
കഥ ഇതുവരെ ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി ചുമതലയേറ്റ അനുപമയെ സ്‌കൂളിലെ ഏറ്റവും അപകടകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥി അലനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അസ്വസ്ഥ യാക്കുന്നു. കേട്ടറിവുകള്‍ ശരിവയ്ക്കുന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് അലന്റെ ക്ലാസ് അവളെ സ്വീകരിച്ചത്. അതിന്റെ നടുക്കം ആസ്തമാരോഗിയായ അനുപമയെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനി ച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലിന്റെയും അനുപമ യുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലിന്റെയും നിര്‍ദേശാ നുസരണം അവള്‍ ജോലി തുടരുന്നു. അലനും കൂട്ടുകാരും തമ്മിലുള്ള പലപല സംഭവങ്ങളിലൂടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന കൂട്ടുകാരിക്കൊപ്പമാണ് അവള്‍ താമസിക്കുന്നത്. അധ്യാപകനായ നിഖില്‍ അനുപമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറയുന്നു. നിഖില്‍ ഇക്കാര്യം പ്രിയംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനുപമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതുന്നത്. പക്ഷേ സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞു തുടങ്ങുന്നു. സെന്റ് മേരീസ് ഓര്‍ഫനേജിലെ വാര്‍ഷികാഘോഷങ്ങളില്‍ നിന്നാണ് ഈ ഭൂതകാലവിവരണം ആരംഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് വിശിഷ്ടവ്യക്തികളിലൊരാളും അനാഥാലയത്തിലെ കുട്ടികളുടെ സ്‌പോണ്‍സറും വിഭാര്യനുമായ മാനുവല്‍. അയാളുടെ അഞ്ചുവയസ്സുകാരനായ മകനാണ് അച്ചൂട്ടന്‍. വിവിധ സന്ദര്‍ഭ ങ്ങളിലൂടെ അച്ചൂട്ടനുമായി അനുപമ അടുപ്പത്തിലാകുന്നു. തന്റെ മരിച്ചുപോയ അമ്മയുടെ ഛായയാണ് അനുപമയ് ക്കെന്ന് അച്ചൂട്ടന്‍ കണ്ടെത്തുന്നു. അവളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അവനാഗ്രഹിക്കുന്നു. അച്ചൂട്ടന് അനുപമയുമായുള്ള അടുപ്പം മാനുവലിനെ അസ്വസ്ഥനാക്കുന്നു. ഇക്കാര്യം തന്റെ സുഹൃത്ത് ഫാ. എബിയോട് മാനു വല്‍ പങ്കുവയ്ക്കുന്നു. പക്ഷേ, എബിയച്ചന്‍ അത്തരമൊരു ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
അമ്മയില്ലാത്ത കുട്ടിയാ. ആ കുറവ് പരിഹരിക്കാന്‍ കൂടുതല്‍ കൊഞ്ചിച്ചതിന്റെ പല ദോഷങ്ങളും അവനുണ്ട്. ആ ദോഷങ്ങളൊക്കെ മനസ്സിലാക്കിക്കൊണ്ട് നിനക്ക് അവന്റെ അമ്മയാകാന്‍ കഴിയുമോ.
(ഇനി തുടര്‍ന്നുവായിക്കുക...)
''നല്ല ചായയാണ് കേട്ടോ.'' ചായക്കപ്പ് തിരികെ കൊടുക്കുമ്പോള്‍ ഫാ. എബി അനുപമയെ നോക്കി പറഞ്ഞു.
''താങ്ക്‌യൂ ഫാദര്‍.'' അനുപമ ഹൃദയപൂര്‍വം ചിരിച്ചു.
''അവള്‍ എല്ലാറ്റിലും മിടുക്കിയാ. നന്നായി പഠിക്കും, പാട്ട് പാടും, എഴുതും, അഭിനയിക്കും...'' ഫാ. ഇമ്മാനുവല്‍ അറിയിച്ചു.
ഫാ. ഇമ്മാനുവലിന്റെ ഓഫീസ് മുറിയില്‍ വച്ചായിരുന്നു അവരുടെ കണ്ടുമുട്ടല്‍. മാനുവല്‍ അനുപമയെക്കുറിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ അവളെ നേരില്‍ കാണുക എന്ന ഉദ്ദേശ്യത്തോടെ ഓര്‍ഫനേജില്‍ എത്തിയതായിരുന്നു എബിയച്ചന്‍.
എബിയച്ചന്റെ കണ്ണുകള്‍ അനുപമയുടെ മുഖത്ത് തന്നെയായിരുന്നു. അച്ചൂട്ടന്‍ പറഞ്ഞതുപോലെ സോണിയയുമായി എന്തെങ്കിലും സാമ്യമുണ്ടോ അനുപമയ്ക്ക്? അതായിരുന്നു അച്ചന്‍ അന്വേഷിച്ചുകൊണ്ടിരുന്നത്.
അങ്ങനെയൊരു ചിന്ത മനസ്സിലിട്ട് നോക്കുമ്പോള്‍ സോണിയയും അനുപമയും തമ്മില്‍ എവിടെയൊക്കെയോ ഒരു സാമ്യമുണ്ടെന്ന് അച്ചന്‍ കണ്ടെത്തി.
''എന്നാ നീ പൊയ്‌ക്കോ.'' എമ്മാനുവേലച്ചന്‍ പറഞ്ഞു.
യാത്ര ചോദിക്കും മട്ടില്‍ ഫാ. എബിയെ നോക്കിക്കൊണ്ട് അനുപമ അവിടം വിട്ടുപോയി.
''അവള്‍ പ്ലസ് ടു കഴിഞ്ഞിട്ട് രണ്ടു മൂന്നു വര്‍ഷമായി. ഹയര്‍ സ്റ്റഡീസ് എന്തെങ്കിലും നോക്കണം, അടുത്തവര്‍ഷമെങ്കിലും. അവളെ പോലെ ഇത്രയും ബ്രൈറ്റായ ഒരാള്‍ ഈ ഓര്‍ഫനേജിന്റെ ചരിത്രത്തില്‍ തന്നെ കുറവാ. അങ്ങനെയൊരാളെ ഇവിടെ തളച്ചിടുന്നത് അവളോട് ചെയ്യുന്ന ക്രൂരതയാ. പക്ഷേ എന്നാ ചെയ്യാനാ. ഇപ്പോ സ്‌പോണ്‍സേഴ്‌സിനെ കിട്ടുന്നത് കുറവാ. സര്‍ക്കാരിനാണെങ്കില്‍ ഇത്തരം സ്ഥാപനങ്ങളോടും അന്തേവാസികളോടും ഒരുതരം ചിറ്റമ്മ നയവും....''
എമ്മാനുവലച്ചന്‍ നെടുവീര്‍പ്പിട്ടു.
''അല്ല, എബിയച്ചന്‍ പറഞ്ഞു വന്നത് എന്തായിരുന്നു. അച്ചൂട്ടന് അനുപമയോട്.''
സംസാരിച്ചുവന്ന കാര്യങ്ങളിലേക്ക് തന്നെ മടങ്ങിക്കൊണ്ട് അച്ചന്‍ ചോദിച്ചു.
''അതെ. അപ്പോഴാണല്ലോ ചായയുമായി അനുപമ തന്നെ വന്നത്. ഞാന്‍ പറഞ്ഞുവന്നത് മറ്റൊന്നുമല്ലച്ചോ അച്ചുവിന് അനുപമയോട് വല്ലാത്തൊരു അറ്റാച്ച്‌മെന്റ്. ഈ അറ്റാച്ച്‌മെന്റിനെ എങ്ങനെ കൈകാര്യംചെയ്യണമെന്നാ ഞാനാലോചിക്കുന്നത്.''
''എന്നുവച്ചാല്‍.'' എമ്മാനുവേലച്ചന് കാര്യം മനസ്സിലായില്ല.
''മാനുവലിന് ഒരു കൂട്ടായി കിട്ടത്തക്കരീതിയില്‍ ഈ ബന്ധത്തെ പ്രയോജനപ്പെടുത്താന്‍ എന്തെങ്കിലും സാധ്യതകള്‍. അച്ചനെന്തു തോന്നുന്നു. അക്കാര്യം സംസാരിക്കാനാ ഞാന്‍ വന്നത്.''
''മാനുവലിന് കൂട്ട്...''
എമ്മാനുവേലച്ചന്റെ നെറ്റി ചുളിഞ്ഞു.
''അതെ വിവാഹം.'' എബിയച്ചന്‍ വ്യക്തമാക്കി.
''അനുപമ?'' എമ്മാനുവേലച്ചന് സംശയം തീര്‍ന്നിരുന്നില്ല.
അതെയെന്ന് എബിയച്ചന്‍ തലകുലുക്കി.
അച്ചന്‍ കൈത്തലങ്ങള്‍ കൂട്ടിത്തിരുമ്മി. അച്ചന്റെ പ്രതികരണത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു എബിയച്ചന്‍.
''അവള്‍ കൊച്ചല്ലേ. കല്യാണം കഴിപ്പിച്ചുവിടാറായോ...?''
''അങ്ങനെ ചോദിച്ചാല്‍ ശരിയാണ്. അനുപമയ്ക്ക് പ്രായംകുറവാണ്. മാനുവലുമായി പത്തുപതിനേഴ് വയസ്സ് വ്യത്യാസവുമുണ്ടാവും. പക്ഷേ മറ്റ് ചില രീതിയില്‍ ആലോചിച്ചാല്‍ ഈ ബന്ധം എല്ലാവര്‍ക്കും ഗുണകരമാവും. അനുപമയ്ക്ക്, അച്ചൂട്ടന്, മാനുവലിന്.''
''അയാള് ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞോ.'' എമ്മാനുവേലച്ചന്‍ സംശയിച്ചു.
''ഇല്ല, പക്ഷേ ഞാന്‍ മനസ്സിലാക്കിയിടത്തോളം നമ്മള്‍ ഒരുമിച്ചുപറഞ്ഞാല്‍ അവന്‍ സമ്മതിക്കും. അതും അച്ചൂട്ടന് താല്പര്യമുള്ള ഒരാളാകുമ്പോള്‍. അത്യാവശ്യം വികൃതിയും കുസൃതിയുമുള്ള ആളാ അച്ചൂട്ടന്‍. അങ്ങനെ ആരോടും അടുപ്പത്തിലാകുന്ന ടൈപ്പുമല്ല. പക്ഷേ അങ്ങനെയുള്ള അവന്‍ അനുപമയുമായി പെട്ടെന്ന് അടുത്തുവെന്ന് കേള്‍ക്കുമ്പോള്‍. അതിലെ ആകസ്മികതയാണ് എന്നെ ഇങ്ങനെയൊരു പ്ലാനിലെത്തിച്ചത്.''
''മാനുവലിനെ എനിക്കിഷ്ടമാണ്. അയാളോട് എനിക്ക് കടപ്പാടുമുണ്ട്. എന്നാല്‍ മകനു വേണ്ടി മാത്രമായിരിക്കരുത് അയാള്‍ രണ്ടാമതൊരു വിവാഹം കഴിക്കേണ്ടത്. അയാള്‍ക്കുവേണ്ടി കൂടിയാകണം. എങ്കിലേ അതിന്റെ നന്മ അനുപമയ്ക്കുമുണ്ടാകൂ. അവളെയെന്നല്ല എന്റെ മക്കളെയാരെയും ഞാന്‍ ഭാരമായി കാണുന്നില്ല. ഒഴിവാക്കി വിടുകയല്ല അവര്‍ക്കെല്ലാം ഒരു ജീവിതം ഉണ്ടാക്കിക്കൊടുക്കുകയാണ് എന്റെ ലക്ഷ്യം. എന്തായാലും ഞാനൊന്നാലോചിക്കട്ടെ. അനുവിനോട് സംസാരിക്കുകയും ചെയ്യാം. അച്ചനും പ്രാര്‍ത്ഥിക്ക്. എല്ലാവര്‍ക്കും നന്മയുണ്ടാകട്ടെ.''
എമ്മാനുവേലച്ചന്‍ പറഞ്ഞവസാനിപ്പിച്ചു. അച്ചനോട് യാത്ര പറഞ്ഞ് എബിയച്ചന്‍ എണീറ്റു.
* * * * * * * * *
''അനൂ നിന്നെ അച്ചന്‍ വിളിക്കുന്നുണ്ട്.''
അടുക്കളയില്‍ ത്രേസ്യാമ്മചേടത്തിയെ കറിക്കരിയുന്നതില്‍ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്ന അനുപമയോട് സിസ്റ്റര്‍ ഗൊരേത്തി പറഞ്ഞു.
''വേഗം ചെല്ല്. എന്തെങ്കിലും അത്യാവശ്യം കാണും.'' ത്രേസ്യാമ്മ ചേടത്തി അവളെ പോകാന്‍ അനുവദിച്ചു.
ചുരിദാറിന്റെ ടോപ്പില്‍ കൈ തുടച്ചുകൊണ്ട് അനുപമ അച്ചന്റെ ഓഫീസ് മുറിയിലേക്ക് ചെന്നു.
''അച്ചാ.''
അച്ചന്റെ മുമ്പില്‍ ചെന്നുനിന്ന് അവള്‍ വിളിച്ചു. ഏതൊക്കെയോ രജിസ്റ്റര്‍ പരിശോധിക്കുകയായിരുന്ന അച്ചന്‍ അത് മടക്കിവച്ചുകൊണ്ട് അവളുടെ നേരെ നോക്കി.
''ങ്. ഒരു നിമിഷം.''
അച്ചന്‍ രജിസ്റ്റര്‍ അലമാരയിലേക്ക് തിരികെ വച്ചുകൊണ്ട് കസേരയില്‍ നിന്നെണീറ്റു.
''വാ നമുക്കൊന്ന് നടക്കാം.''
''ഈ ഉച്ചയ്‌ക്കോ.'' അനുപമ അമ്പരന്നു.
''പുറത്തേക്കൊന്നും അല്ലെടീ. ഈ വരാന്തേലൂടെ.''
അച്ചന്‍ ചിരിച്ചു. അനുപമയും.
''എന്താ നിന്റെ ഫ്യൂച്ചര്‍ പ്ലാന്‍.''
എമ്മാനുവേലച്ചന്‍ അങ്ങനെയാണ് തുടങ്ങിയത്. പെട്ടെന്നുളള ആ ചോദ്യത്തിന് മുമ്പില്‍ അനുപമ പകച്ചു.
''എന്തു പ്ലാന്‍.'' അനുപമ കൈമലര്‍ത്തി.
''അച്ചന്‍ പറയുന്നതുപോലെ.''
ചില കാര്യങ്ങളില്‍ ചിലരുടെ അഭിപ്രായം കേള്‍ക്കുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും നല്ലതാണ്. പക്ഷേ നമ്മുടെ എല്ലാ കാര്യങ്ങളിലുമുള്ള ഉത്തരവാദിത്തം മറ്റൊരാളെ ഏല്പിക്കരുത്. സ്വന്തമായ തീരുമാനമെടുക്കുക എന്നാല്‍ സ്വന്തമായി റിസ്‌ക്ക് എടുക്കുക എന്നുകൂടിയാണ് അര്‍ത്ഥം.
''റിസ്‌ക്ക് എടുക്കാനുള്ള ധൈര്യമൊന്നും എനിക്കില്ലച്ചോ. ആത്മവിശ്വാസമാണെങ്കില്‍ തീരെയില്ല.''
അനുപമ ചിരിച്ചു.
''ഈ പ്രായം അതിനെല്ലാം കൂടിയുള്ളതാണ്. ആയിരിക്കണം.'' അച്ചന്‍ പറഞ്ഞു.
അച്ചന്‍ പറയുന്നതുപോലെ ഞാന്‍ അനുസരിച്ചോളാം അതെന്തായാലും.
''അത് നീ എന്റെ റിസ്‌ക്ക് വര്‍ധിപ്പിക്കുകയാണല്ലോ.'' അച്ചന്‍ ചിരിച്ചു.
''നീ സ്വന്തമായി ഒരു തീരുമാനം നിന്റെ ജീവിതത്തെക്കുറിച്ച് എടുക്കാന്‍ മടിക്കുകയാണെങ്കില്‍ നിന്റെ ജീവിതത്തെക്കുറിച്ച് എനിക്കൊരു തീരുമാനം എടുക്കേണ്ടിവരും.''
''എടുത്തോ. എനിക്ക് ഒരു പ്രശ്‌നവുമില്ല. എനിക്ക് നന്മയായിട്ടുള്ളതേ അച്ചന്‍ ചെയ്യൂ എന്നെനിക്കറിയാം.''
അച്ചന്‍ വീണ്ടും നിസ്സഹായനായി. താന്‍ എടുക്കുന്ന ഓരോ തീരുമാനവും എത്രത്തോളം കറയറ്റതായിരിക്കണമെന്ന കാര്യം അദ്ദേഹം ഒരിക്കല്‍കൂടി മനസ്സിലാക്കുകയായിരുന്നു.
''നിനക്കറിയാമല്ലോ മാനുവലിനെയും അയാളുടെ മകനെയും.''
''അച്ചൂട്ടന്‍.'' അനുപമയുടെ സ്വരത്തിലെ ഉത്സാഹം അച്ചന്‍ തിരിച്ചറിഞ്ഞു.
അന്നാമ്മോ ഐ ലവ് യൂ. അച്ചൂട്ടന്റെ ആ വാക്കാണ് അനുപമയുടെ കാതില്‍ പെട്ടെന്ന് വന്നലച്ചത്.
''അതെ. അമ്മയില്ലാത്ത കുട്ടിയാ. ആ കുറവ് പരിഹരിക്കാന്‍ കൂടുതല്‍ കൊഞ്ചിച്ചതിന്റെ പല ദോഷങ്ങളും അവനുണ്ട്. ആ ദോഷങ്ങളൊക്കെ മനസ്സിലാക്കിക്കൊണ്ട് നിനക്ക് അവന്റെ അമ്മയാകാന്‍ കഴിയുമോ.''
കൂടുതല്‍ മുഖവുരകളൊന്നും ഇല്ലാതെ പെട്ടെന്നായിരുന്നു എമ്മാനുവേലച്ചന്റെ ചോദ്യം. ആ ചോദ്യത്തിന് മുമ്പില്‍ അനുപമ സ്തംബ്ധയായി നിന്നു.
(തുടരും)