ചില്ല് - 30

ചില്ല് - 30

നോവലിസ്റ്റ്: വിനായക് നിര്‍മ്മല്‍

കഥ ഇതുവരെ

ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി ചുമതലയേറ്റ അനുപമയെ സ്‌കൂളിലെ തന്നെ ഏറ്റവും അപകടകാരിയായ ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥി അലനെക്കുറിച്ചുളള വാര്‍ത്തകള്‍ അസ്വസ്ഥയാക്കുന്നു. കേട്ടറിവുകള്‍ ശരിവയ്ക്കുന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് അലന്റെ ക്ലാസ് അവളെ സ്വീകരിച്ചത്. അതിന്റെ നടുക്കം ആസ്തമരോഗിയായ അനുപമയെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലിന്റെയും അനുപമയുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലിന്റെയും നിര്‍ദേശാനുസരണം അവള്‍ ജോലി തുടരുന്നു. അലനും കൂട്ടുകാരും തമ്മിലുള്ള പല പല സംഭവങ്ങളിലൂടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന കൂട്ടുകാരി ക്കൊപ്പമാണ് അവള്‍ താമസിക്കുന്നത്.അധ്യാപകനായ നിഖില്‍ അനുപമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറയുന്നു. നിഖില്‍ ഇക്കാര്യം പ്രിയംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനുപമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതുന്നത്. പക്ഷേ സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയപ്പെ ടാത്ത രഹസ്യങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞു തുട ങ്ങുന്നു. സെന്റ് മേരിസ് ഓര്‍ഫനേജിലെ വാര്‍ഷികാഘോഷങ്ങ ളില്‍ നിന്നാണ് ഈ ഭൂതകാലവിവരണം ആരംഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് വിശിഷ്ട വ്യ ക്തികളിലൊരാളും അനാഥാലയത്തിലെ കുട്ടികളുടെ സ്‌പോണ്‍സറും വിഭാര്യനുമായ മാനുവല്‍. അയാളുടെ അഞ്ചുവയസ്സുകാരനായ മകനാണ് അച്ചൂട്ടന്‍. വിവിധ സന്ദര്‍ഭങ്ങളിലൂടെ അച്ചൂട്ടനുമായി അനുപമ അടുപ്പത്തിലാകുന്നു. തന്റെ മരിച്ചുപോയ അമ്മയുടെ ഛായയാണ് അനു പമയ്‌ക്കെന്ന് അച്ചൂട്ടന്‍ കണ്ടെത്തുന്നു. അവളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അവനാഗ്രഹിക്കുന്നു. അച്ചൂട്ടന് അനുപമയുമായുള്ള അടുപ്പം മാനുവലിനെ അസ്വസ്ഥനാക്കുന്നു. ഇക്കാര്യം തന്റെ സുഹൃത്ത് ഫാ. എബിയോട് മാനുവല്‍ പങ്കുവയ്ക്കുന്നു. പക്ഷേ എബിയച്ചന്‍ അത്തരമൊരു ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇമ്മാനുവേലച്ചന്‍ അനുപമയോട് വിവാഹക്കാര്യം സംസാരിക്കുന്നു. മാനുവലും അനുപമയും തമ്മിലുള്ള വിവാഹം നടക്കുന്നു. പക്ഷേ ഓരോ സംഭവങ്ങളിലൂടെ അനുപമയും അച്ചുവും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്നു. അച്ചൂട്ടനെ വീട്ടില്‍ നിന്ന് കാണാതാവുന്നു. അമ്മ വീട്ടില്‍ അഭയം തേടിയെത്തിയ അച്ചൂ ഇനി താന്‍ മാനുവലിന്റെ ഒപ്പമില്ലെന്ന് അറിയിക്കുന്നു. അച്ചൂട്ടനുവേണ്ടി മാനുവലും അനുപമയും പിരിയുന്നു. അനുപമ തന്റെ കഥ പ്രിയംവദയോട് പറഞ്ഞവസാനിപ്പിക്കുന്നു കഥ വീണ്ടും വര്‍ത്തമാനകാലത്തിലേക്ക്. ഒരു ദിവസം പ്രിയംവദയും അനുപമയുംകൂടി മാളില്‍ വച്ച് മാനുവലിന്റെ ആദ്യഭാര്യ സോണിയായുടെ സഹോദരന്‍ ടോണിയെയും അലനെയും കണ്ടുമുട്ടുന്നു. അച്ചൂട്ടനാണ് അലനെന്ന് അനുപമ തിരിച്ചറിയുന്നു. ടോണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുപമ പുറപ്പെടുന്നു.

''വിശ്വസിക്കാന്‍ വേണ്ടി പറയുന്നതല്ല ആശ്വസിക്കാന്‍ വേണ്ടി പറയുന്നതാണ്, മറ്റാരെയുമല്ല എന്നെതന്നെ...''

ഏറെ നേരത്തെ നിശബ്ദതയ്ക്കും വീര്‍പ്പുമുട്ടലിനും ശേഷം മാനുവലാണ് പറഞ്ഞു തുടങ്ങിയത്.

സ്‌കൂള്‍ മൈതാനത്തിന്റെ ഒഴിഞ്ഞ കോണിലായിരുന്നു അവര്‍ നിന്നിരുന്നത്. അനുപമ കൈകള്‍ കെട്ടി ദൂരെയെങ്ങോ നോക്കിനില്ക്കുകയായിരുന്നു.

''ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ പിന്നെയെനിക്കൊരിക്കലും പറയാന്‍ അവസരം ഉണ്ടാവുമോയെന്നറിയില്ല. ഞാന്‍ പറഞ്ഞോട്ടെ..''

മാനുവല്‍ അനുപമയോട് അനുവാദം ചോദിച്ചു.

അനുപമ ശിരസ് ചലിപ്പിച്ചു.

''ഞാന്‍ അനുപമയെ സ്‌നേഹിക്കുന്നു.'' മാനുവല്‍ മടിച്ചുമടിച്ചാണ് അതുപറഞ്ഞത്.

എവിടെ നിന്നൊക്കെയോ ഫിഡില്‍നാദം ഉയരുന്നതുപോലെ അനുപമയ്ക്ക് അനുഭവപ്പെട്ടു. വിവാഹം കഴിക്കുന്നതിനുമുമ്പോ അതിനുശേഷമോ മാനുവല്‍ അങ്ങനെയൊരു വാചകം ഒരിക്കല്‍പോലും പറഞ്ഞിട്ടുണ്ടായിരുന്നില്ല. മാത്രവുമല്ല സ്‌നേഹഭാവങ്ങള്‍ ഒന്നും അയാള്‍ പ്രകടമാക്കിയിട്ടുമുണ്ടായിരുന്നില്ല. തികച്ചും അപരിചിതരെപോലെയാണ് ഇരുവരും ഒരേ മേല്‍ക്കൂരയ്ക്ക് കീഴെ താമസിച്ചിരുന്നത്. ഇപ്പോഴിതാ മാനുവല്‍ പറയുന്നു... തന്നെ സ്‌നേഹിക്കുന്നുവെന്ന്... അനുപമയുടെ കണ്ണുകള്‍ നിറഞ്ഞു. പുരുഷന്റെ സ്‌നേഹമാണ് സ്ത്രീയെ വിലയുള്ളവളാക്കുന്നത്. എന്തൊക്കെ ആദര്‍ശം പറഞ്ഞാലും എത്രയൊക്കെ കാലം മാറിയാലും ഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിക്കുന്നത് പുരുഷന്‍ എന്ന സംരക്ഷണവലയത്തില്‍ ഒതുങ്ങിക്കൂടാനും അവന്റെ സ്‌നേഹത്തില്‍ ജീവിക്കാനുമാണ്. അനുപമയും അങ്ങനെ തന്നെയായിരുന്നു.

''ശരിയാണ്, ഒരുമിച്ചു ജീവിച്ച നാളുകളിലൊക്കെ ഞാന്‍ സ്‌നേഹിച്ചിരുന്നുവോയെന്ന് എനിക്കു പോലും സംശയമുണ്ട്. പക്ഷേ അടുത്തുണ്ടായിരുന്നപ്പോഴെന്നതിലേറെ അകലെയായിക്കഴിഞ്ഞപ്പോഴാണ്, എന്നില്‍ നിന്ന് അകന്നുപോയപ്പോഴാണ് ഞാന്‍ അനുപമയെ...''

മാനുവല്‍ അത് പൂര്‍ത്തിയാക്കിയില്ല.

''അനുപമയ്ക്ക് എന്നോട് വെറുപ്പും ദേഷ്യവുമൊക്കെയുണ്ടായിരിക്കും. അതൊക്കെ ന്യായവുമാണ്. വിശദീകരണങ്ങള്‍ നല്കി ഞാന്‍ എന്നെ ന്യായീകരിക്കുന്നുമില്ല. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇങ്ങനെയൊക്കെ പറയുമ്പോഴും എനിക്കറിയില്ല ഒരു അത്ഭുതം നമുക്കിടയിലുണ്ടാവുമോയെന്ന്. അവന്‍ അനുപമയെ ഉള്‍ക്കൊള്ളുമോയെന്ന്...''

'ഉം' എന്ന് അനുപമ തലചലിപ്പിച്ചു.

''അച്ചൂട്ടന് എന്നെ സ്‌നേഹമാണ്...'' അനുപമ അറിയിച്ചു.

മാനുവലിന് അത് വിശ്വസിക്കാനായില്ല.

അതെങ്ങനെ മനസ്സിലാക്കിയെന്ന് മാനുവല്‍ ചോദിച്ചില്ല.

''...എന്നിട്ടും ഞാന്‍ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.'' അനുപമ ചിരിച്ചു. ''എനിക്കും ഒരു കാര്യം പറയാനുണ്ട്.''

അതെന്ത് എന്ന മട്ടില്‍ മാനുവല്‍ അനുപമയെ നോക്കി.

അനുപമ തന്റെ മാലയുടെ അറ്റം ഉയര്‍ത്തിക്കാണിച്ചു. അതില്‍ താലിയുണ്ടായിരുന്നു. അസ്തമയസൂര്യന്റെ കിരണങ്ങളേറ്റ് അതില്‍ നിന്ന് പ്രഭ ചിതറുന്നതുപോലെ മാനുവലിന് തോന്നി.

''ഞാനിപ്പോഴും നിങ്ങളുടെ ഭാര്യയാണ്. അച്ചൂട്ടന്റെ അമ്മയും. നിങ്ങള്‍ മകന് വേണ്ടി എന്നെ വിവാഹം ചെയ്തു. ഞാന്‍ നിങ്ങളെ വിവാഹം ചെയ്തതും അച്ചൂട്ടന് വേണ്ടിയായിരുന്നു. നമ്മള്‍ നമുക്കുവേണ്ടി പരസ്പരം സ്‌നേഹിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്തില്ല. അതുകൊണ്ടാണ് നമുക്ക് വളരെയെളുപ്പം അകലാന്‍ സാധിച്ചത്. പക്ഷേ അകലാന്‍ സാധിച്ചാലും മറക്കാന്‍ കഴിയില്ല. അതുകൊണ്ടാ ഞാനിപ്പോഴും ഈ താലി സൂക്ഷിക്കുന്നത്. വൈകിയാണെങ്കിലും എന്നെ സ്‌നേഹിക്കുന്നുവെന്ന് നിങ്ങള്‍ക്ക് പറയാന്‍ തോന്നിയതും...''

അനുപമ ചിരിച്ചു.

അവളുടെചിരിയില്‍ കണ്ണീരിന്റെ തിളക്കമുണ്ടായിരുന്നു.

''ഞാനും പ്രതീക്ഷിക്കുന്നില്ല ഒരു അത്ഭുതവും... പക്ഷേ ഇപ്പോള്‍ ജീവിതത്തോട് കുറച്ചുകൂടി സ്‌നേഹം തോന്നുന്നു. ആരുടെയൊക്കെയോ ഹൃദയങ്ങളില്‍ ഞാനുണ്ടല്ലോ... അതുമതിയെനിക്ക്...''

അനുപമയുടെ തൊണ്ടഇടറുന്നുണ്ടായിരുന്നു.

''അനൂ...'' അത് കണ്ടുനില്ക്കുമ്പോള്‍ തന്റെയുള്ളം പിളരുന്നുണ്ടെന്ന് മാനുവലിന് തോന്നി. അയാള്‍ അത്രയും സ്‌നേഹത്തോടും അനുകമ്പയോടും കൂടി ആദ്യമായിട്ടായിരുന്നു അവളെ വിളിച്ചത്. അയാള്‍ക്ക് സത്യമായും ആ നിമിഷങ്ങളില്‍ അവളെ തന്നോട് ചേര്‍ത്ത് ആശ്ലേഷിക്കണമെന്നും തൂനെറ്റിയില്‍ ഉമ്മ വയ്ക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അയാള്‍ക്കതിനുള്ള കരുത്തുണ്ടായിരുന്നില്ല. അതുകൊണ്ട് അയാള്‍ മുന്നോട്ടുചെന്ന് അവളുടെ കൈവിരലുകള്‍ കൂട്ടിപിടിച്ചു.

''അനൂ...'' സ്‌നേഹത്തോടെ അയാള്‍ വിളിച്ചു.

അനുപമയ്ക്ക് പിന്നെ പിടിച്ചുനില്ക്കാനായില്ല. അവള്‍ കരഞ്ഞുകൊണ്ട് അയാളുടെ ചുമലിലേക്ക് മുഖം ചേര്‍ത്തു. ആദ്യം മടിച്ചുവെങ്കിലും മാനുവല്‍ മറുകരം കൊണ്ട് അവളെ തന്നോട് ചേര്‍ത്തു. ശിരസിലും പുറത്തും മൃദുവായി തലോടുകയും ചെയ്തു. അയാള്‍ക്ക് വല്ലാത്ത ആശ്വാസവും സമാധാനവും തോന്നി. ഇത്രയും കാലം മനസ്സിലുണ്ടാകാതിരുന്ന സമാധാനം... സന്തോഷം... ഇതെന്തിനാണ് താന്‍ കുഴിച്ചുമൂടിയത്... എന്തുകൊണ്ടാണ് താന്‍ ഇത് ഒളിപ്പിച്ചുവച്ചത്...

അതുതന്നെയായിരുന്നു അനുപമയുടെയും ഉള്ളില്‍. പുരുഷന്റെ സ്‌നേഹത്തിനും അവന്റെ സാമീപ്യത്തിനും നല്കാന്‍ കഴിയുന്നതിനപ്പുറമായ സുരക്ഷിതത്വം ലോകത്ത് മറ്റൊന്നിനും നല്കാനാവില്ലെന്ന് അവള്‍ തിരിച്ചറിഞ്ഞു. എത്ര നേരം വേണമെങ്കിലും എത്ര ജന്മം വേണമെങ്കിലും ഇങ്ങനെ നില്ക്കാനായിരുന്നു അവള്‍ ആഗ്രഹിച്ചിരുന്നത്. ഈ നിമിഷം ഇങ്ങനെ നില്ക്കുമ്പോള്‍ താന്‍ മരിച്ചുപോയിരുന്നുവെങ്കിലെന്നുവരെ അവളാഗ്രഹിച്ചു. പക്ഷേ അപ്പോഴേക്കും മാനുവലിന്റെ ഫോണ്‍ നിര്‍ത്തലില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്നു. ആദ്യം അതിനെ അവഗണിച്ചുവെങ്കിലും അടുത്ത നിമിഷം ഏതോ ഒരുള്‍പ്രേരണയാല്‍ അയാള്‍ ഫോണ്‍ എടുത്തു. ആദി എന്ന് പേര് തെളിഞ്ഞുകണ്ടു.

എന്താടാ മോനേ എന്ന് ചോദിക്കുന്നതിനൊപ്പം തന്നെ മറുതലയ്ക്കല്‍ നിന്ന് കരഞ്ഞുകൊണ്ട് ആദി പറഞ്ഞു.

''അങ്കിള്‍ ഒന്നു വേഗം വാ... അലന്‍...''

ഒരുമിച്ചു സംസാരിച്ചതുകൊണ്ട്് മാനുവലിന് ആദി പറഞ്ഞത് വേണ്ടത്ര വ്യക്തമായില്ല.

''ആദീ... പറയെടാ മോനേ...'' എന്ന് മാനുവല്‍ വീണ്ടും ആവശ്യപ്പെട്ടു.

''നമ്മുടെ അലന്‍... എന്നു മാത്രം പറഞ്ഞ് ആദിയുടെ കരച്ചില്‍ മുഴങ്ങി. ആ കരച്ചില്‍ അനുപമയും കേട്ടു. മാനുവലും അനുപമയും പരസ്പരം മുഖം നോക്കിനിന്നു.

* * * * * * * * * * *

യൂണിഫോമിന് മീതെ കറുത്ത ബാഡ്ജ് കുത്തി ഗിരിദീപത്തിലെ കുട്ടികള്‍ അലന്‍ മാനുവലിന് അന്ത്യോപചാരമര്‍പ്പിക്കാനായി വരിവരിയായി നിന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അധ്യാപകരും... ശവപ്പെട്ടിയില്‍ വാടാത്ത പൂവുകള്‍ക്കിടയില്‍, കാലമെത്തും മുമ്പേ കൊഴിഞ്ഞുവീണ പൂവ് പോലെ അലന്‍. അവന്റെ അരികിലായി മാനുവല്‍... അനുപമ, ആദി, രോഹിത്... പ്രിയംവദ... നിഖില്‍... മുറ്റത്തിന്റെ വിവിധ കോണുകളിലായി ചിതറിക്കപ്പെട്ടവരെ പോലെ ടോമിയും ടോണിയും റോണിയും.''

'പട്ടീ... ചത്തുപോയത് നന്നായി...' അലന്റെ മൃതദേഹത്തിന് മുമ്പില്‍ നില്ക്കുമ്പോള്‍ ദീപക് മനസ്സില്‍ മന്ത്രിച്ചു. ഇനി നിന്നെക്കൊണ്ട് ഈ സ്‌കൂളിനോ കുട്ടികള്‍ക്കോ ഒരു ശല്യവും ഉണ്ടാകാന്‍ പോകുന്നില്ലല്ലോ... ദീപക്കിന് മുമ്പിലായിരുന്നു മഞ്ജിമ.

''നിനക്ക് ഇപ്പോ സന്തോഷമായില്ലേ...'' ദീപക് മഞ്ജിമയുടെ കാതില്‍ അടക്കം ചോദിച്ചു.

മഞ്ജിമ ഞെട്ടിത്തിരിഞ്ഞ് ദീപക്കിനെ നോക്കി. അവളുടെ കണ്ണുകളില്‍ നിന്ന് തീ പാറുന്നതുപോലെ അവനു തോന്നി. അവള്‍ അവനെ നോക്കി പല്ലിറുമ്മി. നിന്റെയത്ര ചീപ്പല്ലെടാ ഞാന്‍... അവള്‍ക്ക് അത്രയുമെങ്കിലും അവനോട് പറയണമെന്നുണ്ടായിരുന്നു.

''അത് പിന്നെ ഞാന്‍... നിന്റെ മനസ്സറിയാന്‍...'' ദീപക് പരുങ്ങി.

ഒരുവാക്കുകൊണ്ടുപോലും യാത്ര പറയാതെ നീ പൊയ്ക്കളഞ്ഞല്ലോ മോനേയെന്നായിരുന്നു മാനുവലിന്റെ സങ്കടം. ആദി ഫോണ്‍ ചെയ്ത് പറഞ്ഞപ്പോള്‍ എങ്ങനെയാണ് ഹോസ്പിറ്റലിലെത്തിയതെന്ന് പോലും അയാള്‍ക്കറിയില്ലായിരുന്നു. ബൈക്ക് അപകടമുണ്ടായി ഹോസ്പിറ്റലിലേക്കുള്ള യാത്രയ്ക്കിടയില്‍ തന്നെ അലന്‍ മരണമടഞ്ഞിരുന്നു. അപരിചിതനായ യാത്രക്കാരനും. ആശുപത്രിയിലേക്ക് പാഞ്ഞെത്തിയ മാനുവലും അനുപമയും കണ്ടത് വെള്ളത്തുണിയില്‍ പൊതിഞ്ഞുകിടത്തിയിരിക്കുന്ന അലന്റെ ജീവനറ്റ ശരീരമായിരുന്നു. ഇപ്പോഴിതാ അവന്‍ കളിച്ചു നടന്ന, ഓടിച്ചാടി നടന്ന മുറ്റത്ത്, വെള്ളവിരിച്ച പന്തലില്‍ പാകമാകും മുമ്പേ അറുത്തെടുത്ത പൂങ്കുല പോലെ നിശ്ചേഷ്ടനായി അലന്‍...

ജീവിതം എത്ര പെട്ടെന്നാണ് മാറിമറിയുന്നത് എന്നായിരുന്നു അനുപമയുടെ സങ്കടം. ഒരു നാണയക്കറക്കം തീരും മുമ്പ് സങ്കടവും സന്തോഷവും കടന്നുവരുന്നു. കുരിശിന്റെ വഴിയിലെ പ്രാര്‍ത്ഥന പോലെ ഒരു സങ്കടം തീരും മുമ്പ് മറ്റൊരു സങ്കടം വന്നുകഴിഞ്ഞു. ഒരു സന്തോഷം കെടുത്തിക്കൊണ്ട് മറ്റൊരു സങ്കടം പടികടന്നെത്തുന്നു. ഇതാണോ ജീവിതം. ഇത്രയുമേയുള്ളോ ജീവിതം? ഇങ്ങനെ സങ്കടപ്പെടാന്‍ വേണ്ടിയാണോ മനുഷ്യന്‍ ജീവിക്കുന്നത്... ഇങ്ങനെ യാത്ര പറയാന്‍ വേണ്ടിയാണോ മനുഷ്യന്‍ കണ്ടുമുട്ടുന്നത്? ഇങ്ങനെ വേദനിപ്പിക്കാന്‍ വേണ്ടിയാണോ മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുന്നത്? അനുപമയ്ക്ക് ഒന്നും മനസ്സിലായില്ല.

അപ്പോഴേയ്ക്കും ശവസംസ്‌കാരശുശ്രൂഷകള്‍ വീട്ടില്‍ നിന്നാരംഭിക്കാനുള്ള സമയമായി. ഗബ്രിയേലച്ചനും എമ്മാനുവേലച്ചനും എബിയച്ചനുമായിരുന്നു സംസ്‌കാരശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കിയത്. സങ്കടംകടിച്ചമര്‍ത്തിക്കൊണ്ട് എബിയച്ചനാണ് പ്രസംഗിച്ചത്.

''അലന്‍ സ്‌കൂളിന് തലവേദനയായിരുന്നു, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ശല്യക്കാരനുമായിരുന്നു. പക്ഷേ അവന്‍ നോക്കിനില്‌ക്കെ ഇല്ലാതായെന്നറിയുമ്പോള്‍...'' ഗബ്രിയേലച്ചന്‍ ദീര്‍ഘമായിനിശ്വസിച്ചു. ''പാഠ്യപാഠേതര മേഖലകളില്‍ അവന്‍ മുമ്പന്തിയിലുമായിരുന്നു. അതായിരുന്നു അതിന്റെ പിന്നിലെ മറ്റൊരു വൈരുദ്ധ്യം.''

അലന്‍ എന്തുകൊണ്ട് ഇങ്ങനെയൊക്കെയായി എന്ന് അന്വേഷിച്ചറിയുമ്പോഴാണ് അവന്റെ സ്വഭാവരൂപവല്ക്കരണത്തിന്റെ പിന്നിലെ കഥകള്‍ വെളിവാകുന്നത്. അങ്ങനെ നോക്കുമ്പോള്‍ അവന്‍ കുറ്റക്കാരനാകുന്നില്ലെന്ന് അച്ചന് തോന്നി. നന്നായി മനോഹരമായി അലങ്കരിച്ചുവയ്‌ക്കേണ്ട ഒരു പൂപ്പാത്രമായിരുന്നു അലന്‍. പക്ഷേ അവന്‍ താഴെവീണ് പൊട്ടിചിതറിയിരിക്കുന്നു. ഒരു ചില്ലുപോലെ പൊട്ടിപ്പോകുന്ന കൗമാരങ്ങള്‍...

പള്ളിയിലേക്കുളള വിലാപയാത്ര ആരംഭിച്ചു. മാനുവല്‍ സര്‍വവും തകര്‍ന്നവനെപോലെയാണ് അലനൊപ്പം യാത്ര ചെയ്തത്. ഇത് മകനുമൊത്തുള്ള തന്റെ അവസാനയാത്രയാണ്... ഇനി ഒരിക്കലും തങ്ങള്‍ ഭൂമിയില്‍വച്ച് ഒരുമിച്ചൊരു യാത്ര ചെയ്യില്ല. തങ്ങളൊരുമിച്ച് യാത്ര ചെയ്തിരുന്ന കാലം മാനുവലിന്റെ ഓര്‍മ്മയിലെത്തി.

''ഞാന്‍ ഡ്രൈവ് ചെയ്യാം അപ്പേ...'' എന്ന് അവന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. തന്നെ പിന്നിലിരുത്തി ബൈക്കോടിക്കുന്നത് അവന്റെയൊരു സ്വപ്‌നമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് തന്റെയും സ്വപ്‌നമായിരുന്നുവല്ലോ.

''പതിനെട്ട് കഴിയട്ടെ... ഇല്ലെങ്കില്‍ ഞാന്‍ അകത്താകും'' എന്നായിരുന്നു അതിനുള്ള തന്റെ മറുപടി. ഇനിയൊരിക്കലും അവന്റെ ബൈക്കിന് പിന്നിലിരുന്ന് താന്‍ യാത്ര ചെയ്യില്ല. തന്നെ പിന്നിലിരുത്തി അവനും വണ്ടിയോടിക്കില്ല. മരണരഥം അവനെയും തന്നെയും തമ്മില്‍ അകറ്റിയിരിക്കുന്നു. തന്നെപോലെ ശപിക്കപ്പെട്ട ഒരാള്‍ ഈ ഭൂമിയില്‍ മറ്റൊരാളുണ്ടാവുമോ? അപ്പന്‍ ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ ഭൂമിവിട്ടുപോവുക... അതില്പ്പരം മറ്റെന്തു ദുരോഗ്യം ഉണ്ടാകാന്‍?

സെമിത്തേരിയില്‍ വച്ച് അന്ത്യചുംബനം അര്‍പ്പിക്കുമ്പോള്‍ അതുവരെ പിടിച്ചുനിര്‍ത്തിയിരുന്ന സങ്കടമെല്ലാം മാനുവലില്‍ നിന്ന് അണപൊട്ടിയൊഴുകി.

എന്റെ മോനേ... ആദ്യമായി നേഴ്‌സിന്റെ കൈയില്‍ നിന്ന് അവനെ കൈകളിലെടുത്ത് നെറ്റിയില്‍ ഉമ്മവച്ച ദിവസത്തിന്റെ ഓര്‍മ്മയാണ് മാനുവലിന്റെ മനസ്സിലേക്ക് തിക്കിത്തിരക്കിവന്നത്. ആ ദിവസത്തിന്റെ അതേ വിശുദ്ധിയോടെ നിനക്കിതാ ഞാന്‍ ചുംബനം നല്കുന്നു. അറിഞ്ഞും അറിയാതെയും നിന്നെ വേദനിപ്പിച്ചതിന്... നിന്നെ മനസ്സിലാക്കാതെ പോയ നിമിഷങ്ങളെയോര്‍ത്ത്... എല്ലാറ്റിനും മാപ്പ്. ഇതൊരു ഇടവേളയാണ്. ഇതിനുശേഷം നീയും ഞാനും കണ്ടുമുട്ടും. വാനമേഘങ്ങള്‍ക്കിടയില്‍ ദൂതര്‍ക്കൊപ്പം. അന്ന് ഭൂമിയുടെ സങ്കടങ്ങളൊന്നും നിന്നെയോ എന്നെയോ സ്പര്‍ശിക്കുകയില്ല. കാരണം നമ്മള്‍ അപ്പോള്‍ ഭൂമിയുടെ മനുഷ്യരായിരിക്കുകയില്ല, സ്വര്‍ഗത്തിന്റെ മനുഷ്യരായിരിക്കും. നിനക്ക് വിട... മാനുവല്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അലന്റെ മുഖത്ത് തുരുതുരാ ഉമ്മവച്ചു. ടോണി അയാളെ വല്ലവിധേനയും അടര്‍ത്തി മാറ്റുകയായിരുന്നു. ടോണിയുടെകണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പിന്നെ അനുപമയായിരുന്നു അന്ത്യചുംബനം നല്കിയത്. സ്‌നേഹിക്കാനും മനസ്സിലാക്കാനും നമുക്കൊരു ഇടംകിട്ടിയില്ലല്ലോ അച്ചൂട്ടായെന്ന ഗദ്ഗദത്തോടെയാണ് അവള്‍ അവന് അന്ത്യചുംബനം നല്കിയത്.

ആദിയും രോഹിതും വാവിട്ടു നിലവിളിക്കുകയായിരുന്നു. ഏതു കാര്യത്തിലും അവര്‍ ഒരുമിച്ചായിരുന്നു. അലനൊപ്പം കൂട്ടുകൂടി നടക്കുന്നതിന് ഒരുപാട് പഴിയും അവര്‍ കേട്ടിട്ടുണ്ട്. എന്നിട്ടും എന്നും ഒരുമിച്ചായിരുന്നു. ഇപ്പോള്‍ തങ്ങളെ കൂടാതെ അവന്‍ നടത്തിയ ഏകയാത്രയില്‍ തങ്ങള്‍ തനിച്ചായിരിക്കുന്നു...

മണ്ണിന്റെ നനവിലേക്ക് മണ്ണില്‍ നിന്ന് മെനഞ്ഞെടുത്ത ഏതൊരു മനുഷ്യനെയും പോലെ അലനും ഇതാ മടങ്ങുന്നു. കുന്തിരിക്കവും പുഷ്പദളങ്ങളും അവനു നല്കാന്‍ കഴിയുന്ന അവസാനത്തെ സമ്മാനങ്ങളായി അവനെ അകമ്പടി സേവിച്ചു.

* * * * * * * * * *

പുനരുത്ഥാനതോട്ടത്തില്‍ ഇരുട്ടുപരന്നു. ഉയര്‍ന്നുനില്ക്കുന്ന കുരിശുകള്‍ക്ക് ചുവടെ ആത്മാക്കള്‍ ശാന്തരായി ഉറങ്ങി. മാനുവല്‍ അവിടെ നിന്ന് പോയില്ല. എന്തോ അയാള്‍ക്ക് അവിടെ നിന്ന് പോകാന്‍ കഴിയുമായിരുന്നില്ല. അലനെ തനിച്ചാക്കിയിട്ട് തനിക്കെങ്ങനെ പോകാന്‍ കഴിയും? മഴയും കാറ്റും വന്ന് അവന്‍ നനഞ്ഞാലോ... ചൂടും വെയിലുമേറ്റ് അവന്‍ തളര്‍ന്നാലോ... അവന്‍ പാവം... ഒറ്റയ്ക്ക്... ആരൊക്കെ നിര്‍ബന്ധിച്ചിട്ടും മാനുവല്‍ അവിടെ നിന്ന് പോയില്ല. അയാളുടെ മാനസികാവസ്ഥയെയോര്‍ത്ത് എല്ലാവരും ആകുലരായി.

ഈ സമയം ആദിയും രോഹിതും അനുപമയോട് സംസാരിക്കുകയായിരുന്നു. അലന്റെ അവസാന മണിക്കൂറുകളെക്കുറിച്ചായിരുന്നു ഇടറിയും കരഞ്ഞും അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്.

''ഹോസ്പിറ്റലിലേക്ക് പോകുമ്പോ അവന് ഓര്‍മ്മയുണ്ടായിരുന്നു മിസ്സേ... ആംബുലന്‍സില്‍ വച്ച് അവന്‍ ഞങ്ങളോട് ഒരൊറ്റകാര്യമേ പറഞ്ഞുള്ളൂ. മിസിനെയും അങ്കിളിനെയും തമ്മില്‍ ഒന്നിപ്പിക്കണമെന്ന്... നിങ്ങടെ കൈ ചേര്‍ത്തുപിടിച്ചു തരണമെന്നായിരുന്നു അവന്റെ ആഗ്രഹം. അവന്‍ മൂലം തകര്‍ത്തത് അവനായിട്ടു തന്നെ...'' ആദി കരഞ്ഞു.

അനുപമ ഒരു വാക്കും പറയാതെ കണ്ണടച്ചുനിന്ന് കേള്‍ക്കുകയായിരുന്നു. അവളുടെ കണ്‍പോളകള്‍ക്കിടയിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

''മിസ്സിനെ അവന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നത് സത്യാ... പക്ഷേ അവന് അന്നാമ്മയെ സ്‌നേഹമായിരുന്നു. എന്നെങ്കിലും ഒരിക്കല്‍ അന്നാമ്മയെ ഒറ്റയ്ക്ക് കണ്ടുപിടിക്കുമെന്ന് അവന്‍ പറയാറുണ്ടായിരുന്നു. എന്നിട്ട് അവനായിട്ട് തകര്‍ത്തത് അവന്‍തന്നെ കൂട്ടിയോജിപ്പിക്കുമെന്ന്... അവന്‍ നിങ്ങള്‍ക്കൊക്കെ മോശക്കാരനായിരിക്കും. പക്ഷേ അവന്റെ മനസ്സ് നല്ലതായിരുന്നു മിസ്സേ... ദേഷ്യപ്പെട്ടാലും പിണങ്ങിയാലും എല്ലാം അവന്റെ മനസ്സില്‍ സ്‌നേഹമുണ്ടായിരുന്നു... എല്ലാം ഇങ്ങനെയൊക്കെ ആകുമെന്ന ആരും ഓര്‍ത്തില്ലല്ലോ മിസ്സേ... അതോണ്ട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇത്രേയുള്ളൂ. മിസ്സ് അങ്കിളിനെ ഉപേക്ഷിച്ചുപോകരുത്...''

''ഉപേക്ഷിക്കാനോ...'' അനുപമ ചിരിച്ചു.

''ചിലരെ ചില സങ്കടങ്ങളുടെ നിമിഷങ്ങളില്‍ ഒറ്റയ്ക്കാക്കണം. മറ്റൊന്നിനുമല്ല അവര്‍ക്കൊന്ന് പൊട്ടിക്കരയാന്‍... അച്ചൂട്ടന്റെ അപ്പ കരയട്ടെ... ആരും കാണാതെ കരയട്ടെ.''

''അപ്പോ...'' രോഹിതിന്റെ കണ്ണുകള്‍ തിളങ്ങി.

''അച്ചൂട്ടന്റെ അപ്പ തനിച്ചാകില്ല.'' അനുപമ തീര്‍ത്തുപറഞ്ഞു.

അപ്പോള്‍ പൊടുന്നനവെ മഴ പെയ്തുതുടങ്ങി. ആദി കാറിനുള്ളില്‍ നിന്ന് കുടയെടുത്ത് അനുപമയ്ക്കു നേരെ നീട്ടി. അനുപമ അതുമായി മാനുവലിന്റെ അടുക്കലേക്ക് ചെന്നു. തനിക്കു മീതെ സ്‌നേഹത്തിന്റെ കുടയുമായി അനുപമ നില്ക്കുന്നത് മാനുവല്‍ കണ്ടു. അയാളുടെ ശിരസിലും ദേഹത്തും വെള്ളമുണ്ടായിരുന്നു.

അനുപമ സാരിത്തുമ്പ് കൊണ്ട് അയാളുടെ ശിരസും മുഖവും തുടച്ചുകൊടുത്തു.

മാനുവല്‍ അതിശയത്തോടെ അവളെ നോക്കി.

''എന്താ ഇങ്ങനെ നോക്കുന്നത്...'' അനുപമ ചോദിച്ചു

''ഞാന്‍ കരുതി...'' മാനുവല്‍ പൂര്‍ത്തിയാക്കിയില്ല.

''വാ...'' അനുപമ അയാള്‍ക്ക് മീതെ കുട പിടിച്ച് പുറത്തേക്ക് നടന്നു. മഴ ശക്തമായി പെയ്തുകൊണ്ടിരുന്നു. പുനരുത്ഥാനത്തോട്ടത്തിന്റെ കവാടത്തിലെത്തിയപ്പോള്‍ അനുപമ അറിയാതെ മുഖംതിരിച്ച് അലന്റെ ശവകുടീരത്തിലേക്കു നോക്കി. അലന്‍ അവിടെ നില്ക്കുന്നതു പോലെ അവള്‍ക്ക് തോന്നി. പുഞ്ചിരിച്ചുകൊണ്ട് കരം വീശിക്കാണിക്കുന്നതു പോലെയും.

(നോവല്‍ ഇവിടെ പൂര്‍ണ്ണമാകുന്നു)

logo
Sathyadeepam Weekly
www.sathyadeepam.org