
എന്നു പറഞ്ഞാലെങ്ങനെയാ. ഏതൊരു മനുഷ്യനും എപ്പോള്‍ വേണമെങ്കിലും മാറ്റംവരാമല്ലോ?
''മണ്ടി നീ അവന്റെ പ്ലേ കണ്ട് വിശ്വസിച്ചു. അതു പറഞ്ഞാല്‍ മതിയല്ലോ.''
അലന്‍ തന്നോട് സോറി പറഞ്ഞുവെന്നും കാല്‍ പിടിച്ച്് മാപ്പു പറയാന്‍ ശ്രമിച്ചുവെന്നുമുള്ള സന്തോഷകരവും ആശ്വാസകരവുമായ വിവരം അനുപമ പങ്കുവച്ചു കഴിഞ്ഞപ്പോള്‍ പ്രിയംവദയുടെ പ്രതികരണമായിരുന്നു ഇത്. വീട്ടില്‍ നിന്ന് മടങ്ങിയെത്തിയതേയുണ്ടായിരുന്നുളളൂ പ്രിയംവദ.
''അല്ല പ്രിയ. അവന്‍ സിന്‍സിയറായിരുന്നു. അതെനിക്ക് ഫീല്‍ ചെയ്തു.'' അനുപമ തര്‍ക്കിച്ചു.
''പിന്നേ സിന്‍സിയര്‍. അങ്ങനെയൊരു വാക്ക് അവന്‍ ജീവിതത്തില്‍ കേട്ടിട്ടുമില്ല. അവന്‍ അത് ആരോടും കാണിച്ചിട്ടുമില്ല.'' പ്രിയംവദ പുച്ഛിച്ചു.
''എന്നു പറഞ്ഞാലെങ്ങനെയാ. ഏതൊരു മനുഷ്യനും എപ്പോള്‍ വേണമെങ്കിലും മാറ്റംവരാമല്ലോ?'' വിട്ടുകൊടുക്കാന്‍ അനുപമ തയ്യാറായില്ല.
''വാട്ട് യൂ മീന്‍?'' എളിക്ക് കൈകള്‍ രണ്ടും കുത്തി വീണ്ടുമൊരു വാഗ്വാദത്തിന് തയ്യാറാണെന്ന മട്ടില്‍ പ്രിയംവദ നിന്നു.
''കണ്‍വേര്‍ഷന്‍. മാനസാന്തരം? അതാണോ ഉദ്ദേശിക്കുന്നത്?''
അതെയെന്ന് അനുപമ തലകുലുക്കി.
''അവന്. മാനസാന്തരം. നല്ല കഥയായി. എടീ പെണ്ണേ ഒരൊറ്റ രാത്രികൊണ്ട് മാനസാന്തരപ്പെടാന്‍ അവനെന്താ വല്ല കുഞ്ഞാടുമാണോ. ഈ മാപ്പുപറച്ചിലും ഷോയും നിന്റെയും മാനേജ്‌മെന്റിന്റെയും കണ്ണില്‍ പൊടിയിടാനുള്ള അവന്റെ തന്ത്രമല്ലേ. നിനക്കിട്ട് അടുത്ത പണി എങ്ങനെ എപ്പോള്‍ തരണ മെന്നുള്ള റിസേര്‍ച്ചിലായിരിക്കും അവന്‍. നോക്കിക്കോ.''
''നീയെന്നെ ഇങ്ങനെ പേടിപ്പിക്കാതെ. അവന് എന്നോട് ഇങ്ങനെ ദേഷ്യം തോന്നാന്‍ ഞാന്‍ വകേല് അവന്റെ അമ്മായിയൊന്നുമല്ലല്ലോ.''
''നീ അവന്റെ അമ്മയോ അമ്മായിയോ അമ്മായിയമ്മയോ എന്നതൊന്നുമല്ല ഇവിടുത്തെ വിഷയം. അവന്‍ അങ്ങനെയാണ്. ദാറ്റ്‌സ് റിയാലിറ്റി. അത് അംഗീകരിച്ചു കഴിഞ്ഞാല്‍ പാതി സമാധാനമായി. നിന്നോടെന്നല്ല അവന് എല്ലാവരോടും പകയാ വെറുപ്പാ. മറ്റുളളവരെ വേദനിപ്പിച്ച് സന്തോഷിക്കുന്നവന്‍. സാഡിസ്റ്റ്. ചിലപ്പോ അവന്‍ മസോക്കിസ്റ്റുമാകും. ഒരുദിവസം അവന്‍ സ്വന്തം കൈത്തണ്ട കടിച്ചുമുറിച്ചു.''
''അയ്യോ.'' അനുപമയുടെ മുഖം വല്ലാതെയായി.
''അതെന്താ പ്രിയാ അവന്‍ അങ്ങനെയായിപ്പോയേ? നിഖില്‍ സാര്‍ പറഞ്ഞതുപോലെ മാനുഫാക്ച്ചറിംങ് ഡിഫെക്ടാണോ.'' അനുപമ ആശങ്കയോടെ ചോദിച്ചു.
''കുന്തം. അവന്റെ മുഷ്‌ക്ക്. അഹങ്കാരം. അല്ലാതെന്ത്. എനിക്കങ്ങനെയാ തോന്നുന്നത്. എല്ലാവരും അവന് സപ്പോര്‍ട്ടല്ലേ. പിന്നെ അവന്‍ ആരെ പേടിക്കാന്‍.''
''അവന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് എങ്ങനെയാ.''
''അധികമൊന്നും അറിയില്ല. അമ്മയില്ല. പിന്നെ അപ്പന്‍. തലയിലും താഴത്തും വയ്ക്കാതെയാ അങ്ങേര് വളര്‍ത്തിയെ. അതും കുരുത്തക്കേടിന് കാരണമാവാം.''
''അയ്യോ പാവം കുട്ടി. അമ്മയില്ലാതെ വളര്‍ന്നതോണ്ടാവും ഇങ്ങനെ.'' അനുപമ സഹതപിച്ചു.
''എങ്കില്‍ ശരി എന്റെ പൊന്നുമോള്‍ അവന് അമ്മയായിക്കോ. എന്നിട്ട് സിനിമേലൊക്കെ കാണുന്നതുപോലെ അവനെ നന്നാക്കിയെടുക്ക്. അവസാനം അവന്റെ അപ്പനേം കെട്ടി സുഖമായി ജീവിച്ചോ. അല്ല പിന്നെ. അമ്മയില്ലാത്ത പിള്ളേരൊക്കെ ഇവനെപ്പോലെ തെമ്മാടികളായിട്ടല്ലേ വളരുന്നത്.'' പ്രിയംവദ പിറുപിറുത്തു
''അതല്ല പ്രിയാ. ഒരേ സാഹചര്യംതന്നെ ഓരോരുത്തര്‍ക്കും ഓരോ രീതിയിലാ ഫീല്‍ ചെയ്യുന്നെ. ഫോര്‍ എക്‌സാമ്പിള്‍...'' അനുപമയെ തുടരാന്‍ അനുവദിക്കാതെ പ്രിയംവദ ഇടയ്ക്ക് കയറി
''ഞാന്‍ ഒന്നു കുളിച്ചിട്ട് വരട്ടെ, അതുകഴിഞ്ഞ് ഉദാഹരണം സുജാതയാകാം.''
''നീ രാവിലെ കുളിച്ചിട്ടുവന്നതല്ലേ.'' അനുപമ അതിശയിച്ചു.
''ഈ തണുപ്പത്ത് രണ്ടുനേരം എന്തിനാ കുളിക്കുന്നേ?''
അനുപമ ചോദിച്ചു
''പോടീ വൃത്തിയില്ലാത്തവളേ.'' ദേഷ്യം നടിച്ചു കൊണ്ട് പ്രിയംവദ അനുപമയ്ക്ക് നേരെ കൈയോങ്ങി. അനുപമ ലാഘവത്തോടെ ഒഴിഞ്ഞു മാറി.
അമ്മയില്ലാത്ത കുട്ടി. അനുപമയുടെ ചിന്തകളും ഓര്‍മ്മകളും ആ വഴിയെ സഞ്ചരിച്ചു. ഏതൊക്കെയോ ഓര്‍മ്മകള്‍ അവളെ വന്നു തലോടിക്കൊണ്ടിരുന്നു.
ഈ സമയം ഹോസ്റ്റല്‍ മുറിയില്‍ അലന്റെ സുഹൃത്തുക്കള്‍ സംസാരിച്ചു കൊണ്ടിരുന്നതും ഇതേ വിഷയം തന്നെയായിരുന്നു.
''നീയെന്തിനാടാ ആ മിസ്സിനോട് സോറി പറയാന്‍ പോയെ?'' ആദികൃഷ്ണ ചോദിച്ചു.
''നീ ഇന്നേവരെ ആരോടെങ്കിലും സോറി പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. ഈ എന്നോടു പോലും. എന്നിട്ടാ ഇന്നു കണ്ട ആ മിസ്സിനോട്. ച്ഛേ മോശമായിപോയി.''
ആദികൃഷ്ണ തലകുടഞ്ഞു.
''സോറി അത്രയ്ക്കും മോശം വാക്കാണോടാ?'' അലന്‍ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
''യൂസ് ചെയ്യുമ്പോഴല്ലേ ആ വാക്കിന് ബ്യൂട്ടിയുണ്ടാ കുന്നെ. വിലകൂടിയ ഷര്‍ട്ട് മേടിച്ചുവച്ചിട്ട് എന്തുകാര്യമാ ഉള്ളേ. അത് ഇട്ടു നടക്കുമ്പോഴല്ലേ സ്‌റ്റെല്‍? അങ്ങനെയാ ഈ സോറീടെ കാര്യവും. പറയും തോറും സൗന്ദര്യം കൂടും. ഇഷ്‌ടോം കൂടും.''
''നിന്റെ മനസ്സിലെന്താ. അതുപറ.'' രോഹന്‍ ഇടപെട്ടു.
''എന്റെ മനസ്സിലെന്താ. ലവ്.'' അലന്‍ വീണ്ടും ചിരിച്ചു.
''ലവ്?'' രോഹനും ആദിയും ഒരുമിച്ചു ചോദിച്ചു.
''യെസ്, ലവ്. ഏതു ടീനേജുകാരനും അവന്റെ ജീവിതത്തില്‍ അവനെ ക്കാള്‍ മുതിര്‍ന്ന ഒരാളോട് ലവ് തോന്നിയിട്ടുണ്ടാവും. ക്രഷ്. എനിക്കിപ്പോ അനുപമ മിസ്സിനോട് ക്രഷാ.''
''ഓ മൈ ഗോഡ്.'' രോഹന്‍ തലയില്‍ കൈവച്ചു.
''ആര്‍ യൂ മാഡ്? ഇത് വേണ്ടാത്ത കളിയാ. പറഞ്ഞില്ലെന്ന് വേണ്ട.''
''അതല്ലെടാ. എനിക്കെ ന്തോ ആ മിസ്സിനെ കണ്ട മാത്രയില്‍ തന്നെ വല്ലാത്തൊരിഷ്ടം. അതെന്താണ്, എങ്ങനെയാണ് എന്നൊന്നും എനിക്കറിയില്ല.''
''അപ്പോ മഞ്്ജിമയോ?'' ആദി സംശയിച്ചു.
''നീ അവള്‍ടെ പുറകെയല്ലേ നടക്കുന്നത്?''
''അവള്‍ടെ പുറകെ നടന്നിട്ടെന്തുകാര്യം. അവള്‍ ഇന്നുവരെ അവനെ തിരിഞ്ഞുനോക്കിയോ.'' രോഹന്‍ ചോദിച്ചു.
''എടാ അവള്‍ നല്ല കുട്ടിയല്ലേ. എന്നെപ്പോലെ ഒരുത്തനെ അവള് ചാടിക്കേറി പ്രേമിക്കുമോ. സമയമെടുക്കില്ലേ. നമുക്ക് വെയ്റ്റ് ചെയ്യാം.''
''വെയ്റ്റ് ചെയ്ത് ഇരിക്കത്തേയുള്ളൂ. ആ ദീപക് അവളെ വളച്ചെടുക്കുമോയെന്നാ എന്റെയൊരു ഡൗട്ട്.''
''ദീപക്കോ?'' അലന്റെ സ്വരം ഉയര്‍ന്നു.
''അവന്‍ ലൈന്‍ വലിച്ചിട്ടുണ്ടോയെന്ന് എനിക്കുമൊരു ഡൗട്ടുണ്ട്.'' ആദി അറിയിച്ചു.
''ബാസ്റ്റാര്‍ഡ്. അലന്‍ മുഷ്ടി കൂട്ടിയിടിച്ചു.'' ആ സമയം മേശപ്പുറത്തിരുന്ന അലന്റെ മൊബൈല്‍ ശബ്ദിച്ചു.
''എടാ നിന്റെ അപ്പയാ.'' ആദി മൊബൈല്‍ എടുത്തു അലന് നേരെ നീട്ടി.
അയാളോട് പോകാന്‍ പറ. മെഡിസിന്‍ കഴിക്കുന്നതുപോലെ നാലു നേരോം ഇങ്ങനെ വിളിച്ചോണ്ടിരിക്കുന്നത് എന്തിനാ. ഞാനെന്താ എല്‍ കെ ജി ക്ലാസിലാ?''
ആദി മൊബൈലിലേക്കും അലന്റെ മുഖത്തേക്കും മാറിമാറി നോക്കി. മൊബൈല്‍ വീണ്ടും ശബ്ദിച്ചുകൊണ്ടിരുന്നു.
''ഞാനിവിടെയില്ലെന്നോ ബാത്ത്‌റൂമിലാണെന്നോ എന്താണെന്നുവച്ചാ പറ.'' അലന്‍ അസഹ്യതയോടെ തലചൊറിഞ്ഞു.
''ഹലോ അങ്കിള്‍.'' വീഡിയോ കോളായിരുന്നു അത്.
''ഹായ് ആദി.'' അപ്പുറത്ത് മാനുവലിന്റെ പ്രസന്നമായ മുഖം.
''ഹൗ ആര്‍ യൂ...''
''അയാം ഫൈന്‍ അങ്കിള്‍. പിന്നെ അങ്കിള്‍, അലന് നല്ല സുഖമില്ല.''
''ഏ... എന്തുപറ്റി?'' മാനുവലിന്റെ സ്വരത്തില്‍ ഉത്കണ്ഠ കലര്‍ന്നു.
''ഏയ് പേടിക്കാനൊന്നു മില്ല. ഇന്ന് ഫുട്‌ബോളുണ്ടായിരുന്നു. നല്ല വെയിലായിരുന്നു. അതിന്റെയാ. ഒരു തലവേദന. കിടക്കുവാ. ഉറങ്ങി.''
''ദെന്‍ ഓക്കെ. ഐ വില്‍ കോള്‍ യൂ ലേറ്റര്‍.''
''ഓക്കെ അങ്കിള്‍.''
ആദി ഫോണ്‍ കട്ട് ചെയ്തതും അലന്‍ പാഞ്ഞുവന്ന് അവന്റെ ചങ്കിനിടിച്ചതും ഒരുമിച്ചായിരുന്നു. ആദി മാത്രമല്ല രോഹനും പകച്ചുപോയി.
''നീയെന്തിനാടാ എന്നെ ഇടിച്ചേ?'' ആദി ചോദിച്ചു.
''നീയെന്താടാ അയാളോട് പറഞ്ഞേ. എന്തു പറയാനാ ഞാന്‍ നിന്നോട് പറഞ്ഞെ?''
''കുളിക്കുവാന്നോ പുറത്തു പോയെന്നോ പറയാന്‍.''
''എന്നിട്ട് നീയെന്നതാ പറഞ്ഞേ.''
''അത് ഞാന്‍ എന്റെ കയ്യീന്ന് ഇട്ടു പറഞ്ഞതല്ലേ. ഒരു ഗുമ്മിന്.''
''ഒരു ഗുമ്മ്. ഇനി അങ്ങേര് അരമണിക്കൂര്‍ ഇടവിട്ട് വിളിച്ചോണ്ടിരിക്കില്ലേ. മനുഷ്യന് സ്വസ്ഥത തരുമോ. അയാളിനി എന്നെ വിളിക്കുകേം വേണ്ട. ഞാന്‍ അങ്ങേരോട് മിണ്ടാനും പോകുന്നില്ല.''
അലന്‍ ആദിയുടെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് വലിച്ചെറിഞ്ഞു.
(തുടരും)