
കഥ ഇതുവരെ
ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി ചുമതലയേറ്റ അനുപമയെ സ്‌കൂളിലെ തന്നെ ഏറ്റവും അപകടകാരി യായ ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥി അലനെക്കുറിച്ചുളള വാര്‍ത്ത കള്‍ അസ്വസ്ഥയാക്കുന്നു. കേട്ടറിവുകള്‍ ശരിവയ്ക്കുന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് അലന്റെ ക്ലാസ് അവളെ സ്വീക രിച്ചത്. അതിന്റെ നടുക്കം ആസ്തമരോഗിയായ അനുപമ യെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലിന്റെയും അനുപമയുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലിന്റെയും നിര്‍ദേശാനുസരണം അവള്‍ ജോലി തുടരുന്നു. അലനും കൂട്ടുകാരും തമ്മിലുള്ള പല പല സംഭവങ്ങളിലൂടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന കൂട്ടുകാരി ക്കൊപ്പമാണ് അവള്‍ താമസിക്കുന്നത്.അധ്യാപകനായ നിഖില്‍ അനുപമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറയുന്നു. നിഖില്‍ ഇക്കാര്യം പ്രിയംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനുപമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതുന്നത്. പക്ഷേ സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയപ്പെ ടാത്ത രഹസ്യങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞു തുട ങ്ങുന്നു. സെന്റ് മേരിസ് ഓര്‍ഫനേജിലെ വാര്‍ഷികാഘോഷങ്ങ ളില്‍ നിന്നാണ് ഈ ഭൂതകാലവിവരണം ആരംഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് വിശിഷ്ട വ്യ ക്തികളിലൊരാളും അനാഥാലയത്തിലെ കുട്ടികളുടെ സ്‌പോണ്‍സറും വിഭാര്യനുമായ മാനുവല്‍. അയാളുടെ അഞ്ചുവയസ്സുകാരനായ മകനാണ് അച്ചൂട്ടന്‍. വിവിധ സന്ദര്‍ഭങ്ങളിലൂടെ അച്ചൂട്ടനുമായി അനുപമ അടുപ്പത്തിലാ കുന്നു. തന്റെ മരിച്ചുപോയ അമ്മയുടെ ഛായയാണ് അനു പമയ്‌ക്കെന്ന് അച്ചൂട്ടന്‍ കണ്ടെത്തുന്നു. അവളെ തന്റെ വീട്ടി ലേക്ക് കൊണ്ടുപോകാന്‍ അവനാഗ്രഹിക്കുന്നു. അച്ചൂട്ടന് അനുപമയുമായുള്ള അടുപ്പം മാനുവലിനെ അസ്വസ്ഥനാ ക്കുന്നു. ഇക്കാര്യം തന്റെ സുഹൃത്ത് ഫാ. എബിയോട് മാനു വല്‍ പങ്കുവയ്ക്കുന്നു. പക്ഷേ എബിയച്ചന്‍ അത്തരമൊരു ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇമ്മാനുവേലച്ചന്‍ അനുപമയോട് വിവാഹക്കാര്യം സംസാരിക്കുന്നു.
(ഇനി തുടര്‍ന്നുവായിക്കുക...)
മറ്റുളളവര്‍ക്കുവേണ്ടിയുള്ള സാക്രിഫൈസ്. അത് നിന്റെ ശീലമാണല്ലോ. എന്നിട്ട് സ്വന്തം ജീവിതം കോഞ്ഞാട്ടയാക്കുകയും ചെയ്യും.
മാനുവലിന്റെ അടുക്കലേക്ക് ചെല്ലുമ്പോള്‍ അനുപമയെ നല്ലതുപോലെ വിറയ്ക്കുന്നുണ്ടായിരുന്നു. ആദ്യമായി അയാളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓര്‍മ്മയായിരുന്നു അവളുടെ മനസ്സ് നിറയെ. അന്ന് അച്ചുവിനെ കാണാതെ വന്നപ്പോള്‍ ഗ്രീന്‍ റൂമില്‍ അന്വേഷിച്ചെത്തിയ അനുപമയോട് ദേഷ്യപ്പെട്ട മാനുവലിന്റെ മുഖമായിരുന്നു അത്.
അച്ചുവിന്റെ അമ്മയാകുന്നത് എളുപ്പമാണെങ്കിലും അതിനപ്പുറം മാനുവലിന്റെ ഭാര്യയായിക്കൂടി മാറുക എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതും ആശങ്കകള്‍ ഉണര്‍ത്തുന്നതുമായ ഒരു സംഗതിയാണെന്ന് അവള്‍ക്ക് തോന്നിയിരുന്നു. അത്തരമൊരു പരിണാമത്തിലേക്കുള്ള സഞ്ചാരത്തിന് ഏറെ ദൈര്‍ഘ്യമുണ്ടാവുമെന്നും അവള്‍ ഭയപ്പെട്ടിരുന്നു. അതു താണ്ടാന്‍ തനിക്കാവുമോയെന്നും.
എന്നാല്‍ എല്ലായിടത്തു നിന്നും അവള്‍ക്ക് കിട്ടിയത് ശുഭസൂചനകളായിരുന്നു. പ്രോത്സാഹനങ്ങളും പിന്തുണകളുമായിരുന്നു.
ചില സ്വന്തം ഇഷ്ടങ്ങളെയെല്ലാം പരിത്യജിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി കൂടി ജീവിക്കാന്‍ തയ്യാറാകുമ്പോഴാണ് നമ്മുടെ ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥമുണ്ടാവുന്നതെന്ന് ഇമ്മാനുവലേച്ചന്‍ പറഞ്ഞത് അനുപമയുടെ മനസ്സില്‍നിന്നും മാഞ്ഞിട്ടുണ്ടായിരുന്നില്ല. സ്വന്തം ജീവിതത്തില്‍ നിന്നാണ് അച്ചന്‍ അത് പറഞ്ഞതെന്നും അവള്‍ക്ക് മനസ്സിലായിരുന്നു.
പുരോഹിതനാണെങ്കില്‍ കൂടി അനാഥാലയം പോലെ ഒരു സ്ഥാപനം നടത്തിക്കൊണ്ടുപോവുകയും അതിന്റെ നൂലാമാലകളിലൂടെ കടന്നുപോവുകയും ചെയ്യേണ്ടതായ ഒരാവശ്യവും അച്ചനുണ്ടായിരുന്നില്ല. പക്ഷേ അച്ചന്‍ അനാഥാലയം നടത്തുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി രണ്ട് സ്ഥാപനങ്ങള്‍.
അച്ചനെ സഹായിക്കുന്ന കന്യാസ്ത്രീയമ്മമാരും സ്വന്തം സുഖങ്ങള്‍ വേണ്ടെന്നു വച്ചവരാണ്. മറ്റുള്ളവരെ സേവിക്കാനും സ്‌നേഹിക്കാനുമായി സന്നദ്ധതയുള്ളവര്‍. ആരൊക്കെയോ സന്മനസ്സോടെ പങ്കുവയ്ക്കുന്ന അന്നവും വസ്ത്രവും സമ്പാദ്യവും കൈപ്പറ്റിയല്ലേ തങ്ങളും ജീവിക്കുന്നത്? പള്ളിക്ക് കൊടുക്കാന്‍ മടിക്കുന്നവര്‍ പോലും അനാഥശാലകള്‍ക്കും മറ്റ് ജീവകാരുണ്യസ്ഥാപനങ്ങള്‍ക്കും പങ്കുവയ്ക്കുന്നതില്‍ മടിക്കുന്നില്ല. അവരുടെ മനസ്സിന്റെ വലുപ്പമല്ലേ ഇതെല്ലാം കാണിക്കുന്നത്.
ഇങ്ങനെ ചുറ്റിനും കാണുന്നത് മുഴുവന്‍ നിസ്വാര്‍ത്ഥതയുടെ മുഖങ്ങള്‍. സന്മനസിന്റെ താഴ്‌വരകള്‍. അവിടെ തനിക്ക് മാത്രം എങ്ങനെ സ്വാര്‍ത്ഥതയോടെ പുലരാന്‍ കഴിയും? തന്റെ ഇഷ്ടങ്ങളുമായി ചുരുണ്ടുകൂടി കഴിയാന്‍ സാധിക്കും?
അല്ലെങ്കില്‍ തനിക്കെന്തെങ്കിലും ഇഷ്ടങ്ങളുണ്ടോ. ഇങ്ങനെ നൂറുകൂട്ടം ചിന്തകളുടെയും ആലോചനകളുടെയും മധ്യത്തിലായിരുന്നു അനുപമ ഇക്കണ്ട ദിവസം മുഴുവന്‍ കഴിച്ചുകൂട്ടിയത്. അതില്‍ നിന്നുള്ള പുറത്തുകടക്കലായിരുന്നു ഔപചാരികമായ പെണ്ണുകാണല്‍ എന്ന മട്ടിലുള്ള ഈ കൂടിക്കാഴ്ച.
സെന്റ് മേരീസ് ഓര്‍ഫനേജിന്റെ പാര്‍ലറില്‍, വിശുദ്ധ രൂപങ്ങളും മാര്‍പാപ്പയുടെയും രൂപതാധ്യക്ഷന്റെയും ഫോട്ടോകള്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മുറിയില്‍ ശൂന്യമായ സെറ്റികളുടെയും കസേരകളുടെയും നടുവിലായിരുന്നു അവരുടെ കൂടിക്കാഴ്ച.
അനുപമയെ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു. അവള്‍ ചുരിദാറിന്റെ ഷോളെടുത്ത് കഴുത്തും മുഖവും തുടച്ചുകൊണ്ടിരുന്നു. തനിക്ക് മുമ്പില്‍ പേടിച്ചരണ്ടെന്നതുപോലെ നില്ക്കുന്ന അനുപമയെ സഹാനുഭൂതിയോടെ മാനുവല്‍ നോക്കി. അവളുടെ നില്പ് കണ്ടപ്പോള്‍ അയാള്‍ക്ക് എന്തിനെന്നില്ലാതെ ചിരി വന്നു.
അനുപമ കറങ്ങുന്ന ഫാനിലേക്ക് നോക്കി. ഇതിന് കുറച്ചുകൂടി വേഗത്തില്‍ കറങ്ങിയാലെന്താ എന്ന മട്ടില്‍. പക്ഷേ ഫാന്‍ ഫുള്‍ സ്പീഡില്‍ തന്നെയായിരുന്നു.
എന്തിനാ പേടിക്കുന്നെ. അയാള്‍ ശബ്ദം കുറച്ചുചോദിച്ചുകൊണ്ട് ട്രേയിലിരുന്ന ചായക്കപ്പെടുത്തു.
''അനുപമ ഇരിക്കൂ.''
ആ വാക്കിന് അനുസരണപ്പെട്ടെന്നോണം അനുപമ സോഫത്തുമ്പത്ത് ഇരുന്നു.
''കയറിയിരിക്കൂ. അല്ലെങ്കില്‍ താഴെ വീഴും.''
മാനുവല്‍ ചിരിച്ചു. ജാള്യതയോടെ അനുപമ സോഫയിലേക്ക് കയറിയിരുന്നു.
''അനുപമയ്ക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ.''
മാനുവല്‍ ചോദിച്ചു.
അനുപമ ഇല്ലെന്ന് തലയാട്ടി.
''പക്ഷേ എനിക്ക് ചിലത് പറയാനുണ്ട്.''
അനുപമ അപ്പോള്‍ മുഖമുയര്‍ത്തി അയാളെ നോക്കി. ആദ്യമായി അവര്‍ പരസ്പരം മുഖം നോക്കുകയായിരുന്നു. അയാളുടെ തീക്ഷ്ണമായ നോട്ടം താങ്ങാനാവാതെ അനുപമ വേഗം തല കുനിച്ചു. ഒരു പുരുഷന്റെ മുമ്പില്‍ ഒറ്റയ്ക്ക് ഇങ്ങനെയിരിക്കുന്നത് ആദ്യമായിട്ടായിരുന്നു. ആ അവസ്ഥയിലൂടെ കടന്നുപോകുന്നതിന്റെ ബുദ്ധിമുട്ട് ശ്വാസംമുട്ടലിന്റെ രൂപത്തില്‍ അവളെ പിടികൂടി.
''രണ്ടാമതൊരു വിവാഹം. അതേക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടേയില്ല. അതാണ് സത്യം. ബട്ട് എവരിബഡി കംപല്‍സ് മീ. ഫോര്‍ വാട്ട്... ഫോര്‍ മൈ സണ്‍... ഫോര്‍ മീ...''
ആത്മനിന്ദ കലര്‍ന്ന ഭാവത്തില്‍ മാനുവല്‍ ചിരിച്ചു.
''വിവാഹം കഴിക്കുമ്പോള്‍ പല പ്രോമീസും നല്കാറുണ്ട്. ബട്ട് ഇന്‍ മൈ കേസ്... അനുപമയ്ക്ക് നല്കാന്‍ അങ്ങനെയൊന്നും എന്റെ പക്കലില്ല. പറഞ്ഞുവരുന്നത് ചിലപ്പോള്‍ അനുപമയ്ക്ക് ഈ വിവാഹം നഷ്ടങ്ങള്‍ മാത്രമായിരിക്കുംസമ്മാനിക്കുക എന്നാണ്. ഞാന്‍ തുറന്നു പറയട്ടെ, എന്റെ പ്രയോരിറ്റി എന്റെ മകന്‍ തന്നെയാ. അവന് അനുപമയെ ഇഷ്ടമാണെന്ന് പറയുന്നു. മറ്റാരോടും കാണിക്കാത്ത സ്‌നേഹോം അടുപ്പോം അവന്‍ തന്നോട്കാണിക്കുന്നു. ഐ ഡോണ്ട് നോ വൈ ഹീ ബിഹേവ് ലൈക്ക് ദാറ്റ്. സോണിയയുമായി എന്തോ സാമ്യം അവന് തോന്നുന്നുണ്ടാവാം. പറഞ്ഞു പറഞ്ഞു വരുമ്പോ ചിലപ്പോ എനിക്കും.'' മാനുവല്‍ അത് പൂര്‍ത്തിയാക്കിയില്ല. അത് പറയാന്‍തന്നെ താന്‍ അശക്തനാണെന്ന് അയാള്‍ക്ക് തോന്നി.
''സോ, നന്നായി ചിന്തിക്കുക. തീരുമാനിക്കുക. ടേക്ക് യുവര്‍ ഡിസിഷന്‍ അഫക്ട് അപ്പോണ്‍ യുവര്‍ ലൈഫ്.'' മാനുവല്‍ ചായക്കപ്പ് തിരികെ വച്ചു. കര്‍ചീഫെടുത്ത് ചുണ്ടു തുടയ്ക്കുകയും ചെയ്തു.
ഉത്കണ്ഠയില്‍ പെരുകി അനുപമ കൈവിരലില്‍ ചുരിദാറിന്റെ ഷോള്‍ ചുറ്റിക്കൊണ്ടിരുന്നു. തീരുമാനം. ഓരോരുത്തരും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അവരുടെ ജീവിതത്തെ ബാധിക്കുന്നു. നാണയത്തിന്റെ ടെയില്‍ ഓര്‍ ഹെഡ് പോലെ കറങ്ങിത്തിരിയുകയാണ് ജീവിതം. ചിലപ്പോള്‍ ഹെഡ് മറ്റ് ചിലപ്പോള്‍ ടെയില്‍. താന്‍ എന്തു തീരുമാനമെടുക്കും? ഓരോരുത്തരും തന്റെ കോര്‍ട്ടിലേക്ക് പന്ത് തട്ടിയിട്ടുകൊണ്ടിരിക്കുകയാണ്. തീരുമാനം നിന്റേത്. എമ്മാനുവലേച്ചന്റെ മുഖമാണ് ആദ്യം മനസ്സിലേക്ക് വന്നത്.
നീ തീരുമാനമെടുക്കുക. മാനുവലും അതുതന്നെ പറയുന്നു.
തീരുമാനമെടുക്കാന്‍ ഒരാളെ സഹായിക്കാന്‍ പോലും ആരും തയ്യാറില്ലെന്ന് വന്നാല്‍...
ഓര്‍മ്മകളുടെ മഹാസമുദ്രത്തിലെ തിരകളില്‍ പെട്ട് വര്‍ത്തമാനകാലത്തില്‍ അനുപമ കൈകാലുകളിട്ടടിച്ചു.
''അനൂ...'' പ്രിയംവദ അവളുടെ തോളത്ത് കൈകള്‍ വച്ച് വിളിച്ചു.
അനുപമയുടെ ശരീരം തണുത്തുറഞ്ഞതുപോലെ അവള്‍ക്ക് തോന്നി. ജനാലയ്ക്കരികിലായിരുന്നു അനുപമ. അവള്‍ കൈനീട്ടി മേശപ്പുറത്തുണ്ടായിരുന്ന ഇന്‍ഹേലറെടുത്തു ചുണ്ടുകള്‍ക്കിടയില്‍ തിരുകി. അവള്‍ ശ്വാസം ആഞ്ഞെടുത്തു വലിച്ചു.
പ്രിയംവദ ഫ്‌ളാസ്‌ക്ക് തുറന്ന് ചൂടുവെള്ളം ഗ്ലാസിലൊഴിച്ച് അവള്‍ക്കു നേരെ നീട്ടി.
അനുപമ വെള്ളം കുടിച്ചു. അവള്‍ക്ക് ആശ്വാസം അനുഭവപ്പെട്ടു.
''ആര്‍ യൂ ഓക്കെ?'' പ്രിയംവദ ചോദിച്ചു
അതെയെന്ന് അനുപമ തലചലിപ്പിച്ചു.
''നീ തീരുമാനമെടുത്തൂ അയാളെ തന്നെ വിവാഹം കഴിക്കാന്‍?''
ഇത്തിരി നേരം കഴിഞ്ഞ് പ്രിയംവദ ചോദിച്ചു.
അതെയെന്ന് അനുപമ അപ്പോഴും തല ചലിപ്പിച്ചു.
''മറ്റുളളവര്‍ക്കുവേണ്ടിയുള്ള സാക്രിഫൈസ്. അത് നിന്റെ ശീലമാണല്ലോ. എന്നിട്ട് സ്വന്തം ജീവിതം കോഞ്ഞാട്ടയാക്കുകയും ചെയ്യും.''
''സ്റ്റില്‍ ഐ ലവ് ഹിം.'' അനുപമ തന്നോടുതന്നെയെന്നോണം പറഞ്ഞു.
''ലവ്. തേങ്ങാക്കൊലയാണ്.'' പ്രിയംവദ ചുണ്ടു കോട്ടി.
''എന്നിട്ട് നിങ്ങളുടെ വിവാഹം കഴിഞ്ഞോ.'' സംശയം തീരാതെ പ്രിയംവദ വീണ്ടും ചോദിച്ചു.
''വിവാഹം...''
അനുപമ ചിരിച്ചു.
അവളുടെ കണ്‍മുമ്പില്‍ അള്‍ത്താര തെളിഞ്ഞു. അതിന് മുമ്പില്‍ വിവാഹവേഷത്തില്‍ മാനുവലും താനും. തനിക്കും മാനുവലിനും നടുവില്‍ ഉത്സാഹവാനായി അച്ചു. ഇമ്മാനുവേലച്ചനും എബിയച്ചനുമായിരുന്നുകാര്‍മ്മികര്‍. സംഗീതോപകരണങ്ങള്‍ മധുരമായി ചലിച്ചുതുടങ്ങി. നിമിഷങ്ങള്‍ പവിത്രമായി.
''എന്നിട്ട് നിങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത്?'' പ്രിയംവദ ആകാംക്ഷയോടെ ചോദിച്ചു.
''ആര്‍ക്കുവേണ്ടിയാണോ ഞങ്ങള്‍ ഒന്നിച്ചത് ആ ആള്‍ക്കുവേണ്ടിതന്നെ ഞങ്ങള്‍ വേര്‍പിരിഞ്ഞു.'' അനുപമ ചിരിച്ചു. ആ പുഞ്ചിരിയില്‍ കണ്ണീരിന്റെ തിളക്കമുണ്ടായിരുന്നു.
പ്രിയംവദയ്ക്ക് ഒന്നും മനസ്സിലായില്ല.
''പറയാം...'' അനുപമ കഥ തുടര്‍ന്നു.
(തുടരും)