
അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ ശാന്തതയില്‍ അവന്‍ പറഞ്ഞു: ''ബിക്കോസ് ഐ ലവ് യൂ. ഐ ലവ് യൂ സോ മച്ച്.''
പ്രഭാതം
പള്ളി. കുര്‍ബാന കഴിഞ്ഞ് പുറത്തേക്കിറങ്ങു കയായിരുന്നു അനുപമ. കുന്നിന്‍ മുകളില്‍ ഉയര്‍ന്നു നില്ക്കുന്ന പള്ളിയായിരു ന്നു അത്. ഇറങ്ങിപ്പോകു വാന്‍ ഒരുപാട് നടകള്‍. നടയിലേക്ക് കാലെടുത്തു വച്ചപ്പോഴാണ് പിന്നില്‍ നിന്ന് ഒരു വിളി കേട്ടത്
''അനു മിസ്...''
അനുപമ തിരിഞ്ഞു നോക്കി. നേരം പുലര്‍ന്നു കഴിഞ്ഞിട്ടും മഞ്ഞ് വിട്ടൊഴിഞ്ഞിട്ടുണ്ടായിരു ന്നില്ല. അതുകൊണ്ട് ആളുകളെ പെട്ടെന്ന് മനസ്സിലാക്കാനും കഴിഞ്ഞിരുന്നില്ല. ആരാണ് തന്നെ വിളിച്ചതെന്ന് അറിയാന്‍ ഒരു നിമിഷംകൂടി അനുപമ കാത്തുനിന്നു. അപ്പോള്‍ ആളുകള്‍ക്കിടയില്‍ നിന്ന് അലന്‍ ഓടി അനുപമയുടെ അടുക്കലെത്തി. അവന്‍ തലയില്‍ തൊപ്പിവച്ചിട്ടു ണ്ടായിരുന്നു.
''ഗുഡ് മോണിംങ് മിസ്.''
അലന്‍ അഭിവാദ്യം ചെയ്തു.
അലനെ കാണുമ്പോഴൊക്കെ പതിവായി അനുഭവപ്പെട്ടിരുന്ന പാരവശ്യം അപ്പോഴും അനുപമയെ പിടികൂടി. ഒരു നിമിഷം വൈകിയാണ് അവള്‍ പ്രത്യഭിവാദ്യം ചെയ്തത്.
''ഗുഡ് മോണിംങ്.'' അലനൊപ്പം ആദി കൃഷ്ണയെയും രോഹനെയും അനുപമ കണ്ടു.
അവരും അവള്‍ക്ക് സുപ്രഭാതം ആശംസിച്ചു. അവള്‍ തിരിച്ചും. അവളെ കടന്ന് രണ്ടു പടികള്‍ പിന്നിട്ട അലന്‍ പെട്ടെന്ന് തിരിഞ്ഞുനിന്നു.
''മിസ് വരുന്നില്ലേ.''
താന്‍ ഇപ്പോഴും നടകളില്‍ തന്നെ നില്ക്കുകയാണെന്ന കാര്യം അവള്‍ക്കപ്പോഴാണ് ഓര്‍മ്മ വന്നത്. അവള്‍ കാലുകള്‍ മുന്നോട്ടുവച്ചു.
''മിസ് ഇവിടെയാണല്ലേ എന്നും മാസ്സിന് വരുന്നത്?''
അലന്‍ ചോദിച്ചു.
''ഉം.'' അനുപമ തലചലിപ്പിച്ചു.
''പ്രിയംവദ ടീച്ചറെ കണ്ടില്ലല്ലോ''യെന്ന് ചോദിച്ചിട്ട് ''ഓ ടീച്ചര്‍ പള്ളിയില്‍ വരില്ലല്ലോ''യെന്ന് അലന്‍ തന്നെ ഉത്തരം കണ്ടെത്തു കയും ചെയ്തു.
''നല്ല അടിയായിരുന്നു കേട്ടോ.'' പെട്ടെന്ന് കവിള്‍ പൊത്തി അലന്‍ വേദന ഭാവിച്ചു. അനുപമ വല്ലാതെയായി.
''മിസ് വിഷമിക്കണ്ടാ.'' അലന്‍ ആശ്വസിപ്പിച്ചു.
''ഞാന്‍ ഉദ്ദേശിച്ചത്... ഞാന്‍ പെട്ടെന്ന് ഷോക്ക്ഡായിപ്പോയെന്നാ. എന്നെ ആരും അടിച്ചിട്ടില്ല. എന്റെ അപ്പ പോലും.'' അലന്‍ ശബ്ദം വളരെ കുറച്ചാണ് പറഞ്ഞത്. പക്ഷേ അതില്‍ അടക്കിവച്ചിരിക്കുന്ന അമര്‍ ഷവും പകയും അനുപമയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. അവള്‍ പകപ്പോടെ അലനെ നോക്കി.
''മിസ് വിഷമിക്കുകയൊന്നും വേണ്ട.'' അനുപമയുടെ മുഖത്തെ ഭാവമാറ്റം മനസ്സിലാക്കി അലന്‍ ആശ്വസിപ്പിച്ചു.
''അത് പിന്നെ ആരായാലും ആ സമയത്ത് അങ്ങനെയേ ചെയ്യൂ. അല്ല, എനിക്ക് ഒരു അടി കിട്ടാത്തിന്റെ കുറവാണെന്ന് ഇവര് എപ്പോഴും പറയും.''
രോഹനെയും ആദിയെയും ചൂണ്ടിക്കാണിച്ച് അലന്‍ പറഞ്ഞു. അനുപമ അവരെ നോക്കി. ഇരുവരും വളിച്ച ചിരി ചിരിച്ചു.
''അതേതായാലും കിട്ടി. ഇനി ചിലപ്പോ ഞാന്‍ നന്നായിക്കോളും. അല്ലേ മിസ്? കുട്ടികള് വഴിതെറ്റാന്‍ കാരണം ചെറുപ്രായത്തില്‍ ശിക്ഷണം കിട്ടാതെ വളര്‍ത്തിയതു കൊണ്ടാണെന്നല്ലേ പറയുന്നത്?''
അലന്‍ വീണ്ടും അനുപമയെ നോക്കി. അനുപമ ചിരിക്കാന്‍ ശ്രമിച്ചു.
''മിസ് എന്തിനാ ഇത്ര നെര്‍വെസ് ആകുന്നത്?'' അലന്‍ അനുപമയുടെ തൊട്ടരികിലെത്തി. അവന്റെ സ്വരം ഉയര്‍ന്നിരുന്നു.
''പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നെ കാണുമ്പോഴൊക്കെ മിസ് വല്ലാതെയാകുന്നു. എല്ലാവരും കൂടി എന്നെക്കുറിച്ച് ഒരുപാട് കഥകള്‍ പറഞ്ഞ് മിസിനെ പേടിപ്പിച്ചിരിക്കുന്നതാ. ഞാന്‍ വെറും പാവമാ മിസ്. വളരെ പാവം. എന്തായാലും ഈ ഒരു വര്‍ഷംകൂടിയേ മിസ്സിനും ഈ സ്‌കൂളിനും എന്നെ സഹിക്കേണ്ടി വരുകയുള്ളൂ. അതുകഴിഞ്ഞ് ഞാന്‍ പോകില്ലേ നിങ്ങള്‍ക്കാര്‍ക്കും ശല്യമില്ലാത്ത ഒരു ലോകത്തിലേക്ക്.''
അനുപമയ്ക്ക് പുറം തിരിഞ്ഞു നിന്ന് വളരെ കൃത്രിമമായിട്ടാണ് അലന്‍ അതു പറഞ്ഞത്. ഇരുകൈകളും നിവര്‍ത്തിപിടിച്ചും ആകാശത്തിലേക്ക് മുഖമുയര്‍ത്തിയുമായിരുന്നു അവന്റെ വാക്കുകള്‍.
''ഞാന്‍ മിസ്സിനെ ഉപദ്രവിക്കുകയൊന്നുമില്ല.''
അലന്‍ വീണ്ടും അനുപമയുടെ നേരെ തിരിഞ്ഞു. അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ ശാന്തതയില്‍ അവന്‍ പറഞ്ഞു.
''ബിക്കോസ് ഐ ലവ് യൂ. ഐ ലവ് യൂ സോ മച്ച്.''
താന്‍ അവിടെ തലകറങ്ങിവീഴുമോയെന്ന് അനുപമ ഭയന്നു. എവിടെയെങ്കിലും ഒരു പിടിത്തം കിട്ടിയിരുന്നുവെങ്കില്‍. അവള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു. വലിയൊരു നടുക്കത്തിലേക്ക് അനുപമയെ നിസ്സാരമായി തള്ളിയിട്ടിട്ട് അലനും സംഘവും പള്ളിനടകളിറങ്ങി റോഡില്‍ മറഞ്ഞു.
പള്ളിഗോപുരത്തിലേക്കുള്ള അനേകം നടകളില്‍ ഒറ്റയ്‌ക്കൊരു മെഴുകുതിരി പോലെ അനുപമ നിന്നു. അവസാനത്തെ ആളും അവളെ കടന്നു പോയിരുന്നു. അലന്‍ എന്താണ് പറഞ്ഞത്? എന്താണ് അവന്‍ പറഞ്ഞതിന്റെ അര്‍ത്ഥം? ആ കണ്ണുകളും അതിന്റെ അഗാധതയും എവിടെയോ തനിക്ക് പരിചയമുള്ളതു പോലെ അവള്‍ക്ക് അനുഭവപ്പെട്ടു. ഏതൊക്കെയോ ചില ഓര്‍മ്മകള്‍ ഒരു പൂക്കൂട നീട്ടി തനിക്ക് മുമ്പില്‍ നില്ക്കുകയാണെന്ന് അവള്‍ക്ക് തോന്നി.
നീണ്ടൊരു ബൈക്ക് ഹോണാണ് അനുപമയെ ഉണര്‍ത്തിയത്. ആ ഹോണ്‍ തന്നെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് അവള്‍ക്ക് മനസ്സിലായി. അവള്‍ നോക്കുമ്പോള്‍ പള്ളിനടകള്‍ക്ക് താഴെ ബൈക്കില്‍ നിഖില്‍. അനുപമ പള്ളിനടകള്‍ വേഗം ഇറങ്ങിത്തുടങ്ങി.
അവള്‍ അടുക്കലെത്തിയതും നിഖില്‍ ആകാംക്ഷയോടെ ചോദിച്ചു.
''എനിത്തിംങ് പ്രോബ്ലം?''
''എന്ത്?'' അനുപമ തിരികെ ചോദിച്ചു.
''ആ അലനും സംഘവും നടന്നുപോകുന്നത് കണ്ടു. ഈ പളളിയിലെന്നല്ല ഒരു പള്ളിയിലും പോകാത്തവന്മാരാ. ഇപ്പോ ടീച്ചറിനെ ഇവിടെയിങ്ങനെ കണ്ടപ്പോ അവന്മാരെന്തോ പണി ഒപ്പിച്ചതുപോലെ തോന്നി. അതുകൊണ്ടു ചോദിച്ചതാ. ടീച്ചറെന്നോ സ്റ്റുഡന്റസെന്നോ ഡിഫറന്‍സ് ഇല്ലാത്തവന്മാരാ. സൂക്ഷിക്കണം.''
അനുപമയുടെ ഉള്ളില്‍ ഭയത്തിന്റെ ഒരു കനല്‍ വീണു. എങ്കിലും അവളത് പുറമേക്ക് കാണിച്ചില്ല.
''ഏയ്.'' അവള്‍ നിഷേധാര്‍ത്ഥത്തില്‍ തല ചലിപ്പിച്ചു.
''ഈ പ്രായത്തിന്റെയാ.. അത് മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ സാരമില്ല.''
''എനിവേ. ഞാന്‍ പറയാനുള്ളത് പറഞ്ഞു. പിന്നെ കണ്‍ഗ്രാജുലേഷന്‍സ് പറയാന്‍ ഇതുവരെയും ടീച്ചറിനെ തനിച്ചു കിട്ടിയില്ല. കണ്‍ഗ്രാജുലേഷന്‍സ്.''
''എന്തിന്?'' അനുപമ നെറ്റി ചുളിച്ചു.
''അവനിട്ട് ഒരെണ്ണം പൊട്ടിച്ചില്ലേ. വേറെ ആര്‍ക്കു പറ്റും?''
''ഓ അത്... ഞാന്‍... പിന്നെ... തെറ്റ് എന്റെ ഭാഗത്താ... ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു.''
''അതാരു പറഞ്ഞു? എനിക്ക് തോന്നിയത് നൂറു ശതമാനം ശരിയാണെന്നാ. പ്രിന്‍സിപ്പല്‍ ഫാദറിന് പോലും അവനെ നുള്ളി നോവിക്കാനുളള ധൈര്യമില്ല. അപ്പഴാ അനുപമ ടീച്ചര്‍. വണ്‍സ് എഗെയ്ന്‍ കണ്‍ഗ്രാറ്റ്‌സ്.''
അങ്ങനെയല്ല, നമുക്ക് സ്റ്റുഡന്റിനെ ശിക്ഷിക്കാനുള്ള റൈറ്റ്‌സ് ഇല്ലല്ലോ. അതും ആ രീതിയില്‍.. എനിക്കിപ്പോ ആ കുട്ടിയെ കാണുമ്പോള്‍ ഫെയ്‌സ് ചെയ്യാനുളള ധൈര്യമെല്ലാം ചോര്‍ന്നു പോകുന്നതു പോലെയാ.''
''ടീച്ചറിനോട് ഞാനൊരു രഹസ്യം പറയട്ടെ?''
പറയൂ... എന്ന മട്ടില്‍ അനുപമ നിഖിലിന് നേരെ നോക്കി.
''അന്ന് പടക്കം പൊട്ടിച്ചു സ്വീകരിച്ചതിന് തക്ക അവസരം വന്നപ്പോ ടീച്ചര്‍ റിവഞ്ച് ചെയ്തതാണെന്നും ടീച്ചേഴ്‌സിനിടയില്‍ ഒരു സംസാരമുണ്ട്.''
അനുപമയെ സംബന്ധിച്ച് അതൊരു പുതിയ അറിവായിരുന്നു. അവള്‍ നെറ്റിക്കടിച്ചുപോയി.
''വിഷമിക്കുകയൊന്നും വേണ്ട. ആളുകള്‍ ഇങ്ങനെയാ ടീച്ചര്‍. സത്യം ആരും മനസ്സിലാക്കുന്നില്ല. ഓരോരുത്തരും അവനവര്‍ക്കു വേണ്ടത് കണ്ടെത്തുന്നു. അത് പറയുന്നു. ലീവിറ്റ്. അതേക്കുറിച്ചോര്‍ത്ത് തല പുകച്ചിരുന്നാല്‍ നമ്മുടെ സമാധാനം പോകും.''
അതെയെന്ന് അനുപമയും സമ്മതിച്ചു. അനുപമ പതുക്കെ നടന്നു തുടങ്ങി. അവള്‍ക്കൊപ്പം ബൈക്ക് ചലിപ്പിച്ച് നിഖിലും. കുറച്ചു നേരം ഇരുവരും നിശ്ശബ്ദരായി നടന്നു. അതിന്റെ ഒടുവില്‍ നിഖില്‍ പറഞ്ഞു.
''ഞാന്‍ ടീച്ചറിന്റെ കാര്യം അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് ടീച്ചറിനെ ഇഷ്ടമായി.''
മനസ്സിലാകാത്തതു പോലെ അനുപമ നിഖിലിനെ നോക്കി.
''അമ്മയാണ് എന്റെ കണ്ണുതുറപ്പിച്ചത്. സത്യമാണ് ടീച്ചര്‍ ഓര്‍ഫനേജിലാണ് വളര്‍ന്നതെന്ന് കേട്ടപ്പോള്‍ എനിക്കൊരു ഞെട്ടലുണ്ടായിരുന്നു. ബട്ട്... ഒരാള്‍ എവിടെ ജനിച്ചു എങ്ങനെ വളരുന്നു എന്നതല്ല പ്രശ്‌നം. ഇപ്പോള്‍ എവിടെയാണ്, എന്താണ് എന്നതാണ് പ്രസക്തം. ടീച്ചര്‍ ഓര്‍ഫനാണെന്നത് ഇപ്പോ എന്നെ സംബന്ധിച്ച് ഒരു പ്രശ്‌നമേയല്ല.''
അനുപമയുടെ അമ്പരപ്പ് മാറിയില്ല.
നിഖില്‍ വഴിയോരത്തായി ബൈക്ക് നിര്‍ത്തിയതിനുശേഷം അതില്‍ നിന്ന് പുറത്തേക്കിറങ്ങി. ആളൊഴിഞ്ഞ വീഥി. മഞ്ഞിന്റെ മൂടുപടം. അതിനാടകീയമായിട്ടായിരുന്നു നിഖിലിന്റെ തുടര്‍ നീക്കങ്ങള്‍
അനുപമയുടെ മുമ്പില്‍ മുട്ടുകുത്തി നിന്നുകൊണ്ട് നിഖില്‍ ചോദിച്ചു
''വില്‍ യൂ മാരീ മീ?''
നിഖിലിന്റെ ഇടപെടലുകളും സംസാരങ്ങളും അയാള്‍ക്ക് തന്നോടുള്ള സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ സൂചനകളാണെ ന്ന് ഇതിനകം ഗ്രഹിക്കാന്‍ അനുപമയ്ക്ക് സാധിച്ചിട്ടുണ്ടാ യിരുന്നു.
എന്നാല്‍ ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു നീക്കം അയാളുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അവള്‍ കരുതിയിരുന്നില്ല. എന്തു മറുപടി പറയണമെന്ന് അവള്‍ക്കറിയില്ലായിരുന്നു. അവനാകട്ടെ ആകാംക്ഷാപൂര്‍വം ഉത്തരം കാത്ത് നില്ക്കുകയാണ്.
അനുപമ അവനെ നോക്കി.
സുന്ദരനാണ്. അരോഗദൃഢ ഗാത്രനാണ്, ചെറുപ്പക്കാരനാണ്. ഏതൊരു പെണ്ണും ഇഷ്ടപ്പെട്ടു പോകും. ഉയര്‍ന്ന ജോലിക്ക് സാധ്യതകളുളളവനാണ്. കുടുംബത്തിലും തരക്കേടില്ലാത്ത അവസ്ഥയാണ്. കാര്യങ്ങളെല്ലാം നിഖിലിന് അനുകൂലമാണ്. പക്ഷേ.
''പറയൂ അനുപമ. ആര്‍ യൂ ലവ് മീ?''
''ഉം. അനുപമയ്ക്ക് അത് സമ്മതിക്കാതെ നിവൃത്തിയുണ്ടാ യിരുന്നില്ല.''
''ബട്ട്...''
''ബട്ട്?'' നിഖില്‍ ആശങ്കപ്പെട്ടു.
''ഇനിയൊരു വിവാഹം... അതു സംഭവിക്കില്ല.''
''അപ്പോള്‍. നിഖിലിന് തെല്ലും മനസ്സിലായില്ല.''
''യെസ്, ഞാന്‍ മാരീഡാണ്.'' അനുപമ അറിയിച്ചു.
നിഖില്‍ വഴിയരികില്‍ ഞെട്ടിത്തരിച്ചുനിന്നു.
(തുടരും)