ചില്ല് - 12

നോവലിസ്റ്റ്: വിനായക് നിര്‍മ്മല്‍
ചില്ല് - 12
കഥ ഇതുവരെ ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി ചുമതലയേറ്റ അനുപമയെ സ്‌കൂളിലെതന്നെ ഏറ്റവും അപകടകാരിയായ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി അലനെക്കുറിച്ചുളള വാര്‍ത്തകള്‍ അസ്വസ്ഥയാക്കുന്നു. കേട്ടറിവുകള്‍ ശരിവയ്ക്കുന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് അലന്റെ ക്ലാസ് അവളെ സ്വീകരിച്ചത്. അതിന്റെ നടുക്കം ആസ്തമാരോഗിയായ അനുപമയെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലിന്റെയും അനുപമയുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലിന്റെയും നിര്‍ദ്ദേശാനുസരണം അവള്‍ ജോലി തുടരുന്നു. അലനും കൂട്ടുകാരും തമ്മിലുള്ള പലപല സംഭവങ്ങളിലൂടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന കൂട്ടുകാരി ക്കൊപ്പമാണ് അവള്‍ താമസിക്കുന്നത്. അധ്യാപകനായ നിഖില്‍ അനുപമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറയുന്നു. നിഖില്‍ ഇക്കാര്യം പ്രിയംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനുപമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതുന്നത്. പക്ഷേ സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയപ്പെടാത്ത രഹസ്യ ങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞുതുടങ്ങുന്നു. സെന്റ് മേരിസ് ഓര്‍ഫനേജിലെ വാര്‍ഷികാഘോഷങ്ങ ളില്‍ നിന്നാണ് ഈ ഭൂതകാലവിവരണം ആരംഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ടവ്യക്തികളിലൊരാളും അനാഥാലയത്തിലെ കുട്ടികളുടെ സ്‌പോണ്‍സറുമായ മാനുവലിന്റെ മകന്‍ അഞ്ചുവയസ്സുകാരനായ അച്ചൂട്ടനുമായി അനുപമ അടുപ്പത്തിലാകുന്നു. മാനുവല്‍ സോണിയായെ സ്‌നേഹിച്ചു വിവാഹം കഴിച്ചതായിരുന്നു. സമ്പ ന്നകുടുംബത്തിലെ അംഗമായിരുന്നു അവള്‍. അതുകൊ ണ്ടുതന്നെ വീട്ടുകാരുടെ എതിര്‍പ്പ് നേരിടേണ്ടിയും വന്നു. സന്തോഷകരമായ ആ കുടുംബജീവിതം ഏറെ നാള്‍ നീണ്ടുനിന്നില്ല. അച്ചുവിനെ പ്രസവിച്ചതുമായി ബന്ധപ്പെട്ട ചില സങ്കീര്‍ണ്ണതകളെ തുടര്‍ന്ന് സോണിയ മരണമടയുന്നു. സോണിയായുടെ സഹോദരന്മാരുമായി ഇപ്പോഴും മാനുവല്‍ അടുപ്പത്തിലല്ല. അച്ചുവിന്റെ പിറന്നാള്‍, സോണിയയുടെ ചരമവാര്‍ഷികം തുടങ്ങി അവസരങ്ങളില്‍ മാത്രമാണ് അവര്‍ നേര്‍ക്കുനേര്‍ കാണുന്നത്. സോണിയായുടെ ചരമവാര്‍ഷികം കഴിഞ്ഞ് മടങ്ങുന്ന വഴി അപ്രതീക്ഷിതമായി അച്ചു അനുപമയെ വഴിയില്‍ വച്ച് കണ്ടുമുട്ടുന്നു. (ഇനി തുടര്‍ന്നുവായിക്കുക...)

''എന്താ അച്ചൂട്ടാ... എന്തിനാ വണ്ടി നിര്‍ത്താന്‍ പറഞ്ഞത്?''

മാനുവല്‍ പുറകോട്ട് നോക്കി ചോദിച്ചു. അയാള്‍ ആവശ്യപ്പെട്ടില്ലെങ്കിലും ബിനു കുറച്ചുകൂടി മുന്നോട്ടുപോയി വണ്ടി ഓരം ചേര്‍ത്ത് നിര്‍ത്തി. കാരണം അച്ചൂട്ടന്‍ പറഞ്ഞാല്‍ അനുസരിക്കാതിരിക്കാന്‍ ബിനുവിന് കഴിയുമായിരുന്നില്ല.

''പറയാം... പറയാം...''

അപ്പോഴും അച്ചുവിന്റെ ശിരസ് ഡോറിന് വെളിയിലായിരുന്നു. വണ്ടി നിര്‍ത്തിയതും ഡോര്‍ തുറന്ന് അച്ചു പുറകിലേക്ക് ഒരോട്ടംവച്ചു കൊടുത്തു.

''അച്ചൂട്ടാ... നീയെന്താ ഇക്കാണിക്കുന്നെ...'' മാനുവല്‍ പരിഭ്രമത്തോടെ പുറത്തേക്ക് ചാടിയിറങ്ങി.

അപ്പോള്‍ സിസ്റ്റര്‍ ഫിലോമിനയും സിസ്റ്റര്‍ ഗൊരേത്തിയും മുമ്പിലും അവര്‍ക്ക് പിന്നില്‍ ഇരു കൈയിലും സാധനങ്ങള്‍ തൂക്കിപിടിച്ച് അനുപമയും നടന്നുവരികയായിരുന്നു.

''ഹായ്... അച്ചു കൈ ഉയര്‍ത്തിപിടിച്ച് അനുപമ യുടെ ശ്രദ്ധയാകര്‍ഷിച്ചു. വഴി തെറ്റി വന്നു നില്ക്കുന്നതുപോലെ അവന്‍ നില്ക്കുന്നതു കണ്ട് അനുപമ പരിഭ്രമിച്ചു. സിസ്റ്റര്‍ ഗൊരേത്തിയും സിസ്റ്റര്‍ ഫിലോമിനയും അവനെ കണ്ടു.

''മോനെന്താ ഇവിടെ. അപ്പയെന്ത്യേ?'' സിസ്റ്റര്‍ ഗൊരേത്തി ചോദിച്ചു. അതിന് ഉത്തരം പറയാതെ അച്ചു ചെന്ന് അനുപമയുടെ കൈത്തണ്ടയില്‍ പിടിച്ചു.

''വാ. ഐ വില്‍ ഡ്രോപ്പ് യൂ.''

അനുപമ സിസ്റ്റേഴ്‌സിന്റെ മുഖത്തേക്ക് നോക്കി.

''വെയ്‌റ്റെടു ത്ത് മടുത്തില്ലേ. വാ. വാന്ന്.''

അന്തിച്ചു നില്ക്കുകയാ യിരുന്ന അനുപമയുടെ കൈപിടിച്ചു അവന്‍ വലിച്ചു.

''അച്ചൂ, നീയെന്താ ഇക്കാണിക്കുന്നത്.'' അപ്പോഴേയ്ക്കും തൊട്ടു പിന്നില്‍ നിന്ന് മാനുവലി ന്റെ സ്വരം കേട്ടു.

''ഓ. സാറുണ്ടായിരു ന്നോ.'' സിസ്‌റ്റേഴ്‌സ് ആശ്വസിച്ചു.

''നിങ്ങളെ കണ്ട് വണ്ടി നിര്‍ത്തിപ്പിച്ചതാ.'' മാനുവല്‍ വിശദീകരിച്ചു.

മാനുവലിനെ കണ്ടതും അനുപമയുടെ ശരീരത്തെ ചെറുതായി വിറ ബാധിച്ചു. അയാളെ പിന്നീട് കണ്ടപ്പോ ഴെല്ലാം ആദ്യമായി കണ്ടു മുട്ടിയ നിമിഷങ്ങളുടെ ഓര്‍മ്മ അവളെ പിടികൂടി യിരുന്നു. അച്ചുവിനെ കാണാതെ അന്വേഷിച്ചു വന്ന് ഗ്രീന്‍ റൂമില്‍ വച്ച് തന്നോട് ദേഷ്യപ്പെട്ട മാനു വലിന്റെ ഓര്‍മ്മയായിരുന്നു അതെല്ലാം.

''ഞങ്ങള്‍ ഓട്ടോ പിടിച്ചുവന്നോളാം. മോന്‍ പൊയ്‌ക്കോ.'' സിസ്റ്റര്‍ ഗൊരേത്തി പറഞ്ഞു.

''നോ... നോ...'' അച്ചു തീര്‍ത്തു പറഞ്ഞു. അനു പമയുടെ മേലുളള അവന്റെ പിടുത്തം ഇപ്പോഴും വിട്ടിട്ടു ണ്ടായിരുന്നില്ല. അനുപമ നിസ്സഹായതയോടെ സിസ്‌റ്റേഴ്‌സിനെ നോക്കി. ദയനീ യതയോടെ അച്ചുവിനെ യും. മാനുവലിലേക്ക് മുഖ മുയര്‍ത്താതെ അവള്‍ തല കുനിച്ചുകളഞ്ഞു. അയാളുടെ മുഖത്ത് ദേഷ്യമുണ്ടാവാം എന്ന് അവള്‍ വിചാരിച്ചു.

''വരൂ.'' മാനുവല്‍ സിസ്റ്റേഴ്‌സിനെ ക്ഷണിച്ചു. സംഘര്‍ഷത്തിന് അയവു വന്നതുപോലെ അവര്‍ക്ക് തോന്നി.

''വാ.'' സിസ്‌റ്റേഴ്‌സ് മുഖംതിരിച്ച് അനുപമയെ ക്ഷണിച്ചു

അച്ചുവിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു. അനുപമയുടെ മേലുളള പിടുത്തം വിടാതെയാണ് അച്ചുകാറിന് നേര്‍ക്ക് നടന്നത്. കാറിന് അടുക്ക ലെത്തിയതും അവന്‍ ബിനുവിനോട് ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടു. അനുപമയുടെ കൈയിലു ണ്ടായിരുന്ന സാധനങ്ങള്‍ അതിലേക്ക് വയ്ക്കാന്‍ അവന്‍ നിര്‍ദ്ദേശിച്ചു. ബിനു വും അനുപമയെ സഹായിച്ചു. ഡിക്കിയില്‍ സാധന ങ്ങള്‍ വച്ചതിനു ശേഷം അച്ചു അനുപമയെ ഡോര്‍ തുറന്ന് അകത്തേക്ക് ക്ഷണിച്ചു.

സിസ്‌റ്റേഴ്‌സിന് ആദ്യ അവസരം കൊടുത്തു കൊണ്ട് അനുപമ പിന്‍വാങ്ങി. അവര്‍ കയറിയതിന് ശേഷമാണ് അവള്‍ കയറിയത്. അതിന് ശേഷം അച്ചുവും കയറി. ബിനു കാര്‍ മുന്നോട്ടെടുത്തു. തന്റെ അരികില്‍ ഇരിക്കുന്ന അനുപമയെ നോക്കി അച്ചു ഹൃദയപൂര്‍വം ചിരിച്ചു. അവന്‍ വെറുതെ അവളുടെ കൈയ്ക്കു മീതെ തന്റെ കരമെടുത്തുവച്ചു. ഒരു നിമിഷം വൈകിയാണെ ങ്കിലും അനുപമ അവന്റെ കരത്തെ മറുകരം കൊണ്ട് തലോടി.

''മോന് അനുപമ ചേച്ചിയെ അത്രയ്ക്കും ഇഷ്ടമായോ.'' സിസ്റ്റര്‍ ഫിലോമിന ചോദിച്ചു

''ഉം.'' അച്ചു അനുപമയെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി. അനുപമയുടെ ഉളളില്‍ ഒരു മഞ്ഞു മഴ പെയ്തു. തന്നോട് ഈ കുട്ടിക്ക് എന്തിന് ഇഷ്ടം തോന്നണം? അതേക്കുറിച്ചും അവള്‍ ആലോചിച്ചു. താന്‍ അവന്റെ ആരാണ്. അടുപ്പം തോന്നാന്‍ തക്ക എന്തു പ്രത്യേകതയാണ് തന്നിലുള്ളത്

''അത്രയ്ക്ക് ഇഷ്ടമായെങ്കില്‍ ചേച്ചിയെ മോനെടുത്തോ.''

സിസ്റ്റര്‍ ഗൊരേത്തി നിര്‍ദോഷമായ ഒരു തമാശ പറഞ്ഞു.

''അതു ഞാനും പറഞ്ഞു സിസ്റ്ററേ.'' ആ വാക്കില്‍ കയറി ബിനു കൊളുത്തി.

''വീട്ടിലൊരാളും ആകും. അച്ചൂട്ടന് കൂട്ടു കൂടാന്‍ ആളെയും കിട്ടും.''

''അതിന് ഞാന്‍ റെഡിയാണല്ലോ. പക്ഷേ അപ്പ സമ്മതിക്കണ്ടെ?'' അച്ചു വെട്ടിത്തുറന്നു പറഞ്ഞു.

പെട്ടെന്ന് പറഞ്ഞുവന്നതിലെ സംസാരത്തിന് മറ്റെന്തോ ദിശയുണ്ടോയെന്ന് സിസ്റ്റര്‍ ഗൊരേത്തി സംശയിച്ചു. അതുകൊണ്ട് അവര്‍ ഉടന്‍തന്നെ താന്‍ പറഞ്ഞതിനെ തിരുത്തി.

''അയ്യോ. അങ്ങനെയൊന്നും നടക്കില്ലാട്ടോ. ഇമ്മാനുവേലച്ചന്‍ സമ്മതിക്കില്ല.''

''അത് ഫാദറിനോട് ഞാന്‍ പറഞ്ഞോളാം.'' അച്ചു പ്രഖ്യാപിച്ചു.

ആ സംസാരം കേട്ട് സിസ്റ്റേഴ്‌സും ബിനുവും ചിരിച്ചു. അനുപമയ്ക്ക് വീര്‍പ്പുമുട്ടി. മാനുവലിന് എത്രയും പെട്ടെന്ന് ഓര്‍ഫനേജ് എത്തിയാല്‍ മതിയെന്ന വിചാരമായിരുന്നു.

''സാറിന് ബുദ്ധിമുട്ടായല്ലേ.'' ഓര്‍ഫനേജിലെത്തി വണ്ടിയില്‍ നിന്ന് സാധന ങ്ങള്‍ പുറത്തിറക്കുമ്പോള്‍ സിസ്റ്റര്‍ ഗൊരേത്തി ഔപചാരികതയോടെ ചോദിച്ചു

''ഇറ്റ്‌സ് ഓക്കെ. നോ പ്രോബ്ലം.''

മാനുവല്‍ ചിരിക്കാന്‍ ശ്രമിച്ചു.

''ഇറങ്ങുന്നില്ലേ.''

''ഇല്ല. അല്പം തിരക്കുണ്ട്. എങ്കില്‍ ശരി.''

വണ്ടി തിരിക്കാന്‍ മാനുവല്‍ ബിനുവിന് നിര്‍ദ്ദേശം കൊടുത്തു.

അപ്പോഴേയ്ക്കും ഗെയ്റ്റ് കടന്ന് ഇമ്മാനുവലച്ചന്റെ സ്‌കൂട്ടര്‍ അകത്തേക്ക് വരുന്നുണ്ടായിരുന്നു. ഇനി ഇറങ്ങാതെ വയ്യല്ലോയെന്ന് മാനുവല്‍ നെറ്റി ചൊറിഞ്ഞു.

പുറത്തിറക്കിവച്ച സാധനങ്ങളും മാനുവലി നെയും കണ്ടപ്പോള്‍ സംഗതി ഏറെക്കുറെ അച്ചന് പിടികിട്ടി.

''ഇപ്പോ ലോഡിംങും അണ്‍ലോഡിംങും തുടങ്ങിയോ.'' സ്‌കൂട്ടറില്‍ നിന്നിറങ്ങുമ്പോള്‍ അച്ചന്‍ തമാശയോടെ ചോദിച്ചു.

മാനുവല്‍ ചിരിച്ചു കൊണ്ട് കാറിന് വെളിയി ലേക്കിറങ്ങി.

''ഫാദര്‍, ഫാദര്‍...'' അച്ചു ഓടിച്ചെന്ന് അച്ചന്റെ കൈയില്‍ പിടിച്ചു.

''ഒരു ഹെല്‍പ്പ് ചെയ്യുമോ.''

''യെസ്, പറയൂ.'' അച്ചന്‍ പ്രോത്സാഹിപ്പിച്ചു.

''എനിക്ക് അന്നാമ്മയെ തരുവോ.''

''അന്നാമ്മയോ അതാരാ. അച്ചനും മറ്റുളളവര്‍ക്കും മനസ്സിലായില്ല.

അച്ചു അനുപമയുടെ നേരെ വിരല്‍ചൂണ്ടി.

''ഞാന്‍ കാറിലിരിക്കുമ്പോ ഇട്ട പേരാ. അനുപമാന്നല്ലേ ചേച്ചീടെ പേര്. അതീന്ന് ഞാന്‍ കുറച്ചുഭാഗമെടുത്തു. പിന്നെ അമ്മ... എനിക്ക് അമ്മയില്ലല്ലോ. ചേച്ചിയെ കാണുമ്പോഴെല്ലാം എനിക്ക് എന്റെ അമ്മേടെ മുഖം ഓര്‍മ്മവരും. അമ്മേടെ നല്ല ഛായയുണ്ട് ചേച്ചിക്ക്. അല്ലേ അപ്പേ.''

അച്ചു മാനുവലിന് നേരെ തിരിഞ്ഞു. മാനുവലിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.

''അച്ചൂ.'' ശാസനയോടെ മാനുവല്‍ വിളിച്ചു

''സോറി ഫാദര്‍.'' അനുപമയോടും മാനുവല്‍ പറഞ്ഞു. ''സോറി.''

അപ്രതീക്ഷിതമായി കിട്ടിയ ആ സോറി എന്തി നാണെന്ന് അനുപമയ്ക്ക് മനസ്സിലായില്ല. പക്ഷേ അതിന്റെ ആഘാതം വളരെ വലുതാണെന്ന് അവള്‍ക്ക് തോന്നി.

''നീ വണ്ടിയില്‍ കയറ്.'' മാനുവല്‍ ബലമായി അച്ചു വിനെ കാറിലേക്ക് കയറ്റി.

ഒരു അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്ന വിധത്തിലായിരുന്നു മാനുവലിന്റെ നീക്കങ്ങള്‍. അപ്പയെ അനുസരിച്ച് കാറിലേക്ക് അച്ചു കയറിയെങ്കിലും അവന്‍ വെളിയിലേക്ക് കൈയിട്ട് പുഞ്ചിരിയോടെ അനുപമയുടെ നേരെ കൈവീശിക്കൊണ്ടിരുന്നു.

അനുപമയ്ക്കും കരം വീശാതിരിക്കാനായില്ല. കാര്‍ ഓര്‍ഫനേജിന്റെ ഗെയ്റ്റ് കടക്കാറായപ്പോഴാണ് എന്തോ ഓര്‍മ്മവന്നതുപോലെ അച്ചൂട്ടന്‍ തല വെളിയിലേക്കിട്ട് അനുപമയുടെ നേരെ വിളിച്ചു പറഞ്ഞത്.

''അന്നാമ്മേ. ഐ ലവ് യൂ.''

ആ വാക്കുകളെ കാറ്റ് അനുപമയുടെ കാതിലെത്തിച്ചു. അന്നാമ്മേ ഐ ലവ് യൂ. ഒരു ചുഴലിയെന്നതുപോലെ അനുപമയെ ആ വാക്കുകള്‍ വട്ടം കറക്കി

* * * **** * * *

എബിയച്ചന്‍ നിര്‍ത്തലില്ലാതെ ചിരിക്കുന്നതു കണ്ട പ്പോള്‍ മാനുവലിന് ദേഷ്യമാണ് തോന്നിയത്.

''എന്താ ഇത്ര ചിരിക്കാന്‍.'' മാനുവല്‍ ചോദിച്ചു.

''ചിരിക്കാതിരിക്കുന്നതെങ്ങനെ. നിന്റെ മുഖവും ഭാവവും കാണുമ്പോ.''

എബിയച്ചന്‍ വീണ്ടും ചിരിച്ചു. പള്ളിയില്‍ നിന്ന് മടങ്ങുന്ന വഴി അനുപമയെ കണ്ടുമുട്ടിയതും ഓര്‍ഫനേജില്‍ എത്തിച്ചതും അച്ചു സംസാരിച്ചതുമൊക്കെ എബിയച്ചനോട് പങ്കു വയ്ക്കുകയായിരുന്നു മാനുവല്‍. പള്ളിമേടയില്‍ വച്ചായിരുന്നു അവരുടെ സംസാരം.

''എലിക്ക് പ്രാണവേദന. പൂച്ചയ്ക്ക്...'' മാനുവല്‍ പല്ലിറുമ്മി.

''ഇവിടെ എലിയും പൂച്ചയും ഒന്നുമില്ലെടാ. അച്ചൂട്ടന്‍ അവന്റെ മനസ്സിലുള്ളത് വെട്ടിത്തുറന്നു പറഞ്ഞു. അതിന് നീയെന്തിനാ ബേജാറാകുന്നെ.''

''ഫാദറും ആ പെണ്‍കുട്ടിയുമൊക്കെ എന്നെക്കു റിച്ചു എന്തു വിചാരിക്കുമെന്നാ.''

''അവരെന്തു വിചാരിച്ചാലും നിനക്കെന്താ. എന്താ നിനക്ക് ആ കുട്ടിയോട് ഇഷ്ടം വല്ലതും തോന്നു ന്നുണ്ടോ?''

''ച്ഛേ.'' താന്‍ പറയുന്നത് മനസ്സിലാക്കപ്പെടാതെ പോകുന്നല്ലോയെന്ന ഖേദത്തോടെ മാനുവല്‍ തല കുടഞ്ഞു.

''മാനൂ.'' എബിയച്ചന്‍ കരം നീട്ടി സുഹൃത്തിനെ സ്പര്‍ശിച്ചു.

''നമ്മള്‍ ഒരു കാര്യം പൂര്‍ണ്ണമായും നിഷേധിക്കുന്നത് രണ്ടേ രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന് സത്യമാകുമ്പോഴും മറ്റൊന്ന് അസത്യമാകുമ്പോഴും പക്ഷേ രണ്ടിലും രണ്ടു രീതിയിലായിരിക്കും പ്രതി കരണം. ആ പ്രതികരണം മനസ്സിലാക്കിക്കൊണ്ടാണ് ഒരാള്‍ കുറ്റവാളിയാണോ അല്ലയോ എന്ന കാര്യത്തില്‍ പൊലീസ് പെട്ടെന്ന് നിഗമനത്തിലെത്തുന്നത്. കുറ്റം നടത്തിയ ഒരാളും ഉടനടി അത് സമ്മതിച്ചു തരില്ല.''

''നീയെന്നതാ പറഞ്ഞു വരുന്നത്.'' മാനുവല്‍ ചോദിച്ചു.

''നിന്റെയുള്ളിലും ചെറിയൊരു വിള്ളല്‍ വീണിട്ടുണ്ടെന്നാ എനിക്ക് തോന്നുന്നത്. ഇല്ലായിരുന്നുവെങ്കില്‍ അതൊരു കോമഡിയാക്കി മാറ്റി നീയും എന്റെ കൂടെ ചിരിക്കുമായിരുന്നു. അച്ചൂട്ടനോട് നീ ദേഷ്യപ്പെടുകയും ഇല്ലായിരുന്നു.''

''എനിക്കാ പെങ്കൊച്ചിനോട് പ്രേമമാണെന്നാണോ കത്തനാരേ തന്റെ കണ്ടു പിടിത്തം?''

മാനുവലിന്റെ ചോദ്യം കേട്ടപ്പോള്‍ അച്ചന് വീണ്ടും ചിരി വന്നു.

''...ആ പെങ്കൊച്ചിനാ ണെങ്കില്‍ ഇരുപതു വയസ്സു പോലും ഉണ്ടെന്ന് തോന്നു ന്നില്ല. എനിക്കോ.''

''അപ്പോ പ്രായമാണോ നിന്റെ പ്രശ്‌നം?''

''ഞാന്‍ തന്നോട് ഒന്നും പറയുന്നില്ല.'' മാനുവല്‍ കസേരയില്‍ നിന്നെണീറ്റു. ഒപ്പം എബിയച്ചനും.

''എടാ, മാനൂ ഞാന്‍ പറഞ്ഞില്ലേ. ഇതിലെന്തോ ഉണ്ടെടാ. ദൈവം ആഗ്രഹിക്കുന്ന എന്തോ ഒന്ന്. അധികമാരോടും അടുക്കാത്ത, ചില പ്രത്യേക രീതികളും സ്വഭാവ പ്രത്യേകതകളും ഉള്ള അച്ചൂട്ടന് ആ പെണ്‍കുട്ടിയോട് ഒരു അമ്മയ്ക്കടുത്ത സ്‌നേഹവും അടുപ്പ വും തോന്നുന്നുണ്ടെങ്കില്‍ ഉറപ്പാടാ അതിലെന്തോ ഉണ്ട്. നീയൊന്ന് ആലോചിച്ചു നോക്കിക്കേ നമ്മുടെ സോണിയായ്ക്കും ആ പെങ്കൊച്ചിനും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോയെന്ന്.''

മാനുവലിന്റെ ഓര്‍മ്മകളുടെ തിരശ്ശീല വകുത്തു മാറ്റി സോണിയയും അനുപമയും കടന്നുവന്നു. ഇരുവരും മാറിമാറി മിന്നിക്കൊണ്ടിരുന്നു.

''എവിടെയൊക്കെയോ സാമ്യമുണ്ടോ. രൂപത്തില്‍. ചിരിയില്‍. പെരുമാറ്റത്തില്‍.'' മാനുവലിന് ഭയം തോന്നി.

''ഞാനെന്തായാലും അനുപമയെ ഒന്നു കാണട്ടെ. എമ്മാനുവേലച്ചനോട് സംസാരിക്കുകയും ചെയ്യാം.''

''എന്തിന്.'' മാനുവലിന് ആശങ്ക പെരുകി.

''നീയൊന്ന് കൂളാക് ഇഷ്ടാ. നിനക്കോ അച്ചൂട്ടനോ ദോഷം വരുന്നതൊന്നും ഞാന്‍ ചെയ്യില്ലെന്ന് അറിയില്ലേ?''

എബിയച്ചന്‍ മാനുവലിന്റെ പുറത്തുതട്ടി ആശ്വസിപ്പിച്ചു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org