
കഥ ഇതുവരെ
ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി ചുമതലയേറ്റ അനുപമയെ സ്‌കൂളിലെ തന്നെ ഏറ്റവും അപകടകാരി യായ ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥി അലനെക്കുറിച്ചുളള വാര്‍ത്ത കള്‍ അസ്വസ്ഥയാക്കുന്നു. കേട്ടറിവുകള്‍ ശരിവയ്ക്കുന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് അലന്റെ ക്ലാസ് അവളെ സ്വീക രിച്ചത്. അതിന്റെ നടുക്കം ആസ്തമരോഗിയായ അനുപമ യെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലിന്റെയും അനുപമയുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലിന്റെയും നിര്‍ദേശാനുസരണം അവള്‍ ജോലി തുടരുന്നു. അലനും കൂട്ടുകാരും തമ്മിലുള്ള പല പല സംഭവങ്ങളിലൂടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന കൂട്ടുകാരി ക്കൊപ്പമാണ് അവള്‍ താമസിക്കുന്നത്.അധ്യാപകനായ നിഖില്‍ അനുപമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറയുന്നു. നിഖില്‍ ഇക്കാര്യം പ്രിയംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനുപമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതുന്നത്. പക്ഷേ സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയപ്പെ ടാത്ത രഹസ്യങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞു തുട ങ്ങുന്നു. സെന്റ് മേരിസ് ഓര്‍ഫനേജിലെ വാര്‍ഷികാഘോഷങ്ങ ളില്‍ നിന്നാണ് ഈ ഭൂതകാലവിവരണം ആരംഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് വിശിഷ്ട വ്യ ക്തികളിലൊരാളും അനാഥാലയത്തിലെ കുട്ടികളുടെ സ്‌പോണ്‍സറും വിഭാര്യനുമായ മാനുവല്‍. അയാളുടെ അഞ്ചുവയസ്സുകാരനായ മകനാണ് അച്ചൂട്ടന്‍. വിവിധ സന്ദര്‍ഭങ്ങളിലൂടെ അച്ചൂട്ടനുമായി അനുപമ അടുപ്പത്തിലാ കുന്നു. തന്റെ മരിച്ചുപോയ അമ്മയുടെ ഛായയാണ് അനു പമയ്‌ക്കെന്ന് അച്ചൂട്ടന്‍ കണ്ടെത്തുന്നു. അവളെ തന്റെ വീട്ടി ലേക്ക് കൊണ്ടുപോകാന്‍ അവനാഗ്രഹിക്കുന്നു. അച്ചൂട്ടന് അനുപമയുമായുള്ള അടുപ്പം മാനുവലിനെ അസ്വസ്ഥനാ ക്കുന്നു. ഇക്കാര്യം തന്റെ സുഹൃത്ത് ഫാ. എബിയോട് മാനു വല്‍ പങ്കുവയ്ക്കുന്നു. പക്ഷേ എബിയച്ചന്‍ അത്തരമൊരു ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇമ്മാ നുവേലച്ചന്‍ അനുപമയോട് വിവാഹക്കാര്യം സംസാരിക്കു ന്നു. മാനുവലും അനുപമയും തമ്മിലുള്ള വിവാഹം നടക്കുന്നു. പക്ഷേ ഓരോ സംഭവങ്ങളിലൂടെ അനുപമയും അച്ചുവും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്നു.
കാറിന്റെ പിന്‍ഭാഗത്തെ ചുവന്ന വെളിച്ചം ഗെയ്റ്റിറങ്ങി മറയുന്നത് ജനാലയ്ക്കരികില്‍ നില്ക്കുമ്പോള്‍ അച്ചു കണ്ടു. അവന്റെ കണ്ണുകള്‍ക്ക് അതിനെക്കാള്‍ ചുവപ്പുനിറമായിരുന്നു. അകന്നകന്നുപോകുകയും കണ്‍മുമ്പില്‍ നിന്ന് മറയുകയും ചെയ്യുന്നത് ഒരു കാര്‍ മാത്രമല്ലെന്ന് അവന് തോന്നി.
അത് തന്റെ അപ്പയാണ്. താന്‍ ഏറെ സ്‌നേഹിച്ചിരുന്ന അന്നാമ്മയാണ്. ഇരുവരും കൂടി തന്നില്‍നിന്ന് അകന്നുപോവുകയാണ്. അച്ചുവിന്റെ മനസ്സില്‍ അങ്ങനെയാണ് ചിന്തകള്‍ കൂടൂകൂട്ടിയത്.
എന്തു സ്‌നേഹമായിരുന്നു അപ്പയ്ക്ക് തന്നോട്. താനെത്ര സ്‌നേഹിച്ചിരുന്നതായിരുന്നു അന്നാമ്മയെ...
അന്നാമ്മയ്‌ക്കൊപ്പമുള്ള കളികള്‍... ചിരികള്‍... കുറുമ്പുകള്‍... സെന്റ് മേരീസില്‍ ഇടയ്ക്കിടെ അന്നാമ്മയെ കാണാന്‍ പോകാറുണ്ടായിരുന്നത് അച്ചുവിന്റെ ഓര്‍മ്മയിലേക്ക് വന്നു. അന്നൊക്കെ എന്തു രസമായിരുന്നു. ആ രസം എപ്പോഴും ഉണ്ടാവുമെന്ന് കരുതി. എന്നിട്ട്... എന്നിട്ടെന്താണ് സംഭവിച്ചത്?
അച്ചുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
താന്‍ തീര്‍ത്തും ഒറ്റയായെന്ന് അവനാദ്യമായി അനുഭവപ്പെട്ടു. തനിക്കാരും ഇല്ല. ആരും... അച്ചു പൊട്ടിക്കരഞ്ഞു.
''മോനേ അച്ചൂ...''
മായ അപ്പോള്‍ മുറിയിലേക്ക് വന്നു. മാനുവലും അനുപമയും പാര്‍ട്ടിക്ക് പോയപ്പോള്‍ അച്ചുവിന്റെ പ്രതികരണം എന്താണെന്ന് മനസ്സിലാക്കാനായി വന്നതായിരുന്നു മായ. അവളുടെ ഊഹം തെറ്റിയില്ല. തെറ്റിപ്പോകാത്ത ഊഹത്തിന്റെ പേരില്‍ അവള്‍ക്ക് തന്നോട് തന്നെ അഭിമാനം തോന്നി.
ജനാലയ്ക്കരികില്‍ നില്ക്കുകയായിരുന്ന അച്ചു ഓടിച്ചെന്ന് കിടക്കയിലേക്ക് വീണു.
''മോനെന്നാത്തിനാ കരയുന്നെ...''
മായ അവന്റെ അരികില്‍ ചെന്നിരുന്നു.
അപ്പോഴേയ്ക്കും അച്ചുവിന്റെ കരച്ചില്‍ ഇരട്ടിയായി.
''അയ്യേ... ആണ്‍കുട്ടികളിങ്ങനെ കരയാന്‍ പാടുണ്ടോ. എന്തു മോശമാ ഇത്.'' മായ അവന്റെ മുടിയിഴകളിലൂടെ വിരലുകളോടിച്ചു.
''അപ്പ... അപ്പ പോയി...'' അച്ചുവിന് അത്ര മാത്രമേ പറയാന്‍ കഴിഞ്ഞുളളൂ.
''അതുപിന്നെ അപ്പയ്ക്ക് പോകാതിരിക്കാന്‍ പറ്റുമോ?'' മായ അതിനെ നിസ്സാരവല്ക്കരിച്ചു.
''എന്നെ കൊണ്ടുപോയില്ല.''
''സാരമില്ല, അന്നാമ്മ അങ്ങനെ പറഞ്ഞുകാണും. പിന്നെ അപ്പയ്‌ക്കെന്നാ ചെയ്യാന്‍ പറ്റും?''
മായ ലാഘവത്തോടെ തുടര്‍ന്നു. അച്ചുവിന് അത് വിശ്വസിക്കാനായില്ല. അവന്‍ കട്ടിലില്‍ നിന്ന് തല ഉയര്‍ത്തി മായയെ നോക്കി.
''അന്നാമ്മ അങ്ങനെ പറഞ്ഞോ?''
ഇനിയെന്തു മറുപടി പറയണമെന്ന് അറിയാതെ ഒരു നിമിഷം മായ പകച്ചു.
അനുപമ തനിക്ക് ഒരു ബാധ്യതയും ഭീഷണിയുമാണെന്ന ധാരണ മായയില്‍ ശക്തമായിരുന്നു. കഴിഞ്ഞ ആറേഴ് വര്‍ഷത്തിലധികമായി സ്വാതന്ത്ര്യത്തോടെ പെരുമാറിപ്പോരുകയായിരുന്നു. ആരും ചോദിക്കാനില്ല. സര്‍വവിധ സ്വതന്ത്ര. ആ സ്വാതന്ത്ര്യത്തിന് മീതെ വന്നുപതിച്ച ചെറിയൊരു കുരുക്ക്. അതായിരുന്നു മാനുവലിന്റെ രണ്ടാം വിവാഹം.
പണവും പാരമ്പര്യവുമുള്ള ഒരു കുടുംബത്തില്‍ നിന്നായിരുന്നു മാനുവല്‍ രണ്ടാമത് വിവാഹം ചെയ്തിരുന്നതെങ്കില്‍ ആ വ്യക്തിയെ അംഗീകരിക്കാന്‍ മായ തയ്യാറായിരുന്നു. പക്ഷേ ഊരുംപേരുമില്ലാത്ത ഒരു നിസ്സാരയെയാണ് വിവാഹം കഴിച്ചുകൊണ്ടുവരുന്നതെന്നറിഞ്ഞപ്പോള്‍ മുതല്‍ ആ വ്യക്തിയെ കാണും മുമ്പ് തന്നെ മായയ്ക്ക് പരിഹാസവും അവജ്ഞയും തോന്നിയിരുന്നു. ആത്മവിശ്വാസമില്ലാത്ത വിധത്തിലും ദുര്‍ബലമായ രീതിയിലും പെരുമാറിയിരുന്ന അനുപമയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തുകഴിയുമ്പോള്‍ അത് നാളെ തന്റെ നിലനില്പിനെ തന്നെ ബാധിച്ചേക്കും എന്നും മായ കണക്കുകൂട്ടിയിരുന്നു.
ഒരു മഴയത്ത് കടത്തിണ്ണയിലേക്ക് കയറിവന്ന പൂച്ചക്കുട്ടിയെ മഴ തോര്‍ന്നുകഴിയുമ്പോള്‍ ഇറക്കിവിടുന്ന ലാഘവത്തോടെ അനുപമയെ ഇറക്കിവിടാനോ ഏതെങ്കിലും തരത്തില്‍ അവളെ അപ്പനും മകനും അപ്രീതയാക്കി മാറ്റാനോ കഴിഞ്ഞാല്‍ താന്‍ പഴയതുപോലെ സുരക്ഷിതയാകുമെന്നായിരുന്നു മായയുടെ കണക്കുകൂട്ടല്‍. താന്‍ പ്രവര്‍ത്തിക്കാതെയും കരുക്കള്‍ നിരത്താതെയും തന്നെ അനുപമയ്ക്കും മാനുവലിനും അച്ചുവിനും ഇടയില്‍ എങ്ങനെയൊക്കെയോ ചില അകലങ്ങള്‍ രൂപപ്പെട്ടിരിക്കുന്നുവെന്ന് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ മായയ്ക്ക് മനസ്സിലാക്കാനും കഴിഞ്ഞിരുന്നു.
ആ അകലം കൂട്ടാനെന്തെങ്കിലും മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ അതു പ്രയോഗിക്കുക മാത്രമേ താന്‍ ചെയ്യേണ്ടതുള്ളൂവെന്നും അവള്‍ മനസ്സിലാക്കിയിരുന്നു. താന്‍ പ്രതീക്ഷിക്കാത്ത വിധത്തിലും വേഗത്തിലുമാണ് കാര്യങ്ങള്‍ മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അച്ചുവിനെ തനിക്ക് അനുകൂലമായി നിര്‍ത്തിയാല്‍ ഒരുപക്ഷേ കാര്യങ്ങള്‍ തന്റെ കൈപ്പിടിയില്‍ തന്നെ നില്ക്കുമെന്നും മായയ്ക്ക് ഉറപ്പുണ്ടായിരുന്നു.
''പറഞ്ഞോന്ന് ചോദിച്ചാല്‍. അതിപ്പോ എന്നാത്തിനാ പറയുന്നെ. അനുപമക്കൊച്ചിന് അറിയാമല്ലോ എങ്ങനെയാ ചെയ്യേണ്ടതെന്നും പറയേണ്ടതെന്നും. അല്ലെങ്കിലും അച്ചൂട്ടനെന്നാത്തിനാ അതൊക്കെയോര്‍ത്ത് വിഷമിക്കുന്നെ. രണ്ടാനമ്മ എന്നും രണ്ടാനമ്മ തന്നെയാ. പത്തമ്മ ചമഞ്ഞാലും പോറ്റമ്മയാകില്ലല്ലോ.''
''എന്നുവച്ചാല്‍...'' അച്ചുവിന് അപ്പോഴും കാര്യം മനസ്സിലായില്ല.
''എന്നുവച്ചാല്‍ അന്നാമ്മ രണ്ടാനമ്മയാണെന്ന്. സോണിയക്കൊച്ചിനെ പോലെ ഒരിക്കലും അച്ചൂട്ടനെ സ്‌നേഹിക്കാനോ കൊഞ്ചിക്കാനോ അന്നാമ്മയ്ക്ക് കഴിയില്ലെന്ന്. അതിന് അച്ചൂട്ടന്‍ അന്നാമ്മയുടെ ആരാ.''
''ആരാ...'' അച്ചൂട്ടന്‍ ചോദ്യം ആവര്‍ത്തിച്ചു.
''അന്നാമ്മയുടെ ഭര്‍ത്താവിന്റെ ആദ്യത്തെ ഭാര്യയുടെ മകന്‍. അപ്പോ അത്രയേ കാണൂ. കുറച്ചു കഴീമ്പോ അതും കൂടി കാണില്ല. അന്നാമ്മയ്ക്ക് മാത്രോല്ല അപ്പയ്ക്കും.''
''അതെന്താ?'' തന്റെ ഹൃദയം പൊട്ടിത്തെറിക്കുന്നതുപോലെ അച്ചുവിന് തോന്നി.
''അന്നാമ്മയ്ക്കും അപ്പയ്ക്കും വേറെ കുട്ടികളുണ്ടാവില്ലേ. അച്ചൂട്ടന് കുഞ്ഞനിയന്മാരോ കുഞ്ഞനിയത്തിമാരോ. അല്ലാ, അച്ചൂട്ടന് ആരെയാ ഇഷ്ടം. അനിയന്‍ വേണോ, അനിയത്തി വേണോ?''
അച്ചു ആലോചനയില്‍മുഴുകി. അനിയന്‍, അനിയത്തി...
ആ വാക്കുകള്‍ ഇതിന് മുമ്പും കേട്ടിട്ടുണ്ട്. ടോമിയങ്കിളിന്റെ വീട്ടിലെത്തുമ്പോള്‍ അവിടെ കുട്ടികളുടെ സംഘം തന്നെയുണ്ട്. അവര്‍ക്കെല്ലാം ചേട്ടന്മാരും ചേച്ചിമാരും അനിയന്മാരും അനിയത്തിമാരുമുണ്ട്. പക്ഷേ തനിക്ക് മാത്രം അനിയനും അനിയത്തിയും ഇല്ലാതെ പോകുന്നതോര്‍ത്ത് സങ്കടം തോന്നിയിരുന്നു.
ഒരുഅനിയന്‍ വേണം, അനിയത്തി വേണം എന്ന് അപ്പയോട് പറഞ്ഞപ്പോള്‍ അന്ന് അപ്പ ചിരിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ മായേച്ചി പറയുന്നു തനിക്ക് അനിയനോ അനിയത്തിയോ ഉണ്ടാവുമെന്ന്. അതോടെ തന്നോടുള്ള അപ്പയുടെ സ്‌നേഹം ഇല്ലാതാകുമെന്ന്; അന്നാമ്മയുടെയും.
അച്ചുവിന് കഠിനമായ സങ്കടംവന്നു.
''പറ, അച്ചൂട്ടന് ആരു വേണം?'' മായ വീണ്ടും ചോദിച്ചു.
''എനിക്കാരും വേണ്ട... ആരും.'' അച്ചൂട്ടന്‍ അലറി.
മായയെ പോലും ആ ഭാവമാറ്റം ഞെട്ടിച്ചു.
''എല്ലാരേം ഞാന്‍ കൊല്ലും.'' അച്ചു കട്ടിലില്‍ നിന്ന് ചാടിയെണീറ്റു.
മായ അറിയാതെ കട്ടിലില്‍ നിന്നെണീറ്റുപോയി.
''പൊയ്‌ക്കോ.'' അച്ചു വാതിലിനു നേരെ വിരല്‍ചൂണ്ടി.
''അച്ചൂ... അച്ചൂട്ടാ...'' മായ പേടിയോടെ വിളിച്ചു. അച്ചുവിന്റെ പല മൂഡ് വ്യതിയാനങ്ങളും കണ്ടിട്ടുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അവന്റെ ഈ ഭാവം അവള്‍ ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ളതായിരുന്നു. അക്രമാസക്തനായ ഒരാളെപ്പോലെയാണ് അച്ചുവിനെ മായയ്ക്ക് അനുഭവപ്പെട്ടത്. ഒരു കൊച്ചുകുട്ടിയാണതെന്ന് അവള്‍ക്ക് തോന്നിയതേയില്ല.
''എനിക്കാരേം കാണണ്ടാന്ന് പറഞ്ഞില്ലേ...''
അച്ചു വീണ്ടും അലറി.
ഇനിയും അവിടെ നിന്നാല്‍ അച്ചുതന്നെ ഉപദ്രവിച്ചേക്കുമോയെന്നുപോലും മായ ഭയപ്പെട്ടു. അവള്‍ ഓടി മുറിക്ക് വെളിയിലേക്കിറങ്ങി. അവള്‍ പുറത്തിറങ്ങിയതും അച്ചു വാതില്‍ വലിച്ചടച്ചു. അടഞ്ഞവാതിലിന്റെ മുഴക്കം വീടിനെ മുഴുവന്‍ കുലുക്കി.
അടഞ്ഞ വാതിലില്‍ ചെന്ന് മുട്ടിവിളിക്കണമെന്ന് ആദ്യം മായയ്ക്ക് തോന്നി. എങ്കിലും പിന്നീടത് അവള്‍ വേണ്ടെന്ന് വച്ചു.
ആരും മുറിയില്‍ ഇല്ലെന്ന് മനസ്സിലായപ്പോള്‍ അച്ചു ഓടിച്ചെന്ന് സോണിയായുടെ ഫോട്ടോയ്ക്ക് മുമ്പില്‍ ചെന്ന് മുട്ടുകുത്തി.
''അമ്മേ... അമ്മേ...'' അവന്‍ ഏങ്ങലടിച്ചുകരഞ്ഞു. സോണിയായുടെ ഫോട്ടോ അവന്‍ മാറോട് ചേര്‍ത്തു.
''ഐ ലവ് യൂ അമ്മേ... ഐ ലവ് യൂ അമ്മേ...''
അവന്‍ സോണിയായുടെ ഫോട്ടോയില്‍ തുരുതുരാ ഉമ്മ വച്ചുതുടങ്ങി.
''ഐ മിസ് യൂ...'' അവന്‍ കരഞ്ഞുകൊണ്ട് ഫോട്ടോ മാറോട് ചേര്‍ത്തു നിലത്തു ചുരുണ്ടുകൂടി കിടന്നു.
ഈ സമയം മായ മാനുവലിന് ഫോണ്‍ ചെയ്യുകയായിരുന്നു.
പാര്‍ട്ടിയിലെ ചിരി ബഹളങ്ങള്‍ക്കിടയില്‍ അയാള്‍ ഫോണ്‍ വന്നത് ആദ്യം കേട്ടതേയില്ല. തനിക്കൊരിക്കലും അടുക്കാനോ ഇഴകിചേരാനോ കഴിയാത്ത ഒരു സമൂഹത്തിന്റെ മുമ്പില്‍ കാഴ്ചവസ്തുവിനെപോലെ വിറങ്ങലിച്ചു നില്ക്കുകയായിരുന്നു അനുപമ. പാര്‍ട്ടിയിലെ ബഹളത്തിനിടയില്‍ എപ്പോഴോ ഫോണ്‍ നോക്കുമ്പോഴാണ് അയാള്‍ മായയുടെ മിസ്ഡ് കോള്‍ കണ്ടത്. മാനുവല്‍ ഉടന്‍തന്നെ തിരികെ വിളിച്ചു.
''എന്റെ സാറേ, സാറിതെവിടെയാ. സാറ് വേഗം വീട്ടിലേക്ക് വന്നേ. അച്ചൂട്ടന്‍ ഇവിടെ വാതിലും അടച്ച് മുറിക്കകത്തിരിക്കുവാ. ആ കൊച്ച് എന്നതെങ്കിലും കുരുത്തക്കേട് ഒപ്പിക്കുമോയെന്നാ എന്റെ പേടി.''
ഒറ്റവാക്കില്‍ മായ അത്രയും പറഞ്ഞവസാനിപ്പിച്ചു. മാനുവലിന്റെ കാതുകളില്‍ മറ്റൊന്നും പതിഞ്ഞില്ല. അയാള്‍ മറ്റാരെയുംകുറിച്ച് ഓര്‍മ്മിച്ചുപോലുമില്ല.
മാനുവല്‍ തിടുക്കത്തില്‍ പുറത്തേക്ക് പോകുന്നത് അനുപമ കണ്ടു. എന്തോ അത്യാവശ്യമുണ്ടെന്ന് അവള്‍ക്കു തോന്നി. അവള്‍ ആളുകളെ വകഞ്ഞുമാറ്റി അയാള്‍ക്ക് പിന്നാലെയെത്താന്‍ ശ്രമിച്ചു.
അയാളെ വിളിക്കണമെന്നുണ്ടായിരുന്നു അനുപമയ്ക്ക്. പക്ഷേ അപ്പോഴാണ് അവള്‍ അക്കാര്യം ഓര്‍മ്മിച്ചത്. താന്‍ ഈ ദിവസങ്ങള്‍ക്കിടയില്‍ ഒരു വാക്കുകൊണ്ടുപോലും മാനുവലിനെ സംബോധന ചെയ്തിട്ടില്ലല്ലോയെന്ന്.
മാനുവലിനെ പിന്തുടര്‍ന്ന് അനുപമ എത്തിച്ചേര്‍ന്നത് പാര്‍ക്കിംങ് ഏരിയായിലാണ്. മാനുവല്‍ കാറിനകത്തേക്ക് കയറുന്നതാണ് അവള്‍ കണ്ടത്. അപ്പോഴേയ്ക്കും മാനുവല്‍ കാര്‍ സ്റ്റാര്‍ട്ടാക്കി പുറപ്പെട്ടുകഴിഞ്ഞിരുന്നു
നില്ക്കൂ ഞാനും എന്ന മട്ടില്‍ കൈ ഉയര്‍ത്തിപിടിച്ച് അനുപമ ഓടിച്ചെന്നു. പക്ഷേ മാനുവല്‍ അത് കണ്ടില്ല. അനുപമയെ അയാള്‍ ഓര്‍ത്തതുമില്ല. അയാളുടെ മനസ്സ് നിറയെ അച്ചു മാത്രമായിരുന്നു. നിരവധി കാറുകള്‍ക്കിടയില്‍ വഴിയറിയാതെ, ഒറ്റപ്പെട്ട് എങ്ങോട്ട് പോകണമെന്നറിയാതെ അനുപമ നിന്നു.
(തുടരും)