
കഥ ഇതുവരെ
ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി ചുമതലയേറ്റ അനുപമയെ സ്‌കൂളിലെ തന്നെ ഏറ്റവും അപകടകാരി യായ ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥി അലനെക്കുറിച്ചുളള വാര്‍ത്ത കള്‍ അസ്വസ്ഥയാക്കുന്നു. കേട്ടറിവുകള്‍ ശരിവയ്ക്കുന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് അലന്റെ ക്ലാസ് അവളെ സ്വീക രിച്ചത്. അതിന്റെ നടുക്കം ആസ്തമരോഗിയായ അനുപമ യെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലിന്റെയും അനുപമയുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലിന്റെയും നിര്‍ദേശാനുസരണം അവള്‍ ജോലി തുടരുന്നു. അലനും കൂട്ടുകാരും തമ്മിലുള്ള പല പല സംഭവങ്ങളിലൂടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന കൂട്ടുകാരി ക്കൊപ്പമാണ് അവള്‍ താമസിക്കുന്നത്.അധ്യാപകനായ നിഖില്‍ അനുപമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറയുന്നു. നിഖില്‍ ഇക്കാര്യം പ്രിയംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനുപമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതുന്നത്. പക്ഷേ സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയപ്പെ ടാത്ത രഹസ്യങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞു തുട ങ്ങുന്നു. സെന്റ് മേരിസ് ഓര്‍ഫനേജിലെ വാര്‍ഷികാഘോഷങ്ങ ളില്‍ നിന്നാണ് ഈ ഭൂതകാലവിവരണം ആരംഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് വിശിഷ്ട വ്യ ക്തികളിലൊരാളും അനാഥാലയത്തിലെ കുട്ടികളുടെ സ്‌പോണ്‍സറും വിഭാര്യനുമായ മാനുവല്‍. അയാളുടെ അഞ്ചുവയസ്സുകാരനായ മകനാണ് അച്ചൂട്ടന്‍. വിവിധ സന്ദര്‍ഭങ്ങളിലൂടെ അച്ചൂട്ടനുമായി അനുപമ അടുപ്പത്തിലാ കുന്നു. തന്റെ മരിച്ചുപോയ അമ്മയുടെ ഛായയാണ് അനു പമയ്‌ക്കെന്ന് അച്ചൂട്ടന്‍ കണ്ടെത്തുന്നു. അവളെ തന്റെ വീട്ടി ലേക്ക് കൊണ്ടുപോകാന്‍ അവനാഗ്രഹിക്കുന്നു. അച്ചൂട്ടന് അനുപമയുമായുള്ള അടുപ്പം മാനുവലിനെ അസ്വസ്ഥനാ ക്കുന്നു. ഇക്കാര്യം തന്റെ സുഹൃത്ത് ഫാ. എബിയോട് മാനു വല്‍ പങ്കുവയ്ക്കുന്നു. പക്ഷേ എബിയച്ചന്‍ അത്തരമൊരു ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇമ്മാ നുവേലച്ചന്‍ അനുപമയോട് വിവാഹക്കാര്യം സംസാരിക്കു ന്നു. മാനുവലും അനുപമയും തമ്മിലുള്ള വിവാഹം നടക്കുന്നു. പക്ഷേ ഓരോ സംഭവങ്ങളിലൂടെ അനുപമയും അച്ചുവും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്നു. അച്ചൂട്ടനെ വീട്ടില്‍ നിന്ന് കാണാതാവുന്നു. അമ്മ വീട്ടില്‍ അഭയം തേടിയെത്തിയ അച്ചൂ ഇനി താന്‍ മാനുവലിന്റെ ഒപ്പമില്ലെന്ന് അറിയിക്കുന്നു. അച്ചൂട്ടനുവേണ്ടി മാനുവലും അനുപമയും പിരിയുന്നു. അനുപമ തന്റെ കഥ പ്രിയംവദയോട് പറഞ്ഞവസാനിപ്പിക്കുന്നു കഥ വീണ്ടും വര്‍ത്തമാനകാലത്തിലേക്ക്. ഒരു ദിവസം പ്രിയംവദയും അനുപമയുംകൂടി മാളില്‍ വച്ച് മാനുവലിന്റെ ആദ്യഭാര്യ സോണിയായുടെ സഹോദരന്‍ ടോണിയെയും അലനെയും കണ്ടുമുട്ടുന്നു. അച്ചൂട്ടനാണ് അലനെന്ന് അനുപമ തിരിച്ചറിയുന്നു. ടോണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുപമ പുറപ്പെടുന്നു.
''ഇരിക്കൂ.''
ടോണി അനുപമയോട് കൈ ചൂണ്ടി പറഞ്ഞു. അയാള്‍ക്ക് മുമ്പില്‍ നില്ക്കുകയായിരുന്നു അനുപമ. പതിവിലും വ്യത്യസ്തമായിരുന്നു അവളുടെ രൂപവും വേഷവും. സാരിയായിരുന്നു വേഷം. സാരിത്തുമ്പുകൊണ്ട് അവള്‍ ദേഹം പുതച്ചിരുന്നു. മുഖത്തിന് ഗൗരവം വരാന്‍ വേണ്ടി ഒരു കട്ടിക്കണ്ണടയും വച്ചിട്ടുണ്ടായിരുന്നു. മുടിയാകട്ടെ ചീകി കെട്ടിവച്ചിരിക്കുകയായിരുന്നു.
''താങ്ക്‌സ്.'' അനുപമ കസേര വലിച്ചിട്ട് ടോണിക്ക് മുമ്പിലിരുന്നു. നഗരത്തിലെ മുന്തിയ റെസ്റ്ററന്റുകളിലൊന്നിലായിരുന്നു ആ കൂടിക്കാഴ്ച. ചില്ലുപാളികള്‍ മറച്ച റെസ്റ്റോറന്റിന്റെ അകത്തിരുന്നാല്‍ പുറത്ത്, റോഡിലൂടെ പോകുന്ന ആളുകളെയും വാഹനങ്ങളെയും കാണാന്‍ കഴിയുമായിരുന്നു.
''എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.'' അനുപമയെ സാകൂതം നോക്കി ടോണി പറഞ്ഞു.
''എനിക്കും.'' അനുപമ ടോണിയുടെ മുഖത്തുനിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
''കഴിഞ്ഞ ദിവസം കണ്ടതിനെക്കാള്‍ പിന്നെയും അനുപമ മാറിപ്പോയി.''
അനുപമ അതിന് മറുപടി പറഞ്ഞില്ല.
''എനിവേ. കണ്‍ഗ്രാറ്റ്‌സ്.''
ടോണി അനുപമയ്ക്ക് നേരെ കൈനീട്ടി
''എന്തിന്?'' അയാള്‍ നീട്ടിയ കരത്തില്‍ ചെറുതായി മാത്രം സ്പര്‍ശിച്ചുകൊണ്ട് അനുപമ ചോദിച്ചു.
''ഇവിടെവരെ ഇങ്ങനെ എത്തിയതിന്. ആദ്യമായി ഞാന്‍ കണ്ട അനുപമ. പേടിച്ചുവിറച്ച മാന്‍പേടയെപോലെയായിരുന്നു.''
''സിംഹത്തിന്റെ മുമ്പില്‍അകപ്പെട്ടതുപോലെയെന്നു കൂടി പറയണം.'' അനുപമ കൂട്ടിച്ചേര്‍ത്തു.
''എക്‌സാറ്റ്‌ലി.'' ടോണി ഉറക്കെചിരിച്ചു.
''പക്ഷേ അനുപമ കരുതുംപോലെ എനിക്ക് അനുപമയോട് ദേഷ്യമോ പകയോ ഇല്ല കേട്ടോ. അന്നും ഇന്നും.''
അത് ശരിയായിരിക്കാംഎന്ന് അനുപമയ്ക്കും തോന്നി. ടോമിയുടെയും റോണിയുടെയും കണ്ണുകളിലെ ദേഷ്യവും പകയുമായി തട്ടിച്ചുനോക്കുമ്പോള്‍ അന്നും ടോണിയുടെ കണ്ണുകളില്‍ അനുകമ്പയുണ്ടായിരുന്നു, സ്‌നേഹവും.
ആരും വിഷമിക്കരുതെന്നായിരുന്നു എന്റെ എന്നത്തെയും ആഗ്രഹം, മാനുവലിനെയോ അനുപമയെയോ എന്തിന് അച്ചൂട്ടനെയോ പോലും ഞാന്‍ കുറ്റംപറയുന്നില്ല. പക്ഷേ ഞാന്‍ എന്നെ അന്നും ഇന്നും കുറ്റപ്പെടുത്തും. എന്റെ ചേട്ടന്മാരെയും. കുറെക്കൂടി കാര്യങ്ങളെ ശാന്തതയോടും സഹിഷ്ണുതയോടും കൂടി കാണാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ക്കാര്‍ക്കും ജീവിതം നഷ്ടപ്പെടുകയില്ലായിരുന്നുവെന്ന്. അച്ചൂട്ടന്‍ ഇത്രത്തോളംമാറിപ്പോവുകയില്ലായിരുന്നുവെന്ന്. സോണിയയ്ക്ക് പകരം നല്ലൊരു അമ്മയാകാന്‍ അനുപമയ്ക്ക് കഴിയുമായിരുന്നു. ഞാന്‍ കരുതുന്നത്് ഇനിയും സമയം കഴിഞ്ഞുപോയിട്ടില്ലെന്നാണ്.''
''എങ്ങനെ?'' അനുപമ ചോദിച്ചു.
''അച്ചൂട്ടനെ തിരിച്ചുപിടിക്കാന്‍, അവനെ നേര്‍വഴിക്കു കൊണ്ടുവരാന്‍ അനുപമയ്ക്ക് ഇപ്പോഴും കഴിയുമെന്ന്...''
അതുകേട്ട് അനുപമ ചിരിച്ചു.
''മോശയും പ്രവാചകന്മാരും ഉളളപ്പോള്‍ മരിച്ചവരുടെയിടയില്‍ നിന്ന് ഒരാള്‍ വരേണ്ട ആവശ്യമുണ്ടോ?''
അനുപമ ചോദിച്ചു.
ഉം. ടോണി തല ചലിപ്പിച്ചു. ''ശരിയാണ്. പക്ഷേ മോശയും പ്രവാചകന്മാരും തോല്‍വി സമ്മതിച്ച സ്ഥിതിക്ക് മരിച്ചവരുടെയിടയില്‍ നിന്ന് ഒരാള്‍ വന്നാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ ശരിയാകുമായിരിക്കും.''
''എന്തോ എനിക്ക് തോന്നുന്നില്ല.'' അനുപമ ദീര്‍ഘമായി നിശ്വസിച്ചു.
''ഞാന്‍ പരാജയപ്പെട്ടവളാണ്, വെറുക്കപ്പെട്ടവളും. എനിക്ക് ഇനി ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മാത്രവുമല്ല എനിക്ക് സത്യത്തില്‍ അലനെ പേടിയാണ്. അവന്‍ ഇപ്പോള്‍ ഏതിനും പോരുന്ന വിധത്തില്‍ വളര്‍ന്നിട്ടുണ്ട്. അവന്റെ ജീവിതത്തിലേക്ക് ഇനിയും എനിക്കു കടന്നുവരാന്‍ കഴിയില്ല. അവന്‍ ചിലപ്പോള്‍ എന്നെതന്നെ ഇല്ലാതാക്കിയേക്കും.''
''എന്നാര് പറഞ്ഞു?'' ടോണി തര്‍ക്കിച്ചു.
''ഇപ്പോഴും അവന് അനുപമയോട് വെറുപ്പാണെന്നാണോ വിചാരം? ഒരിക്കലുമല്ല. സംഭവിച്ചുപോയതിലെല്ലാം അവന് വിഷമമുണ്ട്. ഇന്ന് അവന്റെ പ്രശ്‌നം എന്താണെന്നറിയാമോ? കുറ്റബോധം. താന്‍ കാരണം അന്നാമ്മ അവന് ഇല്ലാതായി. അപ്പയും മകനും തമ്മിലുള്ള ഏതോ കശപിശക്കിടയില്‍ നീയാണ് എല്ലാറ്റിനും കാരണമെന്ന് ഒരിക്കല്‍ മാനുവല്‍ അറിയാതെ പറഞ്ഞുപോയി. അവന്റെ ജനനത്തോടെ സോണിയ പോയി. അവന്റെ വാശിയും ഈഗോയുംകാരണം അനുപമയും. മാനുവലിന്റെ ആ വാക്ക് അച്ചൂട്ടനെ സംബന്ധിച്ചിടത്തോളം വളരെ വലിയ മുറിവായിരുന്നു. അതോടെയാണ് സ്‌നേഹം കൊണ്ടുപോലും അവനെ പിടിച്ചാല്‍ പിടികിട്ടാത്ത വിധത്തിലായിരിക്കുന്നത്. ഇന്ന് അപ്പയും മകനും തമ്മില്‍ നല്ല ബന്ധമില്ല. ഇങ്ങനെയെല്ലാം സംഭവിച്ചതോര്‍ത്ത് മാനുവലും വിഷമിക്കുന്നുണ്ട്. സത്യത്തില്‍ അയാളുടെ കാര്യം വളരെ കഷ്ടമല്ലേ. അയാള്‍ക്ക് ആരെങ്കിലുമുണ്ടോ? സ്‌നേഹിച്ചുവിവാഹം കഴിച്ചു. അവള്‍ എന്റെ പെങ്ങള്‍ കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് അയാളെ വിട്ടുപോയി. പിന്നെ അനുപമ. മകനും രണ്ടാം ഭാര്യയും എന്ന മട്ടിലുള്ള കണക്കെടുപ്പില്‍ അയാള്‍ മകനുവേണ്ടി അനുപമയെ ഉപേക്ഷിച്ചു. പറയുമ്പോ ശരിയാ അയാള്‍ ക്രൂരതയാണ് കാണിച്ചതെന്ന് തോന്നും. എന്നാല്‍ അതിന്റെ പേരില്‍ അയാള്‍ അനുഭവിച്ച മാനസികസംഘര്‍ഷം നമുക്ക് ഊഹിക്കാനാവുമോ? എല്ലാവരില്‍ നിന്നും അയാള്‍ സഹിച്ച വേദനകള്‍. ആര്‍ക്കുവേണ്ടി അനുപമയെ ഉപേക്ഷിച്ചുവോ ആ ആള്‍തന്നെ മാനുവലിനെ ഇപ്പോള്‍ ഉപേക്ഷിച്ചമട്ടാണ്. ഇതൊക്കെ ഒരു മനുഷ്യന് എത്രത്തോളം താങ്ങാനാവും? ശരിയാ ഓരോരുത്തരും അവരവരുടെ ഭാഗം മാത്രമേ ചിന്തിച്ചുള്ളൂ. മറ്റെയാളുടെ ഭാഗത്തുനിന്ന് ചിന്തിച്ചില്ല. അങ്ങനെയൊരു ചിന്തകൂടി ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ എല്ലാവരും സന്തോഷത്തില്‍ജീവിക്കുമായിരുന്നു. പക്ഷേ എനിക്ക് പ്രതീക്ഷയുണ്ട്...''
ടോണി നിര്‍ത്തി.
അതെന്ത് എന്ന മട്ടില്‍ അനുപമ അയാളെ നോക്കി.
''അനുപമ വിചാരിച്ചാല്‍ വീണ്ടും എല്ലാം പഴയതുപോലെയാകുമെന്ന്. അല്ലെങ്കില്‍ നമ്മള്‍ തമ്മില്‍ ഇവിടെ ഇങ്ങനെ കണ്ടുമുട്ടുകയില്ലായിരുന്നു. അനുപമയെന്താണ് ഒന്നും പറയാത്തത്?''
ടോണി ആകാംക്ഷയോടെ അനുപമയെ നോക്കി.
''ശരിയാണ്, ഞാന്‍ പറയുന്ന കാര്യങ്ങള്‍ പെട്ടെന്ന്ഉള്‍ക്കൊള്ളാനോ സ്വീകരിക്കാനോ അനുപമയ്ക്ക് കഴിയില്ല. കാരണം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അത്രയ്ക്കു ബുദ്ധിമുട്ട് എല്ലാവരും അനുപമയ്ക്ക് നല്കിയിട്ടുണ്ട്.''
അത് ശരിവയ്ക്കുംമട്ടില്‍ അനുപമ ചിരിച്ചു. അവളുടെ കണ്ണില്‍ പക്ഷേ കണ്ണീരുണ്ടായിരുന്നു.
അനുപമ ഇരിപ്പിടത്തില്‍ നിന്നെണീറ്റു.
''തല്ക്കാലം അച്ചൂട്ടന്‍ ഒന്നും അറിയണ്ട. കോഴ്‌സ് തീരാന്‍ ഇനിയും കുറച്ചുനാള്‍കൂടിയുണ്ടല്ലോ. അതിനിടയില്‍ അവന്റെ ലൈഫില്‍ ചെയ്ഞ്ചസ് വരുത്താന്‍ അനുപമയ്ക്ക് കഴിയുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.'' ടോണി പറഞ്ഞു. അയാളോട് യാത്രപോലും ചോദിക്കാതെ അനുപമ തിരികെ നടന്നു. അവളുടെ ഹൃദയത്തില്‍ വല്ലാത്ത ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇനിയും എന്തൊക്കെയോ തന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ ബാക്കി നില്ക്കുന്നുണ്ടെന്ന് അവള്‍ ഭയപ്പെട്ടു. ആ ഭയത്തിന്റെ ഭാരം വല്ലാത്തതായിരുന്നു.
* * * * * * * * * *
വാഷ് റൂമില്‍ പോയതിന് ശേഷം കൂട്ടുകാരി അഞ്ജനക്കൊപ്പം തിരികെ ക്ലാസ് മുറിയിലേക്ക് നടക്കുകയായിരുന്നു മഞ്ജിമ. ഇരുവരും എന്തോ പറഞ്ഞ് ചിരിക്കുന്നുമുണ്ടായിരുന്നു. അപ്പോഴാണ് വരാന്തയില്‍ അവര്‍ക്ക് മുമ്പിലായി അലന്‍ പ്രത്യക്ഷപ്പെട്ടത്. ഉള്ളിലെ അങ്കലാപ്പ് മറച്ചുവച്ചുകൊണ്ട് മഞ്ജിമ ധൈര്യം സംഭരിച്ച് ചോദ്യഭാവത്തില്‍ അവനെ നോക്കി. അലന്‍ ഹൃദ്യമായി ചിരിച്ചു.
എനിക്കൊരു കാര്യം പറയാനുണ്ട്. അലന്‍ അറിയിച്ചു.
എന്തുകാര്യം എന്ന് തിടുക്കത്തില്‍ ചോദിച്ച മഞ്ജിമ തൊട്ടടുത്ത നിമിഷം പറഞ്ഞു,
''എനിക്കൊരു കാര്യവും കേള്‍ക്കണ്ട.''
അവള്‍ മുമ്പോട്ടു നടക്കാന്‍ തുടങ്ങി. പെട്ടെന്ന് അവളുടെ വഴി തടഞ്ഞിട്ടെന്നോണം അലന്‍ മുമ്പില്‍ കയറി നിന്നു. കുട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നുപോകുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഇന്റര്‍വെല്‍ ടൈം അവസാനിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള മണി മുഴങ്ങി. വരാന്തയിലുണ്ടായിരുന്ന കുട്ടികള്‍ വേഗം ക്ലാസ് മുറികളിലേക്ക് മടങ്ങാന്‍ തിടുക്കപ്പെട്ടു.
''എനിക്ക് പോണം അലന്‍.'' മഞ്ജിമ പറഞ്ഞുകൊണ്ട് അവനെ മറികടന്നുപോകാന്‍ ശ്രമിച്ചു.
''എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞില്ലേ...''
അലന്റെ ടോണ്‍ മാറി.
''നീ പൊയ്‌ക്കോ...'' അലന്‍ കൂട്ടുകാരിയോട് പറഞ്ഞു.
കൂട്ടുകാരി നിസ്സഹായതയോടെ മഞ്ജിമയെ നോക്കി. തന്നെ തനിച്ചാക്കി പോകരുതേയെന്ന മട്ടില്‍ മഞ്ജിമ കൂട്ടുകാരിയെ നോക്കി.
''ഊം പോകാന്‍...'' അലന്‍കൂട്ടുകാരിയോട് വീണ്ടും ആവശ്യപ്പെട്ടു. അഞ്ജന ഒറ്റയോട്ടം വച്ചുകൊടുത്തു. അവളുടെ ഓട്ടം തിരിഞ്ഞുനോക്കി കണ്ട അലന്‍ ചിരിച്ചു.
മഞ്ജിമയെ പരിഭ്രമം വിഴുങ്ങി. വരാന്ത വിജനമായിക്കഴിഞ്ഞിരുന്നു.
''എന്തായിത് അലന്‍?'' മഞ്ജിമ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.
''എനിക്ക് ക്ലാസില്‍ പോണം.''
''പൊയ്‌ക്കോ. പക്ഷേ അതിനുമുമ്പ് നീയെനിക്കൊരു കാര്യം ചെയ്തുതരണം. നിന്റെ കൂട്ടുകാരനുണ്ടല്ലോ ദീപക്, അവന്‍ പറഞ്ഞത് നീയെനിക്ക് തരണം.''
''എന്ത്?'' മഞ്ജിമ ആന്തലോടെ ചോദിച്ചു
''നിന്നെ ഞാന്‍ എന്തോ ചെയ്‌തെന്നോ അങ്ങനെയെന്തെല്ലാമോ ആണല്ലോ അവന്‍ പറഞ്ഞത്.''
''പക്ഷേ ഞാന്‍ പറഞ്ഞില്ലല്ലോ.''
''ഇല്ല. അതുകൊണ്ടല്ലേ ഇപ്പോ നിന്നോട് നേരില്‍ ചോദിച്ചത്. കഴിഞ്ഞ ദിവസംവരെ എനിക്ക് നിന്നോട് മറ്റാരോടും തോന്നാത്ത ദിവ്യപ്രണയമുണ്ടായിരുന്നു. അതുകൊണ്ടാ നിന്നെ മറ്റൊരു രീതിയിലും അപ്രോച്ച് ചെയ്യാതിരുന്നത്. ബട്ട് നീയെന്നോട് പറഞ്ഞല്ലോ നീയെന്നെ ഒരിക്കലും സ്‌നേഹിക്കുകയോ മാരീ ചെയ്യുകയോ ഇല്ലെന്ന്. അപ്പോ നിന്നോടുള്ള ആറ്റിറ്റിയൂഡിലും എനിക്ക് മാറ്റം വന്നു. എനിക്ക് ഇപ്പോ നിന്നോട് ലവ് അല്ല ലസ്റ്റാ. ഇവിടെ വച്ച് നിനക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ പറയുന്നിടത്ത് വന്നാല്‍ മതി.''
''നോ. നെവര്‍.'' മഞ്ജിമ ഉറക്കെ പറഞ്ഞു.
അലന്‍ പൊട്ടിചിരിച്ചുകൊണ്ട് പോക്കറ്റില്‍ കിടന്ന മൊബൈല്‍ എടുത്തു അവള്‍ക്ക് നേരെ നീട്ടി.
''ലുക്ക് ഹിയര്‍. ഇതു കണ്ടോ.''
അവന്‍ ഒരു വീഡിയോ പ്ലേ ചെയ്തു.
''കഴിഞ്ഞ ആന്വല്‍ ഡേയ്ക്ക് ഡാന്‍സ് കഴിഞ്ഞു വന്ന് നീ ഡ്രസ് ചെയ്ഞ്ച് ചെയ്യുന്നതാ.''
മഞ്ജിമ ഞെട്ടിപ്പോയി.
''ഇതുമാത്രമല്ല വേറെയും പലതുണ്ട്. കാണണോ?''
മഞ്ജിമയ്ക്ക് തലകറങ്ങുന്നതുപോലെ തോന്നി. അവള്‍ പിന്നിലേക്ക് മാറി ഭിത്തിയില്‍ ചാരി നിന്നു.
''ഞാന്‍ പറയുന്നത് അനുസരിച്ചാല്‍ നിനക്ക് നല്ലത്. അല്ലെങ്കില്‍ ഇതെല്ലാം ഞാന്‍ വൈറലാക്കും. പോണ്‍ സൈറ്റില്‍ വരെ.''
മഞ്ജിമയ്ക്ക് കരയാന്‍ പോലും കഴിഞ്ഞില്ല.
''പെട്ടെന്നാണ് അലന്റെ പിന്നില്‍ നിന്ന് ഒരു കൈ പാഞ്ഞുവന്ന് ആ മൊബൈല്‍ തട്ടിപ്പറിച്ചത്. അപ്രതീക്ഷിതമായിരുന്നതിനാല്‍ ചെറുതായിട്ടുപോലും അലന് പ്രതിരോധിക്കാനായില്ല. പ്രിന്‍സിപ്പല്‍ ഗബ്രിയേല്‍ ആയിരുന്നു അത്. തിരിഞ്ഞു നോക്കിയ അലന്‍ അച്ചനു പിന്നില്‍ അഞ്ജനയെയും കണ്ടു.
മഞ്ജിമയ്ക്ക് ആശ്വാസം തോന്നി. അവള്‍ ഓടിച്ചെന്ന് അഞ്ജനയെ കെട്ടിപിടിച്ചുകരഞ്ഞു.
''വാട്ട് ഹാപ്പന്‍ഡ്?'' അച്ചന്‍ അലനോട് ചോദിച്ചു.
അലന്‍ നിസ്സാരമായി ഒന്നുമില്ലെന്ന മട്ടില്‍ ചുമല്‍ ചലിപ്പിച്ചു.
''ക്ലാസില്‍ മൊബൈല്‍ അലൗഡല്ലെന്ന് നിനക്കറിയില്ലേ? പിന്നെയെന്തിനാണ് നീ...''
അച്ചന്‍ ദേഷ്യം കൊണ്ട് ചുവന്നു. അലന്‍ അതിനെ അവഗണിച്ചുകൊണ്ട് ചുണ്ടുകോട്ടി.
''നിനക്കുള്ള എല്ലാ വാണിംങും ഇതോടെ അവസാനിച്ചു. ഇനിയൊരു നിമിഷം കൂടി നിന്നെ ഞാനിവിടെ നിര്‍ത്തില്ല. നീ കുട്ടികള്‍ക്ക് മാത്രമല്ല ഈ സ്‌കൂളിന് തന്നെ ശാപമാ. നിന്നെ പേടിച്ച് ഇവിടെയെങ്ങനെ കുട്ടികള്‍ പഠിക്കും? നിന്റെ ഫാദറിനെയോര്‍ത്താ ഞാന്‍ ഇതുവരെയും നിന്നോട് അല്പം പരിഗണന കാണിച്ചത്. ഇനി അതുമില്ല. അര്‍ഹിക്കുന്നവര്‍ക്കേ എന്തും കൊടുക്കാവൂ. സൗജന്യം പോലൂം. യൂ ഡിസേര്‍വ് നത്തിംങ് ബെറ്റര്‍. ബിക്കോസ് യൂ... യൂ ആര്‍ സോ... ഇപ്പോ ഈ നിമിഷം ഞാന്‍ അയാളെ വിളിച്ചുവരുത്തും. മാനുവലിനെ... കം...'' അലനോട് അത്രയും പറഞ്ഞിട്ട് അച്ചന്‍ അവന്റെ മൊബൈലുമായി തിടുക്കത്തില്‍ ഓഫീസ് റൂമിലേക്ക് നടന്നു. അലന്‍ അച്ചനെ പിന്തുടര്‍ന്നു.
* * * * * * * * * *
''പാസ്‌വേര്‍ഡോ പാറ്റേണോ എന്താന്നുവച്ചാ പറഞ്ഞുകൊടുക്ക്.'' അലനോട് അച്ചന്‍ പറഞ്ഞു.
''എനിക്കിതൊന്നും കാണാന്‍ വയ്യാത്തോണ്ടാ. നിങ്ങളാരെങ്കിലും അവന്റെ ഫോണൊന്ന് സേര്‍ച്ച് ചെയ്യ്.''
അച്ചന്‍ അനുപമയുടെ കൈയിലേക്ക് ഫോണ്‍കൊടുത്തു. പ്രിന്‍സിപ്പലിന്റെ മുറിയില്‍ അനുപമയും നിഖിലും പ്രിയംവദയുമുണ്ടായിരുന്നു. മൊബൈല്‍ ഏറ്റുവാങ്ങുമ്പോള്‍ അനുപമയുടെ കരം വിറയ്ക്കുന്നുണ്ടായിരുന്നു. എന്തൊക്കെയായിരിക്കും താന്‍ കാണേണ്ടിവരിക എന്ന ആശങ്കയും നടുക്കവുമായിരുന്നു അവള്‍ക്ക്. അനുപമയുടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് അലന്‍ പാറ്റേണ്‍ വരച്ചുകൊടുത്തു. രഹസ്യങ്ങളുടെ കലവറയിലേക്ക് താന്‍ പ്രവേശിക്കുകയാണെന്ന തിരിച്ചറിവോടെ അനുപമ ഫോണിലേക്ക് നോക്കി. അവള്‍ ഞെട്ടിപ്പോയി. മൊബൈല്‍ സ്‌ക്രീന്‍ സേര്‍വറായി അവള്‍ കണ്ടത് താനുംഅച്ചൂട്ടനുമൊത്തുളള പഴയൊരു ഫോട്ടോയായിരുന്നു. സെന്റ് മേരീസില്‍ വന്ന നാളുകളിലെന്നോ എടുത്ത ഫോട്ടോ. എന്തൊരു നിഷ്‌ക്കളങ്കതയായിരുന്നു അവന്റെ മുഖത്തെന്ന് നഷ്ടബോധത്തോടെ അനുപമയോര്‍ത്തു. അവളുടെ കണ്ണ് നിറഞ്ഞു. അവള്‍ക്ക് പിടിച്ചു നില്ക്കാനായില്ല. തൊണ്ട ഇടറി, കണ്ണു നിറഞ്ഞ് അലനെ നോക്കി അനുപമ വിളിച്ചു.
''അച്ചൂട്ടാ...''
(തുടരും)