ചില്ല് - 11

നോവലിസ്റ്റ്: വിനായക് നിര്‍മ്മല്‍
ചില്ല് - 11
കഥ ഇതുവരെ ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി പുതുതായി ചുമതലയേറ്റ അനുപമയെ സ്‌കൂളിലെത്തന്നെ ഏറ്റവും അപകടകാരിയായ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അസ്വസ്ഥയാക്കുന്നു. അലന്‍ എന്നാണ് ആ വിദ്യാര്‍ത്ഥിയുടെ പേര്. കേട്ടറിവുകള്‍ ശരിവയ്ക്കുന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് ക്ലാസ് അവളെ സ്വീകരിച്ചത്. അതിന്റെ നടുക്കം ആസ്തമാരോഗിയായ അനുപമയെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലിന്റെയും അനുപമയുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലിന്റെയും നിര്‍ദ്ദേശാനുസരണം അവള്‍ ജോലി തുടരുന്നു. അലനും കൂട്ടുകാരും തമ്മിലുള്ള പലപല സംഭവങ്ങളിലൂടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന അധ്യാപികയായ കൂട്ടുകാരിക്കൊപ്പമാണ് അവള്‍ താമസിക്കുന്നത്. നിഖില്‍ എന്ന അധ്യാപകന്‍ അനുപമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറയുന്നു. അത് വിശ്വാസം വരാത്ത നിഖില്‍ ഇക്കാര്യം പ്രിയംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനുപമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതുന്നത്. പക്ഷേ അതല്ല സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞുതുടങ്ങുന്നു. സെന്റ് മേരിസ് ഓര്‍ഫനേജിലെ വാര്‍ഷികാഘോഷങ്ങളില്‍ നിന്നാണ് ഈ ഭൂത കാലവിവരണം ആരംഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ടവ്യക്തികളിലൊരാളും അനാഥാല യത്തിലെ കുട്ടികളുടെ സ്‌പോണ്‍സറുമായ മാനുവലിന്റെ മകന്‍ അച്ചൂട്ടനുമായി അനുപമ അടുപ്പത്തിലാകുന്നു. അനുപമയും മറ്റ് കുട്ടികളുമുള്ള അവിടെ തന്നെ കൊണ്ടുചെന്നാക്കാന്‍ കൊച്ചുകുട്ടിയായ അച്ചൂട്ടന്‍ പറയുന്നു. (ഇനി തുടര്‍ന്നുവായിക്കുക...)

പ്രഭാതം.

മാനുവലിന്റെ വീട്.

കട്ടിലില്‍ ഉറക്കമുണര്‍ ന്നെണീറ്റ് കണ്ണും തിരുമ്മി ഇരിക്കുകയായിരുന്നു അച്ചൂട്ടന്‍.

എന്തായിത് അച്ചൂട്ടാ. മാസിന് ലേയ്റ്റാകും. നീ വേഗം റെഡിയാക് മുറിയിലേക്ക് വന്ന മാനുവല്‍ അവനെ ഓര്‍മ്മിപ്പിച്ചു.

രാത്രി എത്രസമയം വേണമെങ്കിലും ഉറക്കമിളയ്ക്കുന്നതില്‍ അച്ചൂട്ടന് പ്രശ്‌നമില്ല. പക്ഷേ രാവി ലെ എണീല്ക്കുന്ന കാര്യ ത്തിലാണ് ബുദ്ധിമുട്ട്. ആദ്യം സൗമ്യതയോടെ വിളിച്ച് പിന്നെ സഹികെടുമ്പോള്‍ ദേഷ്യപ്പെട്ട് വിളിച്ചെണീല്പിക്കുന്നതാണ് മാനുവലിന്റെ രീതി. പക്ഷേ ഇന്ന് അച്ചൂട്ടനോട് ദേഷ്യപ്പെടാന്‍ മാനുവലിന് കഴിയില്ല. കാരണം ഇന്ന് അവന്റെ അമ്മ മരണമട ഞ്ഞ ദിവസമാണ്. അച്ചൂട്ടന്റെ പിറന്നാളിനും അവന്റെ അമ്മയുടെ മരണത്തിനും തമ്മില്‍ ഒരാഴ്ചത്തെ അകലം മാത്രം. പിറന്നാള്‍ ആഘോഷിക്കാതിരിക്കാനാവില്ല, ഓര്‍മ്മദിനം ആചരിക്കാ തിരിക്കാനുമാവില്ല.

അമ്മയ്ക്ക് സങ്കടമാവും കേട്ടോ. മാനുവല്‍ അറ്റക്കൈ പ്രയോഗിച്ചു. അമ്മയെ സങ്കടപ്പെടുത്തുന്നതൊന്നും ചെയ്യാന്‍ അച്ചൂട്ടന്‍ ഒരുക്കമല്ല. അവന്‍ കിടപ്പു മുറിയിലെ ചുവരിലേക്ക് നോക്കി. അവിടെ പുഞ്ചിരി തൂകിയിരിക്കുന്ന സോണിയ. വേഗം പോയി റെഡിയാകൂ എന്ന് അമ്മ പറയുന്നതു പോലെ അവന് തോന്നി. അച്ചൂട്ടന്‍ ചാടിപിടഞ്ഞെണീറ്റു.

കുര്‍ബാനയ്ക്ക് മാനു വലിനൊപ്പം നില്ക്കുമ്പോള്‍ അച്ചൂ പുറകിലേക്ക് തിരിഞ്ഞുനോക്കി. പ്രതീക്ഷിച്ചതുപോലെ തന്നെ റോണിയങ്കിളിനെയും ടോണിയങ്കിളിനെയും ടോമിയങ്കിളിനെയും അവന്‍ കണ്ടു. റോണി അവന് നേരെനോക്കി ചിരിച്ചു കൊണ്ട് കൈവിരലുകള്‍ ചലിപ്പിച്ചു. അപ്പോഴാണ് ശുശ്രൂഷിയുടെ സമാധാനാശംസ കേട്ടത്.

''നമുക്ക് പരസ്പരം സമാധാനം ആശംസിക്കാം.''

മാനുവല്‍ സമാധാനം കൈമാറുന്നതിനായി നോക്കുമ്പോള്‍ അച്ചു പുറകോട്ട് തിരിഞ്ഞു നില്ക്കുകയാണ്. അയാള്‍ അവന്റെ ചുമലില്‍ തട്ടി തിരിഞ്ഞുനിക്ക് എന്ന് ശബ്ദംകുറച്ചു ശാസിച്ചു. അച്ചു പെട്ടെന്ന് അപ്പയുടെ കരം കവര്‍ന്ന് സമാധാനം കൈമാറി.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സോണിയായുടെ കല്ലറയ്ക്കല്‍ ഒപ്പീസുണ്ടായിരുന്നു. അച്ചുവിന്റെ കൈയ്ക്കു പിടിച്ച് മാനുവല്‍ അവിടേയ്ക്ക് നടന്നു. ഡ്രൈവര്‍ ബിനു അപ്പോഴേയ്ക്കും കല്ലറ അലങ്കരിച്ചിട്ടുണ്ടായിരുന്നു. അരളിപ്പൂക്കള്‍, മെഴുകുതിരികള്‍...

അഞ്ചു വര്‍ഷങ്ങള്‍.. കല്ലറയ്ക്ക് മുമ്പില്‍ നില്ക്കുമ്പോള്‍ മാനുവല്‍ നെടുവീര്‍പ്പെട്ടു. വര്‍ഷമിത്ര കഴിഞ്ഞിട്ടും ഓര്‍മ്മകള്‍ വന്ന് തിരി തെളിക്കുന്നു. താന്‍ ഉരുകുന്നു.

സോണിയായെ ആദ്യമായി കണ്ടത്... സ്‌നേഹി ച്ചത്... വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് അവള്‍ തനിക്കൊപ്പം ഇറങ്ങിവന്നത്... മാനുവലിന്റെ കണ്ണു നിറഞ്ഞു.

ജീവിതത്തില്‍ സന്തോഷകരമായ ദിവസങ്ങള്‍ വളരെ കുറവാണെന്ന് അയാള്‍ക്ക് തോന്നി. എന്നാല്‍ പിന്നീടുള്ള ജീവിതത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് സന്തോ ഷത്തിന്റെ ഈ ചുരുക്കം ദിനങ്ങളുമാണ്. സന്തോഷിക്കാന്‍ വേണ്ടിയാണ് മനുഷ്യന്‍ ജീവിക്കുന്നത്. എന്നാല്‍ സന്തോഷം എത്രയോ അകലെയാണ്.

മാനുവല്‍ നെടുവീര്‍പ്പെട്ടു.

അച്ചനും ശുശ്രൂഷിയും പ്രാര്‍ത്ഥന അവസാനിപ്പിച്ച് തിരികെ പോയി. സോണിയായുടെ കല്ലറയ്ക്ക് മുമ്പില്‍ നില്ക്കുമ്പോള്‍ അച്ചു നിശ്ശബ്ദനായിരുന്നു. പേരും മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയ ഈ ഫലകത്തിന് താഴെ അമ്മ എന്തു ചെയ്യുകയായിരിക്കും എന്ന പതിവു ചിന്ത അപ്പോഴും അവനിലേക്ക് തികട്ടിയെത്തി. മാര്‍ബിള്‍ ഫലകം നീക്കുകയാണെങ്കില്‍ അമ്മയെ കാണാന്‍ കഴിയുമോ? അവന്‍ അങ്ങനെയും ചിന്തിച്ചു.

എന്തിനോ മുഖം ഉയര്‍ത്തിനോക്കിയപ്പോള്‍ ടോണിയെ അവന്‍ കണ്ടു. ടോണി അവനെ മാടി വിളിച്ചു. മാനുവലില്‍ നിന്ന് വേര്‍പെട്ട് അച്ചു ടോണിയുടെ അരികിലേക്ക് ഓടിച്ചെന്നു. ടോണി അവനെ തന്നോടു ചേര്‍ത്തുനിര്‍ത്തി ശിരസ്സില്‍ തലോടി.

സോണിയായുടെ സഹോദരന്മാരില്‍ അച്ചുവിന് കൂടുതല്‍ മാനസിക ഐക്യമുള്ളത് ഇളയ വനായ ടോണിയോടാണ്. സോണിയായുടെ ഇളയ സഹോദരനാണ് ടോണി. ചേച്ചിയും അനിയനും എന്നതിലേറെ കൂട്ടുകാരെ പോലെയായിരുന്നു ഇരു വരും തമ്മിലുള്ള ബന്ധം. ആ ബന്ധത്തില്‍ നിന്നാണ് ഒരു പുരുഷന് മാത്രം നല്കാന്‍ കഴിയുന്ന സ്‌നേഹത്തിന്റെ ചൂടു തേടി അവള്‍ മാനുവലിലേക്ക് ചേക്കേറിയത്.

അത്രമാത്രം അയാളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ മാനുവലിന് എന്തു പ്രത്യേകതയാണ് ഉള്ളതെന്ന് ഇക്കാലമത്രയുമായിട്ടും ടോണി അവനോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. മാനുവലിനെ നേര്‍ക്കുനേര്‍ കാണുമ്പോഴെല്ലാം ആ ചോദ്യം ടോണിയുടെ മനസ്സിലേക്ക് കടന്നു വരും.

സാമ്പത്തികസ്ഥിതിയില്‍ തങ്ങളുമായി ഒപ്പം നില്ക്കുന്ന അവസ്ഥയിലായിരുന്നില്ല മാനുവല്‍ സോണിയായെ വിവാഹം ചെയ്യുമ്പോള്‍. അതുകൊണ്ടുകൂടിയായിരുന്നു സോണിയായുടെ ഇഷ്ടത്തിന് എതിരുനിന്നത്. പക്ഷേ സോണിയ തന്റെ നിലപാടിലും തീരുമാനത്തിലും ഉറച്ചുനിന്നു. വീട്ടുകാരെ ധിക്കരിച്ച് അവള്‍ ഒരുനാള്‍ മാനുവലിനൊപ്പം ഇറങ്ങിപ്പോകുകയും ചെയ്തു.

കുടുംബത്തിലെ ഏക പെണ്‍തരി. മൂന്നാങ്ങളമാരുടെ പുന്നാര പെങ്ങള്‍. തങ്ങളുടെ സാന്നിധ്യവും ആശീര്‍വാദവും ഇല്ലാതെ അവള്‍ പുതിയൊരു ജീവിതം ആരംഭിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് വിവാഹം നടത്തിത്തരാം എന്ന ഉറപ്പില്‍ തിരികെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. മനസ്സില്ലാമനസ്സോടെ ആങ്ങളമാരും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ് വിരുന്നിന് നില്ക്കാതെ യാത്ര പറയും നേരത്ത് മൂത്തവനായ ടോമി സോണിയായോട് പറഞ്ഞു.

''ഇനി നിനക്ക് നിന്റെ വഴി. ആ വഴിയിലേക്ക് ഞങ്ങള്‍ വരില്ല, ഞങ്ങളുടെ വഴിയിലേക്ക് നീയും കടന്നുവരരുത്.''

ഹൃദയം പൊടിയുന്ന വേദനയോടെയാണ് സോണിയ അത് കേട്ടുനിന്നത്. അവള്‍ക്ക് ആങ്ങളമാര്‍ ജീവനായിരുന്നു. അവരൊരിക്കലും തനിക്ക് അഹിതകരമായത് ചെയ്യുകയില്ലെന്നും തന്നോട് ദ്രോഹം പ്രവര്‍ത്തിക്കുകയില്ലെന്നും അവള്‍ക്കറിയാമായിരുന്നു. പക്ഷേ അവള്‍ക്ക് മാനുവലിനെ ഉപേക്ഷിക്കാനാവില്ലായിരുന്നു. അവന്റെ സ്‌നേഹത്തെ വിസ്മരിക്കാനും.

വിവാഹാനന്തരം തന്റെ വീട്ടുകാര്‍ സമയമെടുത്താണെങ്കിലും തന്നെ പഴയതു പോലെ സ്വീകരിക്കുമെന്നായിരുന്നു സോണിയായുടെ പ്രതീക്ഷ. പക്ഷേ അവള്‍ ജീവനോടെയിരുന്ന കാലമത്രയും അത് സംഭവിച്ചില്ല. സിസേറിയനെതുടര്‍ന്നുണ്ടായ പാകപ്പിഴയെ തുടര്‍ന്ന് അവള്‍ മരണവുമായി മല്ലിടുകയാണെന്ന് അറിഞ്ഞപ്പോഴാണ് ഉളളില്‍ സൂക്ഷിച്ചിരുന്ന സകലമാന സ്‌നേഹവുമായി ആങ്ങളമാര്‍ ഓടിയെത്തിയത്. അപ്പോഴേക്കും...

സോണിയായെ തങ്ങള്‍ക്ക് നഷ്ടപ്പെടുത്തിയ മാനുവലിനോട് ആങ്ങളമാര്‍ക്ക് ഇനിയും ക്ഷമിക്കാന്‍ കഴിഞ്ഞിട്ടില്ല. സോണിയായോട് തങ്ങള്‍ ചെയ്ത അനീതിയോര്‍ത്ത് അവര്‍ക്ക് ഇത്രയും നാളായിട്ടും കുറ്റബോധം സഹിക്കാനും കഴിയുന്നില്ല.

പരസ്പരം അകന്നുകഴി യുന്ന ഇരുകൂട്ടര്‍ക്കുമിടയിലെ പാലമാണ് അച്ചു. ഭാര്യാ സഹോദരന്മാരെ മാനുവലിന് ഇഷ്ടമില്ല. സഹോദരി ഭര്‍ത്താ വിനെ അവര്‍ക്കും. എന്നിട്ടും ഇരുവര്‍ക്കുമിടയില്‍ എന്തെങ്കി ലും നേര്‍ത്ത നൂലിഴ ബന്ധമു ണ്ടെങ്കില്‍ അത് അച്ചുവിനെ പ്രതിയാണ്. അച്ചു അവരുമായി കൂടുതല്‍ അടുക്കുന്നതോ സംസാരിക്കുന്നതോ പോലും മാനുവല്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തന്നില്‍ നിന്ന് അവര്‍ മകനെ അകറ്റിയെടുക്കുമെന്ന ഭീതി യാണ് മാനുവലിനെ ചൂഴ്ന്ന് നില്ക്കുന്നത്.

ടോണിയോടു ചേര്‍ന്ന് അവന്റെ വാത്സല്യം അനുഭവിച്ച് അച്ചു നില്ക്കുന്നതുകണ്ടപ്പോള്‍ പതിവുപോലെ മാനുവലിന്റെ ഉള്ളില്‍ അസ്വസ്ഥത നിറഞ്ഞു. ഇനിയും അവിടെ നില്ക്കാന്‍ അയാള്‍ക്ക് തോന്നിയില്ല.

''വാ...''

അച്ചുവിനു നേരെ കൈ കാണിച്ചതിനുശേഷം സെമിത്തേരിയുടെ പുറത്തേക്ക് മാനുവല്‍ നടന്നു. ടോണിയോട് യാത്ര ചോദിക്കും മട്ടില്‍ അവനെ നോക്കിക്കൊണ്ട് അച്ചു മാനുവലിനെ അനുഗമിച്ചു.

ഒരു നിമിഷം എന്തോ ആലോചിച്ചതിന് ശേഷം ടോണി അച്ചുവിന്റെ പുറകെ ചെന്നു. സെമിത്തേരിയുടെ വെളിയില്‍ മാനുവല്‍ നില്ക്കുന്നുണ്ടായിരുന്നു. അയളുടെ അടുക്കലേക്ക് അച്ചുവും ടോണിയും ഒരുമിച്ചാണ് ചെന്നത്.

''അച്ചനെ ഒന്നു കണ്ടിട്ട് വരാം.'' മാനുവല്‍ അച്ചുവിനോട് പറഞ്ഞു.

''എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.'' ടോണി മാനുവലിനോട് പറഞ്ഞു.

അതെന്താണെന്ന ഭാവേന മാനുവല്‍ ടോണിയെ നോക്കി.

ആഴ്ചയില്‍ ഒന്നു രണ്ട് ദിവസമെങ്കിലും അച്ചൂട്ടനെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ഞങ്ങള്‍ ക്കാഗ്രഹമുണ്ട്. അവിടെ ചേട്ടാ യിമാരുടെ കുട്ടികളെല്ലാം ഉണ്ടല്ലോ.''

മാനുവല്‍ ചിരിച്ചു.

''മാത്രവുമല്ല, അമ്മച്ചിയും പറയുന്നുണ്ട്... അച്ചൂട്ടനെ കാണ ണമെന്ന്...'' ഏറെ വര്‍ഷങ്ങളായി കിടപ്പുരോഗിയായി കഴിയുക യാണ് സോണിയയുടെ അമ്മ.

''അമ്മച്ചിയെ വന്ന് കാണി ക്കുന്നതില്‍ എനിക്ക് വിരോധ മൊന്നുമില്ല. പക്ഷേ... അതിന പ്പുറം...''

മാനുവല്‍ ചിരിച്ചുകൊണ്ട് അച്ചുവിന്റെ കൈയ്ക്കു പിടിച്ച് പള്ളിമേടയിലേക്ക് പോയി.

''ആ... മാനുവലോ.. കേറിവാ...'' വികാരിയച്ചന്റെ മുറിയിലെത്തിയ അവരെ ഫാ. എബി കുരിശുംമൂട്ടില്‍ സ്‌നേഹത്തോടെ സ്വാഗതം ചെയ്തു

''അച്ചൂ... വാടാ...''

അച്ചന്റെ മുറിയില്‍ ഒരു സ്ത്രീയും പുരുഷനും ഇരിക്കു ന്നുണ്ടായിരുന്നു. അതുകൊണ്ട് മാനുവല്‍ പുറത്തുനിന്നതേ യുള്ളൂ.

''നിങ്ങള് ഒരു രണ്ടുമിനിറ്റ് പുറത്തുനില്ക്ക്... ഞാന്‍ നിങ്ങളെ വിളിക്കാം.''

അച്ചന്‍ അവരോട് അങ്ങനെ പറഞ്ഞിട്ട് വീണ്ടും മാനുവലിനെ സ്വാഗതം ചെയ്തു.

''കേറിവാ... കേറിവാ...''

സ്ത്രീയും പുരുഷനും പുറ ത്തേക്ക് പോയപ്പോള്‍ മാനുവ ലും അച്ചുവും അകത്തേക്ക് പ്രവേശിച്ചു.

''കുടുംബപ്രശ്‌നമാ...'' അച്ചന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.

''അവന്റെ അമ്മ കുറെനാളായി അവര്‍ക്കൊപ്പമാ. അത് അവന്റെ ഭാര്യയ്ക്ക് ഇഷ്ടമില്ല. അമ്മായിയമ്മയെ തിരിഞ്ഞു നോക്കുകേല. ഇവന്‍ വേണം അമ്മേടെ കാര്യം എ റ്റു ഇസഡ് ചെയ്യാന്‍. അതിന് അവന് മനസ്സുമുണ്ട്. നല്ലകാര്യം. പക്ഷേ ഇവള് അതും സമ്മതിക്കുകേലാ. കെട്ട്യോന്‍ അമ്മയെ പരിചരിക്കു ന്നതിനെ ചൊല്ലി അവള് വേണ്ടാത്തത് പലതും പറയും. പുറത്തുപറയാന്‍ പോലും കൊള്ളുകേലാ.'' അച്ചന്റെ മുഖം വക്രിച്ചു.

''അവളെ ഉപദേശിച്ചു നന്നാക്കാന്‍ വേണ്ടിയാ എന്റെ അടു ക്കല്‍ കൊണ്ടുവന്നത്. മനസ്സാക്ഷിയില്ലാത്തവരെ അച്ചന്മാര്‍ക്കല്ല ഒടേതമ്പുരാന് പോലും നന്നാക്കാന്‍ പറ്റുകേലാ. പിന്നെ ഒന്ന് ശ്രമിച്ചുനോക്കാം. അത്രയേ യുളളൂ.''

പറയുന്നതിനിടയില്‍ അച്ചന്‍ തന്റെ മേശയിലുണ്ടായിരുന്ന മിഠായിഭരണിയില്‍ നിന്ന് ഒരു മിഠായിയെടുത്ത് അച്ചുവിന് നേരെ നീട്ടി.

''താങ്ക്യൂ.'' അച്ചു മിഠായി വാങ്ങി.

''ങ്, പിന്നെയെന്തുണ്ട് മാനുവലേ വിശേഷങ്ങള്‍. ബിസിനസൊക്കെ നന്നായി പോകുന്നില്ലേ.''

''ഉവ്വ്.''

''മോന്‍ താഴേയ്ക്ക് പൊയ്‌ക്കോ. അവിടെ കുറച്ചു ലവ് ബേര്‍ഡ്‌സും അക്വേറിയവുമൊക്കെയുണ്ട്. അതു കണ്ടുതീരു മ്പോഴേയ്ക്കും അപ്പ വന്നോളും.''

അച്ചു ഉത്സാഹത്തോടെ ചാടിയെണീറ്റപ്പോള്‍ അവനെ ഒറ്റയ്ക്ക് വിടാന്‍ മടിച്ച് മാനുവല്‍ അച്ചുവിനെ നോക്കി.

''അതുപിന്നെ...''

''അവന്‍ പോട്ടെ. നീയിങ്ങനെ പേടിച്ചാലോ...''

പിന്നെ മാനുവല്‍ എതിര്‍ ത്തില്ല.

മാനുവലും എബിയച്ചനും സമപ്രായക്കാരാണ്. ഒരുമിച്ചു പഠിച്ചവരും. അതുകൊണ്ട് അവര്‍ക്കിടയില്‍ വല്ലാത്ത സ്വാതന്ത്ര്യവുമുണ്ട്.

അച്ചു കടന്നുപോയെന്ന് ഉറപ്പായപ്പോള്‍ എബിയച്ചന്‍ ചോദിച്ചു.

''അല്ലെടാ ഞാന്‍ നിന്നോട് പറഞ്ഞ കാര്യം എന്തായി.''

ഏതുകാര്യമെന്ന് മാനുവ ലിന് പിടുത്തം കിട്ടിയില്ല.

''നിന്റെ കല്യാണക്കാര്യം. അവള് പോയിട്ട് വര്‍ഷം അഞ്ചായില്ലേ. ഇനിയും എത്ര നാളാ നീയിങ്ങനെ.''

മാനുവല്‍ വിഷാദത്തോടെ ചിരിച്ചു.

''അവളെ മറക്കാന്‍ എനിക്ക് കഴിയില്ലെന്ന് നിനക്കറിയില്ലേ?''

''മറക്കണമെന്നാരു പറഞ്ഞു. പക്ഷേ നിനക്ക് ജീവിക്കണ്ടെ?''

''ഞാന്‍ ജീവിക്കുന്നുണ്ടല്ലോ. എനിക്കെന്റെ മോനുണ്ട്. അതു മതി.''

''എടാ, ഭാര്യ മരിച്ചുകഴിയു മ്പോള്‍ രണ്ടാമതൊരു വിവാഹം കഴിക്കുന്നത് അത്ര അപരാധമൊന്നുമല്ല. അത് ആദ്യഭാര്യയെ സ്‌നേഹമില്ലാഞ്ഞിട്ടോ മറന്നു കളഞ്ഞിട്ടോ അല്ല. പുരുഷനെ സംബന്ധിച്ച് അവനൊരു കൂട്ടു വേണം. നിനക്കറിയാമല്ലോ ദൈവം ആദ്യം ആദത്തെയാണ് സൃഷ്ടിച്ചത്. ഹവ്വയെ സൃഷ്ടിച്ചതുപോലും ആദത്തിന് കൂട്ടായിട്ടാ. അതായത് പുരുഷന് ഏകാന്തത കൂടുതലാ. പ്രത്യേകിച്ച് പെണ്ണൊരുവളുടെ കൂടെ ജീവിച്ച് പിന്നീട് അവളില്ലാതാകുന്ന ആണിന്. അതുകൊണ്ടാ ആണുങ്ങള്‍ രണ്ടാമത് വിവാഹം കഴിക്കുന്നത്. നിനക്ക് ഞാന്‍ പറഞ്ഞുവരുന്നത് മനസ്സിലാകുന്നുണ്ടോ.''

''ഇതുപറയാനാണെങ്കില്‍ ഞാനിനി നിന്നെ കാണാന്‍ വരുന്നില്ല.'' മാനുവല്‍ കസേരയില്‍ നിന്നെണീറ്റു.

''എനിക്കറിയാം നിന്റെ സൈ ക്കോളജി. സ്‌നേഹിച്ചു വിവാഹം കഴിച്ച സോണിയ മരിച്ചുപോയപ്പോള്‍ രണ്ടാമതൊരു വിവാഹം കഴിക്കുന്നത് അവളോടു ചെയ്യുന്ന ക്രൂരതയായി നീ കാണുന്നു. നിന്റെ സ്‌നേഹത്തെ മറ്റുള്ളവര്‍ സംശയിക്കുമെന്ന് നീ ഭയക്കുന്നു. മാത്രവുമല്ല അച്ചൂട്ടന്റെ ഭാവിക്ക് അത് ദോഷം ചെയ്യുമോ രണ്ടാമതൊരു കുട്ടി ജനിച്ചു കഴിയുമ്പോള്‍ അവനോടുള്ള സ്‌നേഹം കുറഞ്ഞുപോകുമോ യെന്നെല്ലാം നീ ആശങ്കപ്പെടുന്നു. ഞാനൊരു കാര്യം പറയട്ടെ, ഈ പ്രായത്തിലെങ്കിലും അച്ചുവിന് ഒരു അമ്മയുടെ സ്‌നേഹം കിട്ടിയിരിക്കണം. അവന് നല്ല പെണ്‍സൗഹൃദങ്ങളുണ്ടാകണമെങ്കില്‍, ആരോഗ്യകരമായ ഫ്രണ്ട്ഷിപ്പുകളുണ്ടാകണമെങ്കില്‍ ഒരു അമ്മയുടെ സ്‌നേഹവും സാന്നിധ്യവും പരിചരണവും അവന് ഇനിയെങ്കിലും കിട്ടണം. അവന്റെ ക്യാരക്ടറിന് അതു ഗുണം ചെയ്യും. അവന്‍ കൂടി ഇഷ്ടപ്പെടുന്ന, അവന് കൂടി സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു സ്ത്രീ. ചിലപ്പോ ഇനിയും സമയമെടുത്തേക്കാം. പക്ഷേ അത് നിന്റെ ജീവിതത്തിലുണ്ടാവണം. അതുനിര്‍ബന്ധമാ. നിനക്ക് വഴിതെറ്റിപോകാതിരിക്കാനുള്ള മാര്‍ഗം കൂടിയാ അത്. അച്ചുവിന്റെ ഭാവിയെക്കൂടി കരുതികൊണ്ടാണ് ഞാനിത് പറയുന്നത്. ഞാന്‍ മുമ്പു പറഞ്ഞ സ്ത്രീയെപോലെയല്ല നല്ല പെണ്ണുങ്ങളൊക്കെയുള്ള ലോകം കൂടിയാടാ ഇത്. ദൈവഭയവും മനുഷ്യപ്പറ്റും കരുണയും സ്‌നേഹവുമുള്ള പെണ്ണുങ്ങള്‍ ഈ ലോകത്തിലെ ല്ലായിടത്തുമുണ്ട്. നിന്നെയും അച്ചുവിനെയും ഇനി നിങ്ങള്‍ ക്കുണ്ടാകുന്ന കുഞ്ഞിനെയുമെല്ലാം ഒരുപോലെ സ്‌നേഹിക്കാന്‍ മനസ്സുള്ളവള്‍.

''നീയെന്തൊക്കെയാ ഇപ്പറയുന്നെ. ഉണ്ടാകാന്‍ പോകുന്ന കുഞ്ഞ്.'' മാനുവല്‍ ചിരിച്ചു.

''നീ നോക്കിക്കോ. സോണിയായുടെ അടുത്ത ആണ്ടിന് വരുമ്പോള്‍ നിങ്ങളുടെ കൂടെ അവളുമുണ്ടായിരിക്കും. നിന്റെ ഭാര്യ.''

ഒരു പ്രവചനംപോലെയാണ് എബിയച്ചന്റെ വാക്കുകള്‍ മാനുവലിന് അനുഭവപ്പെട്ടത്.

തിരികെ മടങ്ങുമ്പോള്‍ കാറിന്റെ പിന്‍സീറ്റിലിരുന്ന് പുറംകാഴ്ചകള്‍ കാണുകയായി രുന്നു അച്ചു. തിരക്കേറിയ നഗരത്തിലൂടെയായിരുന്നു അവരുടെ യാത്ര. അപ്പോഴാണ് അപ്രതീക്ഷിതമായി അച്ചു ആ കാഴ്ച കണ്ടത്. ഫുട്പാത്തി ലൂടെ നടന്നുനീങ്ങുന്ന ഒരു കന്യാസ്ത്രീയുടെ പുറകിലായി രണ്ടു കയ്യിലും സാധനങ്ങള്‍ തൂക്കിപിടിച്ച് നടന്നുനീങ്ങുന്ന അനുപമ.

ബിനുവ്ങ്കിളേ പ്ലീസ് വണ്ടിയൊന്ന് നിര്‍ത്തൂ.

അച്ചു വിളിച്ചു പറഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org