
കഥ ഇതുവരെ
ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി ചുമതലയേറ്റ അനുപമയെ സ്‌കൂളിലെ തന്നെ ഏറ്റവും അപകടകാരിയായ ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥി അലനെക്കുറിച്ചുളള വാര്‍ത്തകള്‍ അസ്വസ്ഥയാക്കുന്നു. കേട്ടറിവുകള്‍ ശരിവയ്ക്കുന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് അലന്റെ ക്ലാസ് അവളെ സ്വീകരിച്ചത്. അതിന്റെ നടുക്കം ആസ്തമരോഗിയായ അനുപമയെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലിന്റെയും അനുപമയുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലിന്റെയും നിര്‍ദേശാനുസരണം അവള്‍ ജോലി തുടരുന്നു. അലനും കൂട്ടുകാരും തമ്മിലുള്ള പല പല സംഭവങ്ങളിലൂടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന കൂട്ടുകാരി ക്കൊപ്പമാണ് അവള്‍ താമസിക്കുന്നത്.അധ്യാപകനായ നിഖില്‍ അനുപമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറയുന്നു. നിഖില്‍ ഇക്കാര്യം പ്രിയംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനുപമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതുന്നത്. പക്ഷേ സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയപ്പെ ടാത്ത രഹസ്യങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞു തുട ങ്ങുന്നു. സെന്റ് മേരിസ് ഓര്‍ഫനേജിലെ വാര്‍ഷികാഘോഷങ്ങ ളില്‍ നിന്നാണ് ഈ ഭൂതകാലവിവരണം ആരംഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് വിശിഷ്ട വ്യ ക്തികളിലൊരാളും അനാഥാലയത്തിലെ കുട്ടികളുടെ സ്‌പോണ്‍സറും വിഭാര്യനുമായ മാനുവല്‍. അയാളുടെ അഞ്ചുവയസ്സുകാരനായ മകനാണ് അച്ചൂട്ടന്‍. വിവിധ സന്ദര്‍ഭങ്ങളിലൂടെ അച്ചൂട്ടനുമായി അനുപമ അടുപ്പത്തിലാകുന്നു. തന്റെ മരിച്ചുപോയ അമ്മയുടെ ഛായയാണ് അനു പമയ്‌ക്കെന്ന് അച്ചൂട്ടന്‍ കണ്ടെത്തുന്നു. അവളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അവനാഗ്രഹിക്കുന്നു. അച്ചൂട്ടന് അനുപമയുമായുള്ള അടുപ്പം മാനുവലിനെ അസ്വസ്ഥനാക്കുന്നു. ഇക്കാര്യം തന്റെ സുഹൃത്ത് ഫാ. എബിയോട് മാനുവല്‍ പങ്കുവയ്ക്കുന്നു. പക്ഷേ എബിയച്ചന്‍ അത്തരമൊരു ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇമ്മാനുവേലച്ചന്‍ അനുപമയോട് വിവാഹക്കാര്യം സംസാരിക്കുന്നു. മാനുവലും അനുപമയും തമ്മിലുള്ള വിവാഹം നടക്കുന്നു. പക്ഷേ ഓരോ സംഭവങ്ങളിലൂടെ അനുപമയും അച്ചുവും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്നു. അച്ചൂട്ടനെ വീട്ടില്‍ നിന്ന് കാണാതാവുന്നു. അമ്മ വീട്ടില്‍ അഭയം തേടിയെത്തിയ അച്ചൂ ഇനി താന്‍ മാനുവലിന്റെ ഒപ്പമില്ലെന്ന് അറിയിക്കുന്നു. അച്ചൂട്ടനുവേണ്ടി മാനുവലും അനുപമയും പിരിയുന്നു. അനുപമ തന്റെ കഥ പ്രിയംവദയോട് പറഞ്ഞവസാനിപ്പിക്കുന്നു കഥ വീണ്ടും വര്‍ത്തമാനകാലത്തിലേക്ക്. ഒരു ദിവസം പ്രിയംവദയും അനുപമയുംകൂടി മാളില്‍ വച്ച് മാനുവലിന്റെ ആദ്യഭാര്യ സോണിയായുടെ സഹോദരന്‍ ടോണിയെയും അലനെയും കണ്ടുമുട്ടുന്നു. അച്ചൂട്ടനാണ് അലനെന്ന് അനുപമ തിരിച്ചറിയുന്നു. ടോണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുപമ പുറപ്പെടുന്നു.
''അച്ചൂട്ടന്‍..''
അലന്‍ നടുങ്ങിത്തരിച്ചുപോയി. കാലങ്ങള്‍ക്കിപ്പുറത്തു നിന്ന് ഏതോ ഒരു കാറ്റ് അവന്റെ കാതില്‍ വന്ന് മന്ത്രിക്കുന്നു. അച്ചൂട്ടന്‍... ടോണിയങ്കിള്‍ മാത്രമായിരുന്നു നിലവില്‍ അവനെ ആ പേര് വിളിച്ചിരുന്നത്. മറ്റെല്ലാവരും ആ പേര് എപ്പോഴേ വിസ്മരിച്ചുകളഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ സ്വാതന്ത്ര്യത്തോടെ, സ്‌നേഹത്തോടെ ഒരാള്‍ തന്നെ ആ പേര് വിളിച്ചിരിക്കുന്നു. അലന് വിശ്വസിക്കാനായില്ല. അനുപമ മിസിന് എങ്ങനെ തന്റെ പേര് മനസ്സിലായി. ഓര്‍മ്മകളുടെ താഴ്‌വരകളില്‍ അലന്‍ അലഞ്ഞുതിരിഞ്ഞു. അവന്റെ മനസ്സില്‍ ഒരു ബ്ലായ്ക്ക് ആന്റ് വൈറ്റ് ചിത്രമെന്നതുപോലെ ഒരു ചിത്രം തെളിഞ്ഞു. എന്തൊക്കെ ജീവിതത്തില്‍ പിന്നീട് സംഭവിച്ചുവെങ്കിലും ആ മുഖം മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. ഇല്ലാതായിട്ടുമില്ല.
''അ... അന്നാമ്മ...'' അലന്‍ ചൂണ്ടുവിരല്‍ നീട്ടി ചോദിച്ചു.
അനുപമ കരഞ്ഞുകൊണ്ട് തല ചലിപ്പിച്ചു. നിഖിലിനോ ഫാ. ഗബ്രിയേലിനോ കാര്യങ്ങള്‍ പിടിത്തം കിട്ടിയില്ല. അലനെ ഇത്രമാത്രം ദുര്‍ബലനും പരിക്ഷീണിതനുമായി അവരൊരിക്കലും മുമ്പ് കണ്ടിട്ടുമുണ്ടായിരുന്നില്ല. അവനിതെന്തുപറ്റിയെന്നായിരുന്നു അവരുടെ അമ്പരപ്പ്.
അനുപമയുടെ മാനസികാവസ്ഥ പ്രിയംവദയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. അവള്‍ അനുപമയ്ക്ക് മാനസികപിന്തുണ നല്കുന്ന രീതിയില്‍ അവളുടെ തോളത്ത് വെറുതെ കൈ വച്ചിട്ടുണ്ടായിരുന്നു.
പെട്ടെന്ന് അലന്‍ വെട്ടിത്തിരിഞ്ഞു. പിന്നെ ഡോര്‍ തളളിത്തുറന്ന് പുറത്തേക്ക് ഒറ്റയോട്ടമായിരുന്നു.
''അലന്‍...'' ഫാ. ഗബ്രിയേല്‍ ഉറക്കെ വിളിച്ചു. അവന്‍ അവിടെ നിന്നില്ല.
അനുപമ വായ്‌പൊത്തിക്കരഞ്ഞു.
''അനുപമ മിസ്... ഇതൊക്കെ എന്താണ്...'' ഗബ്രിയേലച്ചന്‍ അമ്പരപ്പോടെ ചോദിച്ചു.
''എനിക്ക്... എനിക്ക്...''
അനുപമയ്ക്ക് വാക്കുകള്‍ കിട്ടിയില്ല.
''പ്ലീസ് ഫാദര്‍...'' പ്രിയംവദ ഇടപെട്ടു. ഈ സമയം തന്നെയായിരുന്നു മാനുവല്‍ സ്‌കൂളിലെത്തിയതും. ഗബ്രിയേലച്ചന്‍ വിളിച്ചുവരുത്തിയതായിരുന്നു അയാളെ.
മുറിവേറ്റ ഒരു മൃഗത്തെപോലെ അലന്‍ കുതിച്ചുപാഞ്ഞ് വരാന്തയിലൂടെ വന്നത് മാനുവലിന്റെ മുമ്പിലേക്കായിരുന്നു. ഏതാനും ചുവടുകളുടെ വ്യത്യാസത്തില്‍ അവര്‍ പരസ്പരം മുഖം നോക്കി നിന്നു. അലന്റെ ഭാവമാറ്റവും നില്പും മാനുവലിനെ പരിഭ്രാന്തനാക്കി.
''മോനേ...'' മാനുവല്‍ വിളിച്ചു. ആ വിളി അലന്റെ ഹൃദയത്തിലാണ് വന്നുപതിച്ചത്. എത്രയോ നാളുകളായി അവര്‍ക്കിടയില്‍ സ്‌നേഹത്തിന്റെ പരാഗണങ്ങള്‍ നടക്കുന്നതേയുണ്ടായിരുന്നില്ല. സ്‌നേഹിക്കാന്‍ മറന്നുപോയവരെപോലെയായിരുന്നു അവര്‍. അല്ലെങ്കില്‍ അലനോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ മാനുവലിന് ഭയമായിരുന്നു. അവന്‍ ഏതുരീതിയിലാണ് പ്രതികരിക്കുകയെന്ന് അയാള്‍ക്കറിയില്ലായിരുന്നു. അകാരണമായിട്ടെന്നോണം അലന്‍ തന്നില്‍ നിന്നും അകന്നുപോയിരിക്കുന്നതായി അയാള്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ ഏതോ അപകടത്തില്‍ നിന്ന് ഓടിവന്ന മട്ടില്‍ ദുര്‍ബലനായി നില്ക്കുന്ന അലനെ കണ്ടപ്പോള്‍, ചിറകൊടിഞ്ഞു നില്ക്കുന്ന പക്ഷിയാണ് അവനെന്ന് അയാള്‍ക്ക് തോന്നി. കരുതലിന്റെയും സ്‌നേഹത്തിന്റെയും ഒരു പൊന്‍കരം മുമ്പൊരിക്കലും ആവശ്യമില്ലാത്ത മട്ടില്‍ അവനിപ്പോള്‍ വേണമെന്നും അയാള്‍ക്ക് തോന്നി. അതുകൊണ്ടാണ് അയാള്‍ അവനെ അങ്ങനെ വിളിച്ചത്. അത് ഹൃദയത്തില്‍ നിന്നുള്ള വിളിയായിരുന്നു.
''മോനേ...''
എന്തോ, ഇപ്പോള്‍ ആ വിളിക്ക് മുമ്പൊരിക്കലും തോന്നാത്ത സൗന്ദര്യമുണ്ടെന്ന് അലന് തോന്നി. ആ വിളിയും സ്‌നേഹവും ഇപ്പോള്‍ തനിക്കേറ്റവും ആവശ്യമുണ്ടെന്നും.
''അപ്പേ...'' അലന്‍ ഓടിവന്ന് മാനുവലിനെ കെട്ടിപിടിച്ചു.
സന്തോഷം കൊണ്ട് മാനുവലിന്റെ കണ്ണ് നിറഞ്ഞു. മുതിര്‍ന്നതിനു ശേഷം അലനൊരിക്കലും തന്നെ കെട്ടിപിടിച്ചിട്ടില്ലെന്ന് മാനുവലോര്‍ത്തു. പക്ഷേ ഇപ്പോള്‍...
''നിനക്കെന്തു പറ്റി മോനേ?'' മാനുവല്‍ വീണ്ടും ചോദിച്ചു.
അലന്‍ അതിന് ഉത്തരം പറയാതെ മാനുവലില്‍ നിന്നും അകന്നുമാറി മുന്നോട്ട് ഓട്ടം തുടര്‍ന്നു.
''അലന്‍...'' മുഖം തിരിച്ച് മാനുവല്‍ വിളിച്ചു. അലന്‍ നിന്നില്ല. മാനുവല്‍ ആശങ്കപ്പെട്ട് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് നടന്നു.
ഈ സമയം പ്രിന്‍സിപ്പല്‍ ഗബ്രിയേല്‍ തലയ്ക്ക് കൈകൊടുത്തിരിക്കുകയായിരുന്നു.
''അപ്പോ... അനുപമ മിസ്, മാനുവലിന്റെ ഭാര്യയായിരുന്നുവെന്നോ?'' അച്ചന്‍ ചോദിച്ചു. അനുപമ തലചലിപ്പിച്ചു. പ്രിയംവദ പറഞ്ഞ അനുപമയുടെ കഥ കേട്ട് നിഖിലും അന്തിച്ചുനില്ക്കുകയായിരുന്നു. അനുപമ തന്നോടു പറഞ്ഞത് വെറുമൊരു തമാശ മാത്രമാണെന്നു കരുതിയിരിക്കുകയായിരുന്നു. പക്ഷേ ഇപ്പോള്‍ മനസ്സിലാവുന്നു അത് മറ്റാരോ പറഞ്ഞതുപോലെ ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഏടായിരുന്നുവെന്നും അതിന്റെ വക്കില്‍ രക്തം പുരണ്ടിട്ടുണ്ടെന്നും.
വാതില്ക്കല്‍ മുട്ടുകേട്ടപ്പോള്‍ ഗബ്രിയേലച്ചന്‍ തലയുയര്‍ത്തി, വാതിലിനു നേരെ നോക്കി യെസ് എന്നു പറഞ്ഞു. അകത്തേക്കു കടന്നുവന്നത് മാനുവലായിരുന്നു. വല്ലാത്തൊരു നിസ്സഹായത അച്ചനെ പൊതിഞ്ഞു. അച്ചന്റെ കണ്ണുകള്‍ അറിയാതെയെന്നോണം അനുപമയുടെ നേരെതിരിഞ്ഞു. അനുപമ മാനുവലിനെ കണ്ടിരുന്നില്ല. അവള്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ ഒരു മൂലയ്ക്കലായി നില്ക്കുകയായിരുന്നു, ചിതറിയ ചിന്തകളുമായി... മാനുവലും മറ്റാരെയും കാണുകയുണ്ടായിരുന്നില്ല.
''ഫാദര്‍, അലന്...'' മാനുവല്‍ ആകാംക്ഷയോടെ ചോദിച്ചു
''ഇരിക്കൂ...'' അച്ചന്‍ ശാന്തതയോടെ അറിയിച്ചു
''എന്നോട് വരാന്‍ പറഞ്ഞത്...''
''പറയാം...'' അച്ചന്‍ കൈത്തലങ്ങള്‍ കൂട്ടിത്തിരുമ്മിക്കൊണ്ടിരുന്നു.
മാനുവലിന് അസ്വസ്ഥത പെരുകി.
''മിസ്സേ...'' അച്ചന്‍ വിളിച്ചു. അനുപമ കൈത്തലം കൊണ്ട് മുഖം തുടച്ച് അച്ചനു നേരെ നോക്കി.
''ഇത് മാനുവല്‍... അലന്റെ ഫാദര്‍... മാനുവല്‍ ഇത് അനുപമ മിസ്... പുതുതായി ജോയ്ന്‍ ചെയ്ത ടീച്ചറാണ്.''
അനുപമയും മാനുവലും വര്‍ഷങ്ങള്‍ക്കു ശേഷം പരസ്പരം ആദ്യമായി കണ്ടു. മാനുവല്‍ അറിയാതെ കസേരയില്‍ നിന്നെണീറ്റുപോയി. താന്‍ ഭൂമി പിളര്‍ന്ന് അപ്രത്യക്ഷയായിരുന്നുവെങ്കിലെന്ന് അനുപമ ആഗ്രഹിച്ചു.
* * * * * * * * * * * *
എത്ര ഓടിയിട്ടും ദൂരം കുറയുന്നില്ലല്ലോയെന്ന് അലന്‍ ആകുലപ്പെട്ടു. അവന്‍ ചെന്നുകയറിയത് ഹോസ്റ്റലിലെ തന്റെ മുറിയിലാണ്. ആ മുറി ലോകത്തിലേക്കും വച്ചേറ്റവും സുരക്ഷിതത്വം നല്കുന്ന ഒന്നാണെന്ന് അവന് തോന്നി.
''അപ്പ... അന്നാമ്മ...''
ഇരുവരുടെയും മുഖങ്ങള്‍ അവന്റെ മനസ്സിലൂടെ കടന്നുപോയി. ജീവിതം എത്രപെട്ടെന്നാണ് മാറിമറിയുന്നത്. അതായിരുന്നു അവന്റെ ചിന്ത.
''അലന്‍...'' ആദി കൃഷ്ണയും രാഹുലും പ്പോള്‍ അവന്റെ മുറിയിലേക്ക് വന്നു.
''നീയെന്താ റൂമില്‍ വന്നിരിക്കുന്നെ, നിനക്കെന്തുപറ്റി?''
ആദി ചോദിച്ചു. അവന്‍ നോക്കുമ്പോള്‍ അലന്‍ കരയുകയാണെന്ന് കണ്ടു. ആ കാഴ്ച അലനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാതിരുന്നതിനാല്‍ ആദിയുടെ അമ്പരപ്പ് വര്‍ദ്ധിച്ചു.
''പ്രിന്‍സിപ്പല്‍ നിന്നോട് എന്തു പറഞ്ഞു... നിന്നെ ഡിസ്മിസ് ചെയ്‌തോ?'' അതായിരുന്നു ആദിയുടെ സംശയം.
''ഡിസ്മിസ്...'' അലന്‍ ചിരിച്ചു.
''അതെനിക്ക്...'' പറയാന്‍ വന്നത് അലന്‍ പൂര്‍ത്തിയാക്കിയില്ല.
''എടാ ഞാനിന്ന് ഒരാളെ കണ്ടു...'' അലന്‍ മറ്റൊന്നാണ് പറഞ്ഞത്.
''ആരെ?''
''അന്നാമ്മയെ...''
''അന്നാമ്മ?'' ആദിക്ക് പെട്ടെന്ന് ഓര്‍മ്മവന്നില്ല. അടുത്ത നിമിഷം ആദി അത് ഓര്‍മ്മിച്ചെടുത്തു.
''എവിടെ വച്ച്... എന്നിട്ട്...''
''അന്നാമ്മ ആരാണെന്നറിയാമോ?'' അലന്‍ ആത്മനിന്ദയോടെ ചോദിച്ചു.
''നമ്മുടെ അനുപമ മിസ്...''
''ങ്?'' ആദി ഞെട്ടിപ്പോയി.
''അതെങ്ങനെ...''
''ഞാനെന്തൊരു വൃത്തികെട്ടവനാടാ... എന്തൊരു ദുഷ്ടനാടാ... അനുപമ മിസ്സിനോട് ഞാനെന്തെല്ലാമാ ചെയ്‌തെ...''
കുറ്റബോധം കൊണ്ട് അലന്‍ വല്ലാതെയായി.
''ഒന്നും... ഒന്നും അറിഞ്ഞുകൊണ്ടല്ലല്ലോ...'' ആദി ന്യായീകരിക്കാനും ആശ്വസിപ്പിക്കാനും ശ്രമിച്ചു.
''മഞ്ജിമ പറഞ്ഞതാടാ ശരി... നല്ലതുപോലെ വളരണമെങ്കില്‍, ജീവിക്കണമെങ്കില്‍ നല്ലൊരു അമ്മ കൂടെയുണ്ടാവണം. എനിക്ക് അതില്ലാതെ പോയി. അല്ല ഞാന്‍ കാരണം എല്ലാം എനിക്ക് നഷ്ടമായി. എല്ലാരേം ഞാന്‍ വേദനിപ്പിച്ചു. നിനക്കറിയാമോ, അന്നാമ്മയെ കണ്ട് എന്നെങ്കിലും മാപ്പ് പറയണമെന്ന് എനിക്കുണ്ടായിരുന്നു. ഇത്രയും കാലം എവിടെയൊക്കെയോ ഞാന്‍ അന്നാമ്മയെ അന്വേഷിക്കുന്നുണ്ടായിരുന്നു. എന്റേതായ രീതിയില്‍. പക്ഷേ ഞാന്‍ കണ്ടെത്തിയില്ല. കുട്ടിയായിരുന്നില്ലേ ഞാന്‍. എനിക്കെന്തറിയാന്‍. പക്ഷേ എല്ലാരും കൂടി എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി അന്നാമ്മയെ ഒഴിവാക്കി... അല്ല, ഇറക്കിവിട്ടു. ശരിയും തെറ്റും പറഞ്ഞുതരാനും തിരുത്താനും ആരും ഉണ്ടായിരുന്നില്ല. അതിനിടയ്ക്ക് മായചേച്ചീടെ ഒരു വക ക്ലാസും. സത്യത്തില്‍ അവരാണ് എന്റെ മനസ്സില്‍ ആദ്യമായി വിഷം കുത്തിവച്ചത്. ആ വിഷം എന്റെ മനസ്സിലും ശരീരത്തിലും ഒന്നുപോലെ പടര്‍ന്നുപിടിച്ചു. എന്നിട്ട് ആരെങ്കിലും എന്തെങ്കിലും നേടിയോ. നഷ്ടപ്പെടുത്തിയതല്ലാതെ. എന്റെ അപ്പ എന്നെ എന്തുമാത്രം സ്‌നേഹിച്ചിക്കുന്നുണ്ടെന്ന് എനിക്ക് ഇപ്പോഴാ മനസ്സിലാവുന്നെ. എനിക്കുവേണ്ടിയായിരുന്നു അപ്പ സെക്കന്റ് മാര്യേജ് നടത്തിയത്. എന്നിട്ട് അതേ അപ്പ എനിക്കുവേണ്ടി അന്നാമ്മയെ വേണ്ടെന്നും വച്ചു. ഇപ്പോ അന്നാമ്മ വേറെ വിവാഹം കഴിച്ചു കാണും. ഭര്‍ത്താവും കുട്ടികളും കാണും.''
''നീ അതോര്‍ത്ത് ടെന്‍ഷനടിക്കണ്ടാ.'' രാഹുല്‍ ഇടയ്ക്ക് കയറി.
''അനുപമ മിസിന് ഹസ്ബന്റും മക്കളുമില്ല. അത് ഷുവര്‍. മിസ് മാരീഡല്ലെന്നാണല്ലോ എല്ലാവരും പറയുന്നത്. ഇപ്പോ നീ പറയുമ്പോഴല്ലേ മിസ്സിന്റെ പുറകില്‍ ഇങ്ങനെയൊരു സ്റ്റോറി ഉണ്ടെന്ന് അറിയുന്നത് തന്നെ.''
അതുകേട്ടപ്പോള്‍ അലന് വല്ലാത്തൊരാശ്വാസം അനുഭവപ്പെട്ടു.
''എനിക്ക് അനുപമ മിസ്സിനെ കാണണം... അപ്പേം...''
''അങ്കിളിനെ വിളിച്ചാല്‍ പോരേ. ഞാന്‍ വിളിക്കാം.'' ആദി തന്റെ ഫോണെടുത്ത് മാനുവലിനെ വിളിച്ചു. പക്ഷേ നോട്ട് റീച്ചബിള്‍ എന്ന മെസേജാണ് കിട്ടിയത്.
''അപ്പ അന്നാമ്മയെ കണ്ടിട്ടുണ്ടാവും. അവര്‍ ഒരുമിച്ചായിരിക്കും, എനിക്കുറപ്പാ. എനിക്ക് പോണം.''
''ഇനി പുറത്തുപോകാന്‍ സെക്യൂരിറ്റി സമ്മതിക്കുമോ? വാര്‍ഡനച്ചന്‍ പെര്‍മിഷന്‍ തരുമോ?'' ആദി ചോദിച്ചു.
''അതിന് പുറത്തുപോകണമെന്ന് തോന്നുമ്പോഴൊക്കെ പെര്‍മിഷന്‍ വാങ്ങിയാണോ നമ്മള് പോകുന്നത്.'' അലന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
''ജംബ്?'' രാഹുല്‍ ചോദിച്ചു.
''യാ...'' അലന്‍ പറഞ്ഞു.
''സെറ്റ്...'' രാഹുലും ആദിയും അലനും കൈ അടിച്ചു.
മൂന്നുപേരും പതിവുപോലെ സമര്‍ത്ഥമായി മതിലിന് വെളിയിലെത്തി. കടന്നുപോയ ഒന്നു രണ്ടു വാഹനങ്ങള്‍ക്ക് കൈ കാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല. പിന്നെ വന്നത് ഒരു ബൈക്കായിരുന്നു. അലന്‍ കൈകാണിച്ചപ്പോള്‍ ബൈക്ക് കുറച്ചു മുന്നോട്ടുപോയതിനുശേഷം നിര്‍ത്തി. യാത്രക്കാരന്‍ പുറകോട്ട് മുഖം തിരിച്ചു ചോദിച്ചു.
''പോരാനാണോ...''
''യെസ്.'' അലന്‍ ഓടിച്ചെന്ന് പിന്നില്‍ കയറി.
''എടാ നമുക്ക് ഒരുമിച്ചുപോകാം. ടാക്‌സി വരും.'' ആദി തടഞ്ഞു.
''നോ ടൈം റ്റു വേസ്റ്റ്. നിങ്ങള് പുറകെ പോരേ. ഞാന്‍ അന്നാമ്മയുടെ അടുത്തുണ്ടാവും.''
കൈ വീശിക്കാണിച്ച് അലന്‍ മുന്നോട്ടുപോയി
''ച്ഛേ. അവനെ ഒറ്റയ്ക്ക് വിടണ്ടായിരുന്നു.'' ആദി ഇച്ഛാഭംഗപ്പെട്ടു.
അലന്‍ ബൈക്കില്‍ റോഡിന്റെ വളവ് തിരിയുന്നതുവരെ കൂട്ടുകാര്‍ നോക്കിനിന്നു. പിന്നെ അവര്‍ കേട്ടത് കാതടപ്പിക്കുന്ന ഒരു ശബ്ദവും നിലവിളിയുമായിരുന്നു.
''അലന്‍...'' കൂട്ടുകാര്‍ അലറിക്കരഞ്ഞുകൊണ്ട് ബൈക്ക് പോയ ഭാഗത്തേക്ക് കുതിച്ചു
(തുടരും)