസച്ചന്‍റെ അടുത്ത നിര്‍ദ്ദേശം വന്നു. വിമ്മിഷ്ടത്തോടെയാണെങ്കിലും അവര്‍ അത് അക്ഷരംപ്രതി അനുസരിക്കാന്‍ തയ്യാറായി.

"അച്ചാ, എന്നാലും ഞങ്ങടെ നവീന്‍മോന്‍…!? അവന്‍…!? ഏലീശ്വാ വിതുമ്പി. അവള്‍ കീഴ്ച്ചുണ്ട് കടിച്ചു കണ്ണീരൊഴുക്കി.

"നവീന്‍മോനെ തിരിച്ചു കിട്ടും… അവനുവേണ്ടി നിങ്ങള്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക… അവനെ ഉടനെ തിരിച്ചുകിട്ടാന്‍ കര്‍ത്താവിനോട് അക്ഷേിക്കുക… ഞാനും അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്…"

ഒരു നിമിഷം നിര്‍ത്തിയിട്ട് ഗീവര്‍ഗീസച്ചന്‍ തുടര്‍ന്നു: "നവീനുവേണ്ടി പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രത്യേകിച്ച്, ശ്യാമിനെ കണ്ടെത്തിയ അതേ സാഹചര്യത്തിലൂടെ അവനും പോയി കാണണം. മാധ്യമങ്ങളൊക്കെ അവനെ തേടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സൈബര്‍ സെല്ലുകാരും ആക്ടീവാണ്… ഓണ്‍ലൈന്‍ ഡെത്ത് ഗെയിമിന്‍റെ പിറകേ നവീനും പോയിട്ടുണ്ടെന്നു ബലമായി സംശയിക്കണം. ഒരാപത്തും കൂടാതെ അവനെ തിരികെ കിട്ടാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക."

ഡേവീസും ഏലീശ്വായും ക ണ്ണീരോടെ നിന്നു.

അപ്പോഴേക്കും ഡേവീസിന്‍റെ മൊബൈല്‍ഫോണില്‍ നിന്നും ക്രിസ്ത്യന്‍ ഗാനമുതിര്‍ന്നു: "ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരി നൊമ്പരം തന്നീടുമ്പോള്‍…" ഫോണ്‍കോള്‍ സശ്രദ്ധം ശ്രവിച്ചിട്ട് അവന്‍ അച്ചനെ അറിയിച്ചു. "ഗീവര്‍ഗീസച്ചന്‍ പറഞ്ഞപോലെ തന്നെ നവീന്‍മോനെ കണ്ടെത്തി. ഇപ്പോള്‍ ഇടവകവികാരി തോമസച്ചനാ വിളിച്ചത്… ഏലീശ്വായുടെ അന്ത്രോ അപ്പനാണ് മോനെ കടലില്‍നിന്നും രക്ഷിച്ചത്. ഇപ്പോള്‍ ഫാത്തിമമാതാ ഹോസ്പിറ്റലിലെ ഐസിയുവിലാ… വേഗം അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു…"

ഗീവര്‍ഗീസച്ചന്‍റെ പ്രാര്‍ത്ഥനയോടും അനുഗ്രഹത്തോടും കൂടി ഡേവീസും ഏലീശ്വായും വേഗം കാറില്‍ യാത്രയായി. യാത്രയിലുടനീളം ഏലീശ്വാ മോനെ വിളിച്ചു മോങ്ങിക്കൊണ്ടിരുന്നു.

"ഡേവീസ്… എന്‍റെ നവീന്‍ മോനെന്തു പറ്റി…?"

"നവീന്‍ അപകടസന്ധി തരണം ചെയ്തിട്ടില്ല. നേരത്തോടു നേരം കഴിയണം… അവന്‍ കണ്ടമാനം ഉപ്പുവെള്ളം കുടിച്ചിട്ടുണ്ട്." ഫാത്തിമമാതാ ഹോസ്പിറ്റലിലെ സിസ്റ്റര്‍ അറിയിച്ചു. ആരെയും ഐസിയുവില്‍ പ്രവേശിപ്പിക്കില്ല. എന്നാലും സിസ്റ്റര്‍ മാതാപിതാക്കളെ ജാലകത്തിലൂടെ അവനെ കാണിച്ചു.

ഏലീശ്വായുടെ അപ്പനും അമ്മയും ഐസിയുവിന്‍റെ മുന്നിലെ വരാന്തയില്‍ ചാരുബെഞ്ചിലിരിപ്പുണ്ടായിരുന്നു. നവീന്‍ കൈകള്‍ പ്ലാസ്റ്റിക് കയര്‍കൊണ്ടു കൂട്ടിക്കെട്ടി ആഴക്കടലില്‍ ചാടുകയായിരുന്നുവെന്ന് അന്ത്രോഅപ്പന്‍ മക്കളെ അറിയിച്ചു. ഓണ്‍ലൈന്‍ ഡെത്ത് ഗെയിം ഓപ്പറേറ്ററുടെ അമ്പതാമത്തെ ഓര്‍ഡര്‍ അഥവാ ലാസ്റ്റ് ഓര്‍ഡറായിരുന്നു അതെന്ന് അന്ത്രോഅപ്പന്‍ അറിഞ്ഞില്ല. അവിടെ ചൂണ്ടയിടുകയായിരുന്ന അന്ത്രോ തത്ക്ഷണം കടലില്‍ ചാടി സാഹസികമായി നവീനെ രക്ഷിക്കുകയായിരുന്നു.

പേരക്കുട്ടി നവീനെ കാണാതായ വിവരം തോമസച്ചന്‍ പറഞ്ഞാണ് അന്ത്രോ അറിഞ്ഞത്. അന്നു മുതല്‍ മുത്തപ്പനും മുത്തമ്മയും പേരക്കട്ടിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ഏലീശ്വായുമായി പിണക്കത്തിലായതിനാല്‍ അങ്ങോട്ട് പോയില്ല. പേരക്കുട്ടിയെ ദൈവനിയോഗംപോലെ രക്ഷപ്പെടുത്തിയ സംഭവം അന്ത്രോ തന്നെ തോമസച്ചനെ വിളിച്ചറിയിക്കുകയായിരുന്നു.

അടുത്ത ദിവസം നവീന്‍റെ ആരോഗ്യനിലയില്‍ വളരെ മാറ്റം വന്നു. അവനു സുബോധം വീണ്ടുകിട്ടി. എഴുന്നേറ്റിരുന്നു സംസാരിക്കാമെന്നായി. പരസ്പരബന്ധമില്ലാത്ത സംസാരം! അവന്‍റെ മാനസികനില ആശാവഹമല്ല.

ഓണ്‍ലൈന്‍ ഡെത്ത് ഗെയിം ഇരകളുടെ കഥ മാധ്യമങ്ങള്‍ ഭേഷായി റിപ്പോര്‍ട്ട് ചെയ്തു. ശ്യാമിന്‍റെയും നവീന്‍റെയും കഥ…! ജീവിതം മറന്ന്, പഠനവും ലക്ഷ്യവും ഉത്തരവാദിത്വങ്ങളും അവഗണിച്ച് ഓണ്‍ലൈന്‍ ഗെയിമുകളുടെ പിറകേ അന്ധമായി പോയി ഓണ്‍ ലൈന്‍ ഡെത്ത് ഗെയിം കശാപ്പുകാരുടെ ഇരകളായിത്തീര്‍ന്ന ശ്യാമിന്‍റെയും നവീന്‍റെയും കഥ…! നവീന്‍റെ ദാരുണമായ കുട്ടിക്കഥ…!

"എന്‍റെ ഫെയ്സ് ബുക്ക് ആരോ ഹാക് ചെയ്തു…! ഹാക് ചെയ്തു..!!" – നവീന്‍ വിളിച്ചുകൂവി.

രണ്ടു ദിവസം കൂടി കടന്നുപോയി.

ഹോസ്പിറ്റലില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് വീട്ടിലേത്തിയെ നവീനെ കാണാന്‍ മാധ്യമപ്രവര്‍ത്തകരെത്തി. സൈബര്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കമ്പ്യൂട്ടര്‍ പരിശോധിച്ചു. ലാപ്ടോപ്പും ഐഫോണുമൊക്കെ പരിശോധിച്ചു. ഫെയ്സ്ബുക്ക് പാസ്വേര്‍ഡ് റിക്കവര്‍ ചെയ്യാനുള്ള ശ്രമവും നടന്നു.

സൈക്യാട്രിസ്റ്റിന്‍റേതുള്‍പ്പെടെ ചികിത്സകള്‍ക്കു നവീന്‍ വിധേയനായി. വീട്ടിലെ വിശ്രമത്തിനിടയില്‍ അവന്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. മമ്മയും പപ്പയും നല്ല സ്നേഹത്തിലാണല്ലോ…! അത് അവനെ അതിശയിപ്പിച്ചു; സന്തോഷിപ്പിച്ചു.

അവനെ കടല്‍ത്തിരകളില്‍നിന്നു രക്ഷപ്പെടുത്തിയ അന്ത്രോ മുത്തപ്പനും മുത്തമ്മയും വീട്ടിലുണ്ട്. കടപ്പുറത്തെ അവരുടെ കൊച്ചുവീട്ടിലേക്കു പോകുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ മമ്മയും പപ്പയും സമ്മതിക്കുന്ന ലക്ഷണമില്ല. അവര്‍ക്കു മുത്തപ്പനോടും മുത്തമ്മയോടും എന്തൊരു സ്നേഹം! മമ്മയ്ക്കും പപ്പയ്ക്കും ഇതെന്തു പറ്റി…? എങ്ങനെ മാറി…? ഇത്ര സ്നേഹം കാണിക്കാന്‍…!?

ഇനി കുടുംബ നവീകരണധ്യാനവും കൗണ്‍സലിങ്ങും…. നവീനും മമ്മയ്ക്കും പപ്പയ്ക്കും. പ്രീസ്റ്റ് ഹോമിലെ ഗീവര്‍ഗീസച്ചനാണ് അതിനു വേണ്ടുന്ന ക്രമീകരണങ്ങള്‍ ചെയ്തു കൊടുത്തത്…

ധ്യാനത്തിന്‍റെ പുണ്യദിനങ്ങള്‍… കൗണ്‍സലിങ്ങിന്‍റെ വിചിന്തനനാഴികകള്‍…!

കൗണ്‍സലിങ്ങിനു വിധേയനാകുന്ന ആള്‍ക്കു സ്വന്തം പ്രശ്നങ്ങള്‍ ഭാവിയിലും താനേ കൈകാര്യം ചെയ്യാനുള്ള മനഃശക്തി, ഉള്‍ക്കാഴ്ച, കഴിവ് എന്നിവ സ്വരൂപിക്കാന്‍ കൗണ്‍സില്‍ പരിശ്രമിക്കുകയാണ്.

കൗണ്‍സലിങ്ങ് കഴിഞ്ഞതോടെ ഡേവീസിന്‍റെ ശിഥിലമായിപ്പോയ കുടുംബം ഇതാ പുതിയൊരു പരിവേഷം ചൂടുന്നു…! ഓണ്‍ ലൈന്‍ ഡെത്ത് ഗെയിം ഓപ്പറേറ്റര്‍ വേട്ടയാടിയ കുട്ടിയിര നവീന്‍…! മരണവുമായി മല്ലിട്ടു ദൈവാധീനംകൊണ്ടു രക്ഷപ്പെട്ട നവീന്‍…!

ആ പതിമൂന്നുകാരന്‍ ഇന്നിപ്പോള്‍ പുത്തന്‍ ജീവിതപന്ഥാവിലാണ്. ലക്ഷ്യം തെറ്റിയ ഒരു കുട്ടിയുടെ പുനര്‍ജന്മം…! അവന്‍ കഴിഞ്ഞതൊക്കെ മറന്നു പഠിക്കാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ ഉണരാന്‍ തീരുമാനിച്ചു. ഉയരാന്‍ തീരുമാനിച്ചു.

ഉയരേ ഉയരേ പ്രതീക്ഷകളുമായി…!

(അവസാനിച്ചു).

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org