ചില്ല് - 23

നോവലിസ്റ്റ്: വിനായക് നിര്‍മ്മല്‍
ചില്ല് - 23

കഥ ഇതുവരെ

ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി ചുമതലയേറ്റ അനുപമയെ സ്‌കൂളിലെ തന്നെ ഏറ്റവും അപകടകാരി യായ ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥി അലനെക്കുറിച്ചുളള വാര്‍ത്ത കള്‍ അസ്വസ്ഥയാക്കുന്നു. കേട്ടറിവുകള്‍ ശരിവയ്ക്കുന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് അലന്റെ ക്ലാസ് അവളെ സ്വീക രിച്ചത്. അതിന്റെ നടുക്കം ആസ്തമരോഗിയായ അനുപമ യെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലിന്റെയും അനുപമയുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലിന്റെയും നിര്‍ദേശാനുസരണം അവള്‍ ജോലി തുടരുന്നു. അലനും കൂട്ടുകാരും തമ്മിലുള്ള പല പല സംഭവങ്ങളിലൂടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന കൂട്ടുകാരി ക്കൊപ്പമാണ് അവള്‍ താമസിക്കുന്നത്.അധ്യാപകനായ നിഖില്‍ അനുപമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറയുന്നു. നിഖില്‍ ഇക്കാര്യം പ്രിയംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനുപമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതുന്നത്. പക്ഷേ സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയപ്പെ ടാത്ത രഹസ്യങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞു തുട ങ്ങുന്നു. സെന്റ് മേരിസ് ഓര്‍ഫനേജിലെ വാര്‍ഷികാഘോഷങ്ങ ളില്‍ നിന്നാണ് ഈ ഭൂതകാലവിവരണം ആരംഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് വിശിഷ്ട വ്യ ക്തികളിലൊരാളും അനാഥാലയത്തിലെ കുട്ടികളുടെ സ്‌പോണ്‍സറും വിഭാര്യനുമായ മാനുവല്‍. അയാളുടെ അഞ്ചുവയസ്സുകാരനായ മകനാണ് അച്ചൂട്ടന്‍. വിവിധ സന്ദര്‍ഭങ്ങളിലൂടെ അച്ചൂട്ടനുമായി അനുപമ അടുപ്പത്തിലാ കുന്നു. തന്റെ മരിച്ചുപോയ അമ്മയുടെ ഛായയാണ് അനു പമയ്‌ക്കെന്ന് അച്ചൂട്ടന്‍ കണ്ടെത്തുന്നു. അവളെ തന്റെ വീട്ടി ലേക്ക് കൊണ്ടുപോകാന്‍ അവനാഗ്രഹിക്കുന്നു. അച്ചൂട്ടന് അനുപമയുമായുള്ള അടുപ്പം മാനുവലിനെ അസ്വസ്ഥനാ ക്കുന്നു. ഇക്കാര്യം തന്റെ സുഹൃത്ത് ഫാ. എബിയോട് മാനു വല്‍ പങ്കുവയ്ക്കുന്നു. പക്ഷേ എബിയച്ചന്‍ അത്തരമൊരു ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇമ്മാ നുവേലച്ചന്‍ അനുപമയോട് വിവാഹക്കാര്യം സംസാരിക്കു ന്നു. മാനുവലും അനുപമയും തമ്മിലുള്ള വിവാഹം നടക്കുന്നു. പക്ഷേ ഓരോ സംഭവങ്ങളിലൂടെ അനുപമയും അച്ചുവും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്നു. അനുപമയെ സന്ദര്‍ശിക്കാന്‍ എമ്മാനുവലേച്ചന്‍ വീട്ടിലെത്തുന്നു.

അപ്രതീക്ഷിതമായി ഗെയ്റ്റിങ്കല്‍തന്നെ അനുപമയെ കണ്ടപ്പോള്‍ അച്ചു വല്ലാതെയായി. അനുപമ മാത്രമല്ല എമ്മാനുവലച്ചനും കൂടെയുണ്ടല്ലോ. അച്ചന്‍ പുഞ്ചിരിയോടെ അവനെ നോക്കിനില്ക്കുകയായിരുന്നു.

അനുപമയ്ക്കാവട്ടെ ചങ്കിടിക്കുന്നുണ്ടായിരുന്നു. അച്ചു എങ്ങനെ ഏതു രീതിയില്‍ എപ്പോള്‍ പ്രതികരിക്കുമെന്ന് നിശ്ചയമില്ലായിരുന്നുവല്ലോ അനുപമയെ കണ്ടപ്പോള്‍ മുഖം മങ്ങിയ അച്ചു എമ്മാനുവേലച്ചനെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

''ഗുഡ് ഈവനിംങ് അച്ചൂട്ടാ.'' അച്ചന്‍ അവന്റെ കവിളില്‍ വേദനിപ്പിക്കാതെ പിടിച്ചുകൊണ്ട് ആശംസിച്ചു.

''ഗുഡ് ഈവനിംങ് ഫാദര്‍.''

അച്ചു പിന്നെ വേഗം മുഖം കുനിച്ച് വീട്ടിലേക്ക് നടന്നു.

അവന്‍ നടന്നുപോകുന്നത് ഹൃദയം നുറുങ്ങുന്ന വേദനയോടെ അനുപമ നോക്കിനിന്നു. ഇത്രമാത്രം അകലാന്‍, വെറുക്കപ്പെടാന്‍ താന്‍ എന്തു തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് അവള്‍ അപ്പോഴും ആലോചിച്ചു.

മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹത്തിനും വെറുപ്പിനും തമ്മില്‍ ദൂരമേറെയില്ലെന്നും അനുപമയ്ക്ക് തോന്നി. ഒരു നാണയക്കറക്കത്തില്‍ ടെയിലും ഹെഡും മാറിവരുന്നതുപോലെയാണ് അത്. ഇപ്പോള്‍ വെറുപ്പെങ്കില്‍ അടുത്ത നിമിഷം സ്‌നേഹം. ഒരു കറക്കത്തില്‍ സ്‌നേഹമെങ്കില്‍ അടുത്ത നിമിഷം വെറുപ്പ്. ഒരുപക്ഷേ എല്ലാം ശരിയാകുമായിരിക്കും. അനുപമ ദീര്‍ഘമായി നിശ്വസിച്ചു.

''കാട്ടിലെ മൃഗങ്ങളില്‍ വച്ചേറ്റവും അപകടകാരി ഏതാണെന്നറിയാമോ?'' അച്ചന്‍ അനുപമയോട് ചോദിച്ചു.

അനുപമ ഉത്തരം പറയാതെ നിന്നപ്പോള്‍ അച്ചന്‍ പറഞ്ഞു,

''സിംഹമോ ആനയോ ഒന്നുമല്ല. മുറിവേറ്റ മാന്‍... അച്ചൂട്ടനെ കണ്ടപ്പോള്‍ ഞാന്‍ അക്കാര്യമാണോര്‍മ്മിച്ചത്. മുറിവേറ്റ ബാല്യമാണ് മനുഷ്യാവസ്ഥയില്‍ വച്ചേറ്റവും അപകടകാരി. അച്ചൂട്ടന്‍ പലതരത്തില്‍ മുറിവേറ്റവനാണ്. അമ്മയെ നഷ്ടപ്പെട്ട ബാല്യം....''

''അപ്പോള്‍ ഞാനോ?'' അച്ചനെ തുടരാന്‍ അനുവദിക്കാതെ അനുപമ ഇടയ്ക്കു കയറി.

''ഞാനും മുറിവേറ്റ വ്യക്തിയല്ലേ... എന്നിട്ട് ഞാന്‍ ആരെയും മുറിപ്പെടുത്തുന്നില്ലല്ലോ. അച്ചൂട്ടനെക്കാള്‍ അരക്ഷിതാവസ്ഥയിലല്ലേ ഞാന്‍ വളര്‍ന്നത്. എനിക്കാരുണ്ടായിരുന്നു...''

അനുപമ വിതുമ്പി.

അച്ചന് പെട്ടെന്ന് ഉത്തരം മുട്ടി.

ശരിയാണ് എന്ന് അച്ചന്‍ തല കുലുക്കി. ''പക്ഷേ ഒരേ അനുഭവം തന്നെ ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിരിക്കും അനുഭവപ്പെടുന്നത്. ഓരോ വ്യക്തികളും വ്യത്യസ്തരാകുന്നത് അങ്ങനെയല്ലേ. അതെന്തായാലും എനിക്ക് ഒന്നുപറയാന്‍ പറ്റും. അച്ചൂട്ടനെ മാറ്റിയെടുക്കാന്‍ നിനക്ക് കഴിയും. ദൈവം ഓരോരുത്തരെ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്നത് നിര്‍ദിഷ്ട ലക്ഷ്യത്തോടെയാ. നമുക്കൊക്കെ ഓരോരുത്തരുടെയും ജീവിതങ്ങളില്‍ എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാവും. അത് മനസ്സിലായിക്കഴിയുമ്പോള്‍ എന്തിനെയുംനേരിടാന്‍ നമുക്ക് കരുത്തുണ്ടാവും. നീ വിഷമിക്കാതിരിക്ക്. ജീവിതം തുടങ്ങിയതല്ലേയുള്ളൂ. ഇനിയും എത്രയോ നീണ്ടുനിവര്‍ന്നുകിടക്കുന്നു. അതിന് മുമ്പേ നീയിങ്ങനെ തളര്‍ന്നാലോ. പ്രാര്‍ത്ഥിക്ക്. ദൈവത്തില്‍ ആശ്രയിക്ക്്. ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ നമ്മള്‍ തളര്‍ന്നുപോകുന്നത് നമ്മളില്‍ തന്നെ ആത്മവിശ്വാസമില്ലാത്തതു കൊണ്ടാ. കടമകളില്‍ നിന്ന് ഒഴിഞ്ഞുമാറരുത്. നിനക്ക് ചെയ്യാന്‍ കഴിയുന്നത് നിനക്കേ ചെയ്യാന്‍ കഴിയൂ. അതോര്‍മ്മ വേണം. വലിയ വലിയ ഉത്തരവാദിത്വങ്ങളോടെയാ ദൈവം നമ്മെ ഓരോരുത്തരെയും ഈ ഭൂമിയിലേക്ക് പറഞ്ഞയച്ചിരിക്കുന്നത്. അതില്‍നിന്ന് നമ്മള്‍ എന്തെങ്കിലും എസ്‌ക്യൂസ് പറഞ്ഞ് ഒഴിഞ്ഞുമാറുമ്പോള്‍ ദൈവത്തിന്റെ പദ്ധതിയാണ് നടക്കാതെ പോകുന്നത്. നീയിപ്പോ ചെല്ല്. ചെന്ന് അവന് ഭക്ഷണം കൊടുക്ക്. അവനൊരു കുട്ടിയാണെന്ന് മറന്നുപോകരുത്. മുതിര്‍ന്നവരെ പോലെ അവന്‍ പെരുമാറുമ്പോഴും. എല്ലാം ശരിയായിവരും. താമസമെടുത്താലും. ഞാനും പ്രാര്‍ത്ഥിക്കാം.''

അച്ചന്‍ പതിവുപോലെ അനുപമയുടെ നെറ്റിയില്‍ കുരിശുവരച്ച് പ്രാര്‍ത്ഥിച്ചു. അച്ചനും സിസ്റ്ററും ത്രേസ്യാമ്മചേടത്തിയും യാത്രപറഞ്ഞ് പോയപ്പോള്‍ അനുപമ അച്ചൂട്ടന്റെ അടുക്കലേക്ക് ചെന്നു. അച്ചൂട്ടന്‍ കുളികഴിഞ്ഞ് ഡൈനിംങ് ടേബിളില്‍ വന്നിരിക്കുകയായിരുന്നു.

അകലെ നിന്ന് തന്നെ അനുപമ അതുകണ്ടു. അവന്റെ അടുക്കലേക്ക് ചെല്ലുന്നതിനു മുമ്പ് അവള്‍ ധൈര്യം സംഭരിച്ചു. ദീര്‍ഘമായി രണ്ടു മൂന്നു തവണ നിശ്വസിച്ചു. ആകുലതകളേ വിട. അവള്‍ മനസ്സില്‍ പറഞ്ഞു. അച്ചന്റെ വാക്കുകള്‍ മനസ്സില്‍ അയവിറക്കി.

അച്ചൂട്ടന്‍ മുതിര്‍ന്ന ഒരാളെപോലെ പെരുമാറിയാലും അവന്‍ കുട്ടിയാണെന്ന് മറക്കരുത്.

ഇല്ല മറക്കുന്നില്ല. അനുപമ പറഞ്ഞു. അച്ചൂട്ടന്‍ കുട്ടിയാണ്. അവനെ താന്‍ സ്‌നേഹിക്കുന്നു. അവനുവേണ്ടിയാണ് താന്‍ ഇവിടേക്ക് വന്നത്. അവനാണ് തന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നത്. താനൊരു ഭാര്യയായത് അവനൊരു അമ്മയാകാന്‍ വേണ്ടിയാണ്. പലതരത്തിലും രീതിയിലും മനസ്സിനെ ധൈര്യപ്പെടുത്തിയാണ് അനുപമ അച്ചൂട്ടന്റെ അടുക്കലെത്തിയത്.

''അച്ചൂട്ടാ...'' ഉത്സാഹം കലര്‍ന്ന ഭാവം കൃത്രിമമായി ഭാവിച്ചും സന്തോഷം നടിച്ചും അനുപമ അച്ചൂട്ടന്റെ അടുക്കലെത്തി. ആ സമയം തന്നെയാണ് മായ അച്ചൂട്ടനുളള ഭക്ഷണവുമായി മേശയ്ക്കരികിലെത്തിയത്.

''ഇന്ന് നമുക്കൊരു പുതിയ കളികളിക്കാം. എന്താ കളിച്ചാലോ.''

അച്ചൂട്ടന്റെ മുഖത്ത് പെട്ടെന്നൊരു തിളക്കം വന്നു.

''ആ കൊച്ചിന് സുഖമില്ലാതെയിരിക്കുവാ. അപ്പഴല്ലേ ഒരു കളി.'' മായ ആ നിര്‍ദേശത്തെ അപ്പോള്‍തന്നെ വെട്ടിനിരത്തി.

''എന്തുപറ്റി എന്റെ അച്ചൂട്ടന്.''

അനുപമ വാത്സല്യത്തോടെ അച്ചൂട്ടന്റെ നെറ്റിയില്‍ തൊട്ടുനോക്കി.

''ഇല്ല ഒരു കുഴപ്പവുമില്ല. പനിയൊന്നുമില്ലല്ലോ. പിന്നെ എന്താ അസുഖം. അന്നാമ്മയോട് പറ.'' അവള്‍ പറഞ്ഞു.

''ആ കൊച്ച് വല്ലതും ഒന്നു വാരിത്തിന്നോട്ടെ.'' മായ അപ്പോഴും ഖണ്ഡിക്കാന്‍ നോക്കി.

അനുപമ ശാന്തമായി മായയെ നോക്കി.

''ഞാന്‍ അവന്റെ അമ്മയാ. അത് മറക്കരുത്.''

അത്രയുമെങ്കിലും പറഞ്ഞുകഴിഞ്ഞപ്പോള്‍ അനുപമയ്ക്ക് അനല്പമായ സന്തോഷം അനുഭവപ്പെട്ടു. മായയെ പ്രതിരോധിക്കാന്‍ കഴിഞ്ഞതുപോലെ. മായ പക്ഷേ അതിനെയും അവഗണിച്ചു. ചുണ്ടുകോട്ടി എന്തോ പിറുപിറുത്ത് മായ അവിടെ നിന്ന് പോയി. അനുപമ ഉള്ളില്‍ ചിരിച്ചു. ഡൈനിംങ് ഹാളില്‍ അനുപമയും അച്ചൂട്ടനും മാത്രമായി.

''അച്ചൂട്ടാ...''

അനുപമ ഹൃദയത്തില്‍ തട്ടി വിളിച്ചു.

പെട്ടെന്ന് അച്ചൂട്ടന്റെ ഭാവം മാറി.

''നിങ്ങളെന്റെ അമ്മയല്ല. യൂ ആര്‍ ഒണ്‍ലി മൈ സ്റ്റെപ്പ് മദര്‍. യൂ ആര്‍ ഒണ്‍ലി മൈ സ്റ്റെപ്പ് മദര്‍. ഐ ഹേറ്റ് യൂ.''

ഭക്ഷണപാത്രം തള്ളിമാറ്റി അച്ചൂട്ടന്‍ തന്റെ മുറിയിലേക്ക് ഓടിപ്പോയി.

''സ്‌റ്റെപ്പ് മദര്‍. രണ്ടാനമ്മ.'' അനുപമ തകര്‍ന്നുപോയി. കൂട്ടിയോജിപ്പിക്കാന്‍ കഴിയാത്ത ഒരു പദപ്രശ്‌നത്തിന്റെ മുമ്പിലാണ് താനെന്ന് അനുപമ ആദ്യമായി തിരിച്ചറിഞ്ഞു.

*** **** ****

''നീയെന്തു തോന്ന്യാസമാണ് മാനുവലേ ഇപ്പറയുന്നത്?'' എബിയച്ചന്‍ ക്ഷുഭിതനായി മാനുവലിനോട് ചോദിച്ചു. ''നമുക്ക് നമ്മള്‍ മാത്രം മതി അപ്പേയെന്ന് അച്ചൂട്ടന്‍ പറയുമ്പോ അതിന് കണ്ടെത്താവുന്ന മാര്‍ഗം ഇതാണോ?''

പ്രഭാതത്തില്‍ തന്നെ എബിയച്ചനെ കാണാനെത്തിയതായിരുന്നു മാനുവല്‍. എബിയച്ചന് മുമ്പില്‍ മാനുവല്‍ തല കുമ്പിട്ടിരുന്നു.

താന്‍ പറഞ്ഞതിലെ ശരികേട് എത്രയധികമുണ്ടെന്ന് മാനുവലിന് കൃത്യമായി മനസ്സിലാവുന്നുണ്ടായിരുന്നു. പറയാന്‍ വന്നത് മറ്റെന്തൊക്കെയോ ആയിരുന്നുവെങ്കിലും പറഞ്ഞുവന്നപ്പോള്‍ അത് മറ്റേതൊക്കെയോ രീതിയിലായിപ്പോയി.

''അങ്ങനെ വെറുതെ അറുത്തുമാറ്റാന്‍ ലിവിംങ് ടുഗെദര്‍ റിലേഷന്‍ഷിപ്പാണോ നിങ്ങള്‍ തമ്മിലുള്ളത്? എബിയച്ചന്റെ സ്വരം ഉയര്‍ന്നു.

കത്തോലിക്കാസഭയുടെ പാരമ്പര്യവും വിശ്വാസവും അനുസരിച്ച് വിവാഹം ഒരു കൂദാശയാണ്. രണ്ടിലൊരാളുടെ മരണംവരെ നിലനിന്നുപോരേണ്ട ഉടമ്പടി. അതിനെ അസാധുവാക്കാന്‍ നീ ഇപ്പറഞ്ഞ കാരണങ്ങളൊന്നും പോരാ. മാത്രവുമല്ല നീ ഉദ്ദേശിക്കുന്നത്് ദൈവത്തിന് നിരക്കാത്ത പ്രവൃത്തിയാ.''

''ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക് എബീ.'' മാനുവലിന്റെ സ്വരം ദുര്‍ബലമായിരുന്നു.

''നീയൊക്കെകൂടി പറഞ്ഞതുകൊണ്ടല്ലേ ഞാന്‍ ഇതിനെല്ലാം സമ്മതിച്ചത്? വിവാഹം കഴിഞ്ഞതോടെ ജീവിതത്തില്‍ യാതൊരു സമാധാനവും ഇല്ലാതായി. വേണ്ടാ വേണ്ടായെന്ന് ഞാന്‍ നൂറുവട്ടം പറഞ്ഞതാ. ആരും സമ്മതിച്ചില്ല. എന്നിട്ടിപ്പോ. ഞാന്‍ പറയുന്നത് മനസ്സിലാക്കാനോ കേള്‍ക്കാന്‍ പോലുമോ ആരുമില്ല.''

മാനുവലിന്റെ സ്വരത്തിലെ ഗദ്ഗദം എബിയച്ചന് മനസ്സിലായി.

''നിന്നെ എനിക്ക് മനസ്സിലാവുമെടാ. പക്ഷേ അതല്ലല്ലോ ഇവിടുത്തെ പ്രശ്‌നം. അച്ചു ഇങ്ങനെ വാശിപിടിച്ചാല്‍. അവള്‍, അനുപമ എങ്ങോട്ട് പോകും? രണ്ടുദിവസത്തേക്ക് രാപ്പാര്‍ക്കാന്‍ നിന്റെ കൂടെ വന്നവളല്ലല്ലോ അവള്‍. നിന്റെ ഭാര്യയായി. നിന്റെ മകന്റെ ഇഷ്ടത്തിനനുസരിച്ച് നിന്റെ ജീവിതത്തിലേക്ക് കടന്നുവന്നവളാണ് അനുപമ. അവള്‍ നിനക്കും നിന്റെ മകനുംവേണ്ടി ത്യാഗം ചെയ്തവളാണ്. നീ അവള്‍ക്കുവേണ്ടി എന്തോ മഹാത്യാഗം ചെയ്തുവെന്ന് വിചാരിക്കരുത്. നഷ്ടങ്ങളുണ്ടായത് അവള്‍ക്കാണ്. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. അടുത്തവര്‍ഷമെങ്കിലും എമ്മാനുവേലച്ചന്‍ ഒരു സ്‌പോണ്‍സറെ കണ്ടെത്തി അവളെ പഠിപ്പിക്കുമായിരുന്നു. സ്വന്തം കാലില്‍ നില്ക്കാനും തനിക്കിഷ്ടമുള്ള ഒരാളെ വിവാഹം കഴിക്കാനും അവകാശവും സ്വാതന്ത്ര്യവും അവള്‍ക്കുണ്ടായിരുന്നു. എന്നിട്ടും അച്ചുവിനോടുള്ള സ്‌നേഹത്തെ പ്രതി അവള്‍ അതെല്ലാം വേണ്ടെന്നുവച്ചു. നഷ്ടങ്ങളുണ്ടായത് അവള്‍ക്കാണ്. എന്നിട്ടാണ് ഒരു മാസംപോലും തികയുന്നതിനു മുമ്പ് അവളെ പറഞ്ഞുവിടാന്‍ നീ മനസ്സില്‍ തീരുമാനമെടുക്കുന്നത്. നിയമപരമായി സെന്റ് മേരീസില്‍ നിന്ന് പുറത്തായവളാണ് അവള്‍. അവള്‍ ഇനി എങ്ങോട്ട് പോകും?''

''കോമ്പന്‍സേഷന്‍...'' മാനുവല്‍ എബിയച്ചന്റെ മുഖത്ത് നോക്കി പിറുപിറുത്തു. എബിയച്ചന്‍ ചിരിച്ചു. പുച്ഛവും പരിഹാസവും കലര്‍ന്ന ചിരി.

''എനിക്കെന്നോടു തന്നെ ആത്മനിന്ദ തോന്നുന്നു.'' എബിയച്ചന്‍ പറഞ്ഞു.

''ഇങ്ങനെയൊരു ആലോചനയ്ക്കു കൂട്ടുനിന്നതില്‍. ശരിയാണ് നിനക്കൊരു കുടുംബം ഉണ്ടായിക്കാണാന്‍ ഏറെ ആഗ്രഹിച്ചവനാണ് ഞാന്‍. അതുകൊണ്ടായിരുന്നു പലപ്പോഴായി നിര്‍ബന്ധിച്ചുകൊണ്ടിരുന്നതും. പക്ഷേ ഇപ്പോള്‍ തോന്നുന്നു അതൊന്നും വേണ്ടായിരുന്നുവെന്ന്. കുട്ടിക്കാലത്ത് ക്ലാസ് കഴിഞ്ഞുവരുന്ന സമയം. മഴ നനഞ്ഞ് ഒരു പൂച്ചക്കുട്ടിയെ കണ്ടു. ആരോ ഉപേക്ഷിച്ചതായിരുന്നു. സഹതാപം തോന്നി. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അപ്പന്‍ സ്വരമുയര്‍ത്തിയെങ്കിലും അമ്മ സപ്പോര്‍ട്ടായിരുന്നു. അമ്മ പാലുകൊടുത്തു, ചോറു കൊടുത്തു. മഴ മാറി, പൂച്ചയുടെ തണുപ്പു മാറി. രണ്ടുദിവസം കൊണ്ട് പൂച്ച വീട്ടിലെ അംഗമായി. പക്ഷേ മൂന്നാം ദിവസം തുടങ്ങി പൂച്ച തനി സ്വഭാവം കാണിച്ചുതുടങ്ങി. അടുക്കളയില്‍ കയറി കട്ടുതിന്നുന്നു. എലിയെ പിടിച്ചുകൊണ്ട് വരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പൂച്ചയെ അപ്പന്‍ കൊണ്ടുപോയി കളഞ്ഞു. എന്തോ, ഇപ്പോള്‍ അറിയാതെ ആ കഥയോര്‍ത്തുപോയി.''

എബിയച്ചന്‍ ചിരിച്ചു.

''പ്രത്യേക അടുപ്പമോ ബാധ്യതയോ സ്‌നേഹമോ ഇല്ലാത്തതിനെ നമുക്ക് ഉപേക്ഷിക്കാന്‍ വളരെയെളുപ്പമാണ്. പ്രത്യേകിച്ച് നമ്മള്‍ കൂടി ഉള്ളില്‍ അതാഗ്രഹിക്കുന്നുണ്ടെങ്കില്‍. നാളെ അച്ചു മറ്റെന്തിനെയെങ്കിലും വേണ്ടെന്ന് പറഞ്ഞാലും നിന്റെ പ്രതികരണം ഇങ്ങനെയായിരിക്കുമോ?''

''ആരെയും വേദനിപ്പിക്കാനോ ഉപേക്ഷിക്കാനോ എനിക്കാഗ്രഹമില്ല. പക്ഷേ അച്ചു വേദനിക്കരുത്. അതെനിക്ക് നിര്‍ബന്ധമുണ്ട്.''

മാനുവല്‍ തീര്‍ത്തു പറഞ്ഞു. ആ സമയം അയാളുടെ പോക്കറ്റില്‍ കിടന്ന് മൊബൈല്‍ ബെല്ലടിച്ചു. അയാള്‍ ഫോണെടുത്തു. മായയുടെ സ്വരം അയാള്‍ കേട്ടു.

''സാറേ അച്ചൂട്ടനെ കാണുന്നില്ല.''

മാനുവല്‍ നടുങ്ങിത്തരിച്ചു നിന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org