ചില്ല് - 25

നോവലിസ്റ്റ്: വിനായക് നിര്‍മ്മല്‍
ചില്ല് - 25

കഥ ഇതുവരെ

ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി ചുമതലയേറ്റ അനുപമയെ സ്‌കൂളിലെ തന്നെ ഏറ്റവും അപകടകാരി യായ ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥി അലനെക്കുറിച്ചുളള വാര്‍ത്ത കള്‍ അസ്വസ്ഥയാക്കുന്നു. കേട്ടറിവുകള്‍ ശരിവയ്ക്കുന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് അലന്റെ ക്ലാസ് അവളെ സ്വീക രിച്ചത്. അതിന്റെ നടുക്കം ആസ്തമരോഗിയായ അനുപമ യെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലിന്റെയും അനുപമയുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലിന്റെയും നിര്‍ദേശാനുസരണം അവള്‍ ജോലി തുടരുന്നു. അലനും കൂട്ടുകാരും തമ്മിലുള്ള പല പല സംഭവങ്ങളിലൂടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന കൂട്ടുകാരി ക്കൊപ്പമാണ് അവള്‍ താമസിക്കുന്നത്.അധ്യാപകനായ നിഖില്‍ അനുപമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറയുന്നു. നിഖില്‍ ഇക്കാര്യം പ്രിയംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനുപമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതുന്നത്. പക്ഷേ സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയപ്പെ ടാത്ത രഹസ്യങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞു തുട ങ്ങുന്നു. സെന്റ് മേരിസ് ഓര്‍ഫനേജിലെ വാര്‍ഷികാഘോഷങ്ങ ളില്‍ നിന്നാണ് ഈ ഭൂതകാലവിവരണം ആരംഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് വിശിഷ്ട വ്യ ക്തികളിലൊരാളും അനാഥാലയത്തിലെ കുട്ടികളുടെ സ്‌പോണ്‍സറും വിഭാര്യനുമായ മാനുവല്‍. അയാളുടെ അഞ്ചുവയസ്സുകാരനായ മകനാണ് അച്ചൂട്ടന്‍. വിവിധ സന്ദര്‍ഭങ്ങളിലൂടെ അച്ചൂട്ടനുമായി അനുപമ അടുപ്പത്തിലാ കുന്നു. തന്റെ മരിച്ചുപോയ അമ്മയുടെ ഛായയാണ് അനു പമയ്‌ക്കെന്ന് അച്ചൂട്ടന്‍ കണ്ടെത്തുന്നു. അവളെ തന്റെ വീട്ടി ലേക്ക് കൊണ്ടുപോകാന്‍ അവനാഗ്രഹിക്കുന്നു. അച്ചൂട്ടന് അനുപമയുമായുള്ള അടുപ്പം മാനുവലിനെ അസ്വസ്ഥനാ ക്കുന്നു. ഇക്കാര്യം തന്റെ സുഹൃത്ത് ഫാ. എബിയോട് മാനു വല്‍ പങ്കുവയ്ക്കുന്നു. പക്ഷേ എബിയച്ചന്‍ അത്തരമൊരു ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇമ്മാ നുവേലച്ചന്‍ അനുപമയോട് വിവാഹക്കാര്യം സംസാരിക്കു ന്നു. മാനുവലും അനുപമയും തമ്മിലുള്ള വിവാഹം നടക്കുന്നു. പക്ഷേ ഓരോ സംഭവങ്ങളിലൂടെ അനുപമയും അച്ചുവും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്നു. അച്ചൂട്ടനെ വീട്ടില്‍ നിന്ന് കാണാതാവുന്നു. അമ്മവീട്ടില്‍ അഭയം തേടിയെത്തിയ അച്ചൂ ഇനി താന്‍ മാനുവലിന്റെ ഒപ്പമില്ലെന്ന് അറിയിക്കുന്നു.

(ഇനി തുടര്‍ന്നുവായിക്കുക...)

''ഞാന്‍ ഇനി ആ വീട്ടിലേക്ക് വരുന്നില്ല. അപ്പേം അന്നാമ്മേം കൂടി അവിടെ സുഖമായി ജീവിച്ചോ... എന്നെ നോക്കണ്ടാ...'' മാനുവലിന്റെ കാതുകള്‍ക്ക് ചുറ്റും തേനീച്ചകളെന്നപോലെ വാക്കുകള്‍ ആര്‍ത്തലയ്ക്കുകയും മുരളുകയും ചെയ്തു. തന്നെ കുത്തിമുറിവേല്പിക്കുന്ന വിഷമുള്ളുകള്‍. ദൈവമേ. മാനുവല്‍ തളര്‍ന്നു. എവിടെയെങ്കിലും ചെന്നിരിക്കണമെന്ന് അയാളാഗ്രഹിച്ചു. പക്ഷേ തകര്‍ന്നും തളര്‍ന്നും നില്ക്കുക മാത്രമേ അയാള്‍ ചെയ്തുള്ളൂ.

''കേട്ടില്ലേ...'' ടോമി മാനുവലിനോട് ചോദിച്ചു.

''അളിയന് പോകാമെന്ന്.'' പരിഹാസച്ചുവയുണ്ടായിരുന്നു ടോമിയുടെ വാക്കുകള്‍ക്ക്.

''അവന് അമ്മ മാത്രമല്ല അപ്പനുമില്ലെന്ന് ഞങ്ങള്‍ കരുതിക്കോളാം. ഞങ്ങളുടെ കുട്ടികള്‍ക്കൊപ്പം ഇവിടെ സന്തോഷത്തോടെ അവന്‍ കഴിഞ്ഞോളും.'' ടോമി അറിയിച്ചു.

''നിങ്ങള്‍ക്ക്. നിങ്ങള്‍ക്കെല്ലാം കൂടി ഇപ്പോ തൃപ്തിയായില്ലേ...'' മാനുവല്‍ പൊട്ടിത്തെറിച്ചു.

''ഉളളതും ഇല്ലാത്തതുമെല്ലാം പറഞ്ഞ് വിഷം ഉള്ളില്‍ കയറ്റി, എന്നെയും എന്റെ മോനെയും തമ്മില്‍ അകറ്റിയിട്ട് നിങ്ങള്‍ക്ക് സന്തോഷമായില്ലേ.''

''ആണ്ടെ കെട.'' മാനുവലിന്റെ വാക്കുകളെ ടോമി അവഗണിച്ചു.

''അതിനും കുറ്റം ഞങ്ങള്‍ക്കായോ? ആള്‍ക്കാരേം കടിച്ച് അരീം തിന്നിട്ട് പിന്നേം പട്ടിക്കാ മുറുമുറുപ്പ് എന്ന് പറഞ്ഞതുപോലെയായല്ലോ. ദേ പിന്നൊരു കാര്യം...''

ടോമിയുടെ സ്വരം കനത്തു.

''ഞങ്ങടെ പെങ്ങളെ ഞങ്ങളില്‍ നിന്ന് അകറ്റിക്കൊണ്ട് പോയിട്ടും അവളെ എന്നേക്കുമായി ഇല്ലാതാക്കിയിട്ടും അതൊക്കെ നിന്നോട് ക്ഷമിച്ചത് അവളുടെ കൊച്ചിനെ പ്രതിയാ. ഇപ്പോ അവനു പോലും നിന്നെ വേണ്ടാതായെങ്കില്‍ നിന്നോട് കാരുണ്യം കാണിക്കേണ്ട യാതൊരു ആവശ്യവും ഇനി ഞങ്ങള്‍ക്കില്ല. കേട്ടല്ലോ. അതുകൊണ്ട്. വേഗം സ്ഥലം കാലിയാക്കാന്‍ നോക്ക്. ഞങ്ങള്‍ക്ക് വേറെ ജോലിയുള്ളതാ.''

''കൊള്ളാം. നല്ല ബുദ്ധി.'' മാനുവലും തിരിച്ചടിച്ചു.

''എന്റെ മകനെ വിട്ടുകിട്ടാന്‍ വേണ്ടി ഏതറ്റം വരെയും ഞാന്‍ പോകും. ഈ നാട്ടില്‍ പൊലീസും കോടതിയും നിയമങ്ങളുമുണ്ട്. സ്വന്തം മകന്റെ മേല്‍ അവകാശം അപ്പനാണോ അതോ അങ്കിള്‍മാര്‍ക്കാണോയെന്ന് കോടതി തീരുമാനിക്കട്ടെ.''

''തീരുമാനിക്കട്ടെ. അതിനു വേണ്ടി ഏതറ്റം വരെയും നീ പൊയ്‌ക്കോ. നീ പോകുകയും വേണം. പക്ഷേ സ്വന്തം മകന്റെ ഹൃദയത്തില്‍ ഇടം കിട്ടാതെ അവനെ മാത്രം കിട്ടിയതുകൊണ്ട് നിനക്കെന്തു പ്രയോജനമാണുള്ളത്?'' റോണി ചോദിച്ചു.

'എനിക്കറിയാം എന്റെ മകനെ. ഞാന്‍ അവനെ എത്രയധികമായി സ്‌നേഹിക്കുന്നുണ്ടെന്ന് അവനറിയാം. അവന്‍ എന്നെ എത്ര അധികമായി സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കും അറിയാം. ആടുകളെ തമ്മിലടിപ്പിച്ച് രക്തം കുടിക്കാന്‍ കാത്തിരിക്കുന്ന പഴയ കഥയിലെ കുറുക്കന്മാര്‍ ഇപ്പോഴുമുണ്ടെന്ന് എന്നെ ഓര്‍മ്മപ്പെടുത്തിയതിന് നന്ദി.'' മാനുവല്‍ അത് പറഞ്ഞിട്ട് പുറത്തേക്ക് നടന്നു.

* * * * * * * * *

അച്ചൂട്ടനില്ലാത്ത വീട്...

അതേറ്റവും അസഹനീയമായി അനുപമയ്ക്ക് തോന്നി. തന്നെ ഈ വീട്ടിലേക്ക് ആകര്‍ഷിച്ചതും ഈ വീടിനെ സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ചതും അച്ചൂട്ടന്‍ എന്ന ഘടകമായിരുന്നു. അവനാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. അവന്‍ ഇല്ലാതായതോടെ വീടുറങ്ങിയിരിക്കുന്നു. അവന്റെ കളിചിരികളും വര്‍ത്തമാനങ്ങളും നിലച്ചതോടെ വീട് നിശ്ചലമായിരിക്കുന്നു. ഇങ്ങനെ എത്ര നാള്‍... വീടിനെ ഗ്രസിച്ചിരിക്കുന്ന ശൂന്യത അനുപമയെ ഭയപ്പെടുത്തി.

''ഈ വീട്ടിലെന്തൊരു സന്തോഷമായിരുന്നു. എല്ലാം തീര്‍ന്നു.''

അനുപമയെ കാണുമ്പോഴെല്ലാം മായ പറഞ്ഞുകൊണ്ടിരുന്നു. അച്ചൂട്ടനെയോര്‍ത്ത് മായ കരയുകയും ചെയ്തു. ആ സ്‌നേഹത്തില്‍ അനുപമയ്ക്ക് സംശയമൊന്നും തോന്നിയില്ല. അച്ചൂട്ടനെ ചെറുപ്രായം മുതല്‌ക്കേ പരിചരിക്കുന്നവളാണ്. അവന്റെ ശാഠ്യങ്ങളും സ്‌നേഹങ്ങളും ഇഷ്ടങ്ങളും മനസ്സിലാക്കാന്‍ കഴിവുള്ളവളാണ്. എന്നാല്‍ അച്ചൂട്ടന്‍ ഇറങ്ങിപ്പോയത് താന്‍ കാരണമാണെന്ന മട്ടിലുള്ള ആരോപണമാണ് അനുപമയെ തളര്‍ത്തിക്കളഞ്ഞത്. താന്‍ കാരണം ഒരു വീട് തകര്‍ന്നിരിക്കുന്നു. ബന്ധങ്ങള്‍ അകന്നുപോയിരിക്കുന്നു. അപ്പനും മകനും പരസ്പരം ഒറ്റപ്പെട്ടിരിക്കുന്നു.

അച്ചൂട്ടന്റെ മുറിയിലേക്ക് മാനുവല്‍ ഉറക്കം മാറ്റിയിരുന്നു. രാത്രി വളരെ വൈകിക്കഴിഞ്ഞതിനുശേഷമായിരുന്നു അയാള്‍ അടുത്തയിടെ വീട്ടിലെത്തിയിരുന്നതുതന്നെ. മകന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ തലയണയാക്കിയാണ് അയാള്‍ കിടന്നുറങ്ങിയിരുന്നത്. തന്നില്‍ നിന്ന് മാനുവല്‍ എന്നേക്കുമായി അകന്നുപോവുകയാണെന്ന് അനുപമയ്ക്കു തോന്നി, അതേ സമയം തന്നെ അവളുടെ മനസ്സ് ചോദിച്ചു. അല്ലെങ്കിലും എന്നെങ്കിലും മാനുവല്‍ താനുമായി അടുത്തിരുന്നോ. ദാമ്പത്യത്തിലെ പൊരുത്തം ഇനിയും തങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടില്ല. തന്നെ മാനുവല്‍ സ്‌നേഹിക്കുന്നില്ലേ. അച്ചൂട്ടന്‍ സ്‌നേഹിക്കുന്നില്ലേ.

പ്രസവിക്കാതെ തനിക്കൊരു മകനെ കിട്ടിയതുപോലെയായിരുന്നു അച്ചു. അതോടൊപ്പം അവന്‍ തനിക്കൊരു കൂട്ടുകാരനുമായിരുന്നു. എന്നാല്‍ ഇപ്പോള്‍. എല്ലാറ്റിനും താനാണോ കാരണക്കാരി? ആ ചോദ്യം അനുപമയുടെ മനസ്സില്‍ തറഞ്ഞുനിന്നു.

താന്‍ മൂലം തുടങ്ങിവച്ചത് താനായിത്തന്നെ തീര്‍ക്കണം. അനുപമയുടെ മനസ്സില്‍ പെട്ടെന്നൊരു ഊര്‍ജ്ജം നിറഞ്ഞു. അവള്‍ മാനുവലിന്റെ അടുക്കലെത്തി. അയാള്‍ അസ്വസ്ഥനായി കട്ടിലില്‍ ഇരുകൈകള്‍ കൊണ്ടും മുഖം മറച്ച് മലര്‍ന്നുകിടക്കുകയായിരുന്നു. അയാളുടെ ശ്രദ്ധയാകര്‍ഷിക്കാനായി വാതില്‍ക്കല്‍ നിന്ന് അവള്‍ തൊണ്ടയനക്കി. മാനുവല്‍ കൈകള്‍ മാറ്റി അവളെ നോക്കുകയും അവള്‍ക്കെന്തോ പറയാനുണ്ടെന്ന് മനസ്സിലാക്കി കട്ടിലില്‍ എണീറ്റിരിക്കുകയുംചെയ്തു. അനുപമ പതുക്കെ അയാളുടെ അരികിലെത്തി.

''ഞാനൊരു കാര്യം പറയട്ടെ.'' അനുപമ ശബ്ദം കുറച്ച് ചോദിച്ചു.

മാനുവല്‍ പറയൂ എന്ന മട്ടില്‍ അവളെ നോക്കി.

''ഞാന്‍. ഞാന്‍ ചെന്ന് അച്ചൂട്ടനെ വിളിക്കട്ടെ?''

''വേണ്ട.'' ഉടന്‍തന്നെ മാനുവലിന്റെ മറുപടിവന്നു.

''പലവട്ടം ഞാന്‍ വീണ്ടും ചെന്നു വിളിച്ചു. സ്‌കൂളിലും പോയി. ഫോണ്‍ വിളിച്ചു. പക്ഷേ അവന്‍ ഒറ്റത്തീരുമാനത്തിലാണ്, ഇവിടേക്ക് വരുന്നില്ലെന്ന്.''

''ഞാന്‍ ചെന്നു വിളിച്ചാല്‍.'' അനുപമയെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ കരമുയര്‍ത്തി മാനുവല്‍ തടഞ്ഞു.

''അവന്റെ ഡിസിഷന്‍ ഉറച്ചതാണ്. അത് മാറ്റാന്‍ ആരെക്കൊണ്ടും സാധിക്കില്ല. അവനല്ലാതെ.''

''ഇനി...?'' അനുപമയ്ക്ക് നെഞ്ചിടിപ്പ് വര്‍ധിച്ചു.

മാനുവലിന് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു. എന്നാല്‍ എന്തോ പറയാന്‍ അയാളുടെ നാവുതരിക്കുന്നുമുണ്ടായിരുന്നു.

''ഇനി...'' മാനുവല്‍ ശബ്ദിച്ചു.

''എനിക്കെന്റെ മോനെ വേണം.'' മാനുവല്‍ തീര്‍ത്തു പറഞ്ഞു.

''അവനെ ഉപേക്ഷിച്ചിട്ട്, അവനെ വേദനിപ്പിച്ചിട്ട് എനിക്ക് ജീവിക്കാനാവില്ല. അവനെ വിട്ടുകളഞ്ഞിട്ടുള്ള ഒരു സ്വര്‍ഗവും എനിക്ക് വേണ്ട. ആരൊക്കെ എന്നെ കുറ്റപ്പെടുത്തിയാലും.''

''ഞാന്‍. ഞാനെന്താണ് ചെയ്യേണ്ടത്.'' അനുപമ തൊണ്ട ഇടറിക്കൊണ്ട് ചോദിച്ചു. എന്താണ് പറയേണ്ടതെന്ന് അറിയാതെ മാനുവല്‍ വിഷമിച്ചു. പിന്നെ പറയാന്‍ വന്നത് അയാള്‍ പറഞ്ഞു.

''സോറി... നമുക്ക്... നമുക്ക് പിരിയാം.''

അനുപമയുടെ മുഖത്ത് നോക്കാതെയാണ് മാനുവല്‍ അതു പറഞ്ഞത്. മേല്‍ക്കൂര തകര്‍ന്ന് തന്റെ ശിരസ്സിലേക്ക് വീണതുപോലെ അനുപമയ്ക്കു തോന്നി. സ്വപ്‌നങ്ങളുടെ ചില്ലുഭരണികള്‍ പൊട്ടിത്തകരുന്നതായി അവള്‍ അറിഞ്ഞു. അനുപമ വാതില്‍പ്പാളിയിലേക്ക് ചാരി നിന്ന് ശബ്ദമില്ലാതെ കരഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org