ചില്ല് - 19

നോവലിസ്റ്റ്: വിനായക് നിര്‍മ്മല്‍
ചില്ല് - 19

കഥ ഇതുവരെ

ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി ചുമതലയേറ്റ അനുപമയെ സ്‌കൂളിലെ തന്നെ ഏറ്റവും അപകടകാരി യായ ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥി അലനെക്കുറിച്ചുളള വാര്‍ത്ത കള്‍ അസ്വസ്ഥയാക്കുന്നു. കേട്ടറിവുകള്‍ ശരിവയ്ക്കുന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് അലന്റെ ക്ലാസ് അവളെ സ്വീക രിച്ചത്. അതിന്റെ നടുക്കം ആസ്തമരോഗിയായ അനുപമ യെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലിന്റെയും അനുപമയുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലിന്റെയും നിര്‍ദേശാനുസരണം അവള്‍ ജോലി തുടരുന്നു. അലനും കൂട്ടുകാരും തമ്മിലുള്ള പല പല സംഭവങ്ങളിലൂടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന കൂട്ടുകാരി ക്കൊപ്പമാണ് അവള്‍ താമസിക്കുന്നത്.അധ്യാപകനായ നിഖില്‍ അനുപമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറയുന്നു. നിഖില്‍ ഇക്കാര്യം പ്രിയംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനുപമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതുന്നത്. പക്ഷേ സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയപ്പെ ടാത്ത രഹസ്യങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞു തുട ങ്ങുന്നു. സെന്റ് മേരിസ് ഓര്‍ഫനേജിലെ വാര്‍ഷികാഘോഷങ്ങ ളില്‍ നിന്നാണ് ഈ ഭൂതകാലവിവരണം ആരംഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് വിശിഷ്ട വ്യ ക്തികളിലൊരാളും അനാഥാലയത്തിലെ കുട്ടികളുടെ സ്‌പോണ്‍സറും വിഭാര്യനുമായ മാനുവല്‍. അയാളുടെ അഞ്ചുവയസ്സുകാരനായ മകനാണ് അച്ചൂട്ടന്‍. വിവിധ സന്ദര്‍ഭങ്ങളിലൂടെ അച്ചൂട്ടനുമായി അനുപമ അടുപ്പത്തിലാ കുന്നു. തന്റെ മരിച്ചുപോയ അമ്മയുടെ ഛായയാണ് അനു പമയ്‌ക്കെന്ന് അച്ചൂട്ടന്‍ കണ്ടെത്തുന്നു. അവളെ തന്റെ വീട്ടി ലേക്ക് കൊണ്ടുപോകാന്‍ അവനാഗ്രഹിക്കുന്നു. അച്ചൂട്ടന് അനുപമയുമായുള്ള അടുപ്പം മാനുവലിനെ അസ്വസ്ഥനാ ക്കുന്നു. ഇക്കാര്യം തന്റെ സുഹൃത്ത് ഫാ. എബിയോട് മാനു വല്‍ പങ്കുവയ്ക്കുന്നു. പക്ഷേ എബിയച്ചന്‍ അത്തരമൊരു ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇമ്മാ നുവേലച്ചന്‍ അനുപമയോട് വിവാഹക്കാര്യം സംസാരിക്കു ന്നു. മാനുവലും അനുപമയും തമ്മിലുള്ള വിവാഹം നടക്കുന്നു. വിവാഹരാത്രിയില്‍ അച്ചുവിനെ മറ്റൊരു മുറിയിലാക്കിയതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. അച്ചുവിന്റെ അമ്മയുടെ സഹോദരന്മാര്‍ വീട്ടിലെത്തുന്നു.

തിരികെ വീട്ടിലെത്തിയപ്പോഴേക്കും അച്ചൂട്ടന്റെ ദേഷ്യവും സങ്കടവും മാറിയിരുന്നു. അത് അനുപമയെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചതും. ഈ മണിക്കൂറുകളത്രയും അവള്‍ പ്രാര്‍ത്ഥിച്ചിരുന്നതും അതുതന്നെയായിരുന്നു. അച്ചൂട്ടന് തന്നോടുള്ള പിണക്കം മാറണേ. ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരംകിട്ടിയതുപോലെയായിരുന്നു അവന്‍ തന്നോട് സംസാരിച്ചു തുടങ്ങിയപ്പോള്‍ അനുപമയ്ക്ക് അനുഭവപ്പെട്ടത്.

അന്നാമ്മേ എന്ന അവന്റെ വിളിയില്‍ അനുപമയുടെ എല്ലാ ആശങ്കകളും അകന്നുപോയി.

അനുപമ ഓടിച്ചെന്ന് അവനെ കെട്ടിപ്പുണര്‍ന്നു. ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങിയ മാനുവല്‍ അലക്ഷ്യമായി അനുപമയെ നോക്കി. അനുപമ അത് ശ്രദ്ധിച്ചതേയില്ല. അവളുടെ ചിന്തയും ആശങ്കയും മുഴുവനും അച്ചുവിനെക്കുറിച്ച് മാത്രമായിരുന്നു.

അന്നാമ്മയോടുള്ള അച്ചൂട്ടന്റെ പിണക്കം മാറിയോ?

അനുപമ അവന്റെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചുകൊണ്ട് ചോദിച്ചു.

''ഞാന്‍ ഇണങ്ങും, പിണങ്ങും. അതൊക്കെ അങ്ങ് സഹിച്ചോളണം.''

അച്ചു അറിയിച്ചു.

അവന്റെ സ്വരത്തില്‍ അല്പം ഗൗരവമുണ്ടായിരുന്നു.

''ഓ, അടിയന്‍.'' അനുപമ ഓച്ഛാനിച്ചു നില്ക്കുന്ന ഭാവം അഭിനയിച്ചു.

അത് അച്ചൂട്ടനെയും രസിപ്പിച്ചു.

''വാ, നമുക്ക് ലുഡോ കളിക്കാം. അതോ കാരംസ് കളിക്കണോ.'' അച്ചു അനുപമയോട് ചോദിച്ചു.

''ലുഡോയോ. അനുപമയ്ക്ക് മനസ്സിലായില്ല.''

''അയ്യേ, അന്നാമ്മയ്ക്ക് ഒന്നുമറിയില്ല.'' അച്ചു കളിയാക്കി.

''എന്നാ അന്നാമ്മയെ കാരംസ് പഠിപ്പിക്കാം.''

അച്ചു കാരംസ് ബോര്‍ഡ് എടുക്കാന്‍ തുടങ്ങിയപ്പോള്‍ മായയുടെ ശബ്ദം ഉയര്‍ന്നുകേട്ടു.

''അച്ചൂട്ടാ ഡ്രസ് ചെയ്ഞ്ചു ചെയ്ത്, കുളിച്ചിട്ടു മതി കളി. ഓരോരോ പുതിയ ശീലങ്ങള്‍.''

മായ അത് ഉറക്കെതന്നെയാണ് പറഞ്ഞതും. മായയുടെ വാക്കുകള്‍ തന്നെ ലക്ഷ്യം വച്ചുകൊണ്ടുളളതാണെന്ന് അനുപമയ്ക്ക് മനസ്സിലായി.

''മായചേച്ചി ഭയങ്കര സ്ട്രിക്ടാ.''

രഹസ്യം പറയുന്നതു കണക്കെ അച്ചു പറഞ്ഞു. അവന്‍ വേഗം അകത്തേക്ക് ഓടിപ്പോയി. മായയ്ക്ക് അച്ചുവിലും മറ്റെല്ലാവരിലും സ്വാധീനമുണ്ടെന്ന് അനുപമയ്ക്ക് മനസ്സിലായി.

സോണിയായുടെ സഹോദരന്മാരെ പോലും സ്വാധീനിക്കാന്‍ മായയ്ക്ക് കഴിവുണ്ട്. തന്നോട് മായയ്ക്കുള്ളത് പുച്ഛവും പരിഹാസവുമാണെന്ന് അടുത്ത് ഇടപഴകിയ മണിക്കൂറുകള്‍ കൊണ്ടുതന്നെ അനുപമ തിരിച്ചറിഞ്ഞിരുന്നു. ഒരു പ്രതിയോഗിയായിട്ടാണ് മായ തന്നെ കാണുന്നത്.

തന്റെ ഇതുവരെയുളള എല്ലാ സ്വാതന്ത്ര്യങ്ങളും കൈയടക്കാന്‍ വന്നിരിക്കുന്ന ഒരു പ്രതിയോഗി. അതാണ് താന്‍. ആരുടെയും അവകാശങ്ങള്‍ ഹനിക്കാന്‍ വന്ന ആളല്ല താനെന്ന് എങ്ങനെ തെളിയിക്കും? അതായിരുന്നു അനുപമയുടെ ധര്‍മ്മസങ്കടം.

''കുട്ടിക്കളി മാറിയിട്ടില്ല.''

വേഷം മാറി ലാപ്പ്‌ടോപ്പിന് മുമ്പിലിരിക്കുകയായിരുന്ന മാനുവലിന് ചായയുമായി എത്തിയ മായ പറഞ്ഞു.

''ആര്‍ക്ക്?'' മാനുവല്‍ തല ഉയര്‍ത്തി മായയെ നോക്കി.

''അല്ല, ആ കൊച്ചിന്... അനുപമയ്ക്ക്. ഒരു കാര്യപ്രാപ്തീം വകതിരിവും ഇല്ല. അല്ലാ, അതൊന്നും അതിന്റെ കുറ്റവുമല്ല. വളര്‍ന്നുവന്ന സാഹചര്യം.''

മാനുവല്‍ അതിനോട് ഒരുതരത്തിലും പ്രതികരിച്ചില്ല. മാനുവലില്‍നിന്ന് താന്‍ ഉദ്ദേശിച്ചതുപോലെയുള്ള പ്രതികരണം ഉണ്ടാവില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ മായ അറിയിച്ചു.

''ഇന്ന് നമ്മുടെ ടോമിച്ചേട്ടനും അനിയന്മാരും വന്നായിരുന്നു.''

''എന്തിന്?'' മാനുവലിന്റെ സ്വരം ഉയര്‍ന്നു.

''അതെനിക്ക് ചോദിക്കാന്‍ പറ്റ്വോ. നമ്മുടെ അച്ചൂട്ടന്റെ അങ്കിളുമാരല്ലേ.''

''നമ്മുടെ ടോമിച്ചേട്ടനല്ല. നിന്റെ ടോമിച്ചേട്ടന്‍. അങ്ങനെ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍... പിന്നെ നമ്മുടെ അച്ചൂട്ടനല്ല. എന്റെ അച്ചൂട്ടന്‍. മനസ്സിലായോ?''

മായ തലയാട്ടി. ഇന്ന് മാനുവലിന്റെ മൂഡ് ശരിയല്ല. അവള്‍ മനസ്സില്‍ പറഞ്ഞു.

''എന്നിട്ട്...'' മാനുവല്‍ ചോദിച്ചു

''എന്നിട്ടെന്താ, അനുപമക്കൊച്ചിനെ കണ്ടു സംസാരിച്ചു തിരിച്ചുപോയി. അത്രേയുള്ളൂ. പിന്നെ അവരെന്നാ സംസാരിച്ചു എന്നൊന്നും എനിക്കറിയില്ല. ഞാന്‍ കുടിക്കാന്‍ വെള്ളമെടുക്കാന്‍ വേണ്ടി കിച്ചണിലേക്ക് പോന്നായിരുന്നു.''

''ഉം...'' മാനുവല്‍ അമര്‍ത്തിമൂളി.

''എന്നാ പിന്നെ ഞാന്‍...'' മായ ആംഗ്യം കാണിച്ചു.

''ഉം...'' എന്ന് മാനുവല്‍ പിന്നെയും മൂളി.

മായ പുറംതിരിഞ്ഞപ്പോള്‍ പിന്നില്‍ നിന്ന് മാനുവല്‍ വിളിച്ചു.

''ഇങ്ങോട്ട് വരാന്‍ പറ...''

''ആരോട്?'' ഉള്ളില്‍ വ്യക്തതയുണ്ടായിരുന്നുവെങ്കിലും മായ സംശയത്തോടെ ചോദിച്ചു

''അനുവിനോട്. അനുപമയോട്.''

മാനുവല്‍ ലാപ്പ്‌ടോപ്പിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ചുണ്ടു വക്രിച്ചുകാണിച്ച് മായ പുറംതിരിഞ്ഞു.

''സാറ് വിളിക്കുന്നുണ്ട്.'' അനുപമയുടെ അടുക്കലെത്തി മായ അറിയിച്ചു.

അനുപമയുടെ ചങ്കിടിപ്പ് വര്‍ധിച്ചു. താനും മാനുവലും മാത്രമാകുന്ന നിമിഷങ്ങള്‍ അവളെ അത്രയധികം ആശങ്കപ്പെടുത്തിയിരുന്നു. ആദ്യമായി മാനുവലിന്റെ മുമ്പില്‍ ചെന്നുനിന്നപ്പോഴുണ്ടായ അതേ പാരവശ്യമായിരുന്നു മാനുവലിന് മുമ്പില്‍ നില്ക്കുമ്പോഴെല്ലാം അനുപമ അനുഭവിച്ചിരുന്നത്.

''വല്യ ദേഷ്യത്തിലാ...'' അനുപമയുടെ ആകുലത നിറഞ്ഞ മുഖത്തേക്ക് നോക്കി ലാഘവത്തോടെ മായ അറിയിച്ചു.

''ചോദിച്ചാലൊന്നും പറയണ്ട. അതാ നല്ലത്. ദേഷ്യം വന്നാ മിണ്ടാതിരിക്കുന്നതാ ബുദ്ധി.''

അനുപമ വിറച്ചുവിറച്ചാണ് മാനുവലിന്റെ മുമ്പിലെത്തിയത്.

''ഏഴു മണിയാകുമ്പോ പുറത്തു പോകാം. ഒരു പാര്‍ട്ടിയുണ്ട്, പേഴ്‌സണലി എനിക്ക് ഈ പാര്‍ട്ടിയോടോ അല്ലെങ്കില്‍ നമ്മളിങ്ങനെ ഒരുമിച്ചുപുറത്തുപോകുന്നതിനോടോ വലിയ താല്പര്യമില്ല. പക്ഷേ പോകാതിരുന്നാല്‍... അവര്‍ക്കൊക്കെ ഈ വിവാഹത്തോട് ഒരു തെറ്റായ ധാരണയുണ്ട്. അധികമാരെയും ക്ഷണിക്കാത്തതുകൊണ്ട് ഞാനെന്തോ ഒരു രഹസ്യ ഏര്‍പ്പാടാണ് നടത്തിയിരിക്കുന്നതെന്ന മട്ടില്‍. അതൊന്ന് തിരുത്തണം. അത്രയേയുള്ളൂ. ബട്ട് വണ്‍ തിംഗ് ഈസ് വെരി ഇംപോര്‍ട്ടന്റ്. ബിഹേവ് വെരി വെല്‍.

അവരൊക്കെ നല്ല ബായ്ക്ക്ഗ്രൗണ്ടില്‍ നിന്നുള്ളവരാ. ഞാന്‍ പറഞ്ഞത് മനസ്സിലായില്ലേ...''

അനുപമ വെറുതെ തലയാട്ടി.

''എങ്കില്‍ പോയി റെഡിയാകൂ...''

അനുപമ എന്നിട്ടും അവിടെതന്നെ നിന്നതേയുള്ളൂ.

''ഉം?''

അനുപമ അവിടെ നിന്ന് പോയിട്ടില്ലെന്ന് മനസ്സിലാക്കിയ മാനുവല്‍ പുരികം ഉയര്‍ത്തി ചോദിച്ചു.

അച്ചൂട്ടന്‍. മടിച്ചും പേടിച്ചുമാണ് അനുപമ ശബ്ദിച്ചത്.

''വേണ്ട... ദിസിസ് കപ്പിള്‍ പാര്‍ട്ടി.''

അച്ചൂട്ടനെ ഒഴിവാക്കിക്കൊണ്ടുളള ഒരു യാത്ര അവനെ തീര്‍ച്ചയായും വേദനിപ്പിക്കുമെന്ന് അനുപമയ്ക്ക് അറിയാമായിരുന്നു. കുളി കഴിഞ്ഞ് ഭക്ഷണവും കഴിച്ച് ലുഡോയോ കാരംസോ കളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അവന്‍. അങ്ങനെയുള്ള സ്ഥിതിക്ക് തങ്ങള്‍ മാത്രമായി പോകുമ്പോള്‍. താന്‍ വീണ്ടും അച്ചുവിന് മുമ്പില്‍ ശത്രുവായി മാറുകയാണ്. അച്ചുവിനെകൂടി പാര്‍ട്ടിക്ക് കൊണ്ടുപോകണമെന്ന് സ്വാധീനം ചെലുത്താന്‍ തനിക്ക് ശക്തിയുമില്ല. അനുപമ ശരിക്കും നിസ്സഹായയായി.

ഈ സമയംതന്നെയാണ് അച്ചൂട്ടന്‍ കളിക്കാനായി അനുപമയെ ക്ഷണിച്ചത്.

''അന്നാമ്മേ വാ. ഞാന്‍ അന്നാമ്മയെ ലുഡോ കളിക്കാന്‍ പഠിപ്പിക്കാം.''

അനുപമ അവന്റെ മുമ്പിലെത്തി.

അനുപമ ചുവരിലെ ക്ലോക്കിലേക്ക് നോക്കി.

ആറര.

ഏഴുമണിക്ക് പോകണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇനി ഡ്രസ് ധരിക്കണം. താന്‍ ഏതെങ്കിലും കാരണത്താല്‍ വൈകിയാല്‍ ചിലപ്പോള്‍ മാനുവല്‍ ദേഷ്യപ്പെട്ടേക്കാം.

അനുപമ മടിച്ചുനില്ക്കുന്നതു കണ്ടപ്പോള്‍ അച്ചുട്ടന്‍ പറഞ്ഞു.

''എങ്കില്‍ കാരംസ് കളിക്കാം.'' അവന്‍ ടേബിളിലേക്ക് കാരംസ് ബോര്‍ഡെടുത്തു വച്ചു.

''ഞാന്‍ കളിക്കുന്നില്ല അച്ചൂട്ടാ.''

അച്ചൂട്ടന്റെ ചിരി മായുന്നത് അനുപമ കണ്ടു.

''പുറത്തുപോകണം.'' അനുപമ അറിയിച്ചു.

അച്ചുവിന്റെ മുഖത്ത് വീണ്ടും സന്തോഷം പരന്നു.

''ഹായ്. നമുക്ക് പുറത്തുപോകാം. അന്നാമ്മ മാളില്‍ പോയിട്ടില്ലല്ലോ. എസ്‌കലേറ്ററില്‍ കയറിയിട്ടില്ലല്ലോ. ഞാന്‍ ശരിയാക്കാം. സെറ്റ്.'' അച്ചു പെരുവിരല്‍ ഉയര്‍ത്തിക്കാണിച്ചു.

''അത്... അതുപിന്നെ അച്ചൂട്ടാ... അച്ചൂട്ടന്‍ വരണ്ടാ...''

''ഞാന്‍ വരണ്ടെ?'' അച്ചുവിന്റെ സ്വരം ഉയര്‍ന്നു.

''അതെന്താ..?''

''കുട്ടികള്‍ക്ക് പറ്റുകേലാത്ത സ്ഥലമാന്ന്.''

''ആരു പറഞ്ഞു?''

''അപ്പ.''

അച്ചുവിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് കരുതാതെയാണ് അനുപമ അത് പറഞ്ഞത്. ഒരു നിമിഷം അച്ചു തരിച്ചു നിന്നു.

തന്നെ കൂട്ടി മാത്രമേ അപ്പ എവിടെയും പോയിട്ടുള്ളൂ. ആ അപ്പ ഇപ്പോള്‍ പറയുന്നു, തന്നെ കൂടെ കൂട്ടണ്ടാന്ന്. അച്ചുവിനെ സംബന്ധിച്ച് അത് ഹൃദയഭേദകമായിരുന്നു. അവന്‍ പെട്ടെന്ന് കാരംസ് ബോര്‍ഡ് തളളിമറിച്ചിട്ടു. അതിലെ ചുവപ്പും കറുപ്പും ചക്രങ്ങള്‍ അനുപമയുടെ കണ്‍മുമ്പിലുടെ ഉരുണ്ടുപൊയ്‌ക്കൊണ്ടിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org