ചില്ല് - 05

നോവലിസ്റ്റ്‌: വിനായക് നിര്‍മ്മല്‍
ചില്ല് - 05

ഒരു പെണ്‍കുട്ടിക്ക് സൗഹൃദമെങ്കിലും തോന്നത്തക്ക വിധത്തിലുള്ള എന്തു ക്വാളിറ്റിയാണ് നിനക്കുള്ളത്?

പ്രഭാതം

ഗിരിദീപം പബ്ലിക് സ്‌കൂള്‍

കുട്ടികള്‍ ഓരോരുത്തരായി സ്‌കൂള്‍ ഗെയ്റ്റ് കടന്ന് അകത്തേക്ക് പൊയ്‌ക്കൊണ്ടിരുന്നു. ചിലരെ മാതാപിതാക്കളിലാരെങ്കിലും തങ്ങളുടെ വാഹനങ്ങളില്‍ ഡ്രോപ്പ് ചെയ്യുകയായിരുന്നു. മറ്റ് ചിലര്‍ ഗെയ്റ്റ് കടന്നുചെന്ന സ്‌കൂള്‍ബസ്സില്‍ നിന്നും കലപില ശബ്ദിച്ചു കൊണ്ട് പുറത്തേക്കിറങ്ങി ബാഗും തോളില്‍ തൂക്കി ക്ലാസ് മുറിയിലേക്ക് നടന്നു. സ്‌കൂള്‍ ഗെയ്റ്റിങ്കല്‍ ആരെയോ പ്രതീക്ഷിച്ചെന്നോണം അലനും രോഹനും ആദിയും നിന്നു.

''ഇന്ന് ലേറ്റാണെന്നാ തോന്നുന്നേ'' വാച്ചില്‍ നോക്കി അലന്‍ പിറു പിറുത്തു.

''അവള്‍ടെ അച്ഛന്റെ വണ്ടിയല്ലേ വല്ലയിടത്തും ബ്രേക്ക് ഡൗണായി കാണും.'' രോഹന്‍ അഭിപ്രായപ്പെട്ടു.

''അതു ശരിയാ'' നെഞ്ച് തടവിക്കൊണ്ട് ആദി പറഞ്ഞു. അവന്‍ വിക്കിവിക്കി ചുമയ്ക്കുകയും ചെയ്തു.

''എന്താടാ നിനക്ക് ടിബി വല്ലതും ആണോ?'' അലന്‍ മുഖംതിരിച്ച് ചോദിച്ചു.

''ടിബിയല്ലെടാ...'' ആദി പല്ലിറുമ്മി. ''ഞാന്‍ പറഞ്ഞാ കൂടിപ്പോകും. നിന്റെ അടിം ഇടിം കൊണ്ട് ഞാനൊരു പരുവമായി. വല്ല ആയുര്‍വേദ ട്രീറ്റ്‌മെന്റും വേണ്ടി വരും.''

''വേണ്ടിവരും.'' രോഹന്‍ അര്‍ത്ഥഗര്‍ഭമായി പറഞ്ഞു.

''എന്താ മൂന്നാളും കൂടി കുറെ നേരമായല്ലോ ഇവിടെ ചുറ്റിക്കറങ്ങുന്നു. ക്ലാസില്‍ കയറുന്നില്ലേ.'' സെക്യൂരിറ്റി അപ്പുണ്ണി കുശലം പോലെ ചോദിച്ചു

''യു മൈന്റ് യുവര്‍ ഓണ്‍ ബിസിനസ്.'' അലന്‍ ദേഷ്യപ്പെട്ടു.

''താന്‍ തന്റെ പണി നോക്കിപ്പോടോ'' അലനെ പിന്തുണച്ചുകൊണ്ട് ആദിയും പറഞ്ഞു. അപ്പുണ്ണിയുടെ മുഖത്ത് ജാള്യംകലര്‍ന്നു. ഇവന്മാരോട് വിശേഷം ചോദിക്കാന്‍ ചെന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോയെന്ന് അയാള്‍ സ്വയം പഴിച്ചു.

അപ്പോഴേക്കും ഒരു വെളുത്ത സ്വിഫ്റ്റ് കാര്‍ കയറ്റം കയറി വരുന്നത് അവര്‍ കണ്ടു. മഞ്ജിമയുടെ കാറായിരുന്നു അത്.

''യാ ഷീ കെയിം'' അലന്‍ രണ്ടു കൈകളും ഉയര്‍ത്തി വിജയാരവം മുഴക്കി.

ആദി അവനെ അമ്പരപ്പോടെ നോക്കി.

''നീ ആദ്യമായിട്ടാണോ അവളെ കാണുന്നെ. കഷ്ടം.''

'നോക്കി നോക്കി നോക്കി നിന്ന്

കാത്തു കാത്തു കാത്തു നിന്ന്.

മന്ദാരപ്പൂവിരിയണത് എപ്പോഴാണെന്ന്.' അലന്‍ വെറുതെ ഒരുപാട്ട് മൂളി.

''ഉം... കാണാം.'' ആദി അനിഷ്ടത്തോടെ പിറുപിറുത്തു.

കാര്‍ ഗെയ്റ്റിങ്കലെത്തി നിശ്ചല മായി. മുന്‍ഡോര്‍ തുറന്ന് മഞ്ജിമ പുറത്തേക്കിറങ്ങി. പിന്നെ വണ്ടിക്കുളളിലേക്ക് നോക്കി കൈകള്‍ വീശി.

അകത്തുനിന്ന് അവളുടെ അച്ഛന്‍ തിരികെയും കൈകള്‍ വീശി. കാര്‍ പുറകോട്ടെടുത്ത് അയാള്‍ വന്ന വഴിയിലൂടെ തന്നെ ഓടിച്ചു പോയി.

മഞ്ജിമ ഗെയ്റ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു.

''ഗുഡ്‌മോണിംങ് മഞ്ജിമ.''

അലന്‍ സന്തോഷത്തോടെ അഭിവാദ്യം ചെയ്തു. തിരിഞ്ഞു നോക്കിയ മഞ്ജിമയുടെ മുഖം അലനെ കണ്ട് മങ്ങി. എങ്കിലും അവള്‍ ഗുഡ്‌മോണിംങ് പറഞ്ഞു.

രോഹന്‍ ഇപ്പോഴും ഗ്രൗണ്ടില്‍ ഗെയ്റ്റിങ്കല്‍തന്നെ നില്ക്കുക യായിരുന്നു.

''എടാ വാടാ.'' ആദി ശബ്ദം കുറച്ച് അവനെ ക്ഷണിച്ചു.

''എന്തിന്.''

''ഇന്നെന്തെങ്കിലും നടക്കും. നമുക്ക് ലൈവായി കാണാമല്ലോ.'' ആദി നിശ്ചിത അകലം പാലിച്ച് അലനെയും മഞ്ജിമയെയും പിന്തുടര്‍ന്നു.

''ഓ അതുശരി.'' രോഹന്‍ ആദിയെ പിന്തുടര്‍ന്നു.

''ഇന്ന് മഞ്ജിമയുടെ കാര്‍ ഏഴു മിനിറ്റ് ലേറ്റായി. അല്ലേ.'' മഞ്ജിമയ്‌ക്കൊപ്പം നടന്നുകൊണ്ട് അലന്‍ ചോദിച്ചു.

''അറിയില്ല.'' മഞ്ജിമ മുഖംകൊടുക്കാതെ പറഞ്ഞു.

''പക്ഷേ, എനിക്കറിയാം. ഞാന്‍ മഞ്ജിമയെ വെയ്റ്റ് ചെയ്യുവല്ലായിരുന്നോ.''

''എന്തിന്?''

മഞ്ജിമയുടെ നടത്തം നിന്നു.

''മഞ്ജിമയോട് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ.''

''എന്ത്?''

അലന്‍ കുഴങ്ങി.

''സീ അലന്‍, അലന്‍ ഉദേശിക്കുന്നതും പറയാന്‍ പോകുന്നതും എനിക്ക് മനസ്സിലാവും. ബട്ട് യു ഡിഡിന്റ് ഡിസേര്‍വ് ദാറ്റ് ആന്‍സര്‍.''

''വൈ?'' അലന്റെ സ്വരം ഉയര്‍ന്നു.

''ഒരു പെണ്‍കുട്ടിക്ക് സൗഹൃദമെങ്കിലും തോന്നത്തക്കവിധത്തിലുള്ള എന്തു ക്വാളിറ്റിയാണ് നിനക്കുള്ളത്?''

മഞ്ജിമ അലന് നേരെ പൂര്‍ണ്ണമായും തിരിഞ്ഞു നിന്നു കൊണ്ടാണ് ആ ചോദ്യം ചോദിച്ചത്.

അലന്‍ തകര്‍ന്നുപോയി. ഇത്തരത്തിലുളള ഒരു ആക്രമണം അവനൊരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

താന്‍ കെട്ടിപ്പൊക്കിയ, തന്നെക്കുറിച്ചുളള എല്ലാ അഹന്തകളും ഒരു കുപ്പിപ്പാത്രം പോലെ വീണുടയുന്നതായി അവന് തോന്നി.

''എനിക്കെന്താടീ ഒരു കുറവ്?'' അലന്റെ അതു വരെയുളള എല്ലാ ഭാവവും പെട്ടെന്ന് അപ്രത്യക്ഷമായി. ഇതുവരെ അവന്‍ പതിവില്ലാത്തവിധം ശാന്തനായിരുന്നു. പക്ഷേ അവന്റെ അഹന്തയെ ചെറുതായി ഒന്ന് മാന്തിയപ്പോള്‍ അവനിതാ പുറത്തേക്ക് വരുന്നു. അവന്റേതായ തനിനിറത്തില്‍

''നിനക്കെന്താണ് ഒരു ഗുണം?'' മഞ്ജിമ എളിക്ക് രണ്ടുകൈകളും കുത്തി നിന്നു. ഒരു യോദ്ധാവിനെ യുദ്ധക്കളത്തില്‍ വച്ച് പരാജയപ്പെടുത്താനുള്ള ഏറ്റവും നല്ല ആയുധം അവന്റെ ബലഹീനതയെ ആക്രമിക്കുകയെന്നതാണെന്ന് അവള്‍ക്കറിയാമായിരുന്നു. എല്ലാ മനുഷ്യരും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബലഹീനരാണ്. ആ ബലഹീനത കണ്ടുപിടിക്കുകയാണ് ശത്രു ആദ്യം ചെയ്യേണ്ടത്. ആ ബലഹീനതയെ ആക്രമിക്കുമ്പോള്‍ അയാളേറ്റവും ദുര്‍ബലനായി മാറുന്നു.

''ആര്‍ യൂ ലവ്‌ലി? ആര്‍ യൂ കമ്പാഷനേറ്റ്? ആര്‍ യു കൈന്റ്?''

അലന്റെ മുമ്പില്‍ ചോദ്യങ്ങള്‍ കൂടയില്‍ നിന്ന് കുടഞ്ഞിട്ട മാതിരി വീണുകൊണ്ടിരുന്നു. അലന്റെ നിസ്സഹായത മഞ്ജിമ ശരിക്കും ആസ്വദിച്ചു. ഒരു പെണ്ണ് വിചാരിച്ചാല്‍ എത്ര കരുത്തനെയും നിസ്സാരനാക്കി മാറ്റാമെന്ന് അവള്‍ക്ക് മനസ്സിലായി. താന്‍ ഒരു പെണ്ണായിരിക്കുന്നതില്‍ മറ്റ് പലപ്പോഴുമെന്നതുപോലെ അവള്‍ക്ക് ഈ നിമിഷവും അഭിമാനവും സന്തോഷവും തോന്നി. അല്ലെങ്കിലും സ്‌നേഹിക്കപ്പെടുന്നവര്‍ക്ക് സ്‌നേഹിക്കുന്നവരുടെ മുമ്പില്‍ എന്തും ആകാം എന്നൊരു വിചാരമുണ്ടല്ലോ സ്‌നേഹത്തിന്റെ പേരില്‍ എന്നതിനെക്കാളേറെ സ്‌നേഹിക്കുന്നുവെന്നതിന്റെ പേരിലാണ് പലരും മുറിവേല്ക്കുന്നത്.

''നിന്നെപ്പോലെ വയലന്റായ, അഗ്രസ്സീവായ ഒരാളെ പ്രേമിക്കാനല്ല, ഫ്രണ്ടായി പോലും കൂടെ കൂട്ടാന്‍ ആരും ഇഷ്ടപ്പെടില്ല. അല്ലെങ്കില്‍ നീ ചോദിച്ചുനോക്ക് നിന്റെയീ വാലേല്‍ തൂങ്ങികളോട്.''

മഞ്ജിമ പെട്ടെന്ന് പുറകിലേക്ക് വിരല്‍ചൂണ്ടി. അലന്‍ തിരിഞ്ഞുനോക്കിയപ്പോഴാണ് ആദിയെയും രോഹനെയും കണ്ടത്. ഇരുവരും പരിഭ്രമിച്ചു.

''നീ വാങ്ങിക്കൊടുക്കുന്ന ഷെയ്ക്കും മീറ്റ്‌റോളും ഫ്രൈഡ്‌റൈസും ബിരിയാണിയും കഴിക്കാന്‍ മാത്രമായിട്ടാ അവര് നിന്റെ കൂടെ കൂടിയേക്കുന്നത്.''

അലന്‍ ചോദ്യഭാവത്തോടെ ആദിയെയും രോഹനെയും നോക്കി. ഇരുവരും നിഷേധാര്‍ത്ഥത്തില്‍ ശിരസ്സ് ചലിപ്പിച്ചു. ഏയ് ഞങ്ങള്‍ അത്തരക്കാരൊന്നുമല്ലെന്ന മട്ടില്‍. അലന് സമാധാനമായി.

''ദേ ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുത് മഞ്ജിമേ.'' ആദി ചൂണ്ടു വിരല്‍ ഉയര്‍ത്തിപിടിച്ചു കൊണ്ട് മഞ്ജിമയുടെ അടുക്കലേക്ക് ചെന്നു.

''നിനക്ക് അലനെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. അത് നിന്റെ ഡിസിഷന്‍. നിന്റെ ചോയ്‌സ്. പക്ഷേ അതിന്റെയിടയിലേക്ക് ഞങ്ങളെ വെറുതെ വലിച്ചിടരുത്. അലന്‍ ഞങ്ങടെ ബെസ്റ്റ് ഫ്രണ്ട് തന്നെയാ.''

അലന് വീണ്ടും സമാധാനമായി. വല്ലാത്തൊരു ഒറ്റപ്പെടലില്‍ തളര്‍ന്നും തകര്‍ന്നും നില്ക്കുമ്പോള്‍ ഒരു നനുത്ത കരസ്പര്‍ശം. നീ ഒറ്റയ്ക്കല്ല, കൂടെയുണ്ട്. ഹോ എന്തൊരാശ്വാസമാണ് അത്.

''അല്ലെങ്കിലും അവനെന്താടി ഒരു കുറവ്'' ആദി ദേഷ്യപ്പെട്ടു.

''എന്നെ എടീ എന്ന് വിളിക്കരുത്.'' അതെനിക്ക് ഇഷ്ടമല്ല. മഞ്ജിമ അറിയിച്ചു.

''ഓ അവള്‍ടെ ഒടുക്കത്തെ ഒരു ജാട. ബിസിനസ്സ് പൊളിഞ്ഞ് അപ്പന്‍ പാപ്പരായി നില്ക്കുമ്പോഴും അഹങ്കാരത്തിന് ഒരു കുറവുമില്ല.'' ആദി പുച്ഛിച്ചു.

''മൈന്റ് യുവര്‍ വേര്‍ഡ്‌സ്.'' മഞ്ജിമയ്ക്ക് ദേഷ്യം വന്നു.

''പിന്നേയ്.'' ആദി അതിനെയും പുച്ഛിച്ചു.

''ഈ സ്‌കൂളില്‍ നീ മാത്രമല്ല പെണ്ണായിട്ടുള്ളെ. നീ മാത്രമല്ല ബ്യൂട്ടിയും. എന്നിട്ടും അലന് നിന്നോട് സ്‌നേഹം തോന്നിയത് നിന്റെ ഭാഗ്യം. ഇന്നല്ലെങ്കില്‍ നാളെ വീടും സ്ഥലവും ജപ്തി ചെയ്ത് വെളിയിലേക്കിറങ്ങേ ണ്ടവളാ. വേണേല്‍ ഈ പുളിങ്കൊമ്പേല്‍ പിടിച്ചോ. സേഫായിരിക്കും.''

''പോടാ.'' മഞ്ജിമ ആദിയെ അവഗണിച്ചു മുന്നോട്ടു നടക്കാന്‍ ശ്രമിച്ചു.

''എനിക്ക് വീടോ സ്വത്തോ ഇല്ലാതാകുവാണെങ്കില്‍ അത് എന്റെ അച്ഛന്റെ കുറ്റമല്ല പാര്‍ട്ട്ണര്‍ ചതിച്ചതാ. അതിന് തൊട്ടു പുറകെ അമ്മയുടെ അസുഖവും. അമ്മയെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കാന്‍ വേണ്ടിയാ ബാക്കിയുള്ളതും കൂടി അച്ഛന്‍ വിറ്റത്. അതൊന്നും നിന്നെപ്പോലെയുള്ളവര്‍ക്ക് പറഞ്ഞാ മനസ്സിലാവില്ല. അമ്മയുള്ളവര്‍ക്കേ, അമ്മയും അച്ഛനുംകൂടി വളര്‍ത്തുന്ന മക്കള്‍ക്കേ അതൊക്കെ മനസ്സിലാവൂ.''

അലനെ നോക്കിയാണ് മഞ്ജിമ അത് പറഞ്ഞവസാനിപ്പിച്ചത്. തന്റെ അമ്മയുടെ ഓര്‍മ്മയും അസുഖവിവരവും ഓര്‍മ്മിച്ചപ്പോള്‍ എന്തോ അവള്‍ പെട്ടെന്ന് കരഞ്ഞുപോയി. ആ സമയത്താണ് മഞ്ജിമേ എന്ന വിളി അവര്‍ക്കിടയില്‍ ഉയര്‍ന്നത് ദീപക്കായിരുന്നു അത്. അവന്‍ ക്ലാസിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് വരാന്തയുടെ ഒഴിഞ്ഞ കോണില്‍ അലനും രോഹനും ആദിക്കിനും നടുവില്‍ നിന്ന് മഞ്ജിമ കരയുന്നത് കണ്ടത്. അവന്‍ അവരുടെ അടുക്കലേക്ക് ഓടിവന്നു.

''വാട്ട് ഹാപ്പന്‍ഡ്?'' ദീപക് അസ്വസ്ഥനായി.

മഞ്ജിമ വേഗം കണ്ണു തുടച്ചു.

''എന്താടാ... എന്താടാ... നീയെന്താടാ ചെയ്‌തേ?''

ദീപക് പല്ലിറുമ്മിക്കൊണ്ട് അലന്റെ അടുക്കലേക്ക് ചെന്നു. അലന് ചിരിയാണ് വന്നത്. പെട്ടെന്ന് അവന് ഒരാശയം തോന്നി. അവന്‍ തന്റെ ചുണ്ട് തടവിക്കൊണ്ട് ചിരിയോടെ പറഞ്ഞു.

''ഞാന്‍ ചെറിയൊരു സമ്മാനം കൊടുത്തതാ. നീ ചോദിച്ചു നോക്ക്്.''

മഞ്ജിമ അത് കേട്ടു ഞെട്ടിപ്പോയി. മഞ്ജിമയെ തിരിഞ്ഞുനോക്കിയതും അടുത്ത നിമിഷം ദീപക് അലന്റെ കഴുത്തില്‍ കുത്തിപിടിച്ചതും ഒരുമിച്ചായിരുന്നു.

''യൂ സണ്‍ ഓഫ് എ ഡേര്‍ട്ടി ബിച്ച്.''

അലന്‍ ദീപക്കിന്റെ കരം തട്ടിമാറ്റി അവനെ ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി നാഭിക്ക് കാല്‍ മുട്ടുയര്‍ത്തി ഇടിച്ചു. ദീപക് സകലശക്തിയുമെടുത്ത് കുതറി അലനെ തട്ടിത്തെറിപ്പിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ അലന്‍ നിലത്തേക്ക് വീണുപോയി. വീണുകിടക്കുന്ന അലന്റെ ദേഹത്തേക്ക് ദീപക് ചാടിവീണു. അവനെ തട്ടിയിട്ട് അടുത്ത നിമിഷം അലന്‍ അവന്റെ ദേഹത്തായി. ഇരുവരും വരാന്തയിലൂടെ കെട്ടിവരിഞ്ഞു മറിഞ്ഞു വീണുകൊണ്ടിരുന്നു.

ആദിയും രോഹനും കയ്യടിച്ച് അലനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. നടുങ്ങിയും പരിഭ്രമിച്ചും നില്ക്കുകയായിരുന്ന മഞ്ജിമ ''പ്ലീസ് വേണ്ട. ദീപക് വേണ്ട. അലന്‍ വേണ്ട'' എന്നെല്ലാം അപേക്ഷിക്കുന്നുണ്ടായിരുന്നു. ക്ലാസുകളിലേക്ക് വന്നുകൊണ്ടിരുന്ന കുട്ടികളെല്ലാം വരാന്തയിലെ ഈ സംഘടനത്തിന് സാക്ഷികളായി നോക്കിനിന്നു.

പെട്ടെന്നാണ് അനുപമ അവിടെയെത്തിയത്. മറ്റ് അധ്യാപകരും വരാന്തയുടെ ഇരുവശങ്ങളില്‍ നിന്നായി ഓടി വരുന്നുണ്ടായിരുന്നുവെങ്കിലും ആദ്യം അവര്‍ക്കടുത്തെത്തിയത് അനുപമയായിരുന്നു. വരാന്തയിലൂടെ കെട്ടിമറിയുകയായിരുന്ന അവരോട് സ്‌റ്റോപ്പിറ്റ് എന്ന് അനുപമ അലറി. അനുപമയെ മുമ്പില്‍ കണ്ടപ്പോള്‍ ദീപക് പതറി. അവന്‍ വീണുകിടന്നുകൊണ്ട് അനുപമയെ നോക്കി. അനുപമ അവനെ കോളറില്‍കുത്തിപിടിച്ച് വലിച്ചെണീല്പിച്ചു. അടുത്ത നിമിഷം അവള്‍ അവന്റെ കരണത്തടിച്ചു. ഒട്ടും വൈകാതെ അലനെ പിടിച്ചെണീല്പിച്ച് അവന്റെ കരണത്തും. അധ്യാപകരും വിദ്യാര്‍ത്ഥികളും മാത്രമല്ല അവരെ വകഞ്ഞുമാറ്റി മുമ്പിലെത്തിയ ഗബ്രിയേലച്ചനും നടുങ്ങിപ്പോയി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org