ചില്ല് - 18

നോവലിസ്റ്റ്: വിനായക് നിര്‍മ്മല്‍
ചില്ല് - 18

കഥ ഇതുവരെ

ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി ചുമതലയേറ്റ അനുപമയെ സ്‌കൂളിലെ തന്നെ ഏറ്റവും അപകടകാരി യായ ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥി അലനെക്കുറിച്ചുളള വാര്‍ത്ത കള്‍ അസ്വസ്ഥയാക്കുന്നു. കേട്ടറിവുകള്‍ ശരിവയ്ക്കുന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് അലന്റെ ക്ലാസ് അവളെ സ്വീക രിച്ചത്. അതിന്റെ നടുക്കം ആസ്തമരോഗിയായ അനുപമ യെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലിന്റെയും അനുപമയുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലിന്റെയും നിര്‍ദേശാനുസരണം അവള്‍ ജോലി തുടരുന്നു. അലനും കൂട്ടുകാരും തമ്മിലുള്ള പല പല സംഭവങ്ങളിലൂടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന കൂട്ടുകാരി ക്കൊപ്പമാണ് അവള്‍ താമസിക്കുന്നത്.അധ്യാപകനായ നിഖില്‍ അനുപമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറയുന്നു. നിഖില്‍ ഇക്കാര്യം പ്രിയംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനുപമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതുന്നത്. പക്ഷേ സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയപ്പെ ടാത്ത രഹസ്യങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞു തുട ങ്ങുന്നു. സെന്റ് മേരിസ് ഓര്‍ഫനേജിലെ വാര്‍ഷികാഘോഷങ്ങ ളില്‍ നിന്നാണ് ഈ ഭൂതകാലവിവരണം ആരംഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് വിശിഷ്ട വ്യ ക്തികളിലൊരാളും അനാഥാലയത്തിലെ കുട്ടികളുടെ സ്‌പോണ്‍സറും വിഭാര്യനുമായ മാനുവല്‍. അയാളുടെ അഞ്ചുവയസ്സുകാരനായ മകനാണ് അച്ചൂട്ടന്‍. വിവിധ സന്ദര്‍ഭങ്ങളിലൂടെ അച്ചൂട്ടനുമായി അനുപമ അടുപ്പത്തിലാ കുന്നു. തന്റെ മരിച്ചുപോയ അമ്മയുടെ ഛായയാണ് അനു പമയ്‌ക്കെന്ന് അച്ചൂട്ടന്‍ കണ്ടെത്തുന്നു. അവളെ തന്റെ വീട്ടി ലേക്ക് കൊണ്ടുപോകാന്‍ അവനാഗ്രഹിക്കുന്നു. അച്ചൂട്ടന് അനുപമയുമായുള്ള അടുപ്പം മാനുവലിനെ അസ്വസ്ഥനാ ക്കുന്നു. ഇക്കാര്യം തന്റെ സുഹൃത്ത് ഫാ. എബിയോട് മാനു വല്‍ പങ്കുവയ്ക്കുന്നു. പക്ഷേ എബിയച്ചന്‍ അത്തരമൊരു ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇമ്മാ നുവേലച്ചന്‍ അനുപമയോട് വിവാഹക്കാര്യം സംസാരിക്കു ന്നു. മാനുവലും അനുപമയും തമ്മിലുള്ള വിവാഹം നടക്കുന്നു. വിവാഹരാത്രിയില്‍ അച്ചുവിനെ മറ്റൊരു മുറിയിലാക്കിയതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. അച്ചുവിന്റെ അമ്മയുടെ സഹോദരന്മാര്‍ വീട്ടിലെത്തുന്നു.

(ഇനി തുടര്‍ന്നുവായിക്കുക...)


അനുപമ അപരിചിതരെ കണ്ട് ആശങ്കപ്പെട്ടു നിന്നു. ആക്രമിക്കാനും കീഴ്‌പ്പെടുത്താനും സന്നദ്ധരായി നില്ക്കുന്ന യോദ്ധാക്കളെപ്പോലെയാണ് അവരെ അവള്‍ക്ക് അനുഭവപ്പെട്ടത്. അവരോട് എന്തുസംസാരിക്കും എന്നറിയാതെ അനുപമ പരുങ്ങി. ഒടുവില്‍ ധൈര്യം സംഭരിച്ച് അവള്‍ ആരാ എന്ന് ചോദിച്ചതും തൊട്ടുപിന്നില്‍ നിന്ന് മായയുടെ സ്വരം കേട്ടു.

അല്ലാ ഇതാരൊക്കെയാ... എത്രനാളായി കണ്ടിട്ട്... ഈ വഴിയൊക്കെ മറന്നുപോയെന്നാ ഞാന്‍ കരുതിയെ...

നല്ലൊരു ആതിഥേയയെ പോലെ നിറഞ്ഞുനില്ക്കുന്ന മായയെ അനുപമ മുഖം തിരിച്ചുനോക്കി. ഇവരാരൊക്കെയാ എന്ന അനുപമയുടെ മുഖത്തെ ചോദ്യം വായിച്ചറിഞ്ഞിട്ടെന്നപോലെ മായ പറഞ്ഞു:

'' സോണിയാക്കൊച്ചിന്റെ ആങ്ങളമാരാ. അച്ചൂട്ടന്റെ അങ്കിളുമാര്.''

എന്നിട്ട് അനുപമയ്ക്ക് മുമ്പില്‍ കയറി നിന്ന് അവരെ ക്ഷണിച്ചു.

''വാ, കേറി വാ, എന്തിനാ വന്ന കാലില്‍ നില്ക്കുന്നത്. കേറി ഇരിക്കെന്നേ.''

ടോമിയും റോണിയും ടോണിയും മൂപ്പുക്രമം അനുസരിച്ചെന്നോണം അകത്തേക്ക് കയറി വന്നു.

അവരുടെ നോട്ടം അനുപമയിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. ആ നോട്ടത്തിന് മുന്നില്‍ അനുപമ ചൂളിപ്പോയി.

''മായയെ കാണാതിരുന്നപ്പോ ഞാന്‍ വിചാരിച്ചു പോയിക്കാണുമെന്ന്. പുതിയ ആളിനെകണ്ടപ്പോ സെര്‍വെന്റാണെന്നും.'' ടോമി പറഞ്ഞു.

''അയ്യോ...'' അനുപമയെ നോക്കി മായ വായ് പൊത്തി.

''ഇത് നമ്മുടെ സാറിന്റെ പുതിയ...''

മായ അത് പൂര്‍ത്തിയാക്കിയില്ല.

പുതിയ...?'' റോണി ഇടയ്ക്കു കയറി.

''മാനുവല്‍സാര്‍ കല്യാണം കഴിച്ചുകൊണ്ടുവന്ന...'' മായ അറിയിച്ചു.

''ങ്? അതിനിടയില്‍ അതും സംഭവിച്ചോ. എന്നിട്ട് ഞങ്ങളാരും അറിഞ്ഞില്ലല്ലോ... അല്ലേടാ... നീ അറിഞ്ഞായിരുന്നോ...''

ടോമി റോണിയോട് ചോദിച്ചു.

''അറിഞ്ഞാപ്പിന്നെ ചേട്ടായിയോട് പറയാതിരിക്കുവോ. ഇതു നല്ലകൂത്ത്.''

റോണി പരിഭവിച്ചു.

''നീ അറിഞ്ഞായിരുന്നോടാ...'' ടോമി, ടോണിയോട് ചോദിച്ചു

ഇല്ലെന്ന് ടോണി തല ചലിപ്പിച്ചു.

''ദാണ്ടെ കെട. അപ്പോ ആരേം അറിയിക്കാതേം ക്ഷണിക്കാതേം ഇതെന്നാ തട്ടിക്കൊണ്ടുവന്ന് കല്യാണം കഴിച്ചതാണോ?''

''അതു പിന്നെ...'' മായ അവിടെ നിന്ന് രക്ഷപ്പെടാന്‍ ഭാവിച്ചു.

''നിങ്ങളിരിക്ക്. ഞാന്‍ കുടിക്കാന്‍ എന്തെങ്കിലും എടുക്കട്ടെ.''

മായ അടുക്കളയിലേക്ക് തിരിഞ്ഞു. അവിടെ നിന്ന് എങ്ങനെയും രക്ഷപ്പെടാന്‍ ആഗ്രഹിച്ച അനുപമ മായയുടെ പുറകെ നടന്നു. പെട്ടെന്ന് മായ തിരിഞ്ഞുനിന്നു.

''കൊച്ച് എന്റെ പുറകെ വരാതെ അവിടെ ചെന്ന് അവരോട് എന്തെങ്കിലും മിണ്ടിയും പറഞ്ഞും നില്ക്ക്. വീട്ടില്‍ ആരെങ്കിലും വന്നാല് മര്യാദകാണിക്കണ്ടെ.''

മായ തിടുക്കത്തില്‍ അടുക്കളയിലേക്ക് നടന്നു. ആ സമയം തന്നെയായിരുന്നു ടോമിയുടെ സ്വരം കേട്ടത്.

''ഒന്നവിടെ നിന്നേ...'' ഒരിടത്തേക്കും തിരിയാനാവാതെ അനുപമ അവിടെ നിശ്ചലയായി നിന്നു.

''എന്നതാ പേര്?''

''അനു... അനുപമ...'' അനുപമയുടെ സ്വരത്തില്‍ വിറയല്‍ കലര്‍ന്നിട്ടുണ്ടായിരുന്നു.

''നല്ല പേര്. ആളും കൊള്ളാം.'' ടോമി അനുപമയെ അടിമുടി നോക്കി.

''ചേട്ടായീ...'' ടോണി താക്കീതിന്റെ സ്വരത്തിലെന്നോണം വിളിച്ചു.

''എവിടെയാ വീട്. വീട്ടിലാരൊക്കെയുണ്ട്.''

റോണിയുടേതായിരുന്നു ആ ചോദ്യം.

''ഞാന്‍... വീട്...'' അനുപമ പരുങ്ങി.

''എന്നതാ വീടില്ലേ. ശ്ശെടാ. ഇതു നല്ല കഥയായല്ലോ.''

''ഇവിടെ... സെന്റ് മേരീസില്...'' അനുപമ വിക്കിവിക്കി പറഞ്ഞു.

''സെന്റ് മേരീസോ? അതെന്നാ സ്‌കൂളല്ലേ. അമ്മമാര് നടത്തുന്നത്. അവിടെയാണോ വീട്.''

''അല്ല... സെന്റ് മേരീസ് ഓര്‍ഫനേജില്...''

''അതുശരി. അപ്പോ അങ്ങനെയാണ് കാര്യങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ കുടുംബമില്ല. അപ്പനാരാണെന്നോ അമ്മയാരാണെന്നോ അറിയില്ല. അല്ലാ, ചേരുംപടി ചേര്‍ക്കുക എന്ന് പറയുന്നതൊക്കെ ഇതാ. അവനും ഏതാണ്ട് ഇങ്ങനെയൊക്കെതന്നെയാ.

അനുപമ ചോദ്യഭാവേന ടോമിയെ നോക്കി.

''അവന്‍ എന്നു പറഞ്ഞാല് മാനുവല്‍. നിന്റെ കെട്ട്യോന്‍. അവനും ഇപ്പറഞ്ഞതുപോലെ അധികമാരും ഇല്ല. എന്നാലും നിന്നെക്കാള്‍ ഭേദമാ കേട്ടോ.'' ചൂണ്ടിക്കാണിച്ചുപറയാന്‍ ആരൊക്കെയോ ഉണ്ട്.

അനുപമയ്ക്ക് കരച്ചില്‍ പൊട്ടി. ഇത്രയും നേരം അവള്‍ ഏതൊക്കെയോ വിധത്തില്‍ പിടിച്ചുനില്ക്കുകയായിരുന്നു. ഭയമുണ്ടായിരുന്നു, ആകുലതയുണ്ടായിരുന്നു.

ഇപ്പോള്‍ അതെല്ലാം ചേര്‍ന്ന് സങ്കടം കരകവിഞ്ഞൊഴുകുകയാണ്. അനുപമ കരയുന്നത് കണ്ടപ്പോള്‍ ടോണിക്ക് വല്ലായ്മ തോന്നി.

''ചേട്ടായീ...'' അവന്‍ വീണ്ടും താക്കീത് കലര്‍ത്തി വിളിച്ചു.

''എന്നതാ ഇത്. ആ കൊച്ച് പാവം. വെറുതെ.''

''ഓ നിനക്ക് അല്ലേലും പെണ്ണുങ്ങള് പൂങ്കണ്ണീര് പൊഴിച്ചുകാണിച്ചാലുടനെ മനസ്സ് അലിഞ്ഞു പോകും. സോപ്പ് പോലെ.'' റോണി പരിഹസിച്ചു.

''അന്ന് പെങ്ങള് കരഞ്ഞുകാണിച്ചപ്പോഴും നിന്റെ മനസ്സ് അലിഞ്ഞുപോയി. അതാ നിന്റെ സപ്പോര്‍ട്ടോടുകൂടി അവള് ഈ മണകൊണാപ്പനെ കെട്ടിയത്.''

ടോമി ദേഷ്യപ്പെട്ടു. ടോണി നിശ്ശബ്ദനായി.

''പിന്നെയൊരു കാര്യം.'' ടോമി ഇരിപ്പിടത്തില്‍ നിന്നെണീറ്റ് അനുപമയുടെ അടുക്കലേക്ക് ചെന്നു.

''കാര്യമൊക്കെ അറിഞ്ഞിട്ടുതന്നെയാടീ ഞങ്ങള് വന്നത്. നിന്നെയൊന്ന് കണ്ടിട്ട് പോകാമെന്നും വച്ചു. നീ ആരാണെന്നോ എന്നതാണെന്നോ ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. പക്ഷേ നീ ഞങ്ങടെ കൊച്ചിനെ ഒന്ന് നുള്ളി നോവിച്ചാല്‍. അവന്റെ മനസ്സ് വിഷമിപ്പിക്കുന്ന എന്തെങ്കിലും കാണിക്കുകയോ പറയുകയോ ചെയ്താല്‍...''

അനുപമയുടെ തൊട്ടടുക്കലെത്തിയായിരുന്നു ടോമിയുടെ ആ ഭീഷണി. അനുപമയുടെ നേരെ ചൂണ്ടുവിരലുയര്‍ത്തിക്കൊണ്ടായിരുന്നു അയാളുടെ വാക്കുകള്‍.

''...കെട്ടിലമ്മയായി ഇവിടെ സുഖിച്ച് വാഴാന്‍ നീയുണ്ടാവില്ല. വന്നയിടത്തേക്ക് തന്നെ നിന്നെ ഞങ്ങള്‍ പായ്ക്കപ്പ് ചെയ്യും. ഏതെങ്കിലും തൈക്കിളവന്മാരെ കണ്ണും കയ്യും കാണിച്ച് വശീകരിച്ച് സ്വന്തം കാര്യം നടത്തിയെടുക്കുന്ന നിന്നെപ്പോലെയുള്ള കുറെയെണ്ണത്തിനെ ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടാ നേരത്തെ തന്നെ പറഞ്ഞത് അധികം വേഷംകെട്ടലൊന്നും വേണ്ട. മര്യാദയ്ക്ക് നിന്നാല്‍ മൂന്നുനേരം ഭക്ഷണം കഴിച്ച് ഇവിടെയെവിടെയെങ്കിലും ചുരുണ്ടുകൂടി കഴിയാം. ഇല്ലെങ്കില്‍... കേട്ടല്ലോ?''

അനുപമ കേട്ടെന്നോ ഇല്ലെന്നോ പറയാതെ വാക്കുകള്‍ മരവിച്ചു നിന്നു.

''കേട്ടോടി...'' അനുപമ പ്രതികരിക്കാതിരുന്നപ്പോള്‍ ടോമിയുടെ സ്വരം ഉയര്‍ന്നു. അനുപമ അയാളില്‍ നിന്ന് രക്ഷപ്പെടാനെന്നോണം പുറകിലേക്ക് നീങ്ങി ചെന്ന് ഭിത്തിയില്‍ തട്ടിനിന്നു.

കേട്ടുവെന്ന് അവള്‍ ഭയപ്പാടോടെ തലചലിപ്പിച്ചു. ടോമിയുടെ ചുണ്ടില്‍ ചിരി പരന്നു. വേട്ടക്കാരന്റെ ചിരിയായിരുന്നുവത്. സമര്‍ത്ഥമായി ഇരയെ വലയില്‍ കുടുക്കിയ വേട്ടക്കാരന്റെ ചിരി.

അപ്പോഴേക്കും ട്രേയില്‍ ജ്യൂസുമായി മായ വന്നു. അവള്‍ ഓരോരുത്തര്‍ക്കും ജ്യൂസ് നല്കി.

''അമ്മച്ചിയെന്നാ പറയുന്നു, ഇപ്പോ എങ്ങനെയുണ്ട്. എന്നും വിചാരിക്കും ഒരു ദിവസം അച്ചൂട്ടനേം കൂട്ടി അങ്ങോട്ട് വരണമെന്ന്.'' മായ പറഞ്ഞു.

''അങ്ങനെ തന്നെ കിടക്കുന്നു. ആ ഒരു സ്റ്റേജില്‍ നിന്ന് തിരികെ പോകാന്‍ കഴിയില്ലല്ലോ. അത് അമ്മച്ചിക്കും അറിയാം.'' ടോമി ഒരു തവണ സിപ്പ് ചെയ്തതിന് ശേഷം ഗ്ലാസ് തിരികെ വച്ചു.

''എന്നാ ശരി ഞങ്ങളിറങ്ങുവാ.'' കെട്ട്യോന്‍ വരുമ്പോ പറഞ്ഞേക്ക്.

ടോമി അനുപമയോട് പറഞ്ഞു. ചേട്ടാനുജന്മാര്‍ വന്നതുപോലെ തന്നെ പുറത്തേക്ക് നടന്നു. മായ പോര്‍ച്ചുവരെ അവരെ അനുഗമിച്ചു. ശില പോലെ മരവിച്ചുനില്ക്കുകയായിരുന്നു അപ്പോഴും അനുപമ. എന്തൊക്കെയാണ് ഇവിടെ സംഭവിച്ചതെന്ന് അവള്‍ക്ക് മനസ്സിലായില്ല. ആരൊക്കെയോ വന്നു. എന്തൊക്കെയോ പറഞ്ഞു. ഇതെല്ലാം കേള്‍ക്കാന്‍ ഇതിലൂടെയെല്ലാം കടന്നുപോകാന്‍ താനെന്താണ് ചെയ്തതെന്ന് മാത്രം അവള്‍ക്ക് മനസ്സിലായില്ല. അച്ചൂട്ടന്റെ അമ്മാവന്മാരായിരുന്നിട്ടും അവരെന്തേ അച്ചൂട്ടനെ തിരക്കിയില്ല. ഏറെ സംശയങ്ങളും ആശങ്കകളും അനുപമയെ പൊതിഞ്ഞു. കുറച്ചു സമയം കഴിഞ്ഞ് അനുപമ മായയെ തിരക്കി അവിടേക്ക് ചെന്നു. അപ്പോള്‍ മായ പുറംതിരിഞ്ഞുനിന്ന് അടക്കിപിടിച്ച് ആരോടോ സംസാരിക്കുകയായിരുന്നു. മായയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു

''നിങ്ങള് വന്നത് നന്നായി. ആദ്യം തന്നെ നിര്‍ത്തേണ്ടവരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയാല്‍ ആര്‍ക്കും കുഴപ്പമില്ല. കണ്ണും കയ്യും കാണിച്ച് സാറിനെ മയക്കിയെടുത്താല്‍ പിന്നെ നമ്മുടെ കൊച്ചിന്റെ കാര്യം കഷ്ടത്തിലാവും. പുത്തനച്ചി പുരപ്പുറം അടിക്കുവെന്നല്ലേ. ഇപ്പോ കാണുന്നതൊന്നും വിശ്വസിക്കണ്ടാ. നാളെ നമ്മുടെ കൊച്ചിന് ഇതോര്‍ത്ത് സങ്കടപ്പെടാന്‍ നമ്മളായിട്ട് അവസരം കൊടുക്കരുത്. അതാ ഞാന്‍ ഫോണ്‍ വിളിച്ച് കാര്യം പറഞ്ഞത്.

മായയുടെ ഫോണ്‍ സംഭാഷണം കേട്ട് അനുപമ സ്തംബ്ധയായി നിന്നു.

തനിക്ക് ചുറ്റും ശത്രുക്കളാണെന്ന് അവള്‍ക്ക് മനസ്സിലായി. ആരെ വിശ്വസിക്കണം, ആരെ അവിശ്വസിക്കണം എന്നറിയാതെ അവള്‍ അവിശ്വാസങ്ങളുടെ മൂടല്‍മഞ്ഞില്‍ അന്തിച്ചുനിന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org